ഞാനും എന്റെ കുഞ്ഞാറ്റയും – 10

  • by

5073 Views

njanum ente kunjattayum aksharathalukal novel by benzy

ഞാവൽ പുഴ ഗ്രാമവും തന്റെ പ്രിയപ്പെട്ടവരും ചുറ്റുവട്ടത്തുള്ള കുറച്ച് ആളുകളും കഴിഞ്ഞാൽ കഥയും കഥാപാത്രങ്ങളുമായ് ജീവിക്കുന്ന കൃഷ്ണക്ക് ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ ഗൗരവം അറിയില്ലായിരുന്നു.

ന്റെ കണ്ണാ.. സത്യായിട്ടും ഞാനറിയാതെയാ നിന്നെ നിലത്തിട്ടത്.. ഞാനെന്റെ നിരപരാധിത്വം തെളിയിക്കാൻ എന്റെ കയ്യ് വെള്ളയിൽ കർപ്പൂരം കത്തിക്കാൻ തുടങ്ങുകയാണ്. അണയുന്നത് വരെ ഞാൻ പിൻതിരിയില്ല.

നീല പൊൻമാനിലെ മോഹിനി വർമ്മ അവളുടെ പ്രണയം തെളിയിക്കാൻ കയ്യിൽ കർപ്പൂരം കത്തിച്ച് വച്ചപ്പോൾ അത് അണയുന്നതിന് മുൻപേ ഒരു കാറ്റായ് വന്ന് തീനാളം അണച്ചത് പോലെ… ഓടി വന്നേക്കണെ ‘ന്റെ കണ്ണാ.. ചതിക്കരുത് കേട്ടോ? കയ്യൊക്കെ പൊള്ളിക്കണത് ആദ്യമായിട്ടാ. പിണക്കമില്ലെങ്കിൽ ശരിക്കും കാത്തോളണം. മെഴുകുതിരി ഉരുക്കിയൊഴിച്ച് ആമിനുമ്മ മൈലാഞ്ചിയിടുന്നത് കണ്ട് ഒരിക്കൽ ചെയ്ത് നോക്കിയിട്ടുള്ള ഒരനുഭവം ഉണ്ട് … ചെറിയ ഒരു ചൂട്… അത് പോലെയൊക്കെയാവും ല്ലേ ?
അല്പം കൂടുതലായാലും പ്രശ്നമില്ല.. നിരപരാധിത്വം തെളിയിക്കാനല്ലേ..? ഞാനത് ചെയ്യും.. ആരും എന്നെ വെറുക്കരുത്. പ്രത്യേകിച്ചും എന്റെ കിച്ചാ.

അവൾ കർപ്പൂരം കത്തിച്ചു..

കൃഷ്ണാ.. കത്തോളണേ…. കർപൂരം. കത്തിതുടങ്ങി.

ദേ… കയ്യിൽ ചൂട് തട്ടണുണ്ട് കേട്ടോ?
കാറ്റ് വരാനും വഴിയില്ലല്ലോ എന്റെ കണ്ണാ…

കർപൂരം മുഴുവനും കത്തി പിടിച്ചു..
പെട്ടന്ന് ഹാ……ഹൂ… അവ്വ്…. ന്നൊരു വിളിയോടെ കൃഷ്ണ കൈയ്യിലിരുന്ന കർപ്പൂരം.. ദ്ദൂരേക്കൊരേറ് വച്ചു. എന്നിട്ട് പൊള്ളിയ കയ്യ് കുടഞ്ഞ് രണ്ട് കാൽമുട്ടുകൾക്കിടയൽ വച്ച് .. പല്ല് കടിച്ച് പിടിച്ചവൾ വേദന സഹിച്ചു. കണ്ണീരൊഴുക്കിയവൾ അഞ്ച് മണി വരെ ഇരുന്നു.

ഹരിയേട്ടാ.. ചെന്ന് വിളിക്ക്.. അവൾ കരഞ്ഞ് തളർന്നിട്ടുണ്ടാവും.. മാളൂട്ടി പറഞ്ഞു.

വേണ്ട. കുറച്ച് നേരം പ്രാർത്ഥിക്കട്ടെ! നിരാഹരത്തിനും കണ്ണീരിനും മുന്നിൽ കൃഷ്ണ ഭഗവാൻ പൊറുത്ത് കൊടുക്കുക തന്നെ ചെയ്യും. സി.എമ്മേ അവളെ നീ കൊണ്ട് പോകാൻ പറ്റുന്ന എല്ലാ കൃഷ്ണ ക്ഷേത്രത്തിലും കൊണ്ട് പോയി തൊഴീക്കണം. പാപപരിഹാര പൂജയും വഴിപാടും കഴിപ്പിക്കണം.. ഗോമതിയമ്മ പറഞ്ഞു..

ചെയ്യാം.. അമ്മേ…

മോളെ .. കൃഷ്ണാ.. കതക് തുറക്ക്. മാളുവേച്ചിയാ.

ഞാൻ പറഞ്ഞാൽ നീ
കേൾക്കില്ലേ.. മാളുവേച്ചീം കൂടെ അകത്തേക് വരട്ടെ! നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. തുറക്ക് മോളെ…

ന്റെ കൃഷ്ണാ.. മനുഷ്യർക്ക് ദൈവങ്ങളേക്കാൾ കരുണയുണ്ട്. കണ്ടില്ലേ.. മാളു വേച്ചിയാ വന്ന് വിളിക്കണത്. ന്റെ കിച്ചാ ഇത് കണ്ടാൽ സഹിക്കില്ല. അത്രയ്ക്കിഷ്ടായെന്നെ. അതെനിക്കറിയാം. എന്നാലും കിച്ചായെന്നെ കല്യാണം കഴിക്കോ.. ഇല്ലയോ.. അതു മാത്രം ഒന്നു അറിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു. നേരിട്ട് ചോദിക്കാമെന്ന് വച്ചാൽ മറുത്ത് എങ്ങാനും പറഞ്ഞാൽ പിന്നെ മരണം വരെ .. ആ മുഖത്ത് നോക്കാൻ പറ്റില്ല.. സ്വപനത്തിൽ എങ്കിലും ഒന്ന് കാണിച്ച് തരാമോ? കയ്യൊക്കെ.. പൊള്ളി ഒരു പരുവമായി. അല്പം ദയ എന്നോട് കാണിക്കരുതോ? അവൾ പതിയെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

ന്റെ മോളെ കതക് തുറക്ക് ..
എത്ര സന്തോഷത്തോടെയാ നയനേച്ചി വന്നത്. തുറന്നേ ഇല്ലെങ്കിൽ നയനേച്ചി തിരികെ.. പോകുo കേട്ടോ?

സന്തോഷം … കൃഷ്ണ പുലമ്പി.. നയനേച്ചി വന്നത് കൊണ്ടാ.. കിച്ചാക്കിത്ര ഹുങ്ക്. ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് വന്നാമതിയാരുന്നു.. ഇതിന്റെ കൂടെ ഇന്നിവിടെ കഴിച്ച് കൂട്ടാൻ എന്നെ കൊണ്ട് പറ്റില്ല.. വീട്ടിൽ പോണതാ.. നല്ലത്. നയനേച്ചി കിച്ചായെ തൊട്ടും പിടിച്ചും ഒക്കെ.. സംസാരിക്കുന്നത് കാണാനെനിക്ക് വയ്യന്റെ കൃഷ്ണാ…

മാള്യേച്ചി… അച്ഛനോട് ഇവിടം വരെ ഒന്നു വരാൻ പറയ്യോ?

അച്ഛനിവിടുണ്ട് മോളെ .. സി.എം. പറഞ്ഞു.

അച്ഛാ… നമുക്ക് വീട്ടിൽ പോകാമോ… അച്ഛാ.

ങ്ങാ..പോകാം.. മോള് കതക് തുറക്ക്.

പറ്റിക്കില്ലല്ലോ.. ഇല്ലേ.

ഇല്ല.. അച്ഛൻ അങ്ങനെ ചെയ്യോ?..

ഇടത് കൈ കൊണ്ട് കതക് കുറ്റിയിളക്കി.. വലത് കയ്യ് പാവാടയിൽ ചുറ്റിപിടിച്ച് കൃഷ്ണ പുറത്തിറങ്ങി..
കരഞ്ഞ് ചുവന്നിരുന്ന മുഖം കണ്ടപ്പോൾ സി.എമ്മിന് നല്ല വിഷമം തോന്നി.
.
കൃഷ്ണയെ ചേർത്ത് പിടിച്ച് സി.എം. ചോദിച്ചു.

എന്തെങ്കിലും കഴിച്ചിട് പോകാമോ?

വേണ്ടച്ചാ.. എനിക്ക് വിശപ്പില്ല.

ദേവേ..വാ നമുക്ക് പോകാം. സി.എം. വിളിച്ചു.
പോകാൻ വരട്ടെ! ഗോമതിയമ്മ പറഞ്ഞു.. മോളിങ് വാ..
കൃഷ്ണ അച്ഛമ്മയുടെ അരികിലെത്തി. ഗോവിന്ദാ.. വണ്ടിയെ ടുക്ക്. നമുക്കിപ്പോ.. തന്നെ ക്ഷേത്രത്തിൽ പോയി വരാം.

പോട്ടെ..ന്റെ മോളെ .. നീയിങ്ങനെ കരയാതെ. ഗോവിന്ദൻ പറഞ്ഞു. അച്ഛാ.. ഞാനും.. വരട്ടെ! മാളു ചോദിച്ചു..

ങാ..പെട്ടന്ന് റെഡിയാക് ..

ഞാനും ഉണ്ട്… നയന പറഞ്ഞു..

കൃഷ്ണയുടെ കയ്യിലെ പൊള്ളലിന്റെ തീവ്രത അവളുടെ ശരീരത്തെ മുഴുവൻ വേദനിപ്പിച്ചു. ഉള്ളാകെ ഒരു വിറയൽ പോലെ..

അച്ഛാ.. എനിക്കൊന്ന് കിടന്നാൽ മതിയച്‌ഛാ. നമുക്ക് വീട്ടിൽ പോകാം.. കൃഷ്ണ പറഞ്ഞു..

എല്ലാരും എന്നെ വിശ്വസിക്കണം. ഞാൻ ….എന്റെ കയ്യിലിരുന്നത് കൃഷ്ണ വിഗ്രഹമാണെന്നറിഞ്ഞിരുന്നില്ല. അവൾ തേങ്ങി കരഞ്ഞു.

സാരല്യ.. മോളെ… നീയിങ്ങനെ കരഞ്ഞ് അസുഖം വരുത്താതെ.. ഗോമതിയമ്മ പറഞ്ഞു.. വാ.. അച്ഛമ്മയുടെ മടിയിൽ കിടക്ക് ..

അച്ഛാ.. പോകാം.. അച്ഛാ.. അവൾ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു..

അമ്മേ.. ഞങ്ങൾ പോയിട്ട് നാളെ വരാം അമ്മേ.. ദേവപ്രഭ പറഞ്ഞു..

ഹരീ.. മോനെ.. നീ.. പറഞ്ഞാൽ അവൾ കേൾക്കും. നീ.. മിണ്ടാത്തതിലാ.. അവൾക്കിത്രയും സങ്കടം. ഗോവിന്ദ മേനോൻ പറഞ്ഞു..

ഹരിയവളുടെ അരികിലേക്ക് വന്നു..

കിച്ചാ.. കൊണ്ട് പോട്ടെ.. ക്ഷേത്രത്തിൽ

അച്ഛാ.. നമുക്ക് പോകാം.. അച്ഛാ.. കൃഷ്ണ കരഞ്ഞ് കൊണ്ടിരുന്നു.

എന്നാ..പിന്നെ ഞങ്ങൾ പോട്ടെ!

മാളുവും നയനയും ഒരുങ്ങി വന്നപോഴേക്കും.. അവർ ഇറങ്ങി കഴിഞ്ഞു.

രാത്രിയിൽ ദേവ പ്രഭ പറഞ്ഞു.
ഇന്ന് അമ്മ കൂടെ കിടക്കട്ടെ!

വേണ്ടമ്മേ ഞാൻ തനിച്ച് കിടന്നോളാം.. മുറ്റത്ത് ഹരിയുടെ ശബ്ദം കേട്ടതും.. ദേവ പ്രഭ പറഞ്ഞു.
ഹരി വന്നൂന്ന് തോന്നണു. ഞാൻ നോക്കട്ടെ!

ഹരിയേട്ടൻ ഈ മുറിയിൽ ഇന്നുവരെ ഞാൻ മാത്രമുള്ളപോൾ കയറിയിട്ടില്ല.

കുറച്ച് കഴിഞ്ഞപ്പോൾ പ്രിയ കുട്ടീ…കിച്ചാ.. അകത്തേക് വരട്ടെ!

കൃഷ്ണ ഒന്നും മിണ്ടിയില്ല. ഉറക്കം നടിച്ച് കിടന്നു..

ഹരി അകത്തേക്ക് കയറി വന്നു.
കൃഷ്ണ കൈ പുതപ്പിനുള്ളിൽ വച്ച് എഴുന്നേറ്റ് ഇരുന്നു..

കിച്ചായോട് പിണക്കാണോ?

കൃഷ്ണനോക്കിയതേയില്ല.

ദേ..കിച്ചാക്ക് ഇന്ന് കിടന്നാൽ ഉറക്കം വരില്ല. കിച്ചായെ ഒന്ന് നോക്കേന്റെ മോളെ…

എന്നെ.. തനിച്ച് വീട് .. എനിക്കാരെയും കാണണ്ട.. പ്രത്യേകിച്ച് കിച്ചായെ. എന്നെ കിച്ച മുറിയിൽ നിന്നറക്കി വിട്ടില്ലേ.

അത്..പിന്നെ നീ.. വേണ്ടാത്തത് കാണിച്ചിട്ടല്ലേ

ദേവ പ്രഭ ഒരു കപ്പ് ചായ കൊണ്ട് കൊടുത്തു.
മോനെ നീ തന്നെ പറയ്.. പറ്റിയാൽ ദേ.. ഒരു പഴമെങ്കിലും കഴിപ്പിക്ക്.

പൂജാമുറിയിലെ കദളിപ്പഴം മുഴുവൻ കഴിച്ചിട്ടുണ്ടാവും.. ഹരിയത് പറഞ്ഞതും.. കൃഷ്ണയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അടർന്നു വീണു. എന്നിട്ടും
അവൾ ഹരിയെ നോക്കിയില്ല..

എല്ലാരും ഒന്നു പോയി തരോ? എനിക്കൊന്നുറങ്ങണം..

അങ്ങനെ പോണില്ല. പോയാൽ പിന്നെ തിരിച്ച് ഈ വഴി വരില്ല ഞാൻ.

അങ്ങനൊക്കെ പറഞ്ഞാൽ രാവിലെ വരെ വേദനിക്കുമായിരുന്നു.. എനിക്കാരോടും ഒരു പ്രത്യേകതയുമില്ല. ഇപ്പോഴും എന്നെ കളിയാക്കിയില്ലേ..കിച്ചാക്കിനി മൂന്ന് പെങ്ങളെയുള്ളൂ… നന്ദേച്ചി.. നയനേച്ചി… മാളുവേച്ചി… (നയനേച്ചിയെ പെങ്ങളായി കണ്ടാൽ മതിയെന്ന് ഓർമ്മപെടുത്തുകയായിരുന്നു കൃഷ്ണ)

അല്ലെങ്കിലും.. നിന്നെ പെങ്ങളായി ഈ കിച്ചാ.. കണ്ടിട്ടില്ലാല്ലോ?

ന്റെ കൃഷ്ണാ.. കർപ്പൂരത്തിന് ഇത്ര ശക്തിയോ? … അടിവയറിൽ നിന്നൊരു … എരിച്ചിൽ… നെഞ്ചിൽ വന്നു തറഞ്ഞു.

പിന്നെയാരായിട്ടാ.. കണ്ടത്?

അത്..അത്..പിന്നെ…

അത്. പിന്നെ… കൃഷ്ണയെടുത്ത് ചോദിച്ചു.

എന്റെ…

എൻറെ ?

എന്റെ വല്യ മുത്തശ്ശി.. ഹരി മുഴക്കമുള്ള ഒരു ചിരി ചിരിച്ചു..

കള്ള കിച്ചാ.. ഈ കൃഷ്ണപ്രിയ പെണ്ണാണെങ്കിൽ ആരും കാണാതൊളിപ്പിച്ച് വച്ചിരിക്കുന്ന എന്നോട്ടുള്ള പ്രണയം ഞാൻ വലിച്ച് പുറത്തിട്ടിരിക്കും.. നോക്കിക്കോ? ഞാൻ സി.എമ്മിന്റെ മോളാ..

മുത്തശ്ശിയമ്മയെന്താ ആലോചിക്കുന്നത്. ദാ.. ഈ പഴം കഴിക്ക്. കിച്ചായും കഴിക്കാം.

ഞാൻ നാളെ അമ്പലത്തിൽ പോകും വരെ വ്രതമാണ്.

ശരി. എന്നാൽ വാ..നമുക്ക് നയനേച്ചിയും മാളുവുമായിട്ടൊക്കെ.. അന്താക്ഷരിയൊക്കെ കളിച്ചിരിക്കാം.. അല്ലെങ്കിൽ അവരെ ഇവിടെ വിളിക്കാം..

ഞാൻ അങ്ങോട്ടുമില്ല. ഇങ്ങോട്ടേക്ക് ആരും വരണ്ട. കിച്ച ചെന്ന് കളിച്ചോ.. എനിക്കുറങ്ങണം..

ശരി.. ഞാൻ പോണു. ദേ.. ഇന്ന് ഒരു രാത്രി മുഴുവൻ പിണങ്ങി കിടന്നോ? നേരം പുലരുമ്പോൾ ഞാനിങ്ങെത്തും. കുളിച്ച് ആ മഞ്ഞ പട്ടുപാവാടയും.. മഞ്ഞ ഉടുപ്പുമൊക്കെയിട്ട് നല്ല ചുന്ദരി കുട്ടിയായ് ഇരിക്ക്.. കുറെ ക്ഷേത്രങ്ങളിൽ പോണം നമുക്ക്.

ബൈക്കിൽ കൊണ്ട് പോട്ടെ! കിച്ചാ.

വേണ്ട.. ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ പൊയ്ക്കോളാം.

ന്റെ പ്രിയ കുട്ടി…കിച്ചാക്കിന്ന് കിടന്നാലുറക്കം വരില്ല. കിച്ചായോട് ക്ഷമിക്ക്.. ഇനിയൊരിക്കലും നിന്നെ വിഷമിപ്പിക്കില്ല..
ഒന്ന് ചിരിക്ക്.. മോളെ..

കിച്ചാ.. പൊയ്ക്കോ.. എനിക്ക് ഒന്നുറങ്ങണം. നാളെ ചിരിക്കാം..

ശരി.. കിടന്നുറങ്ങിക്കോ….

ഹരി വീട്ടിൽ എത്തിയതും..

നയന വാതിൽക്കൽ കാത്ത് നില്പുണ്ടായിരുന്നു..

നീ.. യുറങ്ങിയില്ലേ..

ഇല്ല ഹരിയേട്ടാ.. ഞാൻ ഹരിയേട്ടനെ
കാത്തിരിക്കയായിരുന്നു.

ഉം..എന്ത് പറ്റി.

അച്ഛൻ വിളിച്ചിരുന്നു.

ഇങ്ങോട്ട് പോരുന്നുണ്ടോ?

ഇല്ല.. ഓണത്തിന് മുന്നെ വീടെത്തണമെന്ന് ..

നിനക്ക് പറഞ്ഞൂടെ.. ഈ ഓണം ഗോകുലത്തിൽ കൂടാമെന്ന് ..

നാളെ അച്ചമ്മയെ കൊണ്ട് പറയിക്കണം.

ഉം … നേരം വെളുക്കട്ടെ!

കൃഷ്ണയെന്തെങ്കിലും കഴിച്ചോ?…

ഏയ്.. ഒന്നും കഴിച്ചില്ല.

നയനയെന്തെങ്കിലും കഴിച്ചോ?

ഇല്ല.. ഹരിയേട്ടൻ വന്നിട്ട് കഴിക്കാമെന്ന് വിചാരിച്ചു. ഞാനും മാളുവും കാത്തിരിക്കയായിരുന്നു..

നിങ്ങള് കഴിച്ച് കിടന്നോ ? എനിക്ക് വിശപ്പില്ല.. എന്ന് പറഞ്ഞ് ഹരി പെട്ടന്ന് പടികൾ ഓടി കയറി തന്റെ മുറിയിലെത്തി വാതിലടച്ചു കിടക്കയിലേക്ക് മറിഞ്ഞു..

ഭഗവാനേ… ന്റെ കുഞ്ഞാറ്റയെ കാത്തോളണേ..

ഉറക്കത്തിൽ അമ്പാടി കണ്ണനെ ഹരി സ്വപ്നം കണ്ടു..

(തുടരും)

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply