ഞാനും എന്റെ കുഞ്ഞാറ്റയും – 13, 14

  • by

8702 Views

njanum ente kunjattayum aksharathalukal novel by benzy

അപ്പോഴാണ് രാകേഷിന്റെ വണ്ടി മുറ്റത്ത് വന്ന ശബ്ദം കേട്ടത്.

കൃഷ്ണ പെട്ടന്ന് വാതിൽ തുറന്നു..
അവൾക്ക് ഭയമുണ്ടായിരുന്നു..
രാകേഷ് അകത്ത് കയറിയതും..കൃഷ്ണവാതിലടച്ച് പിന്നാലെ ചെന്നു..

രാകേഷ് ഷൂസ് ഊരി സ്റ്റാൻഡിൽ വച്ചു. കോട്ട് ഊരി ബാസ്കറ്റിലിട്ടു. പിന്നെ ടവ്വലെടുത്ത് ബാത്‌റൂമിൽ പോയ് കുളിച്ച് വന്നു.

നയനേച്ചിയെ ഉറക്കിയിട്ടെപ്പഴാണാവോ തമ്പുരാട്ടി താഴെ വന്നത്… രാകേഷ് മുഖത്ത് നോക്കാതെ ചോദിക്കുന്നത് കേട്ട്
കൃഷ്ണ പറഞ്ഞു..

ഞാനെങ്ങും പോയില്ല..ആ സമയം മുതൽ നോക്കിയിരിപ്പായിരുന്നു. നേരം പുലരാനിനി കുറച്ച് സമയമല്ലേയുള്ളു.. ഏട്ടനെവിടെ പോയതാ ഇത്രയും സമയം.

ഞാൻ ഒരു ഫിലിമിന് പോയി.. പിന്നെ ബീച്ചിൽ… ബീച്ചിലിരുന്നപ്പോഴാ ഓർത്തത് തന്റെ കിച്ചായെ ഒന്നു വിളിച്ചാലോയെന്ന്..

എന്നിട്ട് കിട്ടിയോ കിച്ചായെ?
കൃഷ്ണയുടെ കണ്ണുകൾ വിടർന്ന് തിളങ്ങുന്നത് കണ്ട് രാകേഷ് ചോദിച്ചു.

താൻ വിളിക്കാറില്ലേ…

വിളിച്ചാൽ എടുക്കില്ല.

ങാ..ഞാനും വിളിച്ചിട്ടു കിട്ടിയില്ല. ഫോൺ ഓഫായിരുന്നു. പിന്നെ മാധവേട്ടനെ വിളിച്ചപ്പോഴാ അറിഞ്ഞത് ഇവിടെ ഗവ: ഇഞ്ചിനീയറിങ് കോളേജിൽ ഹരിയേട്ടന് ജോലിയായീന്ന്. ഇവിടെ ബീച്ച് റോഡിലെവിടെയോ റൂമെടുത്തിട്ടുണ്ടെന്ന്. എന്നിട്ടെന്താ ഇങ്ങോട്ട് വരാത്തത്.
കഴിഞ്ഞ തവണ വീട്ടിൽ പോയിട്ട് താനറിഞ്ഞില്ലേ. അതോ.. എന്നോട് പറയേണ്ടന്ന് വച്ചതാണോ?

ഇയ്യോ..ഇല്ലാ..എന്നോട് ആരും പറഞ്ഞില്ല. ഞാൻ കണ്ടതുമില്ല. പുതിയ പ്രോജക്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ചയ്ക്ക് വിളിച്ചതനുസരിച്ച് ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു. ജോലിയുടെ കാര്യം ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഞനറിഞ്ഞെങ്കിൽ ഈ ജോലിക്ക് പോകാൻ സമ്മതിക്കില്ലായിരുന്നു.

അതെന്താ ?നിന്റെ കിച്ചായെ ചെളിയും മണ്ണും കിളപ്പിച്ച് നടത്താനാണോ നിങ്ങളുടെയൊക്കെ തീരുമാനം. പഠിച്ച കോളേജിൽ ഇഷ്ടപ്പെട്ട വിഷയം പഠിപ്പിക്കാൻ കഴിയുന്ന ഭാഗ്യത്തെ കുറിച്ച് അറിയാത്ത കുറെ
ഇഡിയറ്റ്സ് …

ദേ.. ഏട്ടാ.. ഇഡിയറ്റ്… മതി.. ഇഡിയറ്റ്സ് വേണ്ട.

ങാ. എങ്കിൽ അങ്ങനെ?

പ്ലാസ്റ്റിക് മാലിന്യം കുന്നു കൂടിയ സാഹചര്യത്തിലാ കിച്ചാ അത് പുനരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ഞാവൽ പുഴയുടെ പ്രധാന ഭാഗമായ വേളിമലയുടെ ചരിവിൽ കൃഷിയോഗ്യമല്ലാത്ത കുറെ സ്ഥലം അച്ഛമ്മേടെ പേരിലുണ്ട്.

അതെന്താ അമ്മേടെ അമ്മേ അച്ഛമ്മേന്ന് വിളിക്കുന്നത്.

ഹരിയേട്ടനും മാള്യേച്ചിയും വിളിക്കുന്ന കേട്ട് ഞങ്ങൾ മൂന്നുപേരും അച്ഛമ്മേന്നാ വിളിക്കുന്നത്.

ഉം..എന്നിട്ട്?

അവിടെ ചെറിയ ഒരു പരീക്ഷണം നടത്തി നോക്കി. കിച്ചാ പിന്നെ അതിന്റെ പഠനവുമായ് ബന്ധപ്പെട്ട് ഒരു വർഷം കിച്ചായുടെ അമ്മയുടെ ഒരേയൊരാങ്ങളയോടൊപ്പം വിദേശത്തായിരുന്നു. അതിന്റെ എല്ലാ പേപ്പേഴ്സും റെഡിയായി. സൈറ്റു കാണാൻ സർക്കാരിന്റെ കുറെ ഉദ്യോഗസ്ഥരൊക്കെ വന്നിരുന്നു. ഇതെങ്ങാനും സർക്കാരിനോ കോളേജിനോ കിച്ചാ കൈമാറുമോന്ന് എനിക്ക് പേടിയുണ്ട്. പേപ്പേഴ്സെല്ലാം എന്റെ കയ്യിലാ. ഞാൻ കൊടുക്കില്ല. ഞാനത് കത്തിച്ച് കളയും.

ദേ… അതിക്രമമൊന്നും കാണിചേക്കരുത്. ചോദിച്ചാലങ്ങ് കൊടുത്തേക്കണം.

ഉം… കൃഷ്ണ മൂളി.

തമ്പുരാട്ടിയെനിക്കു ഒരു ചായ ഉണ്ടാക്കി.. തരാമോ? ഉറക്കം വരും വരെ എന്തെങ്കിലും സംസാരിച്ചിരിക്കാം നമുക്ക് ..

അതൊക്കെ തരാം.. ഇടക്കിടക്കെന്നെ തമ്പുരാട്ടീന്ന് വിളിച്ച് കളിയാക്കരുത്..

ഇയ്യോ.. കളിയാക്കിയതല്ല. നിന്റെ നയനേടത്തിയാ പറഞ്ഞത്.. വേളിമലയിലെ രാജാവാണ് സി.എമ്മെന്ന്.?

ഗ്രാമവാസികൾ നല്ലോണം സ്നേഹിക്കേം ബഹുമാനിക്കേം ഒക്കെ ചെയ്യണുണ്ട്. എന്ന് വച്ച് ആരും രാജാവെന്നൊന്നുമല്ല വിളിക്കുന്നത്. എല്ലാരും സി.എം.ന്നാ വിളിക്കുന്നത്. നയനേച്ചിയുടെ ഒരു കാര്യം. ഞാൻ ചായ ഉണ്ടാക്കി വേഗം വരാം..

ചായയുമായ് കൃഷ്ണ തിരികെ വന്നതും അതുവാങ്ങി ഒരു കവിൾ കുടിച്ചശേഷം രാകേഷ് പറഞ്ഞു..

അമ്മയോ.. അച്ഛനോ അറിഞ്ഞോ? ഞാൻ പുറത്ത് പോയത്.?

ഇല്ല …. ആരും അറിഞ്ഞില്ല.

നന്നായി .. അറിഞ്ഞിരുന്നെങ്കിൽ
വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടിയെ കെട്ടിയത് കൊണ്ടാണ് മകൻ രാത്രിയിലിറങ്ങി പോയതെന്ന് അവർ രണ്ടാളും പറയും.

കൃഷ്ണയുടെ മുഖം അറിയാതെ കുനിഞ്ഞു പോയ്..

കണ്ടോ.. ഇത് പോലെ മുഖം കുനിയാതിരിക്കാനാ.. ഞാൻ പറഞ്ഞത് പഠിക്കാൻ. ഞാവൽ പുഴയിൽ നിൽക്കുന്ന പതിനഞ്ച് ദിവസം നീ.. വറുതെ വായിനോക്കി തീർക്കും. ഇവിടെ നിന്ന് നീ പഠിക്കാൻ പോയാൽ എല്ലാരും അറിയും നീ പത്തിൽ തോറ്റതാണെന്ന്. അതെനിക്കും ഈ കുടുംബത്തിനും നാണക്കേടാ. തയ്യലിലും മരം കയറ്റത്തിലുമാണ് നീ ഡിഗ്രിയെടുത്തതെന്ന് ഇവിടാർക്കും അറിയില്ലല്ലോ?

അത് പോട്ടെ.. അപ്പുറത്തെ വീട്ടിലെ അമൃതേച്ചിയോട് നീ.. പത്താം ക്ലാസ്സ് പൊട്ടിയ വിവരം ഒന്നും പറഞ്ഞിട്ടില്ലല്ലോ?

ഞാനായിട്ട് പറഞ്ഞില്ല… അമൃതേച്ചി ഒരു ദിവസം ചോദിച്ചു. അപ്പോ.. ഞാൻ പറഞ്ഞു.

ദൈവമേ… നശിപ്പിച്ചു.. നീയെന്നെ നാണം കെടുത്തിയേ അടങ്ങൂ ഇല്ലേ…നീ… നീ…യെന്താ പറഞ്ഞത് അവരോട്.?

എന്റെ പൊന്നു ചേച്ചി… പഠിത്ത കാര്യം മാത്രമെന്നോട് ചോദിക്കല്ലേ.. അത് കേട്ടാലെനിക്ക് വട്ടുപിടിക്കുമെന്ന് പറഞ്ഞു.

രാകേഷ് പൊട്ടിചിരിച്ചു.

അപ്പോ..നിന്റെ നയനേച്ചി പറഞ്ഞത് ശരിയാ..

എന്ത്?

പഠിപ്പില്ലെങ്കിലും.. നീ.. വലിയ മിടുക്കിയാണെന്ന്.

ഞാൻ പഠിക്കാത്ത കുട്ടിയാണെന്ന് അറിഞ്ഞട്ടല്ലേ ഏട്ടൻ എന്നെ.. കല്യാണം കഴിച്ചത്…

ഉവ്വ്… ഉവ്വ്… അക്കാര്യത്തിൽ നിന്നെക്കാൾ മിടുക്കിയാ നിന്റെ നയനേച്ചി.

നിന്നെകുറിച്ച് കള്ളം പറഞ്ഞാ നിന്നെ എന്റെ തലയിൽ കെട്ടിവച്ചത്.

എന്ത് കള്ളം..?

അനിയത്തി പളസ് ടു കഴിഞ്ഞ് ഇഞ്ചിനിയറിങ്ങിന് അഡ്മിഷൻ കിട്ടാത്തത് കൊണ്ട് പഠിക്കില്ലാന്ന് വാശിപിടിച്ചിരിക്കയാണെന്ന് .

സത്യം അറിഞ്ഞപ്പോൾ എന്നെ ഉപേക്ഷിക്കാമായിരുന്നില്ലേ..

അങ്ങനെ ഉപേക്ഷിക്കാനല്ല ഞാൻ താലികെട്ടി കൂടെ കൂട്ടിയത്. കള്ളം പറഞ്ഞതിന് ഏട്ടത്തിയെയാണ് പടിയിറക്കി വിടേണ്ടത്. അല്ലാതെ എന്റെ പ്രിയകുട്ടിയെ അല്ലാ..

നാട്ടിൽപുറത്തെ എല്ലാ നന്മയും നിഷ്കളങ്കതയും നിന്നിലുള്ളത് കൊണ്ടാ..നിന്നെയെനിക്കിഷ്ടമായത്.
ഇങ്ങനെതന്നെയാവണം എന്നും നീ..
വേഷത്തിലും ഭാവത്തിലുമെല്ലാം..

കൺമഷിയഴുതിയ ഈ കണ്ണുകളും.. ചായം പൂശാത്ത നിന്റെ ചുണ്ടുകളും
കാച്ചെണ്ണയുടെ ഗന്ധമുള്ള തലമുടിയും നിന്റെ ഈ സംസാരവുമൊക്കെ എനിക്കിഷ്ടാ..

കൃഷ്ണയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

നീ… വാ നമുക്ക് സിറ്റൗട്ടിലിരിക്കാം..

ചൂരലൂഞ്ഞാലിലിരുന്ന് ബാക്കി ചായ കുടിച്ച ശേഷം സോപാനത്തിലിരുന്ന കൃഷ്‌ണയോട് രാകേഷ് ചോദിച്ചു.

സോഫ്ട് വെയർ ഇഞ്ചിനീയറായ ഞാൻ പത്താം ക്ലാസ്സ് തോറ്റ നിന്നെ കല്യാണം കഴിച്ചതെന്തിനാണെന്ന് ..
നീയെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കൃഷ്ണ മിണ്ടാതെ നിന്നു.

എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. വൻസൈഡ് പ്രണയം.. മനസ്സിൽ നിന്നു മാഞ്ഞ് പോകാതെ എന്റെ നെഞ്ചിൽ ഞാൻ കുടിയിരുത്തിയ ഒരു പെണ്ണ്. അവളോട് സംസാരിക്കുമ്പോൾ, ഒരുമിച്ച് നടക്കുമ്പോൾ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് സംസാരിക്കുമ്പോളൊക്കെ ഞാൻ കരുതിയത് എന്റെ മനസ്സിന്റെ ഇഷ്ടം അവളറിയുന്നുവെന്നാണ്. നാലു വർഷം ഒരുമിച്ച് പഠിച്ചിട്ടും എന്റെ മനസ്സറിയാതെ പോയവൾ.. നാവ് കൊണ്ട് ഇഷ്ടം പറയാൻ വൈകിയത് കൊണ്ട് മാത്രം മറ്റൊരാളുടെ ഭാര്യയായ് മാറിയവൾ. ഇല്ലെങ്കിൽ നിന്റെ സ്ഥാനത്ത് ഇന്നവളാകുമായിരുന്നു. അമ്മയെയും അച്ഛനെയും ധിക്കരിച്ച് ശീലമില്ലാത്തതിനാൽ അവർ നിർബന്ധിച്ചപ്പോൾ ഞാൻ വിവാഹത്തിന് തയ്യാറായി. അതിന് വേറൊരു കാരണവുമുണ്ട്.

രാജേഷേട്ടന്റെ കല്യാണത്തിന് തിരക്കിനിടയിൽ മിഴിചിമ്മാതെ വിടർന്ന രണ്ട് കണ്ണുകൾ ആരെയോ തിരയുന്ന കണ്ടു ഞാൻ. പിന്നെ മയിൽ പീലിവിടർത്തിയത് പോലെ നീളം കൂടിയ പാവാടയുടെ അറ്റം നിലത്ത് ഇഴയാതെ ഇരുവശത്തും പിടിച്ചുയർത്തി നടന്നു പോകുന്ന സ്വർണ്ണ നിറമുളള രണ്ട് പാദങ്ങൾ. കൗതുകം തോന്നിയ എന്റെ കണ്ണുകൾ പിന്നാലെ കൂടി.. മുന്നിലേക്ക് ഇട്ടിരുന്ന മുല്ലപൂ ചൂടി മെടഞ്ഞിട്ട തലമുടി പിന്നിലേക്ക് തള്ളിയിട്ടവൾ മെല്ലെ തിരിഞു നോക്കി..

ഒറ്റ നിമിഷം ..അതേ.. ഒരേയൊരു നിമിഷം കണ്ടതേയുള്ളൂ. ഒന്നൂടൊന്ന് കാണാൻ കഴിയുന്നതിനു മുൻപ് അവൾ ആൽക്കൂട്ടത്തിൽ മറഞ്ഞു..

രാകേഷ് കയ്യെത്തി കൃഷ്ണയുടെ കരം കവർന്നു പിന്നെ പറഞ്ഞു.. ഓറഞ്ച് നിറത്തിലെ ദാവണിയവളുടെ അഴകിനെ വർദ്ധിപ്പിച്ചിരുന്നു.

ആരാത്. കൃഷ്ണ ചോദിച്ചു.

എന്റെ മനസ്സും ചോദിച്ചു. ആരാത് ..

പിന്നെയും കണ്ടു.. പലവട്ടം. ഞങ്ങൾ പുറപ്പെടാൻ നേരം കാറിലിരുന്നു ഞാൻ നോക്കുമ്പോൾ വലത് കരമുയർത്തി നയനേട്ടത്തിക്ക് നേരെ വിശി കാണിച്ചു. അവളുടെ ഇടത് കരം
ഹരിയേട്ടെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.

എന്നെയാണ് പറഞ്ഞതല്ലേ…?

വീട്ടിൽ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം നയനേടത്തി നിന്നെ കുറിച്ചും വീട്ടിലുള്ളവരെ കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു. പിന്നെ തന്നെ കുറിച്ച് ഞാൻ ചോദിക്കാൻ തുടങ്ങി..
കല്യാണമാലോചിക്കട്ടെയെന്ന് രാജേഷേട്ടൻ ചോദിച്ചപ്പോൾ നൂറുവട്ടം സമ്മതമെന്ന് പറഞ്ഞതാ..

എങ്കിലും.. ആദ്യമായ് എന്റെ മനസ്സ് പിടിച്ചെടുത്തവളെ മനസ്സിൽ നിന്നിറക്കിവിടാൻ കഴിയാത്തത് കൊണ്ടാ… ഞാനൊരകലം പാലിച്ചത്. മനസ്സൊന്ന് പാകപ്പെട്ടു വരുമ്പോഴേക്കും എന്തെങ്കിലും തടസ്സം വന്ന് വീഴും. എല്ലാം തുറന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു സമാധാനമൊക്കെ തോന്നുന്നു..

ഒന്നു രണ്ട് വട്ടം ഞാൻ തന്നോട് ചോദിച്ച ഒരു ചോദ്യം ഞാൻ വീണ്ടും ചോദിച്ചോട്ടെ ! സത്യസന്ധമായ് മറുപടി പറയണം. പറയ്യോ?

സത്യം പറയാനേ… അറിയൂ.. അങ്ങനേ.. പറയൂ.. ഏട്ടൻ ചോദിച്ചോ..?

താൻ തന്റെ കിച്ചായെ പ്രണയിച്ചിരുന്നോ?

രാകേഷിന്റെ ചോദ്യം കേട്ടതും ശരീരമാസകലം നേർത്ത സൂചികൾ കുത്തി മുറിവറ്റേത് പോലെ പുളഞ്ഞ് പോയ് കൃഷ്ണ. എപ്പോഴത്തെയും പോലെ ഓടിയൊളിക്കാനാകാതെ രാകേഷിന് മുന്നിൽ നിന്നുരുകി വിയർത്തു. മിഴിയാകെ നിറഞ്ഞ്ഞു കൂടിയ നീർമുത്തുകൾ പൊട്ടിയൊലിച്ചു താഴേക്കിറങ്ങാൻ തുടങ്ങിയിരുന്നു.. രാകേഷേട്ടൻ ഈ ചോദ്യം ചോദിച്ചിട്ടുള്ളപ്പോഴൊക്കെ ഓടി മാറിയത് അതിനുള്ള ഉത്തരം പറയാനാൻ ഭയന്നിട്ടല്ല. ഓർക്കുമ്പോൾ അത് താങ്ങാൻ കഴിയാത്ത ഈ അവസ്ഥ തന്നെയായിരുന്നു കാരണം. വലിപ്പമുള്ള ഒരു ഇരുമ്പ് കട്ടി നെഞ്ചത്ത് കയറ്റി വച്ചിരുക്കും പോലെ ഭാരമനുഭവപെട്ടിട്ട് ശ്വാസം കിട്ടാതെ നെഞ്ച് തകരുമോയെന്ന് ഭയന്ന് തുണിൽ ചുറ്റിപിടിച്ചു നിന്നു.. പിന്നെ വലിയൊരു തേങ്ങലോടെ.. അവൾ പൊട്ടികരഞ്ഞു.

ഏയ്… കൃഷ്ണാ.. എന്തായിത്. തന്നെ കരയിക്കാൻ വേണ്ടി ചോദിച്ചതല്ല ഞാൻ. ദേ.. അമ്മേം അച്ഛനും അടുത്ത മുറിയിലുണ്ട്. ഇങ്ങ് വന്നേ.. രാകേഷ് അവളുടെ കൈപിടിച്ച് അകത്തേക്ക് പോയി.

അപ്പോഴാണ് രാകേഷിന്റെ ഫോൺ ശബ്ദിച്ചത്. രാജേഷായിരുന്നു.

ചേട്ടാ.. ഇന്നലെ മുഴുവൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ? എന്ത് പറ്റി ? രാകേഷ് ചോദിച്ചു.

കമ്പനിയിൽ ഒത്തിരി തിരക്കായിരുന്നു. വല്ലാത്തൊരു തലവേദന.. ജീവിതത്തിൽ ഇങ്ങനൊരു തലവേദന ഞാനനുഭവിച്ചിട്ടില്ല. ചെന്നപാടെ കിടന്നു.. ഇപ്പഴൊന്നുണർന്നതാ. നയനയെ ഒന്ന് വിളിക്കാമെന്ന് വച്ചപ്പോൾ ഫോൺ ഓഫാണ്. പിണങ്ങീട്ടുണ്ടാവും അവൾ പകലൊന്നും വിളിക്കാൻ കഴിഞ്ഞില്ല. അത്ര തിരക്കായിരുന്നു.

ഇപ്പോ.. തലവേദന കുറവുണ്ടോ? ഗുളിക കഴിച്ചില്ലേ?

ഉം.. കഴിച്ചു. തലക്കൊരു ഭാരം. ഒന്നൂടെ ഉറങ്ങി കഴിയുമ്പോൾ ശരിയാകും. അവളെയൊന്ന് വിളിച്ചിട്ട് കിടക്കാമെന്ന് വിചാരിച്ചു. എല്ലാരും ഉണർന്നോ?

ഇല്ലേട്ടാ ഞാനും പ്രിയയും ഉണർന്നു.
പ്രിയയെ കൊണ്ട് ഏടത്തിയെ വിളിപ്പിക്കാം ഞാൻ. ചേട്ടൻ കട്ട് ചെയ്തിട്ട് വിളിക്ക്.

കൃഷ്ണ മുഖം തുടച്ച് ഗോവണി കയറി പോകുന്നത് നോക്കി രാകേഷ് നിന്നു.

തിരികെ വന്നതും കൃഷ്ണ ചോദിച്ചു… നയനേടത്തി അമ്മയാകാൻ പോണ കാര്യമെന്താ ഏട്ടൻ പറയാത്തത്.

എടീ.. മണ്ടൂസേ… അതൊക്കെ.. നമ്മൾ പറഞ്ഞ് കേൾക്കുന്നതിനേക്കാൾ ഏട്ടത്തി പറഞ്ഞ് കേൾക്കുമ്പോഴാ.. ചേട്ടന് സന്തോഷമാവുക.

നിന്റെ കരഞ്ഞ മുഖം ഏടത്തി കണ്ടില്ലേ..

ഇല്ല. വാതിൽ തുറന്നില്ല. ഫോൺ എടുത്തോളാമെന്ന് പറഞ്ഞു.

നന്നായി. ഇങ്ങടുത്ത് വാ. എന്റെ ചോദ്യത്തിന് മറുപടിയൊന്ന് തന്നൂടെ നിനക്ക്?
ഒരു നിമിഷത്തെ മൗനത്തിനൊടുവിൽ അവൾ ഉം….ന്ന് മൂളി..

എന്നാൽ പറയ്..

ഏട്ടൻ എന്റെ ഈ കണ്ണീരും. പറയുമ്പോളുള്ള ഈ പതർച്ചയെയും തെറ്റിധരിക്കരുത്… ചോദിക്കാതെ പറയണമെന്നുണ്ടായിരുന്നു. എനിക്ക്. എന്നോട വല്യ അടുപ്പ കാണിക്കാത്തത് കൊണ്ടാ മാറി നിന്നത്.പിന്നെ എന്റെ കിച്ചാ ഒരിക്കലും അറിയേമരുത്.. ഈ പൊട്ടി പെണ്ണിന്റെ മനസ് നിറയെ കിച്ചായോടുണ്ടായിരുന്ന സ്നേഹത്തിന് വേറൊരർത്ഥമുണ്ടായിരുന്നുവെന്ന്.

കുഞ്ഞ് നാൾ മുതൽ കിച്ചായെ എനിക്കിഷ്ടമായിരുന്നു. എന്തിനും ഏതിനും എനിക്ക് കിച്ച വേണമായിരുന്നു. എന്റെ കിച്ചാന്നല്ലാതെ മറ്റൊന്നും ഞാൻ വിളിക്കില്ലായിരുന്നു. കിച്ചാടെ കുഞ്ഞാറ്റെയെന്നാ ഞാൻ സ്വയം പറഞ്ഞിരുന്നത്. മരണം വരെ കിച്ചായെ പിരിയാതെ കൂടെ ജീവിക്കാനാശിച്ചു പോയ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല കിച്ചായുടെ മനസ്സിൽ എനിക്ക് ഒരു പെങ്ങളുടെ സ്ഥാനമായിരുന്നൂന്ന്. കേട്ടപ്പോൾ ആദ്യം തോന്നിയ ആ ഞെട്ടലിൽ നിന്നും ഉണരാൻ കുറെ പാടുപെട്ടു ഞാൻ .

ഇപ്പഴും നിനക്കാ ഇഷ്ടമുണ്ടോ?

കൃഷ്ണ മിണ്ടിയില്ല.

കിച്ചായെ മറക്കണമെന്ന് ഞാൻ പറഞ്ഞാൽ നീ.. അനുസരിക്കുമോ?

കൃഷ്ണ രാകേഷിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.

ഇല്ല. കൃഷ്ണ ഉടൻ മറുപടി പറഞ്ഞു.

കിച്ചായെ ഞാൻ കാണരുതെന്നോ… മിണ്ടരുതെന്നോ പറഞ്ഞാൽ ഞാൻ അനുസരിക്കാം. പക്ഷേ ! മറക്കാനീ.. ജന്മം സാധ്യമല്ല. രാകേഷ്ട്ടനെ തൃപ്തിപ്പെടുത്താൽ മറന്നൂന്ന് കള്ളം പറയാൻ വയ്യാഞ്ഞിട്ടാ.

നിന്റെ കിച്ചായെ സ്നേഹിച്ചത് പോലെ …പ്രണയിച്ചത് പോലെ …. നിനക്കെന്നെ ആത്മാർത്ഥമായ് സ്നേഹിക്കാൻ എന്നെങ്കിലും കഴിയോ?

കിച്ച എന്റെ കഴിഞ്ഞ കാല സ്വപ്നമാണ്. രാകേഷേട്ടൻ യാഥാർത്ഥ്യവും. മറ്റാരേക്കാളും എന്നിൽ അവകാശമുള്ളയാൾ. താലി കെട്ടി സ്വന്തമാക്കിയ ആൾ യാഥാർത്ഥ്യങ്ങളെയാണ് ഞാൻ ഇന്ന് സ്നേഹിക്കാൻ ശ്രമിക്കുന്നത്.എന്റെ
പഴയ ചിന്തകളെ മനസ്സിൽ നിന്നാട്ടിപായിച്ചിട്ടും അത് വീണ്ടും വീണ്ടും കടന്നുവരികയാണ് പലപ്പോഴും. മനസ്സങ്ങനെയാ.. പറഞ്ഞാൽ കേൾക്കില്ല. എങ്കിലും അതിനെ നിയന്ത്രിച്ച് നിർത്താൻ എന്റെ തലചോറിന് കഴിയും. മനസ്സ് കൊണ്ട് പോലും കിച്ചാടെ മുന്നിൽ ചെന്നൊന്ന് നിൽക്കാനാവു
ന്നില്ലെനിക്ക്..
മുന്നിൽനിന്നോടിയൊളിക്കാനാണെനിക്കിഷ്ടം. പിന്നെയും പ്രണയിച്ച് പോകുമെന്ന് ഭയന്നിട്ടല്ല. എന്റെ മനസ്സ്‌ നിറയെ വല്ലാത്ത കുറ്റ ബോധമാണ്.
ഞാനെന്റെ കിച്ചായെ മനസ്സിലാക്കാതെ പോയി. അത് തന്നെയാ എപ്പോഴും ചിന്ത..
പുതിയ ചിന്തകളും പുതിയ സ്വപ്നങ്ങളും നല്കി അവയെ മാറ്റിനിർത്തേണ്ടത് ഞാൻ മാത്രമല്ല രാകേഷട്ടനും കൂടിയാ.

ഞാനോ?

എനിക്കെന്തെങ്കിലുമൊക്കെ വായിക്കാൻ വാങ്ങി തന്നൂടെ? .

രാകേഷ് ഷെൽഫ് തുറന്ന് ഒരു തടിയൻ പുസ്തകം അവൾക്കടുത്ത് നീട്ടി

അവൾ സന്തോഷത്തോടെ അത് വാങ്ങി കറുത്ത ആവരണത്തിലെ വെളുത്ത അക്ഷരം കണ്ടതും കൃഷ്ണ അത് രാകേഷിന് നേരെ പിടിച്ചു..

ഇതെനിക്ക് വേണ്ട ഈ ഡിക്ഷ്ണറി എനിക്കെന്തിനാ…?

ഇന്ന് മുതൽ പത്ത് പേജ് വീതം പഠിച്ച് വൈകിട്ട് ഞാൻ വരുമ്പോൾ എന്നോട് ഓരോ വാക്കിന്റെയും അർത്ഥം പറഞ്ഞ് കേൾപ്പിക്കണം.

എന്നെ കൊണ്ടൊന്നും പറ്റില്ല..

ദേ.. പ്രിയ എതിര് പറയുന്നതെനിക്കിഷ്ടമില്ല. അറിയാല്ലോ?

കഷ്ടമുണ്ടേട്ടാ. എന്റെ എല്ലാ ഇഷ്ടങ്ങളും ഞാൻ വേണ്ടന്ന് വച്ചില്ലേ. എനിക്കിഷ്ടമില്ലാത്ത കാര്യമെങ്കിലും എന്നിലടിച്ചേൽപ്പിക്കാതിരുന്നൂടെ?

എന്ത് ഇഷ്ടങ്ങളാ താൻ വേണ്ടന്ന് വച്ചത്.?

ഇവിടുത്തെ ജോലി മുഴുവൻ കഴിഞ്ഞാലും ഞാനിവിടെ ഒറ്റയ്ക്കാ. അടുത്ത വീട്ടിൽ നോക്കാൻ പാടില്ല അവരോട് മിണ്ടാൻ പാടില്ല.. നോവൽ വായിക്കാൻ പാടില്ല…..ടി.വി. കാണാൻ പാടില്ല. പാട്ടുപാടാൻ പാടില്ല.. ചാടാൻ പാടില്ല ഓടാൻ പാടില്ല ഉറക്കെ സംസാരിക്കാൻ പാടില്ല തുടങ്ങി എന്തിനും ഏതിനും വിലക്കുകളല്ലേ.

ഓ.. അതെല്ലാം നീ.. ചെയ്തോ?
പകരം അല്പം ഇംഗ്ലീഷ് വാക്കെങ്കിലും പഠിക്ക്… കല്യാണം കഴിഞ്ഞ് എന്റെ ഫ്രണ്ട്സിന്റെയോ റിലേറ്റിവ് സിന്റെയോ മുന്നിൽ ഞാൻ നിന്നെ കൊണ്ട് നിർത്താത്തതിന്റെ കാരണം പറഞ്ഞു പറഞ്ഞു മടുത്തു. എന്റെ ഓഫീസിൽ ആരും മലയാളം സംസരിക്കില്ല. നിന്റെ നയനേച്ചി പോലും ഓഫീസിൽ വച്ച് യാദൃശ്ചികമായ് എന്നെ കണ്ടാൽ ഇംഗ്ലീഷേ സംസാരിക്കൂ.

ഗുഡ് .. കൃഷ്ണ പറഞ്ഞു..

ഓ..നിനക്ക് ഇംഗ്ലീഷൊക്കെ അറിയാം ഇല്ലേ… ആട്ടെ വേറെ ഏതൊക്കെ വാക്കറിയാം.. രാകേഷ് കളിയാക്കിയത് കണ്ടിട്ടും ചിരിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു.

നമ്മുടെ സ്വന്തം മലയാള നാടിന്റെ ഒരറ്റത്ത് മലയാള മണ്ണിന്റെ ഗന്ധമുള്ള ഒരു തനി നാടൻ മലയാളി പെണ്ണാണ് ഇവൾ. പേര് കൃഷ്ണപ്രിയ. വിദ്യാഭ്യാസം തീരെയില്ല. വായാടിയാ .
ഇവൾ എന്റെ പെണ്ണാണ് എന്ന് രാകഷേട്ടന് ഏത് ഭാഷയിൽ വേണമെങ്കിലും മറ്റുള്ളവരോട് എന്നെ പരിചയപ്പെടുത്താൻ എന്ന് തോന്നുന്നോ അന്ന് പരിചയ പെടുത്തിയാൽ മതി.. അത് വരെ ഇവിടുത്തെ അടുക്കളക്കാരിയെന്ന് പറഞ്ഞോ?

ഞാൻ പോണു. എനിക്ക് അടുക്കളയിൽ ജോലിയുണ്ട്…

ഇന്ന് നീ.. അടുക്കളയിൽ കയറണ്ട. വാ..നമുക്കെ, പുറത്തോട്ടൊന്നു കറങ്ങീട്ട് വരാം രാകേഷ് അവളുടെ കയ്യിൽ പിടിത്തമിട്ടു.

ഇപ്പഴോ?

ങാ… ഇപ്പോൾ തന്നെ
പുറത്തിറങ്ങി രാകേഷ് കാർ തുറന്ന് കൃഷ്ണയെ അകത്തേക്ക് കയറ്റി. എന്നിട്ട് ഫോണെടുത്ത് അമ്മയെ വിളിച്ചു.

അമ്മേ.. ഞാൻ കൃഷ്ണയെയും കൊണ്ട് പുറത്തേക്കൊന്ന് പോകുന്നു.

എന്താ.. എന്താ പറ്റിയത്..? ശ്രീദേവി വെപ്രാളപ്പെട്ടു ചോദിച്ചു..

ഒന്നൂല്ല. വെറുതെയൊന്ന് ചുറ്റീട്ട് വരും. കഴിക്കാനുള്ളത് ഞാൻ വാങ്ങി വരാം.

വേണ്ട.. നയന മോൾക് ഈ സമയം പുറത്തൂന്നുള്ള ഫുഡ് ഒന്നും കൊടുക്കണ്ട.. നിങ്ങൾ കഴിച്ചോ? ഞാനിവിടെ ഉണ്ടാക്കാം..

ശരി… രാകേഷ് കാർ പുറത്തിറക്കി.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ . രാകേഷ് പറഞ്ഞു. പ്രിയാ… നീയൊരു പാവം കുട്ടിയാ..നിന്റെ കിച്ചായും പാവമാ.. നല്ല വ്യക്തിത്വമുള്ള ഒരാൾ.
നിന്നെ ഞാൻ അറിയുന്നു.

രാകേഷിന്റെ ഫോൺ ശബ്ദിച്ചു.

ഹലോ.. എന്താ.. അങ്കിൾ.. ?

മോനെ.. സുനാമി മുന്നറിയിപ്പ് ടി.വിയിലൊക്കെ കാണിക്കുന്നു. ഹരിയാണെങ്കിൽ ഫോണെടുക്കുന്നില്ല. അവൻ താമസിക്കുന്നത് കടൽ തീരത്തെവിടെയോ ആണ്.. ഒന്നന്വേഷിക്കാമോ മോനെ..?

അങ്കിൾ വിഷമിക്കണ്ട.. ഞാൻ അങ്ങോട്ടെക്ക് പോകാം.

ആരാ..

ഹരിയേട്ടന്റെ അച്ഛനാ

ഗോവിന്ദാമ്മേ.. ണോ?

ങാ… ഒരു കാര്യം ചെയ്യാം.. ഞാൻ പറഞ്ഞില്ലേ.. നിന്നോട് ഞാൻ സ്നേഹത്തോടെ അടുക്കുമ്പോൾ എന്തെങ്കിലും ഒരു തടസ്സം വരും. . ഹരിയേട്ടൻ ഫോണെടുക്കുന്നില്ലന്ന് പറഞ്ഞു നിന്റെ ഗോവിന്ദമാമ വിളിച്ചിരുന്നു.

ഹരിയേട്ടനെ ഞാനൊന്ന് വിളിക്കട്ടെ!

രാകേഷ് ഫോണെടുത്ത് ഹരിയെ വിളിച്ചു.

(തുടരും)

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply