Skip to content

നിനക്കായ് മാത്രം – 39, 40

  • by
benzy novel

പൂജ ഞെട്ടി തിരിഞ്ഞു ഉടൻ .. അലനെ തുറിച്ച് നോക്കി… പിന്നെ
അവശത മറന്നവൾ പൊട്ടിത്തെറിച്ചു …

അലനെന്താ ഈ കാണിച്ചത്?
അലൻ ഭയന്നു പോയി… പൂജയുടെ കണ്ണുകളിൽ ജ്വലിച്ച് നിന്ന ക്രോധാഗ്നി തന്നെ ഇപ്പോൾ വിഴുങ്ങി കളയുമെന്ന് തോന്നി അലന്.

അല്ലു എന്ന വിളിപോലും മാറിയിരിക്കുന്നു… ചുമ്മാതല്ല … മിഥുൻ ഭദ്രകാളിയെന്ന് വിളിക്കുന്നത്. ഈ ഭാവം കണ്ടാൽ ആരും വിളിച്ച് പോകും. ഭദ്രകാളി തന്നെ. ഈ ഭാവം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും മിഥുൻ തന്നെയാണ്.
അല്ലൂ… മോനെ… നീ ഇതൊന്നും കണ്ട് ഭയക്കരുത്… ക്രോധത്തെ ക്രോധം കൊണ്ട് നേരിട്ടോ? അലൻ്റെ മനസ്സ് അങ്ങനെ പറഞ്ഞു. മനസ്സിങ്ങനെ ഉന്തി തള്ളിയാൽ പിന്നെ ഞാനെന്ത് ചെയ്യും.. അനുസരിക്കാം… അത്ര തന്നെ..

താനിങ്ങനെ ദേഷ്യപ്പെടാൻ മാത്രം .. എന്തുണ്ടായി… അലൻ ക്രിത്രിമ ദേഷ്യത്തിലായിരുന്നു.ആ മാലയുടെ കൊളുത്തൊന്നിളക്കിയെടുക്കാൻ താൻ പാട് പെടുന്നത് കണ്ടപ്പോൾ ഞാനൊന്നിളക്കാൻ സഹായിച്ചു.

ഇളക്കിയത് മാത്രമല്ലല്ലോ .. എൻ്റെ സമ്മതമില്ലാതെ.. ഇയാളെൻ്റെ കഴുത്തിൽ കെട്ടുകയും ചെയ്തില്ലേ.

ഇയാളോ?

ഒരു പെണ്ണ് താലിക്ക് കല്പിക്കുന്ന വിലയെന്താണെന്നറിയ്യോ?

എത്രയാ ?.. അലൻ ചോദിച്ചു..

എന്താ കളിയാക്കുന്നോ…കെട്ടിയതും പോരാഞ്ഞിട്ട്…

ഓരോ .. പെണ്ണിൻ്റെയും കഴുത്തിൽ വീഴുന്ന താലിക് നിങ്ങൾ ആണുങ്ങൾ ജ്വല്ലറിക്കാരന് എണ്ണികൊടുക്കുന്ന കാശിൻ്റെ വിലയേക്കാൾ … കോടിമടങ്ങ് വിലമതിക്കുന്നുണ്ട് ഞങ്ങൾ സ്ത്രീകൾ. അതിലുടെ കിട്ടുന്ന ഒരു സുരക്ഷിതത്വം, ആത്മബലം ഒക്കെ.. വിലമതിക്കാനാകാത്തതാണ്. ഒരു പുരുഷൻ പെണ്ണിൻ്റെ കഴുത്തിൽ കെട്ടുന്ന ചരടിൻ്റെ അറ്റത്തെ താലി അവളുടെ മാറിൽ പറ്റി കിടക്കുമ്പോൾ ആ സുരക്ഷിതത്വം അവളെ അഭിമാനമുള്ള ഒരു സ്ത്രീയായ് മാറ്റും.. സ്ത്രീയെയും പുരുഷനെയും പരസ്പരം ബന്ധിക്കുന്ന ഒരു ശക്തി അതിൽ അടങ്ങിയിട്ടുണ്ട് .പൂജ പിന്നെയും പറയാൻ തുടങ്ങിയതും.. അലൻ ഇടയിൽ കയറി ..

ഇത്രയൊക്കെ അടങ്ങിയിട്ടും താനെത്തിനാ.. എന്നോട് ചൂടാകുന്നത്. താൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഞാൻ നല്ലൊരു കാര്യമല്ലേ ചെയ്തത്. താലിക്ക് കോടികൾ വിലമതിക്കുമ്പോൾ താലികെട്ടി തന്നവന് തീരെ വില കല്പികുന്നില്ലാല്ലോ… ഒരു കാലണയുടെ വിലയെങ്കിലും ..

ഇയാൾക്ക് .. എല്ലാം ..തമാശ..ൻ്റെ നെഞ്ച് പിടക്കുന്നത് എനിക്കേ.. അറിയൂ.

നെഞ്ച് പിടക്കാനായ് ഇവിടെ.. ഒന്നും ഉണ്ടായില്ലല്ലോ .. കോടികൾ വിലയിടാനായ് ഇത് പൂജിച്ചത് ഒന്നുമല്ലല്ലോ ..

ഒരു താലി പണിയുന്നയാൾ അത് എല്ലാ.. പൂജാവിധികളോടെയാ പണിയുന്നത് പൂജ തർക്കിച്ചു.

അതൊക്കെ പണ്ട് … ഇപ്പോ മന്ത്രങ്ങളല്ല.. മെഷീനിൻ്റെ കറോം പിറോം ശബ്ദം ആയിരിക്കും ഉയരുന്നത്.

ആരുമില്ലാത്തവളായി ജീവിക്കാനൊന്നും ഞാനില്ല… എൻ്റെ വീട്ടുകാർ എന്നെ തേടി വരും.. മിഥുനെ മാറ്റി നിർത്തുന്ന ഒരു സമയം വരെയുള്ളൂ.. അന്ന് എനിക്കു് അവർക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കണം. അവർ നിശ്ചയിക്കുന്ന ഒരാൾക്ക് … ഞാൻ കഴുത്ത് നീട്ടി കൊടുക്കണ്ടേതാ. എന്നെ സ്വന്തമാക്കുന്ന ആളാരായാലും ആ ആളിനു മുന്നിൽ എനിക്ക് യാതൊരു വിധ കുറ്റബോധവുമില്ലാതെ നിൽക്കണം . അതാ..

ഉം…വരും…. വരും. ഒളിച്ചോടിയ പെണ്ണിനെ കെട്ടാൻ. അഥവാ .. വന്നാൽ സ്വത്ത് മോഹിച്ചാവും വരിക… ജീവിതകാലം മുഴുവൻ … ഈ പേരും പറഞ്ഞ് അവൻ തന്നെ കുത്തിനോവിച്ച് കൊണ്ടിരിക്കും. പിന്നെ..നാണംകെട്ട് പിന്നാലെ നടക്കുന്ന ഒരുത്തൻ ഉണ്ടല്ലാ..അവൻ വന്ന് കെട്ടും .. എന്നിട്ട് … അങ്ങോട്ട് കൊടുത്ത അടിക്കും അക്ഷേപത്തിനും .. നൂറിരട്ടിയായി തരും.. അവൻ്റെ കുഞ്ഞുങ്ങളുടെ അമ്മയായി.. അടുക്കളയിലെ കരിയും പുകയുമൊക്കെയായി … ചുമച്ച് കുരച്ച് ജീവിക്കാം മരണം വരെ..

അപ്പോ … മനപ്പൂർവ്വമായിരുന്നല്ലേ.. താലി കെട്ടിയത്.

ടോ… മതി. മനപ്പൂർവ്വം കെട്ടാൻ പറ്റിയ ഒരു സാധനം.. കാറ്റ് വരുമ്പോൾ പറന്ന് ആ കടലിലെങ്ങാനും വീണാലോന്ന് കരുതിയാ കവർ ചെയ്ത് നിക്കുന്നത്. അല്ലാതെ തൻ്റെ സൗന്ദര്യം കണ്ടിട്ടല്ലാ.. കണ്ടാലോ ഡാകിനിയെപ്പോലെ … കുരങ്ങി… വായ തുറന്നാലോ തനി രാക്ഷസി … ജീവിതകാലം മുഴുവനും സഹിക്കണം.. ആകെയുള്ളത് എടുത്താൽ പൊങ്ങാത്ത കുറെ തലമുടി.. ആർക്കു വേണം… പെൺകുട്ടികളായ.. നല്ല രീതിയിൽ സ്മൂത്നിങ് ഒക്കെ ചെയ്ത് സ്റ്റൈലായി നടക്കണം….. ഇതൊരു..മാതിരി … ഭദ്രകാളിയെ ..പോലെ …

ഞാനിന്ന് ആരുമില്ലാത്തവളായിപ്പോയി.. ഇല്ലെങ്കിൽ .. ഈ വിളിക്ക് .. ഈ തിരത്തെ മണലു മുഴുവൻ തൻ്റെ തലയിൽ കിടക്കുമായിരുന്നു ..

അപ്പോഴാണ് നാവിൽ നിന്ന് ഭദ്രകാളി പുറത്ത് ചാടിയതെന്ന് അലൻ അറിഞ്ഞത്.. ഇശോയേ കാത്തോളണേ…മനസ്സിൽ ധ്യാനിച്ചു പോയ് അലൻ ..

രണ്ടും മൗനം.

രണ്ട് പേർക്കുമിടയിൽ തളം കെട്ടി നിന്ന മൗനം കണ്ട് രസിച്ച് തിരമാലകൾ ആടിയുലഞ്ഞങ്ങനെ വന്നും പോയുമിരുന്നു …

ആൽവിൻ്റെ ഫോൺ വന്നതും അലൻ ഫോണെടുത്ത് സംസാരിച്ചു.

പറഞ്ഞോ.. ആൽബിച്ചാ…..

ങാ.. ഞാൻ പൂജയെ ഹോസ്റ്റലിലാക്കിയാലുടൻ വരാം ..

അന്ന വന്നോ?

ശരി.. ശരി .. നേരിൽ പറയാം..

സ്റ്റേഷനിൽ പരാതിയൊന്നും വന്നിട്ടില്ല. താനെന്ത് തീരുമാനിച്ചു

പൂജയെ നോക്കി..അലൻ പറഞ്ഞു.

ഞാനെന്ത് തീരുമാനിക്കാൻ ഗാർഡിയൻ പറയുന്നു .. ഞാൻ അനുസരിക്കുന്നു. പോരെ..

ഹൊ.. രക്ഷപ്പെട്ടു. അപ്പോ .. താലി അഴിക്കുന്നില്ലേ..

ഇല്ല .. ഇരുപത്തൊന്നു വയസ്സിനു മുന്നിൽ താലി കെട്ടിയാൽ രണ്ട് താലി യെന്നാ..ജ്യോത്സ്യർ പറഞ്ഞത് .. ഒന്നി തായിരിക്കും. അതിങ്ങനെ പോട്ടെ!

കറച്ച് നാൾ കഴിയുമ്പോൾ മിഥുൻ അവൻ്റെ പാട് നോക്കി പോകും. അപ്പോർ ശരിക്കുള്ള താലി എൻ്റെ വീട്ടുകാർ നിശ്ചയിക്കുന്ന ആള് പണിയട്ടെ! ഇല്ലേ… അല്ലൂ…

എന്തോ…. അല്ലുവോ.. വേണ്ട … വേണ്ട .. അലൻ …..താൻ .. അയാൾ ഇയാൾ… അങ്ങനെ മതി …

പോട്ടെ! ആ ദേഷ്യത്തിന് പറഞ്ഞതാ.. എനിക്കറിയാം. അല്ലു എന്നെ മറ്റൊരു തരത്തിൽ കാണില്ലെന്ന്. പാതിമയക്കത്തിൽ ഞാൻ കേട്ടു .. അല്ലു ആൽബിച്ചനോട് ആ സ്വപ്ന സുന്ദരിയെ കുറിച്ച് പറയുന്നത് .. ജീവിതാവസനം വരെ നമ്മുടെ സൗഹൃദം ഇങ്ങനെ തന്നെ വേണം.

ശരി എന്നാൽ പോകാമോ… ഹോസ്റ്റലിലേക്ക് .. അലൻ ചോദിച്ചു.

ഉം.. പോകാം.. വീട്ടിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കും.. വിളിക്കുമ്പോഴെല്ലാം ഫോണെടുത്തേക്കണം.. ഇല്ലെങ്കിൽ ഞാൻ ഇങ്ങ് വരും കേട്ടല്ലോ? അതാത് സമയത്ത് കിട്ടുന്ന ഭക്ഷണം നീക്കിവെയ്ക്കാതെ അതൊക്കെ കഴിക്കണം. ഒന്നു രണ്ട് ദിവസം കഴിയുമ്പോൾ ഛർദ്ദിയൊക്കെ അങ്ങ് മാറും.. വീട്ടിൽ തിരികെ പോകുമ്പോൾ പഴയത് പോലെ സുന്ദരിക്കുട്ടിയായി വേണം പോകാൻ ഓരോന്ന് പറഞ്ഞ്.. അവർ ഹോസ്റ്റലിലെത്തി..
പോകാൻ സമയം അല്ലു പറഞ്ഞു ..
ദേ.. താലിയുടെ പേരും പറഞ്ഞെന്നെ ബ്ലാക്ക് മെയില് ചെയ്യരുത് കേട്ടോ?

തല്ല് വാങ്ങാതെ പോയേ…

പൂജ ചിരിച്ച് കൊണ്ടാണത് പറഞ്ഞത്.

അല്ലൂ.. ഞാൻ ശരിക്കും ഡാകിനിയെപ്പോലാണോ?

അത് പിന്നെ.. അലൻ ചമ്മി എങ്കിലും മിണ്ടാതിരുന്നില്ല. അതെങ്ങനെ ശരിയാകും.. താനൊരു സുന്ദരികുട്ടിയാ…

അത് കേട്ട് പൂജ ചിരിക്കുന്നത് കണ്ട സന്തോഷത്തോടെയാ.. അലൻ തിരികെ പോയത്?

****** ****** ****** *****

അപ്പോൾ ഇത് വെറുമൊരു താലിയാണല്ലേ… ഡോക്ടർ ഷാൻ ചോദിച്ചു..

പൂജ ചിരിച്ചു.. പിന്നെ പറഞ്ഞു ..

അതെ.. അഴിച്ചു മാറ്റേണ്ട .. വെറുമൊരു താലി .

അല്ലുവിന് പൂജയോട് ഇപ്പോഴും സൗഹൃദമാണോ?

ഉം.. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല പുരുഷൻ. എട്ടു മാസത്തിനുള്ളിൽ ഒരു നിമിഷം പോലും നോട്ടം കൊണ്ടോ? വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടൊ തെറ്റായി പെരുമാറിയിട്ടില്ലെന്ന് മാത്രമല്ല.. പലപ്പോഴും എന്നെ അതിശയിപ്പിക്കുന്ന തരത്തിൽ ഇടപെടുന്നത് കാണുമ്പോൾ വല്ലാത്തൊരു ബഹുമാനമാ അല്ലൂനോട്. ആരുമില്ലാത്ത തോന്നൽ ഏറെയും മാറ്റിവയ്ക്കാൻ കഴിഞ്ഞത് എൻ്റെ സൈറയും അല്ലുവും .. ഉള്ളത് കൊണ്ടാ..

പൂജയുടെ വീട്ടുകാർ ഈ എട്ടു മാസത്തിനുള്ളിൽ ഒരിക്കലെങ്കിലും കാണുകയോ വിളിക്കുകയോ ചെയിതിട്ടുണ്ടോ?

ഇല്ല .. വീട് പുതുക്കി പണിയാനെന്ന് ചോദിക്കുന്നവരോടെല്ലാം പറഞ്ഞ് വീടു പണി കൊച്ചിച്ചനെ ഏൽപ്പിച്ച് ..ഒരു മാസം കഴിഞ്ഞപ്പോൾ ഏട്ടൻമരോടൊപ്പം അമ്മയും ഏട്ടത്തിയും കുട്ടികളുമെല്ലാം. അച്ഛൻ്റെ അടുത്തേക്ക് പോയി..
തിരിച്ച് വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ ..

ഇപ്പോ .. ആശുപത്രിയിൽ വരാനുണ്ടായ സാഹചര്യം പറയൂ…

അമ്മയും ഏട്ടൻമാരും തിരികെ വന്നതറിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചു. അവരെന്നെ വിളിക്കുമെന്ന് .. സമയം കിട്ടുമ്പോഴൊക്കെ വിളിക്കാറുള്ള സൈറ ജോലി തിരക്കും.പഠന തിരക്കും കാരണം .. രണ്ട് ദിവസം വിളിച്ചതുമില്ല. വിളിച്ചിട്ടെടുത്തുമില്ല.
എന്ത് കൊണ്ടോ .. അല്ലുവും വന്നതുമില്ല വിളിച്ചതുമില്ല. ഒരാളുടെ പകരക്കാരിയായാണ് ജോലിക്ക് കേറിയത്.. മാറികൊടുക്കേണ്ടി വന്നു.. സങ്കടം കൊണ്ട് പൊറുതി മുട്ടിയാൽ പട്ടിണിയാണെൻ്റെ മിത്രം
പൂജ ചിരിച്ചു.. അങ്ങനെ ഇവിടെ
വന്നു ..

പൂജ ..താൻ പറയുന്നത് കേട്ട് പലപ്പോഴും എൻ്റെ കണ്ണു നിറഞ്ഞിരുന്നു. എന്നാൽ താൻ ചിരിച്ച് കൊണ്ടാണ് എല്ലാം .. പറഞ്ഞത് ..അത് .ഒരു ……

ഒരു തരം വട്ടാണോ?
പൂജയുടെ ചോദ്യം കേട്ട് ഡോക്ടർ പൊട്ടി ചിരിച്ചു. പൂജയും ഒപ്പം കൂടി ..

ഡോക്ടർ ഷാൻ ചിരിയോടെ പറഞ്ഞു …

ഏയ്….ഒരിക്കലും ഇതാെരു വട്ടല്ല. പൂജ മിടുക്കിയാണ്.
പൂജയ്ക്ക് ..പ്രശ്നങ്ങളെ കരുത്തോടെ നേരിടാനുള്ള മെൻ്റൽ പവർ ഉണ്ട് … ദു:ഖങ്ങൾ ഉള്ളിലടക്കിയിട്ടായാലും .. പുറത്ത് വിട്ടിട്ടാണെങ്കിലും ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ എപ്പോഴായാലും പരിഹരിക്കപ്പെടുകതന്നെ ചെയ്യുമെന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാനും അതിന് വേണ്ടി കാത്തിരിക്കാനും കഴിയുന്നത് തന്നെ ആ പവർ ഉള്ളത് കൊണ്ടാണ്. ആ ശക്തി ഉള്ളത് കൊണ്ടാണ് വിശപ്പിനെ മാറ്റി നിർത്താൻ കഴിയുന്നത്.

മയക്കത്തിൽ പൂജ വല്ലാതെ ഭയക്കുകയും.. ആരോടാ .. ദേഷ്യത്തിൽ സംസാരിക്കുകയും ചെയ്തത് കൊണ്ട് മാത്രമാണ് ഡോ.. ഫിനി പൂജയെ എൻ്റെ അരികിലേക്ക് വിട്ടത്. സയനോരാ മാഡത്തിൻ്റെ പ്രത്യേക താത്പര്യവും ഇതിലുണ്ട്. . മിഥുനോടുള്ള ദേഷ്യം മുഴുവൻ അബോധാവസ്ഥയിൽ പുറത്ത് വിട്ടപ്പോൾ കാര്യമറിയാതെ സയനോരാ .. മാഡം.. ഭയന്നിരുന്നു.

ഇപ്പോൾ.. ഞാൻ നോർമലാണല്ലോ.. അല്ലേ.. ഡോക്ടർ …

തീർച്ചയായും നോർമലാണ് .

മരിക്കാൻ വേണ്ടിയാണോ.. പൂജ പട്ടിണി കിടന്നത് ..

അങ്ങനൊന്നും ഉദ്ദേശിച്ചല്ല. എങ്കിലും മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എങ്കിൽ ചെറിയ ഒരു ശിക്ഷ സ്വീകരിച്ചേ മതിയാകൂ..

ഇയ്യോ..ശിക്ഷയോ? പറയണ്ടാരുന്നു അല്ലേ… ഡോക്ടർ …

പട്ടിണി കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചതിനും തൻ്റെ അല്ലുവിനെയും സൈറയെയും വിഷമിപ്പിച്ചതിനും. ഇനിയൊരിക്കലും ഇത്തരത്തിൽ ആരെയും വിഷമിപ്പിക്കാതിരിക്കാനും
വേണ്ടി.. ചെറിയ ഒരു ശിക്ഷ.

ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്ന സമയം.. അതിനെ അതി ജീവിക്കുന്നതെങ്ങനെയെന്നും, മുന്നോട്ടുള്ള ജീവിതത്തിൽ വിജയം കൈവരിക്കുന്നതെങ്ങനെയെന്നും ..
ഒക്കെയുള്ള എൻ്റെ ഒരു ക്ളാസ്സ്. അതാണ് ശിക്ഷ! എങ്കിലും വളരെ രസകരമായ ഒരു ക്ളാസ്സ് ആണ് കേട്ടോ?

രസകരമെങ്കിൽ അതെങ്ങനെയാ ശിക്ഷയാകുന്നത് … എൻ്റെ ക്ഷിണമൊന്നു മാറിയാൽ ഞാൻ തയ്യാറാണ്.

ഡിസ്ചാർജ്ജ് ആകുന്നത് വരെ.. എന്നെ സഹിക്കേണ്ടി വരും..

പൂജ അപ്പോഴും ചിരി കൈവിട്ടില്ല ..

സയനോര മിഷൻ ഹോസ്പിറ്റലിൻ്റെ ഒരു പ്രത്യേകതയാണ്. മരിക്കാൻ ആഗ്രഹിക്കുന്നവർക്കും.. ശ്രമിച്ച് പരാജയപ്പെടുന്നവർക്കും.. ഞങ്ങൾ കൊടുക്കുന്ന ഒരു സ്പെഷ്യൽ ട്രീറ്റ്മെൻ്റ്. ഷാൻ ചിരിച്ചു.

ഐസക് സാറിനെ കണ്ടിട്ടുണ്ടോ പൂജ..?

ഫോട്ടോയിൽ കണ്ടിട്ടുണ്ട്.

സർ ഇന്ന് ഇവിടെയുണ്ട്. എന്നെ കുറച്ച് മുൻപ് വിളിച്ചത് സാറാണ്. റൂമിലൊരാൾ കയർ പൊട്ടിക്കുന്നുവെന്ന് തൻ്റെ അല്ലു .. ഇന്നലെ മുതൽ തന്നെ ഒന്നു കാണാൻ കഴിയാതെ വിഷമിക്കുകയാണ്. മരുമകളെ കാണാൻ സാറും കാത്തിരിക്കുന്നു.

പൂജയുടെ മുഖം പെട്ടന്ന് വിളറി ..

സിസ്റ്റർ … ഷാൻ വിളിച്ചു.

പൂജയെ മാഡത്തിൻ്റെ പേഴ്സണൽ റൂമിലേക്ക് കൊണ്ട് പോകു. അപ്പോ .. നാളെ നാല് മണിക്ക് .. നമുക്ക് വീണ്ടും കാണാം.. കേട്ടോ?

ശരി സർ.. പൂജയെഴുന്നേറ്റു. സിസ്റ്റർ
വീൽ ചെയറുമായ് വന്നു.

പൂജയെ മമ്മയുടെ റൂമിൽ മാറ്റിയെന്ന് പറഞ്ഞ് അലനെയും കൂട്ടി ആൽബിൻ റൂമിലേക്ക് പോകുമ്പോൾ ഡോ. ഷാനിൻ്റെ റൂമിൻ്റെ വെളിയിൽ നിന്നു കറങ്ങുന്ന സൈറയെ കണ്ടു.

മുന്നിൽ പെട്ടന്ന് അവരെ കണ്ടപ്പോൾ
സൈറ ഒന്നു വിരണ്ടു..

എന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ സൈറയ്ക്ക്? ആൽബിൻ സൈറയോട് ചോദിച്ചു

ഇ ……ല്ല സർ…

പിന്നെന്തിനാ താനിവിടെ നിന്ന് കറങ്ങുന്നത് ..

അത് .. ഈ അലൻ സാർ പറഞ്ഞിട്ട്..

അലൻ സാറോ? ആണോടാ .. നീ പറഞ്ഞായിരുന്നോ?

അല്ലുവിന് മനസ്സിലായി ആൽബിച്ചൻ വഴക്ക് പറഞ്ഞാലോയെന്ന് ഭയന്നിട്ടാണ് സാറെന്ന് വിളിക്കുന്നതെന്ന് .

ങാ.. പറഞ്ഞു.. ഇവിടെ വന്ന് റൂമിൻ്റെ പുറത്ത് സെക്യുരിറ്റി നിക്കാനല്ല ഞാൻ വിട്ടത്.

ഉം… ശരി .. ആൽബിൻ ഡോ. ഷാനിൻ്റെ മുറിയിൽ കയറി. സൈറയെ നോക്കി ചിരിച്ച് കൊണ്ട് അല്ലുവും പിന്നാലെ കയറി..

പൂജയ്ക്ക് കുഴപ്പമില്ലെന്ന് ഡോ.. ഷാൻ പറഞ്ഞത് കേട്ട് അലന് ഒത്തിരി സന്തോഷമായി.

ഇനി ഞങ്ങൾ നോക്കിക്കോളാം. ഡോക്ടർ . ഡിസ്ചാർജ് ആകുമ്പോൾ ഇവിടുന്ന് നേരെ വീട്ടിൽ കൊണ്ട് പോകാം. അലൻ പറഞ്ഞു.

പൂജ .. പൂജയുടെ വീട്ടുകാരുടെ സ്നേഹത്തിന് കൊതിക്കുന്നു.
രണ്ട് മൂന്ന് ദിവസം കൗൺസിലിങ് കൊടുക്കാം.

എന്ത് കൊണ്ടാ..സയൻ ഗ്രൂപ്പിൻ് സ്വന്തമായി സ്ഥാപനങ്ങളുണ്ടായിട്ടും ..
പൂജയെ മറ്റൊരിടത്ത്‌ ജോലിക്ക് വിട്ടത്..

വീട്ടുകാർ നാട്ടിലെത്തിയിട്ടും പൂജയെ വിളിക്കാതിരുന്നതിൻ്റെ സങ്കടവും. അലനും .സൈറയും കുറച്ച് ദിവസമായ് വിളിക്കാത്തതും ജോലി നഷ്ടപ്പെട്ടതുമെല്ലാമാണ് പൂജയെ ഈ നിലയിലെത്തിച്ചത്…

ജോലി നഷ്ടപെട്ടിട്ടൊന്നുമില്ല, സയൻ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ മിഥുൻ അന്വേഷിച്ച് വരുമെന്നുറപ്പുള്ളത് കൊണ്ടായിരുന്നു ആൽബിച്ചൻ്റെ സുഹൃത്തിൻ്റെ ഓഫീസിൽ ജോലി ശരിയാക്കിയത്. അന്ന് ഒഴിവുണ്ടായിരുന്ന ലീവ് വേക്കൻസിയിൽ തത്കാലം ..പൂജയിരുനെന്നേയുള്ളൂ ആ കാലയളവിൽ തന്നെ എല്ലാം ശരിയാകുമെന്നും തുടർന്നു ജോലി മതിയാക്കി പഠിത്തം തുടരണമെന്നും ഞാൻ പറഞ്ഞിരുന്നു…സീറ്റിൽ ആള് വരാൻ പോകുന്നെന്ന് ആരോ.. പറഞ്ഞ്…. ഊഹിച്ചതാ.. കക്ഷി.

ഓഹോ…അബോധാവസ്ഥയിൽ പലപ്പോഴും.. പൂജ താലിയിൽ അമർത്തി പിടിച്ച് ഇല്ല … സമ്മതിക്കില്ലാന്ന് പാഞ്ഞുവെന്ന് ഡോക്ടർ ഫിനി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പ്രണയം പൂവണിയുക തന്നെ ചെയ്യും. നന്നായി മനസ്സ് വച്ചോ ..പൂജയെ എനിക്കിഷ്ടായി. നിങ്ങൾ ഒന്നിക്കാൻ .. ഞാനും ആഗ്രഹിക്കുന്നു. എൻ്റെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാകും. ആൾ ദ് ബസ്റ്റ്

താങ്ക് യൂ ..ഡോക്ടർ.
ഡോ..ഷാനിൻ്റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോഴും സൈറ പുറത്ത് നില്ക്കുകയായിരുന്നു ..

കഷ്ടം ..ന്ന് പറഞ്ഞ് ആൽബിൻ വേഗത്തിൽ നടന്നു..

അലൻ ചിരിക്കുന്നത് കണ്ട് സൈറ ചോദിച്ചു.

എന്തേ .. അല്ലൂ.. സർ പറഞ്ഞത് …

സെക്യൂരിറ്റി പണിയാ.. തനിക്ക് ചേരുന്നതെന്ന്

സർ അങ്ങനെ പറയില്ല.. അല്ലു പറഞ്ഞിട്ടുണ്ടാവും. സൈറ ചിരിച്ചു.

അതൊക്കെ പോട്ടെ! താനെന്താ ..പൂജയുടെ ഫോണെടുക്കാത്തത്. രണ്ട് ദിവസമായ് താനും വിളിച്ചില്ലാന്ന് പൂജ ഡോക്ടറോട് പറഞ്ഞു ..

അമ്മയും അച്ഛനും നാട്ടിൽ വന്ന അന്ന് തന്നെ മരിയ മംഗലത്തെ വീട്ടിൽ വന്നായിരുന്നു. തിരികെ പോകുമ്പോൾ എന്നെയും കൊണ്ട് പോയി.. രണ്ടാളെയും കണ്ടിട്ട് എനിക്ക് ഒത്തിരി സങ്കടായി .. എട്ട് മാസം കൊണ്ട് 8 വയസ്സ് കൂടിയത് പോലെ … അവരുടെ മുന്നിൽ വച്ച് പൂജയെ വിളിക്കണ്ടാന്ന് കരുതി. പൂജയെകുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു ഒത്തിരി കരഞ്ഞു..ഏട്ടൻമാർക്കും നല്ല വ്യത്യാസമുണ്ട്. അവളുടെ കാര്യങ്ങൾ കേൾക്കാൻ വന്നിരുന്നു. മിക്കവാറും പൂജയെ തിരികെ വിളിക്കാൻ ചാൻസുണ്ട്. ചമ്മലുകൊണ്ടാണെന്ന് തോന്നുന്നു മടിക്കുന്നത്.

തിരികെ വിളിച്ചിട്ടെന്തിനാ.. ആ ചെറ്റയ്ക്ക് പിടിച്ച് കൊടുക്കാനോ?

മിഥുനും ലാലുവേട്ടനും തെറ്റിയെന്ന് തോന്നുന്നു.. ഇനിയൊരു മാസം തികച്ചില്ലല്ലോ .. വിവാഹ തീയതിയും അടുത്തു വരുന്നു. തീയതിക്കുമുന്നെ പൂജയെ കൊണ്ട് വരുമെന്ന് വീരവാദം മുഴക്കിയിട്ടാണ് പോയതെന്നു പറഞ്ഞു. ഞാനായിട്ടൊന്നും ചോദിച്ചില്ല.

ഇത് പറയാൻ പൂജയെ തിരികെ വിളിച്ചപ്പോൾ ഫോൺ ഓഫ്.
രണ്ട് ദിവസം കൂടി കഴിഞ്ഞ് പോകാമെന്ന് അമ്മ നല്ലോണം നിർബ്ബന്ധിച്ചിട്ടാണ്.. എനിക്കൊരു മനസ്സമാധാനവുമില്ലാതെ ഓടി പോരുകയായിരുന്നു .അവിടെ ചെന്നപ്പോൾ ഹോസ്റ്റലിൽ അവളുടെ മുറി നിറയെ ആൾക്കാർ … എനിക്കറിയില്ലായിരുന്നു ഫിനി ഡോക്ടർ ഇവിടുത്തെ ഡോക്ടറാണെന്ന്. പൂജയുടെ തൊട്ടടുത്ത മുറിയിലാണ് ഫിനി മാഡം താമസിക്കുന്നത്. മാഡം ഹോസ്പിറ്റലിൽ വരാൻ ഇറങ്ങിയ സമയം ആയത് കൊണ്ട് മാഡത്തിൻ്റെ കാറിൽ ഇവിടെയെത്തിച്ചു..

നോക്ക് ഒരാഴ്ച കഴിയുന്നത് വരെ താൻ പൂജ ഹോസ്പിറ്റലിലാണെന്ന് വീട്ടുകാരോട് പറയരുത്.

അതെന്താ.. അല്ലൂന് അവളെ പിരിയാൻ വായ്യാത്ത വിധം .. സൗഹൃദത്തിനുമപ്പുറം മറ്റെന്തെങ്കിലും …

ഒരു ചുക്കുമില്ല. നല്ല സൗഹൃദങ്ങൾ ഒരിക്കലും പ്രണയത്തിന് വഴിമാറില്ല .. ( അലൻ ഒഴിഞ്ഞ് മാറുകയായിരുന്നു.)

ഇവിടെയിങ്ങിനെ നിക്കണ്ട. വാ.. പൂജയെ മമ്മയുടെ റൂമിൽ കൊണ്ട് പോയി..

എന്നിട്ടെന്താ.. ഞാൻ കാണാത്തത്..

അപ്പുറത്തെ വഴിയിലൂടെ.
വായ് നോക്കി നിന്നാൽ അതൊന്നും കാണില്ല..അലൻ ചിരിച്ചു.

എന്നെ കൂടുതൽ കളിയാക്കാതിരിക്കുന്നതാ.. നല്ലത്..

അതെന്താ..

അല്ലൂന്.. പൂജയോട് പ്രണയം തുടങ്ങിയെന്ന് എനിക്കറിയാം.
ഞാൻ പൂജയോട് പറയും..കേട്ടോ?

അതിന് മുൻപ് തന്നെ ഞാൻ കൊല്ലും..

അതെന്തിനാ.. ഞങ്ങളല്ലേ ..അല്ലുവിനെ കൊല്ലേണ്ടത് കണ്ടിഷൻ തെറ്റിച്ചത് .. അല്ലുവല്ലേ..

ആ സാധനത്തിനെ ആരെങ്കിലും പ്രണയിക്കോ?

ഈശോയെ ഞാനിടയിൽ കിടന്ന് ശ്വാസം മുട്ടുമെമെന്നേ ഉള്ളൂ. അല്ലേ…

അല്ലൂ…. അല്ലു .. അവളെ… പ്രണയിക്ക് കേട്ടോ അതാണെനിക്കിഷ്ടം. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ.സ്നേഹം.. കൊണ്ട് അവൾ അല്ലൂനെ പൊതിയും. ജാതിയും മതവുമൊന്നും നോക്കണ്ട. ഞാൻ കൂടെയുണ്ട് ആ പ്രണയവല്ലരി പൂത്തുലയുന്നത് വരെ വെള്ളമിട്ട് നനക്കാൻ ..

സന്തോഷവും അതിൽ നിന്നുണ്ടായ വീർപ്പുമുട്ടലും തോന്നിയ അലൻ ഇങ്ങനെ പറഞ്ഞു.

താനൊരാഗ്രഹം പറഞ്ഞിട്ട് സാധിച്ച് തരാതിരിക്കുന്നതെങ്ങനെയാ. ഞാൻ ശ്രമിക്കാം ..

അയ്യടാ…… ശ്രമിക്കാം .. ന്ന്.. കള്ളൻ..

പൊട്ടി ചിരച്ച് കൊണ്ടാണ് രണ്ട് പേരും സയനോരയുടെ റൂമിലെത്തിയത്..

വലിപ്പമുള്ള ആ മുറിയിൽ മനോഹരമായ് വിരിച്ചിട്ട രണ്ട് ബെഡ്. അതിൽ ഒന്നിൽ പൂജ കിടന്നുറങ്ങുന്നു. മറ്റൊന്നിൽ സയനോര മാഡം.. ലാപ് ടേപ്പിൽ എന്തോ.. കാര്യമായ് ചെയ്യുന്നു.

അലനെയും സൈറയേയും കണ്ടതും സയനോര ലാപ്ടോപ്പ് മടക്കി ബെഡിൽ വച്ചു.. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു..

ജോച്ചാ……

അവിടെ നിന്ന് നോക്കിയാൽ കാണാൻ പറ്റുന്ന..ഒരു ഓഫീസ് മുറി.

ദേ.. വരുന്നു സയൻ.. മറുപടി പറഞ്ഞ് അലൻ ഐസക്കും ആൽബിൻ ഐസക്കം വരുന്നത് കണ്ട് .. സൈറ തിരിഞ്ഞ് നിന്നു.. പിന്നെ പൂജയെ പതിയെ.. ശബ്ദം താഴ്ത്തി വിളിച്ചു..

പൂജ … പൂജാ ..

പൂജ. ഉറക്കം നടിച്ച് കിടക്കുകയായിരുന്നു .. എല്ലാർക്കും അത് മനസ്സിലാവുകയും ചെയ്തു.രണ്ട് പേരോടും പരിഭവമായിരുന്നു.. അവൾക്ക്.

ജോ.. ഇങ്ങോട്ടൊന്ന് നോക്കിയേ..
സയനോര പറഞ്ഞ് കൊണ്ട്. സൈറയെ തിരിച്ച് കാണിച്ചു ..

അലൻ ഐസക് അത്ഭൂതം കൊണ്ട്. വാ.. പൊളിച്ചു.

സയൻ.. വിശ്വസിക്കാനേ പറ്റുന്നില്ലടോ? ശരിക്കും. അത്ഭുതമായിരിക്കുന്നു. നിങ്ങളൊക്കെ പറഞ്ഞപ്പോഴൊന്നും.. ഞാനിത്രയ്ക്കും പ്രതീക്ഷിച്ചില്ല… കേട്ടോ? നമ്മുടെ അന്ന മോള് തൻ്റെ ഛായയാണെങ്കിലും ഇത്രയ്ക്ക് പറ്റിയില്ല.. തൻ്റെ കണ്ണുകൾ പോലും. ശരിക്കും കിട്ടിയിരിക്കുന്നു ..

സൈറ സന്തോഷത്തോടെ കേട്ടു നിന്നു.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് മമ്മയുടെ കാലൊടിഞ്ഞ്.. പ്ളാസ്റ്ററൊക്കെ..യിട്ട് കിടന്ന സമയം.. ലീവെടുത്ത് ഞാൻ ആശുപത്രിയിൽ ഓടിയെത്തുമ്പോൾ .. നിങ്ങടെ ഗ്രാ നി യുടെ കാലെടുത്ത് മടിയിൽ വച്ച് തടവിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി… വെളുത്ത് മെലിഞ്ഞ് പൂച്ച കണ്ണുകളുള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ ഓർമ്മ വരുന്നു ഇന്ന് സൈറയെ കണ്ടപ്പോൾ അന്ന് സയൻ ഇട്ടിരുന്ന യൂണിഫോം ഇത് പോലെ പിങ്ക് നിറമായിരുന്നു.
സയൻ, അന്നയെ പ്രസവിച്ചപ്പോൾ ഇരട്ട കുട്ടികൾ വല്ലതും ആയിരുന്നോ. നഴ്സിങ് ഹോമിലുള്ളവർ ഒന്നിനെ മാറ്റി കാണുമോ.. പണത്തിന് വേണ്ടി..
അല്ലാതെ .. മറുത്ത് ചിന്തിക്കാൻ തോന്നുന്നേയില്ല.

ആൽബി .. മോനെ നിനക്കെങ്ങനെ തോന്നുന്നു..

ഇതുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് മമ്മയെ ആൽബിച്ചൻ കണ്ടിട്ടില്ലല്ലോ?
പിന്നെങ്ങനാ.. മാത്രവുമല്ല എൻ്റെ പൊന്നിച്ചായൻ പെൺകുട്ടികളുടെ മുഖത്ത് നോക്കില്ലല്ലോ? നാളെ ഇനി പെണ്ണൂകാണാൻ പോകുമ്പോൾ ആ ഡോക്ടറുടെ മുഖത്തേക്ക് എങ്കിലും നോക്കിയാൽ മതിയായിരുന്നു ..

ഒന്നു പോടാ..? മമ്മാ.. പപ്പാ..ഞാൻ റൂമിൽ കാണും.. ആൽബിൻ്റെ മുഖം നാണം കൊണ്ട് ചുവന്നത് കണ്ട് എല്ലാരും ചിരിച്ചു..

ഒരു ദിവസം സ യനിൻ്റെ കൂടെ വിട്ടിലോട്ട് വരണം കേട്ടോ? എൻ്റെ മമ്മുക്കു് വലിയ അത്ഭുതമായിരിക്കും..സൈറയെ നോക്കി ഐസക് പറഞ്ഞു.
ചിരിച്ച് കൊണ്ട് തല കുലുക്കി സൈറ..

പൂജ .. കള്ള മയക്കം വിടാതെ നിന്നപ്പോൾ അലൻ സൈറയുടെ ചെവിയിൽ പറഞ്ഞിട്ട് ഒരു നമ്പരിട്ടു..

മമ്മയും പപ്പയും ഒന്നു മാറി നില്ക്കോ?
സിസ്റ്റർ …ഇഞ്ചക്ഷനെടുത്തോളൂ… പൂജ മയക്കത്തിലാ.. ഞാനവളുടെ ഹസ്ബൻഡാ.. മാറണ്ടല്ലോ അല്ലേ…

ബൾബ് കത്തുമ്പോലെ പൂജയുടെ കണ്ണുകൾ രണ്ടും .. വിടർന്നു കത്തി ..

അത് കണ്ട് എല്ലാരും പൊട്ടിച്ചിരിച്ചതും ..പൂജ .. ചമ്മിനാറിയ ഒരു ചിരിയോടെ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി…

(തുടരും)

4.3/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!