കൊടുക്കടാ.. കൊതിച്ചിക്ക് …. പറഞ്ഞിട്ട് ഗോമതിയമ്മ നിർത്താതെ ചിരിച്ചു.
ഹരിയവളുടെ വായിൽ ഉരുളവച്ച് കൊടുത്തു. പരിഭവം കൊണ്ട്
നിറഞ്ഞ് നിന്ന കണ്ണുനീർ കൃഷ്ണയുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
ആദ്യം ഒന്നു മടിച്ചെങ്കിലും ഹരി ഇടത് കയ്യ് കൊണ്ട് അവളുടെ കണ്ണീര് തുടച്ചു..
ശ്രീനന്ദ പറഞ്ഞു..
കാള പോലെ വളർന്നു. ഒരു നാണം ഇല്ലാത്ത കൊച്ച് തന്നെ..
എന്തിന് നാണിക്കണം.. ഇത് എന്റെ കിച്ചയല്ലേ. ഇല്ലേ.. കിച്ചാ.
ഊം.. ഹരി മൂളി..
ഉം.. കിച്ചാടെ കല്യാണം വരെയേ ഉള്ളു.. പിന്നെ ഏടത്തി വരുമ്പോൾ നിന്നെ തൂക്കിയെടുത്ത് വെളിലെറിയുമെന്നാണ് തോന്നുന്നത്.
നന്ദേച്ചി നോക്കിക്കോ? ഒരു ഏടത്തിക്കും.. ഒരു രാകേഷേട്ടനും എന്നല്ല.. ഈ ഭൂമിയിലെ ഒരു ശക്തിക്കും വലിച്ചെറിയാൻ കഴിയില്ല ഞങ്ങളുടെ ഈ കൂട്ട്. പിന്നെ ദൈവം.. വന്ന് വഴിമുടക്കിയാൽ ഒരു കുല കദളിപഴവും ഒരുരുളി പാൽ പായസവും ഞാനങ്ങ് കൊടുക്കും. കുഞ്ഞാറ്റയുടെ സ്നേഹം എന്നും ഇങ്ങനെ തന്നെയുണ്ടാവും. അത് കൊണ്ട് കിച്ച കൊണ്ടു വരുന്ന ഏട്ടത്തിയെയും ഞാൻ പൊന്നുപോലെ നോക്കും..
അത്രയ്ക്കും ഇഷ്ടാണോ കിച്ചായെ?
അതെ.. അച്ഛമ്മേ. ഇതെന്റെ കാര്യമാ.. കിച്ച പക്ഷേ, ആകെ.. മാറി പോയി..എന്നോടൊരു സ്നേഹവുമില്ല. ഒന്നു ഫോൺ പോലും വിളിക്കില്ല. ഇപ്പോ.. തന്നെ കണ്ടില്ലേ.. ഒരുരുള പതിവ് പോലും തെറ്റിച്ചില്ലേ..
ഉം .. അത് ശരിയാ ഹരി കുട്ടാ.. നിന്റെ കുഞ്ഞാറ്റയോട് ഈ ദ്രോഹം വേണ്ടായിരുന്നു കേട്ടോ? ഗോമതിയമ്മ തമാശമട്ടിൽ ഹരിയോട് പറഞ്ഞു.
ഹരി കൃഷ്ണയെ ഒന്നു നോക്കി.
ഏട്ടത്തി വന്നാൽ എന്നോടുള്ള സ്നേഹം കുറയോ?
അതിപോ..ഏട്ടത്തി വന്നാലേ.. പറയാൻ പറ്റൂ…
ഹരി.. ചിരി വരുത്തി പറഞ്ഞു..
എങ്കിൽ.. കൊല്ലും ഞാൻ.. ഏട്ടത്തിയെ അല്ല. കിച്ചായെ.
അത് കേട്ട് എല്ലാരും ചിരിച്ചു.
ഊണ് കഴിഞ്ഞ് ഹരിയിറങ്ങി. അച്ഛമ്മ വരുന്നുണ്ടോ?
നീയവിടെ ഒറ്റയ്ക്കെന്തിനാ.. പോണത്. രണ്ടീസം എല്ലാർക്കും ഇവിടെ കഴിയാം..
ഒന്നു രണ്ട് പേപ്പേഴ്സൊക്കെ എടുക്കണം : രാവിലെ പോണമെനിക്ക്.
ഇനി തിങ്കളാഴ്ച പോകാം.. മോനെ…,.
ശരിയാകില്ല അച്ഛമ്മേ.. എനിക്ക് പോയേ മതിയാകു.. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകേണ്ടതുണ്ട്.
ഊം.. ശരി.. ഗോമതിയമ്മ താക്കോൽ കൊടുത്തു..
സി.എമ്മിനെ മുറിയിൽ കൊണ്ട് കിടത്തി അഭിനവ് മോനുരുമ്മയും കൊടുത്ത് ഹരി മാധവിനോടല്പനേരം സംസാരിച്ച ശേഷം പോകാനിറങ്ങി.
മാധവേട്ടാ.. ഇന്ന് നന്ദേച്ചിയെന്റെ കൂടെ കിടന്നോട്ടെ!
ഊം. എനിക്ക് സമ്മതം ..
നന്ദേച്ചി.. ഇന്നെന്റെ കൂടെ കിടക്കോ?
മാധവേട്ടൻ സമ്മതിച്ചാൽ ഞാൻ റെഡി…
എന്നാൽ ഞാൻ ഹരിക്കൊപ്പം ഗോകുലത്തിൽ തങ്ങാം.. മാധവൻ പറഞ്ഞു.
അച്ഛനരികിൽ രണ്ടു മക്കളും അമ്മയും ഇരുന്നു. ഏട്ടാ ഇത്രനാളും ഉറക്കമിളച്ചതല്ലേ.. ഇന്നെങ്കിലും നന്നായി ഉറങ് കേട്ടോ? ദേവപ്രഭ.. പറഞ്ഞു.
നിന്നെ കൊണ്ടു തനിച്ച് പറ്റില്ല മോളെ. പത്തിരുപത് മിനിട്ടിനുള്ളിൽ തിരിച്ചും മറിച്ചും കിടത്തി കൊണ്ടിരിക്കണം..
അത് സാരമില്ലേട്ടാ.. ഞാനിന്ന് തനിച്ചൊന്ന് നോക്കട്ടെ! ഒരു ഭാര്യയെന്ന നിലയിൽ ആശുപത്രിയിലേ എന്നെ ഇരുത്തിയില്ലല്ലോ?.
അതെ.. മോനെ.. നീയൊന്ന് കിടക്ക്.. നിങ്ങളു രണ്ടാളും ഈ ഗ്രാമത്തിന്റെ പൊതുകാര്യങ്ങളിലിടപെടാതിരുന്നാൽ ശരിയാകില്ല. പഞ്ചായത്ത് കാര്യങ്ങളായി നീ.. പുറത്ത് പോയാൽ അവള് നോക്കുമല്ലോ മോനെ?
ഞാനും.. അവിടെം ഇവിടെയുമായി നിൽക്കാം. ഗോമതിയമ്മ പറഞ്ഞു.
ഗോവിന്ദാമ്മേ.. ധൈര്യമായ് പൊയ്ക്കോ? ഇവിടെ അച്ഛന്റെ പ്രിയ കുട്ടിയുണ്ടല്ലോ?
സാരമില്ല ഗോവിന്ദേട്ടാ.. കുഴപ്പമൊന്നുമില്ല. സി.എം. പറഞ്ഞത് ഗോവിന്ദന് മാത്രം മനസ്സിലായി
എന്നാൽ ഞാൻ അടുത്ത മുറിയിൽ കിടക്കാം ദേവേ …. എന്താവശ്യമുണ്ടെങ്കിലും വിളിച്ചോ?
ഊം…ശരിയേട്ടാ.
അച്ഛാ..
ഉം..
അച്…. ഛാ..
ഊം… പഹഞ്ഞോ?
അച്ഛാ.. ഇന്ന് ഞാനച്ഛനെ വെറുതെ വിടുന്നു. നാളെ മുതൽ അച്ഛന്റെ കാര്യം നോക്കുന്നത് ഞാനാ. മരുന്നു തരുന്നത്.. പത്രം വായിച്ച് തരുന്നത്.. പൗഡറിട്ട് തരുന്നത് മുടി ചീകുന്നത്.. ഗോവിന്ദാമ്മ അച്ഛനെ വീൽ ചെയറിൽ ഇരുത്തിതരുമ്പോൾ.
പറമ്പിലും പുഴക്കരയിലുമൊക്കെ കൊണ്ട് പോകുന്നത്.. അച്ഛൻ ചെയ്യേണ്ട പഞ്ചായത്ത് കാര്യങ്ങളുടെ പഴയ എഴുത്തുകുത്തുകളിൽ ഗോവിന്ദാമ്മേ സഹായിക്കൽ… അങ്ങനെയങ്ങനെ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാം ഞാൻ ചെയ്ത് തരും. കേട്ടല്ലോ?
ഉം.. സി.എം. സമ്മതിച്ചു..
അച്ഛൻ ചെയ്യേണ്ടത് ഒക്കെ ഞാൻ പറയാം. ആദ്യം അച്ചൻ നന്നായി സംസാരിക്കാൻ ശ്രമിക്കണം.
സി.എമ്മിന്റെ മുഖം മങ്ങി ..
വിഷമിക്കാൻ പറഞ്ഞതല്ലച്ഛാ.. ഇങ്ങനെ മൂളി മൂളി ഇരുന്നാൽ ശരിയാവില്ല. സംസാരിച്ച് തന്നെ ശരിയാക്കണം. കുഴഞ്ഞ് പോയാലും സാരല്യ. ഞാൻ കുഞ്ഞായിരിക്കുമ്പോൾ… അച്ഛനല്ലേ.. എനിക്ക് അക്ഷരങ്ങൾ പഠിപ്പിച്ച് തന്നത്.. എന്ത് മാത്രം തെറ്റാ.. അന്ന് ഞാൻ പറഞ്ഞിട്ടുണ്ടാവുക.
അച്ഛന് പിന്നെ അക്ഷരങ്ങൾ പഠിക്കണ്ടല്ലോ? എല്ലാം അറിയുന്നതല്ലേ.. ഞങ്ങളോട് എപ്പോഴും എന്തെങ്കിലും ചോദിക്കുകയും പറയുകയും ഒക്കെ വേണം. വിഷമമാകുമെന്നും ബുദ്ധിമുട്ടാകുമെന്നും കരുതി ഒന്നും പറയാതിരിക്കരുത്.. പറഞ്ഞില്ലെങ്കിലേ.. ഞങ്ങൾക്ക് വിഷമമാകൂ.. ഇല്ലേ..മ്മേ.
ങാ.. അച്ഛൻ പറയും മോളെ.. നമ്മൾ അന്യരൊന്നുമല്ലല്ലോ?
ഈ നന്ദേച്ചി തെറ്റി പറയുന്നത് കേൾക്കാൻ വേണ്ടി.. ഗോവിന്ദാമ്മ വന്ന് ചോറിന് കറിയെന്തൊക്കെയാന്ന് ചോദിക്കുമ്പോൾ നന്ദേച്ചി പറയുന്നത് അച്ഛന് ഓർമ്മയുണ്ടോ അച്ഛാ..?
സി.എം. ചിരിച്ച് കൊണ്ട്.. ശ്രീനന്ദയെ നോക്കി..
അച്ഛാ.. ഞാൻ പറയട്ടെ!
ഗോവിന്ദാമ്മ.. വരാണേ.. കൃഷ്ണ അനുകരിച്ച് കാണിച്ചു.
മോളെ .. നന്ദൂട്ടിയേ….. ഇന്ന് ചോറിന് എന്തൊക്കെയാ.. കറികൾ..
അപ്പോ.. നന്ദേച്ചി..
തോറും.. തൊറേ..തറിയും ഉണ്ടേ…
എന്തൊക്കെയാ നന്ദൂട്ടിയേ.. കുറെ കറികൾ
മീൻ തറി, മോര് തറി, തുമ്പളങ്ങാ തറി.. ചിരിച്ച് ചിരിച്ച് കൃഷ്ണ പറഞ്ഞു. ന്നിട്ട് ഇയ്യോ.. ചിരിച്ച് ചിരിച്ച് ന്റെ വയറ് വേദനിക്കുന്നേ.. എന്ന് പറഞ്ഞ് അച്ഛന്റെ കാൽ ചുവട്ടിൽ ഇരുന്നു.
ചേച്ചീ.. നീ.. മാധവേട്ടനോട് ആ കഥയൊക്കെ പറഞ് കൊടുത്തോ?
ദേ … മോളെ …. പറയല്ലേ.. പിന്നെ മാധവേട്ടൻ എന്നെ കളിയാക്കി കൊല്ലും.
ഇല്ല..ഞാൻ പറയില്ല… പക്ഷേ.. ഗോവിന്ദാമ്മേ കൊണ്ട് പറയിക്കാം..
നീ.. കളിയാക്കണ്ട… പ്രിയേ… അന്ന് ഇവളങ്ങനെ പറയുമ്പോൾ നീയോടി വന്ന് പറയുന്നതെന്താന്ന് അറിയുമോ.. കേട്ട് വന്ന ഗോമതിയമ്മ പറഞ്ഞു..
ഗോവിന്ദാമ്മേ.. ഇച്ചേച്ചിയിനി തെറ്റിച്ചാൽ മരയത്ത് നിർത്തണമെന്നും മാമ്പരവും വാര പരവുമൊന്നും കൊടുക്കരുതെന്ന് ..
കൃഷ്ണ അച്ഛന്റെ വലത് കൈപിടിച്ച് വച്ച് ചോദിച്ചു.
ആണോ? അച്ഛാ.. ഞാനങ്ങനെ പറയുമായിരുന്നോ? അതോ.. ഈ അച്ഛമ്മ ഞാൻ മാധവേട്ടനോട് പറയു മെന്ന് കരുതി നന്ദേച്ചിയുടെ പക്ഷം പിടിക്കുന്നതാണോ?
ആണെന്ന് സി.എം. മൂളി..
നന്ദ മോൾക്ക് ” ക ” യും നിനക്ക് ” “ഴ ” യും തിരിയില്ലായിരുന്നു.
എന്നാൽ പിന്നെ ഞാൻ പറയുന്നില്ല..
നന്ദേച്ചി.
മോനെ.. നീയൊന്ന് ചിരിച്ച് കണ്ടല്ലോ? ഇനി.. കരയരുത്.. എല്ലാം.. ശരിയാകും.. ആരെ കൈ വിട്ടാലും.. ഗോവിന്ദനെയും നിന്നെയും ദൈവം കൈവിടില്ല. അത് ഈ അമ്മയ്ക്ക് ഉറപ്പാ..
അച്ഛമ്മേ..ഇന്ന് നമുക്ക് അച്ഛനും മക്കൾക്കും .. ഈ ചക്കര പേരകുട്ടിക്കും കൂടി ഈ മുറിയിൽ കിടക്കാം.
ഇല്ലേ… പൊന്നേ.. ഈ സി.എമ്മിനെ കെട്ടിപിടിച്ച് ന്റെ കുഞ്ഞാവ കുട്ടി കിടക്കോ? കൃഷ്ണ അഭിനവിനെ മുത്തമിട്ട് കൊണ്ട് ചോദിച്ചു.
അന്ന് ഏറെ നേരം അവർ ഒരുമിച്ചിരുന്ന് സംസാരിച്ചു.
പിറ്റേ.. പുലരിയിൽ മാധവനും ശ്രീനന്ദയും പോകാനൊരുങ്ങി.. വന്നു.
കഷ്ടംണ്ട് നന്ദേച്ചീ.. കുഞ്ഞാവയെ കണ്ട് കൊതി പോലും തീർന്നിട്ടില്ല.
നിക്കായിരുന്നു മോളെ.., നാളെ മാധവേട്ടന്റെ ചെറിയമ്മയുടെ മകന്റെ നിശ്ചയമാ.. അവിടെ മാധവേട്ടനി
ല്ലാതെ പറ്റില്ല..
എവിടുന്നാ.. മോളെ .. കുട്ടി..
ഗോമതിയമ്മ ചോദിച്ചു.
ഒന്ന് പറയാതിരിക്കുന്നതാ അച്ഛമ്മെ നല്ലത്.
അതെന്താ മോളെ
പെൺകുട്ടി നേരത്തെ വിവാഹം കഴിച്ച കുട്ടിയാ. കല്യാണം കഴിഞ്ഞ് ഭർത്താവ് രണ്ട് മാസം കഴിഞ്ഞ പോൾ ഭർത്താവു് ഒരാക്സിഡന്റിൽ മരിച്ചു. അവനാണെങ്കിൽ ആദ്യത്തെ കല്യാണവും എനിക്ക് എന്തോ? അതിനോട് വലിയ താല്പര്യമില്ല. മാധവട്ടേനും അതേ..
അതെന്താ നന്ദേച്ചി…… കേട്ടിട്ട് പാവം തോന്നണു. മാധവേട്ടന്റെ കസിന്റെ മനസ്സ് എത്ര വലുതാ.
ഊം.. പിന്നെ.. വലുത്. ആലോചനയില്ലാതെ.. ഓരോയെടുത്ത് ചാട്ടം. അല്ലാതെന്ത് പറയാൻ. അവരുടെ വീട്ടുകാർ ഒന്നാം കല്യാണക്കാരനെ കൊണ്ടേ.. കല്യാണം കഴിപ്പിക്കൂന്ന് നിർബ്ബന്ധം പിടിച്ചിരിക്കുന്ന സമയത്താ.. ക്ഷേത്രത്തിൽ വച്ച് ഇവൻ കുട്ടിയെ കണ്ടത്… കല്യാണം കഴിഞ്ഞുന്നറിഞ്ഞിരുന്നില്ലവൻ. ആലോചനയുമായ് ചെന്നപ്പോഴാ അറിഞ്ഞത്. എന്നിട്ടും അവന് അത് മതിയെന്ന് വാശി. ഒരാളുടെ ഒപ്പം ജീവിച്ചതല്ലേ. അപ്പോ.. രണ്ടാം കല്യാണക്കാരെ നോക്കുന്നതല്ലേ. അച്ഛമ്മേ ..നല്ലത്.
അതൊക്കെ ആ പെൺകുട്ടിയല്ലേ.. മോളെ ചിന്തിക്കേണ്ടത്. പരസ്പരം ഇഷ്ടപ്പെട്ട് അതൊരു കുറവ് അല്ലെന്ന് അവർക്ക് തോന്നിയാൽ പിന്നെ പ്രശ്നമില്ല.
കല്യാണം വിളിക്കാൻ അവർക്കൊപ്പം ഞങ്ങളും വരും. ഞാൻ ചെന്നതിൽ പിന്നെ മാധവേട്ടന്റെ കുടുംബത്തിലെ ആദ്യത്തെ കല്യാണമാ..എല്ലാരും വരണം. ആരും ഒഴിഞ്ഞ് മാറരുത്.
എങ്ങനെയാ.. ഹരി കൂടെ വരുന്നുണ്ടോ?
ങാ.. ഹരിയേട്ടൻ തിരുവനന്തപുരം വരെയുണ്ട്. ഗോവിന്ദാമ്മ സ്റ്റേഷൻ വരെ, വരുന്നുണ്ട്.
ഹരിയും ഗോവിന്ദനും റെഡിയായ് വന്നു.
സി.എമ്മിനോട് യാത്ര പറഞ്ഞു..
ടാ.. ഹരി.. റോഡിലെന്താ ഒരാൾക്കൂട്ടം.. വിഷ്ണു പറഞ്ഞതും..
ഹരിജനാലയിലൂടെ പുറത്തേക്ക് നോക്കി.
ഉം.. എന്താ.. എന്ത് പറ്റി..?
പ്ളാസ്റ്റിക് നിരോധനവുമായ് ബന്ധപ്പെട്ട് എന്തോ പ്രശ്നമാണെന്ന് തോന്നുന്നു.. നഗരസഭയുടെ വണ്ടിയുമുണ്ട്.? ആകെ ബഹളമാണല്ലോ? പ്ലാസ്റ്റിക് പൂർണമായും നിരോധിച്ച സ്ഥിതിക്ക്.. നമ്മുടെ പ്ലാസ്റ്റിക് പുനർ നിർമ്മാണ പ്ലാന്റ് പദ്ധതിയൊക്കെ തള്ളി പോയിട്ടുണ്ടാവും. പദ്ധതി കൊടുക്കാൻ ഏറെ വൈകിയത് കൊണ്ടാവും. ഇന്നു മുതൽ ഫൈൻ ഈടാക്കുന്നുണ്ട് അതാവും ബഹളം.
തള്ളി പോയെങ്കിൽ പോട്ടെ! അത് കൊണ്ടല്ലല്ലോ? നീയും ഞാനുമൊന്നും ആഹാരം കഴിക്കുന്നത്.. നമ്മുടെ നാടു നന്നാകില്ല.. ഒരിക്കലും.. എന്തിനും ഏതിനും അവന്റെയൊക്കെ.. നിരോധനം.. ഒന്നിനും ഒരു പ്രതിവിധിയില്ല.. മറ്റുള്ളവർ തലപുകഞ്ഞ് കണ്ടെത്തി കൊടുത്താലും.. കാലണ വില കല്പിക്കില്ല.. പാവപ്പെട്ടവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഫൈൻ ഇനത്തിൽ വിഴുങ്ങിയാലും മതിവരില്ല.. ചുണയുണ്ടെങ്കിൽ സുനാമിയും പ്രളയവും തടയാൻ പോയി പറയെടാ.. അവരോട് ..
നീ വാ.. ആ ദേവേട്ടന്റെ ഷോപ്പിനു മുന്നിലാ ആൽക്കൂട്ടം പ്രിൻസി ചേച്ചി പേടിച്ച് നില്പുണ്ട്. ദേവേട്ടൻ ആക്സിഡന്റായി കിടക്കുന്നതല്ലേ.. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാ.. എവിടുന്നോ വന്ന് വാടകക്ക് താമസിക്കുന്നവരാ.
നിനക്കറിയുമോ?
ങാ അറിയും. നല്ല ആൾക്കാരാ . നീ.. വരുന്നതിന് മുൻപേ… ഞാനവിടെ പോയിരിക്കുമായിരുന്നു രാത്രിഷോപ്പടക്കും വരെ നടക്കാൻ തീരെ വയ്യാത്ത ചേട്ടനാ. ഞാൻ എന്തെങ്കിലും ചെറിയ ഹെൽപ് ഒക്കെ ചെയ്ത് ക്കെടുക്കും. രാവിലെ ഷോപിലെത്തിക്കുന്നതും രാത്രിയിൽ ആ ചേട്ടനെ മുറിയിൽ കൊണ്ടാക്കാനും ആണ് ഞാൻ പോകുന്നത്.
എന്നിട്ട് നീയെന്നോട് പറഞ്ഞില്ലല്ലോ?
അതിന് പ്രണയ നൈരാശ്യത്തിൽ മുങ്ങി പൊങ്ങിയല്ലേ.. നിന്റെ കിടപ്പും നടപ്പും. പറയുന്നതൊന്നും തലയിൽ കയറില്ലല്ലോ?
ഒന്നു പോടാ.. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. വാ..നമുക്ക് നോക്കാം..
രണ്ട് പേരും പുറത്തിറങ്ങി.. നിരത്തിലിരുന്ന ഫ്ളക്സ് ബോർഡുകൾ ഇളക്കി വണ്ടിയിൽ നിറയ്ക്കുന്നുണ്ട്..
വഴിയോരത്ത് മീൻ വിൽപ്പനയ്ക്കിരിക്കുന്ന പ്രായമുള്ള സ്ത്രീയോട് കയർക്കുന്ന നഗരസഭ ജീവനക്കാരുടെ അരികിലേക്ക് ഹരി കൃഷ്ണൻ നടന്നു. ഒപ്പം വിഷ്ണുവും.
അല്ല സാറമ്മാരേ… ഞാൻ ചോദിക്കട്ടെ!
ഈ മുറിച്ച് വച്ച് ചോരയൊലിക്കുന്ന മീന് തുണിയില് പൊതിഞ്ഞ് കൊടുക്കാൻ പറ്റോ?
ദേ, തള്ളേ.. വാചക കസറത്ത് കാണിക്കാതെ ഫൈൻ എടുക്ക്..ഇല്ലെങ്കിൽ മീനും കുട്ടയും റോഡിൽ കിടക്കും..
എന്താ… കാര്യം… ഹരി ചോദിച്ചു.
കാര്യം ഞങ്ങൾ ഇവരോട് പറഞ്ഞിട്ടുണ്ട്.
എന്താ… വല്യമ്മേ … പ്രശ്നം..?
ഹരി വൃദ്ധയോട് ചോദിച്ചു.
ഒന്നൂല്ല മോനെ… ദേ… ഈ മുറുക്കാൻ കടയിൽ നിന്ന് പ്ലാസ്റ്റിക് കവർ വാങ്ങി.. രണ്ട് കഷണം മുറിച്ച മീൻ പൊതിഞ്ഞ് ഈ കൊച്ചിന് കൊടുത്തതാ പ്രശ്നം.. ഞങ്ങള് മൂന്നു പേരും ഫൈൻ കൊടുക്കണമെന്ന്.
മനസ്സില്ലെന്ന് ഞാനും.. വേണമെങ്കിൽ ഈ മീനെടുത്ത് തലയില് വച്ച് കൊടുക്കാം.
ദേ… തള്ളേ.. വയസ്സായന്നൊന്നും ഞാൻ നോക്കില്ല. പ്ലാസ്റ്റിക് മാലിന്യം മനുഷ്യനും പ്രകൃതിക്കും വരുത്തുന്ന ദോഷങ്ങളെന്താന്ന് അറിയാമോ..?
ചേട്ടാ.. അവർക്കറിയാഞ്ഞിട്ടാ.. പോട്ടെ! ഒരു തവണത്തേക്ക് ക്ഷമിച്ചേക്ക്. ഹരി.. പറഞ്ഞു.
മാറിനില്ലെടോ? ഇത് ഞങ്ങൾ കൈകാര്യം ചെയ്തോളാം…
കുറെ നാളുകളായി മുന്നറിയിപ്പ് കൊടുക്കുന്നു. നഗരം മുഴുവൻ നാശമായി കൊണ്ടിരിക്കുന്നു.
വൃദ്ധയെ പിടിച്ച് മാറ്റി.. പ്ളാസ്റ്റിക് കവറുകൾ അവരിൽ നിന്നും കടയിൽ നിന്നും പിടിച്ചെടുത്ത് വണ്ടിയിലിട്ടു.
ഫൈൻ എഴുതി നോട്ടിസ് കടക്കാരന് കൊടുത്തു.എന്നിട്ട് വൃദ്ധയുടെ അരികിലെത്തി.
എന്താ.. തള്ളേ നിങ്ങളുടെ അഡ്രസ് ?
മറിയം, സെന്റ് ജോസഫ് ചർച്ച്, സീലാൻഡ് .
ഹരിയും വിഷ്ണുവും ചിരിച്ചു കൊണ്ട് വൃദ്ധയെ നോക്കി നിന്നു.
കളിക്കാതെ അഡ്രസ്സ് പറയുന്നതാ നല്ലത്..
കളിയല്ല സാറേ … കാര്യമാ.
രാവിലെ ആരുടെയെങ്കിലും വലയില് വീഴുന്ന മീൻ കുറച്ച് വാങ്ങി. ഇവിടിരുന്ന് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് മമ്മദിന്റെ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച് അവിടുന്ന് ഒരു കുളിയും നടത്തി.. പള്ളി നടയിൽ കിടക്കും. അധ്വാനിച്ച് തിന്നണമെന്ന് നിർബ്ബന്ധമുള്ളത് കൊണ്ട് ഇത് പോലെ പിടിച്ച് പറിയില്ല. പിഴ തന്നില്ലെന്ന് പറഞ്ഞ്, ഇനിയിതിന്റെ പേരിൽ പുതിയ ജയില് പണിത് അതിൽ കൊണ്ടിടുമെന്ന് പറഞ്ഞാലും മറിയം അഞ്ച് പൈസ തരില്ല. മറിയത്തിന് മക്കളില്ലായിരിക്കാം. ചങ്കുറപ്പുള്ള ഒരു തന്തയുണ്ടായിരുന്നു.
ഹരി രണ്ട് കയ്യും ഉയർത്തി കയ്യടിച്ചു..പിന്നെ.. അവരെ ചേർത്ത് പിടിച്ച് പറഞ്ഞു. മക്കളില്ലാന്ന് ആരാ.. പറഞ്ഞത്.
വലിയ വീട്ടിലെ കുട്ടിയാന്ന് കണ്ടാ തന്നെ അറിയാം.. മീനിന്റെ മണമുണ്ടായിട്ടും ചേർത്ത് പിടിച്ചത്. കണ്ടാ.. സാറേ.. അതാണ് മനസ്സിന്റെ നന്മ.
അപ്പോഴേക്കും വിഷ്ണു ഹരിയുടെ ചെവിയിലെന്തോ പറഞ്ഞു.
ഹരി നോക്കുമ്പോൾ തൊട്ടപ്പുറത്ത് മതിലിനുള്ളിൽ പിടിപ്പിച്ച് വച്ച ഫൈൻ ആർട്സ് എന്ന് എഴുതി വച്ച ഫ്ളക്സ് ബോർഡ് നീക്കം ചെയ്യാൻ പോകുന്നു മറ്റൊരാൾ .
വിഷ്ണു ഓടി ഷോപ്പിനകത്ത് കയറി .. അല്പ സമയത്തിനുള്ളിൽ വീൽ ചെയറിൽ ഇരിക്കുന്ന ഒരാളെയും കൊണ്ട് തിരിച്ച് വന്നു.
ഹരി വിഷ്ണുവിന് അരികിലെത്തിയതും വിഷ്ണു പറഞ്ഞു..
ഇതാണ് ഞാൻ പറഞ്ഞ ദേവേട്ടനും പ്രിൻസി ചേച്ചിയും. ഇവർക്ക് ബന്ധുക്കളെന്ന് പറയാൻ ഈ നാട്ടുകാരല്ലാതെ വേറെ ആരുമില്ല. എം.കോം. ആണ് .. പത്ത് വർഷം കൊണ്ട് ഡിസൈൻ വർക്കുമായ് ഇവിടെ തന്നെയാണ്.
പ്രിൻസി കരയുകയാണ്..
ചേച്ചിയെന്തിനാ കരയുന്നത്..
കരയാതെന്ത് ചെയ്യും. ഗതിയില്ലാത്തവർക്ക് ഒഴുക്കി കളയാനും കെട്ടി നിർത്താനും ദൈവം അതല്ലേ… തരൂ…
തൊട്ടതിനും പിടിച്ചതിനുമെല്ലാം.. ഫൈൻ. ഒരു വർഷമാകാൻ പോകുന്നു കാര്യമായെന്തെങ്കിലും പണി ചെയ്തിട്ട്.. റിട്ടേൺ ഫയൽ ചെയ്യാത്തതിന് പെനാൽറ്റി മാത്രം അറുപതിനായിരം രൂപ.ജി.എസ്. ടി. അടച്ചു. ജി.എസ്. ടി. കട്ട് ചെയ്യാൻ പറഞ്ഞപ്പേർ പെനാൽറ്റി അടച്ച് തീർത്താലേ … പറ്റുള്ളൂന്ന് ..
താലിമാല വിറ്റ് അടച്ചിട്ടും. ഇനിയും ഇരുപത്തയ്യായിരം ബാലൻസുണ്ടെത്രെ.. എന്തെങ്കിലും ചെയ്ത് ഒന്നൊഴിവാക്കി തരാൻ പറഞ്ഞപ്പോർ ഉദ്ദ്യോഗസ്ഥർ പറയുന്നു. കേന്ദ്രത്തിൽ പറഞ്ഞാലേ… നടക്കൂന്ന് .. സത്യം പറഞ്ഞാൽ കടലിൽ ചാടി ചത്താലോന്ന് ആലോചിക്കുകയാ.
പ്രിൻസി ചുരിദാറിന്റെ ഷാൾ തുമ്പ് ഉയർത്തി കണ്ണീർ തുടച്ചു.
സർ. ദയവ് ചെയ്ത് സാവകാശം തരണം. ദേവൻ
ഉദ്ദ്യോഗസ്ഥൻമാർക്ക് നേരെ കൈകൂപ്പി.. പരസഹായം കൊണ്ടാ.. ഇപ്പോൾ എന്റെയും കുടുംബത്തിന്റെ യും അന്നം കഴിയുന്നത്. ഒൻപത് മാസമായി ആക്സിഡന്റിൽ പെട്ട് കാര്യമായ് വർക്കെന്തെങ്കിലും ചെയ്തിട്ട് .. വീണ്ടും വർക്ക് ചെയ്യാനായി ഓരോ സാധനങ്ങൾ എടുത്ത് വച്ചിട്ട്ഒരു മാസം ആയി. ഒരു ലക്ഷം രൂപയിൽ കൂടുതൽ ഫ്ളക്സ് റോളുകൾ ഇരിപ്പുണ്ട്. ഈ നഷ്ടമൊക്കെ ആരു തരും സർ.. കയ്യിലുള്ളതും പത്ത് ലക്ഷം രൂപ ബാങ്ക് ലോണുമെടുത്താണ് ഇതൊക്കെ നടത്തുന്നത്. ജീവിക്കാനനുവദിക്കണം സർ…
നേരത്തെ അറിയാമായിരുന്നല്ലോ?
ഞങ്ങൾക്ക് ഉത്തരവ് നടപ്പിലാക്കിയേ മതിയാകൂ.. അഴിച്ചെറക്കടോ താഴെ. ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം.. ബോർഡ് അഴിക്കാൻ തുടങ്ങിയതും ഹരി അയാളുടെ കയ്യിൽ പിടിത്തമിട്ടു.
ഈ ബോർഡ് ഇവിടിരുന്നത് കൊണ്ട് പ്രകൃതിക്കെന്ത് ദോഷമാണ് സർ ഉണ്ടാകുന്നത്.
താനിവിടെയും വന്നോ?
ചോദിച്ചതിന് മറുപടി പറയണം സർ..
നിന്നോട് മറുപടി പറയേണ്ട കാര്യം എനിക്കില്ല. ഡ്യൂട്ടിയിൽ തടസ്സം നിന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരും.
ഞാൻ ദുഃഖിച്ചോളാം. സർ ഈ ബോർഡ് കണ്ടിട്ട് വേണം ഈ സ്ഥാപനത്തിലേക്ക് കസ്റ്റമർ വരാൻ.. ആർക്കും ദോഷമില്ലാതെ ഒരിടത്ത് ഇരിക്കുന്ന ഫ്ളക്സ് ബോർഡ് ആണിത്. ഇത് കത്തിച്ച് കളയുമ്പോഴാണ് പ്രകൃതിക്കും മനുഷ്യർക്കും ദോഷമാകുന്നത്. അത് കൊണ്ട് തന്നെ ഇത് ഇവിടുന്ന് അഴിച്ച് മാറ്റാൻ പറ്റില്ല.
അത് പറയാൻ താനാരാ ..?
ഞാനാരോ ആയിക്കോട്ടെ!
ഇതവരുടെ ജീവിത മാർഗ്ഗത്തിനുള്ള
പരസ്യ ബോർഡാണ്.
മാത്രവുമല്ല ഇത് റിസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക്കാണ്.
പരസ്യം വേണമെങ്കിൽ സർക്കാർ ബദൽ സംവിധാനം ചെയ്തിട്ടു തുണിയിൽ പ്രിന്റ് ചെയ്ത് വയ്ക്കണം.. ഇല്ലെങ്കിൽ പത്രത്തിൽ പരസ്യം ചെയ്യണം.
ആയിരം രൂപയ്ക്ക് താഴെ വരുന്ന ഒരു പരസ്യം മൂന്നോ നാലോ വർഷം ഇരിക്കുമ്പോൾ അതിന്റെ മൂന്നിരട്ടി ചെലവിൽ തുണിയിൽ പ്രിന്റ് ചെയ്ത് വച്ചാൽ തുടർച്ചയായ മഴയിൽ അത് പായല് പിടിച്ച് പോകും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് വീണ്ടും ചെലവാക്കാൻ സാധാരണക്കാരന്റെ കയ്യിൽ എവിടുന്നാ കാശ്. വളരെ വില കുറച്ച് പ്ലാസ്റ്റിക് ലഭ്യമാകുന്നത് കൊണ്ടാണ്. സാധാരണ ജനങ്ങൾ ദോഷമാണെന്നറിഞ്ഞിട്ടും അത് തന്നെ ആശ്രയിക്കുന്നത്. ആദ്യം ജനങ്ങളെ ബോധവത്കരിക്കണം സർ.. ചീഞ്ഞ് നാറുന്ന ധാരാളം മാലിന്യങ്ങൾ ഇവിടെ ഉണ്ട്… പൊതുവഴികളിലും അന്യന്റെ പുരയിടങ്ങളിലും പുഴയിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണം സർ ആദ്യം. മൂക്കുപൊത്തിയല്ലാതെ വഴി നടക്കാൻ കഴിയില്ലന്ന് പറഞ്ഞല്ലോ? . മാലിന്യം പ്ലാസ്റ്റീക് കവറിൽ കെട്ടി വലിച്ചെറിയുന്നവർക്ക് വിഴ ചുമത്തണം. തുള്ളിമരുന്ന് കൊടുക്കാനും പകർച്ച പനി വരാതിരിക്കാനുള്ള ഒരു മിനിറ്റ് ക്ലാസ്സുമായും, ജനസംഖ്യാ കണക്കെടുപ്പിനും വീടുകൾ തോറും കയറിയിറങ്ങുമല്ലോ? അത് പോലെ ഒരു ഫൈനും ഈടാക്കാതെ ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന പളാസ്റ്റിക് സാധനങ്ങളുടെ ദോഷങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തിട്ട് ഫൈനില്ലാതെ ശേഖരിക്കണം സർ . എന്നിട്ട് പുനരുപയോഗം ചെയ്ത് വരുമാനമുണ്ടാക്കാൻ നോക്ക്… അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്. നല്ല വരുമാനവും കിട്ടും..
ഇല്ലെങ്കിൽ നിർമ്മാണ യൂണിറ്റ്കൾ പുട്ടിക്കണം. അത് ചെയ്യാതെ പാവപ്പെട്ടവന്റെ പിടലിക്ക് പിടിക്കാൻ നോക്കണ്ട. ശിഖരങ്ങൾ മുറിച്ച് മാറ്റിയാൽ പിന്നെയും പിന്നെയും മുളപ്പൊട്ടും. അത് കൊണ്ട് ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയണം.. അതാണ് നിങ്ങൾ നാടിന്റെയും പ്രകൃതിയുടെയും സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ടത്. അല്ലാതെ പാവപെട്ടവന്റെ വിയർപ്പിന്റെ ശമ്പളം പറ്റാൻ നോക്കരുത്.
നിന്റെ പ്രസംഗം കേൾക്കാനല്ല ഞങ്ങൾ വന്നത്. ഇവിടെ ഇത്രയും ആൾക്കാരുടെ സാധനങ്ങൾ നീക്കം ചെയ്തപ്പോൾ ആർക്കും പരാതിയില്ല. നിനക്ക് മാത്രമെന്തായിത്ര ചൊറിച്ചിൽ.
പരാതി പറയില്ല സർ ആരും.. സുനാമി ഭീഷണിയുണ്ടെന്ന് പറഞ്ഞ് മുന്നറിയിപ്പുമായ് സർക്കാർ വാഹനങ്ങൾ പലതവണ കടന്നു പോയ്കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരടിയനങ്ങാതെ പലരും അവരുടെ പതിവ് ജോലികളുമായ് ഈ കടുത്ത കോളിലും കടലിലിറങ്ങിയിട്ടുണ്ട്. നോട്ടു നിരോധനം …പൗരത്വം …. പ്ളാസ്റ്റിക് നിരോധനം ….ഒക്കെ കൊണ്ട് പൊറുതി മുട്ടിയിരിക്കയാ ജനങ്ങൾ. ജീവിതത്തെക്കാൾ മരണമാണ് നല്ലെതെന്ന് ചിന്തിച്ചത് കൊണ്ടാവും ആരും ഇവിടുന്ന് മാറി പോകാത്തത്.
അടുത്തേക്ക് കൂടി വന്നവരോട് വിഷ്ണു പറഞ്ഞു.
നിങ്ങളൊക്കെ കടലിന്റെ മക്കൾ ഉശിരുള്ള മക്കൾ എന്നാ.. ഞങ്ങളുടെ നാട്ടിൽ നിങ്ങളെ കുറിച് പറയുന്നത്. എന്നിട്ട് വൃദ്ധയായ ഈ അമ്മയിൽ മാത്രമാണല്ലോ ഞങ്ങളാ ഉശിര് കണ്ടത്.
ഉഷിരാക്കെയുണ്ട് സാറമ്മാരെ വരാൻ ഞങ്ങൾ അല്പം വൈകി..
നീയൊക്കെ അപ്പോ വരത്തൻ മാരാണല്ലേ…
നെറികേടിനെതിരെ ശബ്ദിക്കാൻ ഒരു നാട്ടുകാരനാവണമെന്നില്ല. നാവിനല്പം ബലം വേണമെന്ന് മാത്രം.
വഴി തടസ്സം നിന്നാൽ പോലീസിനെ വിളിക്കും..
വിളിക്കണം സർ പോലീസിനെ. സർക്കാരിനെ വളർത്തുന്ന പത്രക്കാരെയും മീഡിയക്കാരെയും ഒക്കെ വിളിക്ക്. ഞങ്ങൾക്ക് സംസാരിക്കേണ്ടതും തലപ്പത്തിരിക്കുന്നവരോട് തന്നെയാ. ഇരുപത്തയ്യായിരമോ അൻപതിനായിരമോ സർക്കാരിന് ഫൈൻ തന്നാൽ ഈ മാലിന്യം സുഗന്ധ പുഷ്പങ്ങളാകുമോയെന്ന് ചോദിക്കണമവരോട് ഞങ്ങൾക്ക? പാവപെട്ടവരുടെ ജീവിത മാർഗ്ഗം തടസ്സപ്പെടുത്തമ്പോൾ പകരം അവർക്ക് ഒരു ജോലിയെങ്കിലും കൊടുക്കാത്തതെന്താന്ന് ചോദിക്കണം. ഇല്ലെങ്കിൽ അവരുടെ ബാങ്ക് ലോൺ തീർത്ത് കൊടുക്കാമോന്ന് ചോദിക്കണം. അതിനും പോക്കില്ലെങ്കിൽ കിരീടത്തിൽ പൊൻ തൂവലു പിടിപ്പിക്കാൻ വേണ്ടി പ്രായോഗികമല്ലാത്ത നിരോധനങ്ങൾ കൊണ്ടു വരാതിരിക്കാനെങ്കിലും നോക്കണമെന്ന് പറയണം.
നിങ്ങളോർത്തോ? ആരെങ്കിലും വന്ന് വീട്ടുവളപ്പിലിരിക്കുന്ന വസ്തു വകകൾ എടുത്ത് കൊണ്ട് പോകുമ്പോൾ നട്ടെല്ല് വളച്ച് കൂനി കൂടി നിൽക്കുന്നത് കൊണ്ടാണ്.. ഓരോ തവണയും ഇവിടെ അനീതി ജയിക്കുന്നതും പാവപ്പെട്ട ജനങ്ങൾ തോൽക്കുന്നതും. ഓരോ പ്രാവശ്യം നമ്മൾ തോറ്റ് കൊടുക്കുമ്പോഴും പുതിയ പുതിയ നിരോധനങ്ങൾ നമുക്ക് മേൽ വരും. അനുവദിച്ച് കൊടുക്കരുത് ഒറ്റകെട്ടായ് നിന്നാൽ ഒരുത്തനും ഒന്നും ചെയ്യില്ല..
ഡിജിറ്റൽ ഇന്ത്യയാണെത്രെ.. ഡിജിറ്റൽ ഇന്ത്യ. ഞങ്ങൾ ചവിട്ടിനിൽക്കുന്ന മണ്ണിനും താമസിക്കുന്ന പാർപ്പിടത്തിനും ഉടുക്കുന്ന വസ്ത്രത്തിനും ചെയ്യുന്ന തൊഴിലിനും വാങ്ങുന്ന ഓരോ സാധനത്തിനും നികുതി തരുന്നുണ്ട്. കുടിക്കുന്ന വെള്ളത്തിനും ഉപയോഗിക്കന്ന വൈദ്യുതിക്കും തുടങ്ങി എന്തിനും ഏതിനും ഞങ്ങൾ കാശ് തരുന്നുണ്ട്.
എന്നിട്ടും ഈ സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമില്ല.
വീട്ടിൽ കാശ് വയ്ക്കാൻ പാടില്ല. സ്വർണ്ണം വയ്ക്കാൻ പാടില്ല. ഞങ്ങളുടെ അവകാശങ്ങളിൽ കൂടുതൽ കൈ കടത്താൻ നിൽക്കാതെ സ്ഥലം വിടാൻ നോക്ക്..
എന്നിട്ട് ചെന്ന് നിരോധിക്കേണ്ട കാര്യങ്ങൾ നിരോധിക്ക്..
ഈ സിഗരറ്റും മദ്ധ്യവും നിരോധിക്കാത്തതെന്താ.. വിറ്റഴിയുമ്പോൾ കോടി കണക്കിന് നികുതി സർക്കാരിന്റെ കീശയിൽ വീഴുമല്ലോ? അല്ലേ..?
പ്ളാസ്റ്റികിലും ഞങ്ങളെഴുതിവച്ചോളാം ഈ സാധനം ആരോഗ്യത്തിന് ഹാനികരമെന്ന് ..മുക്കിനും മൂലയിലും വച്ചിരിക്കുന്ന മൊബൈൽ ടവറുകൾ നിരോധിക്കേണ്ടേ.. പറഞ്ഞാൽ ഇനിയുമുണ്ട്..
ചുറ്റിനും കൂടിയവരോട് ഹരി പറഞ്ഞു. വെറുതെ കാഴ്ച കാണാൻ നിന്നാൽ നാളെ ശ്വാസം വിടുന്നതിന് പോലും സർക്കാരിന്റെ അനുവാദം വാങ്ങേണ്ടി വരും. അവർ പറയാതെ വീടിന് പുറത്തിറങ്ങാതെ ഇരിക്കേണ്ടി വരും നടുവളച്ച് കൊടുത്താൽ നട്ടെലിൽ ചാപ്പകുത്തും ഇവർ. സ്വാതന്ത്ര്യമില്ലാതെ ജീവിക്കുമ്പോൾ എല്ലാം ത്യജിച്ച് സ്വാതന്ത്ര്യം നേടി തരാൻ നെഞ്ച് വിരിച്ച് ഇറങ്ങാൻ ഉശിരുള്ളവർ ഉണ്ടായാലും.ഉത്തരവില്ലാതെ പോലീസുകാരുടയൊ മനുഷ്യ മൃഗങ്ങളുടെയോ വെടിയുണ്ടയിൽ തീരേണ്ടി വരും.
അനുവദിച്ച് കൊടുക്കരുത് നിങ്ങൾ. ഒറ്റകെട്ടായി നിന്നാൽ ഒരു ശക്തിക്കും നമ്മളെ തോൽക്കാനനുവദിക്കില്ല.
പോയിനെടാ.. വണ്ടികളുമെടുത്തോണ്ട് .. പ്ലാസ്റ്റിക് കത്തിക്കാതെ സൂക്ഷിച്ച് വച്ചാൽ എടുത്തോളാമെന്ന് പറഞ്ഞപ്പോൾ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്നവരാ ഞങ്ങൾ.. എന്നിട്ട് പിഴയിടാൻ വരുന്നോ? ഷർട്ടിടാതെ മുണ്ട് മടക്കി കുത്തി.. മുന്നോട്ട് വന്നു ഒരാൾ . പിന്നെ ഓരോരുത്തരായി.. കൂടി.. കൂട്ടമായ്. ഒച്ചപ്പാടായി..
ചേച്ചി .. ചേട്ടനെ അകത്ത് കൊണ്ട് പൊയ്ക്കോ? വിഷ്ണു പറഞ്ഞു.
ഭർത്താവ് വീണ് പോയാൽ സഹായിക്കാൻ ഇത് പോലെ കുറെ അനിയൻമാരുണ്ടാവും സഹായത്തിന് .
എന്ത് പറഞ്ഞെടാ…. ചെറ്റേ… ഹരി ഉദ്ദ്യോഗസ്ഥന്റെ കഴുത്തിൽ കുത്തി പിടിച്ചു.. അനാവശ്യം പറഞ്ഞാലുണ്ടല്ലോ? കൊന്ന് കടലിലെ റിയും.
കൂടെ നിന്നയാൾ പോലീസിനെ വിളിക്കാൻ ഫോണെടുത്തു.
അപ്പോഴേക്കും ഹരി ഫോണെടുത്ത് വിളിച്ചു. കാൾ കണക്ടായതും
സ്പീക്കർ ഓൺ ചെയ്തിട്ടു..
അച്ഛാ.. ഞാനാ.. ഹരി.
എന്താ മോനെ?
അച്ഛാ.. ഞാൻ സീലാൻഡിൽ ചെറിയൊരു പ്രശ്നത്തിലാ..
എന്ത് പ്രശ്നം…? ഗോവിന്ദ മേനോൻ ഉത്കണ്ഠപ്പെട്ടു.
പ്ലാസ്റ്റിക് നിരോധനം..
സി.എം. അടുത്തുണ്ടോ?
ങാ.. സി.എമ്മിന്റടുത്താ ഞാൻ. കൊടുക്കണോ?
വേണ്ട.. ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ടെന്ന് പറയാനാ.. ഹരി ഫോൺ കട്ട് ചെയ്തു.. എന്നിട്ട് പറഞ്ഞു. വിളിക്ക്.. പോലീസിനെയോ കളക്ടറിനെയോ? ആരെ വേണമെങ്കിലും വിളിക്ക്. ഞങ്ങൾ സി.എമ്മിന്റടുത്ത് ഉണ്ടാകും.
വാടാ..വിഷ്ണു .
ഹൊ.. അപ്പോ.. മോൻ സി.എമ്മിന്റെ ആളാ..
ഉം.. സി.എമ്മിന്റെ സ്വന്തം ആളാ..
അപ്പോഴേക്കും അവരുടെ അരികിൽ ഒരു കാർ വന്നു നിന്നു.
സൈഡ് ഗ്ലാസ് താഴ്ത്തി ഹരികുമാർ ചോദിച്ചു.
ഹരി.. എന്താ. പ്രശ്നം. ഹരി കാര്യങ്ങൾ ചുരുക്കി പറഞ്ഞു.
വന്നേ… കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..
ഞാൻ വൈകിട്ടങ്ങ് വീട്ടിൽ വരാം അങ്കിൾ.. ഇവിടെ. പോലീസ് വന്നാൽ ശരിയാകില്ല..
മോൻ ധൈര്യമായ് പൊയ്ക്കോ? ഒരുത്തനും ഒന്നും ചെയ്യില്ല..ഞങ്ങൾ ഉണ്ടെന്തിനും.
ഹരിയും വിഷ്ണുവും കാറിൽ കയറി.
ടാ….. സി.എം.. ന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ് ന്ന് വിചാരിച്ചിരിക്കയാ. അവർ.
പ്രോജക്ട് എന്തായി… ശ്രീദേവി ചോദിച്ചു.
അത് നടക്കില്ല.. ഒരു വിദേശ കമ്പനി ചോദിക്കുന്നുണ്ട്. ഞങ്ങൾക്ക് കാശല്ല വേണ്ടത്. ഞാവൽ പുഴ ഗ്രാമത്തിന്റെ ഉൾപ്രദേശത്ത് വൈദ്യുതിയില്ല. സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല..
പദ്ധതി ഞാൻ നടപ്പാക്കും. അതെന്റെ കുഞ്ഞാറ്റയുടെ സ്വപ്നമാ.. അത് പൂവണിയിച്ച് കൊടുത്തില്ലെങ്കിൽ കുഞ്ഞാറ്റയുടെ കിച്ചായെന്ന് പറഞ്ഞിട്ട് കാര്യമില്ല.
കൃഷ്ണമോളെ കണ്ടോ?
സി.എമ്മിനെയും കൊണ്ട് നാട്ടിൽ വന്നപോൾ പോയിരുന്നു. വിശേഷങ്ങൾ ചോദിക്കാൻ സമയം കിട്ടിയില്ല. പുലർച്ചെ ഞാനിറങ്ങി. ഒരു മാസം ആയി.. പോയിട്ട്.
നാളെ രാവിലെ പോകണം.
എന്താങ്കിളെ പറയാനുണ്ടെന്ന് പറഞ്ഞത്?
രാജേഷ് മോൻ ഇന്നു വരുന്നുണ്ട് എയർപോർട്ടിൽ പോകുന്ന വഴിയാ.
ങാ..ഹാ. സന്തോഷമുള്ള കാര്യമാണല്ലോ?
രാകേഷിനെ വിളിച്ചിട്ട ഫോൺ കിട്ടുന്നേയില്ല.
കൃഷ്ണമോള് ഇത് വരെയും ഒന്നും പറഞ്ഞില്ലേ. മാസം ഒന്നായല്ലോ? ഹരിയെങ്കിലും അറിഞ്ഞ് കാണുമെന്നാ വിചാരിച്ചത്.
കുടുംബത്തിന് ആകെ ചീത്ത പേരായി.. കൃഷ്ണമോള് പിണങ്ങി പോയതിൽ പിന്നെ ഞങ്ങൾ തറവാട്ടിലാ…രാകേഷ് മോനെങ്ങോട്ടോ? പോയ്..
കുഞ്ഞാറ്റ പിണങ്ങി പോയെന്നോ? എന്തിന്?
അവളോട് തന്നെ ചോദിക്ക് ….നീ ഒന്നും പറയാനുള്ള ശക്തിയില്ല ഞങ്ങൾക്കിപ്പോഴും.
(തുടരും)
❤️❤️❤️ ബെൻസി❤️❤️❤️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ബെൻസി മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Kicha okke arinjal kunjattayum kichayum ennavum 👍👍.😍😍😍