ഞാനും എന്റെ കുഞ്ഞാറ്റയും – 18, 19

4408 Views

njanum ente kunjattayum aksharathalukal novel by benzy

അതെ അചഛമ്മേ…. പെട്ടൊന്നൊരു മറുപടി പറഞ്ഞ് ഗോമതിയമ്മയെ ചുറ്റിപിടിക്കുമ്പോൾ തന്റെ ഹൃദയത്തിന്റെ പിടപ്പ് അച്ഛമ്മയറിയാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു ഹരി കൃഷ്ണൻ.

കൃഷ്ണയ്ക്കൊന്ന് പൊട്ടികരഞ്ഞാൽ മതിയെന്ന് തോന്നി. അവൾ മെല്ലെ നടന്ന് അച്ഛമ്മയുടെ അരികിലെത്തി..അവളും അച്ഛമ്മയെ കെട്ടിപിടിച്ചു. ചെറുവിരലൊന്ന് ഹരികൃഷ്ണൻറെ ദേഹത്ത് തൊട്ടതും ഹരി നിവർന്നിരുന്ന് കൊണ്ട് കൃഷ്ണയുടെ ഭാവം ശ്രദ്ധിച്ചു. കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

എന്ത് പറ്റി പ്രിയ കുട്ടീ… കണ്ണ് നിറഞ്ഞല്ലോന്ന് ഹരി ചോദിച്ചു. ഒപ്പം അവനിങ്ങനെ ആഗ്രഹിക്കുകയും ചെയ്തു. ‘ന്റെ കിച്ചായെ മാത്രമേ.. ഞാൻ കല്യാണം കഴിക്കുന്ന് പറയണേ കൃഷ്ണായെന്ന്..

പറമോളെ എന്തിനാ.. നീ കരയുന്നത്.?
ഗോമതിയമ്മയും ചോദിച്ചു.
പഠിക്കാത്തത് വലിയ കുറ്റമാണോ
അച്ഛമ്മേ..

എന്ന് ചോദിച്ചാൽ.. പഠിച്ചിരിക്കുന്നത്. നല്ലതാ. വിദ്യാഭ്യാസമുണ്ടെങ്കിൽ എവിടെയും ഒരു വിലയുണ്ടാവും. അതില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല..

നല്ലതോ .. ചീത്തയോ.. എന്നല്ല.. കുറ്റമാണോ? അല്ലയോ? കൃഷ്ണ മൂക്കു പിഴിഞ്ഞ് വീണ്ടും ചോദിച്ചു.

ഇതൊരു കുരുക്കാണെന്ന് മനസ്സിലായതും..ഗോമതിയമ്മ ചോദ്യം ഹരിക്ക് കൈമാറി.

അങ്ങനെ ചോദിച്ചാൽ പഠിക്കാത്തത് കുറ്റമാണോ ഹരീ..?

കുറ്റമല്ലച്ചമ്മേ..എങ്കിലും അതൊരു കുറ്റത്തെക്കാൾ വലുതാ. കുടുംബത്തിനതൊരു ഐശ്വര്യകുറവ് തന്നെയാ. ദേ നമ്മുടെ നയന പഠിച്ച് ഇഞ്ചിനിയർ ആയി. ഞാനും ഒരു ഇഞ്ചിനീയറോ .. ഇഞ്ചിനീയർമാരെ വാർത്തെടുക്കുന്ന ഒരദ്ധ്യാപകനോ ആകും ആറുമാസം കഴിഞ്ഞാൽ. മാളും ശ്രീനന്ദയും ബിരുദധാരികൾ. അച്ഛനും സി.എമ്മിനും ഗീതമ്മായിക്കും ദേവമ്മായിക്കും. അച്ഛമ്മയ്ക്കും കുടുംബത്തിലെ ഏറെപ്പേർക്കും ഉണ്ട് ബിരുദ സർട്ടിഫിക്കറ്റ്. .എന്തിന് പറമ്പ് കിളക്കാൻ വരുന്ന സ്കൂള് കണ്ടിട്ടില്ലാത്ത ചേനന്റെയും ചോമയുടെയും റബ്ബർ വെട്ടുകാരൻ ദാസപ്പന്റെയും മക്കളുവരെ ബിരുദം എടുത്തു. നാളെ അവരുടെ മക്കൾക്കീഗതി വരാതിരിക്കാൻ. അവരുടെ മക്കൾക്കറിയാം അച്ഛനമ്മമാരുടെ കഷ്ടപാടിന്റെയും വിയർപ്പിന്റെയും വിലയാണ് അവർ നേടിയ ആ ബിരുദം. പെട്ടിയിലിരുന്ന് ചിതലരിച്ചാലും തലനിവർത്തി നില്ക്കാം ആരുടെ മുന്നിലും. അങ്ങനെയൊക്കെ നോക്കുമ്പോൾ ഈ ഗ്രാമത്തിന്റെ ജനപ്രിയ നായകൻ സി.എമ്മിന്റെ മകൾക്ക് അതൊരു കുറവ് തന്നെയാ. ചെറിയ കുറവല്ല വലിയ ഒരു കുറവ്. ഇവൾക്കെന്തിനങ്കിലും.. ഒരു കുറവ് സി.എമ്മ് വരുത്തണമായിരുന്നു എങ്കി ലിവൾ പഠിക്കുമായിരുന്നു.

ഹരിയേട്ടാ അവൾക്ക് കണക്കിന് മാത്രമല്ലേ…. ഏഴ് മാർക്ക് കുറവുണ്ടായിരുന്നുള്ളു. മൊത്തം മാർക്ക് നോക്കുമ്പോൾ ഇവിടുള്ള ആരെക്കാളും കൂടുതല് തന്നെയാ . മാളൂട്ടി കൃഷ്ണയുടെ രക്ഷയ്ക്കെത്തി.

എന്ന് പറഞ്ഞിട്ടെന്താ. തോൽവി തോൽവി തന്നെയല്ലേ… ഹരിയും വിട്ടില്ല. മറ്റ് വിഷയത്തിന് കാണിച്ച മിടുക്കെന്താ ഇവൾ കണക്കിന് കാണിച്ചില്ല. ഞാൻ പഠിപ്പിച്ച് കൊടുത്ത സമയത്തൊക്കെ ഇവൾ നന്നായി മനസ്സിലാക്കിയിരുന്നു. എന്നിട്ട് പരീക്ഷ ഹാളിൽ പോയി സ്വപ്നം കണ്ടിരുന്നോ? പിന്നീട് എഴുതിയെടുക്കാൻ നമ്മളോരോരുത്തരും കാല് പിടിച്ചില്ലേ. ഒരു ദിവസം മോള് പഠിക്കണില്ലേന്ന് ചോദിക്കാത്ത ഒരാള് പോലുമുണ്ടാവില്ല ഈ നാട്ടിൽ. ആ ഒരു കാര്യത്തിൽ മാത്രമാ സി.എമ്മിന്റെയും അച്ന്റെയും തല കുനിഞ്ഞ് കണ്ടിട്ടുളളു ഞാൻ.

അതേ… കൃഷ്ണ വലിയ കുറവുകളുള്ളവളാ.. പഠിപ്പില്ലാത്തവൾ.. ലോക തോൽവി… പമ്പര വിഡ്ഢി.. വെറുമൊരു സ്വപ്ന ജീവി…. പക്ഷേ…ആരൊക്കെയെന്നെ കളിയാക്കിയാലും കിച്ചയെന്നെ കളിയാക്കരുതായിരുന്നു… കിച്ചായിനിയെന്നോട് മേലിൽ ചങ്ങാത്തത്തിന് വന്നു പോകരുത്. ഞാൻ.. എന്റെ യോഗ്യതയ്ക്ക് അനുസരിച്ച് നിന്നോളാം. കൃഷ്ണ ഹൃദയം തുറന്ന് ഒന്ന് കരയാനും ഹരിയുമായ് ഇനിയൊരകലം പാലിക്കാനും വേണ്ടി. വെറുതെ കാരണമുണ്ടാക്കുകയായിരുന്നു.

അത്രയ്ക്ക് വേണോ? ഹരി പെട്ടന്ന് തണുത്തു.

കിച്ചയിനിഎന്നോട് മിണ്ടണ്ടന്ന് പറഞ്ഞാൽ മിണ്ടണ്ട.. അവളോടി മുറ്റത്തേക്കിറങ്ങി.

കളി കാര്യായല്ലോ ഭഗവതീ… മുമ്പെങ്ങും ഇല്ലാത്ത സ്വഭാവങ്ങളാ ഇപ്പോ ഈ കുട്ടിക്ക്..? ഗോമതിയമ്മ പറഞ്ഞു.

ഹരിയേട്ടനിന്നേവരെ അവളെ കളിയാക്കാത്തതല്ലേ ഇന്നെന്താ.. ഇങ്ങനെ ? നയനേച്ചിയുടെ മുന്നിൽ വച്ച് കളിയാക്കിയത് കൊണ്ടാവും അവൾക്കിത്ര സങ്കടം.. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ മറുപടി പറഞ്ഞ് പിടിച്ച് നിൽക്കുന്നതാ.

നയന അന്യ കുട്ടിയല്ലല്ലോ? ഇവിടുത്തെ കുട്ടിയല്ലേ…? ഹരി പറഞ്ഞു.

ആണ്. നയനേച്ചിക്ക് കളിയാക്കുന്ന ഒരു സ്വഭാവം മുമ്പുണ്ടായിരുന്നല്ലോ? അതുകൊണ്ടാവും. ആരൊക്കെ കളിയാക്കിയാലും എനിക്കറിയാം. എനിക്ക് വേണ്ടിയാ അവൾ പഠിപ്പ് നിർത്തിയത്..

നിനക്ക് വേണ്ടിയോ? ഹരി ചോദിച്ചു.

എല്ലാരും മാളൂട്ടിയെ നോക്കി.. ദേവ പ്രഭ ചോദിച്ചു. എന്തിന്?

അവളുടെ മാത്സ് പരീക്ഷയുടെ അന്ന് ഞാൻ കിണറിൽ നിന്ന് ഒറ്റ കയ്യ് വെച്ച് വെള്ളം കോരാൻ ശ്രമിച്ചതാ. പിടിവിട്ട കയറിനൊപ്പം കിണറിലേക്ക് പോകാൻ തുടങ്ങ്ങുകയായിരു അവളോടി വന്ന് എന്നെ പിടിച്ച് പിന്നിലേക്ക് വലിച്ചിട്ടു. അവളടിയിലും ഞാൻ മുകളിലും. അവൾ കരുതിയത് ഞാൻ മനപൂർവ്വം കിണറ്റിൽ ചാടാൻ ശ്രമിച്ചതാണെന്ന്. എത്ര പറഞ്ഞിട്ടും ഓരോന്ന് പറഞ്ഞ് സ്കൂളിൽ പോകാതെ എന്നെ ചുറ്റി പറ്റി നിന്നു. പിന്നെ ഞാനോടിച്ച് വിടുകയായിരുന്നു. അവളില്ലാതെ കിണറരികത്ത് പോകരുതെന്ന് നൂറുവട്ടം എന്നെ കൊണ്ട് സത്യം ചെയ്യിച്ചു.

എന്നിട്ട് മോളെന്താ പറയാതിരുന്നത്.. ഗോമതിയമ്മ ചോദിച്ചു.
അതാണ് കാരണമെന്നെനിക്കറിയില്ലായിരുന്നല്ലോ അച്ഛമ്മേ. ഇപ്പോ.. എനിക്കങ്ങനെയൊക്കെയാ തോന്നുന്നത്. പരീക്ഷ കഴിഞ്ഞ് വന്നതും അവളെന്നെ കെട്ടി പിടിച്ചു വെച്ച് ഒത്തിരി നേരം കരഞ്ഞു. പിന്നീട് കൂടെ നിന്ന്
ഒരു കയ്യ് കൊണ്ട് വെള്ളം കോരാൻ .. മുറ്റമടിക്കാൻ തുണിയലക്കാൻ പാചകം ചെയ്യാൻ എല്ലാംഅവളെന്നെ പരിശീലിപ്പിച്ചു.എന്നിട്ടിവൾ ഓരോ താക്കീതും തരും.. പരിശീലിച്ചുവെന്ന് കരുതി തനിയെ ഒന്നും ചെയ്യണ്ട. ഞാനില്ലാത്തപ്പോൾ അതും വിളിപ്പുറത്താളുള്ളപ്പോൾ മാത്രം ചെയ്താൽ മതിയേ..മാള്യേച്ചി.
ഞാനിതൊക്കെ പഠിപിച്ച് തരുന്നത്. ഇപ്പോ.. ചെയ്യാനല്ല കേട്ടോ? മാള്യച്ചിയുടെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ ചെയ്യാനുള്ളതാണെന്ന് പറഞ്ഞാണ് ഓരോന്നും ചെയ്യിക്കുന്നത്. എല്ലാം പരിശീലിപ്പിച്ചിട്ടും തലമുടി ചീകുന്നതും തുണി തേച്ച് തരുന്നതും തുണി കഴുകി തരുന്നതും എല്ലാം അവളാ..ഏത് സമയവും എന്നെ ചുറ്റി പറ്റിയാ നടപ്പ്. രണ്ട് വയസ്സിനിളയവളാ..എന്നിട്ടും ഒരമ്മയുടെ കരുതലാണ് ഞാനവളിൽ നിന്നറിയുന്നത്. അവളുടെ ആ കരുതലിന് എന്ത് സർട്ടിഫിക്കറ്റാ ഏട്ടാ.. നമ്മൾ കൊടുക്കേണ്ടത്..

ഹരികൃഷ്ണൻ കരഞ്ഞ് കൊണ്ടവളെ ചേർത്ത് പിടിച്ചു. ഏട്ടനും സംശയം തോന്നീരുന്ന് മോളെ …

ഏട്ടൻ ചെല്ല്. ഏട്ടനെകൊണ്ടേ.. പറ്റൂ.. കുഞ്ഞാറ്റകിളിയെ കൂട്ടിലാക്കാൻ മാളൂട്ടി ഹരിയെ പറഞ്ഞ് വിട്ടു.

ഞാൻ നോക്കട്ടെ! ഹരിമുറ്റത്തേക്കിറങ്ങി. കുറെ സമയം അവിടെയൊക്കെ നോക്കി. ഇനി വിപഞ്ചികയിലെങ്ങാനും പോയിട്ടുണ്ടാവോന്ന് ചിന്തിച്ച് നിൽക്കുമ്പോൾ കണ്ടു. അയണി മരച്ചോട്ടിൽ മുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്നു..

ഒരു കുഞ്ഞു കല്ലെടുത്ത് എറിഞ്ഞു ഹരി. ഉന്നം തെറ്റിയില്ല. കൃഷ്ണയുടെ ദേഹത്ത് ചെന്ന് തട്ടി. ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ഹരിയെ കണ്ടവൾ ചാടിയെഴുന്നേറ്റ് ഓടാൻ ശ്രമിച്ചതും..

ദേ.. ഓടരുത് … എറിഞ്ഞ് വീഴുത്തും ഞാൻ.

ഹരിയോടിയവളുടെയരികിലെത്തി.

പിണക്കാ…കിച്ചായോട്?

വേണ്ട.. കിച്ച..പോ.. എനിക്ക് കാണണ്ട.

കു……ഞ്ഞാ …….റ്റേ…. കുറെ നാളുകൾക്ക് ശേഷം…കിച്ചായുടെ നാവിൽ നിന്നാ വിളി വന്നതും അവൾ കരച്ചില് നിർത്തി മുഖമുയർത്തി ഹരിയെ നോക്കി.

എന്ന്.. വിളിക്കുമെന്ന് നീ കരുതേണ്ട.
എ ടീ.. നിന്നെ ഞാനിന്ന് വരെ കളിയാക്കിയിട്ടുണ്ടോ? പഠിക്കാത്തതിന് ഉപദേശിച്ചിട്ടുണ്ട്. വഴക്ക് പറഞ്ഞിട്ടുണ്ട്. ഈ കാര്യം ചോദിക്കുന്നവരുടെ മുന്നിൽ സി.എം. തലകുനിച്ച് നിൽക്കുന്നത് ഒരു പാട് പ്രാവശ്യം കണ്ടിട്ടുള്ളവനാ.. അതൊന്നും നിന്നോടെത്ര പറഞ്ഞിട്ടും കാര്യമില്ല. തത്ക്കാലം എന്നോട് നീയങ്ങ് ക്ഷമിക്കെന്റെ പ്രിയ കുട്ടീ..

ഞാൻ ഒരു സന്തോഷ വാർത്തപറയട്ടെ! അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഞാൻ ഗൾഫിൽ പോകയാണ്. പിന്നെ മൂന്നു മാസം കഴിഞ്ഞ് വന്നാൽ നിന്റെ ആഗ്രഹം പോലെ നമ്മൾ ആ പ്രോജക്ട് ചെയ്യും. അത് വരെ ന്റെ ചുന്ദരി കുട്ടിയെന്ത് പറഞ്ഞാലും കിച്ചയോട് പിണങ്ങരുത്.

ഞാനൊരു കാര്യം പറഞ്ഞാൽ കിച്ച സാധിച്ച് തരോ?

പറഞ്ഞോ? ഒരു മനുഷ്യനെ കൊണ്ട് പറ്റുന്നതാണെങ്കിൽ.

കിച്ച ഗൾഫിൽ പോണ്ട. എനിക്ക് കിച്ചായെ കാണാതെ പറ്റില്ല.

അപ്പോ നിന്നെ കെട്ടിച്ചു വിട്ടാൽ എന്ത് ചെയ്യും. ഹരി വീണ്ടും അമ്പ് തൊടുത്ത് വിട്ടു.

കെട്ടിച്ച് വിടണ്ട അത്ര തന്നെ. ഞാൻ പോണു. കൃഷ്ണ നടന്നു. ഹരി പിന്നാലെ ചെന്നു.

നീ ഒരിക്കലും കരയാതിരിക്കാൻ വേണ്ടി ഞാൻ നിനക്കെന്താ തരേണ്ടത്..ന്റെ മോള് പറ.

അവൾ കണ്ണുകൾ ഇറുകെ പൂട്ടി. ന്റെ കൃഷ്ണാ..കാത്തോളണേ.. എനിക്കെന്റെ മരണം വരെ കിച്ചായെ വേണമെന്ന് പറയാൻ പോകുവാ ഞാൻ

പറയെടീ… കണ്ണുപൂട്ടി നിൽക്കാതെ

പറയട്ടെ! പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഒരിക്കലും പിണങ്ങരുത്. പകരം തല്ലി കൊന്നേക്കണം.

ഹരിയുടെ മനസ്സ് സന്തോഷം കൊണ്ട്.
തുടികൊട്ടി …കുഞ്ഞാറ്റയത് തന്നെ പറയും. അവളുടെയിഷ്ടം അതാണെന്നറിയുമ്പോൾ എല്ലാരും സമ്മതിക്കും.. ഒരിക്കലും മുറപെണ്ണിനെ കെട്ടാത്തവനെന്ന് പറഞ്ഞിട്ടെന്തായി എന്ന് പറഞ്ഞെന്നെ കളിയാക്കുകയും ഇല്ല. അവളിഷ്ടം പറയുന്നതും കൃത്യമദേഷ്യമെടുക്കണം എന്നിട്ട് പറയണം ആദ്യം പഠിക്ക് പിന്നെ ആലോചിക്കാമെന്ന് … ഉം. അത് മതി ഹരി മനസ്സിൽ ഉറപ്പിച്ചു.

നീയെന്റെ മുത്തല്ലേടീ… നുള്ളി പോലും നോവിക്കില്ല ഞാൻ .

അവൾ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി..പിന്നെയും ചോദിച്ചു..പറയട്ടെ!

ഉം.. ഹരിയുടെ നാവ് വരണ്ടു..

എനിക്ക്……

എ …….നിക്ക്?

ഹരിയേട്ടാ… ഞങ്ങളുമുണ്ടേ…
ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞ് നോക്കി..

മാളുവിന്റെ കൈപിടിച്ച്.. നയന വരുന്നു.

ഹരിയേട്ടാ. നാളെ അച്ഛൻ വരുന്നുണ്ട്.
ഇന്നെന്നെ വേളിമലയിലൊന്ന് കൊണ്ട് പോകാമോ?

ശരി പൊയ്ക്കളയാം. ഞാൻ ദേ.. വരുന്നു. ഡ്രസ്സ് മാറുന്ന സമയം.. അത്രേയുള്ളൂ.. കൃഷ്ണയുടെ മൂക്കത്തൊന്ന് പിടിച്ച് ഹരി നടന്നകന്നു.

ശ്ശൊ… പാടുപെട്ടാ.. മനസ്സിനെയൊന്ന് പാകപെടുത്തിയത്. നശിപ്പിച്ചു.
ഗൾഫിൽ പോകും മുൻപ് കിച്ചായോട് പറയണം. ഇല്ലങ്കിൽ വേണ്ട.. അച്ഛനോട് പറയാം. സമയം ആകുമ്പോൾ പറയാം..

അച്ഛൻ പറഞ്ഞ കിച്ചയെതിര് പറയില്ല.. ഉറപ്പാ..

ഹരി തിരികെ വന്നതും കൃഷ്ണ പറഞ്ഞു.. ഞാനും മാളേച്ചിയും പുഴക്കരയിലിരുന്നോളാം.. മല കയറാൻ ഞങ്ങളില്ല..

കണ്ടില്ലേട്ടാ.. എനിക്ക് കേറാൻ പറ്റാത്തൊരിടത്തും അവൾ വരില്ല.. മാളൂട്ടി ഹരിയുടെ ചെവിയിൽ പറഞ്ഞു.

ഉം… ഹരി മൂളി… പിന്നെ മനസ്സിൽ പറഞ്ഞു. കൃഷ്ണഭഗവാൻ ചൂണ്ടി കാണിച്ച പെണ്ണാ. ഈ കുഞ്ഞാറ്റ കിളി എപ്പഴായാലും എന്റെ കൂട്ടിൽ തന്നെ ചേക്കറും .

നയനേ.. നീയന്ന് കണ്ട വേളിമലയല്ല കേട്ടോ? ഒത്തിരി മാറ്റങ്ങൾ.. വന്നിട്ടുണ്ട്..

എനിക്കറിയാം.. ഹരിയേട്ടാ.. ഞങ്ങളൊരിക്കൽ കോളേജിൽ നിന്നും വിനോദ യാത്ര വന്നിരുന്നു. മറുവശത്ത് കൂടിയാ… വന്നത് ഫ്രണ്ട്സിനോട് ഞാൻ പറഞ്ഞിരുന്നു. ഈ മലക്കപ്പുറം ഞാവൽ പുഴക്കരയിലാണ് എന്റെ കുടുംബവീടെന്ന്?

എന്നിട്ടെന്താ നയനേച്ചി കൂട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വരാത്തത്.. അവിടെ കാണുന്നതിനേക്കാൾ ഭംഗയുണ്ടല്ലോ വേളി മലയ്ക്കിപ്പുറം. കൃഷ്ണ ചോദിച്ചു.

അറിയാം മോളെ… അടുത്ത കാലത്ത് പത്രത്തിൽ വായിച്ചിരുന്നു. ഞാവൽ പുഴയും സമീപ പ്രദേശത്തെ സ്ഥലങ്ങളും വിനോദസഞ്ചാരത്തിനേറ്റെടുക്കുന്നുവെന്ന് .

ഇങ്ങ് വരട്ടെ! ഓടിച്ച് വിടും ഞങ്ങൾ ഗ്രാമവാസികൾ. ഹരി പറഞ്ഞു.

സർക്കാരിനോടാ കളി..

എന്താ.. സർക്കാരിനോട് കളിച്ചാൽ ന്യായമായ ആവശ്യമെങ്കിൽ സർക്കാരിന്റെ കൂടെ! ഇവിടുത്തെ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണെങ്കിൽ അടുപ്പിക്കില്ല.

ആഹാ…ഹരിയേട്ടൻ ചട്ടമ്പിയാണോ?

ങാ… വേണ്ടിടത്ത് അതെടുക്കും.. നമ്മുടെ മുത്തഛനും. അത് പോലെ പലരും വിയർപ്പൊഴുക്കിയ മണ്ണാ. സി.എമ്മും അച്ഛനും ചേർന്ന് അത് നിലനിർത്തി കൊണ്ട് വരുന്നത്. ഇന്ന് ഈഗ്രാമത്തിന്റെ മുഴുവൻ സപ്പോർട്ടുമുണ്ട്.. പാവപ്പെട്ട കർഷകർ പണിയെടുത്ത് കുടുംബം പോറ്റുന്ന മണ്ണാത്.. വികസനത്തിന്റെ പേരും പറഞ്ഞ് അവരുടെ കഞ്ഞിയിൽ മണ്ണ് എങ്ങാനും വാരിയിടാൻ ശ്രമിച്ചാൽ വെച്ചേക്കില്ല ഒന്നിനെം.. ഞങ്ങൾ ഒറ്റക്കെട്ടാ..

എന്നാൽ ഞാനും കൂടെയുണ്ട്..?
ചെങ്കുത്തായ പാറകെട്ടിൽ നിന്നും നീരുറവ പൊട്ടിയൊലിച്ച് താഴെ പതിച്ച് ഞാവൽ പുഴയിലൂടൊഴുകുന്നത് നയന മൊബൈൽ കാമറയിൽ പകർത്തി കൊണ്ട് പറഞ്ഞു.

പാല് പതഞ് ഉയർന്ന് വരുന്നത് പോലെയല്ലേ താഴേക്ക് പതിക്കുന്നത്
എത്ര മനോഹരം.. നിങ്ങൾ ഭാഗ്യമുള്ളവരാ.. എന്നും ഈ ഭംഗിയാസ്വദിക്കാമല്ലോ?

നയനേച്ചിയിങ്ങ് പോരെ. നമുക്കിവിടെ താമസിക്കാന്നേ. മാളൂട്ടി പറഞ്ഞു.

ആഗ്രഹമുണ്ട്… പക്ഷേ.. നടക്കില്ലല്ലോ? ജോലിയിൽ പ്രവേശിച്ചിട്ട് കുറച്ച് ദിവസമേ.. ആയിട്ടുള്ളൂ.. മാത്രവുമല്ല അച്ഛൻ ഒന്നു രണ്ട് പ്രോപ്പോസൽ എന്നോട് പറഞ്ഞിട്ടുണ്ട്. ജോലി ആയ സ്ഥിതിക്ക് വച്ച് നീട്ടണ്ടന്നാ അമ്മയുടെ അഭിപ്രായം..

അത് ശരിയാണെന്നാ എന്റെയും അഭിപ്രായം. ഹരി പറഞ്ഞു..

ഉം.. നോക്കട്ടെ! ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം അച്ഛന് വിട്ടിരിക്കയാ. നാളെ അച്ഛമ്മയോട് പറയുമ്പോഴേ.. ഡിറ്റെയിൽസ് ഞാനും അറിയൂ.അത് വരെ മൗനമായിരുന്ന
കൃഷ്ണ നയനയെ കെട്ടിപിടിച്ചു കവിളത്തുമ്മ വെച്ചു..

എന്താടീ.. പുതിയൊരു സ്നേഹം.

നന്ദേചീടെ കല്യാണം അടിച്ച് പൊളിച്ച പോലെ. നമുക്കിതും അടിച്ച് പൊളിക്കാലോ..ഇല്ലേ.. മാള്വേച്ചിയേ.

അവിടെ ബാംഗൂര് വച്ചായിരിക്കോ? മാളൂട്ടി ചോദിച്ചു..

അവിടെ വച്ച് മതിയേച്ചീ… കല്യാണം. നമുക്കെല്ലാർക്കും അടിച്ച് പൊളിച്ച് പോകാന്നേ..? ഞാൻ ബാംഗ്ലൂര് കണ്ടിട്ടേയില്ല. കൃഷ്ണയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

അച്ഛമ്മയ്ക്കത്ര ദൂരത്തൊന്നും യാത്ര ചെയ്യാൻ പറ്റില്ല. പിന്നെങ്ങനാ..

ആദ്യം.. കല്യാണം ആകട്ടെ! പിന്നെ നമുക്ക് തീരുമാനിക്കാം. എവിടെ ? എങ്ങനെന്നൊക്കെ. ? നയന മുന്നോട്ട് നടന്നു.

ഞങ്ങളിവിടെയിരിക്കാം കിച്ചാ.. നിങ്ങള് മല കയറിയിട്ട് വാ. കൃഷ്ണ പറഞ്ഞു.

നടക്കുമ്പോൾ നയന പറഞ്ഞു.
പാവം കുട്ടി… ഇവളെയെനിക്കങ്ങ് ഒത്തിരിയിഷ്ടായി.

എല്ലാർക്കും ഇഷ്ടാ.. അവളെ ?
ഹരി പറഞ്ഞു.

ഹരിയേട്ടാ കുഞ്ഞാറ്റയെ കൂടി ഞാൻ കൊണ്ട് പോട്ടെ!

അതെന്തിനാ?

അച്ഛൻ പറഞ്ഞാൽ അവൾ പഠിക്കാൻ സമ്മതിച്ചാലോ?

സി.എം. ഒരിടത്തും വിടില്ലവളെ?. നീ.. നന്ദേച്ചിയെ വിളിച്ചോ?

ങാ..വിളിച്ചു. മാധവേട്ടനും സംസാരിച്ചു. ആള് പാവാണെന്ന് തോന്നുന്നു.. ജാഡകളില്ലാത്ത ഒരാൾ .. എനിക്കങ്ങനെയാ തോന്നിയത്.

ശരിയാ.. ഓണത്തിന് വരണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. നീയും ഇവിടെ നില്ക്ക്.. കുറച്ച് ദിവസമല്ലേയുള്ളു. വല്യമ്മാവനോട് ഞാൻ സംസാരിക്കാം.

നടക്കില്ല ഹരിയേട്ടാ.. അച്ഛന്റെ സ്വഭാവം അറിയാല്ലോ? തിരുവനന്തപുരത്ത് ജോലിക്ക് വിടുന്നത് തന്നെ അച്ഛനിഷ്ടമില്ല.
കല്യാണത്തിന് മുൻപ് ഒരോണം കൂടണമെന്നുണ്ടിവിടെ.. ങാ.. നോക്കട്ടെ!

ഹരിയേട്ടൻ പുതിയ പ്രോജക്ട് ഒക്കെ കഴിഞ്ഞേ കല്യാണം കഴിക്കുന്ന് കൃഷ്ണമോള് പറഞ്ഞു. ആണോ?

പ്രോജക്ടല്ല എന്റെ വിഷയം. മാളൂട്ടിയുടെ ഭാവിമാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത്.

അത് ഓകെയാണല്ലോ? പിന്നെന്താ.?

ഒകെയാണ്. എന്നാലും ന്റെ മാളൂനെ കെട്ടുന്നയാൾ ഞങ്ങൾക്കൊപ്പം താമസിക്കുന്നൊരാളായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ച് പോകുന്നു. വയ്യാത്ത കുട്ടിയല്ലേ. നാക്കും മൂക്കും ഇല്ലാത്ത കുട്ടിയാ..

എല്ലാം ശരിയാകും ഹരിയേട്ടാ…
കുഞ്ഞാറ്റയുമൊരു പാവം കുട്ടിയാ. അവളെയാ കൺവെട്ടത്തെവിടെയെങ്കിലും കല്യാണം കഴിപിക്കേണ്ടത്.

അവളെ ഞാനെങ്ങും വീട്ടില്ല.. ഹരി അറിയാതെ പറയാൻ പോയത് പെട്ടന്ന് വിഴുങ്ങി.

ഞാനൊരു കാര്യം പറഞ്ഞാൽ ഹരിയേട്ടൻ കേൾക്കുമോ? തല്ലു കിട്ടുന്ന കാര്യമാ .. എന്നാലും പറയാം..?

നീ.. പഴയ പോലെ പ്രണയ ലേഖനം വല്ലതും എഴുതിയിട്ടുണ്ടോ?

ഏയ്… നയന ചരിച്ചു. ഇത് വേറെയാ .

എന്നാൽ പറയ്.. ഹരി തിടുക്കം കൂട്ടി..

പറയാം.. അതിനു മുൻപ് ഒരു ചോദ്യം. ഹരിയേട്ടന്റെ ഉള്ളിൽ ഒരു പൈങ്കിളി പോലൊരു പ്രണയമൊളിച്ചിരിക്കുന്നില്ലേന്നൊരു സംശയം.

ഹരി മുഴക്കമുള്ള ഒരു ചിരി ചിരിച്ചു..

ശരിയല്ലേ.. ഹരിയേട്ടാ..

ങാ..ശരിയാ.

ആരാ കക്ഷി?

അത് പറയില്ല. സമയമായില്ലത് പറയാൻ.
പൈങ്കിളി പോലല്ലാട്ടോ? പളുങ്ക് പോലൊരു പ്രണയം. താഴെ വീണ് ഉടയാതെ ….. ഒരു പോറലുപോലുമേൽക്കാതെ നെഞ്ചിലൊളിപ്പിച്ച് വച്ചിരിക്കുന്ന ഒരു മണി മുത്ത്. അവൾ എന്റെയെല്ലാമെല്ലാം.

ചില പ്രണയങ്ങളങ്ങനെയാ ഹരിയേട്ടാ ആരുമറിയാതെ ആരോടും പറയാതെ നമ്മൾ നെഞ്ചിലാെളിപ്പിച്ച് വക്കും. പളുങ്കും പവിഴവുമെന്നൊക്കെ പറയും. നെഞ്ചിനകത്ത് ഇരുന്നു പഴുത്താലും ഒളിപ്പിച്ച് വയ്ക്കുന്നത് കൊണ്ട് പിന്നീട് പുറത്തെടുത്ത് കളയാനാവാതെ നീറ്റി കൊല്ലും നമ്മളെയത്. അത് കൊണ്ട് എന്നോടൊന്ന് പറ ഹരിയേട്ടാ…

നിനക്കാരോടെങ്കിലും പ്രണയണ്ടോടീ.. അങ്ങനെ വല്ലതും പിണങ്ങി പോന്നതാണോ?

ഏയ്.. എനിക്കാദ്യവും അവസാനവും പ്രണയം തോന്നിയത് ഹരിയേട്ടനോടാ. തോന്നിയ അന്ന് തന്നെ കുഴിച്ച് മൂടുകയും ചെയ്തു..

ഹരി വിളറിയ ഒരു ചിരി ചിരിച്ചു.

ഹരിയേട്ടൻ പറഞ്ഞില്ലെങ്കിലും എനിക്കറിയാം ആളെ? പറയട്ടെ !

നീ തലകുത്തി നിന്നാൽ പറയില്ല. എന്നാലും പറ.. ഞാൻ കേൽക്കട്ടെ!

നയന ഹരിയുടെ കണ്ണിൽ സൂക്ഷിച്ച് നോക്കി എന്നിട്ട് പറഞ്ഞു.

കുഞ്ഞാറ്റ

ഹരി ഒന്നു പതറി.. എങ്കിലും പിടികൊടുക്കാതിരിക്കാൻ ഒന്നു ശ്രമിച്ച് നോക്കി.

നയനാ… നീയെന്തൊക്കെയാ ഈ പറയുന്നത്. ഇതാരും കേൾക്കണ്ട.. ഛേയ്… ഞാൻ…

വേണ്ട… കൂടുതൽ പറഞ്ഞ് വഷളാകണ്ട..ഹരിയേട്ടനെന്നോടൊളിക്കാൻ നോക്കണ്ട. വന്ന ദിവസം തന്നെ ഞാനത് മനസ്സിലാക്കിയതാ. സി.എമ്മിനോട് പറയാമെന്ന് വിചാരിച്ചതാ. മറ്റുള്ളവരെന്ത് കരുതും എന്ന് കരുതി ഒളിക്കുന്നതാ അല്ലേ.. ഹരിയേട്ടന് കുഞ്ഞാറ്റയെ ചേരൂ.. അത് മതി ഹരിയേട്ടാ. മാളൂനെ പൊന്നു പോലെ നോക്കാൻ പുറത്തൂന്ന് വരുന്ന ഒരു പെൺകുട്ടിക്ക് കഴിയില്ല.
എന്തിന്… എനിക്കോ.. നന്ദേച്ചിക്ക് പോലും കഴിയാത്ത കാര്യമാ.. അവൾ ചെയ്യുന്നത്. ഹരിയേട്ടൻ ഉള്ളിലൊളിപ്പിച്ച് വച്ചാൽ പിന്നീട് ദ്ദുഖിക്കേണ്ടി വരും.. അത് കൊണ്ട് ഞാനിത് അച്ഛമ്മയോട് പറയാൻ പോകുകയാണ്.

ഏയ്… നയന വേണ്ട… എനിക്കങ്ങനെയൊന്നുമില്ല…

ശരി.. അച്ഛമ്മയുടെയോ.. മാളൂട്ടിയുടെ യോ തലയിൽ തൊട്ടു സത്യം ചെയ്യാമോ?

ഹരി തിരിഞ്ഞ് നിന്നു.

പാവമാ..ഹരിയേട്ടാ അവൾ. നയന ഹരിയുടെ മുന്നിൽ വന്നു നിന്നു..

അവൾക്കും ഇഷ്ടാവും. ഞാൻ പറയട്ടെ അവളോട് ?

വേണ്ട.. അവൾ അങ്ങനെ ചിന്തിച്ചിട്ടില്ലെങ്കിലോ? ഹരി പെട്ടന്ന് പറഞ്ഞു..

കള്ളൻ.. അപ്പോ.. ഇഷ്ടായിരുന്നു അല്ലേ.

ഹരി വലത് കൈയ്യുടെ പെരുവിരലും ചൂണ്ടു വിരലും കൊണ്ട് കണ്ണ് പൊത്തി…പിന്നെ. പറഞ്ഞു..

നാറ്റിക്കല്ലേ ….. എന്റെ പ്രോജക്ടൊന്ന് കഴിഞ്ഞോട്ടെ! മ റുത്തൊന്ന് കേൾക്കാനൊന്നും വയ്യ.. ഇന്ന് തന്നെ അച്ഛമ്മയും ദേവമ്മായിയും അത് പറഞ്ഞപ്പോൾ ഞാനങ്ങ് ഐസായി.. പ്രോജക്ടിനെ കുറച്ച് കൂടുതൽ പടിക്കാൻ ഞാൻ മൂന്നു മാസത്തിനുള്ളിൽ വിദേശത്ത് പോണുണ്ട്. അതും കഴിഞ്ഞ് മാളുവിന്റെ കല്യാണം പെട്ടന്ന് നടത്തണം.. ഒരു വർഷം വരെയൊന്നും പറ്റില്ലന്ന് പറയണമവരോട് . ദേ…ആരും അറിയല്ലേ.. മോളെ ഇതൊന്നും..

ശരി..ഞാനിത് ഒരിക്കലും ആരോടും പറയില്ല. പോരെ.

കുഞ്ഞാറ്റയൊട്ടും അറിയാൻ പാടില്ല.

അതെന്താ..ഹരിയേട്ടാ..

അവളുടെ ഉള്ളിലെന്താണെന്ന് കൂടി ഞാനൊന്നറിയട്ടെ! ഇനിയവളുടെ മനസ്സിൽ കിച്ചായെ ഞാൻ ഒരാങ്ങളെയെ പോലെയേ കരുതിയിട്ടുള്ളുവെന്നെങ്ങാനും. പറഞ്ഞാലോ..? പിന്നെ ഞാൻ മരിച്ച് കളയുന്നതാവും ഭേദം. ഒന്നാലോചിച്ച ശേഷം ഹരി വീണ്ടും പറഞ്ഞു.
ഏയ് ഇല്ല. അവൾക്കെന്നെയിഷ്ടാ. എനിക്കതറിയാം.. ഞാനാ ഒന്നും കണ്ടില്ലെന്ന് നടിച്ചത്.

എങ്കിൽ രക്ഷപെട്ടു.. പണ്ടാരിക്കൽ ഞാനും അങ്ങനെ കരുതിയതാ.. കിട്ടിയതോ.. കവിള് നീരുവയക്കുന്ന അടിയും.. നയന സ്വന്തം കവിളത്ത് ചൂണ്ടിയാണത് പറഞ്ഞത്.

പറഞ്ഞ് പേടിപ്പിക്കല്ലേ…മോളെ… ഇപ്പോ തന്നെ നെഞ്ചിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാ തോന്നിയിരുന്നത്.

എന്തായാലും വലിയൊരു താങ്ക്സ്..

താങ്ക് സ് പോര.. വലിയ ചിലവ് വേണ്ടിവരും.

ഏറ്റു.. ഹരി ചിരിച്ച് കൊണ്ട് സമ്മതിച്ചു.

രാത്രിയിൽ ഉറങ്ങാതെ കിടന്ന കൃഷ്ണ നയനയോട് ചോദിച്ചു.

നയനേച്ചി… എന്നോട് ഒരു സത്യം പറയാമോ?

എന്ത് സത്യം?

പറയാമോ? എങ്കിൽ ചോദിക്കാം..

കള്ളം പറയാൻ ഞാൻ പഠിച്ചിട്ടില്ല..

ചോദിച്ചാൽ ഇഷ്ടായില്ലെങ്കിൽ തല്ലോ?

തല്ലേം കൊല്ലേം ഒന്നുമില്ല. നീ കാര്യം പറയെടീ…

ഇരുൾ മറയെ കൂട്ടുപിടിച്ച് കൃഷ്ണ ചോദിച്ചു.

നയനേച്ചിക്ക് കിച്ചായെ ഇഷ്ടാണോ?

ങാ..ഇഷ്ടാണ്. ?

എങ്ങനെയുള്ളയിഷ്ടംന്ന് പറ…

നീ.. ഉദ്ദേശിക്കുന്ന ഇഷ്ടം തന്നെ…

ഞാനുദ്ദേശിച്ചത് ഒരാങ്ങളെയെ പോലെയാണ്. നയനേച്ചിക്ക് അങ്ങനെത്തെ ഇഷ്ടം ആണോ?

അല്ല. എനിക്ക് കല്യാണം കഴിക്കാനുള്ള ഇഷ്ടം ആണ്… നാളെ അച്ഛൻ വരുന്നത് നിന്റെ കിച്ചായെ എനിക്ക് തരോന്ന് ചോദിക്കാനാ..

ന്റെ കൃഷ്ണാ.. കൃഷ്ണപ്രിയ നെഞ്ചത്ത് കയ്യ് വച്ചു.. ദുഷ്ടേ… കൊല്ലും ഞാൻ.. കൃഷ്ണ പല്ലു ഞെരിച്ചു.

നീയെന്താടീ.. മിണ്ടാത്തത്..

എന്നിട്ട് ഹരിയേട്ടനോട് പറഞ്ഞോ ?

ഉം.. പറഞ്ഞു..

ഒന്നു പറ.. നയനേച്ചി…ഇങ്ങനിട്ട് ചോദിപ്പിക്കാതെ .. ഹരിയേട്ടൻ എന്ത് പറഞ്ഞു..

നയനയ്ക്ക് പൊട്ടിചിരിക്കാൻ തോന്നി..

തുടരും)

❤️❤️ ബെൻസി❤️❤️

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഞാനും എന്റെ കുഞ്ഞാറ്റയും – 18, 19”

Leave a Reply