ഞാനും എന്റെ കുഞ്ഞാറ്റയും – 8

  • by

9766 Views

njanum ente kunjattayum aksharathalukal novel by benzy

നീ..യെന്താ.. ഇന്നലെ ഉറങ്ങീല്ലേ… കൺപോളകൾ നന്നായി വീർത്തിട്ടുണ്ടല്ലോ?

കൃഷ്ണ കൈവരിയിലെ തൂണിൽ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.

ഊം…ഹും… ഉറക്കം തീരെ വന്നില്ല.

അതെന്താ.. പഠിക്കുന്നകാര്യത്തിൽ വല്ല തീരുമാനവുമാക്കിയോ..നീ.

ആക്കും… ആക്കും അന്ന് ആകാശവും ഭൂമിയും സ്ഥാനം തെറ്റി നില്ക്കും. അതൊക്കെപോട്ടെ ‘ന്റെ കിച്ചാ.
എന്താ.. വിശേഷം ഗോകുലത്തിൽ …

അതൊക്കെ… നേരിട്ടറിഞ്ഞാൽ മതി. അമ്മായി.. റെഡിയായോ? ഹരി ഉറക്കെ വിളിച്ചു ചോദിച്ചു.

ദേ… വരണു മോനേ.. ദേവപ്രഭ അകത്ത് നിന്ന് പറഞ്ഞു..

കിച്ചാ..ഞാൻ വന്നാൽ എന്റെ ക്ലാസ്സ് മുടങ്ങുമല്ലോ?

ഹരിയവളെ തറപ്പിച്ച് നോക്കി.. സൂചിയും നൂലും കോർക്കാനാ പോണത്. വർത്തമാനം കേട്ടാൽ ആർക്കും തോന്നും ഐ. എ.എസിന്റെ ക്ലാസ്സാണന്ന്.

സൂചിയും നൂലും കോർക്കണതെന്താ. അത്ര മോശം പഠനമാണോ ? കിച്ചാ.. യിങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഞാൻ പഠിക്കാൻ പോയത് കൊണ്ട് മോൻ ഷർട്ടിൽ ബട്ടണിട്ട് നടക്കുന്നത്. മാളുവേച്ചിയുടെ തുണി തയ്പ്പിക്കാനി പോ..കിച്ചാക്ക് പുറത്തിറങ്ങണ്ടല്ലോ?
ഇല്ലെങ്കിൽ കാണായിരുന്നു.

എന്ത് കാണായിരുന്നു. എന്റെ സി.എമ്മിന്റെ വിലകളയാനായി ഒരെണ്ണം ദേവമ്മായിടെ വയറ്റിൽ വന്ന് വീണല്ലോ.. ന്റെ കൃഷ്ണാ… നിന്നെയല്ല ഭഗവാൻ കൃഷ്ണനെ വിളിച്ചതാ..

കാലും കയ്യും വയ്യാത്ത ന്റെ മാളൂട്ടി പോലും പഠിച്ചു. ഇപ്പഴും അവൾ പഠിക്കുന്നു.. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനും വേണ്ടേ.. ഒരു സൗരഭ്യമൊക്കെ. ഇതിപ്പോ..കൂടെ കൊണ്ട് നടക്കാൻ തന്നെ നാണക്കേടാ എനിക്കും സി.എമ്മിനും..

മോളെ തലയിൽ നിന്ന് തോർത്ത് അഴിച്ച് മാറ്റി വാ.. കതക് പൂട്ടട്ടെ!

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ വരണില്ലമ്മേ..?

അതെന്താ? രണ്ടാളും അതിനിടയിൽ പിണങ്ങിയോ ?

അല്ലമ്മായി.. ഇവൾ പഠിക്കാത്തതിന്റെ പേരിൽ ആരൊക്കെ.. നാണം കെടുന്നു.. ഇപ്പോ.. മാധവേട്ടനും കൂടി പെട്ടു.. അത് ഞാനൊന്ന് പറഞ്ഞു. അപ്പോഴേക്കും കണ്ണങ് നിറഞ്ഞു തുകി.

അതിപ്പോ.. എനിക്കും നാണക്കേട് തന്നെയാ.. പിന്നെ പ്രസവിച്ചു പോയില്ലേ. കൊല്ലാൻ പറ്റില്ലല്ലോ!ദേവപ്രഭ ഹരികൃഷ്ണനെ നോക്കി കണ്ണടച്ചു കാണിച്ചു.

അവളിവിടെ നിക്കട്ടെ! അമ്മായി വന്നേ… ഹരികൃഷ്ണൻ ദേവപ്രഭയുടെ കയ്യ് പിടിച്ച് നടന്നു.

കുറച്ച് മുന്നോട്ട് നടന്ന ശേഷം ദേവ പ്രഭ പറഞ്ഞു. ചെല്ല് മോനെ …. കരയിക്കണ്ട. നിങ്ങള് തമ്മിൽ പിണങ്ങിയാൽ ഒരു രസവുമുണ്ടാവില്ല.

ഹരികൃഷ്ണൻ തിരികെ കൃഷ്ണയുടെ അരികിലെത്തുമ്പോഴേക്കും. കരഞ്ഞ് വീർത്തിരുന്നു മുഖം..

വാ..പോകാം… ഹരി വിളിച്ചു..

ഇല്ല.. ഞാനില്ല.. എന്നെ കൂടെ കൂട്ടി ഹരിയേട്ടൻ നാണം കെടണ്ട.

ഹരിയേട്ടനോ? കിച്ചാന്ന് വിളിയടീ..
ഹരി മുണ്ട് മടക്കി കുത്തി..

ഇല്ല… എന്നോട് മിണ്ടണ്ടാന്ന് പറഞ്ഞാൽ മിണ്ടണ്ട..

ശരി.. വല്യ ഉപകാരം. മിണ്ടണില്ല. ഇപ്പോ.. ന്റെ കൂടെ വന്നോ?

കിച്ച പോ… ഞാൻ കാര്യമായിട്ടാ പറഞ്ഞത്..

എന്നാലേ.. ഞാനുമല്പം കാര്യായിട്ട് പറയാ.. മര്യാദയ്ക്ക് വന്നോ? ഇല്ലെങ്കിൽ.. ഞാനങ്ങ് പൊക്കിയെടുക്കും പിന്നെ ഗോകുലത്തിൽ കൊണ്ടേ.. ഇറക്കൂ. നിന്റെ കിച്ചാ.. പറഞ്ഞാൽ പറഞ്ഞതാ ന്ന് അറിയാല്ലോ? അത് വേണോ?

കൃഷ്ണ പെട്ടന്ന് രണ്ട് ചുവട് പിന്നോട്ട് വച്ചു. പിന്നെ പതിയെ പറഞ്ഞു..

വേണ്ട.. ഞാൻ വരാം..

അങ്ങനെ വഴിക്ക് വാ.. ഹരി മുണ്ടിന്റെ മടക്കഴിച്ചിട്ട് നടന്നു..

ഗോകുലത്തിലെത്തുന്നതിന് മുൻപ് പ്രഭാവതി ചോദിച്ചു..
മാളൂനെ ആരെങ്കിലും കാണാൻ വരണുണ്ടോ.. ഹരീ….

എങ്കിലമ്മായി സമയത്താണോ അറിയുന്നത്. .

അതല്ല.. എന്നാലും.. പെട്ടന്നാരങ്കിലും വന്നോന്നറിയാനാ..

മാളൂനെ മാത്രമല്ല. നമ്മളെ എല്ലാരെയും കാണാൻ വന്ന ഒരാളാ.

ഗോകുലമുറ്റത്തെത്തിയതും മാളൂ.. അമ്മായീന്ന് വിളിച്ച് ഓടി വന്നു.

ഓടാതെ .. മാളൂ…അമ്മായി അങ്ങേട്ടക്കല്ലേ… വരുന്നത്. ഹരി വഴക്ക് പറഞ്ഞു..

അമ്മായി അറിഞ്ഞോ ഏട്ടാ?

ഇല്ല. നേരിൽ കാണട്ടെ! ഹരി അവരെ അകത്തേക്ക് കൊണ്ട് പോയി..

ഹാളിൽ സെറ്റിയിൽ അച്ഛമ്മയുടെ മടിയിൽ തലവെച്ച് ഒരു പെൺകുട്ടി കിടക്കുന്നു. കൃഷ്ണ അമ്മയെ നോക്കി.

അവരെ കണ്ടതും നയന ഓടി വന്ന് ദേവപ്രഭയെ കെട്ടിപിടിച്ചു..
ചെറിയമ്മേ…

എന്റെ..മോളെ.. ചെറിയമ്മയ്ക്ക് മേളെ മനസ്സിലായില്ല കേട്ടോ? എവിടെ ഗീതേച്ചിയും രാമേട്ടനും . എല്ലാം പറയാം.. ചെറിയമ്മേ.. ഞാനൊന്ന് കണ്ടോട്ടേ…

നയനേച്ചി.. കൃഷ്ണപ്രിയ വാ പൊളിച്ച് ഹരിയെ നോക്കി.. ഹരിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൻ കൃഷ്ണയ്ക്ക് മാത്രം കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ പറഞ്ഞു..
ഇന്നലെ ഞാൻ ഉറങ്ങാതെ പ്രാർത്ഥിച്ചതിന്റെ ഫലമാണ്.. നീ ഇപ്പോ.. കാണുന്നത്..

കരയണോ.. ചിരിക്കണോയെന്നറിയാതെ നിന്നു പോയ് കൃഷ്ണ..

നയന പ്രഭാവതിയുടെ പിടിവിട്ട് കൃഷ്ണയുടെ അരികിലെത്തി..

മോളെ …. കൃഷ്ണേ..നീ നയനേച്ചിയെ മറന്നോ?

മറന്നത് നയനേച്ചിയല്ലേ.. ഞങ്ങൾ പറയാത്ത ദിവസങ്ങളില്ലായിരുന്നു.

കിച്ചയൊന്ന് തല്ലിയതിന്റെ പേരിൽ ബന്ധങ്ങൾ വേണ്ടന്ന് വച്ച് പോയത്
വല്യച്ഛനല്ലേ ? ഈ നാളിനിടയിൽ അച്ഛമ്മയെ ഒന്ന് കാണാനെങ്കിലും വന്നില്ലല്ലോ? എന്നിട്ട് എന്നും ഓർക്കേം ..പറയേം.. ചെയ്യുന്ന ഞങ്ങൾ മറന്നെന്നു പറയാനെങ്ങനെ തോന്നുന്നു നയനേച്ചിക്ക്.. കഷ്ടം.. ഉണ്ട് കേട്ടോ?

ആഹാ….നീയാള് കൊള്ളാല്ലോ? പോട്ടെ ചക്കരേ. ഓർമ്മയുള്ളത് കൊണ്ടല്ലേ… ഞാനോടി വന്നത്..
അവൾ കൃഷ്ണയെ ചേർത്തു പിടിച്ചു.

ഞാനൊരാള് ഇവിടയുണ്ട്… നയനേ..
എന്നെ മറന്നതല്ലല്ലോ? ഹരി ചോദിച്ചു.

നയന ചിരിച്ച് കൊണ്ട് ഹരിയുടെ അരികിലെത്തി.

മറക്കാനോ…. അതും ഹരിയേട്ടനെ.
എങ്ങനെ തുടങ്ങണമെന്നറിയാതെ നിൽക്കയായിരുന്നു ഞാൻ. കുറെ കാര്യങ്ങൾ പറയാനും കേൾക്കാനുമുണ്ട്. എവിടെ ഹരിയേട്ടന്റെ സി.എം..

സി.എമ്മിനോട് ഞാൻ പറഞ്ഞു.. അവനിപ്പോയെത്തും. ഗോവിന്ദൻ പറഞ്ഞു.

അപ്പോഴേക്കും.. സി. എമ്മും എത്തി..

ചെറിയച്ചാ… നയന സി.എ. മ്മിന്റെ കൈകൾ കൂട്ടി പിടിച്ചു..

മോളെ … സുഖാണോ? രാമേട്ടനെവിടെ?

അച്ഛന് പിണക്കം… മാറിയിട്ടില്ല. ഞാൻ ഇനി പിണക്കം മാറ്റിയിട്ടേ അങ്ങോട്ടുള്ളൂയെന്ന് പറഞ്ഞു..
അച്ഛനെന്നെ കാണാതിരിക്കാനാവില്ല. ഓടിയിങ്ങെത്തും.. ആരും പിണക്കം മനസ്സിൽ വയ്ക്കരുത് കേട്ടോ?

എന്റച്ഛന്റെ തലമുടിയൊക്കെ അവിടവിടെ വെളുത്തിട്ടുണ്ട്. ചെറിയച്ഛനും ഗോവിന്ദമ്മയ്ക്കൊന്നും ഒരു മാറ്റവുമില്ല.. അന്ന് കണ്ടതിനേക്കാൾ ചെറുപ്പം.. ഇങ്ങനിരിക്കുന്നതിന്റെ രഹസ്യം എനിക്കൂടെ ഒന്നു പറഞ്ഞ് തരണം കേട്ടോ?

പ്രത്യേകിച്ചൊന്നുമില്ല മോളെ ..രാമേട്ടൻ പറഞ്ഞു. ഞങ്ങൾ അനുസരിച്ചു.

അച്ഛനോ? ഹേയ്.. എന്താത് ..നയന അത്ഭുതത്തോടെ ചോദിച്ചു.
ഞങ്ങൾ രണ്ടാളും ഉദ്യോഗം രാജിവച്ചിട്ട് തുമ്പായെടുത്ത് കിളക്കാൻ പറഞ്ഞു.. ഞങ്ങൾ അത് അതേപടി ചെയ്തു.. മണ്ണിന്റെ മണവും ഗുണവും കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നിന്നു. ഐശ്വര്യം നിറയുന്ന കുടുംബത്തെയും ഒരു നാടിനെയും ഞങ്ങൾക്ക് വാർത്തെടുക്കാൻ കഴിഞ്ഞു.. ഒരു പിടച്ചിലുമിയാത്ത സുഖകരമായൊരു ജീവിതം. അല്ലേ ഗോവിന്ദേട്ടാ ?

തീർച്ചയായും. രാമഭദ്രന്റെയും കുടുംബത്തിന്റെയും ഒരു കുറവ് ഞങ്ങൾക്ക് വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്നതൊഴിച്ചാൽ.. സുഖം.. സ്വസ്ഥം
ഗോവിന്ദമേനോൻ പറഞ്ഞു.

അച്ഛൻ അങ്ങനെയാ.. ഇന്നും മാറിയിട്ടില്ല. ജുവലറി ഷോപ്പുകളുടെ എണ്ണം കൂടി കൂടി വരുന്നു.. എപ്പോഴും തിരക്കോട് തിരക്കും. അമ്മയ്ക്കങ്ങനെയല്ല.. ഈ മണ്ണിൽ തിരികെയെത്തണമെന്ന് വല്യ ആഗ്രഹമാ. എനിക്കും. ഈ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇവിടെയങ്ങ് കൂടിയാലോന്ന് ആലോചിച്ചു പോയ്.. അത്രയ്ക്ക് ഭംഗിയാണീ ഗ്രാമം ..

ആലോചിച്ചോ.. ന്റെ കിച്ചായെ മാത്രം വേണമെന്ന് പറയല്ലേ നയനേച്ചീ.. കൃഷ്ണയുടെ പിടയ്ക്കുന്ന മനസ്സ് പറഞ്ഞു.

ഹരിയേട്ടന്റെ സഹായം വേണം കേട്ടോ? എനിക്കിവിടം മുഴുവനൊന്ന് കാണണം. ഞാൻ ഒന്ന് ഫ്രഷായി വരാം.. പറഞ്ഞിട്ട് നയന പോയി.

സദ്യയൊരുക്കാനും പായസം ഉണ്ടാക്കാനുമുള്ള തയ്യാറെടുപ്പ് തുടങ്ങി അടുക്കളയിൽ. സന്തോഷത്തിനിടയിലും കൃഷ്ണയുടെ ഹൃദയതാളം മാറി കൊണ്ടിരുന്നു.

കുളി കഴിഞ്ഞ് വന്ന നയന വീടിനകമെല്ലാം.. ചുറ്റികറങ്ങി. കഷ്ണയും മാളുവും ഒപ്പം കൂടി. മൂന്നാളും ഹരിയുടെ മുറിയിലെത്തി..

ഹരിയേട്ടാ.. ഇത് നന്നായിട്ടുണ്ടല്ലോ? മേശപ്പുറത്തിരുന്ന ഉണ്ണി കണ്ണന്റെ പ്രതിമയെടുത്ത് കയ്യിൽ വച്ച് കൊണ്ട് നയന പറഞ്ഞു..

ഇത് നമ്മുടെ കൃഷ്ണയുണ്ടാക്കിയതാ.

കൃഷ്ണയോ? എന്തേ.. ഹരിയേട്ടാ ഇവള് വളർന്നപ്പോൾ കുഞ്ഞാറ്റയെന്ന് വിളിക്കണ്ടാന്ന് വച്ചതാണോ ?

അതൊരു വല്യ കഥയാ.? പിന്നെ …പിന്നെ പറയാം.

എന്തായാലും.. ഒരു പൈങ്കിളി പോലെ സുന്ദരിയാണിവൾ

കൃഷ്ണയ്ക്ക് നയനയോടുള്ള ചെറിയ ഒരു ഭയം മാറി തുടങ്ങി.

ശരിയാ.. ശരിയാ..ശരിക്കും.. പൈങ്കിളിതന്നെയാ.. ഏത് നേരവും പൈങ്കിളി വാരിക വായിച്ച് നടപ്പല്ലേ.. പണി. അപ്പോ.. പൈങ്കിളി പോലെയല്ലേ വരൂ.. ഇല്ലേ.. കൃഷ്ണേ

ആണോടീ..ഞാൻ ചോദിക്കാൻ മറന്നു. നീ എഞ്ചിനീയറിങ്ങ് തന്നെയാണോ എടുത്തത് ? അതല്ലാതെ വരാൻ വഴിയില്ല. കാരണം.. അവളുടെ കിച്ചായെന്താവോ… അതേ.. അവളുമാവൂയെന്ന് പാടി നടപ്പല്ലായിരുന്നോ?

ഹരികൃഷ്ണനും മാളുവും പരസ്പരം നോക്കി ചിരിക്കുന്നത് കണ്ട് കൃഷ്ണ പെട്ടന്ന് പറഞ്ഞു.

ഈ ഉണ്ണികണ്ണനങ്ങെനുണ്ട് നയനേച്ചീ..

നന്നായിട്ടുണ്ട് ? നീ കിച്ചന്റെ പിന്നാലെ നടന്ന് പ്രതിമയുണ്ടാക്കാനും പഠിച്ചല്ലോ?

കൃഷ്ണ.. ഭംഗിയായി ചിരിച്ചു.

ഇത് നിലത്തിട്ടാലും പൊട്ടില്ല. ?

ഇത് സെറാമിക് അല്ലേ….. പിന്നെന്തേ…. പൊട്ടാത്തത് ? നയന കൗതുകത്തോടെ ചോദിച്ചു.

ഇത് അതൊന്നുമല്ല. ചെമണ്ണും പ്ളാസ്റ്റിക്കുമാ. ങാ..ഹാ. നീ.. കോളേജിൽ കാല് കുത്തിയില്ല അതിന് മുന്നെ കണ്ട് പിഠിത്തവും തുടങ്ങിയോ?

ഫുൾ എ പ്ലസ്സായിരുന്നു.. ഹരികൃഷ്ണൻ പറഞ്ഞു.

കിച്ചാ.. ആനകാര്യത്തിന്റെ ഇടയിൽ ചേനകാര്യം കൊണ്ട് വരല്ലേ..

നയനേച്ചി ഇത് ഒന്ന് നിലത്തിട്ടേ … പൊട്ടില്ല.. ഉറപ്പാ..കൃഷ്ണ പറഞ്ഞു..

യ്യോ.. ഞാനില്ലേ.. ഇനിയഥവാ എന്റെ ഭാഗ്യ ദോഷം കൊണ്ടെങ്ങാൻ പൊട്ടിയാൽ നിന്റെ കിച്ചാ.. എന്റെ കവിള് പൊട്ടിക്കും.

നിന്റെ കിച്ചാ.. ആ പ്രയോഗം കൃഷ്ണയെ ശരിക്കും കുളിര് കോരിച്ചു.

കോരിതരിച്ചങ്ങനെ നിന്നപ്പോൾ അല്ലേ.. ന്റെ കൃഷ്ണാന്ന് പറഞ്ഞ് നയന ഹരികൃഷ്ണന്റെ മൂക്ക് രണ്ട് വിരലിൽ കൂട്ടി പിടിച്ച് കുലുക്കിയശേഷം മുറിവിട്ട് പോയി..

ഹരി സ്വന്തം മൂക്കിൽ വെറുതെ ഒന്നു തൊട്ടു
പിന്നെ കൃഷ്ണയെ ഒന്നു നോക്കി..

ദഹിപ്പിക്കുന്ന ഒരു നോട്ടം തന്റെ നേരെ വരുന്നത് കണ്ട് ഹരി പൊട്ടി ചിരിച്ചു.

(തുടരും)

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply