ഞാനും എന്റെ കുഞ്ഞാറ്റയും – 17

  • by

8303 Views

njanum ente kunjattayum aksharathalukal novel by benzy

പെട്ടിയിലെ പട്ടുതുണിയിൽ പൊതിഞ്ഞ വെള്ളി പാദസരം കൃഷ്ണ കയ്യിലെടുത്തു.
ആ പാദസരത്തിൽ നോക്കി
അവൾ പറഞ്ഞു.. നയനേച്ചിയെന്നെ വെറുതെ കരയിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുന്നതാവും ഇല്ലേ…കിച്ചാ.

അരുതെന്നെത്ര വിലക്കിയിട്ടും അവളുടെ മനസ്സ് ഓർമ്മകളിലേക്ക് ഓടിയിറങ്ങി.
ഇതേ സമയം സീ ലാൻഡിൽ

ടാ ….വിഷ്ണു ആ പവർ ബാങ്കിൽ ചാർജ് ബാക്കിയുണ്ടെങ്കിൽ എന്റെ ഫോണൊന്ന് ചാർജാക്ക്.. അച്ഛൻ വിളിച്ചിട്ടുണ്ടാവും ഹരികൃഷ്ണൻ വിഷ്ണുവിനോട് പറഞ്ഞു.

ങ്ങാ.. അതൊക്കെ ചെയ്യ്യാം.. നീ ബാക്കി കഥ പറയ്. കുളി കഴിഞ്ഞ് പറയാമെന്ന് പറഞ്ഞു… കുളിയും കഴിഞ്ഞ് പ്രാതലും കഴിഞ്ഞു. പെട്ടന്ന് പറയടാ..കഥ കേട്ടിട്ട് വേണം സുനാമി വരുന്നതിന് മുന്നെ നമുക്ക് സ്ഥലം വിടാൻ.

ഇനിയെന്ത് കഥ ….എന്ത് ജീവിതം..എല്ലാം തീർന്നില്ലേ. സുനാമിയെങ്കിൽ സുനാമി. തീരട്ടെയെല്ലാം, ഇതോടെ.

എന്റെ കരളും പറിച്ചോണ്ടല്ലേ അവൾ പോയത്. ഓർമ്മവെച്ച നാൾ മുതൽ നെഞ്ചിലേറ്റി നടന്നിട്ട് കൈവിട്ട് പോയല്ലോന്നുള്ള സഹിക്കാൻ പറ്റാത്ത വിഷമം മനസിലൊരു വശത്ത്. മറുവശത്ത് അവളെ ഫേസ് ചെയ്യാനാവാത്തവിധം കുറ്റബോധവും.

പഠിപ്പും വിവരവും ഉണ്ടായിട്ടും അവൾക്കുള്ള ബോധം പോലും എനിക്കില്ലാണ്ട് പോയി. മാളൂനെ പോലെ ഞാൻ കരുതിയില്ലല്ലോന്ന ചിന്തയാണ് മനസ്സു മുഴുവനും.? ആകെയൊരാശ്വാസം ഒളിപ്പിച്ച് വച്ചൊരിഷ്ടം അവളറിഞ്ഞിട്ടില്ലെന്നുള്ളതാ.
മനസ്സിനെ ഒന്ന് പിടിച്ച് നിർത്താൻ കഴിയുന്നത് വരെ ഒന്നു മാറി നിന്നേ.. പറ്റൂ… അതിന് വേണ്ടി മാത്രമാ.. ഈ ജോലി. കുഞ്ഞാറ്റയെ കാണാതിരിക്കാൻ വേണ്ടി മാത്രമുള്ള ഒരു താത്കാലിക ഒളിത്താവളം. രാകേഷാണെങ്കിൽ നൈറ്റ് ഷിഫ്റ്റ് ഉള്ള പതിനഞ്ച് ദിവസം വീട്ടിൽ കൊണ്ട് നിർത്തും.

നയനയൊരല്പം മടിച്ചിയാണ്.. കുഞ്ഞാറ്റയെ കൊണ്ട് എല്ലാ പണിയുമെടുപ്പിക്കും അത് ഒഴിവാക്കാനാ വീട്ടിലാക്കുന്നത്. ഒരു കണക്കിന് അത് നല്ലതാ. ഏത് വഴിക്കാ.. എപ്പഴാ… എങ്ങനെയാ..അവൾ പണി കൊടുക്കുന്നതന്നെറിയില്ല. ഹരികൃഷ്ണൻ ചിരിച്ച് കൊണ്ടു പറഞ്ഞു.. കുഞ്ഞാറ്റയെ കുഞ്ഞിലെ മുതൽ ഉപദ്രവാ. ആരും കാണാതെയാ ഉപദവിക്കുന്നത്. എന്നിട്ട് ഒന്നുമറിയാത്ത പോലെയിരിക്കും. കുറച്ച് കഴിയുമ്പോൾ ചെന്ന് സോറി പറയുകയും ചെയ്യും.

എന്റെ അമ്മ മരിച്ചപ്പോൾ ദേവമ്മായിയും ഗീതമ്മായിയും മത്സരിച്ചെന്നെ സ്നേഹിച്ചു. അന്നല്ലൊരുo ഗോകുലത്തിലായിരുന്നു താമസം.. കൂടെ കളിക്കാൻ മൂന്നനിയത്തിമാർ ഞാൻ വല്യേട്ടൻറെ ഗമയിലാണെങ്കിലും ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ച്. കുഞ്ഞാറ്റ ജനിച്ച് ശേഷം ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്ന ദിവസം സി.എം. ചോദിച്ചു..

ഹരി കുട്ടാ.. നിനക്കിവളെ ഇഷ്ടായോ?
വെളുത്ത തുണിയിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന കുഞ്ഞാറ്റയെ ഞാൻ ഒന്നു നോക്കി. കണ്ണുകൾ ഇറുകെ പൂട്ടി മുഷ്ടിച്ചുരുട്ടി ചുണ്ടുകൾ കൂട്ടിപിടിച്ച് ഉറങ്ങുന്ന ഒരു കുഞ്ഞ്.. കണ്ടിട്ട് ഒരിഷ്ടവും തോന്നിയില്ല എനിക്ക്.

ഇഷ്ടായോ? ദേവ്മായിയും ചോദിച്ചു..

ഇല്ല.. ഇഷ്ടായില്ല. എനിക്ക് ഇവരെയാ.. ഇഷ്ടം. എന്റെ അരികിൽ നിന്ന നയനയെയും നന്ദേച്ചിയെയും അഛമേടെ കയ്യിലിരുന്നു വിരലുറുമ്പുന്ന മാളുവിനെയും നോക്കി ഞാൻ പറഞ്ഞു.

പഠിച്ച് വലുതാകുമ്പോൾ നിനക്ക് കല്യാണം കഴിപ്പിച്ച് തരാന്നേ.. ഗീതമ്മായി പറഞ്ഞു.

എനിക്ക് വേണ്ട.. ഞങ്ങള് പോണു..
നയനയുടെ കയ്യ് പിടിച്ച് കളിക്കാൻ പോണൂന്ന് പറഞ്ഞ് വാതിൽക്കൽ എത്തിയതും കുഞ്ഞാറ്റയുണർന്ന് കരയാൻ തുടങ്ങി..

ഏയ്.. ഹരി കുട്ടാ.. നീ.. പോണത് കണ്ടിട്ടാ കരയുന്നത്.. നിനക്കിഷ്ടായില്ലെങ്കിലും അവൾക്ക് നിന്നെ ഒത്തിരിയിഷ്ടായി കേട്ടോ?

സി.എം.. ചുമ്മാതെ വിളിച്ച് പറഞ്ഞതാണെങ്കിലും ഞാനത് വിശ്വസിച്ച് നയനയുടെ പിടി വിട്ട് അമ്മായീടെ കട്ടിലിനരികിൽ ചെന്നു. സി എമ്മിന്റെ കയ്യിൽ പിടിച്ച് കുഞ്ഞാറ്റയെ നോക്കി അങ്ങനെ നിന്നു. കുഞ്ഞാറ്റ കരച്ചിലോട് കരച്ചിൽ. ഞാൻ മെല്ലെ തല കുനിച്ച് നെറുകയിലൊന്നുമ്മവച്ചു.
ആ സമയത്ത് അവൾ കരച്ചിൽ നിർത്തി. എല്ലാരും പറഞ്ഞു, കണ്ടോ.. ഹരികുട്ടാ.. ഇപ്പോ.. വിശ്വാസായോ നിനക്ക്..?

അന്ന് നെഞ്ചിലേറ്റിയതാ. പിന്നെ കളിക്കാനൊന്നും ആരു വിളിച്ചാലും പോകില്ല. അവളനൊക്കി ഒറ്റയിരിപ്പാണ് ഞാൻ.. മൂന് നാല് മാസം കഴിഞ്ഞപ്പോൾ ദേവമ്മായിയെ കിട്ടിയില്ലെങ്കിൽ എന്റെ വിരലു പിടിച്ചുറുഞ്ചും. വളരുന്നതിനനുസരിച്ച് എനിക്ക് അവളോടുള്ള സ്നേഹവും കരുതലും വളർന്നു വന്നു.. എന്ത് കിട്ടിയാലും മാളൂനും കുഞ്ഞാറ്റയ്ക്കും മാത്രം. അവൾക്ക് ഞാനും എനിക്കവളും മതിയായിരുന്നു. എന്തിനും ഏതിനും കിച്ചാ.. എന്റെ കിച്ചാന്ന് വിളിച്ച് പിന്നാലെ വരും. തുക്കിയെടുത്ത് ഒക്കത്തും തോളത്തും വച്ച് കൊണ്ട് നടക്കും.. നന്ദയും നയനയും ഒരേ പ്രായമായിരുന്നെങ്കിലും. നന്ദ നല്ല പക്വതയുള്ള കുട്ടിയായിരുന്നു. കാര്യം പറയാതെ തന്നെ എല്ലാം മനസ്സിലാക്കി പ്രവർത്തിക്കും. പക്ഷേ.. നയന അങ്ങനെയല്ല… പറഞ്ഞാലും മനസ്സിലാകില്ല..വാശിക്കാരിയായിരുന്നു. വാശിപിടിച്ചിട്ടും ഞാൻ കൂടെ കൂട്ടാത്തത് കൊണ്ട് ഉണ്ടായ വാശിയും ഉപദ്രവവുമായിരുന്നു കുഞ്ഞാറ്റയോട് കാണിക്കുന്നത്.

വര്ഷങ്ങൾക്ക് ശേഷം നയന വീട്ടിൽ വന്നപ്പോൾ അവൾ ആകെ മാറിയിരുന്നു. കുഞ്ഞാറ്റയോട് വല്യ കാര്യാമായിരുന്നു.

ആ പാദസരം നിന്റെ കയ്യിൽ വച്ചിട്ടല്ലേ നീ.. കുഞ്ഞാറ്റയോട് പാദസരം എവിടെയെന്ന് ചോദിച്ചത്. വിഷ്ണു ചോദിച്ചു.

ഉം.. ഹരിമൂളി. എന്നിട്ട് പറഞ്ഞു. അവളറിയാതെ ഞാനതും ഒളിപ്പിച്ചു. അവളോടുള്ള എന്റെ ഇഷ്ടമൊളിപ്പിച്ചത് പോലെ..

കിച്ചായും …….കുഞ്ഞാറ്റയും. നല്ല ചേർച്ചയായിരുന്നു നിങ്ങൾ. പറഞ്ഞിട്ടെന്താ. എന്നോട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ? സുഹൃത്താണ് പോലും.. എന്ത്.. സുഹൃത്ത് … ഇല്ലേടാ.
ങ്ങാ.. നീ…ബാക്കി കൂടി പറയ്…

പാദസരം കിട്ടിയില്ലന്ന് പറഞ്ഞതും.. ഞാൻ പറഞ്ഞു അതിങ്ങഴിച്ച് തന്നക്ക്. പഠിക്കാത്ത കുട്ടികൾക്ക് പാദസരം ചേരില്ല..
കേൾക്കാത്ത താമസം അടുക്കളയിലെ നിലത്തിരുന്നു കൊണ്ട് പാദസരം അഴിച്ച് കയ്യിൽ തന്നിട്ട് ചിരിച്ച് കൊണ്ടവൾ പറഞ്ഞു..

ദാ… പഠിത്തമുള്ളയാള് വെച്ചോ.. ഇത് തട്ടാന് കൊടുത്തിട്ട് കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് രണ്ട് സ്വർണ്ണ പാദസരം വാങ്ങി കൊടുക്കെന്ന് പറഞ്ഞ് എനിക്ക് നേരെ വച്ചു നീട്ടിയപ്പോൾ, അങ്ങനെ തന്നെയെന്ന്
മനസ്സിലുറപ്പിച്ചു കൊണ്ട് ഞാനത് വാങ്ങി സൂക്ഷിച്ചു വച്ചു.

മാളുവിനെ കാണാൻ അടുത്ത ദിവസം തന്നെ മുരിങ്ങ മൂട്ടിലെ ശ്രീനിയങ്കിളും ഭാര്യയും നീരജുമെത്തിയിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്താ. പേര്..? നീരജ് പുഞ്ചിരിയോടെ മാളുവിനോട് ചോദിച്ചു.

വിഷ്ണുമായ. ഇവിടെല്ലാരും മാളൂട്ടീന്ന് വിളിക്കും.

മാളൂട്ടിക്കെന്നെയിഷ്ടായോ?

നടക്കുമ്പോളെനിക്ക് അല്പം മുടന്തുണ്ട്. കണ്ടിരുന്നോ.. മുഖം കുനിച്ച് അവൾ ചോദിച്ചു.

ആദ്യം ഞാൻ കണ്ടത് അതാണ്.
നീരജ് പുഞ്ചിരി വിടാതെ മറുപടി പറഞ്ഞു.

എന്റെ ഈ കയ്യ്ക്കു നല്ല സ്വാധീന കുറവുണ്ട്. മറുകയ് കൊണ്ട് അത് ഉയർത്തി വയറിനോട് ചേർത്തു വെയ്ക്കുമ്പോൾ മാളൂട്ടിയൊന്ന് വിതുമ്പി.

സാരല്യ.. എല്ലാം.. അറിയാം. എന്തോ.. എനിക്ക് തന്നെ വല്ലാതങ്ങിഷ്ടായി.
നാളെ ഞാൻ മലേഷ്യക്ക് തിരികെ പോകുന്നു. ഞാനിനി അടുത്ത വർഷം വരും. ഒപ്പം അമ്മയും അച്ഛനുമുണ്ടാവും. അവരോട് ഞാൻ സൂചിപ്പിച്ചു.. എന്റെ ഒരിഷ്ടത്തിനുമെതിരല്ലവർ. തനിക്കെന്നെ ഇഷ്ടാണോന്നറിഞ്ഞാൽ മാത്രം മതി.

മാളു ഒന്നും പറഞ്ഞില്ല.

ഈ മൗനം സമ്മതമായ് എടുത്തോട്ടെ! ഞാൻ ?

മാളൂട്ടി ചെറുതായിട്ടൊന്നു ചിരിച്ചെന്ന് വരുത്തി.. അവൾക്ക് ഭയമായിരുന്നു. തന്റെയീ.. വൈകല്യത്തെ..

നീരജ് പോയി കഴിഞ്ഞതും കൃഷ്ണയും നയനയും ഓടിയരികിലെത്തി..

ഇഷ്ടായോടീ.. നയന ചോദിച്ചു..

ഒരു ആവർത്തനം പോലെ ഇതും..
നയനയവളുടെ വായ പൊത്തി പിടിച്ചു. നെഗറ്റീവ് ചിന്ത വേണ്ട മാളൂ …..

നീ സ്വപ്നം കണ്ട ആളാണോടീ.. നയന കൃഷ്ണയോട് ചോദിച്ചു.

ഞാൻ നല്ല പോലെ കണ്ടില്ല. ആ സമയത്താ നന്ദേച്ചി വിളിച്ചത്. എന്നാലും ഇത് മതി എന്റെ മാള്യേച്ചിക്ക്. ഒന്ന് ചിരിക്കെന്റെ മാള്യേച്ചീ. കൃഷ്ണ അവളുടെ താടിപിടിച്ചുയർത്തി.

മാളൂ…. ഇഷ്ടായോന്ന് ചോദിച്ചെല്ലാരും എത്തി. ആരോടും അവൾ ഇഷ്ടായീന്നും അല്ലെന്നും പറഞ്ഞില്ല. മാളൂട്ടിയുടെ അരികിൽ ഇരുന്നിട്ട് ഹരി പറഞ്ഞു.

നിന്നെ ഏട്ടൻ മലേഷ്യയിലൊന്നും വിടില്ല കേട്ടോ? ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കാണണമേട്ടന്. ഏട്ടാ…ന്ന് വിളിച്ച് മാളൂട്ടി ഹരിയുടെ മാറിൽ മുഖമമർത്തി കരഞ്ഞു. ഞാനെങ്ങും പോകില്ല. എനിക്ക് പേടിയാ ഏട്ടാ.
കേട്ടപ്പോൾ ഹരിയുടെ കണ്ണും നിറഞ്ഞ് പോയി.

കിച്ചാ മാള്യേച്ചിയെ മലേഷ്യക്ക് കൊണ്ട് പോണേൽ നമുക്കെല്ലാർക്കും കൂടി മലേഷ്യയ്ക്ക് വിട്ടാലോ..?

ഇയ്യോടീ…പത്താം ക്ലാസ്സ് തോറ്റവർക്ക് മലേഷ്യക്ക് പോകാൻ പറ്റില്ല. സമയമുണ്ട് പെട്ടന്ന് പഠിച്ചെടുക്ക്. ദേവപ്രഭ കൃഷ്ണയെ കളിയാക്കി..

ങ്‌ഹേ… ഇവള് പത്ത് തോറ്റോ? ആണോടീ… നയനയപ്പോഴാണ് അത് അറിഞ്ഞത്.

അവള് പത്താം ക്ലാസ്സിൽ 7 – മാർക്കിന്റെ കുറവിൽ തോറ്റുപോയി മോളെ. ദേവപ്രഭ പറഞ്ഞു.

ചെറിയമ്മേ… കളിക്കാതെ കാര്യം പറയണുണ്ടോ?

സത്യാ.. മോളെ… രണ്ടാമതൊന്നെഴുതാൻ പറഞ്ഞിട്ട് കേട്ടില്ല.

ശ്ശൊ.. ഷേം കൃഷ്ണാ.. ഷേയ് മ് … ചെറിയച്ചനെങ്ങനെ ഈ നാണക്കേട് സഹിക്കുന്നന്റെ ചെറിയമ്മേ…
.
നാണം കെടാനെന്താ.. ഞാനാർക്കും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രണയ ലേഖനമൊന്നുമെഴുതി കൊടുത്തില്ലല്ലോ? ഒന്നു തോറ്റു. ശരിയാണ്. അതിലൊരു നാണകേട് എനിക്കീ നിമിഷംവരെ തോന്നിയിട്ടില്ല.

എന്റെ മോളെ നീയത് എനിക്കിട്ട് താങ്ങിയതാണല്ലോ? നയന ചിരിച്ച് കൊണ്ട് പറഞ്ഞു. അതെന്റെ അറിവില്ലാ പ്രായമായിരുന്നു. അന്ന് ഹരിയേട്ടനെന്നെയൊന്ന് തല്ലിയത് കൊണ്ടാ.. അച്ഛനെന്നെയിവിടുന്ന് കൊണ്ട് പോയത്. അത് കൊണ്ടെന്താ നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിച്ചു. നല്ല ശമ്പളം കിട്ടുന്ന ഒരു ജോലിയും ആയി. ഇല്ലെങ്കിൽ ഞാനും നിന്നെ പോലെ പൊട്ടത്തരവും പറഞ്ഞ്. പഠിക്കാതെ ഈ കാടും മേടും കേറിയിറങ്ങി നടന്ന് തോറ്റു പോകുമായിരുന്നു.

ഞാനെന്ത് പൊട്ടത്തരമാ പറഞ്ഞത്..? കൃഷ്ണ ചോദിച്ചു.

ദേ.. കളി കാര്യാവരുത് കേട്ടോ?
മാളൂട്ടി ഓർമ്മപ്പെടുത്തി.

അതേയതേ.. കളി കാര്യമാവരുത് കേട്ടല്ലോ? ഗോമതിയമ്മ രണ്ടാളെയും ഓർമ്മപ്പെടുത്തി..

കൃഷ്ണാ സത്യായിട്ടും നയനേച്ചിക്ക് സങ്കടമുണ്ട്. നീ പഠിക്കാത്തതിൽ.

പഠിച്ചിട്ടെന്ത് ചെയ്യാനാ..
ദേ ഈ നിൽക്കുന്ന എന്റെ അമ്മയുണ്ടല്ലോ സർക്കാർ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ആളാ. എന്നിട്ടെന്തായി. മക്കളൊക്കെയായപ്പോൾ ജോലിയുപേക്ഷിച്ച് വീട്ടിലിരുപ്പായ്. വല്യമ്മയും ഏതാണ്ടൊക്കെ പഠിച്ച് പട്ടണത്തിൽ ജോലിയും നേടി.
എന്നിട്ടോ? കല്യാണം കഴിഞ്ഞതോടെ വല്യച്ഛൻ കൊണ്ടോയി ഫ്ളാറ്റിൽ പൂട്ടിയിട്ടു. അതോടെ പഠിച്ചതൊക്കെ ഡിം. ഡിം.

എന്റെ നന്ദേച്ചി ടീച്ചറാ. അവിടെ മാധവേട്ടന്റെ നാട്ടിൽ. നന്ദേച്ചി പ്രസവിക്കുമ്പോൾ ആ ജോലിയും പോകും..

ഇനി നയനേച്ചിടെ കാര്യം……. വലിയച്ഛൻ പഠിപ്പും ജോലിയുമുള്ള ഒന്നാന്തരം ഒരു ചേട്ടനെ കണ്ടെത്തി നയനേച്ചിയെ കല്യാണം കഴിപ്പിക്കും. ആ ചേട്ടൻ ചേച്ചിയെ ജോലിക്ക് വിടും. ചേച്ചീം.. ഗർഭിണിയാകുന്നതോടെ ആ ജോലീ പോകും.

എടി മണ്ടൂസേ… അളുകൾ പഠിക്കുന്നത് ജോലിക്ക് വേണ്ടിയല്ല.. അറിവിന് വേണ്ടിയാ..

കൃഷ്ണാ.. നിർത്ത് … ദേവപ്രഭ താക്കീത് ചെയ്തു.

എനിക്ക് ഇത്ര അറിവൊക്കെമതി. കൃഷ്ണയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.. അമ്മ നിർത്താൻ പറഞ്ഞത് കൊണ്ട് അവൾ നിർത്തി.

എന്റെ ദേവീ… ഇവളെ കെട്ടി കൊണ്ട് പോകാൻ വിദ്യാഭ്യാസമുള്ള ഒരുത്തനെങ്കിലും ഈ പടി ചവിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.

അതിനെന്താ ചെറിയമ്മേ. ഒരിഞ്ചിനീയറെ കൊണ്ട് തന്നെ കെട്ടിക്കാം നമുക്ക് ഇവളെ.

അതെന്താ.. നയനമോളെ അങ്ങനെ ആരെങ്കിലുമുണ്ടോ? ഗോമതിയമ്മ ചോദിച്ചു..

വേറെയെന്തിനാ.. നമ്മുടെ ഹരിയട്ടൻ ഉണ്ടല്ലോ? സി.എം. പറയുന്നതിനപ്പുറം ചലിക്കില്ലല്ലോ ഹരിയേട്ടൻ. നയന രണ്ടാളെയും മാറി മാറി നോക്കി.

സി.എം എന്തായാലും അങ്ങനെ പറയില്ല. ദേവപ്രഭയുടെ മറുപടി മൂർച്ചയുള്ള ചാട്ടുളി പോലെ ഹരിയുടെയും കൃഷ്ണയുടെയും നെഞ്ചിൽ തറച്ച് കയറി.

സി.എമ്മിനും എനിക്കും ജനിക്കാതെ പോയ മകനാ ഹരി. ഹരിയുടെയും കൃഷ്ണയുടെയും മനസ്സൊരിക്കലും ആ വഴിക്ക് ചിന്തിക്കില്ലെന്ന് ഞങ്ങൾക്കറിയാം. ഇല്ലേ.. അമ്മേ…

പിന്നല്ലാണ്ട് … നിങ്ങള് മൂന്നാളും എന്റെ ഹരി കുട്ടന് മാളൂട്ടിയെ പോലെ തന്നെയാ.. അല്ലേ… ഹരി.

അതെ അചഛമ്മേ…. പെട്ടൊന്നൊരു മറുപടി പറഞ്ഞ് ഗോമതിയമ്മയെ ചുറ്റിപിടിക്കുമ്പോൾ തന്റെ ഹൃദയത്തിന്റെ പിടപ്പ് അച്ഛമ്മയറിയാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു ഹരി കൃഷ്ണൻ.

(തുടരും)

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply