Skip to content

നിനക്കായ് മാത്രം – 35

  • by
benzy novel

കണ്ണുകളിറുകെയടച്ചവൾ കരഞ്ഞു പ്രാർത്ഥിച്ചു.

സൈറ പറയാറുള്ള ഒരു കാര്യം അവൾ ഓർത്തു ..

നീയെന്തിനാ ഇരുട്ടിനെ ഭയക്കുന്നത്. നീയൊരല്പസമയം.. കൃഷ്ണമണി ചലിപ്പിക്കാതെ ഇരുട്ടിനെ തുറിച്ച് നോക്കണം അങ്ങനെ .. നോക്കിയിരിക്കുമ്പോൾ അവിടെന്ന് പതിയെ പതിയെ ഇരുട്ടു വഴി മാറി വെളിച്ചമാകും..

പകലിനെപ്പോലും ഭയമുള്ളവളാ.. പിന്നെയാണവളുടെ കണ്ടുപിടിത്തം പരീക്ഷിക്കുന്നത് ..ഇന്ന് വരെ പരീക്ഷിച്ചിട്ടില്ല. കറണ്ട് പോകുമ്പോൾ ആദ്യം അമ്മ തേടി വരുന്നത് എന്നെയാണ്. എന്നിട്ട് അമ്മയുടെ മുറിയിൽ കൊണ്ട് പോയി അമ്മയുടെ അരികിൽ കിടത്തും .. ഇത്ര വളർന്നിട്ടും ഭയം മാറാതിരുന്നപ്പോൾ തൻ്റെ മുറിയിൽ അച്ഛൻ ഇൻവെർട്ടർ വച്ച് തന്നു.. എന്നും ലൈറ്റിട്ടേ .. ഉറങ്ങുള്ളൂ…

അമ്മ പെട്ടന്നൊന്നു വന്നെങ്കിൽ മതിയായിരുന്നു ..

പുറത്ത് ഇപ്പോൾ പൂച്ചയുടെ ശബ്ദം കേൾക്കാനില്ല.. സൈറ പറഞ്ഞ് തന്നത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു പൂജ.. അവൾ ജനൽതിട്ടയിൽ ഒരു കാല് മാത്രം കയറ്റി വച്ച് ഇരുന്നു .. അതിനുള്ള ഭിത്തിയെ ഉണ്ടായിരുന്നുള്ളൂ.. പിന്നെ അവൾ നോട്ടം മാറ്റിയും അല്ലാതെയും പുറത്തേക്ക് നോക്കി… മനസ്സിലെ ഭയവും ഇടക്കിടക്ക് വന്നു പോയ കാറ്റും ശരീരത്തെ വിറപ്പിച്ചു കൊണ്ടിരുന്നു.
കുറെ .. സമയം കഴിഞ്ഞപ്പോൾ പൂച്ച കരഞ്ഞ ഭാഗത്തേക്കവൾ സൂക്ഷിച്ച് നോക്കി. ശരിയാ.. ഇരുട്ട് വഴിമാറുന്നു ..പൂച്ചയെ ഇപ്പോൾ വ്യക്തമായും കാണാൻ കഴിയുന്നു…
ഷംലാൻ്റിയുടെ വീട്ടിലെ കിങ്ങിണി പൂച്ചയാ.. തന്നെ തന്നെ നോക്കിയിരിപ്പാണെന്ന് തോന്നുന്നു… ഇടയ്ക്ക് ഇടയ്ക്ക് ദേഹം നക്കി തുടക്കുന്നു. പിന്നെ… പതിയെ പൂച്ചയിരുന്ന സ്ഥലത്തൂന്ന് പരിസരത്തെല്ലാം നോട്ടമെത്തിച്ചു. തെങ്ങും വാഴക്കൂട്ടങ്ങളും കൂടുതൽ ഇരുണ്ട് കാണപ്പെട്ടു. കുറച്ച് മാറി ചീലാന്തി മരങ്ങൾക്കിടയിലൂടെ നിലാവ് അരിച്ചിറങ്ങുന്നു… ഇളം കാറ്റിൽ കരിയില ചലിക്കുന്ന ശബ്ദം.. ഹൃദയമിടിപ്പ് കൂട്ടി. എന്നാലും.. എല്ലാം .. നോക്കി കാണുകയും . അതിലേക്ക് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ നെഞ്ചിലെ തണുപ്പ് പതിയെ മാറിയതായ് അനുഭവപ്പെട്ടു.ഭയം അല്പം മാറിയെങ്കിലും നേരമൊന്നു വെളുക്കാനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു..
എപ്പോഴൊക്കെയോ … ഒന്നു മയങ്ങി.. നിന്ന് ഉറങ്ങാൻ ഒരു സുഖമില്ലാത്തതിനാൽ പെട്ടന്ന് തന്നെ ഉണരേണ്ടിയും വന്നു. കണ്ണുകൾ അടച്ചും.. തുറന്നും .. നിന്നും ഇരുന്നെന്ന് കാട്ടിയും .. നേരം വെളുക്കുന്നത് ജീവിതത്തിൽ ആദ്യമായ് കണ്ടു അവൾ…

8 മണി കഴിഞ്ഞപ്പോൾ കാർത്തിക അവൾക്ക് കോഫി .. കൊണ്ടു വച്ചു. ജനൽ തിട്ടയിൽ… 4 പീസ് ബ്രഡും

9- മണിയായപ്പോൾ … ദോശയും ചമ്മന്തിയും കൊണ്ട് വന്ന് വച്ചു. ബ്രഡും കോഫിയും തിരികെയെടുത്ത് പോയി ..
സഹോദരൻമാർ പത്ത് മണിയായപ്പോൾ വന്നു.
ആഹാരമെടുത്ത് കഴിക്കെന്ന്
പ്രേംജിത്ത് പറഞ്ഞു…

പൂജ മറുപടിയൊന്നും പറയാതെ പുറത്തേക്ക് നോക്കി നിന്നു.

കൂടുതൽ നിർബന്ധിക്കാതെ.. അവർ പോയി ..

കാർത്തിക ഉച്ചയ്ക്ക് ചോറും കറികളും ഒരു പ്ലേറ്റിലാക്കി കൊണ്ടുവച്ചു, ദോശയും ചമ്മന്തിയും തിരികെ കൊണ്ട് പോയി..

പൂജാൻ്റി.. ന്ന് വിളിച്ച് പൊന്നൂസും അമ്മൂസും പൂജയുടെ മുറിയിൽ ഓടിയോടി വന്നു കൊണ്ടിരുന്നു..

മക്കൾസേ… ആ.. മിഥുൻ മാമൻ എൻ്റെ മുറിയിൽ വരുമ്പോൾ രണ്ടാളും ഓടി വരണം കേട്ടോ? എന്നിട്ട് മാമൻ പോയ ശേഷമേ … പോകാവൂ.. കേട്ടോ?

അവർ സമ്മതിച്ചു.

ഉച്ചയ്ക്ക് മിഥുൻ വന്നു… കാർത്തിക മാത്രമേ .. ഉണ്ടായിരുന്നുള്ളൂ.

അവൻ പൂജയുടെ മുറിയിലെത്തി..

ഹായ് പൂജ … എന്ത് തീരുമാനിച്ചു…

പൂജ മുഖം തിരിച്ചു നിന്നു..

എൻ്റെ പൊന്നുമോളെ ഈ മനോഹരമായ മുഖം ഇങ്ങനെ പട്ടിണി കിടന്ന് വാട്ടല്ലേ …മിഥുനേട്ടന് സങ്കടം വരും കേട്ടോ?

സത്യം പായാലോ.. നീ .. തലമുടിയൊക്കെ .. വിടർത്തിയിട്ട് ഇങ്ങനെ തുറിച്ച് നോക്കുന്നത് കാണാൻ നല്ല ഭംഗിണ്ട്.. ഒരു ചുവന്ന വട്ടപ്പൊട്ട് തൊട്ടാൽ എൻ്റെ ഭദ്രകുട്ടി.. ശരിക്കും. ഭദ്രകാളി തന്നയാ…

ഇപ്പോ.. എനിക്ക് നിന്നോട് സ്നേഹത്തേക്കാളേറെ വാശിയാ.. മിഥുനിൻ്റെ സ്വന്തമാക്കാനുള്ള വാശി … ആൻ്റി വന്നാലുടൻ നീയെൻ്റെ സ്വന്തമാ… അതിനൊരു വർഷമൊന്നുമിനി കാത്തിരിക്കണ്ട.. കാരണം നിൻ്റെ എടുത്ത് ചാട്ടം കാരണം ഗുണമുണ്ടായത് എനിക്കാ…
അറിഞ്ഞില്ലേ …കല്യാണം.. എത്രയും പെട്ടന്ന് ….

ശരിക്കും .. നിൻ്റെയീ .. സൗന്ദര്യമെന്നെ.. വല്ലാതെ കൊതിപ്പിക്കുന്നു. നിൻ്റെ ഈ ചുണ്ടിൽ ഞാൻ ഒന്ന് .. തൊട്ടോട്ടെ!

പൂജ ഭയം ഉള്ളിലൊളിപ്പിച്ച് അവനെ തുറിച്ച് നോക്കി..

മിഥുൻ പൂജയുടെ അരികിലേക്ക് ചുവടുകൾ വച്ചു…

പൂജാൻ്റീ…. അമ്മൂസ് മുറിയിലേക്ക് ഓടി വന്നു… പിന്നാലെ പൊന്നൂസും.
മിഥുൻ പെട്ടന്ന് പിന്നോട്ടകന്നു നിന്നു..

നിനക്ക് സൈറയെ വിളിക്കണോ?
അല്ലൂന്നെ വിളിക്കണോ.. ഞാൻ തരാം .. ഫോൺ.

നീ… വിളിച്ചോ.. അവൻ അവൾക്ക് നേരെ .. മനപ്പൂർവ്വം.. ഫോൺ
നീട്ടിവച്ചങ്ങനെ നിന്നു..

പിടിച്ചോ .. മിഥുൻ നിർബന്ധിച്ചു.
പൂജ ഫോൺ വാങ്ങി.. പിന്നെ നിമിഷങ്ങൾക്കുള്ളിൽ ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് എറിഞ്ഞു ..

ടീ … മിഥുൻ പൂജയെ അടിക്കാനായി കൈ ഉയർത്തിയതും
അമ്മേ.. ദാ… മിഥുൻ മാമൻ പൂജാൻ്റിയെ തല്ലുന്നേ….

മിഥുൻ പെട്ടന്ന് കയ്യ് പിൻ വലിച്ചു .. പിന്നെ ഫോണെടുക്കാനായി പുറത്തേക്ക് പോയി.

കാർത്തിക അകത്തേക്ക് വന്നു…

എന്തേ .. പൊന്നൂ… വിളിച്ചത്…

വീട്ടിലാണുങ്ങളില്ലാത്ത സമയം നോക്കി നിങ്ങളെന്തിനാ.. ആ മിഥുനെ ഇങ്ങോട്ട് കയറ്റി വിട്ടത്. അതും എൻ്റെ മുറിയിൽ ..

ഞാനോ.. ഞാൻ കടത്തിവിട്ടില്ല ആരെയും ..

പിന്നെയെങ്ങനാ.. അവൻ എൻ്റെ മുറിയിൽ വന്നത്….

അകത്തേക്ക് ആരോ.. വന്നത് പോലെ തോന്നിയിട്ട് ഞാനിങ്ങോട്ട് വന്നതാ…

എന്തായാലും ശരി ..വിവാഹ നിശ്ചയം കഴിഞ്ഞതിൻ്റെ പേരിൽ ഇതിനകത്തെങ്ങാനും .. ഇനി കടത്തി വിട്ടാൽ.. ഞാനൊച്ചവെച്ചാളെക്കൂട്ടും.
പോലീസിൽ പരാതിയും നൽകും.. നിങ്ങളുടെ പേരായിരിക്കും ഞാൻ ഒന്നാമത് വയ്ക്കുന്നത്. അത് വേണ്ടെങ്കിൽ, ഇനിയവനെ ഇതിനകത്ത് കയറ്റരുത് …അഥവാ . അവനെങ്ങാനും കയറിയാൽ നിങ്ങളും കൂടെയുണ്ടാവണം.. പൂജയെന്നും ചങ്ങലയിൽ കിടക്കില്ല.
കേട്ടല്ലോ?’

പിന്നെ.. ഇടക്കിടക്ക് ഇവിടെ ആഹാരം കൊണ്ട് വയ്ക്കണ്ട .. കെട്ടഴിച്ചല്ലാതെ ഞാൻ വെള്ളം പോലും കുടിക്കില്ല..

പൂജ പറയുക മാത്രമല്ല.. അങ്ങനെ പ്രവർത്തിക്കുകയും ചെയ്തു. പിന്നീടുള്ള ഏഴു നാളുകളിൽ. ഒരു കവിൾ വെള്ളം കൊണ്ടവൾ വായ് കഴുകും.. അത്ര തന്നെ.
ആ ദിവസങ്ങളിൽ കാർത്തികയുടെ വീട്ടുകാർ, അപ്പൂപ്പൻ, അമ്മുമ്മ
കൊച്ചിച്ചൻ, കുഞ്ഞമ്മ, അപ്പച്ചി അമ്മാവൻ അയൽക്കാർ.. കഥ കേട്ട് അറിഞ്ഞവർ അങ്ങനെ പലരും മൃഗശാലയിൽ കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ കാണാൻ വരുന്നവരെ പോലെ വന്നു പോയ്കൊണ്ടിരുന്നു.
മൂക്കത്ത് വിരൽ വച്ചും.. വായിൽ തോന്നുന്നതൊക്കെ .. വിളിച്ച് പറഞ്ഞും അവർ മാനസികമായി പൂജയെ വേദനിപ്പിച്ചു.

പിന്നെ അവർ ഗായത്രിയും രവീന്ദ്രനും
വന്ന ദിവസം വന്നു..

ഗായത്രിയും രവീന്ദ്രനും .. ഏഴാം ദിവസം വൈകിട്ട് അഞ്ച് മണിക്കെത്തി..

ഗായത്രിയോടി മകളുടെ അരികിലെത്തി. അടുത്ത അടി വാങ്ങാനായി അവൾ നിവർന്നു നിന്നു…

ഒന്നു നോക്കിയ ശേഷം ഗായത്രി പുറത്തിറങ്ങി..അവളെ നോക്കാനാവാതെ ഗായത്രി പുറത്തേക്കിറങ്ങി.

ഇവളെ കണ്ടാൽ പട്ടിണി കിടക്കുന്നതായി പറയില്ലല്ലോ .. ജിത്തു .. അപ്പച്ചിയുടെ വക.. ആക്കൽ ..

ശരിക്കും പട്ടിണി തന്നെയാ അപ്പച്ചി .. ജിത്തു .. ഉറപ്പിച്ചു പറഞ്ഞു ..

എല്ലാരും പറയുന്നല്ലോ എൻ്റെ മോൾക്ക്‌ പട്ടിണി കിടന്നതിൻ്റെ ഒരു ലക്ഷണവുമില്ലെന്ന് … രക്തമയം മാഞ്ഞ് പോയിരിക്കുന്നു അവളുടെ മുഖത്ത് നിന്നും. കണ്ണുകൾ വിളറി വെളുത്തു. കൺതടങ്ങൾ കരിവാളിച്ചിരിക്കുന്നു. കാലുകൾ നിരുവച്ച് വീർത്തിരിക്കുന്നു. ചുണ്ടുകൾ വരണ്ട് പൊട്ടിയിരിക്കുന്നു .. ഇതൊന്നും. നിങ്ങൾക്കാർക്കും കാണാൻ പറ്റുന്നില്ലേ.. അതോ പെറ്റ വയറിനു മാത്രമേ .. കാണാൻ പറ്റുള്ളോ?
അഴിച്ച് വിടടാ ൻ്റെ കൊച്ചിൻ്റെ കയ്യിലെ ചങ്ങല. ഗായത്രി ഒച്ചവച്ചു.

ഏട്ടത്തി എന്ത് ഭാവിച്ചാ.. ഇവിടാരും അവൾക്ക് ആഹാരം കൊടുക്കാഞ്ഞിട്ടല്ലല്ലോ? അഹങ്കാരം കാണിച്ച് മനപൂർവ്വം ആഹാരം
കഴിക്കാതെ കിടക്കുന്നതല്ലേ

മൂന്ന് തലമുറയെടുത്ത് നോക്കിയാലും .. നമ്മുടെ കുടുംബത്തിലാരും ഇങ്ങനെ ഒളിച്ചോടിയ ചരിത്രമില്ല. ഇത്രയും നേരം എന്തൊക്കെ പറഞ്ഞിട്ടും അവൾക്ക് വല്ല കുലുക്കോം ഉണ്ടോന്ന് നോക്ക്… കല്ല് പോലെ നില്ക്കുന്നത് കണ്ടില്ലേ. ജാതക പെരുത്തോം .. സമയോം. ഒന്നും നോക്കേണ്ടതില്ല. കല്യാണം നടത്താൻ നോക്ക് വലിയേട്ടാ.. എൻ്റെ മോൾക്ക് ചിങ്ങത്തിൽ ഇരുപത് തികയും. നല്ലൊരാലോചന വന്നിട്ടുണ്ട് . ഇതെങ്ങാനും അറിഞ്ഞാൽ വന്ന വഴിക്കവരങ്ങ് പോകും.

ഞാനൊരു കാര്യം പറയാം. അവൾക്കിഷ്ടമില്ലെങ്കിൽ ഞാനീ .. കല്യാണം നടത്തില്ല. ഗായത്രി തറപ്പിച്ച് പറഞ്ഞു.

പിന്നെ അന്യജാതിക്കാരന് കെട്ടിച്ചു കൊടുക്കാൻ പോവ്വാണോ?

ഭദ്രയങ്ങനെയുള്ള കുട്ടിയല്ല. അവളെൻ്റെ മോളാ.. വഴിതെറ്റി ജീവിക്കില്ല.. അവനെയല്ലാതെ.. ആരെ ചൂണ്ടി കാണിച്ച് കൊടുത്താലും എൻ്റെ മോള് തലകുനിക്കും.

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഓടി വന്ന് ചങ്ങലക്കിടാൻ എങ്ങനെ തോന്നി മക്കളെ …
അച്ഛൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ… പിന്നെ..ആരെങ്കിലും പറഞ്ഞിട്ടല്ല.

കാർത്തിക കേട്ടത് കൊണ്ടാ.. ഞങ്ങളറിഞ്ഞത്…
ഇല്ലെങ്കിൽ പുന്നാരമോളിപ്പോൾ ക്രിസ്ത്യാനി പയ്യൻ്റെ കൂടെയായിരുന്നേനെ. മിഥുനെന്നിട്ടും പറയുന്നു .. ഭദ്ര പാവാ.. തെറ്റ് ക്ഷമിക്കാൻ തയ്യാറാണെന്ന്…

മതിയാക്ക് … ആ പൂട്ടഴിക്ക് … രവീന്ദ്രൻ മക്കളോട് പറഞ്ഞു. എന്നിട്ട് ആ മുറിയങ്ങ് പൂട്ടിയേക്കു ..പറഞ്ഞാൽ കേട്ടില്ലെങ്കിൽ പോയി തുലയട്ടെയെന്ന് കരുതാനല്ല എൻ്റെ തീരുമാനം.

പ്രേംലാൽ വന്നു .. അവളുടെ കയ്യിലെ കെട്ടഴിച്ചു. നീരു വച്ച കാൽ വലിച്ച് ..വെച്ചവൾ കട്ടിലിലേക്ക് .. മറിഞ്ഞു.

ഭർത്താവിൻ്റെ ബന്ധുക്കളും .. കാർത്തികയുടെ സഹോദരങ്ങളും പോയ ഉടൻ ഗായത്രി … മിഥുനെ വിളിച്ചു..

വിളിക്കാൻ കാത്തിരുന്നത് പോലെയവൻ ഓടിയെത്തി..

മിഥുൻ ഇരിക്ക് …

വേണ്ടാൻ്റീ.. ഞാനിവിടെ നിന്നോളാം.
അവൻ വിനയം ഒട്ടും കുറച്ചില്ല.

ഇരിയെടാ.. അങ്ങോട്ട്… പ്രേംലാൽ അവനെ ‘രണ്ട് തോളിലും അമർത്തി പിടിച്ചിരുത്തി..

മോനെ.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. വിവാഹം എന്ന് പറയുന്നത് .. രണ്ട് മനസുകളുടെ കൂടി ചേരലാണ് … ശരീരം അടർത്തിമാറ്റിയാലും.. മനസ്സsർത്തി മാറ്റാൻ അവർക്കല്ലാതെ മറ്റാർക്കും കഴിയില്ല.. ഇവിടെ അങ്ങനൊരു ചേരലിന് .. ഒരു മനസ്സ് ഇതുവരെയും .. തയ്യാറല്ല.. ഒന്നോ … രണ്ടോ .. മാസത്തെ .. ഉടമ്പടിയല്ല. വിവാഹം. ജീവതാവസനം വരെ എന്തും ഒന്നിച്ച് പങ്ക് വയ്ക്കാനുള്ളതാണ്. പൂജ അതിന് താത്പര്യം കാണിക്കാത്തത് കൊണ്ട് .. മോൻ ഇതിൽ നിന്ന് പിൻമാറണം..

അമ്മേ… പ്രേംലാൽ വിളിച്ചു.

അതവഗണിച്ച് കൊണ്ട് .. ഗായത്രി തുടർന്നു .. ഭദ്രേടെ മനസ്സു കീഴടക്കാൻ നിനക്കിത് വരെ കഴിഞ്ഞില്ല.. ഇനി കഴിയുമെന്നുള്ള വിശ്വാസവുമില്ല. രണ്ട് ജീവിതങ്ങളും നശിക്കാതിരിക്കാനാ.. ഞാൻ പറയുന്നത് .. മറ്റെന്ത് വേണേലും. ഞാൻ ചെയ്യാം.. ഇനി നീ..ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.

മിഥുനെഴുന്നേറ്റ്… നിന്നു… ഞാനെന്ത് പറയാനാ ആൻ്റീ…

ഒന്നും പറയാനില്ല. ഒന്നും .. മരണം അത് തന്നെയാണ് തീരുമാനം. പിന്നെയെൻ്റെ ശല്യം അതോടെ തീരും .. മിഥുൻ മുഖം പൊത്തി കരഞ്ഞു..

ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിച്ച് രവീന്ദ്രനും ഗായത്രിയും. പരസ്പരം നോക്കി..

ആൻ്റി ……. പോക്കറ്റിൽ നിന്ന് ഒരു പൊതിയും ചുവന്ന ചരടുമെടുത്തു.മിഥുർ ഗായത്രിക്ക് നേരെ നീട്ടി. ഭദ്രക്ക് വേണ്ടി പൂജിച്ച് വാങ്ങിയതാ.

വാങ്ങാൻ മടിച്ച് നിന്ന ഗായത്രിയുടെ കൈപിടിച്ച് വച്ച് കൊടുത്തു കൊണ്ട് പറഞ്ഞു… അവളെയുള്ളൂ.. എൻ്റെ മനസ്സ് നിറയെ.. അവൾ മാത്രം.. ഇവിടെ ഞാനവളെ ഉപേക്ഷിച്ച് പടിയിറങ്ങുമ്പോൾ ഈ .. ശരീരം .. ഞാൻ ബാക്കി വെക്കുന്നതെന്തിനാ.. ആൻ്റീ… മിഥുന് ഇതു വരെയെ ഉള്ളു.. ജീവിതം.
ഞാൻ തിരുന്നതോടെ .. ഭദ്ര.. രക്ഷപ്പെടുമെങ്കിൽ ഞാൻ ഇനി സമയം കളയുന്നില്ല .. ഇറങ്ങുകയാ..

രവീന്ദ്രൻ അവനെ കടന്നു പിടിച്ചു. എന്തൊക്കെയാ പറയുന്നത്.
നോക്കട്ടെ! ഞങ്ങളൊന്നുകൂടി സംസാരിക്കട്ടെ!

മിഥുൻ രവീന്ദ്രൻ്റെ … കൈ രണ്ടും കുട്ടി പിടിച്ചു പറഞ്ഞു.

ശല്യത്തിനായി ഈ വീട്ടുമുറ്റത്ത് ഞാൻ വരില്ല.. ഭദ്ര സമ്മതിക്കുന്ന കാലം വരെ.. ഞാൻ കാത്തിരിക്കാം..

മിഥുൻ പടിയിറങ്ങി..

ലാലും അവനൊപ്പമിറങ്ങി… കട്ടിലിൽ ചെന്ന് വീണതേ .. പൂജമയങ്ങി പോയിരുന്നു. അത് കൊണ്ട് തന്നെ പുറത്തെ സംസാരമൊന്നും അവൾ കേട്ടിരുന്നില്ല.

ഉണരുമ്പോൾ മുറിയിൽ കസേരയിൽ അമ്മയിരിപ്പുണ്ട് .. പൂജയ്ക്ക് തൻ്റെ അടക്കിവെച്ച സങ്കടങ്ങൾ പുറത്തേയ്ക്കൊഴുക്കണമെന്നും .. അമ്മയുടെ മാറിൽ പറ്റി ചേർന്ന് വിതുമ്പുണമെന്നും തോന്നി… പക്ഷേ.. സാധിക്കുന്നില്ല .. അനങ്ങനാകുന്നില്ല. അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ കരഞ്ഞ് നിലവിളിക്കാറില്ലല്ലോ ഞാൻ അതും .. അമ്മയുടെ മുന്നിലായാലും അച്ഛൻ്റെ മുന്നിലായാലും.
മേശപ്പുറത്തിരുന്ന ചെറിയ കുപ്പിയും എടുത്ത് അമ്മ അരികിൽ വന്നു ..

പിന്നെ ചങ്ങലയുരഞ് രക്തം പൊടിഞ്ഞ ഭാഗത്ത് തൂവല് കൊണ്ട് എണ്ണയിൽ തൊട്ടുവച്ചു. ചെറിയ ഒരു തണുപ്പ് …പിന്നെ ഒരു എരിച്ചിൽ … പൂജ കണ്ണകൾ ഇറുകെപൂട്ടി..

ആ മിഥുന് നിന്നെ പിടിച്ച് കൊടുക്കാൻ അമ്മയ്ക്കും അച്ഛനും ഇപ്പോൾ ഇഷ്ടമല്ല. അവൻ കാരണം നീയും ബുദ്ധിമുട്ടുന്നു. അക്കാര്യം പറയാനായി.. അവനെ വിളിപ്പിച്ചിരുന്നു.ഗായത്രിയും രവീന്ദ്രനും മിഥുനോട് പറഞ്ഞ കാര്യങ്ങൾ പൂജയെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഇനിയിത് നിൻ്റെ വിധിയാണെന്ന് കരുതി നിന്ന് കൊടുക്കുകയേ .. നിവർത്തിയുള്ളൂ… അവൻ പോയി ചത്താലും.. ദോഷം നമുക്ക് തന്നെയാ..

ശക്തിയില്ലെങ്കിൽ പോലും പൂജ കൈവലിച്ചെടുത്തു. പിന്നെ.. പതിയെ പറഞ്ഞു.

ഇല്ല ..പൂജയുടെ ജീവിതം മിഥുനുള്ളതല്ല .. സമ്മതിക്കില്ല.. ഞാൻ ..

പിന്നെ.. ആർക്കുള്ളതാടീ..രവീന്ദ്രൻ ചാടിയെഴുന്നേറ്റു.. ഗായത്രി ചെറുത്തു ..

ഇന്നെങ്കിൽ ഇന്ന് .. നാളെയെങ്കിൽ നാളെ .. എത്രയും പെട്ടന്ന് ഞാന തങ്ങ് നടത്താൻ പോകയാ..

നിങ്ങൾ വന്നേ… ഗായത്രി രവീന്ദ്രനെയും വിളിച്ച് പുറത്തിറങ്ങി.

രാത്രിയിൽ ഗായത്രി അവൾക്ക് ഭക്ഷണവുമായ് വന്നു.. നല്ല വാക്കൊത്തിരി പറഞ്ഞു.. ഒരു പിടി ആഹാരം കഴിക്കാൻ .. പൂജ കേട്ട ഭാവം നടിച്ചില്ല..

അമ്മേടെ നല്ല ..സ്വഭാവം മാറ്റിക്കല്ലേ .. ഗായത്രി മുറി വിട്ടു പോയ് ..

പിറ്റേ ദിവസം ഗായത്രി നിർബന്ധിച്ച് വായിൽ തിരുകി വച്ചു… അവൾ ചർദ്ദിച്ചു. ‘

ഇത്ര ദിവസം കഴിക്കാഞ്ഞിട്ടാ.. അല്പാല്പം കഴിച്ച് ശരിയാക്കാം..

പൂജയെ പിടിച്ചിരുത്തി തലമുടി.. ചീകി .. മുടിയിലെ ഉടക്ക് കളഞ്ഞ് .. എണ്ണ തേച്ച് ഒന്നുകൂടി ഉടക്കില്ലാന്ന് ഉറപ്പു വരുത്തി.. ബ്രഷും പേസ്റ്റുമെടുത്ത് പതിയെ പിടിച്ച് ബാത്റൂമിൽ കൊണ്ട് പോയി.
എന്നിട്ട് പറഞ്ഞു.

കുളിച്ചിട്ട്.. വാ.. അമ്മ പറയുന്നത് കേൾക്ക് മോളെ..

ഡോർ ചാരിയാൽ മതി. ക്ഷീണം ഉള്ളതല്ലേ.തല ചുറ്റിയാലോ..

കുളി കഴിഞ്ഞ് വന്നതും.. പച്ചയിഞ്ചിയിട്ട് തിളപ്പിച്ച് തേയില വെള്ളം കൊണ്ട് കൊടുത്തു..

രാത്രിയിൽ മുറി പൂട്ടിയമ്മ പുറത്ത് പോയതും അടുത്ത വീട്ടിലെ വീട്ടിൽ നിലവിളി കേട്ടു . ഷംലാൻ്റിയുടെ വാപ്പ മരിച്ചുവെന്ന് പ്രേംജിത്ത് പറഞ്ഞു … കാർത്തികയെയും പൂജയെയും ഒഴിച്ച് എല്ലാരും മരണ വീട്ടിലേക്ക് വന്നും പോയും ഇരുന്നു.

പിറ്റേ ദിവസം അതിരാവിലെ പൂജയെഴുന്നേറ്റു. ഷംലാൻ്റിയുടെ വീട്ടിൽ വരുന്നവർ ഇവിടെ മുറ്റത്ത് വന്ന് ഇരിക്കാൻ സാധ്യതയുള്ളതിനാൽ അവൾ ചൂലെടുത്ത് മുറ്റമെല്ലാം തൂത്തു വൃത്തിയാക്കി .

തിരികെ .. മുറിയിൽ കയറാൻ തുടങ്ങിയതും.. ഹാളിൽ ഫ്ളവർ. സ്റ്റാൻഡിൽ നൂറിൻ്റെ രണ്ട് നോട്ടുകൾ.. അതിന് മേലെ അച്ഛൻ്റെ വാച്ച്. ഒരു ഫോൺ ചാർജിൽ കിടക്കുന്നു. അവൾ അതെടുത്തു. ഓൺ ചെയ്തു ..സിം ഇല്ല. അച്ഛൻ ആർക്കോ .. കൊണ്ട് വന്നതാ..
രാത്രിയിലുറങ്ങാതെ മരണ വീട്ടിലായിരുന്നതിനാൽ എല്ലാരും സുഖ ഉറക്കം..

തലച്ചോറിലൂടെ .. എന്തോ.. ഒന്നു മിന്നി മറഞ്ഞു .. അവൾ അത് രണ്ടും കയ്യിലെടുത്തു നേരെ മുറിയിലേക്ക് ഓടി.. ജ്യുവൽ ബോക്സിൽ നിന്നും സിം .. എടുത്തു പഴ്സിലിട്ടു.

കടലാസും പേനയുമെടുത്ത് .. അവൾ ഇങ്ങനെ എഴുതി… അമ്മേ…മാപ്പ്… പിന്നെ.. മേശമേൽ മുഖമമർത്തി കുറച്ച് നേരം കരഞ്ഞു.. കടലാസ് ഡയറിയിൽ വച്ചശേഷം

അടുക്കള വാതിൽ തുറന്ന് പുറക് വശത്തെ ഗേറ്റിലൂടെ തെങ്ങിൻ പുരയിടം വഴി .. അതിവേഗത്തിൽ ഓടിയും നടന്നു റോഡിലെത്തി. മുന്നിൽ വന്ന ഒരോട്ടോയിൽ കയറി ബസ്സ് സറ്റാൻഡിലെത്തി. അവിടുന്ന്‌ പുറപ്പെടാൻ തുടങ്ങിയ ഒരു ബസ്സിലെ ബോർഡിലേക്ക് നോക്കി..

മന്താരകാവ്: കേട്ടിട്ടില്ലാത്ത സ്ഥലം. എവിടാണെന്നും അറിയില്ല. എങ്ങോട്ടാണെന്നും അറിയില്ല. എത്ര ദൂരമുണ്ടെന്നും അറിയില്ല.
ബസ്സിൽ കയറി ഇരിക്കുമ്പോഴേക്കും പൂജ തളർന്നു തുടങ്ങിയിരുന്നു.

ഡബിൾ ബെൽ മുഴങ്ങി. ബസ് മുന്നോട്ടെടുത്തു.

(തുടരും)

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!