ഹരികൃഷ്ണൻ സ്വപ്നത്തിലേക്ക് മെല്ലെ വഴുതിവീണു..
കൃഷ്ണയുടെ കിടക്കയ്ക്കരികിൽ ഇരുന്ന് മധുരമായ് ഓടക്കുഴൽ വായിക്കുകയാണ് അമ്പാടി കണ്ണൻ.
കൃഷ്ണയെ ഓടകുഴൽ വായിച്ച് ഉണർത്താൻ ശ്രമിക്കുകയാണ്.
പക്ഷേ… കൃഷ്ണപ്രിയ ഉണരുന്നില്ല. മഞ്ഞ ചേലയുടെ തുമ്പുകൊണ്ട് കൃഷ്ണപ്രിയയുടെ മുഖത്ത് ചെറുതായി ഉരസുന്നു പിന്നെ.
എന്നിട്ടും ഉണരുന്നില്ല. ന്റെ കണ്ണാ.. മാപ്പ്… അവൾ അബോധാവസ്ഥയിലും ഉരുവിടുന്നുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെ മയിൽ പീലികൊണ്ട് അവളുടെ കൈവെള്ളയിൽ മെല്ലെ മെല്ലെ തലോടുന്നു. പിന്നെ കണ്ണന്റെ ചുണ്ടുകൾ അവിടെ മൃദുവായ് അമർന്നു.
കണ്ണുകൾ മെല്ലെ തുറന്ന കൃഷണപ്രിയ ചാടിയെഴുന്നേറ്റു. അത്ഭുതപരവശയായ
അവൾ കണ്ണനെ ഇറുകെ പുണർന്നു.
ഏറെ നിമിഷങ്ങൾക്കു ശേഷം അവൾ കണ്ണന്റെ പിടിവെട്ടു. പിന്നെ നാണം കൊണ്ട് വിവശയായ അവൾ കണ്ണനെ തള്ളി മാറ്റിയോടുന്നു. താഴക്ക് ഊർന്നു വീണ അവളുടെ ഒറ്റ കൊലുസ് കണ്ണൻ കയ്യിലെടുത്തു.. കണ്ണന്റെ മുന്നിൽ നിന്നും ഏറെ അകലേക്കവൾ ഓടി മറഞ്ഞു.. ഒറ്റ കൊലുസിന്റ കിലുക്കത്തിന് പിന്നാലെ പാഞ്ഞ കൃഷ്ണനവളുടെയരികിലെത്തുന്നു.
തന്റെ കഴുത്തിലെ തുളസിമാലയൂരി അവളുടെ കഴത്തിലണിഞ്ഞു. എന്നിട്ട് ഇടത് കരം കൊണ്ട് അവളെ തന്നിലേക്കടുപിച്ച് മാറിൽ ചേർത്തു നിർത്തി കൊണ്ട് തന്റെ പ്രണയം മുഴുവനും ഈണമായ് ഓടകുഴലിലൂടെ ഒഴുക്കി വിട്ടു.. കുഴൽ വിളി കേട്ട് ….. മഞ്ഞണിഞ്ഞ ആ രാവിൽ കാനന മൈനകൾ ഉണർന്നു പാടി. പീലിവിടർത്തി വർണ്ണമയിലുകൾ നൃത്തം വച്ചു. വെളുത്ത പുഷങ്ങൾ സന്തോഷമറിയിച്ച് വിരിഞ്ഞു നിന്നു. പുഷ്പഗന്ധിയാം മാരുതൻ തഴുകി തലോടി. പ്രണയ പുളകിതയായ കാമിനിയെ പോൽ ഞാവൽ പുഴ ഇളകിയൊഴുകി. വേളിമലയിലെ വെള്ളാരം കുരുവികൾ ഒന്നിച്ച് ചിറകടിച്ച് ആഘോഷം പങ്കിട്ടു..
മധുരഗീതമൊഴുക്കി കുയിലുകൾ ആ പ്രണയത്തെ പാടി പുകഴ്ത്തി. സ്വയം മറന്നവർ പുൽകി നിന്നു.
കാതരമായ കൃഷ്ണന്റെ ശബ്ദം .. അവളുടെ കാതുകളിൽ പതിഞ്ഞു..
ന്റെ കുഞ്ഞാറ്റേ… നീലിമ വിതറിയ വാനിലെ അമ്പിളി പുഞ്ചിരിച്ചപ്പോൾ
പുഞ്ചിരി തൂകി കൃഷ്ണയും വിളിച്ചു.
ന്റെ .. കിച്ചാ…
ഹരി ഞെട്ടിയുണർന്നു..
സ്വപ്നത്തിൽ നിന്നുണർണതുപോലെ തോന്നിയില്ല.. ഒരു യാഥാർത്ഥ്യം പോലെ… അവൻ കയ്യെത്തി ലൈറ്റിട്ടു. സമയം.. 4.15. അവനെ ഴുന്നേറ്റ് കണ്ണാടിയിൽ നോക്കി. കൃഷ്ണൻ കുഞ്ഞാറ്റേയെന്ന് വിളിച്ചപ്പോഴും കുഞ്ഞാറ്റ കിച്ചായെന്നു വിളിക്കുന്നതിന് തൊട്ടു മുന്നെ വരെയും അത് അമ്പാടി കണ്ണനായിരുന്നു. പിന്നെ നോക്കുമ്പോൾ ശരിക്കും ഞാൻ. കണ്ണാടിയിലെ പ്രതിബിംബത്തിന് ഒരു നിമിഷം കൃഷ്ണന്റെ രൂപം തോന്നിയതും ഹരി കണ്ണുകൾ തിരുമ്മി തുറന്നു. ഒന്നൂടെ നോക്കി..
ഇല്ല ഹരികൃഷ്ണൻ എന്ന ഞാൻ തന്നെയാണ്. എന്റെ അമ്പാടി കണ്ണാ.. എന്നെയിങ്ങനെ കുഴപ്പിക്കല്ല. അവളിപ്പഴും ഈ കരവലയത്തിൽ ഉള്ളത് പോലെയാ എനിക്ക് തോന്നുന്നത്. ഈ പ്രണയം ഇനിയെത്രനാളെനിക്കടക്കി വയ്ക്കാൻ കഴിയും. കല്യാണ പ്രായം ആയില്ലെങ്കിലും എല്ലാരും തിരക്കിട്ട് കല്യാണമാലോചിക്കുകയാണ്. പക്ഷേ! ഒരാളുപോലും കുഞ്ഞാറ്റയുടെ പേര് പറയുന്നില്ല. മാളു പോലും ഒരു വാക്ക് പറയുന്നില്ല. ഏത് സമയത്താണോയെന്റെ കണ്ണാ ….. മുറപെൺകുട്ടികളെ യാരേം കല്യാണം കഴിക്കില്ലെന്ന് പറയാൻ തോന്നിയത്. എന്തായാലും ആ നിമിഷങ്ങളെ ഞാൻ ശപിച്ച് പോകുകയാണ് കുഞ്ഞാറ്റയുടെ അരികിലെത്തുമ്പോൾ. ഒരു കാര്യം ഉറപ്പാ.. ഞാനായിട്ട് ഈ കാര്യം ആരോടും പറയില്ല. പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കുമെന്ന വെല്ലുവിളിയും ഉണ്ടെന്ന് അറിയാല്ലോ? ഈ കുഞ്ഞാറ്റയ്ക്കെന്താ ഒന്ന് തുറന്ന് പറഞ്ഞാല്. അതോ.. അവളെന്നെ ഒരേട്ടന്റെ സ്ഥാനത്താണോ കാണുന്നത്.. അറിയില്ല കണ്ണാ. അറിയില്ല. എനിക്കവളെ പിടി കിട്ടുന്നേയില്ല. ചില സമയം കടിച്ച് തിന്നാൻ തോന്നുന്ന സ്നേഹമാ പെണ്ണിന്.. മറ്റ് ചിലപ്പോൾ, ഒരു കൊച്ചു കുട്ടിയെ പോലെ, വേറെ ചിലപ്പോൾ അച്ഛമ്മേടെ മുത്തശ്ശിയാണെന്ന് തോന്നും. എന്തായാലും എന്റെ കുഞ്ഞാറ്റയല്ലാതെ ഒരു പെണ്ണിനും ഈ ഹൃദയത്തിൽ ഇടമില്ല കേട്ടോ? എനിക്ക് തന്നെ തന്നേക്കണേ.. ഈ ഹൃദയ മണിയറയിൽ ഞാനും എന്റെ കുഞ്ഞാറ്റയും മാത്രം.
അവൻ കയ്യെത്തി കൃഷ്ണ സമ്മാനിച്ച കൃഷ്ണ വിഗ്രഹം കയ്യിലെടുത്തു. ഇത് തരുമ്പോൾ കൃഷ്ണ പറഞ്ഞതവൻ ഓർത്തു.
ന്റെ കിച്ച ഇത് പോലെ എപ്പോഴും ചിരിച്ച് കൊണ്ടിരിക്കണം. അത് കൊണ്ട് എന്നും ഇത് കണി കണ്ടുണരുന്നിടത്ത് വയ്ക്കണം. പിന്നെ ഇത് തന്ന എന്നെയെന്നും ഓർക്കേം വേണം കേട്ടോ?
ഏയ്…കണ്ണാ.. സ്വപ്നം കാണിച്ചതേ കാണിച്ചു. ഉണർത്തിയതെന്തിനായിരുന്നു. പുലരും വരെ അവളീ.. കരവലയിത്തിൽ ഇരിക്കുമായിരുന്നല്ലോ? ഈ സ്വപ്നം എന്നെ കാണിച്ചതിന് പകരം കുഞ്ഞാറ്റയെ കാണിക്കരുതായിരുന്നോ? എങ്കിൽ കാണുന്ന മാത്രയിൽ അവളെന്നെ പുണരുമായിരുന്നു. എന്തായാലും ശരി എന്റെ കുഞ്ഞാറ്റയെ എന്നും കാത്തോളണേ. പിന്നെ മാളുവിന് ഒരു നല്ല ചെക്കനെയും തരണം.. നയനയുടെ മനസ്സിൽ എന്നെ കുറിച്ച് അരുതാത്ത ഒരു മോഹവും തോന്നാൻ പാടില്ല. അങ്ങനൊരു ചിന്തയുമായാണ് ഈ വരവെങ്കിൽ മനസ്സിൽ നിന്ന് അതെല്ലാം തൂത്ത് കളയണം കേട്ടോ? എനിക്കെന്റെ കുഞ്ഞാറ്റയെ മതി. നയനയുടെ കല്യാണം വരെ ഞാനീ.. മോഹം മനസ്സിൽ കുഴിച്ച് മൂടുകയാണ് കേട്ടോ?അവളൊരാഗ്രഹം പറഞ്ഞിട്ട് അനുസരിക്കാതെ ഞാൻ കുഞ്ഞാറ്റയെ വിവാഹം ചെയ്താൽ ജീവിതകാലം മുഴുവൻ അവൾ അത് പറഞ്ഞ് വേദനിപ്പിക്കും. കുഞ്ഞാറ്റയെ കൊണ്ട് എന്നോടുളള ഇഷ്ടം പറയിക്കണം കേട്ടോ?
വെണ്ണയോ പാലോ എന്ത് വേണേലും തരാം. അവളെയൊന്ന് കാണാൻ കൊതിയാവുണുണ്ട് കേട്ടോ?
ഹരികൃഷ്ണൻ കുളിച്ച് കസവുമുണ്ടും ഷർട്ടും ധരിച്ച് അച്ഛമ്മയുടെ മുറിയിലെത്തി…
അച്ഛമ്മേ.. അച്ഛമ്മേ.
എന്താ ഹരി..
അച്ഛമ്മ റെഡിയായോ..?
ഗോവിന്ദനെം കുട്ടികളെം വിളിക്ക്.. അപ്പോഴേക്കും ഞാനും റെഡി..
ഗോമതിയമ്മ അകത്തുന്ന് വിളിച്ച് പറഞ്ഞു..
അതല്ല അച്ഛമ്മേ… എനിക്കൊരു. കാര്യം പറയാനുണ്ട്. കതക് തുറക്കച്ഛമ്മേ..
ഗോമതിയമ്മ കതകു തുറന്നതും അവൻ അച്ഛമ്മയെ ബലം പിടിച്ച്.. കട്ടിലിലിരുത്തി.. എന്നിട്ട് സ്വപ്നത്തിൽ കൃഷ്ണൻ കുഞ്ഞാറ്റയുടെ കയ്യിലുമ്മ വെച്ചതും.. മയിൽ പിലി കൊണ്ട് കൈ വെള്ളയിൽ തലോടിയതും. അവളുടെ ഒറ്റ കൊലുസ് ഊർന്നു പോയതുമെല്ലാം പറഞ്ഞു. മുഖം ഹരിയുടെതായി മാറിയതും ആലിംഗനവും അവൻ വിഴുങ്ങി കളഞ്ഞു.
ന്റെ കൃഷ്ണാ… നീയെന്റെ കുട്ടിയുടെ പാപം പൊറുത്തു കൊടുത്തല്ലോ? ഗോമതിയമ്മ രണ്ട് കൈയ്യും കൂപ്പി.
സ്വപ്നത്തിലായാലും കാണാൻ ഭാഗ്യംണ്ടായല്ലോ ന്റെ ഹരികുട്ടാ? അഷ്ടമിരോഹിണിയിലല്ലേ നിന്റെ ജനനവും. പേരിലും ഒരു കൃഷ്ണൻ. നിന്റെ കുഞ്ഞാറ്റയ്ക്ക് ഞങ്ങൾ വിഷ്ണുപ്രിയയെന്നാ.. പേരിട്ടത്. എന്നാൽ സദാ സമയവും അവളെ ചുറ്റി പറ്റി നിന്ന നീ ഇതെന്റെ പ്രിയയാ ഞാനാർക്കും തരില്ല.. ഇതെനിച്ച് വേണംന്ന് പറഞ്ഞ് ആരേയും തൊടാൻ സമ്മതിക്കില്ല്ലായിരുന്നു.. ഒത്തിരി പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും വീണ്ടും കേൾക്കാൻ ഇമ്പം തോന്നി ഹരിക്ക്..
എന്നിട്ട്?
എന്നിട്ടെന്തൊ.. ? ഹരികൃഷ്ണന് പ്രിയപ്പെട്ടവളായത് കൊണ്ട് ഹരിപ്രിയയെന്നും കൃഷ്ണപ്രിയയെന്നും രണ്ട് പക്ഷം.
ഒടുവിൽ സി.എം പറഞ്ഞു. ഹരിമോൻ തന്നെ പറയട്ടെ! കൃഷ്ണപ്രിയ മതിയെന്ന് തീരുമാനിച്ചത് നീയാണെങ്കിലും നീ..വിളിച്ചതോ.. കുഞ്ഞാറ്റയെന്ന് .. ഗോമതിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..എന്നിട്ട് ഒരു ശ്വാസമെടുത്തു.
ങാ .. പറഞ്ഞിട്ടെന്താ.. മുറപെണ്ണുങ്ങളെയൊന്നും നിനക്ക് വേണ്ടല്ലോ? അവളുടെ മനസ്സിലും തോന്നിയില്ല. ഒരണ്ണം കൂടിയുണ്ടായിരുന്നെങ്കിൽ നിന്നെ ഹിറ്റ്ലർ മാധവൻ കുട്ടീന്ന് വിളിക്കാമെന്ന് സി.എം. ഇടയ്ക്ക് ഗോവിന്ദനോട് പറയണത് കേട്ടപ്പോൾ അച്ഛമ്മയ്ക്കും അത് നല്ലതായിന്ന് തന്നെ തോന്നീ.
അങ്ങനെയിപ്പോ തോന്നണ്ടന്റെ അച്ഛമ്മേ.. ഈ ഹിറ്റ്ലർ മാധവൻ കുട്ടിക്ക് മൂന്ന് പെങ്ങളുമതിയെന്ന് സി.എമ്മിനോട് പറഞ്ഞേക്ക് എന്ന് പറയണമെന്ന് തോന്നിയെങ്കിലും ഹരി മൗനമായ് നിന്നു.
അച്ഛമ്മേ.. നിങ്ങളെല്ലാരും ഒരുമിച്ച് വന്നോ… ഞാൻ പോട്ടെ!
ങാ …ഞങ്ങള് വേഗം എത്താം.. നമ്മുടെ കുടുംബ ക്ഷേത്രത്തിൽ ആദ്യം പോകാം.. ഇരുട്ടും മുൻപ് ചെന്ന് എത്താവുന്ന അമ്പലങ്ങളിലെല്ലാം.. പോകാം..
ഹരി.. വിപഞ്ചികയിലെത്തി..
സി.എമ്മും.. ദേവപ്രഭ മുൻവശത്ത് തന്നെയുണ്ട്.
ങാഹാ.. രണ്ടാളും ഒരുങ്ങിയില്ലേ.. നേരം പുലരാറായി കേട്ടോ?
മോനെ.. കുഞ്ഞാറ്റയ്ക്കു നല്ല പനിയാ.. സി.എം. പറഞ്ഞു.
പനിയോ?
ങാ. 3 മണി വരെയുറങ്ങിയിട്ടില്ല.. അവൾ നന്നായി പേടിച്ചുന്നാ തോന്നുന്നത്. കൃഷ്ണാ..മാപ്പ് ഇങ്ങനെ തന്നെ പറഞ്ഞു. ഇപ്പഴും ഉറക്കമാണ്. പനിയായിട്ടെങ്ങനയാ.. അമ്പലത്തിൽ പോണത്…അതും കുളിക്കാതെ
അവരെല്ലാം ഇപ്പോയിങ്ങെത്തും.
സി.എം. വന്നേ… ദേവപ്രഭയും സി.എമ്മും ഹരിയോടൊപ്പം. കൃഷ്ണയുടെ മുറിയിലെത്തി.
കൃഷ്ണ മൂടി പുതച്ച് കിടന്നുറങ്ങുകയാണ് .. ഹരി കൃഷ്ണയുടെ നെറ്റിയിൽ പുറം കയ്യ് മുട്ടിച്ച് നോക്കി..
ഇല്ലല്ലോ. സി.എമ്മേ. പനി തീരെയില്ല..
നെറ്റിയിൽ കരസ്പർശം അനുഭവപെട്ടതും കൃഷ്ണ കണ്ണുതുറന്നു. അവൾ എഴുന്നേറ്റിരുന്നു. കിടന്നോ മോളെ.. ദേവ പ്രഭ പറഞ്ഞു.
ഹരി പറഞ്ഞത് കേട്ട് രണ്ടാളും കൃഷ്ണയുടെ നെറുകയിൽ തൊട്ടുനോക്കി…..
ശരിയാണല്ലോ? പനി തീരെയില്ല.
നിനക്ക് എങ്ങനുണ്ട്. ?
കുഴപ്പമില്ല കിച്ചാ..? അങ്ങനെ പറത്തെങ്കിലും അവൾ ഹരിയെ നോക്കിയില്ല.
അമ്പലത്തിൽ പോണ്ടേ.. നമുക്ക്. ?
ഉം .. അവൾ വെറുതെ മൂളി…
അമ്മായി അല്പം വെള്ളം ചൂടാക്കി കൊടുക്ക്.. ഇപ്പോ പനി
ഇല്ലെങ്കിലും തണുത്ത വെള്ളത്തിൽ കുളിക്കണ്ട.
സി.എം. മേശപ്പുറത്ത് നിന്ന് കൃഷ്ണയ്ക്ക് തലയിൽ തേയ്ക്കാനുള്ള എണ്ണ കുപ്പിഎടുത്ത്, അടപ്പ് തുറന്ന് കൃഷ്ണയോട് കൈ നീട്ടാൻ പറഞ്ഞു. നീട്ടിയ ഇടത് കയ്യിൽ സി.എം എണ്ണയൊഴിച്ചു കൊടുത്തു.
അവളത് . തലയിൽ പൊത്തിവച്ചു കൊണ്ട് എഴുന്നേറ്റു.
സി.എമ്മിനൊപ്പം പുറത്തിറങ്ങിയ ഹരികൃഷ്ണൻ താൻ കണ്ട സ്വപനം പാതിവിഴുങ്ങി അച്ഛമ്മയുടെ മുന്നിൽ പറഞ്ഞത് പോലെ പറഞ്ഞു..
സി.എം. പറഞ്ഞു.. എനിക്കിത് അത്ഭുതകരമായ് തോന്നുന്നു. കാരണം അത്രയ്ക്ക് പനിയായിരുന്നു.
ഇന്നലെ ആ സമയത്ത് ഞാൻ ഡോക്ടറെ കാണിക്കാൻ തയ്യാറായതാണ്. നിന്റെ കുഞ്ഞാറ്റ വിടണ്ടേ..എന്റെ കൈയ്യ് മുറുകെ പിടിച്ചിരിക്കുന്നു. പൂജാമുറിയിലായിരുന്നു ഇവളും.. ഒരു പോള കണ്ണടച്ചിട്ടില്ല.. ദേവ പ്രഭയെ നോക്കി സി.എം. പറഞ്ഞു.
ഗോകുലം വീട്ടുകാരെല്ലാ അപ്പോൾ അവിടെയെത്തി.
ഗോമതിയമ്മ ചോദിച്ചു. ഹരീ.. സി.എമ്മിനോട് പറഞ്ഞോ? കൃഷ്ണന്റെ ദർശനം സ്വപ്നത്തിൽ കിട്ടിയ കാര്യം..
ഉം.. പറഞ്ഞു. അച്ചമ്മേ
എവിടെയെന്റെ കുട്ടീ..
ഞാൻ വിളിക്കാം അച്ഛമ്മേ..
ഹരി.. മുറിക്ക് പുറത്ത് നിന്ന് വിളിച്ച് ചോദിച്ചു..
പ്രിയകുട്ടീ…കിച്ചാ അകത്തേക്ക് വന്നോട്ടെ!
കുഞ്ഞാറ്റേയെന്ന് വിളിക്കാമെങ്കിൽ വന്നോളൂ.
പരീക്ഷയെഴുതാമെന്ന് സമ്മതിക്കാതെ വിളിക്കുന്ന പ്രശ്നമില്ല..
എന്നാൽ അവിടെ നിന്നോളൂ പത്ത് മിനിട്ട് . ഞാനങ്ങോട്ട് വരാം.. കൃഷ്ണ കതക് കുറ്റിയിട്ടു.. ഹരി പറഞ്ഞ മഞ്ഞ പട്ട് പാവാട അവൾ അലമാരയിൽ തിരുകി മറ്റൊന്നെടുത്തു ഉടുത്തു വന്നു..
മുറി തുറന്നതും ഹരി വാതിൽക്കൽ എത്തി..
പൊൻമാൻ നീലയിൽ കരിനീല ബോർഡറുള്ള പട്ടുപാവാടയും കരിനീല ബ്ലാസും കണ്ടിട്ട് ഹരി ചോദിച്ചു.. എടീ..നിന്നോട് മഞ്ഞ പട്ട് ഇടാനല്ലേ.. പറഞ്ഞത്..
ഞാൻ പറഞ്ഞാൽ കിച്ചാക് അനുസരിക്കാൻ വയ്യ.. എന്നെ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന അന്ന് മിണ്ടിയാൽ മതി.. മാറിക്കേ..
ഹരി രണ്ടു കൈയ്യും കെട്ടി മുന്നിൽ നിന്നു..
മാറുന്നുണ്ടോ?
ഇല്ല..നീ നിന്റെ നയനേച്ചിയെ കണ്ട് പഠിക്ക്, ഞാൻ പറയാതെ തന്നെ അവൾ മഞ്ഞ ദാവണിയൊക്കെ യുടുത്ത് .. സുന്ദരിയായി വന്നിരിക്കുന്നത്. അതാണെടീ.. സ്നേഹം..
എന്നാലവിടെ നിന്നോ?എന്നിട്ട് ഇപ്പോ തന്നെ അവളെയങ്ങ് കെട്ടിയേക്ക് …
കൃഷ്ണ തിരിഞ്ഞതും ഹരിയവളുടെ വലത് കയ്യിൽ പിടുത്തമിട്ടു…. അത് ഊരിയെടുക്കാൻ ശ്രമിച്ചതും ഹരിയൊന്നു മുറുക്കി..
ആ… അവൾ അലറി വിളിച്ചു പോയി..
കർപ്പൂരം കത്തിച്ച് പൊള്ളിപോയ തെലിയിലെ കുമിള പൊട്ടി നീരൊലിച്ചു. അത് ഹരിയുടെ കൈ നനച്ചതും അവൻ തുറന്ന് നോക്കി. ഹരി ഞെട്ടി തരിച്ച് പോയി.. മഞ്ഞിച്ച് പഴുത്ത പോലെ കുമിളയുടെ തൊലി നീരോടെ ഉൾവലിഞ്ഞ് ഒരു കുഴി പോലെ. ഇരു കൈകളും കൊണ്ട് കൃഷ്ണയുടെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു..
എന്താ.. എന്താ.. നീ… കാണിച്ചത് പറ.. പറയാൻ. ഹരി ഒച്ച വച്ചു..
കൃഷ്ണയുടെ വിളി കേട്ട് എല്ലാവരും ഓടിയെത്തി..
എന്താ… എന്താ.. അവരും ചോദിച്ചു..
ദേ.. കണ്ടില്ലേ.. സി.എമ്മേ. കാണിച്ച് വച്ചത്. ഹരി ആ കയ്യെടുത്ത് കാണിച്ചു..
പൊളളിയ ഭാഗം കണ്ട് എല്ലാരും അന്തം വിട്ടു.
ഇന്നലെ പൂജാ മുറിയിൽ നിന്നിറങ്ങുമ്പോൾ. ഇവൾ കയ്യ് ചൊതുക്കി പിടിച്ചിരിക്കയായിരുന്നു.. ആരും കാണാതെ. ഹരി പറഞ്ഞു.
എന്റെ കൃഷ്ണാ വയസ്സ് കാലത്ത് ഞാനെന്തൊക്കെ കാണണം. ഗോമതിയമ്മ കൃഷ്ണയെ ചേർത്തു പിടിച്ചു.
ഞാൻ വഴക്ക് പറഞ്ഞത് കൊണ്ടല്ലേ.. നീയിതൊക്കെ ചെയ്തത്… ഇനി നിന്റെ ഒരു കാര്യത്തിലും ഞാനില്ല.
കർപ്പൂരം കത്തിച്ച് കൈ പൊളിച്ച് നീയെന്നോട് പ്രതികാരം വീട്ടിയതല്ലേ ?
പോട്ട് മോനെ.. പനിയും വേദനയും സഹിച്ച് രാത്രിമുഴുവനുറങ്ങാതെ കഴിച്ച് കൂട്ടിയതല്ലേ അവൾ. നമുക്ക് ക്ഷേത്രത്തിൽ പോയ് വന്നിട്ട് സംസാരിക്കാം. പൂജ തുടങ്ങാൻ സമയമായി.. അന്നദാനത്തിനുള്ള ഏർപ്പാടൊക്കെ ചെയ്തിരക്കയാ. മോളെ ഡോക്ടറെ കാണിക്കണം.
രണ്ടാളും സങ്കടം പറഞ്ഞ് തീർത്തിട്ട്
വേഗം വാ.. എല്ലാരും വന്നേ..
ഗോവിന്ദന് പിറകെ ഓരോരുത്തരായി
ഇറങ്ങി..
കൃഷ്ണൻ മയിൽ പീലി കൊണ്ട് തലോടി ചുംബിച്ച കയ്യൊന്ന് കാണാനും അതിലൊന്നുമ്മക്കാനും തോന്നിപ്പോയി ഹരിക്ക് ..
കിച്ചാ.. ന്നൊട് പിണങ്ങല്ലേ..കിച്ചാ.
ഇതിനെക്കാൾ വേദനയാവും.. കയ്യിൽ നോക്കിയവൾ പറഞ്ഞു..
ഹരി പെട്ടന്നവളെ നെഞ്ചോടടക്കി പിടിച്ചു. സന്തോഷം കൊണ്ട് കൃഷ്ണയുടെ മനസ്സ് തുള്ളി പോയ്.
ഹരിയേട്ടാ.. വേഗം വരണേ.. നയനയുടെ ശബ്ദം കേട്ടതും ഹരി പിടി വിട്ടു.. നയന ചിരിച്ച് കൊണ്ടോടി പോയി..
ചമ്മി നിന്ന ഹരിയുടെ കൈതണ്ടയിൽ ഒന്നു നുള്ളി കൃഷ്ണയും ഓടിപ്പോയി..
അല്പം കഴിഞ്ഞ് ഹരി മുന്നോട്ട് നടന്നതും കാലിൽ എന്തോ തടഞ്ഞു..
ഒറ്റ കൊലുസ് .. ഹരിയത് കയ്യിലെടുത്തു.. രാവിലെ കണ്ട സ്വപനത്തിന്റെ ഓർമ്മ അവനിൽ ഓടിയെത്തി.
(തുടരും)
ഇഷ്ടായാലും ഇല്ലേലും ഒരഭിപ്രായം പറയരുതോ കൂട്ടുകാരെ,
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
❤️❤️ ബെൻസി ❤️❤️❤️
ബെൻസി മറ്റു നോവലുകൾ