ഞാനും എന്റെ കുഞ്ഞാറ്റയും – 22, 23

  • by

8987 Views

njanum ente kunjattayum aksharathalukal novel by benzy

മുറിയിൽ തിരികെ വന്ന ശേഷം രാകേഷ് കൃഷ്ണയുടെ മുഖത്തേക്ക് നോക്കി …

വീർത്ത് കെട്ടിയിട്ടുണ്ടല്ലോ നിന്റെ മുഖം? നിനക്ക് ഏടത്തിയോടാ
യിപ്പോഴും സ്നേഹം..
ഞാൻ വെറും മണ്ടനാണെന്ന് കരുതരുത് നീയ്യ്..

കൃഷ്ണയ്ക്ക് ശരിക്കും പ്രയാസമുണ്ടായിരുന്നു.. ഞാൻ കാരണമല്ലേ.. നയനേടത്തിയെ രാകേഷേട്ടൻ വഴക്ക് പറഞ്ഞത്. ഇനി എന്നോട് നയനേച്ചി മിണ്ടില്ല. സങ്കടം വരാതെ പിന്നെ എന്ത് ചെയ്യും..

കൃഷ്ണയുടെ കണ്ണൊക്കെ നിറഞ്ഞ് മിണ്ടാതെ നിന്നപ്പോൾ രാകേഷ് പറഞ്ഞു..

ഓ.. തമ്പുരാട്ടിക്ക് കണ്ണീരും വരണുണ്ടല്ലോ?
കല്യാണം കഴിഞ്ഞിട്ടിത്രയും നാളായി. നിന്റെ വിഷമങ്ങളൊക്കെ മാറി മനസ്സൊക്കെയൊന്ന് ഉഷാറാകട്ടെയെന്ന് കരുതി.. വെയ്റ്റ് ചെയ്തതാ.. പ്രശ്നം.. ഇല്ലെങ്കിൽ ആദ്യം പുളിമാങ്ങ ചോദിക്കുന്നത് നീയായിരുന്നു. കല്യാണ ദിവസം മുതൽ എന്നും ഓരോരോ തടസ്സങ്ങളാ .. ഇനിയൊരു ബെഡ്
മതിയിവിടെ. കേട്ടല്ലോ? ഇന്നു മുതൽ എന്റെ ബെഡിൽ കിടന്നോണം.. കേട്ടോ.. നീയ്യ്..

രാകേഷ് കൃഷ്ണയെ ചേർത്തു പിടിച്ചു. എന്റെ മനസ്സൊക്കെ.. മുരടിച്ച് പോണു മോളെ .. എന്തിനും ദേഷ്യം തോന്നുന്നു..
വാ… ഇവിടിരിക്ക്.. ഏട്ടൻ ചോദിക്കട്ടെ!

രാകേഷ് കൃഷ്ണയുടെ ഇരു ചുമലിലും പിടിച്ച് കൊണ്ട് അവളെ കിടക്കയിൽ ഇരുത്തി.

അച്ഛൻ ഫോണിലൂടെ കാര്യം പറഞ്ഞപ്പോൾ .. ഞാൻ ഏടത്തിയെ ഫോണിലൂടെ വിളിച്ച് കാര്യം ചോദിച്ചതായിരുന്നു.
നിന്നെ തല്ലിയത് കൊണ്ട് മാത്രമല്ല.
ഞാൻ അവരോട് കയർത്തത്..
ഇത് കണ്ടോ? രാകേഷ് മൊബൈലിൽ നിന്നും
ഒരു ഫോട്ടോയെടുത്ത് കൃഷ്ണയെ കാണിച്ചു.

ഫോട്ടോ കണ്ട കൃഷ്ണ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു..
കർപ്പൂരം കത്തി കയ്യ് പൊള്ളിയ പിറ്റേന്ന് അമ്പലത്തിൽ പോകാൻ റെഡിയായ നിന്ന.. അന്ന് തന്റെ കൈ കണ്ടപോൾ കിച്ചയെന്നെ ചേർത്ത് പിടിച്ച ഫോട്ടോ. കൃഷ്ണവിയർത്തു വിറയ്ക്കാൻ തുടങ്ങി.

എന്റെ .. കയ്യ് പൊള്ളിയത് കണ്ടിട്ട് … അന്ന്… കിച്ച …… കൃഷ്ണ വാക്കുകൾ തപ്പി… തടഞ്ഞു
, പറയാൻ തുടങ്ങിയതും രാകേഷ് പറഞ്ഞു..

നീയെന്തിനാ.. വിറയ്ക്കുന്നത്. അതൊന്നും സാരമില്ല.. നിങ്ങളൊരുമിച്ച് കളിച്ച് വളർന്നവരല്ലെ..? നിന്റെ കിച്ചാ മോശം ചിന്തയിൽ നിന്നെ തൊടില്ലന്നെനിക്കറിയാം. ഇത് പോലൊരു സുന്ദരി കുട്ടിയെ വിട്ട് കളഞ്ഞതെന്തെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തായാലും അത് നന്നായി… അത് കൊണ്ടല്ലേ.. എനിക്ക് നിന്നെ സ്വന്തമായ് കിട്ടിയത്. ആർക്കുംക്കെടുക്കില്ല ഞാൻ നിന്നെ . രാകേഷ് അവളുടെ താടി പിടിച്ചുയർത്തി.. കൃഷ്ണയുടെ ഇരു കവിളിലൂടെയും. കണ്ണീരാലിച്ചിറങ്ങി… രാകേഷ് അത് തുടച്ച് മാറ്റി അവളെ നെഞ്ചോട് ചേർത്തു.. പിന്നെ ശിരസ്സിലുമ്മവെച്ചു..

ഞാൻ.. ഞാൻ ….ചീത്തയല്ല ഏട്ടാ.. അവൾ പിന്നെയും എന്തൊ പറയാൻ തുടങ്ങിയതും.. രാകേഷ് അവളുടെ വായ് പൊത്തി.. എനിക്കറിയാം.. കുറച്ച് നാൾ ഞാനും ഒരാളെ ..ദൂരെ മാറി നിന്ന് സ്നേഹിച്ചതാ. ശരിയായ പ്രണയം.. മനസ്സിലാ.. ഇന്നിവിടം നിറയെ നീയാ. നിനക്കും അങ്ങനെയല്ലേ..

കൃഷ്ണ രാകേഷിനെ ആദ്യം കാണുന്ന പോലെ.. നോക്കി..

ഇപ്പോ.. നിനക്കെന്നെ പേടിയില്ലേ..?

ഊം…ഹും.. അവൾ മുഖം തുടച്ച് കൊണ്ട് ചിരിച്ചു..

അതെന്താ.?
എനിക്കറിയാം.. പാവാണെന്ന് ..

ങാ..ഹാ.. എന്നാലെ ഞാനത്ര പാവമല്ല. കാണണോ? രാകേഷിന്റെ കണ്ണിലെ കൃസൃതി കണ്ടിട്ട് കൃഷ്ണ പറഞ്ഞു.

എന്നാലും.. എനിക്കിനി പേടിയില്ല ഏട്ടനെ..?

ആഹാ.. അത്രയ്ക്കായോ…? എന്നാൽ ഇന്ന് നിന്നെ പേടിപ്പിച്ചിട്ട് തന്നെ കാര്യം. രാകേഷ് എഴുന്നേറ്റ് ഷർട്ടിന്റെ കൈ ചുരുട്ടിവച്ചു.. പിന്നെ. മീശ മുകളിലോട്ട് ചുരുട്ടി …. മുന്നോട്ട് വന്നു..

എന്തേ…ബർമുഡ മടക്കികുത്തുന്നില്ലേ.. കൃഷ്ണ രാകേഷിനെ കളിയാക്കി പൊട്ടിചിരിക്കാൻ തുടങ്ങി.. ചിരിച്ച് കഴിഞ്ഞ് കൃഷ്ണ നോക്കുമ്പോൾ രാകേഷ് മിണ്ടാതെ നോക്കി നിൽക്കുകയാണ്.

ഏയ്… സ്വപ്നം കാണുകയാണോ? അവൾ.. രാകേഷിന്റെ മുഖത്തിന് നേരെ കൈ വീശി..

രാകേഷ് അവളുടെ കണ്ണുകളിൽ ഇമവെട്ടാതെ നോക്കി നിന്നു.

നിന്നെ ഞാനും കുഞാറ്റേന്ന് വിളിച്ചോട്ടെ! രാകേഷ് ഇരു കൈകളും കൊണ്ട് അവളുടെ മുഖം ചേർത്ത് പിടിച്ചു.

കൃഷ്ണയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു.. .. ഉള്ളിൽ ആ പേര് ഒരു വേദനയായ് നീറി തുടങ്ങി.. കിച്ചാ മാത്രം വിളിച്ച പേര്.. മറ്റാരും എന്റെ കുഞ്ഞാറ്റയെ അങ്ങനെ വിളിക്കണ്ട.. എനിക്കിഷ്ടമല്ല… എന്ന് ഒച്ച വച്ചിട്ടുള്ള ഒരു കുഞ്ഞ് ബാല്യത്തിന്റെ സ്നേഹം.
ഞാനെന്ത് പറയും വിളിക്കണമെന്നോ? വിളിക്കണ്ടന്നോ.

മൗനം തുടർന്ന കൃഷ്ണയുടെ നെറുകയിൽ രാകേഷ് ഉമ്മവയ്ക്കാൻ
തുടങ്ങിയതും ശ്രീദേവീ.. മോനേന്ന് വിളിച്ച് വാതിലിൽ മുട്ടി..

രാകേഷ് കൃഷ്ണയുടെ പിടിവിട്ട് വാതിൽ തുറന്നു..

മോനെ.. ഞങ്ങളിറങ്ങുകയാണ്… മുൻ വാതിലടച്ചോളണേ?

അമ്മേ കുറച്ച് കഴിഞ്ഞ് ഞാൻ കൃഷ്ണ‌യേം കൂട്ടി ഒരു ഫിലിമിന് പോകുന്നുണ്ട്.

അതെങ്ങനെ ശരിയാകും? ഇവിടെ നയന തനിച്ചേയുള്ളൂ… അത് കൊണ്ട് മാത്രമാ ഞങ്ങൾ നീ വരുന്നത് വരെ വെയ്റ്റ് ചെയ്തത്. ഇനിയെല്ലാ ആഴ്ചയിലും ഇത് പോലെ പോകാനും പറ്റില്ല. അവളെ വിളിച്ചാൽ അവൾ വരില്ല.. നിങ്ങളുള്ള ധൈര്യത്തിലാ.. ഞങ്ങളിറങ്ങുന്നത്. എന്തായാലും അമ്മയോടും അച്ഛനോടും ഞങ്ങൾ അപ്പൂപ്പനും അമ്മൂമ്മയും ആകാൻ പോകുന്ന വിവരം നേരിട്ട് പറയണം ഞങ്ങൾക്ക്. അവിടെ തങ്ങുന്നില്ല ഞങ്ങൾ വേഗം വരാം. ഞങ്ങൾ വന്നിട്ട് നിങ്ങൾക്ക് സെക്കൻഡ് ഷോയ്ക്ക് പോകാം.

ങാ.. രാകേഷ് സമ്മതിച്ചു.

കൃഷ്ണേ.. രാകേഷിന് ചോറ് കൊടുത്ത് നീയും കഴിക്ക്.

ഉം..നയനേടത്തി കഴിച്ചോ അമ്മേ.

ഉം.. ഞാൻ ഒരു വിധം നിർബ്ബന്ധിച്ചു കഴിപ്പിച്ചു.. നല്ല പ്രയാസംണ്ട് അവൾക്ക്. നീ.. വഴക്ക് പറഞ്ഞതിൽ (ശ്രീദേവി രാകേഷിനെ നോക്കി പറഞ്ഞു..)

പാവം …. രാജേഷ് മോൻ അടുത്തില്ലാത്തതിന്റെ വിഷമമുണ്ട് അവൾക്ക് …പിണങ്ങിയിരിക്കണ്ട മോളെ …. മിണ്ടണം കേട്ടോ? ഞങ്ങൾ എത്തുന്നതിന് മുന്നേ രാത്രിയിൽ നിർബ്ബന്ധിച്ച് ഭക്ഷണം കഴിപിക്കയും വേണം.

ഉം.. രാകേഷ് വഴക്ക് പറയുമെന്ന് കരുതി.. കൃഷ്ണ ചെറുതായ് മൂളി..

ഊണ് കഴിക്കുന്നതിനിടയിൽ രാകേഷ് കൃഷ്ണയോട് ഓരോന്ന് ചോദിച്ച് കൊണ്ടിരുന്നു

നീ.. തീയറ്ററിൽ ഇരുന്ന് സിനിമ കണ്ടിട്ടുണ്ടോ?

പിന്നേ.. എത്രയെത്ര.. സിനിമ… അവിടെ മൂന്ന് തീയറ്റർ ഉണ്ട്.

അവിടുത്തെ മൂട്ടകടിക്കുന്ന തീയറ്റർ പോലല്ല.. ഇവിടുത്തേത്. കണ്ടാൽ ഞെട്ടും.

ഞെട്ടില്ല എട്ടാ…. ?

അതെന്താ..
ഇവിടുത്തെ മൂന്ന് തീയറ്ററിൽ വന്ന് സിനിമ കണ്ടിട്ടുണ്ട് ഞാൻ..

അതെപ്പോഴാ…

ഒരിക്കൽ അച്ഛനും ഗോവിന്ദാമ്മേം. ഞങ്ങൾ കുട്ടികൾ എല്ലാരും കൂടി.. അച്ഛമ്മ വരില്ല. പിന്നെയൊരിക്കൽ നന്ദേച്ചിയുടെ കല്യാണം കഴിഞ്ഞ് . വിരുന്ന് വന്ന അടുത്ത ദിവസം മാധവേട്ടനൊപ്പം.. ഞാനും മാള്യേച്ചിയും കൂടി..പിന്നെ ഒരു ദിവസം.. കിച്ച ഞങ്ങളെ രണ്ടാളെയും കൊണ്ടുവന്നു കാണിച്ചു.

ഊണ് കഴിഞ്ഞ് തിരികെ മുറിയിലെത്തിയതും കൃഷ്ണ പറഞ്ഞു.

ഞാനൊരു കാര്യം പറഞ്ഞാൽ വഴക്ക് പറയ്യോ?

കേട്ടിട്ട് തീരുമാനിക്കാം.

എനിക്കേ… സിനിമ കാണുന്നതിനേക്കാൾ നോവൽ വായിക്കുന്നതായിഷ്ടം.

അതെന്താ..

അതാകുമ്പോൾ.. എന്റെ ഒരു ഭാവന കൂടി കലരുമല്ലോ? പിന്നെ.. കുറെ ദിവസം വരെ …. മനസ്സിന് വല്ലാത്തൊരു ഉണർവ്വായിരിക്കും. ആദ്യമൊക്കെ കിച്ച വഴക്കുപറയുമായിരുന്നെങ്കിലും പിന്നീട് എസ്. എം. ലൈബ്രറിയിൽ നിന്നും പതിവായ് പുസ്തകം എടുത്ത് തരും.

അപ്പോ.. കിച്ചായാണ് നിന്നെ.. വഷളാക്കിയത്.. അല്ലേ…

അല്ല.. വഷളായതിൽ പിന്നെയാ കിച്ച കൊണ്ട് തരുന്നത്. കൃഷ്ണ പൊട്ടി ചിരിച്ചു.

രാജേഷേട്ടന്റെ കല്യാണത്തിന്റെ അന്ന് നീ.. കിച്ചാടെ പിന്നാലെ നടക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി. നിന്റെ കിച്ചായായിരിക്കും നിന്നെ കല്യാണ കഴിക്കുന്നതെന്ന് വിചാരിച്ചു.
ആ ദാവണി വേഷത്തിൽ നീന്നെ കാണാൻ നല്ല ഭംഗിയായിരുന്നു.

ഞാനന്ന് ഏട്ടനെ ശ്രദ്ധിച്ചതേയില്ല.

അതിനെന്താ.. ഇനി നീയെന്നെ മാത്രം ശ്രദ്ധിച്ചാൽ മതി..

നമ്മളിന്ന് ഏത് സിനിമയ്ക്കാ യേട്ടാ.. പോകുന്നത്.

ഇംഗ്ലീഷ് ഫിലിമിന് ?

എന്നാൽ ഞാനില്ല. ?

അതെന്താ..?

എനിക്ക് മലയാളം മതി.

ഒകെ…. ഓകെ… മലയാളമെങ്കിൽ മലയാളം ..?
പിന്നെ ഇനി ഒരു പ്രാവശ്യം കൂടി നീ തനിച്ച് വീട്ടിൽ പോയാൽ മതി.

അതെന്താ..

ഞാൻ നൈറ്റ് ഷിഫ്റ്റ് വേണ്ടന്ന് വയ്ക്കാൻ പോകുന്നു. പതിനഞ്ച് ദിവസം നിന്നെ കാണാതിരിക്കാനൊന്നും എനിക്ക് പറ്റുന്നില്ല. നാട്ടിൽ പോകുമ്പോൾ നിനക്കൊപ്പം എനിക്കും വരാല്ലോ? നിന്റെ തറവാട്ടിൽ നിനക്കൊപ്പം നിന്റ കൈപ്പിടിച്ച് .. ഞാവൽ പുഴയുടെ തീരത്ത് കൂടി നടന്ന് വേളിമലയിൽ കയറണം. അവിടെ നിന്ന് ഞാവൽ പുഴ ഗ്രാമത്തിന്റെ സൗന്ദര്യം നോക്കി കാണണം.

ഹൊ.. ഇന്നാ.. എനിക്ക് ശരിക്കും സന്തോഷായത്.. ഞാൻ കരുതി.. നയനേച്ചിയെ പോലെ ഏട്ടനും, പട്ടി കാട്ടിലേക്ക് ഞാനില്ലന്ന് പറയുമെന്ന് വിചാരിച്ചു.

ആ സാധനത്തിന്റെ പേര് മിണ്ടരുതെന്ന് മാത്രമല്ല.. അതിനെ കണ്ട് പഠിക്കയും ചെയ്യരുത്. രാജേഷ് താക്കീത് നൽകി.

ആ സമയം.. രാകേഷിന് ഫോൺ വന്നു. രാകേഷ് ഫോണെടുത്തു.

ഹലോ.. എപ്പോ… എന്നിട്ട്? എവിടെയാ.. ഞാനിതാ.. എത്തി.. നീ വിട്ടോ.

രാകേഷിന്റെ വെപ്രാളവും പരിഭ്രമവും കണ്ട് കൃഷ്ണ എഴുന്നേറ്റ് രാകേഷിന്റെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു..

എന്തേട്ടാ?

മോളെ .. നീ കതകടച്ചോ..എന്റെ ഒരു ഫ്രണ്ടിന് ആക്സിഡന്റ് . ബ്ലഡ് കൊടുക്കണം. ഞാൻ പോയിട്ട് വരാം.. ഉറങ്ങികളയരുത്.. കാത്തിരിക്കണം. രാകേഷ് കൃഷ്ണയുടെ തോളിൽ തട്ടി പുറത്തേക്ക് പോയി..

കൃഷ്ണ കതകടച്ച് മുറിയിൽ തിരികെ വന്നു.. ജനാലയുടെ ഗ്ലാസ് വലത്തേക്ക് നീക്കി. അമൃതേച്ചിയുടെ ജനാല തുറന്നിട്ടില്ല.

അവൾ ഫോണടുത്ത് അമൃതയെ വിളിച്ചു. പക്ഷെ ! കിട്ടിയില്ല. ഞായറാഴ്ച ദിവസങ്ങളിൽ പതിവുള്ളതാ.. ജനാല തുറക്കില്ല.. എന്നാലും ഫോണ്ടുക്കാത്തതെന്താവും.

രാത്രിയിൽ പറഞ്ഞതിലും നേരത്തെ രാകേഷിന്റെ അച്ഛനും
അമ്മയുമെത്തി..

രാത്രിയിൽ കൃഷ്ണ നയനയുടെ മുറിയിൽ ഭക്ഷണം കൊണ്ട് കൊടുത്തു… ഭക്ഷണം വാങ്ങി കൃഷ്ണയെ നോക്കാതെ നയന മുറിയുടെ വാതിലടച്ചു.

രാകേഷിനെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല. ഫോൺ ഓഫാണ്.

കുറച്ച് കഴിഞ്ഞ്.. രാകേഷ് വിളിച്ചു.

നീയെന്തെങ്കിലും കഴിച്ച് കിടന്നോ മോളെ?
വേണ്ട.. ഏട്ടൻ വരുന്നത് വരെ .. ഞാൻ കാത്തിരിക്കാം.

ഞാൻ വരാൻ ലേറ്റാകും.. ഒത്തിരി.. സീരിയസാ… ഇവിടെ.. എല്ലാരും ഉണ്ട്.

എന്നാലും കൃഷ്ണ കാത്തിരുന്നു. കുറെയേറെ സമയം കഴിഞ്ഞ് രാകേഷ് വിളിച്ചു വളരെ വിഷമത്തോടെ പറഞ്ഞു..

മോളെ… അവൻ പോയി.. ഞങ്ങൾ ബോഡിയുമായ് അവന്റെ വീട്ടിൽ പോകയാണ്. കരഞ്ഞു പോകുമെന്ന് തോന്നിയിട്ടാകും.. രാകേഷ് ഫോൺ കട് ചെയ്തു..

കൃഷ്ണയ്ക്കും ഉറങ്ങാനായില്ല. പിന്നെയും ഏറെ നേരം അവൾ ഉണർന്നിരുന്നു..പിന്നെയെപ്പോഴോ.. അവൾ മയങ്ങി..എന്തൊക്കെയോ.. ഒച്ച പാടും ബഹളവും കേട്ടാണ് കൃഷ്ണ ഉണർന്നത്.. ഉറക്കച്ചടവിൽ അവൾ പുറത്തിറങ്ങി.. അച്ഛനും അമ്മയും നയനേച്ചിയും ഗേറ്റ് പടിക്കൽ ഉണ്ട്… റോഡിൽ അയൽക്കാരിൽ ചിലർ.. അവരുടെ നടുവിൽ നിന്ന് രാകേഷ് ഉറക്കെ.. സംസാരിക്കുന്നു. അതും ദേഷ്യത്തിൽ.. കൃഷ്ണ ശ്രദ്ധിച്ചു.

നിങ്ങൾ അവിടെയും ഇവിടെയും നിന്ന് അവളുടെ വീട്ടിൽ ആളുകയറുന്നു.. ഇറങ്ങുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.. പിടിക്കണമായിരുന്നു.. എന്റെ ബൈക്കിനുമുന്നിൽ വന്ന് വീണതായിരുന്നു…ഒരു സെക്കൻഡ് വ്യത്യാസത്തിലാ. അവൻ എന്റെ കയ്യിൽ നിന്ന് പോയത്.. ശ്ശെ… മറ്റന്നാൾ അവളുടെ ഒറിജിനൽ വരുന്നുണ്ട്.. അന്ന് രണ്ടിനെയും ഓടിക്കണം ഇവിടുന്ന്.. ഈ ഏരിയൽ ഇത്തരം സാധനങ്ങളൊന്നും വേണ്ട.. രാകേഷ് പല്ലു ഞെരിച്ചകത്തേക്ക് കേറി.. വാതിലിൽ നിന്ന കൃഷ്ണയുടെ കൈ വലിച്ച് അകത്തേക്ക് പോയ കൃഷ്ണയോടു പറഞ്ഞു..

ഇനിയും ആ … വേ… യോട് കൂടണോ നിനക്ക്..

കൃഷ്ണ രാകേഷിന്റെ അപ്പോഴത്തെ ഭാവം കണ്ട് ഭയന്നു.

കൃഷ്ണ രാകേഷിന്റെ അപ്പോഴത്തെ ഭാവം കണ്ട് ഭയന്നു.

ഇപ്പോ.. നീയെന്ത് പറയുന്നു.. നിന്റെ അമൃതേച്ചിയെ കുറിച്ച് …

കൃഷ്ണ ഒന്നും മിണ്ടിയില്ല.
നിന്നോട് ചോദിച്ചത് കേട്ടില്ലേ.. നിൻറെ അമൃതേച്ചിയെ പറ്റി നിനക്ക് എന്തു തോന്നുന്നു എന്ന് ?

ഞാനെന്ത് പറയാനാ.. എന്റെ കണ്ണിൽ കാണാത്ത ഒരു സംഭവത്തെയും വിശ്വസിക്കാൻ എനിക്ക് പ്രയാസമാ..

അപ്പോ.. അവനെ കയ്യോടെ പിടിച്ച എന്നെ നിനക്ക് വിശ്വാസമില്ല അല്ലേ.

ഏട്ടനെയെനിക്ക് വിശ്വാസം.. തന്നെയാ.. പക്ഷേ! കൃഷ്ണ പാതിയിൽ നിർത്തി.. മൊബൈലിലെ ഡിസ്പ്ലേ യിൽ ചൂണ്ട് വിരലുകൊണ്ട് കോറി…. കൊണ്ടിരുന്നു കൃഷ്ണ.

എന്ത് പക്ഷേ! പറ നീയ്യ്?

വല്ലതും മോഷ്ടിക്കാൻ വന്നതാണെങ്കിലോ?

അഞ്ചാറു മാസമായ് ഭർത്താവുപേക്ഷിച്ച് ഒരു ജോലിയുമില്ലാതെ..പട്ടിണിയും ഭാരിദ്ര്യവും ആയി കഴിയുന്ന അവളുടെ വീട്ടിൽ കക്കാൻ വന്നു പോലും. നിനക്ക് വിവരവും കുറവാ..

കള്ളനറിയില്ലല്ലോ… അവിടെ പട്ടിണിയാണെന്ന് . ഏട്ടനൊക്കെ പറയുന്ന പോലെ അയൾ ചെന്നത് ചീത്ത കാര്യത്തിനാണേൽ അമൃതേച്ചിയും മോളും പാട്ടിണി കിടക്കേണ്ടി വരുമോ?

രാകേഷ് അവളെ ഒന്നു നോക്കി പിന്നെ പതിയെ മുറിയുടെ ‘പുറത്തിറക്കി.. എനിക്കേ.. രാവിലെ എഴുന്നേൽകേണ്ടതാ. ദേ ആ മുറിയിലെങ്ങാനും പോയി കിടന്നോ..
നിന്നെ കണ്ടാൽ അവളെയും നിന്നെയും വല്ലതും ഒക്കെ പറഞ്ഞ് എന്റെ ഉറക്കം പോകും. കൃഷ്ണയെ പുറത്തിറക്കി രാകേഷ് വാതിൽ ലോക്ക് ചെയ്തു.

അമൃതയുടെ കാമുകനെ കിട്ടാതെ പോയതിന്റെ ദേഷ്യത്തിൽ ഉറങ്ങാതെ ഓരോന്ന്പറഞ്ഞിരിക്കുകയായിരുന്നു നയനയും ശ്രീദേവിയും ഹരികുമാറും.

എന്താ.. മോളെ.. ശ്രീദേവി ചോദിച്ചു.

ശ്രീദേവിയുടെ മടിയിൽ തലവെച്ച് കിടന്ന നയനയെഴുന്നേറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു..
ആ നാശത്തെ സപ്പോർട്ട് ചെയ്തു സംസാരിച്ച് കാണും അമ്മേ… ദേഷ്യം വന്നിട്ട് രാകേഷ് പുറത്തിറക്കിവിട്ടതാവും.

ദേ.. കൃഷ്ണാ.. ഒരിക്കൽ കൂടി ഞാൻ പറയാണ്.. അവളുമായ് ഇനി മേലിൽ സംസാരിക്കരുത്.

കഴിഞ്ഞ ദിവസം അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് ഇവളാ.. റോഡ് നേരെ കണ്ടിട്ടില്ലാത്ത ഇവൾ കൃത്യമായ് അവളെ മെഡിക്കൽ കോളേജിലെത്തിച്ചു. രാകേഷിനോട് പറയുന്നത് ഞാൻ കേട്ടതാ… അമ്മേം അച്ഛനും ഇത് വല്ലതും അറിയണുണ്ടോ? നയന ചൂടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹരികുമാർ വളരെ സൗമ്യതയോടെ പറഞ്ഞു..

മോളെ.. നീയിനിയങ്ങനെയൊന്നും ചെയ്യരുത്.. ആള് കൂടുമ്പോൾ അവൾ പറയും… വന്നയാൾ നിന്നെ കാണാനാ വന്നത് എന്ന്.. കേട്ടല്ലോ?

ഉം.. ഒരു പ്രാവശ്യം കൂടി പോണമമ്മേ..

അതെന്തിനാ?

എനിക്ക് മുഖത്ത് നോക്കി ചോദിക്കണം അച്ഛാ… പിന്നെ. മേലിൽ എന്നോട് മിണ്ടരുതെന്നും പറയണം.

അതിന് വേണ്ടി നീ.. പോണ്ട കര്യമെന്താ… പറഞ്ഞേ തീരൂന്ന് അത്രയ്ക്ക് നിർബ്ബന്ധമാണെങ്കിൽ ജനാല വഴി പറഞ്ഞിട്ട് അതങ്ങ് വലിച്ചടച്ചാൽ മതി. ഇല്ലേ..മ്മേ …

ഉം.. മോളുറക്കമിളക്കണ്ട. ചെന്ന് കിടന്നോ? രാവിലെ തന്നെ ഓഫീസിൽ വിളിച്ച് ലീവിന്റെ കാര്യം പറയണം കേട്ടോ?

ഞാൻ ഇപ്പോ.. ലീവെടുത്താൽ ശരിയാകില്ലമ്മേ.. എനിക്ക് കുഴപ്മൊന്നുമില്ല. അമ്മയും അച്ഛനും രണ്ട് ദിവസം കഴിഞ്ഞ് ഇങ്ങോട്ട് വരും.. അന്ന് ഞാൻ ലീവെടുക്കാം.
ഇവിടെ നിന്നാൽ ഇവളോരോ വട്ടത്തരം പറഞ്ഞ് പിന്നാലെ കൂടിയെനിക്ക് സമാധാനം തരില്ല. ഇവൾ വീട്ടിൽ പോണ പതിനഞ്ച് ദിവസവും ഞാൻ ഇവിടെ നിന്നോളാം.

ഹൊ.. ഞാനെങ്ങും വരുന്നില്ല.. കൃഷ്ണ ചുണ്ടു കോട്ടി ചിരിച്ചു.

നയന പടികയറി മുകളിലേക്ക് പോയി..

മോളും പോയ് കിടന്നോ? ഹരികുമാർ പറഞ്ഞു.

ഉം.. ശരിയഛാ..ന്ന് പറഞ്ഞ് കൃഷ്ണയും പോയി കിടന്നു..
അഞ്ച് മിനിട്ടായില്ല..കൃഷ്ണയുടെ ഫോൺ ശബ്ദിച്ചു.

പാവം തോന്നീട്ട് ഏട്ടൻ വിളിക്കുന്നതാവും കൃഷ്ണ ഫോണെടുത്തു.

രാജേഷേട്ടനാണല്ലോ? ഒന്നുമടിച്ച ശേഷം അവൾ ഫോണടുത്ത് ഹലോ വച്ചു..

കൃഷ്ണാ.. നയനയില്ലേ.. അവിടെ?

ഉണ്ടല്ലോ രാജേഷേട്ടാ.. എന്തേ ചോദിച്ചത്.?

ഫോൺ സ്വിച്ച്ഡ് ഓഫാണല്ലോ?
അവിടെന്തെങ്കിലും പ്രോബ്ളമുണ്ടോ?
എല്ലാരയും മാറി മാറി വിളിച്ചു.. എല്ലാരും ഓഫ് ചെയ്ത് വച്ചാൽ എന്ത് ചെയ്യാനാ… ഒന്നും അറിയാതെ ആകെ.. ടെൻഷനായിട്ട് വയ്യ…

ഓ.. അതോ..? ഏട്ടൻ വരാൻ ലേറ്റായി. ഏട്ടന്റെ ഒരു ഫ്രണ്ടിന് ആക്സിഡന്റായി ഹോസ്പിറ്റലിൽ ബ്ലഡ് കൊടുക്കാൻ പോയിട്ട് വന്നപ്പോൾ ലേറ്റായി. ഉറക്കത്തിൽ ഫോൺ ശല്യമാകണ്ടന്ന് കരുതി ഓഫാക്കിയതാവും എല്ലാരും..
രാജേഷേട്ടൻ വിഷമിക്കണ്ട. ഞാൻ നയനേച്ചിയോട് പറയാം ഇപ്പോൾ തന്നെ..

അത് നിനക്ക് ബുദ്ധിമുട്ടാകില്ലേ.. രാജേഷ് ചോദിച്ചു..

എന്ത് ബുദ്ധിമുട്ട് ഏട്ടാ.. ഞാൻ ഉഗാണ്ടയിലൊന്നും അല്ലല്ലോ ഈ ഫോണും കൊണ്ട് പോകുന്നത്.

രാജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു..
ഓ… നമിച്ചേ ..

ചേട്ടൻ വച്ചോ?

കൃഷ്ണ നയനയുടെ മുറിയിലെത്തിയതും നയനയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു.
രാജേഷേട്ടന്റെ കോൾ വന്നിട്ടുണ്ടാകുമെന്ന് കരുതി തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ്.
തന്റെ പേരു പറയുന്നത് കേട്ടത്..
ചാരിയിട്ട വാതിലിനോട് ചേർന്ന് നിന്ന കൃഷ്ണ ആ സംസാരം കേട്ട് ശരിക്കും ഞെട്ടിപ്പോയി.. വിശ്വസിക്കാനാകാതെ തരിച്ച് നിന്നു പോയി.. ഓരോന്നും ഇടിമുഴക്കം പോലെയാണവൾ കേട്ടു കൊണ്ടിരുന്നത്. നയനയുടെ പുതിയ മുഖം അവളെ ശരിക്കും ഞെട്ടിച്ചു. ബാക്കി കേൾക്കാൻ വേണ്ടി ഫോൺ സൈലന്റാക്കി ചെവികൂർപ്പിച്ചു.

വെറുതെ കിടന്ന് ചാടണ്ട. അതിന്റെ ആവശ്യം ഉണ്ടായിട്ട് തന്നെയാ.. വച്ചത്.. സ്നേഹിച്ച് നിന്ന് ബാക്കി ആഭരണങ്ങൾ കൈക്കലാക്കണം. പിന്നെയിത് വച്ച് വേണം. അവസാനത്തെ കളി.. ആ പ്രോജക്ട് റിപ്പോർട്ട് താനേയിങ്ങ് പോരും. അത് കിട്ടി കഴിഞ്ഞാൽ.. നമുക്ക് മാത്രമായൊരിടം കണ്ടെത്തണം. രാജേഷേട്ടൻ നാട്ടിലെത്തുന്നതിന് മുന്നെ നീയെന്നെ കൊണ്ട് പോണം എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് അതിന്റെ ഒറിജിനൽ അച്ചനെതന്നെ വേണം..

കൃഷ്ണ കൂടുതൽ ഞെട്ടി തളർന്നു പോയി. അപ്പോ.. രാജേഷേട്ടനല്ലെ.. ഫോണിൽ? നയനേച്ചിയിത്രയ്ക്ക് തരം താണുപോയോ?

ഒളിച്ചും പതുങ്ങിയും കണ്ടുമടുത്തു… എനിക്കിപ്പോൾ നിന്നെ കുറിച്ചല്ലാതെ ചിന്തയില്ല. കണ്ടില്ലെങ്കിൽ … നിന്റെ ശബ്ദമെങ്കിലും കേട്ടില്ലെങ്കിൽ മരിച്ച് പോകുമെന്ന അവസ്ഥയാ.. ഇന്ന് നിന്നെ പിടിച്ചിരുന്നെങ്കിൽ രണ്ട് ജീവൻ കത്തി ചാമ്പലാകുമായിരുന്നു ഈ മുറിയിൽ.

പറയാതെ ഞാനെന്ത് ചെയ്യുമെന്ന് നീ പറ. ഇവിടുന്ന് അടിച്ചിറക്കുന്നതിന് മുന്നെ. എനിക്കിവിടുന്ന് ഇറങ്ങണം.
രാജേഷേട്ടൻ ഇപ്പോഴേ കയറ് പൊട്ടിക്കുകയാണ്.. എന്റടുത്തെത്താൻ.. രാജേഷേട്ടൻ വരുന്നതിന് മുൻപ് എനിക്കത് കൈക്കലാക്കണം. അയാൾ ആ പ്രോജക്ട് ചെയ്യരുത്. ആ പ്രോജക്ട് നടപ്പാക്കാതിരിക്കാൻ വേണ്ടതൊക്കെ അച്ഛൻ ചെയ്തു തരും. അയാൾക്ക് പ്രിയപ്പെട്ടതെല്ലാം ഞാൻ തകർക്കും..
ഇപ്പോൾ എന്നെ അലട്ടുന്നതതല്ല. ആ കാമറയിപ്പോൾ വർക്കാകുന്നില്ല. വെറും ഇരുട്ടാ..
അതവൾ തന്നെ മാറ്റിയിട്ടുണ്ടാകും..
പഠിത്തം ഇല്ലെങ്കിലും.. ബുദ്ധിമതിയാ.
ഇല്ലെങ്കിൽ ബട്ടൺ വല്ലതുമാണെന്ന് വിചാരിച്ച് വലിച്ചെറിഞ്ഞിട്ടുണ്ടാവും.

എന്റ കൃഷ്ണാ.. കൃഷ്ണനെഞ്ചത്ത് കയ്യ് വച്ചു പോയ്.. കാമറയോ?
അവൾ ചുമരിലള്ളിപിടിച്ചു.. മുറിക്കകത്ത് കയറി ചെകിട് നോക്കി പൊട്ടിക്കേണ്ട എല്ലാം ഒപ്പിച്ചു വച്ചിട്ടുണ്ട്. എങ്കിലും ബുദ്ധിയോടെ നീങ്ങണം. അപ്പോ.. രാകേഷേട്ടന്റെ കയ്യിൽ നിന്ന് ചാടി പോയത് അമൃതേച്ചിയുടെ രഹസ്യകാരനല്ല. നയനേച്ചിയുടെ ആളാണപ്പോൾ.

ഫോണിന്റെ സൗണ്ട് ബട്ടൺ പഴയപടിയാക്കി കൃഷ്ണ വാതിലിൽ മുട്ടി.. ?
വാതിൽ തുറന്നതും നയന ചോദിച്ചു.

ഉം..എന്താടീ…

ദേ, രാകേഷേട്ടൺ വിളിക്കുന്നു..

നയന ഫോൺ വാങ്ങി സംസാരിച്ചു..

എനിക്ക് നല്ല തലച്ചുറ്റലായിരുന്നു രാജേഷ്.. വൊമിറ്റിങ്ങും ഉണ്ട്. ഇടയ്ക്ക് കുറെ സമയം ഞാൻ വിളിച്ചു.. അപ്പോഴൊന്നും എനിക്കും കിട്ടിയില്ല. രാജേഷ് എന്റെ ഫോണിൽ വിളിക്ക്. കൃഷ്ണ പുറത്തു നിന്ന് ഉറക്കം തൂങ്ങുന്നു.. അവൾ പോയ് കിടന്നോട്ടെ!

നയന ഫോൺ കൃഷ്ണയെ തിരികെ ഏൽപ്പിച്ചു.

കൃഷ്ണ മുറിയിലെത്തി … പാവം അമൃതേച്ചി.. അമൃതേച്ചിയെ രക്ഷിച്ചേ മതിയാകൂ.
രാകേഷട്ടനറിഞ്ഞാൽ നയനേച്ചിയെ കത്തിച്ച് ചാമ്പലാക്ക്കും.. സ്ത്രീകൾ മോഡേൺ വസ്ത്രം ധരിക്കുന്നത് വരെ രാകേഷേട്ടന് ദേഷ്യമാണ്. ഏട്ടത്തിടെ പിന്നാലെ നടക്കുന്നതാെ ക്കൈ കൊള്ളം അമ്മാതിരി മുടി വെട്ടുകയോ? ചായം പൂശുകയോ ചെയ്താൽ കൊന്നു കളയുമെന്നാ പറയുന്നത്.
ഏട്ടത്തി പറയുന്ന കേട്ട് ഒന്നും ചെയ്യരുതെന്ന് രാജേഷേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഓഫീസിൽ ഓരോ ഫണ്ട്ഷനിടാനെന്നും പറഞ്ഞ് ഏട്ടത്തി പലപ്പോഴായി വാങ്ങിയിട്ടുള്ള ആഭരണങ്ങളൊന്നും ഇത് വരെ തിരികെ തന്നിട്ടില്ല. ഭർത്താവിനെ വഞ്ചിച്ച് ഗർഭം ധരിച്ചിട്ടു കൂടി പാവം അമൃതേച്ചിയെ എന്തെല്ലാം പറയുന്നു.
വല്യമ്മയോട് രഹസ്യമായ് പറയണം..
നയനേച്ചിയുടെ വഷളത്തരത്തിന് കടിഞ്ഞാണിട്ടേ.. പറ്റു… ഒപ്പം അമൃതേച്ചിയെ നാണകേടിൽ നിന്നും രക്ഷിക്കണം. ആനന്ദേട്ടൻ വരുന്നതും കാത്തിരിക്കുകയാണ് റെസിഡൻസ്.

അമൃതേച്ചിയെ രക്ഷിക്കാൻ വേണ്ടി.. ആനന്ദേട്ടൻ റസിഡന്റസിലുള്ളവർ പറഞ്ഞ് അറിയുന്നതിന് മുൻപ് ആനന്ദേട്ടന് വാട്സ് ആപ് ചെയ്യാം.

അമൃതേച്ചിയോട് പിണങ്ങരുതെന്നും.. നാട്ടുകാർ പറയുന്നതൊന്നുംവിശ്വസിക്കരുതെന്നുമൊക്കെ എഴുതി കൃഷ്ണ പെട്ടന്ന് ആനന്ദിന് മെസ്സേജ് വിട്ടു..
മുറിയിൽ എവിടെയാവും കാമറ ഒളിപ്പിച്ചിട്ടുള്ളത്.. ബാത് റൂമിലാവോ.. സാധാരണ മനപൂർവ്വം ദ്രോഹിക്കാൻ ഇറങ്ങുന്നവർ അതേ.. ചെയ്യൂ..
എന്തായാലും സമാധാനം പോയി..
തത്ക്കാലം രാകേഷേട്ടനറിയണ്ട.. പോലീസിൽ വല്ലതും പിടിച്ച് കൊടുത്താലോ?

നേരം പുലർന്നതും കൃഷ്ണ മുറിയുടെ വാതിലിൽ മുട്ടി..

രാകേഷ് വന്നു വാതിൽ തുറന്നു ..രാകേഷ് ഒരുങ്ങി നില്പുണ്ടായിരുന്നു.

ഏട്ടനിത്ര നേരത്തെയെവിടെ പോകുന്നു.

സുധീഷിന്റെ ബോഡി വീട്ടിൽ കൊണ്ട് പോയിട്ടില്ല. അവനെ അവസാനമായൊന്ന് കാണണം. നീ വരുന്നോ.. നമുക്കൊരുമിച്ച് പോകാം..

ഇല്ലേട്ടാ.. എനിക്ക് അതൊന്നും കണ്ട് നിൽക്കാനാവില്ല.

ഏട്ടനോട് പിണങ്ങണ്ട കേട്ടോ? എല്ലാം കൂടി തലയ്ക്ക് പിടിച്ചിട്ടാ..ഞാൻ വന്നത്.. അപ്പഴാ… അവനെന്റെ മുന്നിൽ ചാടി വീണത്. അവൻ മതിലെടുത്ത് ചാടുന്നത് കണ്ടിട്ട് ജ്യേഷ് അങ്കിളാ എന്നെ വിളിച്ച് പറഞ്ഞത്. പെട്ടന്ന് തന്നെ പറന്ന് വരുകയായിരുന്നു ഞാൻ.. നല്ല മുഖ പരിചയം തോന്നുന്നു. എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ഇതൊരു വശത്ത് …അവന്റെ മരണം മറുവശത്ത്.

നീയെന്താ.. ഒന്നും മിണ്ടാത്തത്.. രാകേഷിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

ഏട്ടനെയെങ്ങനെ ആശ്വസിപ്പിക്കണമെന്ന്. എനിക്കറിയില്ല..

അവന്റെ ബോഡി നാട്ടിലെത്തിച്ച് ചടങ്ങ് കഴിഞ്ഞ് വരുമ്പോൾ ഒത്തിരി വൈകും. അതാ.. ചോദിച്ചത് പോരുന്നോന്ന് നീയും..

ഇല്ലേട്ടാ.. ഇന്നലെ ഉറങ്ങാതിരുന്നിട്ട് വല്ലാത്ത തലവേദന. കൃഷ്ണ കളവ് പറഞ്ഞു മനപൂർവ്വം ഒഴിഞ്ഞു.

രാകേഷ് അവളെ ചേർത്ത് പിടിച്ചു നെറുകയിലുമ്മ വച്ചിട്ട് ചോദിച്ചു.
പോയിട്ട് വരെട്ടെ!

ഉം.. ന്ന് മൂളലോടെ കൃഷ്ണ തല കുലുക്കി..

കിടന്നുറങ്ങിക്കോ.. അടുക്കളിൽ കയറണ്ട അമ്മയോട് ഞാൻ പറയാം..

രാകേഷിറങ്ങിയതും കൃഷ്ണ വാതിലടച്ച് ക്യാമറ അന്വേഷിക്കാൻ തുടങ്ങി..

കണ്ടെത്താതെ നിരാശയോടെ ബെഡിൽ വന്നിരുന്ന അവൾ ചിന്തിച്ചു. ഈ കൃഷ്ണയുടെ ജീവിതം തീരാറായോ?
കിച്ചായെ വിളിച്ചാലോ..?

ഒളി ക്യാമറ കണ്ടെത്താനുള്ള എന്തെങ്കിലും ഇലക്ട്രോണിക്സ് ഡിവൈസ് കിച്ചാടെ കൈവശം ഉണ്ടെങ്കിലോ?

(തുടരും )

❤️❤️ ബെൻസി ❤️❤️

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply