Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 38, 39

  • by
njanum ente kunjattayum aksharathalukal novel by benzy

പിന്നെ.. ഒരു കാര്യം.. അമൃതേച്ചി തെറ്റുകാരിയല്ലെന്ന് ആനന്ദേട്ടനോട് നിങ്ങൾ പറയണം. ഇല്ലെങ്കിൽ നിങ്ങളുടെ ദൃശ്യങ്ങൾ ആവും ലോകം ചുറ്റുന്നത്. വിദ്യ ആഭാസത്തെ കുടുക്കാൻ ചെറിയൊരു വിദ്യ അഭ്യാസം.. കൃഷ്ണ കളിയാക്കി ചിരിച്ചുകൊണ്ട് ക്യാമറ കയ്യിലെടുത്തു.

ഇക്കുറി ഞെട്ടിയത് നയന മാത്രമല്ല. രാകേഷുമായിരുന്നു.

ഏയ്… കൃഷ്ണാ.. അതിങ്ങ് താ.. നയന അവളുടെ അരികിലേക്ക് നീങ്ങി..

ഇത് തന്നിട്ടും പ്രയോജനമില്ല.കാരണം ഇതിന് പകർത്താനേ അറിയൂ.. സംരക്ഷിക്കാനറിയില്ല..  ആ കാമറ ഉയർത്തി കാണിച്ചിട്ട് പറഞ്ഞു.

രാകേഷ് ..  അവളിൽ  നിന്നും ആ ഫോൺ  വാങ്ങിക്ക്. എന്നിട്ടത് നശിപ്പിക്ക്. നീ … റൂമിൽ വേഗം പോയത് എടുക്  രാകേഷ് … പ്ളീസ് ..

ഒന്നും മിണ്ടാതെ നിന്ന രാകേഷിനോട് നയന വീണ്ടും ചോദിച്ചു.

നീയെന്താ ഒന്നും മിണ്ടാത്തത് … ഇവളെ.. ഒന്നു വഴക്ക് പോലും പറയാത്തതന്തൊ..

ഞാൻ .. ഞാനെന്തിനാ  വഴക്ക് പറയണ്ടേത്. തെറ്റ് ചെയ്തത് ഞാനാ..അവളല്ല. ഇതുവരെയും അരുതാത്തതാണെന്ന് മനസ്സിനെ ബോധ്യപ്പടുത്താൻ ശ്രമിക്കാഞ്ഞിട്ടല്ല. കഴിയാഞ്ഞിട്ടാണ്.. അതിന്റെ ശിക്ഷ ഞാനനുഭവിച്ചേ… മതിയാകൂ.

മൂന്ന് കൊല്ലം   നെഞ്ചിലേറ്റിയ പെണ്ണിനെ മറ്റൊരാൾ..  സ്വന്തമാക്കിയപ്പോൾ അതും സ്വന്തം ചേട്ടൻ …. തകർന്ന് പോയ എന്റെ മനസ്സിനെ ശരിയാക്കിയെടുക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല.  എന്റെ  മനസ്സിൽ ഞാൻ കാത്തു വച്ച  പെണ്ണ് മറ്റാരൊളുടെതായി മാറിയെന്നു മാത്രമല്ല എന്റെ വീട്ടിൽ എന്റെ മുന്നിൽ എല്ലാ ദിവസവും എപ്പോഴും കാണേണ്ടിവന്നപോൾ ഞാനനുഭവിച്ച നീറ്റൽ എന്തെന്ന് അത്  എനിക്കേ… അറിയൂ… എനിക്ക്  മാത്രം.

എൻറ അനിയത്തിയെ നീ.. കല്യാണം കഴിക്ക് രാകേഷ് ..അവളെനിക്കൊരു കൂട്ടാകുമല്ലോ? അവളെ നീ.. കണ്ടതല്ലേ.. പ്ളീസ് എന്ന് നിരന്തരം നിന്റെ നയനേച്ചി പിന്നാലെ വന്ന്  പറഞ്ഞപോൾ  വഴങ്ങി കൊടുത്തത്. അതേയിഷ്ടം മറക്കാൻ പറ്റാത്തത് കൊണ്ട് തന്നെയായിരുന്നു. മദ്യലഹരിയിൽ  ജ്യേഷ്ഠന്റെ ഭാര്യയെ സ്വന്തമാക്കാനല്ല ഞാൻ അന്ന് ഈ മുറിയിലെത്തിയത്.  എങ്കിലും  അത് സംഭവിച്ചു പോയി.

ചെയ്ത  തെറ്റ് തിരുത്താൻ കഴിയാത്ത വിധം ഒരു കുഞ്ഞിന്റെ ജീവനായി അത് വളർന്ന് കഴിഞ്ഞിരിക്കുന്നു. അതിനെ ഹൃദയത്തിൽ നിന്നും നിന്റെ ചേച്ചിയുടെ ശരീരത്തിൽ നിന്നുംഅടർത്തിമാറ്റാനാവില്ലെനിക്ക് .ചെയ്ത തെറ്റിനെ ന്യായികരിക്കുന്നതല്ല. പറ്റിപോയി.. വലിയ തെറ്റ് ന്ന് അറിയാം. മാപ്പ് ചോദിക്കാനർഹതയില്ലെന്നുമറിയാം എങ്കിലും.. പറയാണ്. മാപ്പ്…

രണ്ട് കയ്യും കൃഷ്ണയ്ക്ക് നേരെ ..രാകേഷ് കൂട്ടിപിടിച്ചു അങ്ങന നിന്നു.  ആനന്ദേട്ടനോടോ ഏട്ടനോടോ? ഈ ലോകത്തോടൊ..എവിടെ വേണമെങ്കിലും വിളിച്ച് പറയാം ഞാൻ  ചെയ്ത  തെറ്റ്‌. ആര് തരുന്ന ശിക്ഷയും ഏറ്റുവാങ്ങാം.

പ്രിയാ…നീ…. പറയ്.  ഇതിന്റെ പേരിൽ  ഞാൻ എന്ത് ശിക്ഷയാ സ്വീകരിക്കേണ്ടത്. അതിന് മാത്രമേ ഇനി എന്നെക്കൊണ്ട് പറ്റൂ. മരണശിക്ഷയേക്കാൾ കൂടിയതൊന്നുമില്ലല്ലോ? പറയ് എന്തായാലും പറഞ്ഞോ?  മരിക്കണമെങ്കിൽ അതും ചെയ്യാം. പകരം.. നയനയെ വെറുതെ വിട്ടു കൂടെ.. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയോർത്തെങ്കിലും നീയെടുത്ത   വീഡിയോസ് എല്ലാം നശിപ്പിച്ചുടെ …..

രാകേഷേട്ടൻ  എന്നെപ്പറ്റി എന്താ വിചാരിച്ചത്. എനിക്ക് വേണ്ടി ജീവിക്കുകയും വേണ്ട മരിക്കുകയും ഒന്നും  വേണ്ട.. പിന്നെ രാകേഷേട്ടൻ  മരിക്കുമെന്ന് പറഞ്ഞത്

എന്തർത്ഥത്തിലാണ് .  കുറ്റബോധം കൊണ്ടോ ? അതോ  പിടിക്കപ്പെട്ടത് കൊണ്ടോ ?

രാജേഷ് ഒന്നും പറഞ്ഞില്ല അവൻ കരഞ്ഞുകൊണ്ടേയിരുന്നു

ഒരു  പുരുഷനായിരുന്നിട്ട് കൂടി  നിങ്ങളെ ഈ വീഡിയോസ്  ഇത്ര ഭയപ്പെടുത്തുന്നുവെങ്കിൽ നിങ്ങളുടെയൊക്കെ ഭാഷയിൽ വിദ്യാഭ്യാസമില്ലാത്ത ഈ പൊട്ടി പെണ്ണ്.. കാര്യമായ്  ഒന്നും ചെയ്യാൻ അറിയാത്ത ഈ ഞാൻ എന്ത് മാത്രം ഭയപ്പെട്ടിരിക്കുമെന്നും കണ്ണീരൊഴുക്കിയെന്നും  ഒരു നിമിഷമെങ്കിലും ചിന്തിച്ച് നോക്കിയിരുന്നോ?

നിങ്ങൾ  രണ്ട് പേരും  ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതം അല്ലേ..തകർത്തത്. ഞാനെന്ത് തെറ്റാ.. നിങ്ങളോട് രണ്ട് പേരോടും ചെയ്തത്. നമ്മുടെ കിടപ്പുമുറിയിൽ നുഴഞ്ഞുകയറി പൂക്കൾക്കിടയിൽ   ക്യാമറ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് ഇവൾ വന്ന് നിങ്ങളോട്  പറഞ്ഞപ്പോൾ രാകേഷേട്ടന് ഒരു വിഷമവും തോന്നിയില്ലേ .. ക്യാമറ ദൃശ്യങ്ങൾ കാട്ടി  എന്നെ സമൂഹത്തിന് മുന്നിൽ മോശമായ് കാണിക്കുമെന്നും അതുവഴി കിച്ചായുടെ പ്രോജക്ട് കൈക്കലാകുമെന്നും  പറഞ്ഞപ്പോഴൊക്കെ.. സന്തോഷിക്കയയായിരുന്നല്ലോ? നിങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ നൂറിരട്ടി വേദനയായിരുന്നു എനിക്ക് ആ ക്യാമറയെ  കുറിച്ച്.. ദൈവം തെറ്റ് ചെയ്യാത്തവരുടെ കൂടെയാണ്.  അത് കൊണ്ടാണ് ഈ കാര്യങ്ങൾ കണ്ട് പിടിക്കാനും ചെയ്തു തീർക്കാനും എനിക്ക് കഴിഞ്ഞത്.  ഞാനറിയിക്കാതിരുന്നിട്ട് കൂടി അച്ഛനും അമ്മയും ഇവിടെ ഓടിയെത്തിയത്. ഇത്രയും ചെയ്തില്ലെങ്കിൽ ഞാൻ എന്നും നിങ്ങളുടെ മുന്നിൽ  ഒരു പൊട്ടി പെണ്ണായി കണ്ണീരൊഴുക്കി ഈ അടുക്കള പുറത്തും അകത്തും കഴിയേണ്ടി വരുമായിരുന്നു. 

എന്റെ അക്കൗണ്ടിൽ നിന്നും കാശ് എടുത്ത് വല്ല്യച്ഛന് കൊടുത്തു നിങ്ങൾ… പലപ്പോഴായി.. എന്റെ ആഭരണങ്ങൾ ഇവൾ കൈക്കലാക്കി.

അതെല്ലാം. ഞാൻ  തിരികെ തരാം. നീ… ആ.. വീഡിയോസ് താ… നയന കേണു പറഞ്ഞു.

വേണമെന്നില്ല. പണത്തിനോടാർത്തി മൂത്ത് ചാടിയിറങ്ങിയ നിന്റെ അച്ഛൻ എന്റെ അക്കൗണ്ടിൽ ഇട്ട  പത്ത് ലക്ഷം രൂപയുണ്ടല്ലോ?  തത്ക്കാലമത്  മതി. വീട്ടിൽ ചെന്ന് എന്റെ ആഭരണങ്ങൾക്കുള്ള വിലയും മാളേച്ചിയുടെ വളയ്ക്കുള്ള വിലയും എത്രയാന്ന്  നിശ്ചയിച്ച് ബാക്കിയുണ്ടെങ്കിൽ നിന്റെ അച്ഛന്റെ  അക്കൗണ്ടിൽ തിരികെ ഇട്ടു തരാം. ബാക്കി  ഇങ്ങട്ടോണെങ്കിൽ നിയെടുത്തോ?

ടീ… നീ.. യെന്റെ അച്ഛനെ പറ്റിച്ചു അല്ലേ…നിന്നെ. ഞാൻ..

മുന്നോട്ട് വന്ന നയനയെ ഇടത് കൈ നീട്ടി വച്ച് രാകേഷ് തടുത്തു.

നീയെന്നോട് ചെയ്തതോ?  അച്ഛനോട് ചെയ്തതോ..? അത്രയൊന്നും ഞാൻ ചെയ്തിലല്ലോ?

രാകേഷിനെയെന്തായാലും ഞാൻ നിനക്ക് വിട്ടുതരില്ല. 

വിട്ടു തരണ്ട.  പിടിച്ച് വച്ചോ.  ആർക്കും വിട്ടുകൊടുക്കയുമരുത്.. അത് പോലെ നിങ്ങളും പിടിച്ച് വച്ചോ.. ഇവളെ .. ചാടി പോകാതെ..

ഭർത്താവുപേക്ഷിച്ച് വീട്ടിലെത്തുന്ന നിന്നെ കാണുമ്പോൾ തന്നെ നിന്റെ തന്തയെ പരലോകത്ത് എടുക്കുമെടീ….

നിന്നെ തല്ലി വീണ്ടും വീണ്ടും കൈ  നാറ്റിക്കണ്ടന്ന് കരുതിയതാ.. ഇനിയാ നാവിൽ നിന്നും അരുതാത്തതെന്തെങ്കിലും ശബ്ദിച്ചാൽ നാവ് ഞാൻ.. പിഴുതെടുക്കും. വീഡിയോസ് … പോസ്റ്റ് ചെയ്ത് നാറ്റിക്കേം ചെയ്യും കേട്ടല്ലോ?

ഹരിയേട്ടൻ കെട്ടുമെന്നുള്ള

മോഹവുമായാണങ്ങോട്ടേക്ക് പോകുന്നതെങ്കിൽ കേട്ടോ? നിരജേട്ടന്റെ പെങ്ങളെ ഹരിയേട്ടൻ  കെട്ടിയാലേ ….നിന്റെ മാള്യേച്ചിയുടെ കല്യാണം നടക്കു..നിന്റെ നാട്ടിലെ ശ്രീനി കിഴവനറിയില്ല … നീരജട്ടേന്റെ അച്ഛന് എന്റെ അച്ഛൻ പറഞ്ഞ് കൊടുത്ത ബുദ്ധിയാണെന്ന് ..

നിന്റെ വയറ്റിൽ വളരുന്നത്… അതും  നിന്റ അച്ഛന്റെ ബുദ്ധിയാണോ?

ന്റെ കിച്ച.. ആരെ വേണമെങ്കിലും കെട്ടിക്കോട്ടെ .  എനിക്കത് വിഷയമല്ല. വേറൊരാളെ വിളിച്ച് കേറ്റാൻ ഭർത്താവു മുറിവിട്ടു പോകുന്നതും നോക്കിയിരിക്കുന്ന നിനക്കങ്ങനെ ചിന്തിക്കാനേ .. … കഴിയൂ…

എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്.  എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി നിങ്ങളുടെ മുഖത്ത് പൊട്ടിച്ച് എറിയാനാണ് ആദ്യം വിചാരിച്ചത്.

പക്ഷേ! ആർത്തി  മൂത്ത ഈ പണ്ഡാരം എടുത്ത് വിഴുങ്ങി കളയുമെന്നെനിക്കറിയാം. അത് കൊണ്ട് ഇത് ഞാനഴിച്ച് അമ്മയെ ഏൽപ്പിക്കും.

എന്റെ അച്ഛൻ ആരോഗ്യസ്ഥിതി എത്രത്തോളം വീണ്ടെടുത്തുവെന്നെനിക്കറിയില്ല. ഒരു പക്ഷേ! അച്ഛനെന്റെ അവസ്ഥ താങ്ങാനായില്ലങ്കിലോ.. അത് വരെ എന്റെ വീട്ടുകാരെ അറിയിക്കരുത്. എന്റെ അനുവാദമില്ലാതെ നിങ്ങളായിട്ട് അത് എന്റെ അച്ഛനെ അറിയിച്ചാൽ …. അത് വരെ മാത്രമേ വീഡിയോ സുരക്ഷിതമായിരിക്കുള്ളൂ..

ഇനി..നിന്നോട്..നിനക്കിങ്ങനെയൊരനിയത്തിയുമില്ല. എനിക്കിങ്ങനെയൊരു ചേച്ചിയുമില്ല. എല്ലാം ഇവിടെ അവസാനിക്കുകയാണ്.

കൃഷ്ണ വേഗത്തിൽ പടിയിറങ്ങി താഴെയെത്തി.

കരഞ്ഞു തളർന്ന അച്ഛനെയും അമ്മയെയും കണ്ടപോൾ കൃഷ്ണ അവരുടെ അരികിലെത്തി..

ശ്രീദേവി.. കൃഷ്ണയെ ചേർത്തുപിടിച്ചു. കരഞ്ഞു..

സാരല്യമ്മേ.. ആരെയും ഒന്നുമറിയിക്കാതെ പോകാമെന്നാ ഞാൻ വിചാരിച്ചത്..

പോകേ …. എങ്ങോട്ട് ? ശ്രീദേവി അവളുടെ മുഖമുയർത്തി ചോദിച്ചു.

എനിക്കിനിയെന്ത് സ്ഥാനമാ അമ്മേ.. ഇവിടെ..

നീ .. ഞങ്ങളുടെ മോളാ… പടിയിറങ്ങേണ്ടത് അവളാ..നിന്റെ ചേച്ചി..

അതൊക്കെ.. അമ്മേടേം അച്ഛന്റെ ഇഷ്ടം പോലെ ചെയ്തോ..? പക്ഷേ.. ഞാൻ ഇനിയിവിടെ രാകേഷട്ടേന്റെ ആരുമല്ല. എനിക്ക് പറ്റില്ലമ്മേ.. അവൾപെട്ടന്ന് തന്നെ താലിമാലയഴിച്ച് ശ്രീദേവിയുടെ കയ്യിൽ വെച്ചു കൊടുത്തു.

നീ…യെന്തായീ… കാട്ടിയത്..

മുതിർന്നവർ ചേർന്നൊരു തീരുമാനമെടുക്കാം മോളെ നമുക്ക് .

നീയൊന്ന് ക്ഷമിച്ചാൽ  രണ്ട് ജീവിതങ്ങൾ നശിക്കാതിരിക്കും. നിന്റെയും… എന്റെ രാജേഷ് മോന്റെയും.. പുറലോകം അറിഞ്ഞാൽ പിന്നെ തലയുയർത്തി നടക്കാൻ പറ്റില്ല മോളെ. അവളന്യയല്ലല്ലോ?

അന്യർ ചെയ്യുന്ന തെറ്റ് സ്വന്തം വീട്ടിൽ നടന്നാൽ തെറ്റല്ലാതാകുമോ.. അമ്മേ…

എന്ന് ഞാൻ പറഞ്ഞില്ല മോളെ … അപ്പുറത്തെ അമൃതയെ ഉദ്ദേശിച്ചാണ് നീയത് പറയുന്നതെന്നറിയാം. എന്തായാലും സംഭവിച്ചു പോയ്.. .. നീ.. കൊച്ചു കുട്ടിയാ..നമ്മൾ പെണ്ണുങ്ങൾ വേണം എല്ലാം ക്ഷമിക്കാൻ.  ആണുങ്ങൾ എല്ലാം  ഇങ്ങനെയൊക്കെയാ മോളെ..

ഇവിടുത്തെ അച്ഛൻ അങ്ങനെയായിരുന്നോ.. അമ്മേ..

കൃഷ്ണാ.. നീയെന്താ പറഞ്ഞത് ശ്രീദേവിയുടെ ശബ്ദം  ഉച്ചത്തിൽ

ആയി..

ഹരികുമാർ ചാടിയെഴുന്നേറ്റു..

എന്റെ മോള് പറഞ്ഞതിലെന്താടി തെറ്റ്?

നിന്നെ ഉറക്കി കിടത്തിയിട്ട് നിന്റെ അനിയത്തിയുടെയോ ചേച്ചിയുടെയോ.. മുറിയിൽ കയറി പോകുന്നതോ  ഇറങ്ങി വരുന്നതോ എപ്പോഴെങ്കിലും കണ്ടോ? കണ്ടോന്ന്..

ഹരികുമാർ പല്ല് ഞെരിച്ച് കൊണ്ട്.

വീണ്ടും പറഞ്ഞു.

കൃഷ്ണ മോൾ അങ്ങനെ  ചോദിച്ചപ്പോൾ തന്നെ നിനക്ക് നൊന്തു. അപ്പോൾ ന്റെ മോള് എന്ത് മാത്രം നൊന്തിട്ടുണ്ടാവുമെന്ന് നീയൊന്ന് ചിന്തിക്ക്.

പോട്ടെ! അച്ഛാ.. ന്നോടുള്ള സ്നേഹം കൊണ്ട് അമ്മ പറഞ്ഞു പോയതാ.

അമ്മേ.. ഇത് തിരുത്താൻ പറ്റാത്ത തെറ്റാ. രാകേഷ്ട്ടേന്റെ കുഞ്ഞാമ്മേ നയനേ.. പൂർത്തിയാക്കാനാകാതെ കൃഷ്ണയും കരഞ്ഞ് പോയ്..

അത് കേട്ട് ഹരികുമാറും ശ്രീദേവിയും ശരിക്കും.. ഞെട്ടി..

ഹരികുമാർ ഫോണെടുത്ത് രാമഭദ്രനെ വിളിച്ചു.. രണ്ട്  മണിക്കൂറിനുള്ളിൽ ഇവിടെയെത്തി മോളെ കൂട്ടി കൊണ്ട് പോണം.  ഇല്ലെങ്കിൽ നടുറോഡിൽ പോസ്റ്റിൽ കെട്ടിവച്ച് പച്ചക്ക് കത്തിക്കും ഞാൻ

രാമഭദ്രൻ മറുപടി പറയുന്നതിന് മുൻപേ.. ഹരികുമാർ ഫോൺ കട്ട് ചെയ്തു..

കൃഷ്ണയെല്ലാ വിവരങ്ങളും അവരോട് കണ്ണീരോടെ പങ്ക് വച്ചു.

അമ്മേ.. വല്യച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പണത്തിൽ ഒന്നരലക്ഷം രൂപ അമ്മയ്ക്കുള്ളതാ.

എനിക്കുള്ളതോ..

അതേമ്മേ… എന്റെ അക്കൗണ്ടിൽ നിന്നും രാകേഷേട്ടൻ കാശ് എടുത്തത്.. വല്യച്ഛന് കൊടുക്കാനായിരുന്നു. അതു കൂടി ചേർത്താണ് ഞാൻ വാങ്ങിയത്.

അരമണിക്കൂറിനുള്ളിൽ അവൾ കൂളിച്ച് പോകാൻ റെഡിയായ് വന്നു..

അച്ഛാ.. എനിക്ക് ചിരിക്കണംന്ന് തോന്നുമ്പോൾ ഞാനങ്ങ് ചിരിക്കും.. കരയണംന്ന് തോന്നുമ്പോൾ ഞാനങ്ങ് കരയും… അരെയെങ്കിലും വഴക്ക് പറയണമെന്ന് തോന്നിയാൽ കണ്ണും പൂട്ടിയങ്ങ് പറയും. പെട്ടന്നിണങ്ങേം ചെയ്യും.. പിണങ്ങേം ചെയ്യും. അതാണ് ശീലം.  എന്തെങ്കിലും ഉള്ളിലൊളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ ന്റെ കിച്ചായോട് ഉള്ള ഒരു പ്രത്യേക ഇഷ്ടായിരുന്നു.. തുറന്ന് പറയാൻ സമയം വന്നപ്പോഴോ.. നയനേച്ചിയുടെ ചതികുഴിയിൽ വീണുംപോയ്.

എങ്കിലും കല്യാണ ശേഷം ഞാൻ അതെല്ലാം മനപ്പൂർവ്വം മറക്കുകയായിരുന്നു. രാകേഷേട്ടനോട്  ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. രാകേഷേട്ടന്റെ നല്ല ഭാര്യയായിരിക്കാൻ ഞാനെപ്പോഴും  ശ്രദ്ധിച്ചിരുന്നു.. അങ്ങനെ ആഗ്രഹിച്ചും പോയ്..  സ്നേഹിച്ചും പോയ്.  ഇപ്പോൾ വെറുക്കാനാ  തോന്നുന്നത്.  പക്ഷേ, ഒരിക്കലും ശപിക്കില്ലമ്മേ.. കാരണം ഈ അമ്മയെയും അച്ഛനെയും ഞാൻ ഒരു പാട് സ്നേഹിച്ച് പോയ്..   ഒരു പക്ഷേ! ഇത് പോലെ നല്ലൊരമ്മയെയും അച്ഛനെയും കാണിച്ചു തരാനായിരിക്കും ഭഗവാൻ ഇങ്ങനൊക്കെ കളിച്ചത്. അറിഞ്ഞോ. അറിയാതെയോ.. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിച്ചേക്കണേ…

ശ്രീദേവി. അവളെ ഇറുകെ പുണർന്നു..

കരയല്ലേ.. മോളെ .. നിന്റെ ഈ നിഷകളങ്കതയാണ് നിന്നെ കൂടുതൽ സുന്ദരിയാക്കുന്നത്.. നിന്റെ പെരുമാറ്റവും ഈ സ്നേഹവുമാണ് നിന്നെ സമ്പന്നയായാക്കുന്നതും.ഇത് രണ്ടും നഷ്ടപെടാതെ സൂക്ഷിക്കണം..

അച്ഛാ രണ്ടാളും എന്നെ കാണാൻ വരണേയച്ഛാ വീട്ടിൽ.  ഞാനായിട്ട് ആരോടും പറയില്ല. എന്റെ അച്ഛന് ഇനിയൊരു ഷോക്കുണ്ടാകാൻ പാടില്ല. അച്ഛനെന്നോട് വാക്ക് പറഞ്ഞതാ. കുറച്ച് ദിവസം വന്ന് നില്ക്കാമെന്ന്. മറക്കല്ലേ…

ഹരികുമാറിന് തങ്ങളുടെ മുന്നിൽ നിന്ന് കലപില സംസാരിക്കുന്ന കുഞ്ഞാറ്റകിളിയുടെ സങ്കടം കാണാനാകാതെ അകത്തേക്ക് പോയി..

അമ്മേ.. യെന്നോട് ദേഷ്യമൊന്നും തോന്നല്ലേ.. എനിക്ക് അമൃതേച്ചിയെ ഒന്നു കാണണം.. ഇവിടുത്തെ വിശേഷം ഒന്നും പറയില്ല ഞാൻ.   വലിയൊരു സർജറിയാമ്മേ… പൊയ്ക്കട്ടെ!

ഉം.. ശ്രീദേവി മൂളി..

ശ്രീദവിയുടെ കവിളത്ത് അമർത്തിയൊരുമ്മ കൊടുത്ത് അവൾ പടിയിറങ്ങി..

അമ്മേ.. യെന്നോട് ദേഷ്യമൊന്നും തോന്നല്ലേ.. എനിക്ക് അമൃതേച്ചിയെ ഒന്നു കാണണം.. ഇവിടുത്തെ വിശേഷം ഒന്നും പറയില്ല ഞാൻ.   വലിയൊരു സർജറിയാമ്മേ… പൊയ്ക്കട്ടെ!

ഉം.. ശ്രീദേവി മൂളി..

ശ്രീദവിയുടെ കവിളത്ത് അമർത്തിയൊരുമ്മ കൊടുത്ത് അവൾ പടിയിറങ്ങി.

നേരെ അമൃതയുടെ വീട്ടിലേക്ക്.

ഗേറ്റ് കടന്ന് ചെന്ന് കൃഷ്ണ കാളിങ് ബെല്ലിൽ വിരലമർത്തി. ആനന്ദേട്ടനെ നേരിൽ കാണാൻ പോവുകയാണ്. കൃഷ്ണ ബാഗ് രണ്ടും നിലത്ത് വച്ച് ഷോൾഡർ ബാഗ്   അമർത്തി പിടിച്ച് ഒന്നൂടെ ബെൽ അമർത്തി. അനക്കമില്ലല്ലോ?.. ഇനി ആശുപത്രിയിൽ പോയ് കാണുമോ? എന്ന്  ചിന്തിച്ച് അടുപ്പിച്ച് അടുപ്പിച്ച്  സ്വിച്ച് അമർത്തി.  ശബ്ദം നിർത്താതെ  മുഴങ്ങി കേട്ടു.

ആരോ..നടന്ന് വരുന്ന ശബ്ദം കേട്ട് കൃഷ്ണ ശ്വാസം അടക്കി നിന്നു..

ഉം .. ആരാ… എന്താ.. വേണ്ടത്… പിന്നിൽ നിന്ന്  ശബ്ദം കേട്ട് കൃഷ്ണ തിരിഞ്ഞ് നോക്കി. കരിനീല ടീഷർട്ടും ഒരു ത്രീ ഫോർത്തുമിട്ട്   ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരൻ  ഒറ്റനോട്ടത്തിൽ തന്നെ കൃഷ്ണയ്ക്ക് ആളെ മനസ്സിലായി.. ആനന്ദേട്ടൻ

ഉടൻ അകത്തൂന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട്  കൃഷ്ണ അകത്തേക് നോക്കി. കുളി കഴിഞ്ഞ് ടവൽ മുടിയിൽ  കെട്ടി വച്ച് അമൃതേച്ചി മുന്നിൽ..

അമൃതേച്ചീന്ന് വിളിക്കുന്നതിന് മുന്നേ.. ആനന്ദിന്റെ ശബ്ദം വീണ്ടും കേട്ടു. ചോദിച്ചത് കേട്ടില്ലേ.. ആരാണന്ന്  … സോപ്പും പൗഡറും  ഷാമ്പുവുമൊക്കെ മാർക്കറ്റ് ചെയ്യാനിറങ്ങിയതാണെങ്കിൽ ഇവിടെ അതൊക്കെ.. ധാരാളം ഉണ്ട്.. ഇതൊരു ഗൾഫ്കാരന്റെ വീടാ..

കൃഷ്ണയുടൻ പറഞ്ഞു..

യ്യോ.. സോറി സർ… ഗൾഫ്കാരന്റെ വീടാണെന്നെനിക്കറിയില്ലായിരുന്നു.

പിന്നെ ഈ .. സ്ഥലമത്ര നല്ലതല്ല കേട്ടോ? ഒരു ഗർഭിണിയും കുഞ്ഞും തനിച്ച് താമസിക്കുന്ന വീടാ.  ഇവിടെ കിടന്ന് കറങ്ങി ഇവിടുത്തെ ചേച്ചിക്ക് ചീത്ത പേരുണ്ടാക്കി കൊടുക്കാതെ വേഗം  സ്ഥലം വിട്ടോ സാറേ…

ആനന്ദ് ചമ്മിയ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഡി.പി. കണ്ട് മനസ്സിലാക്കി കളഞ്ഞു.. ഇല്ലേ..?

ഊം.. അമൃതേച്ചി ആൽബത്തിലും കാണിച്ചു തന്നു.

ഞാൻ തന്റെ അമൃതേച്ചിയുട ചീത്ത പേര് മാറ്റാൻ വന്നതാണ് കേട്ടോ?

കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു.

എങ്കിൽ അമൃതേച്ചി.. വിളിച്ചകത്ത് കേറ്റിക്കോ? നാട്ടുകാര് കാണട്ടെ! ഭാര്യക് നേരേ അനാവശ്യം പറഞ്ഞാൽ ചോദിക്കാനു പറയാനും ചങ്കുറപ്പുള്ള ഒരാണ് എപ്പോഴും കൂടെയുണ്ടെന്ന്..

അകത്തേക്ക് കയറാൻ  ആനന്ദിന് കൃഷ്ണ സൈഡ്ഒതുങ്ങി കൊടുത്തു.

ചങ്കുറപ്പുണ്ടോ സാറേ…?

ഉണ്ടാക്കി തന്നില്ലേ. പിനെന്താ.. ആനന്ദ് വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.

ആനന്ദേട്ടൻ ഇന്നലെ എപ്പഴാ.. വന്നത്.

ആറരയായി.. വന്നയുടൻ ഈ അനിയത്തി കുട്ടിയെ വന്ന് കാണണമെന്ന് ഞാൻ  പറഞ്ഞതാ… ഇവൾ സമ്മതിച്ചില്ല.. നേരം പുലരട്ടെയെന്ന് പറഞ്ഞു.

ഇതെന്താ.. നീ.. കേറാതെ.. അമൃത ചോദിച്ചു.

സമയമില്ല ചേച്ചീ.. ഇപ്പോ പോയാൽ ഇരുട്ടും മുൻപ് വീടെത്താം. അകത്ത് കയറാൻ മടിച്ച് കൃഷ്ണ പറഞ്ഞു.

അതൊന്നും സാരല്യ..

ചേട്ടാ.. ഈ ബാഗ് എടുത്ത് അകത്ത് വയ്ക്ക്.. അമൃത ആനന്ദിനോട് പറഞ്ഞു.

യ്യോ.. വേണ്ട ഞാനെടുക്കാം..

കൃഷ്ണയെടുക്കുന്നതിന് മുൻപു ആനന്ദ് ബാഗ് രണ്ടും എടുത്ത് അകത്ത്  വച്ചു..

ഇതെന്താ.. നല്ല വെയ്റ്റുണ്ടല്ലോ?

അച്ഛൻ വരുന്നുണ്ട് നാളെ .. മൂന്നു മാസമായി ഞാൻ  കണ്ടിട്ട്. തിരികെ വരാൻ കുറെ.. വൈകും. അത് കൊണ്ട് കൂടുതൽ വസ്ത്രങ്ങൾ എടുത്തു.

കുഞ്ഞാറ്റ ….നല്ല പേരാണ് കേട്ടോ?. അമൃത പറഞ്ഞു അങ്ങനെ വിളിക്കാൻ ആർക്കും അവകാശമില്ലെന്ന്. അത് കൊണ്ട് പ്രിയ കുട്ടീന്ന് വിളിക്കാൻ ഉത്തരവിട്ടിരിക്കുകയാ.. ഇവിടുത്തെ കൊച്ചു കാന്താരി…

കൃഷ്ണ ചിരിച്ച് കൊണ്ട് ചോദിച്ചു..

ഓഹോ.. എന്നിട്ട് എവിടെ എന്റെ കിലുക്കാംപെട്ടി… കണ്ടില്ലല്ലോ?

ഇന്നലെ അച്ഛനെ കണ്ടപ്പോൾ  അമ്മയെ വേണ്ടവൾക്ക്. അച്ഛനും മോളും കളിപ്പാട്ടങ്ങളുമായ് നേരം വെളുപ്പിച്ചു… ഉറങ്ങിയിട്ടില്ല. ഇപ്പോ.. ഉറക്കമാ.. അമൃത പറഞ്ഞു.

കൃഷ്ണനോക്കി.. മുറിനിറയെ കളിപ്പാട്ടങ്ങൾ.

രാവിലെ അനന്ദേട്ടൻ അവിടെ വന്നിരുന്നു.

ങാ..ഹാ.. എന്നിട്ട് ..

എന്നീട്ടെന്താ.. കുറെ ബെല്ലടിച്ചു.. ആരും വന്നില്ല. ഞാനിങ്ങ് പോന്നു.

ആനന്ദേട്ടന്റെ വന്നപ്പോൾ അച്ഛനും അമ്മയും ഉണർന്നത് കൊണ്ടാവും മുകളിലെ ശബ്ദം കേട്ട് വന്നത്.

നീയെന്താ ആലോചിക്കുന്നത്.

ഊം..ഹും.. കൃഷ്ണ ബാഗ് തുറന്നു ക്യാമറയെടുത്ത് അമൃതയുടെ കയ്യിൽ കൊടുത്തു..

ഇതെന്താ.. വേണ്ടേ..

ഞാൻ വെറുതെ … യൊന്ന് കാണാൻ.. വാങ്ങിയതാ.

എപ്പഴാ.. ആശുപത്രിയിൽ പോകുന്നത്.

ആനന്ദേട്ടൻ പറയുന്നു. പ്രൈവറ്റ് ഹോസ്പിറ്റൽ മതിയെന്ന്..

എവിടെയാ..

ഡ്രീംസ് ഹോസ്പിറ്റൽ .. അവിടെ ആനന്ദേട്ടന്റെ ചെറിയമ്മയുണ്ട്. അവരാണ് സർജറി ചെയ്യുന്നതും. അതാകുമ്പോൾ വയറ്റിൽ കിടക്കുന്നത് വെറും മാംസ കട്ടിയാണെന്ന് തെളിയുമ്പോൾ കുടുംബക്കാരുടെ തെറ്റിദ്ധാരണയൊക്കെ  മാറാൻ എളുപ്മാകുമെന്നാ  പറയുന്നത്.  ഇല്ലെങ്കിൽ ആനന്ദേട്ടൻ എനിക്ക് വേണ്ടി വയറ്റിലുണ്ടായ  കുഞ്ഞിനെ അബോർട്ട് ചെയ്തൂന്ന് പറഞ്ഞായിരിക്കും പരിഹാസവും അപമാനിക്കലുമെന്ന്. എല്ലാരെയും ഇങ്ങനെ ബോധ്യപ്പെടുത്തണമെന്ന് ആനന്ദേട്ടന് വലിയ നിർബ്ബന്ധം.

അത് മതി.. ഇല്ലെങ്കിൽ ആരും വിശ്വസിക്കില്ലന്ന് മാത്രമല്ല.. ആനന്ദേട്ടനെ പെൺകോന്തനെന്നും വിളിക്കും. നമ്മുടെ ആനന്ദേട്ടന് ആ പേര് വേണ്ട.

എന്നെ വിശ്വാസമുണ്ടെങ്കിൽ ശാലു മോളെ എനിക്കൊപ്പം വിട്ടോ? സർജറി സമയത്ത് ആനന്ദേട്ടൻ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോൾ മോള് തനിച്ചാവും. ഞാൻ നോക്കിക്കോളാം.. അവിടെയവൾക്കിഷ്ടാവും.. തുമ്പിയും ചിത്രശലഭങ്ങളും പഞ്ചാരതത്തയും എന്നു വേണ്ട..  എന്തും  ഏതും അവൾക്ക് കൗതുകമായിരിക്കും.

ഇപ്പോൾ ഞങ്ങളെക്കാൾ വിശ്വാസമാ നിന്നെ ഞങ്ങൾക്ക്. എന്നാലും ഓപ്പറേഷന് പോകുമ്പോൾ അവളും ആനന്ദേട്ടനും എന്റെ അടുത്തുണ്ടാവണം. അതാ ഞാൻ ആഗ്രഹിക്കുന്നത്.

റൂം കിട്ടും അവിടെ. ഒരു വീട് പോലെ ഹാളും കിച്ചനും വരെ. അതാകുമ്പോൾ ആനന്ദേട്ടനും മോൾക്കും കൂടി എനിക്കൊപ്പം നിൽക്കാമല്ലോ.  റെന്റ് അല്പം കൂടുതലാ. എന്നാലും സാരമില്ലാന്ന് ആനന്ദേട്ടൻ തന്നെ പറഞ്ഞു.  മറ്റന്നാള് വൈകിട്ട് അഡ്മിറ്റാണ്. അടുത്ത ദിവസം ഓപ്റേഷൻ..

ആനന്ദേട്ടാ.. ഞാൻ  സ്നേഹത്തോടെയാ മൂനാളെയും വീട്ടിലേക്ക് വിളിക്കുന്നത്. ഓപറേഷൻ കഴിഞ്ഞാൽ നല്ലോണ്ണം റസ്‌റ്റ് വേണ്ടതല്ലേ…ഞാവൽ പുഴയ്ക്ക് വരാമോ.. ഞങ്ങൾ നോക്കാം അമൃതേച്ചിയെ.. പൊന്നുപോലെ

ആനന്ദിന്റെ കണ്ണൂ നിറഞ്ഞ് പോയ്. അയാൾ പറഞ്ഞു. ചെറിയമ്മ പറഞ്ഞ് കാര്യങ്ങൾ അറിഞ്ഞാൽ രണ്ടമ്മമാരും ഓടി വരും. പിന്നെ അവരിവളെ പൊന്ന് പോലെ നോക്കുമെന്ന് ഒരു വിശ്വാസം. റസ്റ്റൊക്കെ കഴിഞ്ഞ് ഞങ്ങൾ വരും. എന്താ. അത് പോരെ..അന്ന് ഈ സ്നേഹത്തിനു പകരം ഞങ്ങളെന്ത് തരണമെന്ന് പറഞ്ഞാൽ.. മതി.

ഏതോ.. ഒരു നാട്ടിലെ ഒരു കുട്ടി.. മറുനാട്ടിലിരുന്ന എന്നെ വിളിച്ച് .. ആരുമല്ലാത്ത ഒരാൾക്ക് വേണ്ടി യാചിക്കുക … ഒരു സമൂഹം മുഴുവൻ കുറ്റം ചുമത്തി ഒറ്റപ്പെടുത്തിയ ഒരു പെൺകുട്ടിയെയും കുഞ്ഞിനെയും  നെഞ്ചോട് ചേർത്ത് നിർത്തി ആശ്വസിപ്പിക്കുക..  ഭർത്താവിന്റെ വീട്ടുകാരെതിർത്തിട്ടും ഒരു പരിചയവുമില്ലാത്ത വഴികളിലൂടെ  മെഡിക്കൽ കോളേജിലെത്തിക്കുക. ചികിത്സിക്കുക. അവരുടെ  പട്ടിണി മാറ്റുക. ഒളിച്ചും പതുങ്ങിയും സാന്ത്യനിപ്പിക്കുക..

എത്ര പറഞ്ഞാലും എന്ത് ചെയ്താലും തീരില്ല ഈ കടപ്പാടും സ്നേഹവും..

നിനക്കെങ്ങനെ ഇതൊക്കെ ചെയ്യണമെന്നു തോന്നുന്നത്.

കൃഷ്ണ ചിരിച്ചു. പിന്നെ… പറഞ്ഞു. എല്ലാർക്കും പറ്റുമനന്തേട്ടാ… മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ഒരു നിമിഷം ചിന്തിച്ചാൽ ….. ആർക്കും തോന്നും ഒരു കൈ നീട്ടാൻ.

അത് പോട്ടെ! ഇവിടെ എങ്ങനാ.. അമ്യതേച്ചിയുടെ ചീത്ത പേര് മാറ്റുന്നത്..

ഇന്ന് നീ.. പോകരുത്.. ഇവിടെ ഞാൻ ഒരു പാർട്ടി അറേഞ്ച് ചെയ്യുന്നു.. ഒരു ഡിന്നർ പാർട്ടി. ചുറ്റിലുമുള്ള എല്ലാരോടും പറയുന്നുണ്ട് അത് പറയാനാ ഞാൻ രാവിലെ അവിടെ വന്നത്.

അത് നല്ലതാ എന്നാലും

അതു മാത്രം  പോര അനന്തേട്ടാ.. സർജറി കഴിഞ്ഞ് പുറത്തെടുക്കുന്ന മാംസ കഷണം ഒരു കുഞ്ഞല്ലെന്നും.. ആറ് കിലോയോളം വലിപ് മുണ്ടെന്നും.വാസ്തവമെന്തന്നറിയാതെ..ഇതിന്റെ പേരിൽ  സമൂഹവും  ബന്ധുക്കളും ഒറ്റകെട്ടായി നിന്ന് അവഗണിച്ചുവെന്നും അബലയായ ഒരു സ്ത്രീയെയും കുഞ്ഞിനെയും മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെട്ടുത്തിയെന്നും ഒക്കെ.. യുള്ള കാര്യങ്ങൾ.. മോളുടെ പഠനം മുടങ്ങിയതുൾപെടെ പത്രത്തിലും ടി.വി.യിലുമൊക്കെ വാർത്തവരണം.

നീ.. ഞാൻ വിചാരിച്ചതിനും മേലെയാണല്ലോ? അതൊക്കെ വേണോ?

വേണം ….. വേണം.. വേണം.. സർജറി കഴിഞ്ഞ് വരുമ്പോൾ ഈ റസിഡന്റ്സ്കാർ ഒരുമിച്ച് നിന്ന് എന്റെ അമൃതേച്ചിയെ സ്വീകരിക്കണം. മനസ്സുകൊണ്ടെങ്കിലും മാപ് പറയണം. മറ്റാരോടും ഇവർ ആവർത്തിക്കാതിരിക്കണം..

ശരി..ശരി.. ഏറ്റു…

അമൃതയും ആനന്ദും ചിരിച്ചു..

മുന്നിൽ ഞാനും കൂടെ വേണമായിരുന്നു… ങാ.. സാരല്യ

അതെന്താ..നീ തന്നെ. വേണം മുന്നിൽ നിൽക്കാൻ

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു.

ഞാൻ പറഞ്ഞില്ലേ.. അച്ഛനെ കണ്ടാൽ പിന്നെ ഞാനിങ്ങോട്ട് വരുമെന്ന് തന്നെ സംശയമാ..അത്രയ്ക്കിഷ്ടാ.

ചേച്ചി.. മോളെ ഉണർത്ത്, ഞാനൊന്ന് കണ്ടിട്ട് പോട്ടെ!

ശാലുവിനെ ആനന്ദ് തന്നെ യുണർത്തി കൊണ്ട് വന്നു.. കയ്യിൽ ഒരു വലിയ പായ്ക്കറ്റും.

ശാലു  പ്രിയേച്ചിയെന്ന് വിളിച്ചു കൃഷ്ണയെ കെട്ടിപിടിച്ചു. കയ്യിലിരുന്ന പായ്ക്കറ്റ് ആനന്ദ് കൃഷ്ണയ്ക്ക്  നേരെ നീട്ടി.

എന്താത് ..?

വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി.. കുറച്ച് സ്വീറ്റ്സാ .. അമൃത പറഞ്ഞു..

ബാഗ് .. ഫുള്ളാ.. നിങ്ങൾ വീട്ടിൽ വരുമ്പോൾ കൊണ്ടു വന്നാൽ മതി… കൃഷ്ണയൊഴിഞ്ഞ് മാറി..

വീട്ടിൽ വരുമ്പോൾ വേറെ.. തരാം.. പോരെ.. ആനന്ദ് ചിരിച്ച് കൊണ്ട് പറഞ്ഞു..

എന്നാൽ പിന്നെ.. ഈ ഒരു ബാഗ് നിങ്ങൾ വരുമ്പോൾ കൊണ്ട് വന്നാൽ മതി. ആനന്ദേട്ടനെയെനിക്ക് തീരെ വിശ്വാസമില്ല. ഇതിവിടിരുന്നാൽ  അങ്ങനെങ്കിലും നിങ്ങൾ വരുമല്ലോ? കൃഷ്ണ ബാഗ് അവിടെ വച്ച് യാത്ര പറഞ്ഞിറങ്ങി..

പ്രിയമോളെ. പിന്നെയും സംശയം ബാക്കിയാണല്ലോ?

കൃഷ്ണ തിരിഞ്ഞ് നിന്നു ചോദിച്ചു.

ഇനിയെന്ത് സംശയം.

മതില് ചാടുന്ന ആൾ ആരായിരിക്കും… ആരെ കാണാനാവും ചാടുന്നത്..

കൃഷ്ണയുടെ കണ്ണുകൾ നനഞ്ഞു.

അത് ഗന്ധർവ്വനാ.. ഇനി ചാടില്ല. ഉറപ്പ്.. അങ്ങനെ പറഞ്ഞ്  കൃഷ്ണ വേഗത്തിൽ പുറത്തേക്കിറങ്ങി..

തിരിയുമ്പോൾ അച്ഛൻ ഗേറ്റ് പടിക്കൽ നില്പുണ്ട്.

അവൾ അടുത്തേക്ക് നടന്നു.

നീയിറങ്ങുന്നത് നോക്കി നിൽക്കയായിരുന്നു. രാമഭദ്രൻ  വരുന്നുണ്ട്.  ഫ്ലൈറ്റിലായത് കൊണ്ട് 11.30 – ന്. എത്തും.

നിന്റെ കയ്യിലെ കാശ് വാങ്ങി വയ്ക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കുമെന്ന്. മോള് വാ.. നാളെ പോകാം. ഈ സമയത്ത് പോലീസ് സ്റ്റേഷനിലൊക്കെ കയറിയാൽ ശരിയാകില്ല.. സി.എമ്മിന്റെ ആരോഗ്യം നോക്കണ്ടേ… ഇല്ലെങ്കിൽ അയാൾ അങ്ങു വരും..

ഉം……എങ്കിൽ ഗോവിന്ദാമ്മാടെ കയ്യിലെ ചൂടറിയും..

അച്ഛൻ വിഷമിക്കണ്ട..ഞാൻ വരാം. പക്ഷേ! എത്ര ഇരുട്ടിയാലും വേണ്ടില്ല. എനിക്കിന്ന് തന്നെ പോണം. അച്ഛൻ വരുമ്പോൾ ഞാനവിടെ വേണം..

മോള് അവിടെത്തുമ്പോൾ ഒറ്റയ്ക്കായി പോകില്ലേ.. ഹരി അച്ഛനെ കൊണ്ട് വരാൻ പോയിട്ടുണ്ടാകുമല്ലോ? പിന്നെങ്ങനാ …

സന്ധ്യയായാൽ ഹാജിക്കാന്റെ ബേക്കറിയിൽ ഇരിക്കാം. അവിടെയിരുന്നാൽ വയൽ പക്ഷികൾ മീൻ പിടിക്കാൻ പറന്നിറങ്ങുന്നത് കാണാൻ നല്ല ചന്താ ച്‌ഛാ…  കടയടക്കുമ്പോൾ അമീനാത്തയും ഹാജിക്കയും .. കൂടി വീട്ടിലാക്കി തരും. പെൺമക്കളില്ലച്ഛാ.. അവർക്ക് ….. എന്നെ വല്യ കാര്യാ.. കിച്ചായെ കാണുമ്പോൾ പറയും..

ന്റെ പൈങ്കിളിയെ സൂക്ഷിച്ച് കൊണ്ട് പോണേ.. ഹരിമോനെ…ന്ന്

ആമിനുമ്മാ… പൈങ്കിളിയല്ല.. കുഞ്ഞാറ്റയായെന്ന് ഹരിയേട്ടൻ പറയുമ്പോൾ എന്നെ ചേർത്ത് നിർത്തി പറയും..അത് നിനക്കാ… കുഞ്ഞാറ്റ..

ഞങ്ങൾക്കിത്  പൈങ്കിളിയാന്ന്.

ഹരികുമാർ കൃഷ്ണയെ അത്ഭുതത്തോടെ നോക്കി..ഇങ്ങനൊരു സംഭവം നടന്നാൽ തലതല്ലി കരയേണ്ടവളാ.. ശ്രീദേവി കരഞ്ഞ് വീണിടത്ത് ന്ന് എഴുന്നേറ്റിട്ട് പോലുമില്ല. ന്നിട്ടും..

എന്താ ച്ഛാ… ആലോചിക്കുന്നത്.

ഈ കുഞ്ഞാറ്റ പൈങ്കിളി പറഞ്ഞത് അച്ഛൻ ഓർക്കയായിരുന്നു.. ചിരിക്കണംന്ന് തോന്നുമ്പോൾ ……. ചിരിക്കേം …

ഓ….വേണ്ട.. പറഞ്ഞെന്നെ കരയിക്കണ്ട. അച്ഛൻ വാ തത്ക്കാലം അച്ഛനതൊന്നുമോർക്കണ്ട. കൃഷ്ണ ഹരികുമാറിന്റെ കൈപിടിച്ച് അകത്തേക്ക് കയറി..

അച്ഛാ.. വല്യച്ഛനെന്നെ തല്ലോ?

തൊട്ടാൽ കൈവെട്ടും ഞാൻ..

ഹരികുമാർ പറഞ്ഞു.

എന്റെ മൊബൈൽ പിടിച്ച് പറിക്കാൻ ചാൻസുണ്ട് വല്യച്ഛനും രാകേഷേട്ടനും.

അച്ഛൻ നോക്കിക്കോളാം..

രാകേഷിന്റെ വീട്ടിൽ വൈകിട്ടത്തെ പാർട്ടിക്ക് ക്ഷണിക്കാൻ വന്നതായിരുന്നു ആനന്ദ് .

കൃഷ്ണയുടെ മുന്നിൽ വച്ച് രാകേഷ് ആനന്ദിനോട് മാപ്പ് പറഞ്ഞു..

കുറ്റവാളികളെപോലെ ഹരികുമാറും ശ്രീദേവിയും തലകുനിച്ചിരുന്നു..

ആന്ദ് കൃഷ്ണയെ ദയനീയമായ് നോക്കി.. കൃഷ്ണ കർട്ടനു പിറകിലേക്ക് ചാഞ്ഞു.

ആനന്ദിന് വല്ലാത്ത വേദന തോന്നി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്തയാണ് കേട്ടത്. തന്റെ ജീവിതം തിരികെ തന്ന   ആ കുരുന്നു പെണ്ണിന്റെ ജീവിതം തകർന്നിരിക്കുന്നു. എന്നിട്ടും വേദന പുറത്ത് കാട്ടാതെ ….. ഭർത്താവിന്റെ കുടുംബത്തെ അപമാനിക്കാതെ……

എല്ലാം  ഉള്ളിലൊതുക്കി കർട്ടനു പിറകിൽ എനിക്ക്  മുഖം തരാതെ നിൽക്കുന്ന പ്രിയകുട്ടിയുടെ ഉള്ളിലെ തേങ്ങൽ തന്റെ ഹൃദയത്തിൽ വന്നടിക്കുന്നത് എത്ര ഉച്ഛത്തിലാണെന്നറിഞ്ഞ ആനന്ദ് സെറ്റിയിലേക്ക് തളർന്നിരുന്നു.

ആ സമയത്താണ്  രാമഭദ്രൻ ടാക്സിയിൽ വന്നിറങ്ങിയത്. കൃഷ്ണയുടെ ധൈര്യമെല്ലാം ചോർന്നു പോയി… വിറയാർന്ന കൈകളോടെ അവൾ ഒരു വീഡിയോ രാമഭദ്രന്റെ മൊബൈലിൽ സെൻഡ് ചെയ്തു. എന്നിട്ട്  ഫോൺ ഓഫാക്കി.. ബാഗിന്റെ ഉള്ളിലാക്കി.. ലോക്കിട്ടു..

വന്നപാടേ.. അയാൾ ചോദിച്ചു. എവിടെയെന്റെ മോൾ.. ജീവനോടെയുണ്ടോ.. ആവശ്യം കഴിഞ്ഞ് പച്ചയ്ക്ക് കത്തിച്ചോ?

ചോദിച്ച് കൊണ്ട് അയാൾ രാകേഷിന്റെ മുഖത്ത് ആഞ്ഞടിക്കാൻ കെയ്യുയർത്തി..

ഹരികുമാർ ആ കൈയ്യിൽ പിടിത്തമിട്ടു. ന്റെ മോനുള്ളത് ഞാൻ കൊടുത്തു.. നീയാദ്യം നിന്റെ മോളെ ശിക്ഷിക്ക്.. അത് കഴിഞ്ഞ് മതി ബാക്കി പ്രകടനം.

പ്രകടനോ? ഹരികുമാർ സൂക്ഷിച്ച് സംസാരിക്കണം.

എന്ത് സൂക്ഷിക്കാൻ . ഞാനും എന്റെ ഭാര്യയും കാര്യങ്ങൾ അറിഞ്ഞത് ഇന്ന് രാവിലെയാ.. പക്ഷേ നിങ്ങൾ അറിഞ്ഞിട്ട് മിനിഞ്ഞാനിവിടെ വന്ന് ഇവന്റെ തോളിൽ കയ്യിട്ട് .. നടന്നിട്ട്  ഞങ്ങളോട് നടിക്കുന്നോ? നിന്റെ മകൾക്ക് ഞാൻ രണ്ട് കൊടുക്കാത്തത് മനപൂർവ്വമാ. ഞാനിന്ന് വരെ വഴി പിഴച്ച് നടന്നിട്ടില്ല.. പക്ഷേ.. കൈവച്ചാൽ അവൾ പറയും കുഞ്ഞന്റെതാണെന്ന് … സ്വയം നാറിയാലും വേണ്ടില്ലന്ന് കരുതി മറ്റുള്ളവരെ നാശം ആഗ്രഹിക്കുന്ന  വർഗ്ഗാണ് നീയും നിന്റെ മകളുമെന്ന് മനസ്സിലായത് കൊണ്ടാ..

മുറിയിൽ ക്യാമറയുള്ള കാര്യംപിന്നീടാണ് അറിഞ്ഞത്.

ഇല്ലെങ്കിൽ മോളെ.. മോർച്ചറിയിൽ വന്ന് കാണേണ്ടി വരുമായിരുന്നു.

എവിടെ.. ആ നെത്തോലി പെണ്ണ്.. പണ്ടേ.. എന്റെ മോളുടെ ജീവിതം മുടക്കാൻ കച്ചകെട്ടിയിറങ്ങിയവളാ

കൃഷ്ണ ഭയന്ന്  കർട്ടനിൽ അള്ളി പിടിച്ചു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

4.2/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!