ഞാനും എന്റെ കുഞ്ഞാറ്റയും – 12

  • by

5320 Views

njanum ente kunjattayum aksharathalukal novel by benzy

കുറെ ക്ഷേത്രങ്ങൾ സന്ദർശിച്ച് തിരികെയെത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു.. എല്ലാവരും ഏറെ കുറെ ക്ഷീണിച്ചിരുന്നു. എന്നാൽ കൃഷ്ണപ്രിയമാത്രം അപ്പോഴും ഉന്മേഷവതിയായിരുന്നു. മനസ്സിനെ കുളിരണിയിച്ച രാവിലത്തെ ആ രംഗം
കൃഷ്ണയുടെ മനസ്സിലങ്ങനെ തുള്ളികളിക്കുകയായിരുന്നു..
കുട്ടിയായതിൽ പിന്നെ ആദ്യാമായിട്ടാ കിച്ചയിൽ നിന്ന് ഇങ്ങനെ ഒരനുഭവം. ഇപ്പോഴും ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് … നയനേച്ചിക്ക് ആ സമയം കയറി വരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? വെ…..റുതെ…
ക്ഷേത്രത്തിൽ വച്ചും ഭഗവാനോട് പ്രാർത്ഥിക്കാൻ വലിയ മടിയാരുന്നു.. കണ്ണുതുറന്ന് ഞാൻ നോക്കുമ്പോൾ കിച്ചായെ നോക്കി ഒരേ നിൽപ്പാണ്. വെറുതെ കണ്ണ് വയ്ക്കല്ലേ എന്റെ നയനേച്ചി..?തരില്ല ഞാനെന്റെ കിച്ചായെ. വെറുതെ പിന്നാലെ ചുറ്റണ്ട കേട്ടോയെന്ന് ഒക്കെ മുഖത്ത് നോക്കി പറയാനാ അപ്പോ.. തോന്നിയത്.

ഗോവിന്ദാമ്മേം.. അച്ഛനും അമ്മേം കയറിയ വണ്ടിയിൽ നയനേച്ചിയെ കയറ്റിവിടാൻ ഒരു ശ്രമം നടത്തിയതും പരാജയപ്പെട്ടു.
ഹരിയേട്ടനൊപ്പം മുൻ നിരയിൽ സ്ഥാനം പിടിച്ച് ഇരിക്കുകയാണ്. ഇരിക്കുന്നതിന് മുന്നെ ഞാൻ ഒന്നു പറഞ്ഞു നോക്കിയതാ. അച്ഛമ്മ മുന്നിലിരിക്കട്ടെ നയനേച്ചി.. മള്വേച്ചിയുടെ കൂടെ നമുക്ക് പിന്നിലിരിക്കാമെന്ന് . എന്നിട്ട് കേൾക്കാതെയാ കയറിയിരുന്നത്.

രണ്ടീസം കഴിഞ്ഞാൽ വലിയച്ഛനും വലിയമ്മയും വരുന്നുണ്ടെന്ന് പറഞ്ഞു. ഇത്രനാളും പിണങ്ങി മാറി നിന്നിട്ട് ഇപ്പോ നയനേച്ചിക്ക് വേണ്ടി കിച്ചായെ കല്യാണം ആലോചിക്കാനായിരിക്കോ വരുന്നത്. ചുറ്റമ്പലത്തിനുമുന്നിൽ വച്ച് മാളോച്ചിയേടെന്തെക്കെയോ.. പറയുന്നത് കേട്ടു.

അങ്ങനൊരാലോചനയുണ്ടെങ്കിൽ എന്ത് ചെയ്യും ഞാൻ. സഹിക്കാനേ .. പറ്റൂ.. തന്റെ ഉള്ളിൽ ഈ അഗ്നിയെന്നും എരിഞ്ഞ് കിടക്കും.. എല്ലാ സ്വപ്നങ്ങളും മനസ്സിൽ കുഴിച്ച് മൂടാൻ സാധിക്കുമോയെന്റെ കൃഷ്ണാ..
കൃഷ്ണാ.. എങ്ങനെ സഹിക്കും ഞാൻ.

വലിയച്ഛൻ വരുന്നതിന് മുൻപ് ഈ ഇഷ്ടം കിച്ചായോട് പറഞ്ഞാലോ?

അത് വേണ്ട. എന്റെ മാളൂട്ടിയെ പോലെ കരുതീട്ടുള്ളൂന്നെങ്ങാനും കിച്ചാ..പറഞ്ഞാൽ തീർന്നു…..പിന്നെ ആ മുന്നിൽ ചെന്ന് നിൽക്കാൻ കൂടി കഴിയില്ലെനിക്ക്. അതിന്റെ പേരിൽ പിണങ്ങി മാറി നടക്കും. അതാ സ്വഭാവം. അത് പിന്നയെനിക്ക്.. സഹിക്കാവുന്നതിലപ്പുറവുമാകും.
എപ്പോഴെങ്കിലും കിച്ച എന്നോട് പറയട്ടെ!
കുഞ്ഞാറ്റേ.. നിന്നെ ഞാനെന്റ ഇണകിളിയാക്കികോട്ടെയെന്ന്.
അതോർത്തു ചിരിച്ച് കൊണ്ട് കൃഷ്ണ ഒന്നു നിവർന്നിരുന്നു.

കേട്ടോ അച്ഛമ്മേ …. അച്ഛന് ഇങ്ങോട്ടേക്ക് വരാൻ തീരെയിഷ്ടമില്ല. ഞാൻ ഇങ്ങോട്ടേക് നിർബന്ധപൂർവ്വം വന്നത് കൊണ്ട് മാത്രമാ അച്ഛൻ വരാമെന്ന് ഏറ്റത്.

അതേതായാലും നന്നായി നയനേ….. ഈ ബുദ്ധി നിനക്ക് പണ്ടേ.. തോന്നാത്തതെന്താ മോളെ… ഗോമതിയമ്മ പറഞ്ഞു..

അന്ന് ചെറിയ കുട്ടിയല്ലേ അച്ഛമ്മേ ഞാൻ.. ഇവിടെ ആർക്കും അച്ഛനോട് ഒരു പിണക്കവുമില്ലല്ലോ അല്ലേ അച്ഛമ്മേ.

നല്ല കഥയായ്… രാമഭദ്രന്റെ മുൻ ശുണ്ഠി ഞങ്ങൾക്കറിയരുതോ.. അന്നൊരു വാശിക്കാണ് രാമഭദ്രനത് പറഞ്ഞതെങ്കിലും ഗോവിന്ദനും സി എമ്മും ജോലി രാജി വയ്ക്കുമെന്ന് ഞാൻ വിചാരിച്ചതേയില്ല.. ഇപ്പോൾ .. ഈ ഗ്രാമം മുഴുവനും അവരുടെ കയ്യിലാ.. എന്നും ഇവിടുത്തെ ജനങ്ങളുടെ കണ്ണ് നിറയരുതെന്നും പട്ടിണിയറിയരുതെന്നും ഉള്ള എന്റെ മക്കളുടെ ദൃഢനിശ്ചയം ഒന്നു കൊണ്ട് മാത്രമാ.. ഞാവൽ പുഴ ഗ്രാമം സമ്പൽ സമൃദ്ധമായത്. ഇതൊക്കെ കണ്ടാൽ രാമഭദ്രന് സന്തോഷമാവേയുള്ളൂ.
അതൊക്കെ പോട്ടേ പഠിപ്പും കഴിഞ്ഞ് ജോലിയുമായ് കല്യാണം നോക്കണുണ്ടോ അച്ഛൻ?

ഉണ്ടന്ന് മാത്രമല്ല.. വല്ലാതെ വാശി പിടിക്കയാണ്… അതാ ഞാനിങ്ങ് ഓടി പോന്നത്. അച്ഛനെന്തോ കണക്ക് കൂട്ടലുകളുണ്ടെന്ന് തോന്നുന്നു. അതാ.. ഞാൻ വിളിച്ചപോൾ വരാമെന്നേറ്റത്.

ന്റെ കൃഷ്ണാ.. കൃഷ്ണപ്രിയ അറിയാതെ നെഞ്ചത്ത് കൈവച്ചു പോയ്.

ഹരിയുടെ മനസ്സിലും ഒരു പിടിച്ചിലുണ്ടായി… വല്യമ്മാവൻ നയനയെ തനിക്ക് വേണ്ടി ആലോചിക്കുമോ.. അതിന് മുൻപ് കുഞ്ഞാറ്റയെ ഇഷ്ടമാണെന്ന് പറഞ്ഞാലോ?

വേണ്ട… എല്ലാരും എന്നെ പറ്റി മോശം വിചാരിച്ചാലോ.. അച്ഛമ്മയോ സി.എമോ അച്ഛനൊ ഒന്ന് പറഞ്ഞെ ങ്കിൽ മതിയാരുന്നു. എല്ലാർക്കും ഞങ്ങളൊന്നാകുന്നതിൽ സന്തോഷമേ ഉണ്ടാകൂ.. എന്തായാലും നനയനക്ക് വേണ്ടിയുള്ള ആലോചന എന്റെ മുന്നിലെത്തിയാൽ മറുത്തൊരാലോചനക്ക് കാക്കാതെ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.. നയന എനിക്ക് എന്റെ മാളൂട്ടിയെ പോലാണെന്ന് ..

അച്ഛമ്മേ.. കൃഷ്ണയെ ഡോക്ടറെ.. കാണിക്കണ്ടേ.. കയ്യിൽ നല്ല കുഴിവുണ്ട്.. വിഷയം മാറ്റാനായി ഹരികൃഷ്ണൻ ചോദിച്ചു.

അരികിലിരുന്ന കൃഷ്ണയെ തലോടി
കൊണ്ട് ഗോമതിയമ്മ പറഞ്ഞു. ഭഗവാൻ തലോടിയ കയ്യല്ലേ മോനെ…. അത് താനേ മാറും.. ഇല്ലേൽ അച്ഛമ്മേടെ കയ്യിൽ നല്ല പച്ചില മരുന്നുണ്ട്.. അങ്ങനെ പോരെയെന്റെ മോളെ…

മതി അച്ചമ്മേ.. അവൾ ഗോമതിയമ്മയെ കെട്ടിപിടിച്ചു..

ഇനിയിത് പോലെന്തെങ്കിലും കാട്ടിയാൽ പൊള്ളിക്കുന്നത് ഞാനാവും.. കേട്ടോ? ഗോമതിയമ്മ താക്കീത് ചെയ്തു.

ഇനിയൊന്നും കാണിക്കില്ലന്റെച്ചമ്മേ….. പോരേ…
അച്ഛമ്മയുടെ കവിളത്ത് മുത്തമിട്ടു കൃഷ്ണ. പിന്നെ ആ മടിയിൽ തലചായിച്ചു.

ഹരിയേട്ടാ.. നാളെയെന്നെയൊന്ന് പുഴക്കരയിലും വേളിമലയിലും കൊണ്ട് പോകാമോ? പോണേന് മുന്നേ എല്ലാം ചുറ്റിനടന്ന് കാണണം എനിക്ക്.
നയന പറഞ്ഞ് നിർത്തുന്നതിന് മുൻപ് കൃഷ്ണ പറഞ്ഞു.

കിച്ചാ..ഞങ്ങളേം കൊണ്ട് പോണേ…

ങാ..നോക്കട്ടെ!

അന്നും പിറ്റേന്നും അവർ വിപഞ്ചികയിൽ തങ്ങി.

അച്ഛമ്മയുണ്ടാക്കിയ പച്ചില മരുന്ന് ചേർത്ത് കാച്ചിയ എണ്ണ തുവലിൽ തൊട്ട് ആദ്യം ഇട്ടു കൊടുത്തത് ഹരിയായിരുന്നു.

കൈപൊള്ളിയെങ്കിലെന്താ കിച്ചാ..
എന്റെ മനസ്സിന്റെ നീറ്റൽ മാറി കിട്ടിയല്ലോ? കൃഷ്ണ ഉള്ളിലൂറി ചിരിച്ചു.

സി.എമ്മും ഗോവിന്ദനും പുറത്ത് പോയി വന്നത് ഒരു സന്തോഷവാർ ത്തയുമായാണ്.
കേട്ടോമ്മേ.. മുരിങ്ങമൂട്ടിലെ ശ്രീനിവാസനെ അമ്മയ്ക്കറിയാമോ?
ഗോവിന്ദൻ ചോദിച്ചു..

അറിയാണ്ടന്തൊ.. കുഞ്ഞിലെ യെങ്ങാണ്ട് കണ്ടതാ. ശ്രീനിയുടെ പെങ്ങളൊരാളുണ്ടായിരുന്നത് ഗോവിന്ദന്റെ കൂടെ പഠിച്ചതല്ലേ… ഗോവൂവേ..

അതേമ്മേ.. ആതിര. ഗോവിന്ദൻ പറഞ്ഞു.

എന്തേ ഇപ്പോ ചോദിക്കാൻ.

അവളുടെ മകന് നമ്മുടെ മാളൂനെ കൊടുക്കോന്ന് ചോദിച്ചു..

എന്നിട്ട് ..

എന്നിട്ടെന്താ.. അമ്മയോട് ചോദിക്കട്ടെയെന്ന് ഞങ്ങൾ പറഞ്ഞു..

ഇതിലിപോ ചോദിക്കാനെന്തിരിക്കുന്നു. നല്ല കുടുംബക്കാരാ.. എനിക്കും നിങ്ങടെ അചഛനും നല്ലോണം അറിയാം അവരെ .. തറവാടൊക്കെ ക്ഷയിച്ചു പോയെങ്കിലും ശ്രീനിയുടെ കഴിവുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു തുടങ്ങിയത്. പെങ്ങളെ കല്യാണം കഴിച്ചയച്ചത് ഒരു നല്ല കുടുംബത്തിലാ. മലേഷ്യയിൽ പോയേ പിന്നെ ഒന്നോരണ്ടോ തവണ കണ്ടിരുന്നു ആ കുട്ടിയെ ഉത്സവത്തിന്..

എന്താ.. അവളുട മകന്റെ പേര്? എന്ത് ചെയ്യുന്നു.

നീരജെന്നാണ്. അവനിപ്പോൾ നാട്ടിലുണ്ട്. ഹരിയെക്കാൾ രണ്ട് വയസ്സ് കൂടുതൽ…. എം എഡ് കഴിഞ്ഞ ഉടൻ ജോലിയുമായി. മലേഷ്യയിൽ തന്നെയാണവനും. ശ്രീനിയുടെ മകളുടെ കല്യാണത്തിന് വന്നതാ അവൻ. അച്ഛനും അമ്മയ്ക്കും ലീവില്ലാത്രെ..

ഇന്നലെ നമ്മുടെ ക്ഷേത്രത്തിൽ വച്ചവൻ മാളൂനെ കണ്ടിരുന്നു. ഇന്ന് കരയോഗത്തിൽ വച്ച് ശ്രീനിവാസൻ ഒന്നു സൂചിപ്പിപ്പിച്ചു. ഇപ്പോൾ അവധി കുറവാ.. സമ്മതായാൽ ഉറപ്പിച്ച് വച്ച് അടുത്ത വരവിന് കല്യാണം നടത്താമെന്ന് പറയുന്നു..

എന്റെ കുട്ടീടെ കാര്യം എല്ലാം പറഞ്ഞോ സി.എമ്മേ..?

പറയാതെ അറിയാം അവർക്ക്..അതൊന്നും സാരമില്ലെന്ന് പറഞ്ഞു..

എന്നാ പിന്നെ. നീ ശ്രീനിവാസനെ ഇവിടെ വരെ ഒന്നു വരാൻ പറയു…

എണ്ണ തട്ടി മാറ്റിയിട്ട് കൃഷ്ണ മാള്യേച്ചിയേന്ന് വിളിച്ച് അടുക്കളയിലേക്ക് പോയി..

എന്താടീ.. വിളിച്ച് കൂവുന്നത്. പ്രഭാവതി ദേഷ്യത്തിൽ ചോദിച്ചു.

എന്റമ്മേ.. മാള്യേച്ചിയെ നന്നായി പാചകം ചെയ്യാനൊക്കെ പഠിപ്പിച്ച് കൊടുക്ക്..അല്ലെങ്കിൽ വേണ്ട. അച്ഛനോട് പറഞ്ഞ് എനിക്കൊരു ഫോൺ വാങ്ങണം. എന്നിട്ട് ഇന്റർ നെറ്റിൽ നോക്കി മലേഷ്യൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാൻ പഠിക്കാം എന്താ.. മാള്യേച്ചീ..

ഇവൾക്കെന്ത് പറ്റിയെന്റെ അമ്മായി..

അമ്മേ.. അമ്മയ്ക്കറിയോ മുരിങ്ങ മൂട്ടിലെ ശ്രീനിവാസനെന്ന് പറയുന്ന ആളിനെയും അനന്തരവൻ ഒരു നീരജിനെയും?

അത് ചോദിക്കാനാണോ.. നീയിങ്ങനെ ഭൂമി ഇളക്കിമറിച്ച് ഓടിയത്…

അമ്മേ… അറിയാമോ? കൃഷ്ണ ദേവ പ്രഭയുടെ തോള് രണ്ടും പിടിച്ച് കുലുക്കി.

ങ്ങാ. ശ്രീനിയേട്ടൻ ഏട്ടന്റെ കൂടെ പഠിച്ചതാ. നീരജിനെ വളർന്നതിൽ പിന്നെ കണ്ടിട്ടില്ല..
നീ കാര്യം പറ കുട്ടീ… മനുഷ്യരെ വലയ്ക്കാതെ…

ഓ പറയാം.. .മാളൂട്ടിയെ പിന്നിലൂടെ ചുറ്റിപിടിച്ച് കൃഷ്ണ കാര്യങ്ങളെക്കെ പറഞ്ഞു. അത് കഴിഞ്ഞതും അവളുടെ സന്തോഷം കാണാനായി.. മാളൂട്ടിയെ തിരിച്ച് തനിക്കഭിമുഖമായി നിർത്തി കൃഷ്ണ.

എന്നാൽ അപ്പേഴേക്കും മാളൂട്ടിയുടെ കണ്ണുകളിൽ നനവ് പടർന്ന് നിറഞ്ഞു തൂകാൻ തുടങ്ങി.

മാള്വേച്ചി ….അയ്യേ… കരയ്യാ.. ചിരിക്കു കേട്ടോ? ഞാനൊരു നല്ല കാര്യമല്ലേ.. പറഞ്ഞത്..
ദേവമ്മായി.. എനിക്ക് സത്യായിട്ടും കല്യാണം വേണ്ടന്നച്ഛനോട് പറയ് കേട്ടോ? അവൾ ദേവപ്രഭയുടെ തോളിൽ ചായ്ഞ്ഞു കരഞ്ഞു.
ചട്ടുകാലിയെന്നും ഞൊണ്ടി കയ്യിന്ന് പറയുന്നതൊന്നും കേൾക്കാൻ വയ്യാഞ്ഞിട്ടാ.

അത് കേട്ട് വന്ന ഹരികൃഷണൻ വാതിലിന് പിന്നിൽ മറഞ്ഞു..

ആരു പറഞ്ഞു അങ്ങനെ ? വിവരമില്ലാതെ ആരോ വന്ന് കണ്ട് പറഞ്ഞൂന്ന് വച്ച് .. അത് മനസ്സില് വച്ചിരിക്കയാണോ? പോകാൻ പറ മാള്യേച്ചി : അവരുടെ ഭാഗ്യദോഷമാ അവരെ കൊണ്ട് അന്നത് പറയിച്ചത്. മാളുവേച്ചിക്കെന്താ.. ഒരു കുറവ്.. ചുന്ദരിയല്ലേ. വിദ്യാഭ്യാസമില്ലേ.. വയ്യാത്ത കയ് ചേർത്ത് വച്ച് തന്നെ വെള്ളം കോരും തുണിയലക്കും… മുറ്റമടിക്കും പിന്നെ അടുക്കള ജോലി നന്നായി ചെയ്യും പിന്നെന്താ.. അരകല്ലിലരയ്ക്കാൻ കഴിയില്ല. ഇപ്പോഴത്തെ കാലത്ത് .. ഒന്ന് വരൽ ഞെക്കിയാൽ പേരേ.. ടി ർ….. ടിർന്നെ പറഞ്ഞരച്ച് കയ്യിൽ തരില്ലേ.. നമ്മുടെ മിക്സി ..സാധാരണ പെൺകുട്ടികളെ പോലെ തന്നെയാ മാളേച്ചിയും. മാള്യേച്ചി പറഞ്ഞ രണ്ട് കുറവുകളും സൂക്ഷിച്ച് നോക്കുന്നവർക്കല്ലേ അറിയാൻ പറ്റൂ. അങ്ങനെ നോക്കുന്നവർക്ക് ഞാനീ പറഞ്ഞ കാര്യങ്ങളൊക്കെ മാള്യേച്ചി ചെയ്തു കാണുമ്പോൾ അത്ഭുതം തോന്നും. എല്ലാരും മാള്യേച്ചിയെ അഭിനന്ദിക്കും.
ഈ അമ്മ തന്നെ എത്രപ്രാവശ്യം പറഞ്ഞേരുന്നു.. മാള്വേച്ചിയെ കണ്ട് പഠിക്കാൻ ഇല്ലമ്മേ… കൃഷ്ണ ദേവ പ്രഭയെ നോക്കി.

അതെന്റെ മോൾക്ക് എന്നോട്ടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാ. എന്നെ ഒക്കെയും പരിശീലിപ്പിച്ചത് നീയാണല്ലോ?
മാളൂട്ടി കൃഷ്ണയെ ചേർത്തു പിടിച്ചു പിന്നെയും കരഞ്ഞു.

നോക്കിക്കോ ന്റെ ഇച്ചേച്ചി കുട്ടീ…ഇതാണോന്നെന്നും അറിയില്ല..ഞാനൊരിക്കൽ സ്വപ്നം കണ്ടതാ.. കാണാൻ നല്ല ഭംഗിയുള്ള ഒരാള്. മാളോച്ചിയുടെ കയ്യും പിടിച്ച് മലമുകളിലുള്ള ദേവീ.. ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങുന്നു.. ആ ആളിന്റെ മറുകയ്യിൽ ഒരു ചുന്ദരി വാവയുമുണ്ട്. അത് നിങ്ങടെ കുട്ടിതന്നെയാ.. മാള്യേച്ചിടെ ചുരുണ്ട മുടിയും.. ഉണ്ട കണ്ണുമെല്ലാം അങ്ങനെ കിട്ടിയിരിക്കുന്നു.. ഭഗവാൻ ചില അടയാളങ്ങൾ കാണിച്ച് തന്നിട്ടുണ്ട്. കാണാൻ വരുന്ന ആളെ ഞാനൊന്ന് കാണട്ടെ!

ഹരിക്ക് സന്തോഷവും സങ്കടവും വന്നു പോയി.. അത് കേട്ടിട്ട്.

വേളിമലയാണോടി … ഹരി മുന്നിലേക്ക് വന്ന് ചോദിച്ചു.

ഏതാണ്ടത് പോലൊക്കെ തോന്നും കിച്ചാ… മഞ്ഞ് പടർന്ന് അവ്യക്തമായിരുന്നു.
എന്റെ അളിയൻ ചെക്കന്റെ എന്ത് അടയാളമാ മോള് കണ്ടത്.

അത് പറയില്ല. സ്വപ്നം കണ്ടാൽ പറയാൻ പാടില്ലാന്നാ. കിച്ചാ വലിയ പഠിപ്പ് ഉള്ള ആളല്ലേ… അത് കൊണ്ട് വിശ്വാസം വരില്ല. കിച്ചാക്കറിയോ ദൈവത്തിന് പഠിപ്പില്ലാത്തവരെയാ..
കൂടുതലിഷ്ടം.

ആണോ…അതൊരു പുതിയ അറിവാണല്ലോ? ഏത് നോവലിൽ വായിച്ചതാ..

കളിയാക്കണ്ട കിച്ചാ…

അതൊക്കെ പോട്ടെ! നിന്റെ പാദസരം കിട്ടിയോ?

ഇല്ല കിച്ചാ..

കൃഷ്ണ പെട്ടെന്ന് കാലിൽ വിരലോടിച്ചു.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കിലുങ്ങുന്ന മുത്തുകളുള്ള വെള്ളി പാദസരങ്ങൾക്ക് പകരം സ്വർണ്ണ പാദസരം. അപ്പോഴാണ് രാകേഷിന്റെ വണ്ടി മുറ്റത്ത് വന്ന ശബ്ദം കേട്ടത്.

കൃഷ്ണ പെട്ടന്ന് വാതിൽ തുറന്നു..
അവൾക്ക് ഭയമുണ്ടായിരുന്നു..
രാകേഷ് അകത്ത് കയറിയതും..കൃഷ്ണവാതിലടച്ച് പിന്നാലെ ചെന്നു..

(തുടരും)

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply