ഞാനും എന്റെ കുഞ്ഞാറ്റയും – 28, 29

  • by

7638 Views

njanum ente kunjattayum aksharathalukal novel by benzy

എനിക്കത്ര സന്തോഷമൊന്നും തോന്നുന്നില്ല. കിച്ചാക്ക് എന്നെ പിരിയുന്നതിൽ നല്ല ദുഃഖമുണ്ട്.. മുന്നിൽ ചെന്ന് നിൽക്കാൻ പോലും ധൈര്യമില്ല എനിക്ക്.

സി.എം. അവരുടെ അരികിലേക്ക് വരികയായിരുന്നു അപ്പോൾ?എന്നാൽ അത് മനസ്സിലാക്കി

വാ.. പറയട്ടെയെന്ന് പറഞ്ഞ് നയന കൃഷ്ണയെ വലിച്ച് പിടിച്ച് മുറ്റത്തേക്കിറങ്ങി.

കുറച്ച് സമയം അവിടെ നിന്ന ശേഷം സി.എം ചാരുകസേരയിൽ ഇരുന്നു.കുറെ സമയം കഴിഞ്ഞ് കൃഷ്ണ വന്നപ്പോൾ സി.എമ്മിനെ കണ്ടില്ല.

അമ്മേ… അച്ഛനെവിടെയമ്മേ… എന്ന് ചോദിച്ച് അച്ഛനെയന്വേഷിച്ച് കൃഷ്ണ മുറികളിലെല്ലാം.. കയറിയിറങ്ങി..ഒടുവിൽ ദേവപ്രഭയുടെ അരികിലെത്തി.

ഗോവിന്ദേട്ടൻ വന്നപ്പോൾ രണ്ടാളും കൂടി പുറത്തോട്ട് പോയീ മോളെ…

നല്ല ക്ഷീണം ഉണ്ടല്ലോ? ഒരു പിടി ചോറ് എങ്കിലും കഴിച്ചിട്ട് പോയാലെന്താന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ ഒരു നോട്ടം. കണ്ണ് നനഞ്ഞതെന്തേന്ന് ഞാൻ ചോദിച്ചപ്പോൾ, ഒന്നും.. പറഞ്ഞില്ല. അത് പറഞ്ഞപ്പോൾ ദേവ പ്രഭയുടെ കണ്ണും നിറഞ്ഞ് വരുന്നുണ്ടായിരുന്നു.

രണ്ട് കുട്ടികളെയും ദൂരത്ത് കല്യാണം കഴിപ്പിച്ച് വിടേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? എന്നിട്ട് ഓരോരോ … സങ്കടങ്ങളും.. ഇനിയിതെല്ലാം ഞാൻ കാണണമല്ലോന്റെ ഭഗവാനേ. നന്ദേ.. പോലെയല്ലല്ലോ.. നീ.. ഹരിയുടെ വാലിലെ പിടിവിട്ടാൽ പിന്നെ അച്ഛന്റെ തോളിലല്ലേ . പോരാത്തതിന് കലപിലയും.. കല്യാണം കഴിയുമ്പോൾ നിന്നെയും എപ്പോഴും കാണാൻ പറ്റില്ലല്ലോന്ന് ഓർത്തിട്ടുണ്ടാവും.

ശരിയാ …. എനിക്ക് രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മതിയായിരുന്നു അമ്മേ കല്യാണം. എന്നെ പോലെ പത്താം ക്ലാസ്സോ.. അതിൽ താഴെയോ വിദ്യാഭ്യാസമുള്ള ഒരാൾ .. ഒരു പത്തോ പതിനഞ്ചോ മിനിട്ട് നടന്നോ ഓടിയോ.. ഇവിടെ എത്താൻ പറ്റുന്ന അത്രയും ദൂരത്തുന്നൊരാൾ.. ഇതിപ്പോ.. അകലത്തിരുന്നു ഞാനും നെടുവീർപ്പിടണ്ടേ അമ്മേ… കൃഷ്ണയ്ക്ക് ശരിക്കും സങ്കടം വന്നു.. അവൾ അച്ചമ്മയുടെ മടിയിൽ തല വെച്ച് കിടന്നു..

കല്യാണംന്ന് പറഞ്ഞാ.. അങ്ങനാ.. മോളെ… ആര് എതിർത്താലും രക്ഷയില്ല.. സമയമാവുമ്പോൾ.. അത് നടന്നിരിക്കും. ഗീതുനെ ദൂരത്ത് അയക്കില്ലന്ന് പറഞ്ഞ് നിങ്ങടെ അച്ഛൻ നല്ലോണം ബലം പിടിച്ചു. അങ്ങനെയാ ഞാവൽ പുഴയിൽ നിന്ന് തന്നെ ശ്രീനിയുടെ ബന്ധുവായ രാമഭദ്രനെ കൊണ്ട് കെട്ടിച്ചത്. എന്നിട്ടോ? രാമഭദ്രൻ അവളെയും കൊണ്ട് ബാംഗ്ളൂർക്ക് പോയി..എന്റെ മോള് ഒറ്റക്കാകണ്ടാന്ന് പറഞ്ഞ് ദേവയെ കൂടി ബാംഗ്ളൂർക്കേ കെട്ടിച്ച് വിടുള്ളൂന്ന് പറഞ്ഞ് പിന്നെയും വാശി.

സി.എമ്മിനെ ഒരു വട്ടം കണ്ടതേയുള്ളൂ. വാശിയൊക്കെ കാറ്റിൽ പറന്നു. ഇതിപ്പോ.. അകലെ വിടണമെന്ന് ആർക്കും ആഗ്രഹമില്ല. ഹരിയും കൃഷ്ണയും ഒന്നാകണെയെന്ന് ഇക്കാലമത്രയും നമ്മൾ പ്രാർത്ഥിച്ചത് വെറുതെയായി..

കുട്ടികളുടെ മനസ്സിൽ അങ്ങനെയൊരാഗ്രഹമില്ലെങ്കിൽ നിർബന്ധിക്കണ്ടാന്ന് ഞാനാ പറഞ്ഞത്..രാമഭദ്രന് അറിയില്ലേ.. ശ്രീനിയുടെ അനന്തരവൻ ചെക്കനെ . നമ്മുടെ മാളൂന് ആലോചിച്ച പയ്യനേ.

അറിയില്ലമ്മേ..ഇവിടുന്ന് പോയേ പിന്നെ.. ആരുമായിട്ടും കോൺടാക്ടില്ല.. തിരക്കാമ്മേ എപ്പോഴും. ഞാനൊരാള് ഒറ്റയ്ക്ക് കിടന്ന് ഓടണ്ടേ.

ഉം… കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ന്റെ മാളുവും പോകും..സംസാരമങ്ങനെ നീണ്ടു… നീണ്ടുപോയ്..

മാള്യേച്ചിയെ കണ്ടില്ലല്ലോ.. അമ്മേ.. ഇതേ വരെയെന്ന് പറഞ്ഞ് കൃഷ്ണയെഴുന്നേറ്റ് വാതിൽക്കൽ ഏറെ നേരം കാത്ത് നിന്നു.

നോക്കുമ്പോൾ മാളൂട്ടി.. തനിച്ച് വരുന്നു. കിച്ചായെവിടെയെന്റെ മാള്യേച്ചീ..?

അച്ഛന് ചെറിയ പനി.. ഹരിയേട്ടനും ചെറിയമ്മാവനും കൂടി ആശുപത്രിയിൽ കൊണ്ട് പോയ്.
മാളു കരയുന്നുണ്ടായിരുന്നു.

കൃഷ്ണേ… ഞാൻ കതക് പൂട്ടിയോന്ന് ഒരു സംശയം. ഇനി നടക്കാൻ എന്നെ കൊണ്ട് വയ്യ മോളെ ഒന്നു നോക്കീട്ട് ഓടി വരോ?

നോക്കല്ലോ.. മാള്യേച്ചിയേ. കരയാതെ ….കൃഷ്ണ ഗോകുലത്തിലേക്ക് ഓടി പോയി.

കുഞ്ഞമ്മായി.. എനിക്കിത്തിരി വെള്ളം വേണം ല്ലോ?

ദേവപ്രഭ .. വെള്ളമെടുക്കാൻ പോയ സമയം മാളൂ .. ശബ്ദം താഴ്ത്തി ഗോമതിയമ്മയോട് പറഞ്ഞു.

അച്ഛമ്മേ.. അച്ഛന് അസുഖമൊന്നുമില്ല.. ചെറിയമ്മാവൻ.. അച്ഛനുമായ് സംസാരിച്ചിരിക്കയായിരുന്നു. പിന്നെ വേളിമലക്ഷേത്രത്തിൽ പോയി വരട്ടെയെന്ന് പറഞ്ഞു അവിടുന്ന് പോയതാ. ഞാനും വരാമെന്ന് അച്ഛൻ പറഞ്ഞിട്ട് നിക്കാതെ പോയ് കളഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടു. തിരികെ വരാത്തത് കൊണ്ട് അച്ഛനും ഹരിയേട്ടനും കൂടി അന്വേഷിച്ച് പോയ്.

അപ്പോ.. അവിടെ ഇറക്കത്തിൽ കുഴഞ്ഞ് വീണ് കിടക്കുന്നു. എന്ത് വന്നാലും..ന്റെ മോളുടെ കല്യാണം ന്ന് പറഞ്ഞപ്പേഴേക്കും.. നാവു കുഴഞ്ഞ് പോയെന്ന് അച്ഛമ്മേ.. മാളൂട്ടി അച്ഛമ്മയെ കെട്ടിപിടിച്ച് കരഞ്ഞു..

ഭഗവതീ… കാത്തോളണേ… ന്റെ കുട്ടിയെ . അവനെ വേണ്ടത് ഞങ്ങൾക്ക് മാത്രമല്ല ഈ ഗ്രാമത്തിന് മുഴുവനുമാണ്.. ഈ പടിയിറങ്ങി പോയ പോലെ തിരികെ തന്നേക്കണേ… ഒരാപത്തും വരുത്തി വക്കല്ലേ…?

ഏതാശുപത്രിയിലാ മോളെ…രാമഭദ്രൻ ചോദിച്ചു.

അറിയില്ല വല്ല്യച്ഛാ. തിരികെ വന്ന കൃഷ്ണയും ദേവപ്രഭയും കൂടി.. മാറി.. മാറി മാളുവിനെയും അച്ഛമ്മയെയും ആശ്വസിപ്പിച്ചു.. അച്ഛമ്മയുടെ മടിയിൽ കിടന്ന് കൃഷ്ണ ഉറങ്ങി.

ഉണരുമ്പോൾ അവൾ ചോദിച്ചു. ..അമ്മേ… ഗോവിന്ദാമ്മേം അച്ഛനും വന്നില്ലേ ?
രാത്രിയായല്ലോ?

ഇല്ല.. മോളെ.. നല്ല പനിയുണ്ട്. അവിടെ അഡ്മിറ്റാക്കി… അച്‌ഛനും ഹരീം കൂട്ടിരിക്കുന്നു.

ശ്ശൊ.. ദെന്ത് കഷ്ടാ ന്റെ കൃഷ്ണാ… ഗോവിന്ദാമ്മേ കണ്ടിട്ട് രണ്ടീസമായി.

അമ്മാ… ഫോണിങ്ങ് തന്നേ ഞാനൊന്ന് അച്ഛനെ വിളിക്കട്ടെ! എനിക്ക് ഗോവിന്ദാമ്മയോടു സംസാരിക്കണം…ഇനിയിപ്പോ.

നാളെ.. രാവിലെ വിളിക്കാം.. ഒരു വിധം എല്ലാരും കൂടി പറഞ്ഞ്.. കൃഷ്ണയെ.. സമാധാനപെടുത്തി.

പിറ്റേന്ന് ..കൃഷ്ണയും മാളുവും.. ഒന്ന് രണ്ട് ബന്ധുക്കളും കൂടി കൃഷ്ണക്ഷേത്രത്തിൽ പോയി വന്നു.

ഒരു മണിയോടെ.. വിളിക്കു കാത്ത് നിൽക്കാതെ ഞാവൽ പുഴ ഗ്രാമവസികളിൽ പലരും സി.എമ്മിന്റെ കുടുംബത്തെ ആളായി സഹായിക്കാൻ മുന്നിട്ട് നിന്നു. ഗോവിന്ദൻ പറഞ്ഞതനുസരിച്ച് മാധവും ഹരിയുടെ കുഞ്ഞമ്മയും ഭർത്താവും മറ്റു ചില ബന്ധുക്കളുമൊക്കെ ഇവർക്കൊപ്പം ചേർന്ന് ഒരുക്കങ്ങൾ എല്ലാം വേഗത്തിൽ പൂർത്തിയാക്കി. മയിൽ നീല പട്ടുചുറ്റി വെള്ളകല്ലിൽ പൊതിഞ്ഞ ഒറ്റ മാലയുമണിഞ്ഞെത്തിയ കൃഷ്ണയെ കണ്ട് ഗോമതിയമ്മ പറഞ്ഞു.എന്റെ കുട്ടിയെ ഇപ്പോൾ കണ്ടാൽ വേളിമല ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടതാണന്നേ തോന്നൂ.

അച്ഛമ്മേ…. കളിയാക്കണ്ട കേട്ടോ?

കളിയാക്കിയതല്ല മോളൂ…ഒരു വെള്ളക്കൽ മൂക്കുത്തിടെ കുറവേയുള്ളൂ. ആരുടെയും കണ്ണ് തട്ടാതിരുന്നാൽ മതി എന്റെ കുട്ടിക്ക്.

മാധവേട്ടാ.. എന്നെയൊന്ന് ആശുപത്രിയിലെത്തിക്കാമോ? ശ്രീനന്ദയോടി വന്നു ചോദിച്ചു.

ഇവിടെ നൂറുകൂട്ടം ജോലിയുണ്ട്.. എനിക്ക്.എന്നെ സഹായിക്കാൻ നീ.. വേണമിവിടെ.

ഈ നിറവയറും വെച്ച് ഞാനെന്ത് സഹായമാ മാധവേട്ടന് ചെയ്യേണ്ടത്.

അത്.. അത്.. പിന്നെ.. കുഞ്ഞാറ്റയുടെ കല്യാണമായത് കൊണ്ട് അവർ ഡിസ്ചാർജ് വാങ്ങി വരാൻ നിക്കയാ.

അത് നന്നായി.. അച്ഛമ്മയുടെ ഒരു പനി കാപ്പി കുടിച്ചാൽ തീരും.. ഗോവിന്ദാമ്മേടെ പനി.

ഇല്ലേന്റെ അച്ഛമ്മേ..

പിന്നല്ല… ഗോമതിയമ്മ ശരിവച്ചു.

എനിക്കവരുടെ അനുഗ്രഹം വേണം.. എന്നിട്ടേ .. സ്വീകരണ പന്തലിൽ ഞാനുള്ളൂ.. കൃഷ്ണ ഹരിയുടെയും അച്ഛന്റെയും മൊബൈലിൽ മാറി മാറി വിളിച്ചു.. ഫോൺ കിട്ടിയില്ല.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸ഹരീ.. നീ.. ആ ഫോണെടുത്ത് അവളോടെന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്ക്.

എന്ത് പറയാനാ അച്ഛാ ഞാൻ..അവളോട്… അച്ഛന് സ്ട്രോക് വന്നെന്നോ?നാവു കുഴഞ്ഞ് സംസാരം വ്യക്തമാകാതെ ഒരു വശം ചലനമില്ലാതെ കിടക്കുന്നെന്നോ?അതുമല്ല ഞാവൽ പുഴയും കടന്ന് അച്ഛനെയും കൊണ്ട് നമ്മൾ ഇവിടെ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടുടെ മറുപടിയും കാത്തിരിപ്പണെന്നോ? എന്നെ കൊണ്ട് വയ്യച്ചാ…ടെസ്റ്റ് റിസൾട്ട് വരട്ടെ! ഹരി തലയിൽ കയ്യ് വച്ചിരുന്നു കൊണ്ട് മനസ്സുരുകി പ്രാർത്ഥിച്ചു. കൃഷ്ണാ. ന്റെ ..സി.എമ്മിനൊന്നും വരുത്തല്ലേ.. അപ്പോഴേക്കും ഒരു നഴ്സ് അവിടേക്ക് വന്നു

.സർ.. ഇ. സി.ജി. യും സി.റ്റി. സ്കാനുമൊക്കെ നോർമ്മലാണ്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങി… എല്ലാ ടെസ്റ്റുകളുടെ റിസൾട്ടും നോർമലാണ്. റിസൾട്ട് സൊക്കെ ഈ ഫയലിലുണ്ട്. ദാ… ഡോക്ടർ റൂമിലുണ്ട്. ഒന്നു കാണിക്കു. സിസ്റ്റർ ഫയൽ ഗോവിന്ദമേനോന്റെ കയ്യിൽ കൊടുത്തു. ടെസ്റ്റ് റിസൾട്സ് പ്രകാരം. പുള്ളിയുടെ ശരീരത്തിന് കുഴപ്പമൊന്നുമില്ല.. സ്ട്രോക്കിന്റെ ശരിയായ കാരണം കണ്ടുപിടിക്കാൻ കഴിയുന്നില്ല. നാളെ സെെക്യാടിസ്റ്റ് കൂടിയൊന്നു നോക്കട്ട! ടെസ്റ്റ് റിസൾട്ട്സൊക്കെ ഓകെ ആയതിനാൽ ഇതൊരു മൈൻഡ് സ്ട്രോക്കാണോണ് ഡൗട്ടുണ്ട് .. അത് കഴിഞ്ഞ് നമുക്ക് .. അടുത്ത ടെസ്റ്റ് നോക്കാം.. …മനസ്സിന് താങ്ങാൻ പറ്റാത്ത എന്തെങ്കിലും..

ഡോക്ടർ ഹരിയുടെയും ഗോവിന്ദമേനോന്റെയും മുഖത്ത് മാറി മാറി നോക്കി ചോദിച്ചു. ഒരു മെന്റൽ ഷോക്ക് ആയിരിക്കാം ഈ അവസ്ഥയ്ക്ക് കാരണം. ഞങ്ങളുടെ അറിവിൽ ഒന്നുമുണ്ടായിട്ടില്ല. പിന്നെ നാളെ മകളുടെ കല്യാണമാണ്. കുറച്ചകലേക്കാ അയക്കുന്നത്. വീട്ടിലാരെയും അറിയിച്ചിട്ടില്ല.ഉം.. എന്തായാലുംസമാധാനമായിരിക്കൂവരൂ… ഡോക്ടർ സി.എമ്മിന്റെ അരികിലെത്തി..അദ്ദേഹം വലത് കാൽപാദങ്ങളിൽ താക്കോൽ കൊണ്ട് നന്നായി പോറി. ശരീരത്തിൽ ഒരനക്കവുമില്ലന്ന് കണ്ട് ഹരി മാറി നിന്നു കരഞ്ഞു.

ഡോക്ടർ സംസാരിക്കാനാവശ്യപ്പെട്ടതും.

.ന്റെ .. മോൾ… കല്യാണം ..ന്ന് ഒക്കെ… അവ്യക്തമായ് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

പേടിക്കണ്ട കേട്ടോ ? നാളെ മോളുടെ കല്യാണത്തിന് പങ്കെടുക്കാം..വിഷമിക്കണ്ട .

ദേവമ്മായീടെ ഫോൺ വന്നതും ഹരി മടിച്ച് മടിച്ച് ഫോൺ എടുത്തു.

മോനെ.. ഗോവിന്ദേട്ടന് പനി കുറഞ്ഞോ? ഇവിടെ നിന്റെ കുഞ്ഞാറ്റ ഏട്ടനോട് സംസാരിക്കണമെന്ന് പറഞ്ഞ് തുള്ളാൻ തുടങ്ങീട്ട് കുറെ നേരമായ്. നീ.. എട്ടനൊന്ന് കൊടുക്ക്.. അവളൊന്നടങ്ങട്ടെ!

ഹരിക്ക് സമാധാനമായ്.. അമ്മായിം.. കുഞ്ഞാറ്റയും അറിഞ്ഞിട്ടില്ല.

കിച്ചാ.. ഗോവിന്ദാമ്മയ്ക്ക് പനി കുറവില്ലേ..?

ഉം .. കുറവുണ്ട്.

എപ്പഴാ.. എല്ലാരും വരുന്നത്.

രണ്ട് ഇഞ്ചക്ഷനുണ്ട്.. അത് തീരുമ്പോൾ നേരം പുലരും.. അത് കഴിഞ്ഞാലുടൻ ഞങ്ങളങ്ങെത്തും.

കിച്ചാ.. വീഡിയോ കോളിൽ വരാമോ? എനിക്ക് അച്ഛനേം… ഗോവിന്ദാമ്മേം.. കാണണം. അവരോട് സംസാരിക്കയും വേണം

മോളെ.. ഇവിടെ തീരെ.. റേഞ്ചില്ല.. നീ.. പറയുന്നത് തന്നെ എനിക്ക് വ്യക്തമാകുന്നില്ല..ഹലോ.. ഹലോ.. മോളെ .. നീ . വെച്ചോ… ഒന്നും കേൾക്കണില്ല. ഹരി മനപൂർവ്വം പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

സങ്കടത്തോടെ കൃഷ്ണ ഫോൺ വച്ചു. കല്യാണ ദിവസം വന്നെത്തി.

അച്ഛൻ വന്നല്ലാതെ ഞാനൊരുങ്ങുകയുമില്ല. വേളിമലക്ഷേത്രത്തിൽ പോകേം ഇല്ല. ആരു പറഞ്ഞിട്ടും കൃഷ്ണ അനുസരിച്ചില്ല. എന്റീശ്വരാ.. മുഹൂർത്ത സമയമിങ്ങെത്തി.. ഇനിയെപ്പഴാ.. വേളിമലയിൽ… പോകുന്നത്.

ഒടുവിൽ മാധവ് വിവരങ്ങൾ ഹരിയെ അറിയിച്ചു.. വീഡിയോ കോളിൽ ഗോവിന്ദനും ഹരിയും സംസാരിച്ചു..മോളെ.. സി.എം.. രാവിലെ അങ്ങോട്ടേക് വന്നിട്ടുണ്ട്. ഞാനും ഹരിയും.. ദേ.. ഇറങ്ങി.. മുഹൂർത്തത്തിന് മുൻപ് ഞങ്ങളെത്തും.. ന്റെ മോള് നന്നായി ഒരുങ്ങി റെഡിയാക് കേട്ടോ? താലി കെട്ടു നടക്കുന്നതിന് മുന്നെ ഞങ്ങളങ്ങെത്തും.ഇനിയിപ്പോ.. മണ്ഡപത്തിൽ എത്തുമ്പോൾ മുഹൂർത്ത സമയം കഴിയും.. വരൻ കൂട്ടരോട് ഇങ്ങോട്ട് വരാൻ പറയാം. താലി കെട്ട് കഴിഞ്ഞ് എല്ലാർക്കും ഒരുമിച്ച് മണ്ഡപത്തിലെത്താം. രാമഭദ്രൻ ധൃതി കൂട്ടി.

ഒടുവിൽ കരഞ്ഞ് വീർത്ത് കെട്ടിയ മുഖവുമായി മറ്റുള്ളവരുടെ നിർബ്ബന്ധത്തിന് മനസ്സില്ലാമനസ്സോടെ കൃഷ്ണ നിന്നു കൊടുത്തു. കല്യാണ പട്ടിൽ ആഭരണങ്ങൾ അണിഞ്ഞ്.. സുന്ദരിയായ് കതിർ മണ്ഡപത്തിൽ വലത് കാല് വച്ച് കയറിയിരിക്കുമ്പോൾ കൃഷ്ണ അരികിലിരുന്ന രാകേഷിനോട് തൊഴുകയ്യോടെ പറഞ്ഞു. ആര് പറഞ്ഞാലും എന്റച്ഛൻ വരാതെ.. എന്റെ കഴുത്തിൽ താലി കെട്ടല്ലേ… അവൾ പൊട്ടി കരഞ്ഞു..

എന്ന് പറഞ്ഞാലെങ്ങനാ മോളെ. അച്ഛന് വയ്യാത്തിട്ടല്ലേ.. ആൾക്കൂട്ടത്തിന് നടുവിൽ നിന്നുയർന്ന ആരുടെയോ.. ശബ്ദം കേട്ട് … ദേവപ്രഭയും മക്കളും ഞെട്ടി..കല്യാണ വീട്ടിൽ മൂന്നു പേരുടെ നിലവിളി ഉയർന്നു..എനിക്കന്റെ അച്ഛനെയിപ്പോ .. കാണണം. എനിക്കറിയാം എന്റെ അച്ഛനെന്തോ പറ്റിയിട്ടുണ്ട്.. അല്ലെങ്കിൽ എത്ര വയ്യെങ്കിലും അച്ഛനോടി വന്നേനെ.. കുറച്ച് നാൾ മുൻപ് കണ്ട സ്വപ്നം കൃഷ്ണയുടെ മനസ്സിൽ ഒരു നടുക്കത്തോടെ ഓടിയെത്തി. പച്ചാപാടത്തിന് നടുവിലൂടെ ചീറി പാഞ്ഞ് വരുന്ന ഒരാംബുലൻസിന്റെ മുഴക്കം. അവളുടെ ചെവിയിൽ മൂളലുണ്ടാക്കി.. ഒപ്പം നാദസര മേളവും ഉയർന്നു.. കൃഷ്ണയുടെ എതിർപ്പിലും.. ആരൊക്കെയോ.. ചേർന്നുളള സ്നേഹ ശാസനത്തിലും.. ഒടുവിൽ ആ മൂഹൂർത്തമൊരുങ്ങി.. രാകേഷ് അവളുടെ കഴുത്തിൽ മിന്നുകെട്ടി..

പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി കരയുമ്പോൾ തൊട്ടടുത്ത് എത്തി കഴിഞ്ഞിരുന്നു.. ആ വെളുത്ത ആംബുലൻസ്… നിലവിളികളുയർന്ന നിമിഷം ഒരു പൂവിതൾ പോലെ കൃഷ്ണ കുഴഞ്ഞ് കതിർ മണ്ഡപത്തിൽ വീണു കഴിഞ്ഞിരുന്നു.

ഹരിയുടെ കരച്ചിൽ കണ്ടിട്ട് വിഷ്ണുവിനും സങ്കടം വന്നു..

പോട്ടെ.. ജീവിതമെന്ന് പറയുമ്പോൾ ഇങ്ങനൊക്കെയാ.. ജനിച്ചാൽ ഒരിക്കൽ മരിക്കണം.. മരണത്തെ തടുക്കാൻ നമുക്ക് കഴിയില്ല..

സി.എമ്മിന് ഭൂമിയിൽ അത്‌വരെയെ അയുസ്സുണ്ടായിരുന്നുള്ളൂ.. അങ്ങനെ സമാധാനിക്കു …..

നീയെന്താ ഈ പറയുന്നേ എന്റെ സി.എം. മരിച്ചെന്നോ? ഒന്നു പോടേ… ‘ന്റെന്ന് വാങ്ങി കൂട്ടാതെ..

പിന്നെ എന്താ.. സംഭവിച്ചത് സി.എമ്മിന് ?

അന്ന് രാവിലെ എട്ട് മണിക്ക് തന്നെ സൈക്യാടിസ്റ്റ് വന്നിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. ഫിസിയോ തെറാപ്പി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ.. ഒരു എം.ആർ.ഐ.യും എക്കോയും എടുക്കണമെന്ന്..
എം.ആർ.ഐ.യിൽ കുഴപ്പമെന്തെങ്കിലും ഉണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല.. നമുക്ക് മരുന്നിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും വേഗത്തിൽ സുഖപ്പെടുത്തിയെടുക്കാൻ സാധിക്കും. ഇല്ലെങ്കിൽ സമയമെടുക്കുമെന്നൊക്കെ ഡോക്ടർ പറഞ്ഞു.

അച്ഛൻ മെയിൻ ഡോക്ടറെ കണ്ട് പ്രത്യേക അനുമതി വാങ്ങി. ചികിത്സാ സംവിധാനങ്ങളോടെയാണ് ആംബുലൻസിൽ ഞങ്ങൾ വിപഞ്ചികയിലെത്തിയത്.
പക്ഷേ കുഴഞ്ഞ് വീണ കൃഷ്ണയെയും ദേവമ്മായിയെയും കൂടെ ഇതേ ആശുപത്രിയിൽ അഡ്മിറ്റാക്കേണ്ടി വന്നു.

രാകേഷിന്റെ വീട്ടിൽ അന്ന് മാര്യേജ് റിസപ്ഷൻ ഉണ്ടായിരുന്നു. ആൾക്കാരൊക്കെ എത്തുമെന്നുള്ളതിനാൽ രാകേഷ് ഒഴികെ എല്ലാ പേരും. തിരികെപ്പോയ്. നയനയെയും രാജേഷിനെയും നിർബന്ധിച്ച് ഞാൻ പറഞ്ഞയച്ചു.

നല്ലൊരു വ്യക്തിത്വത്തിനുടമയാണ് രാകേഷെന്ന് എനിക്കാ രാത്രി തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ബോധം വീണ കുഞ്ഞാറ്റയെ സി.എമ്മിനരികിൽ കൊണ്ട് നിർത്തുന്നത് വരെ അവൾ ബഹളം കൂട്ടി. നാവു കുഴഞ്ഞെങ്കിലും സംസാരിച്ച് കൊണ്ടിരുന്ന സി.എം.. ഒന്നു ചുണ്ടു പോലും അനക്കുന്നില്ലായിരുന്നു..

രാകേഷിന്റെ അച്ഛനും അമ്മയും പിറ്റേ ദിവസം കൃഷ്ണയെ കൂട്ടികൊണ്ട് പോകാൻ വന്നു.. ആരൊക്കെ നിർബന്ധിച്ചിട്ടും കൃഷ്ണ പോകാൻ കൂട്ടാക്കിയില്ല. സി.എമ്മിന്റെ ഇടത് കയ്യ് കൃഷ്ണയുടെ ചെറുവിരലിൽ മുറുകിയിരുന്നു ആ സമയം സി.എമ്മിന്റെ കണ്ണും നിറഞ്ഞ് തുകി.

രാജേഷിന് അടുത്തയാഴ്ച മടങ്ങി പോകണം.. അവന്റെ കല്യാണ ലീവാക്കെ കഴിഞ്ഞു. പത്ത് ദിവസം ഞങ്ങൾ എല്ലാരും കൂടി അവനൊപ്പം പോകാൻ അവൻ നിർബ്ബന്ധിക്കുന്നു. രാകേഷിനും കൃഷ്ണമോൾക്കും ടിക്കറ്റടുത്തിട്ടുണ്ട്..

കൃഷ്ണ സി എമ്മിന്റെ കയ്യിലെ പിടിവിട്ട് രാകേഷിന്റെ അമ്മയുടെ കാലിൽ ചുറ്റി പിടിച്ച് കരഞ്ഞു..

പ്ളീസ് അമ്മാ.. എന്റെ അച്ഛനെ ഈ അവസ്ഥയിൽ വിട്ടിട്ട് എനിക്കക്കാരിടത്തും വരാനാവില്ല..
നിർബന്ധിക്കല്ലേ.. അമ്മേയെന്ന് പറഞ്ഞ് ഒരേ .. കരച്ചിൽ .

ഒടുവിൽ.. രാകേഷ് പറഞ്ഞു നിന്നോളാൻ. അങ്ങനെ വിദേശയാത്ര ഒഴിവാക്കി അവൾ സി.എമ്മിനൊപ്പം നിന്നു. അവിടെ അടുത്ത് തന്നെ മുറി എടുത്ത് അച്ഛമ്മയുൾപ്പെടെ എല്ലാരും തങ്ങി. നന്ദയെ ഇവിടെ നിർത്തി മാധവും പോയി. ഒരാഴ്ചക്ക്‌ ശേഷം മാധവ് തിരികെ വന്നു.
നന്ദയുടെ പ്രസവവും ആ സമയത്തായിരുന്നു. എം.ആർ.ഐൽ തലയുടെ പിൻ ഭാഗത്തായി പയർമണിയെക്കാൾ ചെറിയ ഒരു ക്ലോട്ടിങ് ഉണ്ടെന്ന് തെളിഞ്ഞു.. ഫിസിയോ തെറാപ്പി സ്റ്റാർട്ട് ചെയ്തെങ്കിലും പതിനാലു ദിവസമായിട്ടും കാര്യമായ ഒരു വ്യത്യാസവും ഉണ്ടായില്ല.. രണ്ട് ദിവസം കഴിഞ്ഞ് സി.എമ്മിനെയും ഡിസ്ചാർജ് ചെയ്തു.. ഫിസിയോ വീട്ടിൽ തുടരാൻ പറഞ്ഞു.. ഇടത് വശത്ത് സ്ടോക്ക് വരാതെ നോക്കണമെന്നും.. വരാതിരിക്കാനുള്ള മരുന്ന് മുടങ്ങാതെ കൊടുക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.

വിദേശത്തൂന്ന് മടങ്ങി വന്നയുടൻ രാകേഷ് തിരികെ വന്ന് കൃഷ്ണയെ കൊണ്ട് പോയി. അതിനുശേഷം കൊടുക്കുന്ന ഗുളികയെല്ലാം.. നാവ് കൊണ്ട് തള്ളി കളയാൻ തുടങ്ങി.. സി.എം. ഒരാഴ്ച കഴിഞ്ഞ് രാകേഷ് കൃഷ്ണയെ വീണ്ടും കൊണ്ടുവന്നു. പതിനഞ്ച് ദിവസം നൈറ്റ് ഷിഫ്റ്റായതിനാൽ രാകേഷ് വീട്ടിലുണ്ടാവില്ല. കമ്പനി ഫുഡ് ആന്റ് അക്കോമഡേഷൻ കൊടുക്കുന്നുണ്ട്.

കുഞ്ഞാറ്റ മടങ്ങി വന്നപോൾ.. സി.എമ്മിന്റെ മുഖം തെളിഞ്ഞു. മരുന്നൊക്കെ കഴിക്കാൻ തുടങ്ങി. നന്ദയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൂടി കണ്ടപ്പോൾ ചെറിയ വ്യത്യാസം വരുമെന്നൊക്കെ ഞങ്ങൾ കരുതി. കുഞ്ഞിന്റെ നൂലുകെട്ടു കഴിഞ്ഞ് മാധവിന്റെ നിർബ്ബന്ധ പ്രകാരം മാധവിന്റെ നാട്ടിലെ പ്രശ്സതമായ ഒരു ആയുർവേദ മഠത്തിൽ കിടത്തി ചികിത്സിക്കാമെന്ന് മാധവ് പറഞ്ഞു. അച്ഛനും എനിക്കും അതിൽ താത്പര്യമുണ്ടായിരുന്നു. മൂന്നു മാസം പ്രസവശുശ്രൂഷ കഴിയാതെ നന്ദയെ വിടില്ലെന്ന് വാശിപിടിച്ചു അച്ഛമ്മ.

ദേവമ്മായിയും ഞാനും അച്ഛനും മാധവിനൊപ്പം പോയി. അവിടെ പേഷ്യന്റിന്റെ ബന്ധുക്കളാരും നില്ക്കാൻ പാടില്ല. രോഗിക്കൊപ്പം ഒരാൾക്ക് മാത്രം നിൽക്കാൻ അനുവാദമുള്ളൂ. അതും വേറൊരു മുറിയിൽ. അവർ പറയുമ്പോൾ മാത്രം ചെന്ന് കാണാൻ സാധിക്കൂ…അച്ഛൻ നിന്നോളാമെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. മാധവിനൊപ്പം ഞങ്ങൾ കുറച്ച് ദിവസം തങ്ങിയെങ്കിലും മഠത്തിൽ പോയി സി.എമ്മിനെ കാണാൻ കഴിഞ്ഞില്ല. മടക്കയാത്രയിൽ ഞാനും ദേവമ്മായിയും ഒത്തിരി കാല് പിടിച്ച് അവരുടെ വഴക്കു വാങ്ങി കൂട്ടിയാണ് സി.എമ്മിനെ ഒരു നോക്ക് കണ്ടത്. ഇടത് കൈയ് കൊണ്ടെന്റെ വിരലിൽ പിടിച്ച് സി.എം എന്തോ പറഞ്ഞു.. വ്യക്തമായില്ല.. എങ്കിലും അച്ഛൻ പറഞ്ഞു. കുഞ്ഞാറ്റയെന്നാണ് പറയുന്നതെന്ന്.

ഞാൻ കാരണമാ സി.എമ്മിനീ ഗതി വന്നത്. കുഞ്ഞാറ്റയോടുള്ള എന്റെ ഇഷ്ടം അന്ന് ഞാൻ സി.എമ്മിനു മുന്നിൽ സമ്മതിച്ച് കൊടുക്കരുതായിരുന്നു. ഹരി കരഞ്ഞ് കൊണ്ടേയിരുന്നു.

അതൊന്നുമല്ലടാ..എല്ലാം ദൈവത്തിന്റെ നിശ്ചയം

ദൈവം.. ഹരി പുച്ഛിച്ചു.. സ്വപ്നത്തിൽ പോലുമെന്റെ കുഞ്ഞാറ്റയെ കാണിച്ച് എന്നെ മോഹിപ്പിച്ച് ..എന്നിട്ട് ..

എന്നിട്ടെന്താ.. ദൈവം പറഞ്ഞോ? വാ.. മൂടിയിരിക്കാൻ..

ഹരി വീണ്ടും കട്ടിലിലേക്ക് മലർന്നു…
ഇനിയും നീ.. കിടക്കാൻ പോവാണോ?
മറുപടി പറയാതെ ഹരി പുതപ് വലിച്ച് മുഖത്തേക്കിട്ടു..
എന്നാൽ നീയല്പം കിടന്നുറങ്ങ്.. ഞാൻ
പുറത്തോട്ട് ഒന്നിറങ്ങിയിട്ട് വരാം..

ഹരി.. ഏറെ നേരം കഴിഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു..

ഉറക്കത്തിൽ … മുട്ടിൽ മുഖം പൂഴ്ത്തി കരയുന്ന കുഞ്ഞാറ്റയെ സ്വപ്നം കണ്ടു.

കുഞ്ഞാറ്റേ… ഹരി വിളിച്ചു…അവളുടെ കരച്ചിലിന്റെ ശക്തി കൂടി. കുഞ്ഞാറ്റേ… മോളെ…

ഹരിയുടെ വിളി പുറത്തേക്ക് വന്നു. ആ സമയം വിഷ്ണു മുറിയിൽ കടന്നു വന്നു.

ഹരീ… ഹരി… ദേഹത്ത് തട്ടിയുള്ള വിഷ്ണുവിന്റെ വിളികേട്ട് ഹരി ഞെട്ടിയുണർന്നു..

ഹരിയെഴുന്നേറ്റിരുന്നു. പിന്നെ രണ്ട് കയ്യും ഉയർത്തി മുഖം അമർത്തി തുടച്ചു..
പിന്നെ പറഞ്ഞു. ടാ .. ആ ഫോണിങ്ങടുക്ക്.
കുഞ്ഞാറ്റയെ ഒന്നു വിളിക്കട്ടെ.

എന്തിനാ കുഞ്ഞാറ്റയെ വിളിക്കുന്നത്
വിഷ്ണു ഫോൺ കൊടുത്തു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അമൃതയോട് തന്റെ കഥ പറഞ്ഞ് കൃഷ്ണ കരയുന്നുണ്ടായിരുന്നു.

മോളെ.. ഇങ്ങനെ കരയാതെ..പോട്ടെ! അച്ഛൻ ഉടൻ എഴുന്നേറ്റ് നടക്കും നോക്കിക്കോ? അമൃതേച്ചിയാ പറയുന്നത്. ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രാർത്ഥനയുള്ളപ്പോൾ ദൈവം കണ്ണടിക്കില്ല മോളെ..

കൃഷ്ണയെ അമൃത ചേർത്ത് പിടിച്ച് കണ്ണിര്… തുടച്ചു.

പ്രിയേച്ചി… ദേ.. ഫോൺ.. ശാലു മോൾ ഫോൺ കൃഷ്ണയുടെ കയ്യിൽ കൊടുത്തു..

കി…..ച്ച.. അവളുടെ നനങ്ങ കൺപീലികൾ വിടർന്നു .
ഫോൺ അവളുട കയ്യിലിരുന്ന് വിറച്ചു..

ന്റെ കൃഷ്ണാ.. അല്പം മുമ്പ് കാമറയുടെ സംശയങ്ങൾ ചോദിക്കാൻ വിളിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചതേയുള്ളൂ…

കട്ടാകും മുൻപ് എടുക്കടാ.. അമൃത പറഞ്ഞു..

ഹലോ..അവളുടെ ചുണ്ടുകൾ ചെറുതായൊന്നു വിറച്ച് ..

നിനക്ക് സുഖാണോ?

ഉം…

നീയെന്താ.. ഒന്നും മിണ്ടാത്തത്..

കിച്ചാക്ക് സുഖാണോ?

ങാ.. രാകേഷുണ്ടോ?

ഇല്ല.. ജോലിക്ക് പോയി..

നീ.. കരഞ്ഞതെന്തിനാ.. ഇപ്പോൾ ..?

ഇല്ല. കരഞ്ഞില്ലല്ലോ?

പിന്നെ നിന്റെ ശബ്ദമെന്താ.. വല്ലാതിരിക്കുന്നത്..?

ഒന്നുല്യ : അച്ഛനെയൊന്ന് കാണാൻ കൊതിയാവുണുണ്ടെനിക്ക്. ഇപോ. യെങ്ങനാ.ഭേദം ണ്ടോ കിച്ചാ..ന്റെ ച്ഛന്..?

ഉം..ഞാൻ ഈ വരുന്ന വെള്ളിയാഴ്ച പോണുണ്ട്. അച്ഛൻ വിളിച്ചിരുന്നു അവിടെ വരെ ചെല്ലാൻ .

അല്പനേരത്തെ മൗനത്തിന് ശേഷം കൃഷ്ണ ചോദിച്ചു.

കിച്ചാ..മുഖ്യമന്ത്രിയുമായ് പ്രോജക്ടിന്റെ ചർച്ചയൊക്കെ കഴിഞ്ഞോ?

ഇല്ല.. 15-ാംതീയതിയാണ്.. അത് വേണ്ടന്ന് വച്ചാലെന്തെന്ന് ആലോചിക്കയാണ് ഞാൻ. പിന്നെ ഈ ജോലിയും..

കിച്ചാക്കെന്താ.. ഭ്രാന്തുണ്ടോ?

അതെ.. മുഴുത്ത ഭ്രാന്ത്. നീ.. ആഗ്രഹിച്ച പ്രോജക്ടല്ലേ യിത് ..നിന്റെ രാകേഷിനോട് പറയ്. താത്പര്യമുണ്ടെങ്കിൽ ചെയ്യാൻ..

വേണ്ട.. അത് കിച്ച ചെയ്താൽ മതി.. അതെന്റെ സ്വപ്നമാണ്.എന്റെയും അച്ഛന്റെയും പിന്നെ നമ്മുടെ ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നമാണ് അത് കൈവിട്ട് കളയല്ലേ.. കിച്ചാ..

ഉം.. നീ നാട്ടിൽ പോകുമ്പോൾ ആ പേപ്പേഴ്സ് എടുത്ത് രാകേഷിന്റെ കയ്യിൽ കൊടുക്കണം.

ഇല്ല .. ഞാൻ കൊടുക്കില്ല.. കിച്ച പഴയ ആ പ്രോജക്ട് നഷ്ടപ്പെടുത്തിയത് പോലെ ഇത് നഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല. മറ്റാർക്കും കൊടുക്കയുമില്ല.

എടീ.. അതല്ല.. എന്റെ കയ്യിലെ കോപ്പി ഞാനെടുക്കാൻ മറന്നു.. നീയത് രാകേഷിന്റെ കയ്യിൽ കൊടുത്താൽ അവനെന്റെ കയ്യിലെത്തിക്കും..

പറ്റിക്കില്ലല്ലോ?

ഇല്ല്ല്ലാ…വേറെന്തുണ്ട് വിശേഷം..

കിച്ചയറിഞ്ഞോ? നമ്മുടെ നയനേച്ചിയമ്മയാകാൻ പോകുന്നു.

ഉം.. അച്ഛമ്മ പറഞ്ഞിരുന്നു. നിനക്ക് സുഖമാണോ അവിടെ?

ഉം..എല്ലാർക്കും.. വല്യ കാര്യാ..പിന്നെ.. പകലുമുഴുവൻ തനിച്ചിരിക്കണം.. അതേയുള്ളൂ.. വിഷമം..

ഉം.. ഞാൻ വെക്കട്ടെ! ആ പേപ്പേഴ്സ് കൊണ്ട് വരാൻ മറക്കരുത് കേട്ടോ?

ഉം.. ഹരി ഫോൺ കട്ട് ചെയ്തു..

അമൃതേച്ചി… ഞാൻ പോണു.. കാമറയുടെ സെറ്റപ് ഒന്നു കൂടിയൊന്ന് പറഞ്ഞ് തരണേ…

അത് ശരിക്കും മനസ്സിലാക്കിയ ശേഷം കൃഷ്ണ തിരികെ വന്ന് നേരെ.. നയനയുടെ മുറിയിൽ കയറി..
കുറെ സമയത്തെ ആലോചനയ്ക്കും പ്രയത്നങ്ങൾക്കുമൊടുവിൽ കൃഷ്ണ സുരക്ഷിതമായ ഒരിടത്ത് ക്യാമറ സ്ഥാപിച്ചു.. ആരുടെയും ശ്രദ്ധയിൽ പെടില്ലെന്നുറപ്പ് വരുത്തിയ ശേഷമാണ്. കൃഷ്ണ മുറിവിട്ട് ഇറങ്ങിയത്.

വൈകിട്ട് 6 മണിയോടെ എല്ലാരും ഓഫീസിൽ നിന്നുമെത്തി. നയന റൂമിൽ കാമറയുടെ മുന്നിലെത്തിയതും കൃഷ്ണയുടെ മൊബൈലിൽ സിഗ്നൽ കിട്ടി.. കൃഷ്ണയ്ക്ക് സന്തോഷം കൊണ്ട് മുഖത്ത് ചിരി പടർന്നു.

കൃഷ്ണ എല്ലാർക്കും തയ്യാറാക്കി വച്ചിരുന്ന ചായയും പലഹാരങ്ങളും . മേശമേൽ നിരത്തി വച്ചു.

തിരികെ നയനയെത്തിയതും രാകേഷിനോട് ചോദിച്ചു.

രാകേഷ് നിങ്ങടെ മുറിയിലിരിക്കുന്ന ആ ഫ്ലവർ വേയ്സ് ഞാനെടുത്തോട്ടെ! പ്ളീസ് ..

പ്രിയേ.. നിനക്ക് വേണ്ടങ്കിൽ കൊടുത്തേക്ക്…

ചായയും ഒരു കട്‌ലെറ്റും എടുത്ത് രാകേഷ് സിറ്റൗട്ടിലേക്ക് പോയി..

നയനേച്ചിയെടുത്തോ?

നീ.. യെന്റെ ബാത് റൂമൊന്ന് ക്ളീൻ ചെയ്യ്ത് താ..മോളെ .. ഈ സമയത്ത് വഴുക്കലെങ്ങാനും വന്നാൽ..

ഓ.. ചെയ്യാം എന്റെ പൊന്ന് ഇച്ചേച്ചി… കൂടുതലൊന്നും പറയണ്ട. നയനേച്ചി കൂടെ.. വാ.

എനിക്കിനി പടികയറാനൊന്നും വയ്യ.. കുറച്ച് കഴിയട്ടെ!

കൃഷ്ണ വേഗത്തിൽ നയനയുടെ മുറിയിലെത്തി. നയനയുടെ കയ്യിൽ മൊബൈലില്ലെന്ന് കണ്ടത് കൊണ്ട് കൃഷ്ണ മുറിയാകെ മൊബൈൽ പരതി. കിട്ടിയാൽ രക്ഷപെട്ടു. ലോക്ക് അറിയാവുന്നത് കൊണ്ട് പ്രയാസമില്ല.
തന്റെ കാമറാ ദൃശ്യങ്ങളുണ്ടെങ്കിൽ നശിപ്പിക്കണം.. കൃഷ്ണ ബഡിലും മേശപുറത്ത് മെല്ലാം.. പരതി..
കാണാതെ വന്നപ്പോൾ ബാത്റൂം വൃത്തിയാക്കിയിട്ട് പോകാമെന്ന് കരുതി അകത്ത് കയറിയപ്പോൾ സന്തോഷം കൊണ്ട് കൃഷ്ണയുടെ കണ്ണ് തള്ളിപ്പോയി.. ഫ്ളഷിനു മുകളിൽ ഫോൺ … ഇയർ ഫോൺ താഴേക്ക് തുങ്ങി കിടക്കുന്നു..
ഫോണെടുത്ത് കൃഷ്ണ ഗാലറി പരിശോധിക്കാൻ തുടങ്ങി.. പക്ഷേ! ആരോ വരുന്നത് പോലെ തോന്നിയ കൃഷ്ണ പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ … പതറി..
അടുത്ത നിമിഷം പെട്ടെന്ന് തോന്നിയ ചിന്തയിൽ ഫോൺ പെട്ടന്ന് ക്ലോസറ്റിലിട്ട ശേഷം ക്ലോസറ്റ് മൂടി ഫ്ല്ഷ് അമർത്തിയ ശേഷം.. പെട്ടന്ന് പുറത്തിറങ്ങി. എന്നിട്ട് ആരും കാണാതെ.. ഒന്നുമറിയാത്ത പോലെ അടുക്കളയിൽ ചെന്ന് നിന്ന് കിതച്ചു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply