ഞാനും എന്റെ കുഞ്ഞാറ്റയും – 15, 16

  • by

5529 Views

njanum ente kunjattayum aksharathalukal novel by benzy

ഹരികൃഷ്ണനെ രാകേഷ് വീണ്ടും വിളിച്ചു..

ഈ ഹരിയേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ പ്രിയേ…?

എന്താ.. എന്ത് പറ്റിയേട്ടാ… ഗോവിന്ദാമാ എന്താ പറഞ്ഞത്… ? കൃഷ്ണ ഉത്കണ്ഠപ്പെട്ടു.

ഹരിയട്ടേൻ ഫോണെടുക്കാത്തത് കൊണ്ട് ഗോവിന്ദങ്കിൾ ആകെ വിഷമിച്ചാ.. എന്നെ വിളിച്ചത്..?

ഞാനിന്ന് ലീവ് എടുത്താലോന്ന് ആലോചിക്കയാ…?

എന്നിട്ട്…?

എന്നിട്ടെന്താ.

എന്റെ പ്രിയ കുട്ടിയുമായി.. കുറെ.. ചുറ്റിയടിക്കണം..എന്നിട്ട് നമുക്ക്
കിച്ചായെ ഒന്നു കാണാൻ പോകണം .

ഞാനില്ലാ.. പല്ലു പോലും തേച്ചിട്ടില്ല. ഉറപ്പായിട്ടും ഈ കാറിൽ നിന്നും പുറത്തിറങ്ങില്ല ഞാൻ..

രാകേഷ് പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു..
യ്യോ……പോട്ടെ! എനിക്ക് ആ സമയത്ത് അങ്ങനെയാ.. തോന്നിയത്? കണ്ടാൽ പറയില്ല കേട്ടോ പല്ല് തേച്ചിട്ടില്ലാന്ന്…?
ഉണർന്നിരുന്നത് കൊണ്ടാവും. ശരി, താൻ കാറിൽ ഇരുന്നാൽ മതി.

പിന്നേയ്…എന്നെയും കാത്ത് ഒറ്റക്കിരിക്കുമ്പോൾ തനിക്ക് പേടി തോന്നിയില്ലേ..?

പിന്നേ… തോന്നാതെ..? ഇടയ്ക്ക് ചെടിച്ചട്ടിയൊക്കെ തള്ളിയിട്ട് പൂച്ചയോരോട്ടം. എന്റെ ….. നല്ല ജീവനങ്ങ് പോയി.

അത് പൂച്ചയൊന്നുമാവില്ല.. മണ്ണ് നിറച്ച് വെച്ച വലിയ ചെടി ചട്ടി തള്ളിയിടാൻ പൂച്ചയ്ക്ക് എങ്ങനെ സാധിക്കും. അത് അപ്പുറത്തെ ആ….. ചെറ്റയെ കാണാൻ ആരെങ്കിലും വന്നതാവും.. ലക്ഷണം കെട്ടവളെന്നാ… അമ്മ പറയുന്നത്..

ആ ചേച്ചി… പാവമാ.. മുഖം കണ്ടാലറിയാം.. ചീത്തയല്ലാന്ന്. എനിക്ക് ഒത്തിരിയിഷ്ടാ…

പിന്നേ.. മുഖത്തല്ലേ.. ചീത്തയും നല്ലതും എഴുതിവച്ചിരിക്കുന്നത്. നിന്റെയിഷ്ടം ഞാൻ മാറ്റി തരുന്നുണ്ട് കേട്ടോ? ഒരു ദിവസം ഞാനവനെ കയ്യോടെ .. പിടികൂടും. അന്ന് താൻ അഭിപ്രായം മാറ്റി പറയും.
ആദ്യം നമുക്ക് ഹരിയേട്ടന്റെ താമസസ്ഥലം കണ്ട് പിടിക്കണം. ബീച്ച് റോഡ് വരെ ഒന്ന് പോകാമോ നമുക്ക് ?

അതെന്തിനാ ? തന്റെ കിച്ചയവിടെ ഏതോ ഒരിടത്താ വാടകയ്ക്ക് താമസിക്കുന്നത്. കാണേം ചെയ്യാം, ജോലിയുടെയും പുതിയ താമസ സ്ഥലത്തിന്റെ വിശേഷങ്ങളും അറിയാം.. സംസാരിക്കുന്ന കൂട്ടത്തിൽ പ്രോജക്ടു കൈവിട്ട് കളയരുതെന്ന് പറയേം.. ചെയ്യാം..എന്താ..

പ്ലീസേട്ടാ കിച്ചായെ കാണാൻ ഞാനില്ല. എന്നാൽ വേണ്ട ഞാൻ പറഞ്ഞല്ലോ… താൻ കാറിൽ ഇരുന്നാൽ മതി. അത് പറഞ്ഞ് രാകേഷ് കാർ ബൈപാസിലോട്ട് തിരിച്ചു.

എന്നെയും കാത്ത് വഴി കണ്ണുമായ് താൻ ഇങ്ങനെ ഇരുന്നതോർക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ട് കേട്ടോ?

കൃഷ്ണ പുഞ്ചിരിച്ചു.. അമ്മയങ്ങനെയായിരുന്നു. മിക്ക ദിവസവും , ഗ്രാമത്തിലെ ഓരോ ആവശ്യങ്ങളുമായ് ഗോവിന്ദാമ്മയും അച്ഛനും വരാൻ ഒത്തിരി വൈകും.
അച്ഛൻ വരുന്നത് വരെ അമ്മ ഉണർന്നിരിക്കും.. അങ്ങനെ നോക്കിയിരിക്കുന്ന അമ്മയെ അച്ഛൻ വന്ന് സ്നേഹത്തോടെ ശാസിക്കും.. എന്തിനാ.. ദേവേ.. വെറുതെ ഉറക്കിളച്ച് ആരോഗ്യം കളയണതെന്ന്. അത് പറയുമ്പോൾ കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു..

കൃഷ്ണയുടെ മുഖത്തെ വിഷമം കണ്ട് രാജേഷ് പറഞ്ഞു ഏയ്.. കരയാതെ…പോട്ടെ …സാരമില്ല വിധിയെ തടുക്കാൻ പറ്റില്ലല്ലോ? തന്റെ ജാതകദോഷമെന്നാ എന്റെ അച്ഛന്റെ ബന്ധുക്കളിൽ ചിലർ പറഞ്ഞത്.. ഞാൻ കേൾക്കവേ ആരും പറയില്ല.. കല്യാണത്തിന്റെ അന്നത്തെ ആ അവസ്ഥയെനിക്കന്നെല്ല ആർക്കും സഹിക്കാൻ കഴിയില്ല.

ആ സമയം രാകേഷിന്റെ ഫോൺ ശബ്ദിച്ചു.
സ്ക്രീനിൽ ശ്രീദേവിയുടെ മുഖം തെളിഞ്ഞു..

അമ്മയാണല്ലോ? രാകേഷ് കാർ സൈഡൊതുക്കി നിർത്തി. സ്പീക്കർ ഓണാക്കി..

എന്താമ്മാ..?

മോനെ … നിങ്ങളെവിടെയെത്തി…?

ബൈപാസിൽ ?

നയനമോള് ചർദ്ദിച്ച് കുഴഞ്ഞു പോയ്.. നീയൊന്ന് വേഗം …വാ..

അമ്മാ.. ഹോസ്പിറ്റലിൽ കൂടെ വരാൻ അവിടെ അച്ഛനുണ്ടല്ലോ പിന്നെന്താ?

അച്ഛനൊരു കൂട്ടിനാ വിളിക്കുന്നത്. രാകേഷ്… നീയൊന്നിങ്ങോട്ട് വന്നേ മതിയാകൂ.. ശ്രീദേവി ഫോൺ കട്ട് ചെയ്തു.

പെട്ടന്ന് പോകാം ഏട്ടാ. കൃഷ്ണയ്ക്കും വെപ്രാളമായ്…

ങാ..ഗർഭിണികളായാൽ ചർദ്ദിക്കും.. അത് വലിയ കാര്യമല്ല… ഞാനിന്ന് ഹരിയേട്ടനെ കണ്ടിട്ടേയുള്ളൂ.. ബാക്കി കാര്യം

പ്ളീസേട്ടാ… ചേച്ചി ആദ്യായിട്ടല്ലേ. ഒന്നും അറിയില്ല… അമ്മ രണ്ട് പ്രസവിച്ചതല്ലേ.. എന്തെങ്കിലും കാര്യമില്ലാതെ വിളിക്കോ?രാജേഷേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മ ഏട്ടനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.

ഏട്ടനെന്താ… നയനേച്ചിയോട് ഇത്ര ദേഷ്യം..

രാകേഷ് കൃഷ്ണയെ ദേഷ്യത്തിൽ നോക്കി പിന്നെ കാർ തിരിച്ചു , വേഗത്തിൽ ഡ്രൈവ് ചെയ്തു കൊണ്ട് പറഞ്ഞു. തന്റെ നയനേച്ചിയോട് എനിക്ക് ആകെ തോന്നുന്ന ഒരു മതിപ്പ്, തന്നെ എനിക്ക് തന്നതാ.

വീട്ടിലെത്തിയതും രാകേഷ് നേരെ സ്വന്തം മുറിയിലേക്ക് പോയി..

കൃഷ്ണയോടി മുകളിലെത്തി..
നയനേച്ചീ…. എന്ത് പറ്റി…

ചർദ്ദിച്ച് അവശയായിരുന്നു നയന. നയനയുടെ തലമുടി ഒതുക്കി കെട്ടിവച്ച് കൊണ്ട് ശ്രീദേവി ചോദിച്ചു..

പതിവില്ലാതെ രാവിലെ അവന് നിന്നോട് എന്താ.. ഒരു സ്നേഹം ശ്രീദേവി കൃഷ്ണയോട് ചോദിച്ചു.

കൃഷ്ണ മുഖം താഴ്ത്തി ചിരിച്ചു..

കല്യാണം കഴിഞ്ഞുവെങ്കിലും.. അവരൊന്നു ചുറ്റാനൊന്നും പോയില്ലല്ലോ..മ്മേ… നയന തളർച്ചയിലും പറഞ്ഞു.

മോളെ… നീ… ചേച്ചിയുടെ അരികിലിരിക്ക്.. ഞാനിതൊക്കെ. വൃത്തിയാക്കാൻ ആളെ കിട്ടുമോന്ന് നോക്കട്ടെ.. ബെഡൊക്കെ… ആകെ … നാശായി…

വേണ്ടമ്മേ.. ആരേം… വിളിക്കണ്ട… ഞാൻ ശരിയാക്കാം. ഏട്ടൻ താഴെയുണ്ട്.. നയനേച്ചിയെ ഡോക്ടറെ കാണിക്കണ്ടേ…?

വേണ്ടന്നൊരേ.. വാശി? പിന്നെ ഞാനും കരുതി.. ഈ സമയത്ത് അധികം മരുന്നൊന്നും ഉള്ളിൽ ചെല്ലാതിരിക്കുന്നതാ.. നല്ലത്..?

മോള് ചേച്ചിയെയും കൊണ്ട് താഴെ വാ.. അത് കഴിഞ്ഞ് മുറി വൃത്തിയാക്കാം. ഇനി തനിച്ച് മുകളിൽ കിടക്കണ്ട മോളെ നമുക്ക് താഴെത്തെ റൂം ശരിയാക്കാം. ഇന്നവധിയായതിനാൽ എല്ലാം ശരിയാക്കാൻ സമയവുമുണ്ട്.

വേണ്ടമ്മേ.. ഞാനിവിടെ കിടന്നോളാം.

അതൊന്നും ശരിയാകില്ല. അച്ഛൻ പ്രത്യേകം പറഞ്ഞു താഴെ മുറിയിലാക്കാൻ.. താഴെയാകുമ്പോൾ ഞങ്ങളെല്ലാരുമുണ്ടല്ലോ? രാജേഷ് മോനും അത് തന്നെ പറഞ്ഞു..

ശ്രീദേവി.. പടിയിറങ്ങിയതും കൃഷ്ണ നയനയോട് ചോദിച്ചു..

രാജേഷേട്ടൻ വരുമോ ചേച്ചീ..?

ഉം… വരണമെന്നുണ്ട്… അവരുടെ കമ്പനി പുതിയ മോഡൽ കാർ അടുത്ത മാസം പുറത്തിറക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാൽ വരും.

നയനേച്ചീ.. എപ്പോഴും സന്തോഷായിരിക്കണമെങ്കിൽ രാജേഷേട്ടൻ വരണം. വലിയച്ഛനും വലിയമ്മയും എന്ത് പറഞ്ഞു..

നീയൊന്നു വായടക്ക് കൃഷ്ണേ.. നിനക്കെന്തൊക്കെ അറിയണം.. നയന ..കൃഷ്ണയെ തട്ടി മാറ്റി.. താഴെക്കിറങ്ങി…

ഞാൻ കൂടെ വരാം. നിക്ക്… ചേച്ച്ചീ… സൂക്ഷിച്ച് …

വേണ്ട.. നീ.. അതൊക്കെ വൃത്തിയാക്കിയിട്ട് വന്നാൽ മതി.

കൃഷ്ണ നയനയുടെ മുറി വൃത്തിയാക്കുന്നതിനിടയിൽ ജനാല തുറന്നപ്പുറത്തേക്ക് നോക്കി. അമൃതേച്ചിയുടെ മുറിയുടെ ജനാല തുറന്നിട്ടില്ല.

ഇന്ന് അവധി ദിവസമായതിനാൽ ഇവിടെ എല്ലാരും ഉണ്ടാകുമെന്ന് അമൃതേച്ചിക്കറിയാം അതാ രണ്ടാളും വാതില് തുറക്കാത്തത്. കൃഷ്ണ പെട്ടന്നു നിലം തുടച്ചു വൃത്തിയാക്കി.. കിടക്കവിരിയും പുതപ്പും തലയണ ഉറയും നയന മാറ്റിയിട്ട വസ്ത്രങ്ങളുമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം . താഴെയെത്തി..

കഴിഞ്ഞോ മോളെ , ശ്രീദേവി ചോദിച്ചു.

ഉം.. കഴിഞ്ഞമ്മേ.. രാകേഷട്ടേനെവിടെയമ്മാ ?

അവൻ പുറത്ത് പോയല്ലോ? നിന്നോട് പറഞ്ഞില്ലേ…

ഊം…ഹും…

വാ വന്ന് ഭക്ഷണം കഴിക്ക്. എന്നിട്ട് ദേ… ആ മുറി നയനേച്ചിക്ക് വൃത്തിയാക്കി കൊടുക്ക്…

ഞാൻ കുളിച്ചിട്ട് കഴിക്കാം അമ്മേ…

ആ മുറി എന്നും ഞാൻ തൂത്ത് തുടയ്ക്കുന്നതാണല്ലോ?

എന്നിട്ടാണോ? അതിനകത്ത് കയറിയതും നയനമോള് തുമ്മാൻ തുടങ്ങിയത്?

ഞാൻ വൃത്തിയാക്കാം….എന്നിട്ട് നയനേച്ചിയെവിടെമ്മേ…?

നിങ്ങടെ റൂമിലുണ്ട്. വൃത്തിയാക്കുന്നത് വരെ അവളെ വിളിക്കണ്ട… ഉറങ്ങിയിട്ടുണ്ടാവും..

ന്റെ കൃഷ്ണാ…… ഏട്ടനതാവും എന്നോട് പറയാതെ പോയത്… കൃഷ്ണ മനസ്സിൽ ഓർത്തു. വന്ന അന്ന് മുതൽ ശ്രദ്ധിക്കുന്നതാ.. രാകേഷേട്ടന് നയനേച്ചിയെ തീരെ ഇഷ്ടമല്ല.

ആ മുറിയും വൃത്തിയാക്കിയ ശേഷമാണ് കൃഷ്ണ കുളിക്കാൻ വേണ്ടി മുറിയിൽ കയറിയത്. നയനെയെ ഉണർത്താതെ കൃഷ്ണ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും. നയന ഉണർന്നു.

മുറി ശരിയായോ..?

ഉം.. ശരിയായി… നയനേച്ചി. കുറച്ച് കഴിഞ്ഞ് പോകാം

ഞാൻ പോണു.. അവൾ കട്ടിലിൽ നിന്നും പെട്ടന്നിറങ്ങി :

ഇച്ചേച്ചി.. പതുക്കെ ഇറങ്ങ്. ഇനി പതുക്കെയൊക്കെ എല്ലാം ചെയ്യാവൂ..
അതു പോലെ പ്രസവം കഴിയുന്നത് വരെ ഈ ജീൻസും ലഗ്ഗിൻസുമൊന്നുമിടണ്ട..

അത് നീയാണോ തീരുമാനിക്കുന്നത്. ദേ… കൃഷ്ണാ …..നീയെന്റെ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തുന്നതാ നിനക്ക് നല്ലത്.
പത്ത് പ്രസവിച്ച ആളുകളെ പോലെ … യാ അവളുടെ ഒരോ സംസാരം. അല്ലെങ്കിൽ തന്നെ
ഗർഭത്തെകുറിച്ച് നിനക്കെന്തറിയാം.

അമ്മയും അച്ഛമ്മയും നന്ദേച്ചിയോട് പറയുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്. നന്ദേച്ചി.. പറഞ്ഞത് പോലൊക്കെ കേട്ടത് കൊണ്ട് പ്രസവം സുഖ|മായിരുന്നൂന്ന് അവരൊക്കെ പറയുന്നത് കേട്ടത് കൊണ്ടാ… ഞാ….. ൻ

ഗർഭത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ ഞാൻ അതിന്റെ രീതിയിൽ പഠിച്ച് ചെയ്തോളാം. നീ.. അമ്മൂമ്മ വർത്തമാനവുമായി എന്റടുത്ത് വരരുത്.. പ…റഞ്ഞേക്കാം.
നയന കൃഷ്ണയ്ക്ക് നേരെ വിരൽ ചൂണ്ടി. എന്നിട്ട് പറഞ്ഞു. വിദ്യാഭ്യാസവുമില്ല.. വിവരവുമില്ല.

ഓ.. ശരി… ശരി. ഞാൻ ഇടപെടില്ല പോരെ..

നയനേച്ചി… ഈ മൃഗങ്ങളൊക്കെ പ്രസവിക്കാൻ സമയത്ത് .. എവിടെ പോയാ പഠിക്കുന്നത്..

ടീ… നീയെന്ന മൃഗവുമായ് സാമ്യപ്പെടുത്തുന്നോ? നയന കൈവീശി കൃഷ്ണയുടെ കവിളത്ത് ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായ് കിട്ടിയ അടിയായതിനാൽ കൃഷ്ണ ഒന്നുമറിഞ്ഞു പോയി.. അവളുടെ കൈ തട്ടി ഫ്ലവർ സ്റ്റാൻസ് നിലത്ത് വീണു. ഒച്ച കേട്ട് ശ്രീദേവിയും
ഓടിയെത്തി…

എന്താ… മോളെ എന്താ..

നിറഞ്ഞ തൂകിയ മിഴികൾ മറയ്ക്കാനായി അവൾ കുനിഞ്ഞ് സ്റ്റാൻഡ് നിവർത്തി വച്ചു.. നയനയോടി വന്നു ചൂരലു കൊണ്ടുണ്ടാക്കിയ പൂക്കൂടയെടുത്ത് പഴയപടി വച്ചു..

നയനമോളെ.. വീണോ? എന്തെങ്കിലും കുഴപ്പമുണ്ടോ?

ഇല്ലമ്മേ… എനിക്ക് കുഴപ്പമൊന്നുമില്ല.

പിന്നെന്താ.. ശബ്ദം കേട്ടത്.

ഇവൾക്ക് ഞാനൊരടി കൊടുത്തു. അനിയത്തിയാണെന്ന് പറഞ്ഞിട്ടെന്താ… കുശുമ്പും അസൂയയും നിറച്ച് വച്ചിരിക്കയല്ലേ…? എല്ലാം എന്റെ തെറ്റാ.. ആ പട്ടി കാട്ടിൽ കിടന്നു ചക്ക പുഴുക്കും പുളിച്ച മോരും കുടിച്ച് കിടന്നയിവളെയെനിക്കൊരു കൂട്ടാകുമല്ലോയെന്ന് കരുതിയാ രാകേഷിന് വേണ്ടിയാലോചിച്ചത്…

കൃഷ്ണ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു.

എങ്കിലെന്താ നയനേ …. നല്ല കുട്ടിയല്ലേ അവൾ . പത്താം ക്ലാസ്സെന്നത് ഒഴിച്ചാൽ ശരീരം നിറയെ പൊന്നും ഏക്കറ് കണക്കിന് നെൽപാടവും ഒക്കെയല്ലേ അവള് കൊണ്ട് വന്നത്.

ആ പട്ടി കാട്ടിൽ ഒരഞ്ചിനീയറെന്ത് ചെയ്യാനാച്‌ഛാ.

വേളിമലയുടെ ചാരെ ഒരു ഐറ്റി പാർക്ക് വന്നാലെന്താ.. ഞാവൽ പുഴ ഗ്രാമം ലോകമറിയില്ലേ…

ഞാൻ കൊണ്ട് വന്നതത്രയും ആവില്ലച്ഛാ..

ആവശ്യമില്ലാത്ത സംസാരം കളഞ്ഞ് നീ… കാര്യം പറയ്യ് നയനേ. ഹരികുമാർ സ്വരം കടുപ്പിച്ചു.

ഇവളെന്നെ മൃഗവുമായ് സാമ്യപ്പെടുത്തിയച്ഛാ..

ആണോ കൃഷ്ണേ? ആണോന്ന്… ശ്രീദേവി അവളെ പിടിച്ച് തിരിച്ചു നിർത്തി.
വലത് കവിളത്തെ നീലിച്ച പാടുകൾ കണ്ട് ശ്രീദേവി… അറിയാതെ വായ് പൊത്തി പോയി..കൃഷ്ണ ഭയന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

ഇതെന്തടിയാ നയനേ..നീ. അടിച്ചത്.

കരഞ്ഞ് കൊണ്ട് കൃഷ്ണ കാര്യം പറഞ്ഞു..

നയനേ… നീ .. കേട്ടതിന്റെ മിസ്റ്റേക്കാ. നിന്റെയത്ര വിദ്യാഭ്യാസമില്ലങ്കിലും ഇന്നിവൾ ഈ പറഞ്ഞത്. നൂറുശതമാനം ശരിയാ.. ആദ്യത്തെ മൂന്ന് മാസം.. പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നയാ.. ഇനി പ്രസവം കഴിയും വരെ ജീൻസിടണ്ട കേട്ടോ?
കൃഷ്ണയ്ക്ക് ചെറിയൊരാശ്വാ
സമായ്. ഭയന്നത് പോലെ ഒന്നൂല്ല..

അതല്ലമ്മേ.. പ്രഗ്നന്റായത് കൊണ്ടല്ല. പണ്ടേ ഇവൾക്ക് ഞാൻ ജീൻസ് ഇടുന്നതിൽ വലിയ കുശുമ്പാ.. നല്ലൊരനുഭവം എനിക്കുണ്ട്. ഇവൾ പലപ്പോഴും പലതരത്തിൽ എന്നെ ദ്രോഹിച്ചിട്ടുണ്ട്. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെയാ അവളെന്നെ കുറച്ചെങ്കിലും ബഹുമാനിച്ചത്. എന്നാൽ ഇപോ പഴയ സ്വഭാവം എടുത്തിട്ടുണ്ട്. ഞാൻ എന്റെ റൂമിൽ പോണമ്മേ… താഴെ ഇവളുടെ കച്ചട സംസാരം സഹിച്ച് കഴിയാൻ എനിക്ക് ബുദ്ധിമുട്ടാമ്മേ..ഇല്ലെങ്കിൽ ഞാൻ ലീവടുത്തു വീട്ടിൽ പോകാം..

നിനക്ക് വേണ്ടിയല്ലേ കൃഷ്ണയത് പറഞ്ഞത്. രാവിലെ മുതൽ ഒന്നും കഴിക്കാതെയാ രണ്ട് മുറികളും നിനക്ക് വേണ്ടി അവൾ ഒരുക്കിയത്.

മുകളിൽ ഞാൻ ശ്രദ്ധിച്ചോളാമമ്മേ
ഇവിടെ ഇവളോട് തല്ല് കൂടാൻ ഞാനില്ല.. ഇവളെ രാകേഷിന് വേണ്ടി ആലോചിച്ചപ്പോഴേ.. അച്ഛൻ പറഞ്ഞതാ. ഇത് ശരിയാകില്ലന്ന്.

നിങ്ങളനിയത്തിയും ചേച്ചിയും തമ്മിൽ തീർത്തോ? ഞങ്ങളിതിലിടപ്പെടുന്നില്ല.കവിളത്തെ തടിപ്പ് കാണുമ്പോൾ രാകേഷ് എന്ത് ചെയ്യുമെന്നറിയില്ല. ഹരിയേട്ടൻ വാ… ശ്രീദേവി ഹരികുമാറിനെയും വിളിച്ച് മുറിക്ക് പുറത്തിറങ്ങി.

നീ ഓർത്തോ ടീ ..നിന്റെ നാശം അടുത്തു.. നീയും ഹരിയേട്ടനും തമ്മിൽ മുഴുത്ത പ്രണയമായിരുന്നുവെന്ന് രാകേഷിനോടു ഞാൻ പറയും. അതോടെ നിനക്ക് വീണ്ടും പട്ടികാട്ടിൽ കാ പെറുക്കി നടക്കാം..

എന്റെ എല്ലാ കാര്യങ്ങളും ഏട്ടൻ അറിഞ്ഞിരിക്കണമെന്നുള്ളത് കൊണ്ട് എല്ലാം ഞാൻ ഏട്ടനോട് പറഞ്ഞു. അത് കേട്ട ശേഷമാ കിച്ചായെ കാണാൻ പോകാമെന്ന് ഏട്ടൻ പറഞ്ഞത്. ഞങ്ങൾ ബീച്ച് റോഡ് തിരിഞ്ഞപ്പഴാ നയനേച്ചിക്ക് വയ്യന്ന് പറഞ്ഞ് ഫോൺ വന്നത്.

അയ്യടാ… അവളുടെ ഒരു കിച്ച. തറവാട്ടിലെ പെൺകുട്ടികളെ മുഴുവൻ മോഹിപ്പിച്ച് അതിൽ നിർവൃതി കൊണ്ട് എല്ലാത്തിനെയും കണ്ണീരു കുടിപ്പിച്ചവൻ.

നയനേച്ചിയെന്നെയെന്ത് വേണേലും പറഞ്ഞോ? കിച്ചായെ അങ്ങനൊന്നും പറയല്ലേ.. നമ്മളാ.. തെറ്റ് ചെയ്തത്..
നമ്മളും നന്ദേച്ചിയെ പോലെ ചിന്തിക്കണമായിരുന്നു. സഹോദരസ്ഥാനത്ത് കാണാതെ പോയത് നമ്മളല്ലേ.?

നമ്മളെന്ന് പറയണ്ട..നിന്നെ മാത്രം ഊന്നി പറഞ്ഞാൽ മതി.. എനിക്കെന്റെ അറിവില്ലാ പ്രായത്തിൽ തൊന്നിയ ഒരു ചെറിയ വിഡ്‌ഢിത്തം.. അത് ഞാൻ ആ പടിയിറങ്ങിയ അന്നേ മറന്നു. നീയോ… താലിനിന്റെ കഴുത്തിൽ വീഴുമ്പോൾ പോലും നിന്റെ നെഞ്ചിലവനായിരുന്നില്ലേടീ…അയാളെന്ത് നേടിയാലും എനിക്കയാൾ തീരെ വിലയില്ലാത്തവനാ. വെറും സീറോ..?

ഉം.. കിട്ടാത്ത മുന്തിരി പുളിക്കും.. കൃഷ്ണ ചിരിച്ച് കൊണ്ട് പറഞ്ഞു.

കിട്ടാതാക്കിയത് നീയാ ..നീ.. ജനിച്ചത് കൊണ്ടാ.. അവൻ എന്നെ തഴഞ്ഞത്. നിന്നോടുള്ള ഇഷ്ടം കൊണ്ടാ.. അന്നേ .. അവനെന്നെ മാറ്റി നിർത്തിയത്. തരം കിട്ടിയപ്പോഴെല്ലാം. കിച്ചായെ പറ്റി ചേർന്ന് നീയെന്നെ ഒരു പാടുപദ്രവിച്ചു.. വെക്കേഷൻ ആനന്ദിക്കാനെത്തുന്ന എന്നെ കള്ളകണ്ണീരൊഴുക്കി ഹരിയേട്ടന്റെ കയ്യിലെ തല്ലു മുഴുവൻ പലപ്പോഴായ് വാങ്ങി തന്നു..

കള്ള കണ്ണീരൊഴുക്കേ… ആരും അടുത്തില്ലാന്നുറപ്പ് വരുത്തി വെറുതെയെന്നെ പിച്ചിയും തല്ലിയും തള്ളിയിട്ടും ഇച്ചേച്ചിയല്ലേ എന്നെ ഉപദ്രവിക്കുന്നത്. ഞാൻ സത്യായിട്ടൊഴുക്കിയ കണ്ണീരു തന്നെയാരുന്നു അത്.

ഇല്ലെടീ… ഇനിയാ നീ ശരിക്കും കരയാൻ പോകുന്നത്. വാക്സാമർത്ഥ്യം പണ്ടേ..നിനക്കിത്തിരി കൂടുതലാ.
നീ.. ഓർത്തോ…? നിന്നെ ഞാനിവിടുന്ന് ഓടിച്ചിരിക്കും. നിന്നെയിവിടെയെത്തിക്കാൻ ഞാൻ അലോചിച്ച് കൂട്ടിയ സമയം വേണ്ടതിന്. എന്റെ ജീവിതം തകർത്തതിന് ഞാൻ നിനക്ക് തരുന്ന ശിക്ഷ വളരെ വലുതാ. നീ ചിന്തിക്കുന്നതിലുമപ്പുറം

വെറുതെ ഓരോന്ന് പറഞ്ഞ് പിണങ്ങല്ലേ.. എനിക്ക് സ്നേഹം കൂടുമ്പോഴാ… ഞാൻ ഇച്ചേച്ചീന്നന്നെ വിളിക്കണത്.. നന്ദേച്ചിയെ പോലും ഞാനിങ്ങനെ വിളിച്ചിട്ടില്ല. എല്ലാരും പറയുമ്പോലെ പഠിപ്പും വിവരവുമില്ലാത്ത ഒരു പൊട്ടി പെണ്ണിന്റെ അറിവില്ലായ്മയാണെന്ന് കരുതി ക്ഷമിക്കേച്ചി.. ഞാനിനിയൊരു വാക്ക് കൊണ്ട് പോലും കളിയാക്കില്ല… സത്യായിട്ടും.

ഇത് പോലെ പണ്ടും നീ സത്യം ചെയ്തു.
തറവാട്ടിലെല്ലാരും ഒത്തൊരുമിച്ചൊരു സമയത്ത് ഞാൻ പൂക്കളമിട്ട് കൊണ്ടിരുന്നപ്പോൾ. പിന്നിൽ വന്ന് ജീൻസിൽ കാട്ട് വള്ളി തിരുകി ആണുങ്ങളുടെ മുന്നിൽ വച്ചു നീയെന്നെ ആക്ഷേപിച്ചു. അത് കണ്ടിട്ട് ആരും നിന്നെ വഴക്ക് പറയാതെ എല്ലാരും എന്നെ കളിയാക്കി ചിരിക്കേം.. .. മാറി മാറി പരിഹസിക്കേം ഒക്കെ ചെയ്തു. അന്നെനിക്കുണ്ടായ അപമാനം ഉള്ളിലൊതുക്കി ഞാനും ചിരിച്ചു. എന്തിനെന്നോ എന്നും നിന്നെ കരയിക്കാൻ വേണ്ടി.

എന്ത് ശിക്ഷ വേണോങ്കിലും തന്നോ ?
ജീൻസ് താഴ്ന്നിട്ട് ശരീരം പുറത്ത് കണ്ടത് കൊണ്ടാ.. ഞാനന്ന്

അതിനെന്താടീ….. ഞാൻ ഇന്നർ ധരിച്ചിരുന്നില്ലേ.. …

ഇന്നർ ഇൻ അല്ലായിരുന്നു ഔട്ടായിരുന്നു. കൃഷ്ണ ചിരിച്ചു വീണ്ടും.

നയന കൃഷ്ണയുടെ വായ് പൊത്തി കൂട്ടി പിടിച്ചു.

ഇനിയെനിക്കതിരെ വായ്തുറന്നാൽ നിന്റെ നാവിങ്ങ് പിഴുതെടുക്കും ഞാൻ. കൂടുതൽ മൂത്താൽ നിന്റെ നാട് കാണില്ല നീ. നിന്റെ വിളഞ്ഞ നാവിനെ ഒതുക്കി നിർത്താൻ ചെറിയ ഒരു മരുന്ന് ഞാൻ തരട്ടേടീ.. കേട്ടോ .
നീ സ്നേഹിച്ചതിനേക്കാൾ നൂറിരട്ടി അവൻ നിന്നെ സ്നേഹിച്ചിരുന്നു. അവന്റെ ഒടുക്കത്തെ മുടിഞ്ഞ പ്രേമം..

കൃഷ്ണയുടെ നെഞ്ചിലൊരു ഇടിത്തീ… വീണു. പിന്നീട് നയന പറഞ്ഞതൊന്നും അവൾ കേട്ടില്ല. ഒടുവിൽ നയന പല്ല് ഞെരിച്ച് കൊണ്ട് കൃഷ്ണയെ തള്ളിതാഴെയിട്ട് മുറിവിട്ട് പോയി.

നിലത്ത് വീണ കൃഷ്ണ ഏറെ നേരം അങ്ങനെയിരുന്നു..

ഇല്ല…. വെറുതെ.. പറയുന്നതാ നയനേച്ചി.. എന്നെ സങ്കടപ്പെടുത്താൻ…

എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ്.
നിലത്ത് എന്തോ…. കിടക്കുന്നത് കണ്ടത്. കൃഷ്ണ കുനിഞ്ഞതെടുത്തു. ഇത് നയനേച്ചിയുടെ ഉടുപ്പിലെ ബട്ടണല്ലേ
നാളെ കോള് മാറുമ്പോൾ വരും.. കൃഷ്ണേ….എന്റെ ടോപ്പിലെ ബട്ടണിളകി പോയി മോളെ… ഒന്നു തുന്നി താടാ… ന്നും പറഞ്ഞ്.. ചിലപ്പോൾ പുലിയാ.. ബട്ടൺ തിരിച്ചും മറിച്ചും നോക്കിയ ശേഷം അച്ചമ്മ സമ്മാനിച്ച കൊത്തുപണികളുള്ള തടി പ്പെട്ടിയിൽ സൂചിയും നൂലും ഇട്ടിരിക്കുന്ന ചെറിയ പെട്ടിയിൽ വച്ച് അടച്ചു.. അപ്പോഴാണ് വെള്ളിടി വെട്ടിയ പോലെ നയനയുടെ വാക്കുകൾ വീണ്ടും മനസ്സിനെ നൊമ്പരാപ്പടുത്തിയത്. പെട്ടിയിലെ പട്ടുതുണിയിൽ പൊതിഞ്ഞ വെള്ളി പാദസരം കൃഷ്ണ കയ്യിലെടുത്ത്.
ആ പാദസരത്തിൽ നോക്കി അവൾ പറഞ്ഞു.. നയനേച്ചിയെന്നെ വെറുതെ കരയിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുന്നതാവും.. ഇല്ലേ…കിച്ചാ . അരുതെന്നെത്ര വിലക്കിയിട്ടും അവളുടെ മനസ്സ് ഓർമ്മകളിലേക്ക് ഓടിയിറങ്ങി.

(തുടരും)

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply