മാളുവേച്ചി.. വന്നപാടേ.. നയനേച്ചി കിച്ചാടെന്ന് അടിവാങ്ങിച്ച് പിടിക്കുമെന്നാ തോന്നണത് കേട്ടോ?
അതെന്താ പ്രിയകുട്ടീ നിനക്ക് അങ്ങനെ തോന്നാൻ..
അപ്പോ.. മാളുവേച്ചി ഒന്നും കണ്ടില്ലാ…
നയനേച്ചി കിച്ചാടെ മൂക്കിൽ പിടിച്ച് വലിച്ചത്.
ഓ.. അതാണോ? അതിപ്പോ.. ഞാനെത്ര തവണ പിടിച്ചേക്കുന്നു.
നീ വരുന്നെങ്കിൽ വാ.. ഞാൻ പോണു.
ഹരി പിന്നെയും പൊട്ടിചിരിച്ചു.
എടി പ്രിയ കുട്ടീ… നീയെത്ര തവണ എന്റെ മൂക്കിൽ പിടിച്ചിരിക്കുന്നു. അപ്പോഴൊക്കെ കിച്ചാ.. നിന്നെ തല്ലിയോ? ങേ..
അതിപ്പോ.. എന്നെ പോലെയാണോ?
ആഹാ. നിനക്കെന്താ പ്രത്യേകത..?
അതിന് മൂന്നു കാര്യങ്ങൾ ഉണ്ട്.
കേൾക്കട്ടെ! ആ മൂന്ന് കാരണങ്ങൾ. ഹരികൃഷ്ണൻ കണ്ണാടിയിൽ നോക്കി മീശ ചീകി കൊണ്ട് പറഞ്ഞു.
ഒന്ന് .. ഞാനീ കുടുംബത്തിലെ പ്രായം കുറഞ്ഞ കുട്ടിയാ.. എനിക്കല്പം കുസൃതിയൊക്കെയാവാം..
ഉം… ആവാം.. ഹരി സമ്മതിച്ചു.
രണ്ട് . ഞാൻ വളർന്നതിൽ പിന്നെ കിച്ചാടെ മൂക്കത്തെന്നല്ല. വിരലിൽ പോലും തൊട്ടിട്ടില്ല.. വളർന്ന പെൺകുട്ടികൾക്കേ അല്പം അടക്കവും ഒതുക്കവും ഒക്കെ വേണം.. അത് ഞാൻ ആവശ്യത്തിലധികം ഒതുങ്ങുന്നു മുണ്ട്.
ആഹാ…
മൂന്ന് ..പിന്നെ.. ഞാൻ കിച്ചാക്ക് പ്രേമലേഖനമൊന്നും തന്നിട്ടില്ലല്ലോ?
ഒരിയ്ക്കൽ അതിനല്ലേ.. കിച്ച നയനേച്ചിയെ തല്ലിയത്.
അന്നവളും ഞാനും കൊച്ചു കുട്ടികളല്ലായിരുന്നോ? എടീ.. അല്ലെങ്കിൽ തന്നെ അവളൊന്ന് പിടിച്ചോട്ടെ! അവളുടെ മുറചെറുക്കനല്ലേ..ഞാൻ. വേണമെങ്കിൽ നീയുമൊന്ന് പിടിച്ചോ..
നിനക്കും മുറ ചെറുക്കനാണല്ലോ ഞാൻ..ഹരി പറഞ്ഞു.
അത് പിന്നെ നല്ല സ്വഭാവമുള്ള പെൺകുട്ടികൾ കല്യാണം കഴിക്കുന്ന ആളെ മാത്രേ… അങ്ങനൊക്കെ ചെയ്യാവു.. പാവം …. സീത.മുറ ചെറുക്കന്റെ പിന്നാലെ നടന്ന് തൊടേം… പിടിക്കേം ഒക്കെ ചെയ്തു. ഒടുവിൽ എന്തായി. മുറ ചെറുക്കൻ വേറെ കല്യാണം കഴിച്ചു. ജീവിത കാലം മുഴുവൻ ഭർത്താവിന്റെ ആട്ടും തുപ്പ്പും മുറചെറുക്കനെ പറ്റിയുള്ള കുത്തു വാക്കുമൊക്കെ കേട്ട് കണ്ണീരൊഴുക്കി കഴിയേണ്ടി വന്നു അവൾക്ക്.
അതാരാ.. ഈ സീത.?
സാവിത്രി ദേവിയുടെ സീത വന്ന നാൾ
എന്ന കഥയിലെ നായികയാ…
പറഞ്ഞ് വന്നപ്പോഴേ.. തോന്നി വല്ല കഥയിലെ നായികയാവുമെന്ന് ..
അന്ന് തന്നെ കണ്ടില്ലേ.. മരകൊമ്പിൽ നീർ കടിച്ച് പരുവമാകുന്നതിന് മുന്നെ .. എന്നെ രക്ഷിക്കാൻ വന്ന കിച്ചായെ ചുറ്റിപിടിച്ച് ഇഷ്ടം അറിയിക്കാനാണ് നയനേച്ചി നോക്കിയത്.
ഇഷ്ടം കൂടിയാലങ്ങനാ.. പെണ്ണാ.. ചുറ്റുവട്ടത്തുള്ളതൊന്നും കാണില്ല.. ഇഷ്ടപ്പെടുന്ന ആളെ മാത്രം.. കാണും.
നീ വായിച്ച കഥകളിലൊന്നും കണ്ടിട്ടില്ലേ..
എന്തായാലും നിനക്കും സീതയുടെ ഗതിയാ. നീയും നല്ല കുട്ടിയല്ലല്ലോ? ഇന്നലെ നീയെന്നെ ചുറ്റിപിടിച്ച് എത്ര നേരം നിന്നു.. നയന ചെറിയ കുട്ടിയായിരുന്നപ്പോൾ ചെയ്തതല്ലേ.. നീയോ.. കാള പോലെ വളർന്നിട്ടല്ലേ. ചെയ്തത്.
അപ്പോ.. കിച്ചാക് നയനേച്ചിയെ ഇഷ്ടാണ് അല്ലേ.. കൃഷ്ണയ്ക്കു ആ പറഞ്ഞതിൽ നാണക്കേടും നയനയെ കുറ്റം പറയാത്തതിൽ അമർഷവും തോന്നി.
ങാ …. ഇഷ്ടാണ്.
എന്നാ പിന്നെ ഇഷ്ടം പറഞ്ഞതിന് നയനേച്ചിയെ അന്ന് തല്ലിയതെന്തിനാ..
ശെടാ. നിനക്കെന്തൊക്കെ അറിയണം? തല്ലുവാങ്ങാതെ മോള് പോ..
അല്ലങ്കിലും കിച്ചേട്ടൻ ഇങ്ങനെയാ?
എങ്ങനെ ? ഹരി കടുപ്പിച്ച് ചോദിച്ചു. സങ്കടം വന്നിട്ട് അവൾ കയ്യിലിരുന്ന കൃഷ്ണ വിഗ്രഹം നിലത്തൊരേറ്…
കൃഷ്ണയെ അടിക്കാനായി ഹരിയുടെ വലത് കയ്യ് അവളുടെ നേർക്ക് ഉയർന്നു. പിന്നെ വേണ്ടന്ന് വച്ചു.
എന്താ കിച്ചാ.. എന്നെ തല്ലണില്ലേ…ഒരുണ്ണികണ്ണനുടഞ്ഞാൽ കിച്ചാക്ക് ഒരായിരം ഉണ്ണി കണ്ണനെ ഉണ്ടാക്കാനറിയാല്ലോ?
കുഞ്ഞാറ്റയെ തല്ലി ചതച്ചാൽ പകരം ഒരു കുഞ്ഞാറ്റയെയെങ്കിലും ഉണ്ടാക്കാൻ പറ്റോ..
നിർത്ത് . മുത്തശ്ശി വർത്താനം പറഞ്ഞ് എന്നെ പറ്റിച്ചോ? എന്നാൽ ഭഗവാനോട് നിന്റെ കളി വേണ്ട.? പഠിക്കാനും കൊള്ളില്ല. ഒന്നിനും കൊള്ളില്ല.നീ വാങ്ങിക്കൂട്ടണ ദൈവശാപം എന്റെ തലയിൽ കൂടി വീഴ്ത്തണ്ട. ഇറങ്ങ്….ഇറങ്ങ്..വെളിയിൽ. നീയിനി മേലിൽ എന്റ അരികിൽ വരണ്ട.
ന്റെ കൃഷ്ണന് എന്നെ അറിയാം.. അറിയാത്തത് കിച്ചാക്കാണ്..
ഓ.. സമ്മതിച്ചു. തത്ക്കാലം വലിയ മുത്തശ്ശി ഇറങ്. ഇല്ലങ്കിൽ എന്റെ കയ്യുടെ ചൂടറിയും നീ…
കരഞ്ഞ് കൊണ്ട് അവൾ താഴെക്കിറങ്ങി.
സങ്കടം വന്നാലോടി അച്ഛമ്മയുടെ മടിയിൽ കിടക്കാറാണ് പതിവ്.. അങ്ങനെയോടി ചെന്നെപ്പോഴേക്കും അവിടം ബുക്കിങ്ങായി.. നയനേച്ചി സ്ഥാനം പിടിച്ചു കഴിഞ്ഞു. ചങ്ങലയുഞ്ഞാലിൽ അച്ചമ്മേടെ മടിയിൽ ആടിയാടി കിടക്കുന്നു. . അച്ഛാ… ന്ന് വിളിച്ച് നേരെ സി.എമ്മിന്റെ തോളിൽ പോയി ചാഞ്ഞു..
ഉം.. എന്ത് മോളെ?
കിച്ചയെന്നെ… അവൾക്ക് സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല..
എന്താടാ. എന്ത് പറ്റി? കരയാതെ പറയടാ.. സി.എം. അവളുടെ മുഖം പിടിച്ചുയർത്തി.
ഞാൻ പറയാം സി.എമ്മേ.. ഇവൾക്കീയിടെയായി.. ഇത്തിരി കുറുമ്പു കൂടുതലാ. ഹരി പടികളിറങ്ങി വന്നു.. ഹരി പറയുന്നത് അറിയാൻ എല്ലാരും ഹരിയെ നോക്കി.
കളിച്ച് കളിച്ച് ഭഗവാനോടായി ഇപ്പോ..കളി.
എന്താ എന്താ ഉണ്ടായത്? ഗോമതിയമ്മ ഉത്കണ്ഠപ്പെട്ടു..
ഉണ്ണി കണ്ണന്റെ വിഗ്രഹം എടുത്തൊരേറ്… നിലത്ത്.
ന്റെ കൃഷ്ണാ.. ഗോമതിയമ്മയും ദേവപ്രഭയും ഒരേ.. ശബ്ദത്തിൽ വിളിച്ചു.
സി.എമ്മിന്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്ന കൃഷ്ണയെ ദേവപ്രഭ പിടിച്ച് വലിച്ചു. തനിക്കഭിമുഖം നിർത്തി എന്നിട്ട് ഒരടി കൊടുത്തു..
പോട്ടെ… ചെറിയമ്മേ….അവളതിന്റെ നല്ലതും ചീത്തയും അറിയാതെ ചെയ്തതല്ലേ..? നയന അച്ഛമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു…
കൊടുത്തത് കുറഞ്ഞ് പോയെന്നേ.. ഞാൻ പറയു.. ഗോമതിയമ്മ പറഞ്ഞു… ഭഗവാനെ വലിച്ചറിയുക.. ഇന്ന് വരെ വഴക്ക് പറയാത്ത അച്ഛമ്മയത് പറഞ്ഞതും അവളുടെ സങ്കടം ഇരട്ടിച്ചു..
അടി കൊണ്ട കവിളത്ത് കൈവച്ച് അവൾ ഗോവിന്ദനെ നോക്കി.
ദൈവത്തെ നിന്ദിച്ചിട്ട് എന്നെ നോക്കണ്ട. ഗോവിന്ദമേനോൻ പറഞ്ഞു. കൃഷ്ണ കുനിഞ്ഞ് നിന്നു കരഞ്ഞു.
എന്തിനാ.. ഹരിയേട്ടാ ഇവൾ….. മാളൂട്ടി ഓടി വന്ന് ഹരിയുടെ കയ്യിൽ പിടിച്ച് ചോദിച്ചു..
നീ.. അവളോട് തന്നെ ചോദിക്ക് കരഞ്ഞ് കഴിയുമ്പോൾ അവൾ പറയും..
അച്ഛാ … സി.എമ്മേ…ഞാൻ പുറത്തോട്ടൊന്നു പോയിട്ട് വരാം. ഹരി ബൈക്കിന്റെ താക്കോലെടുത്ത് പോകാനിറങ്ങി.
ഇനി ഊണ് കഴിഞ്ഞ് പോകാം മോനേ..? ദേവപ്രഭ പറഞ്ഞു.
സമയം ഉണ്ടല്ലോ? ഊണിന് മുന്നേ വരാം അമ്മായി.
ഹരിയേട്ടാ.. ഞാനും കൂടെ വന്നോട്ടെ! നയന ചോദിച്ചു..
ഒരിടിമുഴക്കം പോലെ ആ ചോദ്യം കൃഷ്ണപ്രിയയുടെ ഹൃദയത്തിൽ വന്നടിച്ചു.
ഹരിയുടെ മറുപടിയെന്തന്നറിയാൻ അവൾ ചെവികൂർപ്പിച്ചു.
ഉം.. വന്നോ? ഹരി.. പുറത്തിറങ്ങി.
കൈവിട്ടു പോയോ എന്റെ കൃഷ്ണാ.
കൃഷ്ണയുടെ ഹൃദയം പട പടാന്ന് തുടിച്ചു. മുറ്റത്ത് സ്റ്റാർട്ടയി കൊണ്ടിരിക്കുന്ന ബൈക്കിന്റെ ശബ്ദം കേട്ടതും പിന്നെ അത് അകന്ന് അകന്ന് പോകുന്നതും കൃഷ്ണയുടെ ശരീരത്തെ തളർത്തുന്നുവെന്ന് തോന്നിയവൾക്ക് .
അച്ഛാ.. ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ!
എന്തിനാടാ .. ഒറ്റയിക്കിപ്പോ.. ഊണ് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം പോകാം മോളെ
ഇന്നിപ്പോ .. ആരും പോണ്ട.. ന്റെ നയനമോള് വന്ന ദിവസമല്ലേ.. നാളെ പോയാൽ മതി.
അച്ഛമ്മേ.. എന്നോട് മിണ്ടില്ലേ…? കൃഷ്ണ അച്ഛനെ വിട്ട് അച്ഛമ്മയുട അരികിലെത്തി.. കുഞ്ഞാറ്റയ്ക്ക് സഹിക്കണില്ല.. കേട്ടോ?
എന്നെ തൊടണ്ട..പോ… പൂജാ മുറിയിൽ പോയി ഭഗവാനോട് മാപ്പിരക്ക്… നീയിങ്ങനെയൊന്നുമായിരുന്നില്ലല്ലോ? എവിടുന്ന് കിട്ടി.. നിനക്കീ … ദുർബുദ്ധി. എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ദേഷ്യം ഇരച്ച് കയറുകയാ.. ന്റെ കൃഷ്ണാ അനർത്ഥങ്ങളൊന്നും വരുത്തല്ലേ..
കൃഷ്ണ പൂജാമുറിയിലേക്ക് പോയി..
ചെന്നപാടേ.. പൂജാമുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. കൃഷ്ണ വിഗ്രഹത്തിന്റെ കാൽക്കൽചെന്ന് വീണു.. പൊട്ടികരഞ്ഞു
മാപ്പ്… കോടാനു കോടി മാപ്പ്… സത്യായിട്ടും അറിഞ്ഞില്ല കണ്ണാ.. കയ്യിലിരുന്നത് നീ..യാണെന്ന്.. അറിയാതെ ചെയ്ത ഈ അപരാധം നീ…പൊറുക്കില്ലേ……
ഞാൻ ചെയ്ത തെറ്റിന് എന്നെയല്ലാതെ ആരെയും ശിക്ഷിച്ച എന്നെ വേദനിപ്പിക്കല്ലേ…ന്റെ കൃഷ്ണാ..
കിച്ചായെ.. എനിക്ക് തന്നെ.. വേണം.. നിനക്കറിയില്ലേ.. ഓർമ്മവെച്ച നാൾ മുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയതാ ഞാൻ.. പിരിയാനാവില്ലെനിക്ക്.. നയനേച്ചിയെന്റെ കിച്ചായെ കൊണ്ടോവനാണോ വന്നത്. കാല് വെച്ചതേയുള്ളൂ. ആർക്കും എന്നെ വേണ്ടാതായിരിക്കണു.. ഇത് പോലെ എപ്പഴും ചിരിച്ച് കൊണ്ടിരിക്കാനാ എനിക്കും ഇഷ്ടം.. പക്ഷേ! നയനേച്ചിയെ കണ്ടതു മുതൽ ചിരിക്കാനേ ..കഴിയണില്ല. കദളിപ്പഴവും വെണ്ണയും നെയ്യും എത്രവേണേലും തരാം… എന്ററെ കിച്ചായെ പകരം തന്നേക്കണം.
എന്റെ പൊന്നു കണ്ണനല്ലേ.. കിച്ചാക്ക്. എന്റെ സ്നേഹമൊന്നറിയിച്ച് കൊടുത്തൂടെ നിനക്ക്.. എനിക്ക് പേടിയാ..
മുറപെണ്ണുങ്ങളെയൊന്നും കല്യാണം കഴിക്കില്ലെത്രെ? ദേ.. ഇത്രേം വളർന്നിട്ടും ഞാനൊരു കൊച്ചു കുട്ടിയാന്നാ വിചാരം.
നയനേച്ചി ഇപ്പോ..കിച്ചായെ ചുറ്റിപിടിച്ചിരിക്കയാവും ബൈക്കിൽ . അതാ.. പണ്ടേ.. സ്വഭാവം. അന്നൊന്നും കിച്ചാക്കത് ഇഷ്ടമല്ല. ഇപ്പോ..ഇഷ്ടാവും. സുന്ദരിയല്ലേ കാണാൻ.. പോരാഞ്ഞിട്ട് നല്ല മേക്കപ്പും ഉണ്ട്. തലമുടിയൊക്കെ എന്ത് തിളക്കാ. തൊടാൻ തന്നെ നല്ല സുഖം. ഇങ്ങനെ ഓരോന്ന് പറഞ്ഞ് കരഞ്ഞും മാപ്പിരന്നും കൃഷ്ണ അമ്പാടി കണ്ണന്റെ കാൽ ചോട്ടിൽ അങ്ങനെ കിടന്നു.
ബൈക്കിലിരിക്കുമ്പോൾ തന്റെ ശരീരത്തോട് ചേർന്നുള്ള നയനയുടെ ഇരിപ്പ് ഹരിക്ക് അസ്വസ്തയുണ്ടാക്കി.
വയറിൽ ചുറ്റി പിടിച്ച് മുഖം തോളിൽ മുട്ടിച്ചിട്ടുണ്ട്..
ഹരിയോർത്തു ഒരേ ഒരു വട്ടമാണ്
കുഞ്ഞാറ്റ ഈ ബൈക്കിലിരുന്നിട്ടുള്ളത്.. വണ്ടിയെടുത്തതും നിലവിളിച്ചു കിടുക്കി കളത്തില്ലേ പെണ്ണ്. എന്നിട്ടും ഷർട്ടിൽ രണ്ട് കയ്യും കൊണ്ട് അള്ളിപിടിച്ചതല്ലാതെ.. ഒന്നു ചുറ്റിപിടിച്ചിട്ടില്ല.. വളർന്നതിൽ പിന്നെ ഇന്നലെയാ.. ആദ്യമായിട്ടെന്നെ ചുറ്റി പിടിച്ചത്.. ഹരി വേലിക്കരികിൽ വണ്ടി നിർത്തി.
എന്ത് പറ്റി ഹരിയേട്ടാ? നയന ചോദിച്ചു.
രണ്ട് ദിവസമായി എന്തോ.. ഒരു പ്രശ്നം ഉണ്ട് വണ്ടിക്ക്. ഞാനതോർത്തില്ല.. ഹരി കളവ് പറഞ്ഞു.
സാരല്യ. നമുക്ക് നടക്കാം.. നയന പറഞ്ഞു..
നമുക്ക് വീട്ടിൽ പോയിട് ഊണൊക്കെ കഴിഞ്ഞ് എല്ലാർക്കും കൂടി കാറിൽ പോകാം.. എന്താ..?
അങ്ങനെയായാലും മതി.
മേശപുറത്ത് ഊണ് നിരത്തി . ദേവ പ്രഭയെല്ലാപേരെയും വിളിച്ചു.
പൂജാമുറിയുടെ വാതിൽക്കൽ വന്ന് മാളു മുട്ടി വിളിച്ചു.
പ്രിയമോളെ….
മാള്യേച്ചി പൊയ്ക്കോ? നാളെ ഈ നേരം വരെ .. ഞാൻ നിരാഹാരമിരുന്ന് പാപപരിഹാരം തേടട്ടെ . എന്നെ ആരും വിളിക്കണ്ട..
മാളു ചെന്ന് വിവരം പറഞ്ഞപ്പോൾ
സി.എം. മകളെ വിളിക്കാനായ് എഴുന്നേറ്റു
വേണ്ട.. സി.എമ്മേ ..അത് നല്ലതാ.. ന്റെ കുട്ടിയെ കൃഷ്ണൻ കാത്തോളും..
അറിയാതെയാണെങ്കിൽ പോലും ഉണ്ണികണ്ണനെ വലിച്ചെറിഞ്ഞത് പാപം തന്നെയാ.. കൃഷ്ണ കയ്യെത്തി കർപ്പൂരം കയ്യിലെടുത്തു.എന്നിട്ട് വലത് കയ്യുടെ ഉള്ളം കയ്യിലേക്ക് തട്ടി. കണ്ണനെ വലിച്ചെറിഞ്ഞ കയ്യെനിക്ക് വേണ്ട..പിന്നെ അതിലേക്ക് തിരി തെളിച്ചു.
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
❤️❤️ ബെൻസി ❤️❤️❤️
ബെൻസി മറ്റു നോവലുകൾ