ഞാനും എന്റെ കുഞ്ഞാറ്റയും – 36, 37

  • by

9994 Views

njanum ente kunjattayum aksharathalukal novel by benzy

അച്ഛനും മോളും ശരിക്ക് വെള്ളം കുടിക്കാൻ സമയമായി നയന മനസ്സിൽ ഓർത്തു കൊണ്ടു ചോദിച്ചു..

എന്ത് പറ്റി വല്യച്ഛാ..ഇങ്ങനെ വിഷമിക്കാനും മാത്രം..

അച്ഛൻ എഴുന്നേറ്റേ… ഈ വെള്ളമെടുത്ത് കുടിക്ക്…

കുടിക്ക് വല്യച്ഛാ.. എന്നിട്ട് പ്രശ്നം എന്താന്ന് പറയൂട്ടോ..ഞാൻ വല്യമ്മേ.. വിളിക്കട്ടെ!

ടീ… കുഴപ്പിക്കല്ലേ… അച്ഛനേയത്  താങ്ങിയില്ല.  പിന്നെ അമ്മയെങ്ങനെ താങ്ങും.

നയനേച്ചിക്ക് താങ്ങിയെങ്കിൽ നയനേച്ചി പറയ്..

ദേഷ്യം വന്നെങ്കിലും നയന അത് പ്രകടമാക്കിയില്ല.  എനിക്കറിയില്ല. ഒരു ഫോൺ വന്നതാ..അപ്പേഴേക്കും തളർന്നുപോയ്..

ഞാൻ പറയാം മോളെ .. രാമദദ്രൻ തലയണ കുത്തിനിർത്തി അതിലേക്ക് ചാരിയിരുന്നു.

വല്യച്ഛൻ നയനമോളുടെ പേരിൽ ഒരു വില്ലയ്ക്ക് അഡ്വാൻസ് കൊടുത്തിരുന്നു. 50 ലക്ഷം രൂപ

ങാ.. ഹാ.. നല്ല കാര്യമാണല്ലോ?  എന്നിട്ട് ..

പതിമൂന്നാം തീയതിയാ.. പ്രമാണം രജിസ്റ്റർ ചെയ്യേണ്ടത്. ഞാനതങ്ങ് മറന്നു.. ഇരുന്ന കാശെല്ലാം ബിസിനസ്സിലിറക്കി. രെജിസ്ടേഷൻ സമയത്ത് കാശ്  കൊടുത്തില്ലെങ്കിൽ  അഡ്വാൻസ് തുക പോലും തിരിച്ച് കിട്ടില്ല.  അതിനുള്ള കാഷ് അറേയ്ഞ്ച് ചെയ്യാനുള്ള സമയം പോലുമില്ലയിനി. ഓർത്തിട്ടെന്റെ  തലപൊട്ടി പിളരുന്നു..വെന്ന് തോന്നുന്നു.

വല്യയച്‌ഛാ ഇനിയും അഞ്ച് ദിവസം ഉണ്ടല്ലോ. ഇവിടുത്തെ അച്ഛനോടോ, രാജേഷേട്ടനോടോ ചോദിക്കാം നമുക്ക് ..

ആരോടും കൈ നീട്ടി ശീലമില്ല.. മോളെ.. വല്യച്ഛന് … അതൊന്നും ശരിയാവില്ല.

(ഉം.. തട്ടി പറിച്ചല്ലേ.. ശീലം.. കൃഷ്ണ മനസ്സിൽ പറഞ്ഞിട്ട് മൗനമായ് നിന്നു.

രണ്ട് പേരും ചേർന്നുള്ള നാടകത്തിന്റെ ചുരുളഴിഞ്ഞ് കിട്ടി. തത്ക്കാലം മൗനം തന്നെയാണ് നല്ലെതെന്ന് ഉറപ്പിച്ച് കൃഷ്ണ നിന്നു.)

കൃഷ്ണ ഒന്നും മിണ്ടുന്നില്ലന്ന് കണ്ട് നയന അലമാര തുറന്നു കുറച്ച് ആഭരണങ്ങൾ പുറത്തെടുത്തു. അച്ഛാ… തത്കാലം ഇത് വിൽക്കാം.

അങ്ങനെ ചെയ്യ് വല്യച്ഛാ..ന്നിട്ട് പിന്നീട് പുതിയ മോഡൽ നയനേച്ചിക്ക് വാങ്ങി കൊടുത്താലും മതിയല്ലോ?

ഇത് കൊണ്ടൊന്നും ഒന്നും ആകില്ല മോളെ ഇനി ഒരു കോടിയാണ് കൊടുക്കേണ്ടത്. കയ്യിലും ബാങ്കിലുമായ് 75 ലക്ഷം കാണും.. പിന്നെയും വേണം 25.. ഇത് വിറ്റാൽ അഞ്ച് ലക്ഷം കിട്ടും. ബാക്കിക്ക് ഞാൻ നെട്ടോട്ടമോടിയാലും കിട്ടില്ല.

നയനേച്ചിയുടെ ബാക്കി ഗോൾഡൊക്കെയെവിടെ..?

അതൊക്കെ.. ലോക്കറിലാണ് മോളെ .

എന്റെ കുറച്ച് ആഭരണങ്ങൾ ഉണ്ടല്ലോ അതിങ്ങടുത്തേ.. അനുവാദത്തിന് കാത്ത് നിൽക്കാതെ അലമാരയിൽ നിന്നും കൃഷ്ണ ജുവൽ ബോക്സെടുത്തു.

അതിൽ നിന്നും ഡയമണ്ട് സെറ്റ് പുറത്തെടുത്തു..

വിനയായല്ലോ ഭഗവാനേയെന്ന്.. പറഞ്ഞ്  നയന അറിയാതെ തലയിൽ അടിച്ചു..

എന്ത് പറ്റിയേച്ചീ…

നയനവിക്കലോടെ പറഞ്ഞു. ഏയ്… ഒന്നൂല്ല മോളെ ..

അല്ലയെന്തോ.. പറഞ്ഞു. ഞാൻ കേട്ടതാ..

അത്.. നീയെന്നെ വഴക്കൊന്നും പറയരുത്. ലോക്കറിൽ വച്ച സമയത്ത് നിന്റെ കയ്യിൽ നിന്നും വാങ്ങിയതു കൂടി ആ കൂട്ടത്തിൽ ആയി. എടുക്കുമ്പോൾ  തരാം.. കേട്ടോ?

ഉം.. ന്ന് മൂളി.. ഡയമണ്ട് സെറ്റ് കയ്യിൽ ഒതുക്കിപിടിച്ചു. ഹൊ.. ഇത് വയ്ക്കാത്തത് നന്നായി.. മാള്വേച്ചി പ്രത്യേകം പറഞിരുന്നു. മാളേച്ചിക്ക് ഇത് കൂട്ടുകാരിയുടെ കല്യാണത്തിനിടണമെന്ന്. അത് കഴിഞ്ഞ് നയനേച്ചിക്ക് ഇത് ഞാൻ സമ്മാനമായി തരും..

നയനയുടെ കണ്ണുകൾ വിടർന്നു.

ശരിക്കും…?

ങാ.. ഇപ്പോയിതല്ലല്ലോപ്രശ്നം. ? വല്യച്ഛന് പണം ശരിയാക്കണ്ടേ..

വല്യച്ഛാ.. മറ്റന്നാൾ എനിക്കെപ്പം തറവാട്ടിലേക്ക് പോരെ.. ഞാൻ അച്ഛന്റെ കയ്യിൽ നിന്നും കാശ് വാങ്ങി തരാം.. എൽ.ഐ . സി അമൗണ്ട് ഉം കിട്ടുമല്ലോ? എങ്ങനെയായാലും ബാക്കി വരുന്ന തുക മുഴുവനും കിട്ടും.

വേണ്ട മോളെ അതൊന്നും ശരിയാകില്ല.

ശരിയാകും വല്യച്ഛാ..രാകേഷേട്ടൻ പ്ലോട്ടൊക്കെ നോക്കി വരുമ്പോൾ എന്തായാലും മൂന്ന് നാലുമാസംമെങ്കിലും ആകും അതിനകം കൊടുത്താൽ മതിയല്ലോ?

വേണ്ട.. വേണ്ട.. രാമദന്ദ്രനെന്ന അളിയൻ ഗോവിന്ദന് അലർജിയാ.. അവരുടെ മുന്നിൽ 50 ലക്ഷം നഷ്ടപ്പെട്ടാലും രാമഭദ്രൻ കൈ നീട്ടില്ല.. ഗീതയോട് പോലും ഞാൻ വസ്തു വാങ്ങുന്ന കാര്യം പറഞ്ഞിട്ടില്ല. അറിഞ്ഞാൽ അവൾ ഏട്ടനോടിരക്കാൻ പോകുമെന്നെനിക്കറിയാം.. മോളിത് ആരോടും പറയണ്ട.. വല്യച്ഛൻ വേറെ വഴിക്കൊന്ന് നോക്കട്ടെ! ഇല്ലങ്കിൽ …

കൃഷ്ണയ്ക്ക് പെട്ടെന്ന് ഒരു ബുദ്ധി തോന്നി :

വല്യ ചരാ … വേറൊരു വഴിയുണ്ട്.

എന്താ മോളെ…

ആരുമറിയാതെ വല്യഛനെ ഞാൻ സഹായിക്കാം.

മോളോ..? എങ്ങനെ ?

മറ്റന്നാൾ ഞാൻ നാട്ടിലെത്തിയാലുടൻ ആരുമറിയാതെ.. ബാക്കിയുള്ള ഇരുപത് ലക്ഷം അക്കൗണ്ടിലിട്ടു തന്നാൽ എത്ര ദിവസത്തിനുള്ളിൽ മടക്കി തരാൻ പറ്റും..

മോളെ അതെനിക്കുടൻ മാറി വരും. ചെക്ക് കയ്യിൽ  കിട്ടാനും ബാങ്കിലുള്ളത്  കളക്ഷനാകാനുമുണ്ട്..ഈ .. അഞ്ച് ദിവസം കൊണ്ട് മാറില്ലന്നതാ.. പ്രശ്നം..

ഇരുപതല്ലല്ലോ? ഇരുപത്തഞ്ചല്ലേ…?

അഞ്ച് നയനേച്ചിയുടെ ആഭരണം വിറ്റാൽ കിട്ടില്ലേ…

ഉം…ഉം… ഞാനതങ്ങ് മറന്നു.

വല്യച്ഛാ. പക്ഷേ.. വല്യച്ഛൻ കുറച്ച് കാശ് ഇങ്ങോട്ട് തരേണ്ടിവരും.

അതെന്തിനാ.. നയനയന്തം വിട്ട് ചോദിച്ചു.

എത്രയാ ..? രാമദദ്രനും ചോദിച്ചു..

പത്ത് ലക്ഷം …

പത്ത് ലക്ഷമോ? അതെന്തിനാ മോളെ .. അത്രയും കാശ്

വല്യച്ചനറിയാല്ലോ? കല്യാണ ദിവസത്തെ പ്രശ്നങ്ങൾ.. എന്റെ പകുതിയിലധികം സ്വർണ്ണവും അച്ഛന്റെ അലമാരയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വന്നപ്പോൾ അതമ്മയെടുത്ത് തന്നതാ. ഇവിടത്തെ അമ്മയും അച്ഛനും സമ്മതിച്ചില്ല. കാരണം എല്ലാരും ജോലിക്ക് പോയാൽ മോള് തനിച്ചേ..കാണുള്ളൂ.. ഇവിടെയോ.. ലോക്കറിലോ.. സൂക്ഷിക്കാൻ..

പണ്ടേ.. അമ്മ പൈസയിരട്ടിക്കാൻ മിടുക്കിയായിരുന്നു. ഗോൾഡ് ലോക്കറിൽ വയ്ക്കാതെ.. കുറച്ച് തുകയ്ക്ക് ഏകദേശം പത്ത്  ലക്ഷം രൂപയാണെന്നാ.. എന്റെ ഓർമ്മ. പണയം.. വച്ചു ന്നും  ആ കാശ് എന്റെ പേരിൽ ഡിപോസിറ്റ് ചെയ്തു ന്നും. അതിന്റെ പലിശയെടുത്ത് ഗോൾഡിലടക്കുമെന്നോ.. അങ്ങനെയെന്തൊക്കെയോ. തല വടുപിടിക്കുന്ന രീതിയിൽ ഓ… എന്തൊക്കെയോ പറഞ്ഞു. ഒന്നും ചോദിക്കല്ലേ.. എനിക്ക് കൂടുതലൊന്നും പറയാനറിയില്ല.. വല്യച്ഛൻ പൈസ തന്നാൽ അത് ക്ലോസ് ചെയ്ത് മുഴുവൻ ആഭരണങ്ങളുമായ് വരും ഞാൻ .  വല്യപഛൻ  തരുന്ന പത്ത് ഉൾപ്പെടെ.. മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം വിറ്റ് .. ഉടനെയിടാം.

ഒരു പ്രശ്നമുണ്ട്.. കാശായി തരോ.. ചെക്ക് മാറാൻ ദിവസം എടുക്കില്ലേ..

അത് സാരമില്ല.. വല്യച്ഛൻ സിസ്കൗണ്ട് ചെയ്ത് എടുത്തോളാം. പക്ഷേ.. അമ്മ ഒപ്പിടാതെ പറ്റില്ലല്ലോ?

അതൊന്നും വല്യച്ഛൻ പേടിക്കണ്ട. ഞാനത് എന്തെങ്കിലും പറയും..

മറ്റന്നാൾ അതിരാവിലെ പുറപ്പെട്ടാൽ ഉച്ചയ്ക്ക് ഞാൻ അവിടെയെത്തും.. ആ സമയം ഈ കാശ് എന്റെ അക്കൗണ്ടിൽ വരുമോ..

അത് വല്യച്ഛൻ ഇത്.. വിറ്റ് .. അഞ്ചോ ആറോ ..ഇപ്പോൾ തന്നെയിടാം.. മോളെ.. വാ.. നമുക്ക് പെട്ടെന്നിറങ്ങാം..

ന്റെ കൃഷ്ണാ.. ഇതെന്ത്.. മറിമായമായാലും എന്നെ… രക്ഷിക്കാനെത്തിയല്ലോ? നന്ദി പറഞ്ഞാൽ തീരില്ല.

രാത്രി :

രാകേഷേട്ടാ.. ഞാൻ വല്യമ്മയാടൊപ്പമാ. ഇന്ന് കിടക്കുന്നത്..

ഏയ് അതൊന്നും പറ്റില്ല..

പറ്റും.. വല്യച്ഛന് കമ്പനി കൊടുത്തോ?  അവൾ തലയണയും ഷീറ്റുമെടുത്ത് മുറിവിട്ടു.

ഗീതയെ കെട്ടിപിടിച്ച് കിടക്കുമ്പോൾ കൃഷ് ണ പറഞ്ഞു..

വല്യമ്മേ.. എപ്പഴാ.. തറവാട്ടിൽ കുറച്ച് ദിവസം  വരുന്നത്.. ഉത്സവത്തിനിനി ഒത്തിരി നാളുണ്ട്..

നയന മോളുടെ  കല്യാണം കഴിഞ്ഞപ്പോഴേ.. വല്യമ്മ വിചാരിച്ചതാ. തറവാട്ടിൽ അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കണമെന്ന്.

ഹായ്….നല്ല രസായിരിക്കും.. വല്യച്ഛനും വരോ?

ഇല്ല മോളെ … വല്യമ്മ മാത്രം..

അതെന്താ.. അങ്ങനെ..

അതൊക്കെ.. ഒരു വല്യ കഥയാ..

വല്യമ്മേ.. വല്യമ്മേടെ തലമുടിക്ക് അച്ഛമ്മേടെ തലമുടിയുടെ അതേ മണം.. അവൾ.. തലയിൽ അമർത്തി മണപ്പിച്ചു കൊണ്ട് പറഞ്ഞു..

അമ്മയുണ്ടാക്കാൻ പഠിപ്പിച്ച കൂട്ടാ എണ്ണക്കിപോഴും.. ചെറുപ്പത്തിൽ നിന്നെപോലെ നിറയെ തലമുടിയാരുന്നു. അന്നൊക്കെ.. രാമേട്ടൻ പറയും .. ഈ തലമുടി കണ്ടാ.. യെന്നെ ഇഷ്ടപ്പെട്ടതെന്ന് …

വെട്ടി.. വല്യ ഛന്റെ കയ്യിൽ കൊടുത്തൂടായിരുന്നോ.. അപ്പോ തന്നെ…

അമ്പടീ.. നിന്റെ .. കുറുമ്പിനൊന്നും ഒരു കുറവില്ലല്ലോ? നയനയെ ശരിക്കും വട്ടാക്കി.. നീ.. പാവം..

സോറി.. വല്യമ്മേ.. അവൾ ഒന്നൂടെ ഗീതയെ. ചുറ്റി പിടിച്ചു..

അയ്യേ..സോറിയൊന്നും വേണ്ട.. നല്ലോണം നൊന്താല്ലേ.. നീ.. ചെറുതായങ്കിലും കൊട്ടോളൂന്ന് വല്യമ്മയ്ക്കറിയാല്ലോ?

നിന്നെ നല്ലോണം അവൾ കഷ്ടപ്പട്ടെത്തുന്നുണ്ടാവും.. അല്ലേ..

കൃഷ്ണ പൊട്ടിക്കരഞ്ഞു..

യ്യേ…ന്റെ .. പൊന്നുമോള് .. കരയല്ലേ..നീ.. വിചാരിച്ചാൽ അവളെ മാറ്റിയെടുക്കാൻ പറ്റും.. ഇങ്ങനൊന്നുമായിരുന്നില്ല. എന്റെ മോള് .. കോളേജിലൊക്കെ പോയപ്പോൾ ചെറുപ്പത്തിലെ കുസൃതിയും കുറുമ്പുമൊന്നുമില്ലാത്ത വെറും  പാവം.

അമ്മേ.. പോലെ തന്നെ തനി നാട്ടിൻ പുറത്ത് കാരിയായി വളരണ്ടേന്ന് പറഞ്ഞു.. വേണ്ടാത്ത ശീലങ്ങളൊക്കെ പഠിപ്പിച്ചു രാമേട്ടൻ. അകത്തും പുറത്തും.. ഒരേ രീതിയിലുള്ള വേഷം ധരിക്കണ്ടന്ന് പറഞ്ഞതിന് മകളുടെ മുന്നിലിട്ട് പൊതിരെ തല്ലി. കൊണ്ട് കൊണ്ട്  ശീലമുണ്ടെങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഹൃദയം പൊട്ടിയുള്ളയെന്റെ പ്രാർത്ഥന ഭഗവാൻ കേട്ടു.. ചീത്ത പേരുണ്ടാകുന്നതിനു മുന്നെ രാജേഷ് മോന്റെ വിവാഹാലോചന വന്നു.

കരയണ്ട .. വല്യമ്മേ… വല്യഛൻ ഒരിക്കലും പഠിപ്പിക്കാൻ സാധ്യതയില്ലാത്ത ഒരു ശീലം കൂടി നയനേച്ചി പഠിച്ചിരിക്കുന്നു.

അതെന്താ… മോളെ..

സാരല്യ.. വല്യമ്മേ.. ഞാൻ ശരിയാക്കിയെടുക്കാം… വല്യമ്മയെന്നെ ഒരിക്കലും വെറുക്കരുത്.. എന്നും വേണമെനിക്ക് ഈ സ്നേഹം..

ഗീതയും അവളെ.. ചേർത്തു പിടിച്ചു

ഓരോന്ന് സംസാരിച്ച് സംസാരിച്ച് കൃഷ്ണയും ഗീതയും ഉറങ്ങി.

പുലർച്ചെ രാമഭദ്രനും ഗീതയും പുറപ്പെട്ടു.. പോകാൻ സമയം കൃഷ്ണയോട്  രാമഭദ്രൻ പറഞ്ഞു.. ബാക്കി നാലുലക്ഷം രൂപ വല്യചൻ  ഇന്ന് തന്നെയിടും. ക്യാഷായി തന്നെയിടാം.. അതിനു വേണ്ടിയാ ഞാൻ രാവിലെ പുറപ്പെടുന്നത്.

വല്യച്ഛൻ സമാധാനായി പൊക്കൊ..?

എല്ലാരും ഓഫീസിൽ പോയ് കഴിഞ്ഞതും.. കൃഷ്ണ തന്റെ വസ്ത്രങ്ങളെല്ലാം ബാഗിലാക്കി. തന്റെതായിട്ടുള്ള എല്ലാം പാക്ക് ചെയ്തു.. മറ്റൊരു മുറിയിൽ സൂക്ഷിച്ചു വച്ചു. കൃഷ്ണ വിഗ്രഹവും അച്ഛമ്മയുടെ സമ്മാനപെട്ടിയും ഒരു ബാഗിൽ വച്ചു.

സ്റ്റോർ റൂമിൽ നിന്നും ഫോൺ  പുറത്തെടുത്ത് ഇരുമ്പകമ്പി കൊണ്ട് ഇടിച്ച് ഇടിച്ച് പൊട്ടിച്ചു.. എന്നിട്ട് കുറച്ച് മണ്ണെണ്ണ ഒഴിച്ചു. കത്തിച്ചാൽ പൊട്ടിതെറിക്കുമെന്ന് ഭയന്നു ചെറിയ ഒരു കുഴിയെടുത്ത് ഒരു കവറിൽ വെള്ളം നിറച്ച് അതിൽ തല്ലി പാെട്ടിച്ചതെല്ലാം വെറുക്കിയിട്ട് റബർ ബാൻഡിട്ട് കുഴിയിലിറക്കി മൂടി..

കുറച്ച് കഴിഞ്ഞ് അമൃതയ്ക്കും മകൾക്കുമുള്ള ഭക്ഷണവുമായ് . അവൾ അമൃതയുടെ വീട്ടിലെത്തി.

ആനന്ദേട്ടൻ വന്നാലെന്താ പരിപാടി..

രണ്ടീസം കഴിഞ്ഞ് ആശുപത്രിയിൽ പോയാൽ മതിയെന്നാ.. എന്റെ ചിന്ത.

അങ്ങനെ വേണ്ട.. ആവശ്യമില്ലാത്ത കാര്യങ്ങൾ വളർത്തി വലുതാക്കാൻ പാടില്ല… അത് മനസ്സിലായാലും ശരീരത്തിലായാലും. മുറിച്ച് മാറ്റണം. വളർന്ന് വലുതായാൽ പാടാ..

ആനന്ദേട്ടന് നിന്നെയൊന്ന് കാണാൻ വലിയ്യ തിടുക്കായി… അത്രയ്ക്കും നിന്നെ കുറിച്ച് മതിപ്പാണ്..

എനിക്കും കാണണംന്നുണ്ട്. സന്ധ്യാവുമല്ലോ വരാൻ.. ജനാല തുറക്കാൻ പറ്റില്ല ആ സമയം. പിന്നെ വിളിക്കാനും പറ്റില്ല.  നാളെ  രാവിലെ ഞാനും പോകും.. അച്ഛൻ വരണുണ്ട് മറ്റന്നാൾ..

സന്തോഷായല്ലോ? അപ്പോ.. ഞാൻ ഹോസ്പിറ്റലിൽ നിന്നും വരുമ്പോഴേക്കും നീയിങ്ങെത്തില്ലേ…

ഉം.. ന്ന് മൂളിയതും കൃഷ്ണയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊട്ടിയടർന്നു.

മോളെ … എന്ത് പറ്റി..

അവൾ അമൃതയെ ചുറ്റിപിടിച്ചു.

പ്രിയേച്ചി.. കരയണ്ട… ശാലു മോൾക്ക് സങ്കടാവും കേട്ടോ? ന്ന് പറഞ്ഞ് അവളും ചിണുങ്ങി..

എന്താന്ന് പറ…

ഒന്നൂല്യ. എനിക്ക് ആശുപത്രിയിൽ വരാൻ പറ്റില്ലല്ലോ?,

അതൊന്നും സാരല്യ. വിഷമിക്കണ്ട.. നീ..

ഞാൻ പോണു.. കൃഷ്ണ കരഞ്ഞ് കൊണ്ട് ഓടിപ്പോയ്..

4.30 ന് രാമഭദ്രൻ കൃഷ്ണയെ വിളിച്ചു. മോളെ കാഷ് അക്കൗണ്ടിലിട്ടിട്ടുണ്ടേ..

ഇത്രപെട്ടന്നോ?

രണ്ട് മൂന്ന് വേണ്ടപെട്ടവരുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിൽ നിന്നുമൊക്ക ട്രാൻസ്ഫർ ചെയ്തു.. മോള് നോക്ക്..

ശരി.. വല്യച്ഛാ..

ഇന്നലെയിട്ട ചെക്ക് ഇന്നലെ വൈകുന്നേരം കളക്ഷനാകുമെന്നാ പറഞ്ഞത്. ആർ.റ്റി. ജി. എസ്. ചെയ്തതാ കിട്ടിയില്ലേ…

കിട്ടി.. വല്യച്ഛാ … നാളെ .. കണക്കു വിവരങ്ങൾ ഞാൻ വിളിച്ച് പറയാം.. കേട്ടാ?

രാത്രിയിൽ കൃഷ്ണ തലേ ദിവസം കിടന്ന മുറിയിൽ തന്നെ.. കിടന്നു..

ക്യാമറ  ഓണാക്കിയങ്ങനെയിരുന്നു.

മുറിയിൽ ആരുമില്ലായിരുന്നു. ബാത് റൂമിൽ നിന്നും മുഖം തുടച്ച് നയന യെത്തി.

ബെഡിൽ കിടന്ന മൊബൈലെടുത്ത് കുത്തികുറിച്ചു.. ഉടൻ റിങ് വന്നു..

കൃഷ്ണയില്ലേ.. മുറിയിൽ

…..

ഓ.. പറയും പോലെ വ്രതമാണല്ലോ?

…..

നാളെ വരെ പറ്റില്ല.. ഇന്നവളറിയില്ലല്ലോ നീയിങ്ങാട്ട് .. വാ..

….

വരണം.. എത്ര വൈകിയാലും നീ.. വന്നേ.. ഞാനുറങ്ങൂ….

കൃഷ്ണയ്ക്ക് സങ്കടം അടക്കാനാകുമായിരുന്നില്ല.. കുറെയേറെ സമയത്തെ വേദനകൾക്കൊടുവിൽ മനസ്സിനെ ബലപ്പെടുത്തി രാകേഷ് മുറിയിൽ പോകുന്നതും കാത്തിരുന്നു.

രാകേഷ് മുറിയിലെത്തി റൂം ലോക്ക് ചെയ്തതും കൃഷ്ണ മൊബൈൽ സ്വിച്ച് ഓഫാക്കി.. കൊണ്ടു പോകാനുള്ള സാധനങ്ങളുടെ കൂട്ടത്തിൽ ഒളിപ്പിച്ചു വെച്ചു..

ഏറെ കഴിഞ്ഞ്.. അവൾ മുകളിലെത്തി.

ഹാളിൽ നയനയുടെ മുറിയുടെ നേരെ സെറ്റിയിൽ ഇരുളിൽ രാകേഷ് പുറത്തിറങ്ങുന്നതും കാത്തവൾ ഉൽ തേങ്ങലോടെയിരുന്നു.

രാകേഷ് പുറത്തിറങ്ങുമ്പോൾ കരയാതിരിക്കാൻ കുഞ്ഞാറ്റ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും  അടുത്തടുത്ത് വരുന്ന  ഓരോ നിമിഷവും അവൾ തേങ്ങി പോയി.

തന്റെ സഹോദരിയെ നെഞ്ചോട് ചേർത്ത് സമാധാനിപ്പിക്കുകയും ഭാവിപരിപാടികൾ ചർച്ച ചെയ്യുകയും സ്വന്തം ഭാര്യയെ എങ്ങനെ പറ്റിക്കാമെന്നുള്ള ഉപദേശങ്ങൾ കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നത് തന്റെ കഴുത്തിൽ  താലി കെട്ടിയ പുരുഷനാണെന്നുള്ളത് കൃഷ്ണയെ ഇത്തിരിയൊന്നുമല്ല സങ്കടപ്പടുത്തി കൊണ്ടിരിന്നത്.

കുറച്ച് സമയം കഴിഞ്ഞാൽ ഒന്നുമറിയാത്തത് പോലെ  പുറത്തിറങ്ങുന്നത് തന്റെ  ജീവിതാവസാനം വരെ എനിക്ക്  തുണയാകേണ്ടവനാണ്.  രാകേഷിനൊപമുള്ള   ജീവിതം ഇവിടെ തീരുകയാണ്. ഏതാനും നിമിഷങ്ങൾക്കോ മണിക്കൂറുകൾക്കോ ഉള്ളിൽ കൃഷ്ണ ഉപേക്ഷിക്കുകയാണ് ഈ താലി.  തന്റെ കഴുത്തിലെ താലിയിൽ അവൾ  മുറുകെയൊന്ന് പിടിച്ചു..

വിദ്യാഭ്യാസമില്ലാത്ത പെണ്ണിനെ കെട്ടാനാരും വരില്ലെന്ന് വീട്ടിലെല്ലാരും. കളിയാക്കിയപ്പോഴൊക്കെ.. മനസ്സിൽ അഹങ്കാരത്തോടെ  ഞാൻ പറഞ്ഞിരുന്നു. ആരും എന്നെ  കളിയാക്കണ്ട കേട്ടോ?  സി.എമ്മിന്റെ മകളെ കെട്ടാൻ ഒരു ഇഞ്ചിനീയർ ചെക്കൻ തന്നെ വരുംല്ലേ …. കിച്ചാ….എന്ന് മനസ്സുകൊണ്ട്   ഒരായിരം വട്ടം  കിച്ചായോട്  ചോദിച്ചിരുന്നു.

ഓർമ്മവെച്ചനാൾ മുതൽ  നെഞ്ചിലേറ്റിയ ആ രൂപം ഒരിക്കൽ പോലും  എതിര്  പറഞ്ഞിരുന്നില്ല.. അതെന്റെ നിറഞ്ഞ  സ്നേഹമായിരുന്നെന്നും ആർക്കും പറിച്ച് കളയാനാവില്ലന്നും  പറഞ്ഞുറപ്പിച്ച എന്റെ വിശ്വാസങ്ങളയൊണ് നയനേച്ചി കള്ള കഥ പറഞ്ഞ് തകർത്ത് കളഞ്ഞത്.

ഈ താലിക്ക് മുന്നിൽ വീണുടഞ്ഞത് എന്റെ ജീവിതമാണ്. ഇനിയുള്ള കാലം മുഴുവൻ എന്റെ മനസ്സിന് എരിഞ്ഞ് തീരാനുള്ള വിധിയൊരുക്കി തന്നവരോട്  എന്റെ നാവ് കൊണ്ട് നേരിട്ട് ചോദിക്കണം. അത് കഴിഞ്ഞ് പടിയിറങ്ങണം.

ഞാൻ പുഴയിൽ ചാടി ചത്ത് കളയുമെന്ന് പറഞ്ഞപോൾ ഒന്നു വന്ന് ചോദിക്കായിരുന്നില്ലേ കിച്ചാക്കെന്നോട് .. സത്യാണോടീന്ന് .. ടീ… നീയങ്ങനെ പറഞ്ഞോന്ന്…..

അങ്ങനെ ചോദിച്ചിരുന്നെങ്കിൽ. നയനേച്ചിയും വല്യച്ഛനും രണ്ടാമതൊരു കഥയുമായി എന്റരികിൽ വരുമായിരുന്നില്ലല്ലോ?

കിച്ച പുഴയിൽ ചാടുമെന്ന്  പറഞ്ഞപോൾ എന്നാൽ ഞാനും പുഴയിൽ ചാടുമെന്നല്ലേ അന്ന് ഞാനും   തീരുമാനിച്ചത്.

ഞാനൊരു പൊട്ടി പെണ്ണ്.. നയനേച്ചി  പറഞ്ഞത് മുഴുവൻ കണ്ണടച്ച് വിശ്വസിച്ചു പോയ്. കിച്ചായെ മരണത്തിലേക്ക് പറഞ്ഞ് വിടാൻ എനിക്ക് പറ്റുമായിരുന്നോ ?

എന്താ രാകേഷ്ട്ടാ..  എനിക്കുള്ള കുറവുകൾ..

ഒരു ഭർത്താവിനെയും കുടുംബത്തിനെയും ഹൃദയത്തോട്  ചേർത്ത് നിർത്തി സ്നേഹിക്കാൻ എന്റെ ഈ വിദ്യാഭ്യാസം പോരായിരുന്നെങ്കിൽ എന്തിനാ.. എന്തിനാ. രാകേഷേട്ടാ എന്നെ വിവാഹം കഴിച്ചത്. കിച്ചായെ മാത്രം മാറസ്സിൽ കൊണ്ട് നടന്നയെന്നെ മോഹ വാക്കുകൾ നൽകി  നിങ്ങളിലേക്ക് അടുപ്പിച്ചത് എന്തിനാ..എന്നോടുള്ള നിങ്ങളുടെ പെരുമാറ്റം വെറും അഭിനയമായിരുന്നെന്ന് എനിക്കി പോഴും തോന്നുന്നില്ലല്ലോ രാകേഷേട്ടാ..

കൃഷ്ണ വാ പൊത്തി കരഞ്ഞു.

അല്പ സമയം കഴിഞ്ഞ് അവൾ മനസ്സിനെ ധൈര്യ പ്പെടുത്തിയെടുക്കാൻ ശ്രമിച്ചു.

ഇല്ല … ഇനി… കരയില്ല ഞാൻ . ഞാവൽ പുഴ ഗ്രാമത്തിന്റെ തലയെടുപ്പുള സി.എമ്മിന്റെ മകളാ കൃഷ്ണപ്രിയ.  തോറ്റ് തരില്ല ഞാൻ. രണ്ടിന്റെയും കള്ളത്തരം പൊളിച്ചു കയ്യിൽ തരും.  കൃഷ്ണ മന്ദബുദ്ധിയല്ലെന്ന് രണ്ടിനും കാണിച്ച് തരും ഇന്ന് ഞാൻ. 

എവിടെയോ.. കാക്ക കരയുന്ന ശബ്ദം കേട്ടു.

കൃഷ്ണ മുഖം നന്നായി തുടച്ചു. കരഞ്ഞു തളർന്ന കൃഷ്ണയെ  അല്ലിവർ കാണേണ്ടത്.. തന്റേടത്തോടെയും ബുദ്ധിയോടെയും നിൽക്കുന്ന കൃഷ്ണയെ ആവണം..

കൃഷ്ണ മുഖം ഒന്നൂടെ അമർത്തി തുടച്ച്  ഒരങ്കത്തിന്നോണം മനസ്സിനെ തയ്യാറാക്കി കൊണ്ടിരുന്നു.

പുലരാറായ സമയം  രാകേഷ് മുറിക്ക് പുറത്തിറങ്ങി. ഹാളിലെ ലൈറ്റിട്ട രാകേഷ് ഞെട്ടികിടുങ്ങി. സെറ്റിയിൽ കണ്ണടച്ചിരിക്കുന്ന  കൃഷ്ണയെ കണ്ട് തീയിൽ ചവിട്ടിയത് പോലെ അല്പ സമയം നിന്നെങ്കിലും  മിന്നൽ വേഗത്തിൽ രാകേഷ് അകത്തേക്ക് കയറി വാതിലടക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും കൃഷ്ണയകത്ത് തള്ളി കയറി. കുഞ്ഞാറ്റയകത്ത് കയറിയത് കണ്ട് നയന കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു..

ജനാലക്കരികിലേക്ക് രാകേഷ് നീങ്ങിയതും കൃഷ്ണ വെറുതെ പറഞ്ഞു.

ജനാല തുറക്കാൻ  ശ്രമിക്കണ്ട..  അകത്ത് കയറിയ കള്ളനെ പിടിക്കാൻ പുറത്ത് ആളുണ്ട്.

അമൃതേച്ചിയുടെ കാമുകനെ പിടിച്ചെന്റെ കയ്യിൽ തരാമെന്ന് പറഞ്ഞിട്ട് … കാമുകനെ പിടിച്ചത് ഞാനണല്ലോ  രാകേഷേട്ടാ.. പക്ഷേ… അമൃതേച്ചിയുടേതല്ലന്ന് മാത്രം. ദേ.. ഈ വൃത്തികെട്ടവളുടെ…

രാകേഷ് മുഖം കുനിച്ച് നിന്നു..

കൃഷ്ണ പല്ലുത്തെരിച്ചു കൊണ്ട് ചോദിച്ചു.. നിങ്ങൾ ഇത്ര ചെറ്റയായിരുന്നോ? ഭാര്യമാരെ ഉറക്കി കിടത്തി അന്യസ്ത്രീകളുടെ കിടക്കറ തേടി പോകുന്ന ആണുങ്ങളെ കുറിച്ച് ഞാൻ കഥകളിലും ജീവിതത്തിലുമൊക്കെ കേട്ടിട്ടുണ്ട്.  പക്ഷേ.. … സ്വന്തം  ജ്യേഷ്ഠനെ ചതിക്കാൻ മാത്രം വൃത്തികെട്ട ജന്തുവായി മാറി പോയല്ലോ നിങ്ങൾ.?

ടീ… നീയെന്തറിഞ്ഞിട്ടാ.. സൂക്ഷിച്ച് സംസാരിക്കണം. എന്റെ കമ്പ്യൂട്ടറിന്റെ മദർബോർഡ് സർവ്വീസ് ചെയ്യാൻ  വന്നതാ അവൻ. നീ.. വെറുതെ സീനുണ്ടാക്കരുത്.. നയന രാകേഷിന്റെ രക്ഷയ്ക്കെത്തി.

നട്ടപാതിരയ്ക്ക് രണ്ട് മൂന്ന് മണിക്കൂറ് മുറിയടച്ച് സർവ്വീസ് ചെയ്യാൻ വേണ്ടി..നിന്റെ മദർബോർഡിന് ഇത്ര മാത്രം എന്ത് തകരാറാടി ഉള്ളത്.. കൃഷ്ണ കൈ വീശി നയനയുടെ ചെകിടത്ത് മാറി മാറിയടിച്ചു..

ഏയ്.. കൃഷ്ണാ.. പ്ളീസ് .. പ്ളീസ്. രാകേഷ് ശബ്ദം താഴ്ത്തി വിളിച്ച് കൊണ്ട് കൃഷ്ണയെ പിടിച്ച് മാറ്റാൻ വന്നു..

ദേ.. ഈ വൃത്തികെട്ട കൈ കൊണ്ടെന്നെ തൊട്ടു പോകരുത്..

നൈറ്റ് ഷിഫ്റ്റെന്ന് പറഞ്ഞ് പതിനഞ്ച് ദിവസം എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഇവളോടൊപ്പം കഴിഞ്ഞതിന് നിങ്ങളുടെ കമ്പനി തന്ന പ്രോമാഷനാണ്  ഈ വൃത്തികെട്ടവളുടെ വയറ്റിൽ വളരുന്നതെന്ന് ഈ നാട്ടുകാരോട് മൊത്തം ഞാൻ പറയും.

ശ്ശെ .. അച്ഛനും അമ്മയും കേൾക്കുമെന്ന് ഭയന്ന രാകേഷ്  തലയിൽ കൈവച്ച് മാറി നിന്നു.

നയന കൃഷ്ണയുടെ കാലിൽ വീണു.. കൃഷ്ണ പുറകോട്ട് മാറി നിന്നു..

എന്നോട് പൊറുക്ക് മോളെ . നയനേച്ചിക്ക് ഒരു തെറ്റ് പറ്റി പോയ്…

അതറിഞ്ഞ നിമിഷം ഞാൻ നയനേച്ചിയോട് പറഞ്ഞതാ.. രാജേഷേട്ടനോട് തുറന്ന് പറയാൻ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ രാജേഷേട്ടനല്ലെന്ന് .. പറയാൻ പറ്റോ.. പറ്റോന്ന്… കൃഷ്ണ അലറി..

മോളെ .. പതുക്കെ.. നീയെന്നെ തല്ലേ.. കൊല്ലേ.. ചെയ്തോ..

കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഒരു വൺവേ പ്രണയം പറഞ്ഞെന്നെ നിങ്ങൾ പറ്റിച്ചു.. എന്നിട്ട് എന്റെ സഹോദരിയുമൊത്ത് …

അവൻ പറഞ്ഞത് സത്യം തന്നെയാ… കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്ത്ക്കളായിരുന്നു.

എനിക്ക് കേൾക്കണ്ട നിന്റെ കള്ള കഥ..

അല്ല മോളെ .. കേട്ടിട്ട് നീ  തീരുമാനിക്കുന്ന പോലെ ഞാൻ അനുസരിക്കാം. പ്ളീസ് ..

ഒരിക്കൽ പോലും അവന്റെ പ്രണയം എന്നോട് പറഞ്ഞിരുന്നില്ല. പഠനം കഴിഞ്ഞിറങ്ങിയപ്പോഴും പറഞ്ഞില്ല.. പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.  ഇവന് ബാംഗ്ലൂർ ഒരു സോഫ്ട് വെയർ കമ്പനിയിൽ ജോലിയായി. പിന്നെ ഞങ്ങൾ കാണാറില്ലായിരുന്നു.  രാജേഷേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ പോലും അവനോ ഞാനോ അറിഞ്ഞിരുന്നില്ല. കല്യാണ പന്തലിൽ വെച്ചെന്നെ കണ്ടയിവൻ ആകെ തകർന്നു. നിന്നെ ഹരിയേട്ടനിൽ നിന്നകറ്റണമെന്ന ഉദ്ദേശം മാത്രമേ.. ഉണ്ടായിരുന്നുള്ളു.. പകരം രാകേഷിനെ കൊണ്ട് നിന്നെ കല്യാണം കഴിപിക്കാൻ ശ്രമിച്ചത് നല്ല ഉദ്ദേശത്തോടെയാണ്..നിന്റെ കല്യാണത്തിന്റന്ന് ഇങ്ങനൊക്കെ സംഭവിച്ചപ്പോൾ വിദേശത്ത് വരാൻ നിനക്ക് കഴിഞ്ഞില്ലല്ലോ.  അച്ഛനും അമ്മയും വന്നില്ല.  മടക്കയാത്രയിൽ രാകേഷിന്റെ പേഴ്സിൽ എന്റെ ഫോട്ടോ കണ്ട് .. ഞാൻ ചോദിച്ചു..

അവന്റെ പ്രണയം ഞാനറിഞ്ഞതുമുതൽ ഇവൻ കുടിച്ചു തുടങ്ങി. ഒരു ദിവസം ഇവൻ മദ്യപിച്ചെന്റെ മുറിയിൽ എത്തി.. മദ്യ ലഹരിയിൽ അവനെന്നെ …

അയാളല്ലേ… മദ്യലഹരിയിലായിരുന്നത്. നീ.. മദ്യപിച്ചിട്ടില്ലായിരുന്നല്ലോ? പെട്ടൊന്നൊരുത്തൻ വന്ന് കടന്ന് പിടിക്കുമ്പോൾ വഴങ്ങി കൊടുക്കുന്ന പെണ്ണുങ്ങൾക്ക് ഞാൻ വായിച്ചിട്ടുള്ള കഥകളിൽ പറയുന്ന ഒരു പേരുണ്ട്. കേൾക്കണോ ….നിനക്ക്..

ദയവ് ചെയ്ത് ശബദ്മുണ്ടാക്കല്ലേ.. കൃഷ്ണാ.. ഞാനെന്ത് വേണമെങ്കിലും ചെയ്യാം… പ്ളീസ് .. രാകേഷിനെ പിരിയാനാവില്ലെനിക്ക്.  എന്റെ ജീവിതത്തിൽ രാകേഷ് ഇല്ലാതെ ഒന്നുമില്ല. എന്റെ കുഞ്ഞിന് അതിന്റെ യഥാർത്ഥ അച്ഛനെ വേണം. എന്ത് വന്നാലും രാകേഷിനെ ഞാൻ നിനക്ക് വിട്ടു തരില്ല. നീ.. സഹകരിച്ചാൽ.. നിനക്ക് രാകേഷിന്റെ ഭാര്യയായി ഇവിടെ  ജീവിക്കാം. വേണമെങ്കിൽ  പതിനഞ്ച് ദിവസം കിച്ചായൊടൊപ്പവും  ജീവിക്കാം..

അടുത്തയടി നയനയുടെ ചെകിടത്ത് വീണു. വീണ്ടും വീണ്ടും  വൃത്തികേട് പറയുന്നോ? ആണുങ്ങളെ മാറി മാറി സ്വീകരിക്കുന്ന സംസ്കാരം നിന്റെ തന്തയുടെ കുടുംബത്തിലുണ്ടാവും.. വിപഞ്ചികയിലെ സി.എമ്മിന്റെ കുടുംബത്തിൽ ആ സംസ്കാരമില്ല.

ഇനിയെന്റെ ദേഹത്ത് തൊട്ടാൽ നീ.. വിവരം അറിയും.  നയന കൃഷ്ണയുടെ കയ്യിൽ പിടിത്തമിട്ടു.

കൃഷ്ണ പ്ലീസ്… രാകേഷ് കണ്ണീരോടെ കൈകൂപ്പി..

രാകേഷേന്തിനാ ഇവളോട് താഴുന്നത്.. അറിയട്ടെ എല്ലാരും. വിദ്യാഭ്യാസമില്ലാത്ത ഇവൾ പറയുന്നത് ആരും വിശ്വസിക്കില്ല.

നീ കൂടുതൽ പഠിച്ചത് വിദ്യാഭ്യാസം അല്ലെടീ.. വിദ്യ കാട്ടി അനിയത്തിയുടെ ഭർത്താവിനെ തട്ടിയെടുക്കാനുള്ള  ആഭാസം.

നിർത്തെടീ കുറെ നേരമായി എന്റെ മുറിയിൽ കയറി വന്ന് നാടകം കളിക്കുന്നു. രാജേഷിനൊപ്പം എന്തായാലും ഞാൻ കഴിയില്ലയിനി. രാകേഷിനൊപ്പം പടിയിറങ്ങാനിരിക്കുകയാണ്… എന്തെയാലും അതിനൊരവസരമുണ്ടാക്കി തന്നതിന് നന്ദി. ഞങ്ങൾക്കൊരു തെറ്റുപറ്റി. എന്ന് വച്ച്  അതിനെ വച്ച് നീ മുതലാക്കരുത്. ഇതൊരു ക്രിമിനൽ കുറ്റമൊന്നുമല്ല.കോടതി വിധിയുണ്ട്. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലന്ന്. വല്ലപോഴും പത്രം വായിക്കണം.

വല്ലപ്പോഴും മാത്രമല്ല ദിവസവും വായിക്കുന്നുണ്ട്…  മറ്റുള്ളവർ പറഞ്ഞും കേട്ടിട്ടുണ്ട്..നിന്നെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കാൻ പല നിയമങ്ങളും കോടതി കൊണ്ടുവന്നിരിക്കും.  എന്ന് വച്ച് സമൂഹം അത് കണ്ട് നിൽക്കില്ല. പച്ചക്ക് കത്തിക്കും.

നീ പറഞ്ഞ പാലെ ഈ കാണിച്ച കാര്യങ്ങളൊന്നും  ക്രിമിനൽ കുറ്റമല്ലെങ്കിൽ പിന്നെ എന്തിനാടീ.. ഒളിച്ചും പതുങ്ങിയും എന്റെ ഭർത്താവിനെ നിന്റെ മുറിയിൽ വരുത്തുന്നത്. അപ്പോൾ നിന്റെ മനസാക്ഷിക്കറിയാമല്ലേ നീ ചെയ്യുന്നത്  ക്രിമിനൽ കുറ്റത്തെക്കാൾ വലുതെന്ന് . പിന്നെ.. നിന്റെ നിയമത്തിൽ മറ്റൊന്ന് കൂടി പറയുന്നുണ്ട്. ഈ കാരണം  കാണിച്ച് ഞാൻ വിവാഹ മോചനത്തിന് കേസ് കൊടുത്താൽ ഇതൊരു ശിക്ഷാ നിയമമായി മാറും. ഇനി ഞാനാത്മഹത്യ ചെയ്താലോ.. പ്രേരണാകുറ്റത്തിന് നിയകത്താകും… വിദ്യാഭ്യാസമുണ്ടായിട്ട് കാര്യമില്ല. കാര്യങ്ങൾ ഗ്രഹിക്കാനുള്ള പവർ വേണം തലച്ചോറിന്.  അതീ.. കൃഷ്ണയ്ക്ക് നല്ലോണമുണ്ട്. അത് കൊണ്ടാ. ക്ഷമയോടെ ഞാൻ കാത്തിരുന്നത്. ഒരവസരം കൂടി ഞാൻ തന്നത്.

രാകേഷ് നോക്കി നിൽക്കാതെ ഇവളെ വായ പൂട്ടി കെട്ട്.  തീരെ അനുസരിച്ചില്ലെങ്കിൽ കൊന്ന് വല്ല റെയിൽവേ ട്രാക്കിലും വയ്ക്കാം..

അത് വേണ്ട പച്ചയ്ക്ക് കത്തിക്കാം.

കൃഷ്ണയെയല്ല നിന്നെ..

ശബ്ദം കേട്ട് മൂന്ന് പേരും തിരിഞ്ഞ് നോക്കി.

ഹരികുമാറും ശ്രീദേവിയും വാതിൽക്കൽ എത്തി കഴിഞ്ഞു.

അച്ഛാ.. കൃഷ്ണ പെട്ടന്ന് തളർന്നു പോയി.. ശ്രീദേവിയെവളെ ചേർത്ത് പിടിച്ച് പൊട്ടികരഞ്ഞു..

ഹരികുമാർ മോനെ തലങ്ങും വിലങ്ങും തല്ലി. എങ്ങനെ തോന്നിയെടാ..നിനക്ക് ഈ പാവം കുട്ടിയെ ചതിക്കാൻ…

രാകേഷ് ഒന്നും പറയാതെ പൊട്ടി കരഞ്ഞു.

ടീ.. ഇന്നിറങ്ങിക്കോളണം ഇവിടുന്ന് . ഒരു മോനെ ചതിച്ച് മറ്റൊരു മോനെ സ്വന്തമാക്കാമെന്ന് നീ.. കരുതണ്ട.. വയറ്റിൽ  ഒരു  കുട്ടി കിടക്കുന്നു. അല്ലെങ്കിൽ ചവിട്ടി പുറത്താക്കുമായിരുന്നു. മോളെ വല്യച്ഛനെ വിളിക്ക്.. എന്നിട്ട്

ഈ പന്ന …. യെ  വന്ന് കൊണ്ട് പോകാൻ പറ . ഹരികുമാർ പുറത്തേക്കിറങ്ങി ശ്രീ…വാ.

ശ്രീദേവി.. മകന്റെ മുന്നിൽ വന്നിട്ട് പറഞ്ഞു. എനിക്ക് നിന്നെ കാണണ്ടടാ.. എന്നാലും  എന്റെ പാവം മോനെയും ഈ മോളെയും ചതിച്ച് കളഞ്ഞല്ലോടാ. നീയ്യ്..

ബ്ലഡ് കാെടുക്കാനെന്നും പറഞ്ഞ്  ഇവളെ തനിച്ചാക്കി പോകുന്നത് ചേട്ടത്തിക്ക് ഗർഭം ഉണ്ടാക്കാനായിരുന്നോടാ പന്ന ….?

ശ്രീദേവി പല്ലു കടിച്ച് നിർത്തി. പിന്നെ ഇങ്ങനെ പറഞ്ഞു. ശ്രീദേവിക്കിനി  ഒരു മകനേയുള്ളൂ…ന്റെ രാജേഷ് മാത്രം.. കൃഷ്ണമോൾ പൊറുത്താലും    നിന്നോട് ഞാൻ പാെറുക്കില്ല ഈ ജന്മം. ശ്രീദേവിയും ഹാളിലേക്കിറങ്ങി.

എല്ലാരെയും അറിയിച്ചപ്പോൾ തൃപ്തിയായില്ലേടീ…നിനക്ക്?

നീ.. നോക്കിക്കോടി..നിന്റെ ഹരിയേട്ടനും നിന്റെ പ്രിയപെട്ട അച്ഛനും  നിന്റെ നഗ്ന ചിത്രങ്ങൾ ഞാൻ അയച്ച് കൊടുക്കും. പിന്നെയത് ഓരോരുത്തരുടെയും കൈകളിൽ നിന്ന് മാറി.. മാറി നീയൊരു ലോകപ്രശസ്തയാകും.  അതോടെ നിന്റെ തന്ത ക്ലോസ്.

കൃഷ്ണയൊന്ന് പതറിയെങ്കിലും അവൾ ഓർത്തു. കാമറയിൽ ഒന്നും ഇല്ലെന്ന്  തന്നെ ഉറച്ച് വിശ്വസിച്ചു.

എന്റെ വൃത്തികെട്ട നയനേച്ചീ.. ഈ പൂക്കൾക്കിടയിൽ നീയൊളിപ്പിച്ച ക്യാമറ ഞാനങ്ങ് വായിലിട്ടരച്ച് വിഴുങ്ങി..പിന്നെ.. മൊബൈൽ അത് കക്കൂസിന് കളിക്കാൻ കൊടുത്തു..

കണ്ടില്ലേ. വിദ്യാഭ്യാസമുള്ള കാമുകിയുടെ ബുദ്ധിയും നിലവാരവും.

എന്റെ അച്ഛനൊന്ന് സുഖപ്പെട്ട് വരുന്നതേയുള്ളൂ.. അതിനുള്ളിൽ എന്തെങ്കിലും തരികിട ഒപ്പിച്ചാൽ… പുറത്തിറങ്ങാൻ പറ്റാതാകുന്നത് നിങ്ങൾ രണ്ടാൾക്കുമാണെന്ന്.. ഈ എഞ്ചിനീയർ കഴുതയ്ക്ക് പറഞ്ഞ് കൊടുക്ക്..

പിന്നെ.. ഒരു കാര്യം.. അമൃതേച്ചി തെറ്റുകാരിയല്ലെന്ന് ആനന്ദേട്ടനോട് നിങ്ങൾ പറയണം. ഇല്ലെങ്കിൽ നിങ്ങളുടെ ദൃശ്യങ്ങൾ ആവും ലോകം ചുറ്റുന്നത്. വിദ്യ ആഭാസത്തെ കുടുക്കാൻ ചെറിയൊരു വിദ്യ അഭ്യാസം.. കൃഷ്ണ കളിയാക്കി ചിരിച്ചുകൊണ്ട് ക്യാമറ കയ്യിലെടുത്തു.

ഇക്കുറി ഞെട്ടിയത് നയന മാത്രമല്ല. രാകേഷുമായിരുന്നു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

4.2/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply