ഞാനും എന്റെ കുഞ്ഞാറ്റയും – 24, 25

  • by

7163 Views

njanum ente kunjattayum aksharathalukal novel by benzy

രാകേഷേട്ടനോട് പറഞ്ഞാൽ കുടുംബ ബന്ധം തകരും. ചേച്ചിയാണെന്ന് വച്ച് ചതിക്ക് കൂട്ടു നിൽക്കാനൊന്നും പറ്റില്ല. നയനേച്ചി അയാളോടൊപ്പം ഇറങ്ങി പോകുംന്ന് തന്നെയാ സംസാരത്തിൽ കേട്ടത്. എന്നെ തകർക്കാൻ നോക്കിയ നയനേച്ചിയോട് തീരെ ദേഷ്യം തോന്നുന്നില്ല.. പക്ഷേ! രാജേഷേട്ടനെ വഞ്ചിച്ച് … മറ്റൊരാളെ…

ഛെയ്… ഓർക്കുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നു. സ്വർണ്ണം തട്ടിയെടുത്തതൊന്നുമല്ല..എന്റെ ഇപ്പോഴത്തെ പ്രശ്നം. ക്യാമറയാണ്..അത് ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതമായിരിക്കും തകർക്കുന്നത്.
കിച്ചാ അറിഞ്ഞാൽ
ഉറപ്പായിട്ടും …..കിച്ചയെന്നെ രക്ഷിക്കും. പക്ഷേ… ഇത്രയും ദിവസവും ഞാൻ വിളിക്കാതിരുന്നിട്ട് കിച്ചയെന്നെ ഒരു തവണ പോലും വിളിച്ചിട്ടില്ല. രാകേഷേട്ടൻ അങ്ങോട്ട് വിളിക്കുമ്പോൾ സുഖവിവരം ചോദിക്കാറുണ്ടെന്നാണ് ഏട്ടൻ പറയുന്നത്. എന്ത് കൊണ്ടാണെന്ന് ഒരു പിടിത്തവുമില്ല.

നയന പറഞ്ഞ ഓരോ കാര്യങ്ങളും കൃഷ്ണ ഓർത്തെടുത്തു..

മുറിയിൽ വച്ച കാമറയിപ്പോൾ വർക്കാകുന്നില്ല. വെറും ഇരുട്ടാ..
അതവൾ തന്നെ മാറ്റിയിട്ടുണ്ടാകും..
പഠിത്തം ഇല്ലെങ്കിലും.. ബുദ്ധിമതിയാ.
ഇല്ലെങ്കിൽ ബട്ടൺ വല്ലതുമാണെന്ന് വിചാരിച്ച് വലിച്ചെറിഞ്ഞിട്ടുണ്ടാവും.

ബട്ടൺ…. ശരിയാണല്ലോ.. നയനേച്ചി ഇന്നലെ ഇവിടെ കിടന്നിട്ട് പോയപ്പോൾ കിട്ടിയ ബട്ടൺ.. അതാ വോ?

കൃഷ്ണ.. ചാടിയെഴുന്നേറ്റു.. അലമാരയിൽ നിന്നു അച്ഛമ്മ സമ്മാനിച്ച പെട്ടിയെടുത്ത് തുറന്ന് ബട്ടൺ കയ്യിലെടുത്തു. തിരിച്ചും മറിച്ചും നോക്കി. വസ്ത്രത്തിൽ തുന്നി പിടിപ്പിക്കാനുള്ള ദ്യാരമില്ലല്ലോ ഇതിൽ
നല്ല തിളക്കമുണ്ട്… ഈ തിളക്കം ലെൻസിന്റേതാവുമോ.. ഓരോന്ന് ചിന്തിച്ച് നോക്കി നിന്നപ്പോൾ വാതിലിൽ മുട്ട് കേട്ടു..

കൃഷ്ണപെട്ടണ് പഴയ പടി എല്ലാം തിരികെ വച്ച് പൂട്ടി വാതിൽ തുറന്നു.

മുന്നിൽ നയനേച്ചി…

നയന കൃഷയെ കണ്ടയുടൻ പറഞ്ഞു തുടങ്ങി..
മോളെ നിന്നോട് പിണങ്ങി കിടന്നിട്ട് ഇന്നലെ ഉറക്കം വന്നില്ല..സോറിട്ടോ?
നയന കൃഷ്ണയുടെ മുഖത്ത് പിടിച്ചു. ഉമ്മവയ്ക്കനായ്..

ഛീ… കൃഷ്ണ മുഖം വെട്ടിച്ചു..

എന്താടീ… നീ… അറച്ചത് പോലെ മുഖം വെട്ടിക്കുന്നത്.

അറച്ചത് പോലെയല്ല.. നയനേച്ചീ… അറപ് തന്നെയാ.. കാണ്ടാലറയ്ക്കുന്ന അറപ് തന്നെയാ എന്ന് പറയണമെന്ന് തോന്നിയെങ്കിലും അവൾ പിടിച്ച് നിന്നു. ഉള്ളിലെ ഭാവം മുഖത്ത് പ്രകടമാക്കാതെ മൗനമായ് നിന്നു കൊടുത്തു അവൾ.

നിന്നോട് പിണങ്ങി ഓഫീസിൽ പോയാൽ ഒരു ജോലിയും നടക്കില്ല മോളെ.. ചിരിക്കെടീ… ഒന്ന്. എന്ന് പറഞ്ഞ് കൊണ്ട് നയന മുറിക്കകത്ത് കയറി. നേരെ കോർണർ സ്റ്റാൻഡിൽ വച്ചിരുന്ന ഫ്ലവർ ബാസ്കറ്റിനരികിലേക്ക് നീങ്ങി നിന്ന് അതിലെ പൂക്കൾ തലോടി കൊണ്ട് ചോദിച്ചു…

മോളെ… ഇത് നീ… വാങ്ങിയതാണോ….. രാകേഷ് വാങ്ങിയതാണോ? ഇത് പോലൊന്ന് വാങ്ങാൻ പലേടത്തും നോക്കി.. പക്ഷേ.. ഇത് പോലൊന്ന് ഒരിടത്തും കിട്ടിയില്ല.

നയനക്കറിയാം.. ഇങ്ങനെ പറഞ്ഞാൽ കൃഷ്ണ തന്നെ പറയും , നയനേച്ചിക്ക് അത്രയ്ക്കു ഇഷ്ടപ്പെട്ടെങ്കിൽ ഇത് എടുത്തോയെന്ന്. അതിനുള്ളിൽ അവളറിയാതെ ഒളിപ്പിച്ച ക്യാമറ കൈക്കലാക്കി പിന്നീട് മറ്റൊരിടത്ത് ഫിക്സ് ചെയ്യണം.

കൃഷ്ണയ്ക്ക് സംശയം തട്ടി തുടങ്ങിയതിനാൽ അവളൊരു മറുപടിയും പറഞ്ഞില്ല..

കൃഷ്ണ അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ നയനയുടെ ആവശ്യമായതിനാൽ കൃഷണയോട് ചോദിച്ചു.

കൃഷ്ണമോളെയിത്ഞാനെടു ത്തോട്ടെ!

ഓഫീസിൽ പോകാനിറങ്ങിയതല്ലേ.. നയനേച്ചിയിതും കൊണ്ടാണോ ഓഫീസിൽ പോകുന്നത്.

അല്ല.. ഞാനിന്ന് ലീവെടുത്ത് നിനക്കൊപം കൂടിയാലോന്ന് ആലോചിക്കുകയാണ്..

ഇയ്യോ.. എനിക്ക് നയനേച്ചിയുടെ കൂടെ കൂടാൻ തീരെ താത്പര്യമില്ല… എനിക്ക് നന്നായി ഉറങ്ങണം.. രണ്ട് ദിവസം രാകേഷേട്ടനെ കാത്ത് ഉറക്കമിളച്ചതിന്റെ ക്ഷീണം നല്ലോണം ഉണ്ട്.. നയനേച്ചിയിറങ്ങീട്ട് വേണം എനിക്ക് കതകടച്ച് കിടന്നുറങ്ങാൻ..

അപ്പോ.. ഈ ഫ്ലവർ വെയ്സ് നീയെനിക്ക് തരില്ലേ…

ഇത് എന്റേതല്ല.. രാകേഷേട്ടൻ വന്നിട്ട് ചോദിച്ചെടുത്തോ?

നയനേ..വേഗം വന്നേ… ശ്രീദേവി പുറത്തൂന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ദേ…. അമ്മ വിളിക്കുന്നു. കൃഷ്ണ ഓർമ്മപ്പെടുത്തി.

നയന ചാർജറിൽ നിന്നും ഫോണെടുത്തു മുറിക്ക് പുറത്ത് ഇറങ്ങി.

പിന്നാലെ കൃഷ്ണയും.. ചെന്നു.. അച്‌ ഛനും അമ്മയ്ക്കും റ്റാറ്റാ.. പറഞ്ഞ് മുൻവാതിൽ പൂട്ടി..വേഗം മുറിയിലെത്തി.. നയന ഫ്ളവർ വെയ്സ് ചോദിച്ചത് കൃഷ്ണയിൽ സംശയമുണർത്തിയിരുന്നു.. അവൾ അതെടുത്ത് നന്നായി പരിശോധിച്ചു.
ഒരില തണ്ടിൽ ചാരനിറത്തിലുള്ള ചെറിയ ഒരു പ്ളാസ്റ്റിക് ഹുക്ക്.. അവൾ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി.

അപ്പോഴാണ് കൃഷ്ണയുട ഫോൺ ശബ്ദിച്ചത്.
ആനന്ദേട്ടൻ… മെസ്സേജ് കണ്ടിട്ട് വിളിക്കുന്നതാണ്..
കൃഷ്ണ ഫോണെടുത്തു..

ഹലോ..
കൃഷ്ണാ.. ഞാൻ ആനന്ദ് ..

മനസ്സിലായി …ട്ടോ?

ഇന്നലെയങ്ങനെ മെസ്സേജ് അയക്കാൻ കാര്യമെന്താ..

അതേ… ഇന്നലെ ഇവിടെ ഒരു സംഭവമുണ്ടായി.. അമൃതേച്ചിയെ അവിശ്വസിക്കരുതെന്ന് പറയാനാ..
അമൃതേച്ചി അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇവിടെ അടുത്തൊരു കള്ളൻ കയറി അയാൾ അമൃതേച്ചിയെ കാണാൻ വന്നതാണെന്ന് പറഞ്ഞ്.. ഇവിടെ അയൽക്കാരൊക്കെ ഒത്തു കൂടി അവർ എന്തൊക്കെയോ.. പരിപാടി ഒപ്പിക്കുന്നുണ്ട് കേട്ടോ?

മറുവശത്തെ മൗനം കണ്ടിട്ട് കൃഷ്ണയൊന്നു ഭയന്നു.

അനന്ദേട്ടന് വീണ്ടും അമൃതേച്ചിയോട് പരിഭവമായോ? ആണെങ്കിൽ പറയണം.. അമൃതേച്ചിയെയും മോളെയും ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയ് നിർത്താം.

ഏയ്… അതല്ല ഞാൻ ആലോചിക്കുന്നത്. വീട്ടിൽ അമൃതയും മോളും തനിച്ചായതിനാൽ പുറത്തും അകത്തും ഞാൻ കാമറ വച്ചു കൊടുത്തിട്ടുണ്ടല്ലോ? അവൾക്കെന്താ.. ലാപ്ടോപെടുത്ത് നോക്കിയാൽ ആളെ മനസ്സിലാവുമല്ലോ?

കാമറ… യുടെ കാര്യം പറഞ്ഞതും കൃഷ്ണ പെട്ടന്ന് ചോദിച്ചു.

ആനന്ദേട്ടാ.. ഒരു ബട്ടൺ വലിപ്പത്തിലൊക്കെ കാമറ കിട്ടോ?

അതിനെക്കാൾ തീരെ ചെറിയ വലിപത്തിലും മറ്റുള്ളവർക്ക് കണ്ട് പിടിക്കാൻ കഴിയാത്ത രീതിയിൽ അതിനെക്കാൾ ചെറിയ സൈസിലും കിട്ടും.

എന്താ.. ചോദിച്ചത്..

എനിക്കൊരെണ്ണം വാങ്ങാൻ..

എന്തായിപ്പോ അങ്ങനൊരു ക്യാമറയ്ക്ക് ആവശ്യം ?
ആനന്ദേട്ടന്റെ വീട്ടിൽ അത് വച്ചിട്ട് ഫലമൊന്നുമില്ലല്ലോ.. അപ്പോൾ ഇവിടൊരെണ്ണം വച്ചിട്ട് അമൃതേച്ചിയുടെ പേര് ചീത്തയാക്കിയ ആ ചെറ്റയെ എനിക്ക് കണ്ട് പിടിക്കണം. എന്നിട്ട് .. അവനെ ഇഞ്ചി പരുവമാക്കണം..

അമൃതേച്ചിയെ അത്രയ്ക്കിഷ്ടാണോ?

ഉം.. ആനന്ദേട്ടൻ മറ്റന്നാൾ വരുമല്ലോ.. അല്ലേ…?

ഉറപ്പായിട്ടും.. വന്നാൽ അന്ന് തന്നെ ചികിത്സ തുടങ്ങണം. ഹോസ്പിറ്റലിൽ നിന്ന് നേരെ എന്റെ വീട്ടിൽ കൊണ്ട് പോകും. വീട് വാടകയ്ക്ക് കൊടുക്കാമെന്ന് വിചാരിക്കുന്നു..

അത് വേണ്ട.. ആനന്ദേട്ടാ.. ഒരു മാസമെങ്കിലും നിങ്ങൾ ഇവിടെ താമസിക്കണം. അമൃതേച്ചിയുടെ നിരപരാധിത്വം തെളിയിച്ച് തലയെടുപ്പോടെ ആനന്ദേട്ടനൊപ്പം ജീവിക്കുന്നത് നാട്ടുകാർക്ക് കാണിച്ച് കൊടുക്കണം..എന്നിട്ട് പോയാ മതി.. പ്ളീസ്….

എനിക്ക് ബോധ്യപെട്ടല്ലോ? പിന്നെന്താ.. അത് പോരേ..?

പോരാ… ആനന്ദേട്ടാ.. ചില കാര്യങ്ങൾ നാട്ടുകാർക്ക് നമ്മൾ ബോധ്യപെടുത്തി കൊടുക്കണം. കാര്യം മനസ്സിലാക്കാതെയും അതിനെ കുറിച്ച് അന്വേഷിക്കാതെയും മറ്റുള്ളവരെ ചെളിവാരിയെറിയാൻ ശ്രമിക്കുന്നവർക്ക് ഒരു ചെറിയ പാഠമായിരിക്കും അത്. ഇനി മറ്റൊരാളുടെ നേർക്ക് വാളെടുത്ത് ഇറങ്ങുന്ന സമയത്ത് ചിലരെങ്കിലും ഒന്ന് പിൻ വലിയട്ടെ!

ആനന്ദേട്ടാ.. ഒളികാമറ യെവിടെങ്കിലും ഉണ്ടോന്നറിയാനും ഒരു മുൻകരുതലെടുക്കാനും എന്തെങ്കിലും വിദ്യയുണ്ടോ?

ഉണ്ടല്ലോ.. അത്തരം ഡിവൈസുകൾ ഇന്ന് മാർക്കറ്റിലുണ്ട്.. പുറത്തൊക്കെ പോകുമ്പോൾ ഒരു മുൻകരുതലെടുക്കുന്നത് നല്ലതാ..
ഇന്ന് പല സാധനങ്ങളിലും കുഞ്ഞ് ക്യാമറകൾ നമ്മളറിയാതെ ഘടിപ്പിച്ച് വയ്ക്കാൻ കഴിയും.

അതവർക്കെങ്ങനെ കിട്ടും ആനന്ദേട്ടാ?

അത് വൈഫൈ വഴി മൊബൈലിലോ.. ലാപ് ടോപ്പിലൊ കമ്പ്യൂട്ടറിലോ സെറ്റ് ചെയ്ത് എത്ര അകലത്തിരുന്നും കാണാൻ സാധിക്കും. നൈറ്റ് വിഷൻ പോലും വ്യക്തമാക്കുന്ന ക്യാമറകൾ ഉണ്ട് ഇവിടെ. കാമറയുടെ മുന്നിൽ ആളെത്തുമ്പോൾ സിഗ്നലുകൾ മൊബൈലിൽ കിട്ടും.

അത് നമുക്ക് കണ്ട് പിടിക്കാൻ കഴിയും. മൊബൈൽ ഫോണിൽ കോൾ വിളിച്ച ശേഷം കട്ട് ചെയ്യാതെ മുറിയിൽ ക്യാമറയുള്ളതായി സംശയമുള്ള സ്ഥലത്തിനു സമീപം പിടിച്ചാൽ കാന്തിക വലയം മൂലം ചെറു ശബ്ദങ്ങൾ ഉണ്ടാകും. ക്യാമറകളോ, മൈക്കുകളോ കണ്ടെത്താൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗൺലോഡ് ചെയ്തു പ്രവർത്തിപ്പിച്ചാൽ ഒളിക്യാമറകൾ എളുപ്പത്തിൽ കണ്ടെത്താം.
മുറിയിലെ ലൈറ്റുകൾ ഓഫുചെയ്ത ശേഷം ഫ്ലാഷ് ഓഫ് ചെയ്തു മൊബൈൽ ക്യാമറ പ്രവർത്തിപ്പിച്ചാൽ ക്യാമറകളിൽ നിന്നു പുറപ്പെടുന്ന ഇൻഫ്രാ റെഡ് ലൈറ്റുകൾ ദൃശ്യമാകും. ക്യാമറകളും, ഒളിപ്പിച്ചുവച്ച ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്താൻ സാധിക്കുന്ന ഡിക്ടറ്ററുകൾ വിപണിയിൽ ലഭ്യമാണ്. അമൃതയോട് പറഞ്ഞാൽ അവൾ നേരിട്ട് കാണിച്ച് തരും കേട്ടോ?

രണ്ട് ദിവസമായ് രണ്ട് പേരും ജനാലകൾ തുറക്കില്ലെന്ന് അമൃത പറഞ്ഞു. മോളവിടെ ബഹളം വയ്ക്കുന്നുണ്ട്. കൃഷ്ണേച്ചിയെ കാണാൻ..

ശരിയാ.. ഇന്ന് ഞങ്ങൾ തുറക്കും.
രാകേഷ്ട്ടനെ ധിക്കരിക്കുന്നതിൽ വിഷമമുണ്ട് എങ്കിലും നല്ലൊരു കാര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ട് പോകുന്നതിന് വേണ്ടിയായത് കൊണ്ട് കുറ്റബോധമില്ല.. കേട്ടോ?

അതെ… കുറ്റബോധമില്ലാതെ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാ. നാട്ടിൽ വന്ന് അമൃതയെ ഫേസ് ചെയ്യാൻ ചെറിയ കുറ്റബോധം ഒക്കെ ഉണ്ട്.

ചെറുതാക്കണ്ട വലുത് തന്നെ ഇരുന്നോട്ടെ! പാവം അത്ര തീ.. തിന്നുന്നുണ്ടിപ്പോഴും..

ആനന്ദ് ചിരിച്ചു.

എന്റെ അമ്യതയെയും മോളെയും തിരികെ തന്നതിന് ഞാനെന്താ വരുമ്പോൾ കൃഷ്ണയ്ക്ക് കൊണ്ട് വരേണ്ടത്..

ഒന്നും വേണ്ട. എന്നും അമ്യതേച്ചിയെം മോളെയും കൂടെ നിർത്തിയാൽ മതി.

വാക്ക് തരുന്നു.. മരണം വരെ . കൈവിടില്ല.. പോരെ..

കൃഷ്ണ ചിരിച്ചു. പിന്നെ പറഞ്ഞു. അമൃതേച്ചിയോടും ഞാൻ ഇത് തന്നെയാ പറഞ്ഞത്..

ഗുഡ്. എന്നാൽ പിന്നെ മറ്റന്നാർ നേരിട്ട് കാണാം. ആനന്ദ് ഫോൺ വെച്ചതും.
കൃഷ്ണ പെട്ടി തുറന്ന് ബട്ടൺ പുറത്തടുക്കാൻ തുടങ്ങി. പെട്ടന്ന് ആനന്ദ് പറഞ്ഞ കാര്യം ഓർത്തു കൃഷ്ണ.

ക്യാമറയുടെ മുന്നിൽ ആളെത്തിയാൽ .. നയനേച്ചിക്ക് സിഗ്നൽ കിട്ടും.. ഒന്നോർത്ത ശേഷം രാകേഷിന്റെ കറുത്ത ടീഷർട്ട് എടുത്ത് പെട്ടിയിലൂടെയിട്ട് കൊണ്ട് അത് പൊതിഞ്ഞെടുത്തു..എന്നിട്ട് അടുക്കളയിൽ കയറി.. തേങ്ങപ്പെട്ടിക്കുന്ന ഇരുമ്പെടുത്ത് അത് ഇടിച്ച് ഇടിച്ച് പൊട്ടിച്ചു.

നയനേച്ചീ… ഇത് പോലെ നിന്റെ ലാപ് ടോപ്പും. മൊബെെലും ഞാൻ തകർത്തിരിക്കും.. പണ്ടേ കൃഷ്ണയോട് കളിച്ചിട്ടുള്ളപ്പോഴൊക്കെ, കരഞ്ഞത് നയനേച്ചി തന്നയാ.

കൃഷ്ണ അവിടുന്ന് നേരെ മുറിയിൽ ചെന്ന് ജനാല വശങ്ങളിലേക്ക് നീക്കി…
അപ്പുറത്തെ ജനാലയുടെ വിരിയൊതുക്കി പിടിച്ചു കൊണ്ട് ജനൽ തുറക്കുന്നതും നോക്കി അമൃതയുടെ മകൾ നില്പുണ്ടായിരുന്നു.

കൃഷ്ണ അവിടുന്ന് നേരെ മുറിയിൽ ചെന്ന് ജനാല വശങ്ങളിലേക്ക് നീക്കി…
അപ്പുറത്തെ ജനാലയുടെ വിരിയൊതുക്കി പിടിച്ചു കൊണ്ട് ജനൽ തുറക്കുന്നതും നോക്കി അമൃതയുടെ മകൾ നില്പുണ്ടായിരുന്നു.

ചുന്ദരി കുട്ടീ… കൃഷ്ണ കൊഞ്ചലോടെ ശാലുമോളെ വിളിച്ചു..

പ്രിയേച്ചി…ശാലു മോൾ തുള്ളിച്ചാടി…

അമ്മായന്തേ…?

അമ്മ കരയുവാണ് പ്രിയേച്ചി… ഞാനെത്ര പറഞ്ഞിട്ടും കേൾക്കണില്ലാട്ടോ? പ്രിയേച്ചി ഒന്നു വായോ?

അതെന്തിനാ.. അമ്മ കരയുന്നത്. എന്താന്ന് ന്റെ ചുന്ദരി കുട്ടി ചോദിച്ചില്ലേ…

കരയല്ലേന്ന് ഞാൻ ഒത്തിരി പ്രാവശ്യം പറഞ്ഞു..ന്നിട്ടും കേട്ടില്ലമ്മ….. അച്ഛൻ വിളിച്ചത് മുതൽ കരച്ചിലാ. പ്രിയേച്ചി… ഒന്ന് ഇങ്ങ്ട്ട് വരോ ?

യ്യോടാ.. ചേച്ചിയെ വഴക്കു പറയുല്ലോ ഇവിടുത്തെ അമ്മയും അച്ഛനും ചേട്ടനുമെല്ലം. എന്നാലും പ്രിയേച്ചി നോക്കട്ടെ വരാൻ പറ്റുമോന്ന്.!

അപ്പോഴേക്കും.. മുഖം തുടച്ച് അമൃത ജനാലക്കരികിൽ എത്തി.

ആനന്ദേട്ടൻ വരുന്നതിന്റെ എല്ലാ സന്തോഷവും ഈ സുന്ദരമുഖത്ത് കാണേണ്ടതാണല്ലോ? എങ്കിലും വെളുത്ത നിറത്തിൽ പിങ്ക് പൂക്കള്ള ചുരിദാറിൽ അമൃതേച്ചി സുന്ദരിയായിരിക്കുന്നു. കൺമഷിയെഴുതാത്ത കൺതടങ്ങളിൽ ചുവപ്പ് കലർന്നിരിക്കുന്നു..
പ്രിയേ… നീ.. ഈ കുഞ്ഞ് പറയുന്നത് കേട്ട് ഇങ്ങ് വരണ്ട കേട്ടോ? വെറുതെ അവിടുള്ളാരോട് കലഹിക്കണ്ട.

വേണ്ട..വേണ്ട.. .പ്രിയേച്ചി… വന്നാൽ മതി … ശാലു മോൾ കാൽ രണ്ടും തറയിൽ തല്ലി കരയാൻ തുടങ്ങി.

ശാലു… തല്ലു വാങ്ങണ്ട കേട്ടോ? അമൃത മകളെ ശാസിച്ചു..

അമൃതേച്ചി.. ശാലുമോളെ കരയിക്കണ്ട. ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വരാം.. അത് പോട്ടെ!
എന്തിനാ.. കരഞ്ഞത്. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയൂട്ടോ?

നിന്നോടല്ലാതെ.. ഞാനാരോടാ പറയുക.. നീ.. വിചാരിച്ചത് കൊണ്ട് മാത്രാ.. എനിക്കും എന്റെ മോൾക്കും പഴയ ജീവിതം തിരിച്ച് കിട്ടിയത്.. ഇല്ലെങ്കിൽ.. ഇവിടെ കിടന്ന് ഞാനും എന്റെ മോളും പുഴുവരിച്ച് നാറു മ്പോഴായിരിക്കും.. പുറംലോകം അറിയുന്നത്.

ദേ.. അമൃതേച്ചി.. ഇത്തരം ചങ്ക് പിളർക്കുന്ന വർത്തമാനം കുഞ്ഞാറ്റയ്ക്ക് കേൾക്കണ്ട കേട്ടോ? അതൊക്കെ.. മറന്നിട്ട് .. ഇപ്പോ ചേച്ചി കരഞ്ഞെതെന്തിനാന്ന് പറയ്.

കുഞ്ഞാറ്റയോ? കൊള്ളാല്ലോ? അമൃത പുഞ്ചിരിയോടെ.. പറഞ്ഞു..

ങാ.. അതെന്റെ കിച്ചാ എന്നെ അങ്ങനെയാ.. വിളിക്കുന്നത്.

ആരാ.. ഈ .. കിച്ച…

അതൊക്കെ.. ഞാൻ പറയാം.. ഇങ്ങനെ പറയാൻ വേണ്ടി എന്താ ഉണ്ടായത്?

അത്.. പിന്നെ.. ഇന്നലെ രാത്രിയിൽ ആരോ.. ഈ മതിൽ ചാടി പോയെന്ന് ആനന്ദേട്ടൻ പറഞ്ഞു.

അതിനെന്തിനായിപ്പോ .. കരഞ്ഞത്.?
ആനന്ദേട്ടനെ.. ഞാനാ. അറിയിച്ചത്.

പറഞ്ഞു… ഒത്തിരി സമാധാനിപ്പിക്കേം .. ചെയ്തു.

പിന്നെന്താ.. പ്രശ്നം…?
ലാപ് ടോപ് വിറ്റതിന് ഒത്തിരി വഴക്ക് പറഞ്ഞു.

ലാപ് ടോപ് വിൽക്കേ .. എന്തിന്?

കുഞ്ഞിനെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ?. പിന്നെ വാടക കൃത്യമായും കൊടുക്കണമായിരുന്നു.

സ്വന്തം വീടല്ലേ.. ഇത്.. അപ്പോൾ ? ആനന്ദേട്ടൻ വിൽക്കുന്ന കാര്യം പറഞ്ഞതോ?

വീട് ആനന്ദേട്ടന്റെ സ്വന്തം തന്നെയാ.. ആനന്ദേട്ടൻ തിരികെ പോയതിന്റെ അന്ന് തന്നെ പിഴച്ചവളെന്ന് പറഞ്ഞ് പടിയിറക്കാൻ എല്ലാരും ബഹളം വച്ചപ്പോൾ ആനന്ദേട്ടന്റെ അനിയൻ പറഞ്ഞു.. ശാലുമോള് ഏട്ടന്റെ കുഞ്ഞല്ലേ അച്ഛാ. ഏട്ടൻ ആലോചിച്ച് ഒരു തീരുമാനമെടുക്കുന്നത് വരെ അവരിവിടെ താമസിച്ചോട്ടെയെന്ന്.. പിന്നീടെരിക്കൽ അച്ഛനും അമ്മയും വന്ന് പറഞ്ഞു. എന്റെ മോന്റെ വീട് നിനക്ക് ആഭാസത്തരം കാട്ടാനുള്ള ഇടമല്ല കേട്ടോ? മര്യാദയ്ക്ക് ഇറങ്ങിക്കോണം. ഇല്ലെങ്കിൽ പതിനായിരം രൂപ വാടക തരണമെന്ന് .. മാസാമാസം അക്കൗണ്ടിൽ ഇട്ടു കൊടുക്കണമെന്നും പറഞ്ഞു..

എന്റമ്മോ? പതിനായിരം രൂപയോ?
കൃഷ്ണ അതിശയത്തോടെ ചോദിച്ചു.
ഇവിടെയെല്ലായിടത്തും ഇതിലും വലിയ എമൗണ്ടാ വാടക?

എന്നിട്ട് അത്രയും തുക കൊടുക്കുന്നുണ്ടോ.. അമൃതേച്ചി.

ഉം.. ഏഴായിരം രൂപ വച്ച് അയച്ചു. കൊടുത്തു ഈ കഴിഞ്ഞ മാസം വരെയും. അടുത്ത മാസം കൊടുക്കാൻ ഇതേ ഉള്ളൂ.. കഴുത്തിലെ താലിമാല ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു അമൃത.

അതിൽ തൊട്ടുള്ള കളി വേണ്ടാട്ടോ?
ആനന്ദേട്ടൻ വന്നാൽ പിന്നെ അതിന്റെ ആവശ്യം വരില്ലല്ലോ?

ഇത് നിലനിർത്തി തന്നത് നീയാ . എന്ത് പകരം തന്നാലും മതിയാകില്ല. നിനക്ക് ഞാനെന്താ മോളെ തരേണ്ടത്..?

ഒന്നും വേണ്ട.. സ്നേഹം മതി…
അമൃത പുഞ്ചിരിച്ചു. ഇവിടുന്ന് പോയി കഴിയുമ്പോൾ വഴിയിലെങ്ങാനും വച്ച് കണ്ടാൽ ഇത് പോലെ ഒരു പുഞ്ചിരിയെങ്കിലും തരണം കേട്ടോ?
അതൊക്കെ പോട്ടെ! ഗുളികയൊക്കെ കൃത്യമായ് കഴിക്കുന്നുണ്ടോ?

ങ്ങാ. കഴിക്കുമ്പോൾ നല്ല ക്ഷീണമുണ്ട്.

രാവിലെ എന്ത് കഴിച്ചു. ?

പുട്ട്?

ചുമ്മാതാ.. പ്രിയേച്ചി…? ഒന്നും ഉണ്ടാക്കി … ബാക്കി പറയാനനുവദിക്കാതെ ശാലുമോളുടെ വായ പൊത്തിപിടിച്ചു അമൃത.

രാകേഷേട്ടനാണെന്ന് തോന്നുന്നു ഫോൺ വരുന്നുണ്ട്.. ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങ് വരാം കേട്ടോ?

കൃഷ്ണഫോണെടുത്ത് സംസാരിച്ചു.

പറഞ്ഞോ ഏട്ടാ..

എന്തെങ്കിലും കഴിച്ചോ നീയ്യ്?

ഉം.. കഴിക്കാൻ പോണു..

ഇതുവരെ കഴിച്ചില്ലേ..സമയത്ത് ആഹാരം കഴിക്ക് കേട്ടോ?

നയനേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ?

ഞാൻ കണ്ടില്ല. ഒരു കമ്പനി യാണെങ്കിലും രണ്ട് ഫ്ലോറാ.. കാണാനൊന്നും പറ്റില്ല. ഇതിനകത്ത് കയറിയാൾ പിന്നെ ആർക്കും ആരോടും സംസാരിക്കാനൊന്നും സമയമില്ല. അതാ നേരത്തേയൊന്നും ഞാൻ നിന്നെ വിളിക്കാതിരുന്നത്.. പിന്നെയിപ്പോ വിളിച്ചത് എന്താന്ന് എന്റെ മോള് ചിന്തിക്കണുണ്ടാവും ഇല്ലേ..

എങ്ങനെ മനസ്സിലായി.. ശരിക്കും ഞാൻ ചിന്തിച്ചു കേട്ടോ?

ഇപ്പോ.. നിന്നോടുള്ള സ്നേഹം ഇങ്ങനെ ഞാനറിയാതെ പൊട്ടി പോകുവാണ്..

നിനക്ക് എന്നെ കാണണംന്ന് തോന്നുന്നുണ്ടോ?

തോന്നിട്ടെന്താ.. ഇവിടെ വന്നാൽ ഓരോരോ കാര്യങ്ങൾ വന്ന് വീഴില്ലേ.. പോരാത്തതിന് മുൻ ശുണ്ഠിയും..

എടീ.. നിന്നോട് ഞാൻ രണ്ട് മിനിട്ട് അധികം ദേഷ്യപ്പെട്ടിട്ടുണ്ടോ?

അതില്ല..

ഇവിടെ ഏത് സമയവും ജോലിയോട് ജോലിയാ. പോരാത്തതിന് ചുറ്റിലും ക്യാമറയും ഉണ്ട്. ?

എല്ലാം തല്ലി പെട്ടിച്ചേക്ക് ഏട്ടാ …

ങാ..ഹാ.. നിന്റെ ഏട്ടത്തി പറയുമ്പോലെ നീ ആള് ചട്ടമ്പിയാണല്ലേ..?

ആണ് .. പക്ഷേ…നയേച്ചിയോട് മാത്രമേ.. ഞാൻ ചട്ടമ്പിത്തരം കാട്ടിട്ടുള്ളൂ.. ഞാൻ പാവം കുട്ടിയാന്നാ.. എല്ലാരും പറയുന്നത്.

അച്ചോടാ.. ഒരു പാവം കുട്ടീ.. പാവം കുട്ടിയെ ശരിക്കൊന്ന് കാണുന്നുണ്ട് ഞാൻ.. ഇപ്പോ ഞാൻ ഫോൺ കട്ട് ചെയ്യട്ടെ! ലഞ്ച് ബ്രേക്കിനു വിളിക്കാം..
പിന്നെ.. എന്റെ ഷെൽഫിൽ നിനക്ക് വായിക്കാൻ ഒന്ന് രണ്ട് പുസ്തകം വാങ്ങി വച്ചിട്ടുണ്ട്.. കഴിച്ചിട്ട് എടുത്ത് വായിച്ചോ?

പുസ്തകോ? ന്റെ കൃഷ്ണാ.. രാകേഷേട്ടൻ ഇത്ര പാവായിരുന്നോ?..
കൃഷ്ണയ്ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.

നിന്റെ ഇപ്പോഴത്തെ സന്തോഷം ഞാൻ ഇവിടിരുന്ന് കാണുന്നുണ്ട്. ടാ ബ്രേക്ക് കഴിയാറായി.. വൈകിട്ട് കാണാം. ഫോൺ കട്ടായി..

പുസ്തകം നോക്കണമെന്നുണ്ടെങ്കിലും അമൃതേച്ചിയൊന്നും കഴിച്ചില്ലന്ന് പറഞ്ഞത് കൊണ്ട് കൃഷ്ണ നേരെ അടുക്കളയിൽ കയറി. ഉണ്ടായിരുന്ന ഇഢലിയും സാമ്പാറുമെല്ലാം പൊതിഞ്ഞെടുത്തു.. കുറച്ച് സ്നാക്സും കുറച്ച് ചോറും കറിയുമെല്ലാമെടുത്തു. പിന്നെ
വീട് പൂട്ടി അമൃതയുടെ വീട്ടിലെത്തി..
ശാലു മോൾ കൃഷ്ണയെ കണ്ട് തുള്ളി ചാടി..

ആരെങ്കിലും കണ്ടിട്ട് എന്താവുമോയെന്തോ? അമൃത ഭയത്തോടെ പറഞ്ഞു..

ആര് കാണാനാ.. ചേച്ചി.. എല്ലാരും ജോലിക്കാരല്ലേ.. പിന്നെ ഓരോ വീട്ടിലും ഉള്ള ജോലിക്കാരൊക്കെ ടി.വി കാണുകയോ.. ഉറങ്ങുകയോ.. ആവും..

അത് ശരിയാ..

എന്നാൽ ഇത് കഴിക്ക് .

വേണ്ടാരുന്നു.. പ്രിയേ.. രണ്ട് ദിവസത്തെ കാര്യമല്ലേ..

രണ്ട് ദിവസം പട്ടിണി കിടന്ന് കുഞ്ഞിനെ കൂടി ആശുപത്രിയിലാക്കണ്ട.. അമൃതേച്ചി പാത്രം എടുത്തിട്ട് വാ.. ഞാനും കഴിച്ചില്ല. നമുക്കൊരുമിച്ച് കഴിക്കാം..

കൃഷ്ണ ശാലു മോൾക്ക് ഇഡ്ഢലി പിച്ച് വായിൽ വച്ച് കൊടുത്തു.

കഴിച്ച് കഴിഞ്ഞ് അമൃതേച്ചിടെ ഫോണിൽ എനിക്ക് ക്യാമറ മൊബൈലുമായ് കണക്ട് ചെയ്യുന്നതൊന്ന് കാണിച്ച് തരാമോ?

എന്റെ ആൻഡ്രോയ്ഡ് ഫോൺ … ആതാണ് ഞാൻ ആദ്യം വിറ്റത്? അതുണ്ടായിരുന്നപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല. ഓൺ ലൈൻ വഴിയെല്ലാം വാങ്ങാമായിരുന്നു.. പുറത്തിറങ്ങിയാൽ മറ്റുള്ളവരുടെ തുറിച്ച് നോട്ടവും കുത്തുവാക്കും ഒന്നും കേൾക്കണ്ടായിരുന്നു..

എനിക്ക് നല്ലൊരു കാമറ വാങ്ങണം ചേച്ചീ..

അതെന്തിനാ.. ഇപ്പോ.. ഒരു ക്യാമറയുടെ ആവശ്യം. നീ ചില സംശയങ്ങൾ ചോദിച്ചതായി ആനന്ദേട്ടൻ ചിലത് സൂചിപ്പിച്ചു. എന്താ.. കാര്യം. ചേച്ചിയോട് പറയ്…

ഏയ്… അതല്ല.. ഇവിടെ കയറുന്ന ആളെ കണ്ട് പിടിക്കാനാണ്.

അതെന്തായാലും ഉടനെയെങ്ങും അയാൾ ഇനി വരില്ല.
വന്നാൽ നിന്റെ രാകേഷേട്ടന്റെ കയ്യിലെ ചൂട് ശരിക്കും അറിയില്ലേ.. അയാൾ.
കൃഷ്ണ അഭിമാനത്തോടെ ചിരിച്ചു.

ദേ.. ഇവിടെ മുന്നിലും പിറകിലുമായ് ക്യാമറ രണ്ടെണ്ണമുണ്ട്.. നിന്റെ മൊബൈലിങ്ങെടുക്. ഞാൻ അതിൽ കണക്ട് ചെയ്ത് കാണിച്ച് തരാം.

ഓരോന്നും കണ്ട് കഴിഞ്ഞതും കൃഷ്ണ പറഞ്ഞു. ഈ സംഗതി കൊള്ളാല്ലോ?

ഇനി നീ.. ലോകത്തിന്റെ ഏത് കോണിൽ പോയിരുന്നിലും.. ഈ ക്യാമറക്കുച്ചുറ്റിലുമുള്ള വിവരങ്ങൾ നിനക്ക് കാണാനും കേൾക്കാനും കഴിയും.. ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് മാത്രം. ആരെയും ദ്രോഹിക്കാനല്ല നീയൊരു ക്യാമറ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നെനിക്കറിയാം.

പക്ഷേ! നയനേച്ചിയുടെ മുറിയിൽ എനിക്കൊരെണ്ണം സ്ഥാപിക്കണമെങ്കിൽ ഒരെണ്ണം വാങ്ങിയേ.. മതിയാകൂ. അങ്ങനെ മനസ്സിൽ ചിന്തിച്ച്.. കൃഷ്ണ അങ്ങനെയിരുന്നു..

നീയെന്താ ആലോചിക്കുന്നത്.
ചേച്ചീ.. എന്നെയൊന്ന് സഹായിക്കണം. ഇവിടുത്തെ അഡ്രസ്സിൽ ഓൺലൈൻ വഴി എനിക്കൊരെണ്ണം വാങ്ങണം..

അതിനിപ്പോ .. നീ വാങ്ങയൊന്നും വേണ്ട.. ആരെയെങ്കിലും കൊണ്ട് എടുപ്പിക്കാം ഞാനത്. ഞങ്ങളെന്തായാലും വ്യാഴാഴ്ച ഹോസ്പിറ്റലിൽ പോകും.. അനന്ദേട്ടൻ വന്നാൽ പിന്നെയെനിക്ക് ഇതിന്റെ ആവശ്യമെന്തിനാ.
പിന്നെ ഞങ്ങൾക്ക് പുതിയ ഒരിടമാണ്.

കൃഷ്ണയ്ക്ക് സന്തോഷം കൊണ്ട് അമൃതയെ കെട്ടിപിടിക്കണമെന്നും ഒരുമ്മ വച്ച് കൊടുക്കണമെന്നും തോന്നി.

ചേച്ചീ… നിങ്ങളിവിടം വിറ്റിട്ട് പോകുവാണെങ്കിൽ എവിടെ സ്ഥലം വാങ്ങാനാ ഉദ്ദേശം.

ഞങ്ങൾ കൃഷ്ണയുടെ നാട്ടിൽ വരട്ടെ!

ഈ നഗരത്തിന്റെ എല്ലാവിധ സുഖ സൗകര്യങ്ങളിലും ജീവിച്ച നിങ്ങൾക്ക് ഞങ്ങളുടെ ഗ്രാമം പോലുള്ളതൊന്നും ശരിയാകില്ലെന്നേ.. ഇവിടെ എന്തും കയ്യെത്തും ദൂരത്ത് കിട്ടും. ഞങ്ങളുടെ നാട്ടിലാണെങ്കിൽ എന്തും കഷ്ടപ്പെട്ട് നേടേണ്ടിവരും.

നിനക്കീ .. നഗരം പിടിച്ച മട്ടുണ്ടല്ലോ?

നഗരം എന്നെയാ.. പിടിച്ച് വച്ചിരിക്കുന്നത്.. എനിക്കിഷ്ടം ഞങ്ങളുടെ ഗ്രാമം തന്നെയാ.

നയനേച്ചി പറയുന്നത് ഞാൻ പട്ടിക്കാട്ടുകാരിയാണെന്നാ..

അത് പരിഷ്കാരം മൂത്തിട്ടാണ്. എനിക്കെന്തോ… ആ കുട്ടിയെ തീരെ ഇഷ്ടമല്ല.

എന്റെ ഇച്ചേച്ചിയെ കുറിച്ചാണ് കുറ്റം പറയുന്നതെന്ന് മറക്കണ്ട..

ഓ..ഞാൻ കേൾക്കാറുണ്ട് നിന്നെ ഭരിക്കുന്ന ഇച്ചേച്ചിയുടെ ശബ്ദം. നിനക്ക് തല്ല് കിട്ടിയതും രാകേഷ് നയനയെ വഴക്ക് പറയുന്നതുമെല്ലാം ഞങ്ങൾ കേട്ടു.. എന്തോ… എനിക്കാ.. കുട്ടിയെ തീരെ ഇഷ്ടമില്ല. അതു പോട്ടെ…

ഞങ്ങൾ ഒരിക്കൽ വേളിമല കാണാൻ വന്നിട്ടുണ്ട്.. എന്തൊരു ഭംഗിയാ.. കണ്ടാലും കണ്ടാലും കൊതിതീരാത്തത്ര ഭംഗിയാണ്.. ഇക്കുറി മോളെയും കൊണ്ട് പോണം .

ഞാവൽപുഴ ഗ്രാമത്തിന്റെ പ്രധാന ഭാഗമാണ് വേളിമലയെങ്കിലും, ഭംഗി മുഴുവൻ മലയ്ക്കിപ്പുറമുള്ള ഞാവൽ പുഴയ്ക്കാണ് കേട്ടോ? വേളിമലയുടെ മുകളിൽ നിന്നു നോക്കിയാൽ ഞാവൽ പുഴ ഗ്രാമത്തിന്റെ ഭംഗി മുഴുവൻ കാണാം. ആ മലയുടെ മുകളിൽ അധികം ആരും കയറില്ല. എല്ലാർക്കും വന്ന് തൊഴാൻ സൗകര്യത്തിന് പടി കെട്ടുകൾ പണിത് വച്ചിട്ടുണ്ട് അച്ഛമ്മയുടെ മുത്തച്ഛൻ. കുടുംബ ക്ഷേത്രമാണ് വേളിമല ക്ഷേത്രം. കിച്ചാ പറയാറുണ്ട് വേളിമലയിൽ ആരും കാണാത്ത ഒരിടത്ത് അതീവ സുന്ദരിയായ ഒരു പെൺകുട്ടിയുടെ രൂപം ആരോ കൊത്തിവച്ചിട്ടുണ്ടെന്ന്. ഞാനും മാള്യേച്ചിയും എന്ന് വേളിമല കയറുമോ അന്ന് വരെ ആർക്കും ആ സ്ഥലം കാണിച്ച് കൊടുക്കില്ലന്ന് പറഞ്ഞു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ അവിടെ പോയിട്ടുണ്ട്.. പിന്നെ പോയിട്ടേയില്ല. മാള്യേച്ചിക്ക് അത്രയും പടി കെട്ടുകൾ കയറാൻ കഴിയില്ല. അത് കൊണ്ട് ഞാനും മല കയറിയിട്ടില്ല ഇത് വരെയും.

ആരാ.. ഈ മാള്യേച്ചി. പടി കയറാൻ വയ്യാത്തതെന്താ?

എന്റെ കിച്ചാടെ ഒരേയൊരു പെങ്ങൾ. എന്നെ ഒത്തിരിയിഷ്ടാ.. എനിക്കും മറിച്ചല്ലാട്ടോ?

കൃഷ്ണയുടെ മുഖത്തെ സന്തോഷം നോക്കി നിന്ന് അമ്യത ചോദിച്ചു.

ആരാ..യീ.. കിച്ചാ.. നേരത്തെയും പറഞ്ഞല്ലോ?

ഗോവിന്ദാമ്മേടെ മോനാ. ഹരികൃഷ്ണൻന്നാ പേര്. ഞാൻ കിച്ചാ യെന്ന് വിളിക്കും. കിച്ചായെന്നെ കുഞ്ഞാറ്റയെന്നും. ഞാൻ കാണിച്ച് തരാമെന്ന് പറഞ്ഞു കൃഷ്ണ മൊബൈൽ ഗാലറിയിൽ നിന്നും ഒരു ഫോട്ടോയടുത്ത് അമൃതയ്ക്ക് നേരെ നീട്ടി.

ങാഹാ.. സുന്ദരനാണല്ലോ നിന്റെ കിച്ച? നല്ല മുഖ പരിചയം..അമൃത ഫോട്ടോ വാങ്ങി നോക്കിയിട്ടു പറഞ്ഞു..

കൃഷ്ണ അമൃതയെ നോക്കി വീണ്ടും നിറഞ്ഞ ഒരു ചിരി ചിരിച്ചു.

അച്ഛന്റെയും അമ്മയുടെയും ഫോട്ടോ സൂടെ കാണട്ടെ!

ചിരിച്ച് കൊണ്ട് നിന്ന കൃഷ്ണയുടെ കണ്ണുകൾ നിമിഷങ്ങൾക്കകം നിറഞ്ഞ് തുകി

(തുടരും)

❤️❤️സ്നേഹപൂർവ്വം
ബെൻസി❤️❤️

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply