Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 2, 3

  • by
njanum ente kunjattayum aksharathalukal novel by benzy

എന്താ.. വേണ്ടേ .. കൃഷ്ണ മുഖം താഴ്ത്തി. റോസാ പൂവിടരും പോലെ ആ മുഖം ചുവന്നു തുടുത്തിരുന്നു… രാകേഷ് രണ്ട് വിരലുകൾ കൊണ്ട് താടിയിൽ തൊട്ടു ആ മുഖമുയർത്തി.
കൃഷ്ണയുടെ താനേയടഞ്ഞമിഴികളിൽ രാകേഷിൻ്റെ ചുണ്ടുകളമർന്നു.
കല്യാണം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ കൃഷ്ണക്ക് രാകേഷിൽ നിന്നും കിട്ടിയ ആദ്യത്തെ ചുംബനം.

നിന്റെ ഗ്രാമത്തിന്റെ സൗന്ദര്യം
മുഴുവൻ ഈ കണ്ണിലുണ്ടല്ലോ?
കൃഷ്ണ രാകേഷിന്റെ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞിരുന്നു.

നിന്റെ ഹരിയേട്ടനെന്നോട് പറഞ്ഞതെന്തന്നോ..

അവൾ മിഴികൾ ഉയർത്തി…

ഞങ്ങളുടെ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ എന്റെ കുഞ്ഞാറ്റയിലുണ്ടെന്ന്. അവളെ പൊന്നുപോലെ നോക്കണം.. ന്ന്…

കൃഷ്ണയുടെ വിടർന്ന കണ്ണുകൾ പെട്ടന്ന് നിറഞ്ഞു…

കണ്ണുനിറയുന്നല്ലോ.. തനിക്കും.. അന്ന് അത് പറയുമ്പോൾ ഹരിയേട്ടന്റെ കണ്ണുകളും നിറഞ്ഞിരുന്നു..അത്രയ്ക്ക് ഇഷ്ടാണോ..നിന്നെ നിന്റെ ഹരിയേട്ടന്…

ഉം.. അവൾ ചെറുതായ് മൂളി…

നിനക്കോ?

ഉം … കൃഷ്ണയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞൊഴുകിയിരുന്നു.

കാണണംന്നുണ്ടോ?

കൃഷ്ണ മറുപടി പറഞ്ഞില്ല..

നിന്റെ ഹരിയേട്ടന്റെ സൗന്ദര്യത്തിനുമുന്നിൽ നിന്റെ ഗ്രാമം തോറ്റു പോകുമെന്നാണ് നയനേട്ടത്തി പറയാറ്.. ശരിയാ.. ആ ഒരു കാര്യത്തിൽ എനിക്ക് ചെറിയൊരസൂയയുണ്ട് ഹരിയേട്ടനോട് .. കേട്ടോ?

കൃഷ്ണ കണ്ണുനീർ തുടച്ചു കൊണ്ട് ചിരിച്ചു..

കുഞ്ഞാറ്റയെന്നാണോ ഹരിയേട്ടൻ നിന്നെ വിളിക്കുന്നത്..?

കുഞ്ഞിലെ അങ്ങനെയാ.. വിളിക്കാറ്.. ഇപ്പോ..ആരോടെങ്കിലും പറയുമ്പോൾ കുഞ്ഞാറ്റയെന്ന് പറയും.. കൃഷ്ണാന്നാ വിളിക്കുന്നത്… കൂടുതലിഷ്ടം തോന്നുമ്പോൾ ന്റെ പ്രിയ കുട്ടീ…ന്ന് വിളിക്കും..

അവളുടെ രൂപഭംഗിയിൽ ഗ്രാമസൗന്ദര്യം നിറഞ്ഞു നിന്നതുപോലെ കൃഷ്ണയുടെ സംസാരത്തിൽ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത മുഴുവൻ നിറഞ്ഞു നിന്നിരുന്നു…

ഓഹോ..അങ്ങനെയോ? എപ്പഴൊക്കെയാ..കൂടുതലിഷ്ടം വരാറ്.

അങ്ങനൊന്നുമില്ല..എപ്പഴും ഇഷ്ടാ…

ഇപ്പഴും… രാകേഷ് അവളുടെ സം സാരം ആസ്വദിച്ച് കൊണ്ട് ചോദിച്ചു.

കൃഷ്ണ വീണ്ടും പറഞ്ഞു.. അതേന്ന് ..

ഞാൻ കുഞ്ഞാറ്റയെന്നും തുമ്പിയെന്നൊന്നും വിളിക്കില്ല കേട്ടോ? കൃഷ്ണാന്ന് ഉം വിളിക്കില്ല.. അത് എന്റെ ദൈവത്തിനെ ഞാൻ വിളിക്കുന്നതാണ്.. തന്റെ ഹരിയേട്ടനെ പോലെ ഞാനിനി തന്നെ പ്രിയ കൂട്ടിന്ന് വിളിക്കും..

വിളിച്ചോട്ടെ!

താനെന്താ…ഒന്നും മിണ്ടാത്തത്…

കലപില സംസാരം ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടില്ലേ… അതാ..

ഓഹ്..അത് പിന്നെ.. തന്റെ വീട്ടിൽ ഒരു രാത്രി ഞാൻ വന്ന് തങ്ങാത്തതെന്തന്നോ? പുലരുമുമ്പേ … കിളികളുടെ ആ..കലപില കൂട്ടൽ.. ഓ…സഹിക്കാൻ പറ്റില്ല.

താനൊരു മരം കേറിയാണെന്നാ.. നയനേടത്തി പറയുന്നത്. തന്റെ സ്വന്തം ചേച്ചിയാണെങ്കിലും തന്നോട് അസൂയയുണ്ടോന്ന് ഒരു സംശയം ഉണ്ടെനിക്ക്…

ഏയ്… പാവാണ്..

എന്തോ.. രാജേഷേട്ടന്റെ ഭാര്യയായത് കൊണ്ടാ ഞാനാ സാധനത്തിനെ സഹിക്കുന്നത്. നമ്മളെ ഒന്ന് തനിച്ച് വിടില്ലവർ. ഉറക്കം കണ്ണിൽ വരുന്നത് വരെ .. കറങ്ങി നടന്നോളും.. വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ടെന്താ.. കാര്യം.. പത്താം ക്ലാസ്സ് നല്ലോണം പൊട്ടിയ തന്റെ അത്ര പോലും മര്യാദയില്ല..

അങ്ങനൊന്നും പറയ്യല്ലേ.. ഏട്ടാ.. എന്നോട് അസൂയയുണ്ടായിരുന്നെങ്കിൽ വിദ്യാഭ്യാസമുള്ള ഏട്ടനെ എനിക്ക് വേണ്ടി ആലോചിക്കോ?

ങാ.. അതാണ് അവർ ചെയ്ത ഒരേ.. ഒരു നല്ല കാര്യം..രാകേഷ് പൊട്ടി ചിരിച്ചു..

നിന്റെ ഹരിയേട്ടൻ വെറുമൊരു മണ്ടനാ. ഗവൺമെന്റ് അംഗീകരിച്ച വലിയൊരു പ്രോജക്ട് കയ്യിൽ ഉണ്ടായിട്ടും, വലിയൊരു കമ്പനി.. ഏറ്റെടുക്കാൻ തയ്യാറായിട്ടുമതൊക്കെ ജൂനിയേഴ്സിന് വിട്ട് തന്ന് കൃഷി ……മണ്ണ്… മണ്ണാങ്കട്ട.. ന്നൊക്കെ പറഞ്ഞ് ആ പട്ടി കാട്ടിൽ ജീവിതം കളയുകയല്ലേ..

കാശിന്റെ പ്രോബ്ളംസുണ്ടെങ്കിൽ പറഞ്ഞോ… പ്രോജക്ട് നടപ്പിലാക്കാൻ.. ഞാൻ സഹായിക്കാം.

അങ്ങനെ ആരുടെ മുന്നിലും കയ്യ് നീട്ടുന്ന ആളല്ല എന്റെ കിച്ചാ.. കൃഷ്ണ പറഞ്ഞു.

നിന്റെ ഹരിയേട്ടന്റെ പുതിയ പ്രോജക്ട് എന്തായി.

അറിയില്ല..

എന്താ.. പുതിയ പ്രോജക്ട് തനാനല്ലേ.. ഹരിയേട്ടന്റെ അസി..

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ പറ്റുമെത്രെ.. വിജയിച്ചാൽ ഞാങ്ങളുടെ ഗ്രാമത്തിനാവശ്യം വേണ്ടുന്ന വൈദ്യുതിയിൽ ബാക്കി വിൽക്കാനും പറ്റുമെന്നാ..കിച്ചാ… പറയുന്നത്.

നിനക്ക് ഹരിയേട്ടനോട് പ്രണയമായിരുന്നോ?

കൃഷ്ണയുടെ കണ്ണുകൾ പരൽമീൻ പോലെ പിടഞ്ഞു..

പറഞ്ഞോ? പഠിക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.. ഒരിക്കലും പിരിയില്ലെന്ന് കരുതിയ ഒരു പ്രണയം..എന്നിട്ട് അവൾ മറ്റൊരുത്തനെ വിവാഹം കഴിച്ചു. നഗരത്തിന്റെ ഛായ പൂശലും കാപട്യങ്ങളൊന്നുമില്ലാത്ത ഒരു പെൺകുട്ടിയെ മതിയെന്ന് ഞാൻ പറഞ്ഞു.. നയനേടത്തി.. നിന്നെ കാണിച്ച് തന്നപ്പോൾ മറ്റൊന്നാലോചിക്കാനില്ലായിരുന്നു.. അത്രക്കിഷ്ടായി.. എന്റെ ഈ സുന്ദരി കുട്ടിയെ . രാകേഷ് ചൂണ്ട് വിരൽ കൊണ്ട് അവളുടെ മുഖത്ത് ഒരു വൃത്തം വരച്ചു..

പറഞ്ഞോ.. ഹരിയേട്ടനെ കല്യാണം കഴിക്കാൻ തനിക്കിഷ്ടമായിരുന്നില്ലേ…

കൃഷ്ണ എഴുന്നേറ്റു പോയി.. അത് കേട്ടതും.

അത് പോട്ടെ.. പതുക്കെ പറഞ്ഞാൽ മതി.

ഉം… ശരി..താൻ റെഡിയാക് നമുക്ക് പുറത്ത് പോകാം.. അമ്മയും അച്ഛനും നയനേട്ടത്തിയും വരുമ്പോഴേക്കും നമുക്കിങ്ങ് വരാം..

അപ്പോഴേക്കും രാകേഷിന്റെ ഫോൺ റിങ് ചെയ്തു…

ആ.. അച്ചാ.. പറഞ്ഞോ?

ദേ.. ഞാനിറങ്ങി കഴിഞ്ഞു.

സോറി കൃഷ്ണാ..

ഹോസ്പിറ്റലിൽ നിന്ന് നയനേടത്തിയെയും അമ്മയെ
യും കൂട്ടികൊണ്ട് വരാൻ അച്ഛൻ പറഞ്ഞു.. ഞാനിറങ്ങുന്നു..

കതകടച്ചിരുന്നോ? ആ സൈഡ് വിൻഡോ .. തുറക്കരുത്..
അമ്മ പറഞ്ഞു.. നീയാ വിൻഡോയിലൂടെ അപ്പുറത്ത് വായിനോക്കിയിരിപ്പാണെന്ന് . ഇതൊക്കെ ഞാനിന്നാ അറിയുന്നത്. ഇന്ന് നീ എന്റെ പെർമിഷനില്ലാതെ .. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആ.. വൃത്തികെട്ട സ്ത്രീക്കൊപ്പം ഹോസ്പിറ്റലിൽ പോയി.. ഒരാപത്ത് ആയത് കൊണ്ട് ഞാൻ ക്ഷമിച്ചു..

ഏട്ടാ.. അവർ ഗർഭിണിയല്ല. ആറുകിലോ വലിപ്പത്തിലുള്ള ഒരു മുഴയാണ് വയറ്റിൽ

എന്നിട്ട്?

ബുധനാഴ്ച ഓപ്പറേഷനാണ്..

ഇങ്ങനെയൊക്കെ പറയാൻ അവൾ പറഞ്ഞ് തന്നോ?

നീ… വെറും പൊട്ടയാ.. പൊട്ട.. അല്ലായിരുന്നെങ്കിൽ. നിന്നെ നിന്റെ കിച്ച വീട്ടുകളയുമായിരുന്നോ…
എന്തായാലും ഇനി ഈ കട്ടിലുകൾ അകന്നിരിക്കേണ്ട.. അത് അടുപ്പിച്ചിട്ടേക്ക്..

രാകേഷ് കതക് വലിച്ചടച്ച് പുറത്തിറങ്ങി..

കൃഷ്ണയ്ക്ക് വീണ്ടും സങ്കടായി.

കൃഷണ നിറഞ്ഞ കണ്ണുകളോടെ കണ്ണാടിയിലേക്ക് നോക്കി.

പോട്ടെ.. കരയണ്ട…നിന്റെ കിച്ച നിന്നെ മറ്റൊരു തരത്തിൽ കാണാത്തത് കൊണ്ടല്ലേ വിട്ട് കളഞ്ഞത്.. നീയത് മറന്നേക്ക്…

മറക്കാനോ…ന്റെ കിച്ചായെ മറക്കണമെങ്കിൽ ഞാൻ മരിക്കണം.. ആരൊക്കെ കളിയാക്കിയാലും പൊട്ടയെന്ന് വിളിച്ചാലും ന്റെ കിച്ച യെന്നെ കളിയാക്കില്ല. പാവമാ..എന്റെ ഹരിയേട്ടൻ.. അവൾ
കണ്ണാടിയിലെ സ്വന്തം രുപത്തിൽ മുഖം ചേർത്ത് വിതുമ്പി കരഞ്ഞു.

കൃഷ്ണപ്രിയക്ക് , കണ്ണാടിയുടെ മുന്നിൽ എത്ര സമയം അങ്ങനെ നിന്നുവെന്നറിയില്ല…

പുറത്ത് കാർ വന്ന ശബ്ദം കേട്ടതും കൃഷണപ്രിയ ഞെട്ടി. കരഞ്ഞ് വീർത്തിരിക്കുന്ന മുഖം രാകേഷേട്ടനിഷ്ടമല്ല.അതിന്റെ പേരിൽ വഴക്ക് പറയേം ചെയ്യും..
അവൾ പെട്ടന്ന് മുഖം തുടച്ചു.. അല്പം പൗഡർ മുഖത്തിട്ടു.. പിന്നെ ഒരു ചെറിയ പൊട്ടും നെറ്റിയിൽ ഒട്ടിച്ചു.. എന്നിട്ട് മുൻവശത്തേക്ക് ഓടി വാതിൽ തുറന്ന് കൊടുത്തു.

ആദ്യം നയനേട്ടത്തിയെ ആണ് നോക്കിയത്.
ഒരമ്മയാകാൻ പോകുന്നതിന്റെ സന്തോഷം ഒന്നു കെട്ടിപിടിച്ച് അറിയിക്കണമെന്നുണ്ടായിരുന്നു കൃഷ്ണപ്രിയക്ക്. എന്നാൽ രാകേഷിന് അങ്ങനെ തുള്ളി ചാടുന്നതോ ബഹളം വയ്ക്കുന്നതോ.. ഉച്ചത്തിൽ സംസാരിക്കുന്നതോ ഒന്നും ഇഷ്ടമില്ലാത്തതിനാൽ കൃഷ്ണപ്രിയയുടെ സന്തോഷം അവൾ കണ്ണുകളിലൂടെ നയനയെ അറിയിച്ചു.

കൃഷ്ണേ… ചായ റെഡിയാണോ? അകത്ത് കയറിയതും ശ്രീദേവി ചോദിച്ചു..

ഇപ്പം തരാമ്മേ…

നയനക്ക് തേയിലയിടണ്ട കേട്ടോ? ദാ.. ഈ പൊടി പാലിൽ കലക്കി കൊടുത്താൽ മതി. ശ്രീദേവി ചെറിയ ഒരു കുപ്പി ബാഗിൽ നിന്നെടുത്തു.

രാകേഷ് ഞാൻ മറന്നു .. കുറച്ച് സ്വീറ്റ്സ് വാങ്ങണം. മധുവർമ്മയുടെ.. വീട്ടിലും.. വിനോദിന്റെ വീട്ടിലും കുറച്ച് കൂടുതൽ കൊടുക്കണം. കുട്ടികളുള്ളതല്ലേ ?

അച്ഛനോട് പറയമ്മേ.. ഞാൻ ഒന്നു കിടക്കട്ടെ! നല്ല തലവേദന.
പ്രിയ കുട്ടീ… ചായ പിന്നെയിടാം..നീയാ ബാം എടുത്ത് വാ. പറഞ്ഞിട്ട് രാകേഷ് മുറിയിലേക്ക് പോയി..

കൃഷ്ണ അമ്മയെ നോക്കി?

ങാ .. ചെല്ല്. ഞാൻ ചായ ഉണ്ടാക്കാം..
ഈ ഡ്രസ്സൊന്ന് മാറി വരട്ടെ! ശ്രീദേവി അകത്തേക് പോയതും..

ന്റെ നയനേട്ടത്തി…ന്ന് വിളിച്ച് കൊണ്ടു കൃഷ്ണപ്രിയ നയനയെ കെട്ടി പിടിച്ചു പറഞ്ഞു.

എനിക്ക് സന്തോഷം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാ ന്റെ നയനേടത്തീ…….

രാകേഷിനെ ദേഷ്യം പിടിപ്പിക്കണ്ട..നീ ചെല്ല്…. തലവേദനയാന്നല്ലേ.. പറഞ്ഞത്.

ശരി നയനട്ടേത്തി… ഞാൻ പിന്നെ മുറിയിലോട്ട് വരാമേ. കൃഷ്ണ പറഞ്ഞിട്ട് മുറിയിലേക്ക് പോയി..

രാകേഷ് മുറിയുടെ രണ്ടറ്റത്തായി ഇട്ടിരുന്ന കട്ടിലുകൾ ചേർത്തിടുകയായിരുന്നു അപ്പോൾ .

ഞാൻ ചുമ്മാ.. പറഞ്ഞതാ. എനിക്ക് തലവേദനയെന്ന്. ഇനിയിപ്പോ .. അമ്മയാകാൻ പോകുന്നത് കൊണ്ട് നയനേടത്തി എല്ലാം നിന്റെ തലയിൽ വച്ച് തരും. ബഡ് റെസ്റ്റ് പറഞ്ഞിരിക്കുകയാ ഡോക്ടർ. ലീവെടുക്കാൻ അമ്മ പറഞ്ഞു.. രാജേഷേട്ടൻ അറിഞ്ഞാലോടി വരും..അതോടെ നിന്റെ ജോലിഭാരം കൂടും.

അതൊന്നും സാരമില്ല.
എന്റെ ചേച്ചിയല്ലേ… അതെന്റെ കടമയല്ലേ.

അല്ലെങ്കിൽ തന്നെ നിനക്കെന്താ… സാരം … നിനക്ക് മാത്രേ ഉള്ളു… ഒരു കടമ. സ്വന്തം ചേച്ചിയല്ലല്ലോ? വല്യമ്മയുടെ മകളല്ലേ..? അപ്പോ.. കടമയത്രയ്ക്കും വേണ്ട..

ഇവിടെ ബന്ധങ്ങൾക്കൊന്നും യാതൊരു വിലയും കല്പിക്കാതെ സമ്പന്നതയുടെ മേൽ വീണ്ടും വീണ്ടും സമ്പത്ത് അലങ്കരിക്കാനായ് നെട്ടോട്ട മോടുന്നവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് കൃഷ്ണയ്ക്ക് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വ്യക്തമായതിനാൽ കൃഷ്ണ ബന്ധത്തെയും കടമയെ പറ്റി മറുത്തൊന്നും പറഞ്ഞില്ല..

അപ്പോ… പകലുമിനി ഏട്ടത്തി ഇവിടെ കാണുമോ.. ഏട്ടാ..?

ങാ.. കാണുമായിരിക്കും..

അപ്പോ… അടുത്ത പതിനഞ്ച് ദിവസം ഞാനിവിടെ നിന്നോട്ടെ!

എന്തിന്? രാകേഷ് ദേഷ്യപ്പെട്ടു..

നയനേച്ചിക്ക് കൂട്ടിന് …

വേണ്ട… നിന്നെ ഞാൻ അത്രയും ദിവസം അവിടെ കൊണ്ട് നിർത്തുന്നതേ.. ആ ദിവസങ്ങളിലെങ്കിലും.. ഈ അടുക്കളയിൽ നിന്നും.. നിനക്ക് മോചനം കിട്ടാനാ…നിന്റെ ചേച്ചിയുടെ ചുണ്ടിലെ ചായം പൂശൽ അത്രയങ്കിലും കുറയട്ടെ!

രാത്രി 9 മണിയായപ്പോൾ നയന രാകേഷിന്റെ മുറിയിൽ എത്തി.

കൃഷ്ണേ… എനിക്കകത്തേക്ക് വരാമോ?

നയനേച്ചിയാ.. വരാൻ പറയട്ടെ!

ഉം.. രാകേഷ് അമർത്തി മൂളി…

വന്നോ ഏടത്തി കൃഷ്ണ വിളിച്ച് പറഞ്ഞു…

രാകേഷ് നീയീ……മെസ്സേജൊന്ന് നോക്കിയേ.

നയന നീട്ടി പിടിച്ച ഫോണിലേക്ക് നോക്കിയ, രകേഷിന്റെ മുഖത്ത് സന്തോഷവും അത്ഭുതവും മിന്നി മറിയുന്നത് കൃഷ്ണ കണ്ടു.

സത്യാണോ? രാകേഷ് നയനയോട് ചോദിച്ചു.

ഞാനെന്തിന് നിന്നോട് കള്ളം പറയണം.?

എന്താ.. നയനേച്ചീ….. കൃഷ്ണ നയനയുടെ തോളിൽ താടി മുട്ടിച്ച് ചെവിയിൽ പതിയെ ചോദിച്ചു..

നിന്റെ രാകേഷട്ടന് പ്രൊമോഷൻ.
സീനിയോരിറ്റിയുള്ള ആർക്കും കിട്ടാത്ത ഭാഗ്യമാ.. ജോലിയിൽ പ്രവേശിച്ച് വെറും മൂന്ന് മാസം കൊണ്ട് നേടിയത്. നൈറ്റ് ഷിഫ്റ്റ് എടുത്ത് ആത്മാർത്ഥ കാട്ടിയതിന് കമ്പനി കൊടുത്ത സമ്മാനം.

നീയായത് കൊണ്ട് മാത്രമാ.. ഈ സൗഭാഗ്യം ഇത്ര പെട്ടന്ന് കിട്ടിയത്. കൃഷ്ണ രാകേഷിനെ നോക്കി..

അതെയെന്ന് കണ്ണടച്ച് തലയനക്കി രാകേഷ് സമ്മതിച്ചു.

അപ്പോ.. എനിക്കെന്ത് തരും.. നയന രണ്ട് പേരോടുമായ് ചോദിച്ചു.

നയനേടത്തി ചോദിക്ക്…? രാകേഷ് പറഞ്ഞു..

വേറൊന്നും വേണ്ട… ഇന്ന് ഞാനിവളെ ഒത്തിരി കളിയാക്കി. എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്.. ഇന്നൊരു രാത്രി.. ഇവളെ എനിക്കൊപ്പം കിടക്കാൻ അനുവദിച്ചാൽ മതി.

നയന മറുപടി കാത്ത് നിൽക്കാതെ മുറിവിട്ടു പോയ്…

ശ്ശെ… കളഞ്ഞു.. താൻ പോയി.. പറ.. പറ്റില്ലെന്ന്. രാകേഷ് കൃഷ്ണയെ പിടിച്ച് ചെറുതായി തള്ളി..

എനിക്ക് പേടിയാ..

വിനയൻ മാഷിന്റെ കണ്ണാടി കൈനോട്ടമെന്ന നോവലിൽ പറയുന്നുണ്ട്. ഗർഭിണികൾ എന്ത് ആവശ്യപ്പെട്ടാലും… അത് കൊടുക്കണമെന്ന്. അല്ലെങ്കിൽ കൺകുരു വരും ത്രെ… കൃഷ്ണ വളരെ പതിയെ പറഞ്ഞു…

ഇയ്……യ്യോ. നിന്റെ ഒരു പൈങ്കിളി നോവലും.. ഒരു വിനയൻ മാഷും. രാകേഷ് കൃഷ്ണയുടെ മുഖത്തിന് നേരെ മുഷ്ടി ചുരുട്ടി..പിന്നെ കൈ പിൻ വലിച്ചു.. പറഞ്ഞു.. കൈ വയ്പ്പിക്കരുത്..

കല്യാണം കഴിഞ്ഞ് 3 മാസമായി.. ഒന്നര മാസം താനവിടെ ഞാനിവിടെ ബാക്കി ഒന്നരമാസം.. അമ്മ അച്ഛൻ അമ്മൂമ്മ..അമ്മാവൻ..ഹരിയേട്ടൻ
പിന്നെ അവളുടെ ആട് കോഴി… പൂച്ച തത്ത … അവളുടെ അമ്മേടെ നായര്… ഓരോന്ന് പറഞ്ഞ് നിന്റെ ഒടുക്കത്തെ കണ്ണീരും..
രാകേഷ് കട്ടിൽ ചുവരിലേക്ക് നീക്കി ഇട്ടു.

ചെല്ല്…. ചെന്നേടത്തിയെ കെട്ടി പിടിച്ച്
കിടക്ക്. രാകേഷ് അവളെ മുറിക്ക് പുറത്ത് തള്ളി, എന്നിട്ട് ഇറങ്ങി പോയി..

എങ്കിലും കൃഷ്ണ.. പൂമുഖത്ത് രാകേഷിനെയും കാത്തിരുന്നു.. പുലരുവോളം . ഇരച്ച് പെയ്യുന്ന മഴയിൽ അവളുടെ മനസ്സ് സങ്കടത്തോടെ.. ഓരോന്നോർത്തു അവിടെയിരുന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നഗരത്തിലെ പ്രശസ്തമായ സിലാൻഡ് ഹോട്ടലിന്റെ മറുവശത്തുള്ള വാടക വീടിന്റെ താഴത്തെ നിലയിൽ രണ്ട് ദിവസമായ് തോരാതെ ചെയ്യുന്ന മഴ കാരണം പുറത്തിറങ്ങാൻ പറ്റാതെ മൂടി പുതച്ച് കിടന്നുറങ്ങുകയായിരുന്നു വിഷ്ണു.

ഹരീ… ടാ…മഴ തോരുന്ന ലക്ഷണമില്ല കേട്ടോ? വല്ലാത്തൊരു ഗന്ധം … നീ… ശ്രദ്ധിക്കുന്നുണ്ടോ?

പോയി പല്ലുതേക്കടാ.. അപ്പോ… നല്ല ഗന്ധം വരും…

ഒന്നു പോടാ.. അതല്ല.. നീയൊന്നു ശ്വസിച്ചേ….

ഹരി പറഞ്ഞു… നീ.. യാ ജനാല തുറന്നിട് ഗന്ധം മാറട്ടെ!

വിഷ്ണു ജനാല തുറന്നിട്ടു.. ന്നേം പുലരുന്നതേയുള്ളൂ…

അഷ്ടമി രോഹിണി നാളിൽ മനസ്സൊരു ……………………..
………………………………….. ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ,

ക്ഷേത്രത്തിൽ നിന്നുയരുന്ന ഗാനം മഴയുടെ ശബ്ദത്തിലും
ഹരി ശ്രദ്ധിച്ചു..

അതേ, ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ. ഹരി കൃഷ്ണൻ വല്ലാതെ ആഗ്രഹിച്ചു.. പക്ഷേ… വേണ്ട..

ശെന്റമ്മോ… പുറത്തൂന്നാ ഗന്ധം വിഷ്ണു ജനാല വലിച്ചടച്ചു.

അതോടെ പാട്ടിന്റെ ശബ്ദം അവ്യക്തമായി.

സുനാമി വരുമായിരിക്കും..

ദേ..ഹരീ… നീ.. വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേടാ..ഞാൻ കുറച്ച് കാലം കൂടി ജീവിച്ച് പോട്ടെ!

പേടിപ്പിച്ചതല്ല.. മുമ്പൊരിക്കൽ സുനാമി വന്നപ്പോൾ ഇതേ .. നാറ്റം ഉണ്ടായിരുന്നു.. അന്ന് ഞാനും സി.എമ്മും കൂടെയിവിടെ വന്നിരുന്നു.. യാത്രയിലായിരുന്ന ഞങ്ങൾ കരുതിയത് കടലിന്റെ ഗന്ധം രൂക്ഷമായതായിരിക്കുമെന്ന് …
എട്ടുമണിക്കൂറിനുള്ളിൽ സുനാമി വന്നു..

ദൈവമേ… ഇതിപ്പോ.. എത്ര മണിയായോ..എന്തോ.. ചീത്ത മണം വന്നിട്ട് ..

ടാ.. നിനക്ക് സി.എമ്മുമായി നല്ല പിടിപാടാ..

ഉം.. ഹരി.. മൂളി…

ടാ..നീ.. സി. എമ്മിനോട് പറഞ്ഞ് എന്റെ ജോലി ഒന്നു സ്ഥിരപ്പെടുത്തി തരാമോ?

ഉം… ശ്രമിക്കാം.

എന്തായാലും നമുക്ക് തയ്യാറായിരിക്കാം.. ബാഗൊക്കെ പായ്ക്ക് ചെയ്ത് വക്കാം..

വിഷ്ണു.. രണ്ടാളുടെയും ബാഗിൽ സാധനങ്ങളോരോന്നായി കുത്തി കയറ്റി…

ജീവിക്കാൻ നിനക്കിത്ര കൊതിയാണോ? ഹരി വിഷ്ണുവിന്റെ
വെപ്രാളം കണ്ട് ചോദിച്ചു..

ജീവിക്കാൻവലിയകൊതിയാെന്നുമില്ല. പക്ഷേ.. ഇങ്ങനെ മരിക്കാൻ താത്പര്യമില്ല.. ജീവിക്കുന്നതേ.. മുങ്ങിയും പൊങ്ങിയും. മരിക്കുന്നതും മുങ്ങിയും പൊങ്ങിയുമായാൽ ഒരു രസവുമുണ്ടാവില്ല.

ഹരിയൊന്നു ചിരിച്ചു..

ഹൊ.. നീയൊന്ന് ചിരിച്ചല്ലോ?

അതൊക്കെ പോട്ടെ! ഇന്ന് നമ്മൾ രണ്ട് വഴിക്ക് പിരിയും.. ഇത് വരെയും നിന്നെ കുറിച്ച് ഒന്നും വിശദമായി പറഞ്ഞില്ലല്ലോ? ഒരിയ്ക്കൽ പറയാമെന്ന് പറഞ്ഞു പറഞ്ഞ് ഇത്‌ വരെയെത്തി. പഠിക്കുമ്പോൾ നമ്മൾ രണ്ട് ക്ലാസ്സുകളിലായിരുന്നു. പിന്നെ ഇപ്പഴാ നമ്മൾ കണ്ടത്. അതും ഒരേ കോളേജിൽ ഒരേ വിഷയം പഠിപിക്കുന്ന രണ്ട് പേർ. അന്ന് നീ പറഞ്ഞു. നിന്റെ ഗ്രാമത്തിലൊരു ദിവസം കൊണ്ട് നിർത്തി എല്ലാരെയും പരിചയപെടുത്തി തരുമെന്ന് . വിഷ്ണു മുകളിൽ നിന്നൊരു ബാഗെടുത്തതും അതിൽനിന്നൊരാൽബം നിലത്ത് തുറന്നു വീണു..

ആൽബം കുനിഞ്ഞെടുത്ത വിഷ്ണു അതിലെ ഫോട്ടായിലേക്ക് ഉറ്റ് നോക്കി.. സുന്ദരിയായ ഒരു പെൺകുട്ടി..

ഹരീ.. ഇതാരാടാ

ഹരി തിരിഞ്ഞ് നോക്കി. ഹരിയുടെ മുഖം ഒന്നു തെളിഞ്ഞു.

എന്റെ കുഞ്ഞാറ്റ ….

കുഞ്ഞാറ്റയോ? നിന്റെ ആരാ.

എന്റെ എല്ലാം.

എല്ലാമെന്ന് വച്ചാൽ…

എല്ലാം …. അത്ര തന്നെ… നിയതിങ്ങ് കൊണ്ട് വാ…

ഇല്ല..ഞാൻ നോക്കട്ടെ!ഓരോന്നായി..
വിഷ്ണു ആൽബം മടക്കി.. പിന്നെ മുൻവശം നേരെ വരത്തക്ക രീതിയിൽ വച്ചു. പേജ് മറിച്ചു..

ഇങ്ങ് കൊണ്ട് വാ.. ഞാനല്ലാം പറഞ്ഞ് തരാം. ഇവിടിരിക്ക്…

വിഷ്ണു ഹരിയുടെ കട്ടിലിനരികിൽ ഇരുന്നു..

ഇനി ആദ്യത്തെ ഫോട്ടോയെടുക്ക്
ഹരി പറഞ്ഞു..

വിഷ്ണു ആദ്യ ഫോട്ടോയെടുത്തു കാണിച്ചു..

ടാറിട്ട വീതി കുറഞ്ഞ റോഡിലൂടെ ഒരു ബസ്. റോഡിനിരുവശവും പച്ച പുതച്ച നെൽപ്പാടം…

ഹരി പറഞ്ഞു തുടങ്ങി..

ഇത് ഞാനും എന്റെ കുഞ്ഞാറ്റയും ജനിച്ച് കളിച്ച് വളർന്ന ഞങ്ങളുടെ ഗ്രാമം.. ഗ്രാമങ്ങളുടെ സൗന്ദര്യ റാണിയെന്ന് വിളിപ്പേരുള്ള ഞങ്ങളുടെ സ്വന്തം ഞാവൽ പുഴഗ്രാമം.

തുടരും.

4.3/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!