ഞാനും എന്റെ കുഞ്ഞാറ്റയും – 44, 45

  • by

2850 Views

njanum ente kunjattayum aksharathalukal novel by benzy

വിപഞ്ചിക

അച്ഛാ..

ഉം… സി.എം. മൂളി..

ഇങ്ങനെ ആഹാരം കഴിച്ചാൽ ശരിയാവില്ല കേട്ടോ?

വേണ്ടാത്തത് കൊണ്ടല്ലേ..

അതൊന്നും പറഞ്ഞാൽ ശരിയാകില്ല. ദേ.. അച്ഛന്റെ ദേവൂട്ടിയെ  കണ്ടോ? എല്ലും തോലുമായ്.. രണ്ടാളും മത്സരിച്ചിങ്ങനെ കഴിക്കാതിരുന്നാൽ അച്ഛന്റെയും അമ്മയുടെയും പ്രിയകുട്ടിക്കാരാ ഉള്ളത്.

എപ്പോഴും ന്റെ പ്രിയകുട്ടി അച്ഛന്റെ അരികിൽ ഇരുന്നിങ്ങനെ സംസാരിപ്പിച്ച് കൊണ്ടിരിക്കുന്നത് കൊണ്ടാ.. ചെറിയമ്മാവന്റെ സംസാരം ക്ലിയറായി വരുന്നത്..

മാളൂട്ടി പറഞ്ഞു.

രണ്ടാളും കൂടി കളവ് പറഞ്ഞെന്നെ പറ്റിക്കണ്ടാ.. സി.എം. പറഞ്ഞു.

കളവോ? അച്ഛമ്മേ… അമ്മേ… രണ്ടാളും ഇങ്ങോട്ടൊന്ന് വന്നോ? കളവ് പറയുന്നത് ആണോ എന്ന് അച്ഛമ്മേഠ അമ്മേം വരുമ്പോൾ അറിയാമല്ലോ?

ഉം.. ന്റെ മാളൂട്ടി കളവ് പറയില്ല.. പക്ഷേ! ന്റെ പ്രിയമോള് നന്നായി കളവ് പറഞ്ഞു  പറ്റിച്ചു അച്ഛനെ.

പറ്റിച്ചെന്നോ? ഞാനോ? കൃഷ്ണയ്ക്ക് സങ്കടം വന്നു. പറയച്ഛാ..ഞാനെപ്പോഴാ.. എങ്ങനെയാ  എന്റെ അച്ഛനെ പറ്റിച്ചത്.

സത്യങ്ങളെല്ലാം അച്ഛൻ അറിഞ്ഞു എന്നൊരു ഭയം കൃഷ്ണക്ക് ഉണ്ടായിരുന്നു എങ്കിലും അച്ഛൻ അതു പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി.

അപ്പോ.. അച്ഛൻ എന്തോ.. മനസ്സില് വച്ചാണെന്നോട് ഇതുവരെ പെരുമാറിയതല്ലേ. എന്തിനാ.. അച്ഛാ.. അങ്ങനെയെന്നോട് പെരുമാറിയത്..

ഈ അച്ഛനോട് കളവ് പറഞ്ഞിട്ടില്ലെന്ന് എന്റെ മോൾക്ക് ഉറപ്പിച്ചൊന്ന് പറയാമോ? എന്നോട് മാത്രമല്ല ഈ രണ്ട് കുടുംബത്തോടും നീ.. കളവ് പറഞ്ഞിട്ടില്ലെന്ന്.

കൃഷ്ണ പൊട്ടികരഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്കോടി.. അത് കണ്ട് കൊണ്ടാണ് ഗോമതിയമ്മയും ദേവപ്രഭയും അങ്ങോട്ടേക്ക് വന്നത്.

എന്താ.. എന്താ.. മാളൂ…

മാളു … ഒന്നും മിണ്ടിയില്ല.

ഞാൻ വഴക്കു പറഞ്ഞു. സി.എം. പറഞ്ഞു.

എന്തിനാ സി.എമ്മേ..

നീ.. ആരെയും വഴക്ക് പറയാത്തതാണല്ലോ? പ്രത്യേകിച്ചും പ്രിയ കുട്ടിയെ. ഇന്ന് മുഴുവനും കരയാനവൾക്ക് അത് മതി. വന്നതിൽ പാതിയായി. രാകേഷ് മോൻ കണ്ടാൽ സഹിക്കില്ല. ഒന്നും കഴിക്കണില്ലാന്ന് മോനോട് പറയാമെന്ന് വച്ചാൽ ഫോണും കൊണ്ടാരോട്ടമാ. പിന്നെ പുഴക്കരയിൽ ചെന്നാ നില്ക്കുന്നുന്നതും സംസാരിക്കുന്നതും

ഞാൻ പോയി കൂട്ടീട്ട് വരാം.. മാളൂട്ടി പുറത്തിറങ്ങി.

ഓടാതെ പോണം കേട്ടോ?

ങാ… അച്ചമ്മേ ?

മാളു.. ചെല്ലുമ്പോൾ കൃഷ്ണ അയണി മരച്ചോട്ടിൽ മുട്ടിൽ മുഖമൊളിപ്പിച്ച് വച്ച് കരയുകയാണ് .

അയ്യേ …. ന്റെ  പ്രിയ കുട്ടീ ….ഇവിടെ വന്നിരുന്ന് കരയാണോ ? ചെറിയമ്മാവൻ  ചുമ്മാ പറഞ്ഞതല്ലേ ?നീയത് കാര്യമായിട്ടാ  എടുത്തത്. 

അച്ഛൻ പറഞ്ഞത് മാള്യേച്ചീം കേട്ടതല്ലേ …..

അതൊക്കെ ശരിയാ . ചെറിയമ്മാവൻ അങ്ങനെ പറഞ്ഞത് നിൻറെ കുസൃതി കാണാൻ വേണ്ടിയല്ലേ ….?

അല്ല …. അല്ല …അല്ല എൻറെ അച്ഛനെ എനിക്ക് അറിയരുതോ? അച്ഛൻ ഇപ്പോൾ എന്നോട് എപ്പോഴും ഒരുതരം ദേഷ്യമാ..

എന്നോട്   മാത്രമല്ല അമ്മയോടും അങ്ങനെയാണ്.

എൻറെ പ്രിയ മോളെ അത് അച്ഛന് സുഖം ഇല്ലാഞ്ഞിട്ടല്ലേ . നിനക്കറിയാമോ അച്ഛൻ പറഞ്ഞു  സ്ട്രോക്ക് വരുന്ന  ആൾക്കാർക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന്?

എന്തോ എനിക്ക് അങ്ങനെ തോന്നുന്നില്ല. അങ്ങനെയെങ്കിൽ അച്ഛമ്മയോടും ഗോവിന്ദാമ്മയോടും മാളേച്ചിയോടും കിച്ചയോടും ഒക്കെ ദേഷ്യപെടണ്ടേ..

ഞങ്ങളൊക്കെ വളരെ കുറച്ചു സമയമല്ലേ. ചെറിയമ്മാവന്റെയരികിൽ ഇരിക്കുന്നുള്ളൂ. നിങ്ങൾ രണ്ടാളും അല്ലേ ചെറിയമ്മാവന്  ആഹാരം കൊടുക്കാനും മരുന്നു കൊടുക്കാനും ഒക്കെ നിൽക്കുന്നത്.  അത് ചെയ്യണം ഇത്  ചെയ്യണം എന്നൊക്കെ പറഞ്ഞ് ചെറിയമ്മാവന്നൊപ്പം കൂടുതൽ സമയം  നിൽക്കുന്നത്.  അത് കൊണ്ടാണ് നിങ്ങളോട് മാത്രം ദേഷ്യം. നിങ്ങളെ ഞങ്ങളെക്കാൾ ഇഷ്ടം ഉള്ളത് കൊണ്ടാ…

ആ പാവം.  അറിയാതെ പറഞ്ഞു പോയതിന്  നീ ഇങ്ങനെ പിണങ്ങി ഇരുന്നാൽ ചെറിയമ്മാവന് ,  ഒത്തിരി വിഷമമാകുമെന്നേ… നിന്നെ വിളിക്കാൻ ഞാൻ വന്നത് അത് കൊണ്ടാ.

വാ.. വന്നേ…. മാള്യേച്ചിയല്ലേ… വിളിക്കുന്നത്.

അനുസരണയോടെ കൃഷ്ണ മാളുവിന്റെ  കൈപ്പിടിച്ച് പൂമുഖത്തേക്ക് കയറി. കൃഷ്ണയെ അച്ഛമ്മയ്ക്കും  അമ്മയ്ക്കും ഒത്തിരി   നേരം ആശ്വസിപ്പിക്കേണ്ടി വന്നു.  പിണക്കം മാറിയതും ,  അവൾ സി. എമ്മിന്റെ മുറിയിലേക്ക് കയറി ചെറിയ പരിഭവം നടിച്ച അവൾ ജനൽ പടിയിൽ ചേർത്തിട്ട കസേരയിൽ അച്ഛന് മുഖം കൊടുക്കാതെ ഇരുന്നു. എന്നിട്ട് മൊബൈലെടുത്ത് ഒരു വീഡിയോ  അല്പം സൗണ്ടിൽ ഇട്ടു കണ്ടു കൊണ്ടിരുന്നു.

പ്രധാന വാർത്തകൾ  നാട്ടുകാർ അവിഹിത ഗർഭമെന്ന് പറഞ്ഞ് പരത്തിയ ഗർഭം ആറ് കിലോയിൽ കൂടുതലുള്ള മുഴയുടെ വലിപ്പത്തിൽ …..

തിരുവനന്തപുരം സ്വദേശിയായ 25 വയസ്സുള അമൃതയെന്ന  യുവതിക്കാണ് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഈ ദുരന്തം അനുഭവിക്കേണ്ടി വന്നത്. ഇന്ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഓപ്പറേഷനിലൂടെ വലിപ്പമുള്ള ഈ മുഴ പുറത്തെടുക്കുകയായിരുന്നു. 

പ്രിയകുട്ടീ… സി.എം. വിളിച്ചു.

കൃഷ്ണ മുഖം തുടച്ച് അച്ഛനെ നോക്കി ചോദിച്ചു.

എന്താ അച്ഛാ ?

എൻറെ മോൾക്ക് ഈ വീഡിയോ എത്രകണ്ടാലും മതിവരില്ലേ ?

ഊം….ഹും.

അതിൽ എൻറെ പ്രിയ മോളുടെ പേര് പറഞ്ഞതുകൊണ്ടാണോ ഇങ്ങനെ എപ്പോഴും  കാണുന്നത്.

അല്ലച്ഛാ ….  അമൃതേച്ചിയെ എനിക്ക് ഒത്തിരിയിഷ്ടാ.  അച്ഛന് ആകുമായിരുന്നെങ്കിൽ നമുക്ക് അമ്യതേച്ചിയെ  കാണാൻ പോകാമായിരുന്നു. ശാലുമോളെ കാണാൻ കൊതിയാകുന്നു.

ആനന്ദേട്ടനെ കിട്ടിയത് അമൃതേച്ചിയുടെ ഭാഗ്യമെന്നാണ് അമൃതേച്ചിയെപ്പോഴും  പറയുന്നത്.

ങ്ങാ.. അച്ഛാ..ആനന്ദേട്ടനെ കണ്ടാൽ ഒരു സിനിമാനടനെ പോലുണ്ട്..  ഇവിടെ വരുമ്പോൾ അച്ഛൻ എന്നോട്  പറയണം.. ഏത് നടനെ പോലെയാണെന്ന്.

നിന്റെ കിച്ചായെക്കാളും ഭംഗിയുണ്ടോ?

കിച്ചായ്ക്ക് ഭംഗിയുണ്ടായിട്ടെന്താ കാര്യം  അച്ഛാ. കുഞ്ഞാറ്റയെ വേണ്ടല്ലോ? ഇപ്പോ..വല്യ ആളാണല്ലോ ? ഞാൻ ഫോൺ വിളിച്ചാലൊന്നും എടുക്കില്ലച്ഛാ.. എനിക്കറിയാം ഞാനുള്ളത് കൊണ്‌ടാ ശനിയും ഞായറും ദിവസങ്ങളിൽ പോലും അചഛനെ കാണാൻ കിച്ച വരാത്തത്.

ഗോവിന്ദാമ്മയോടു രാവിലെ ഫോണിൽ  സംസാരിച്ചു കിച്ചാ..

എന്നിട്ട് ഗോവിന്ദേട്ടനെവിടെ?

പാടത്തും പറമ്പിലുമൊക്കെയായ് ഓരോ  ജോലിയാ. ഞാനും കുറച്ച് നേരം കൂടെയുണ്ടായിരുന്നു. ഒന്ന് നിർ ത്തിയ ശേഷം കൃഷ്ണ പറഞ്ഞു. “ന്നാലും അച്ഛനത് പറഞ്ഞുവല്ലോ? ശരിക്കും എന്റെ  സങ്കടം മാറീട്ടില്ലച്ഛാ?

പോട്ടെ! പ്രിയ കൂട്ടിയുടെ അച്ഛനല്ലേ.. ഇങ്ങ് .. വാ.. അച്ഛന്റെ അടുത്തിരിക്ക്.

കൃഷ്ണ എഴുന്നേറ്റ് അച്ഛന്റെ  അരികിലിരുന്നു.

മോള് പറ… രാകേഷിന്റെ വീട്ടിലെ വിശേഷങ്ങൾ ഓരോന്നും. ഇതുവരെ അച്ഛനോട് ഒന്നും പറഞ്ഞില്ലല്ലോ? ഇനിയിപ്പോ അച്ഛൻ എല്ലാം കേൾക്കാൻ താല്പര്യമുണ്ട്. ന്റെ പൊന്നു മോള്  സന്തോഷമായി ഇരുന്നാൽ മതി

അവിടെ പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല അച്ഛാ.   നമ്മുടെ ഗ്രാമ പോലെ സൗന്ദര്യം ഒന്നും ആ പട്ടണത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. അച്ഛനും അമ്മയും ഒക്കെ എന്നോട് വലിയ സ്നേഹമാ. നയനേച്ചിയും സ്നേഹമായിട്ടേ പെരുമാറിയിട്ടുള്ളൂ..

നയനയുടെ പേര് പറഞ്ഞതും  സി.എമ്മിന്റെ മുഖം വലിഞ്ഞു മുറുകി.

എന്താച്ചാ എന്തുപറ്റി ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് , നയനേച്ചിയുടെ പേര് പറയുമ്പോൾ അച്ഛൻ  ദേഷ്യത്തിൽ ആണല്ലോ ? എന്തുപറ്റി.

സി.എം. പല്ലു ഞെരിച്ച് പിടിച്ചു.

ചെറിയമ്മാവാ… എനിക്ക് ഇവളെ കൊണ്ട് ഒരാവശ്യമുണ്ട്. കുറച്ച് നേരത്തേക്ക് ഞാനിവളെ കൊണ്ട് പോവാണേ.. അതുവരെ ചെറിയമ്മായിം.. അച്ഛമ്മേം.. ചെറിയമ്മാവന്   കൂട്ടിരിക്കും കേട്ടോ?

പറഞ്ഞിട്ട് മാളൂട്ടി കുഞ്ഞാറ്റയെം കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി.

മാളുവേച്ചി …. മാള്യേച്ചിക്ക്  എന്നെ കൊണ്ട് എന്ത് ആവശ്യമാ ഉള്ളത്.

നീലമാങ്ങ രണ്ടെണ്ണം വിളഞ്ഞ് നിക്കണുണ്ട്.. ഞാൻ കുറെ നോക്കി.. കിട്ടണില്ല.. അച്ഛൻ വരണ വരെ കാക്കാൻ വയ്യ.. നാവിൽ വെള്ളമൂറുന്നു. നിനക്കാണെങ്കിൽ ഈസിയായത് പറിക്കാം.

അതാണോ… ഞാൻ ദേ.. എപ്പോ.. പറിച്ചു കയ്യിൽ തന്നൂന്ന് കേട്ടാൽ മതി.

ഉമ്മറപടിയിറങ്ങാൻ തുടങ്ങിയും പടികയറി വരുന്ന ആളെ കണ്ടവളുടെ നെഞ്ചകം തുടികൊട്ടി പോയി..

കിച്ചാ.. അവൾ ചെറുതായി ഉച്ഛരിച്ചു.

എന്തേട്ടാ.. മുഖം വല്ലാണ്ട്? മാളുവിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ബാഗ് മാളുവിന്റെ കയ്യിൽ കൊടുത്തിട്ട് ഹരി കൃഷ്ണയുടെ അരികിലേക്ക് നീങ്ങി.

ഇത് പോലൊരു ഭാവം കൃഷ്ണയും ആദ്യമായ് കാണുകയായിരുന്നു..

ഭർത്താവിന്റെ വീട്ടിൽ എന്ത് കുരുത്തക്കേട് ഒപ്പിച്ചിട്ടാടി നീയിവിടെ വന്ന് നിൽക്കുന്നത്.

കിച്ചാ..എന്താ… ഈ പറയുന്നെ?

ഇങ്ങോട്ട് ചോദ്യം വേണ്ട.. ന്റെ ചോദ്യത്തിനുവേഗം ഉത്തരം പറഞ്ഞോ… ഇല്ലങ്കിൽ നിന്നെ കൊണ്ട് ഞാൻ പറയിക്കും..

കിച്ചാ…. പതുക്കെ.. എന്റെ അച്ഛനെ കേൾപ്പിക്കല്ലേ കിച്ചാ.. അവൾ രണ്ടു കയ്യും ഒരുമിച്ച് ചേർത്ത് ഹരിയുടെ നേരെ കൂപ്പി നിന്നു യാചിച്ചു..

സ്ഥലകാല ബോധം വന്ന ഹരികൃഷ്ണൻ പെട്ടെന്ന്  കൂപ്പി പിടിച്ച് വച്ച കൃഷ്ണയുടെ  ഇരുകയ്യിലും പിടിത്തമിട്ട് മുറ്റത്തെക്കിറക്കി.

ഞാവൽ മരച്ചോട്ടിൽ കൊണ്ട് നിർത്തി. എന്നിട്ട് പറഞ്ഞു.. മര്യാദയ്ക്ക് പറഞ്ഞോ?

രാകേഷ്  വീട് വിട്ട് പോകാൻ വേണ്ടി മാത്രം എന്ത് കുരുത്തക്കേടാടീ.. നീയൊപ്പിച്ചത്…?

രാകേഷേട്ടൻ നാടുവിട്ടു പോയന്നോ ? കിച്ച എന്താ ഈ പറയുന്നത് ?

കൃഷ്ണയ്ക്ക് ശരിക്കും വിഷമം തോന്നിച്ചു ആ വാർത്ത.

നിന്നോടാ പറഞ്ഞത് ഇങ്ങോട്ട് ചോദ്യം വേണ്ട ഞാൻ ചോദിക്കുന്നതിനു ഉത്തരം പറഞ്ഞാൽ മതിയെന്ന്. ഇനിയും  നീ  പറഞ്ഞില്ലെങ്കിൽ നീ എൻറെ കയ്യിന്റെ  ചൂടറിയും കൃഷ്ണാ.. പറയടീ.. അങ്ങോട്ട്?

ഹരികൃഷ്ണൻ പല്ലു ഞെരിച്ചു പിടിച്ചു. 

ഹരികൃഷ്ണന്റെ  ഭാവമാറ്റം കണ്ട് കൃഷ്ണ ഭയന്ന് കരച്ചിലിന്റെ  വക്കോളം എത്തിയിരുന്നു.

കള്ളം പറയാനും , പിന്നെ അത്   മറച്ചു പിടിക്കാനും  നിന്നെ ആരാടി പഠിപ്പിച്ചത്.?

കൃഷ്ണ തിരിഞ്ഞുനിന്ന് ഞാവൽ മരത്തിൽ മുഖം ചേർത്ത് വെച്ച് പൊട്ടിക്കരയാൻ തുടങ്ങി.

അപ്പോഴേക്കും അച്ഛമ്മയും ദേവപ്രഭയും മാളുവും  ഹരികൃഷ്ണന്റെയും കൃഷ്ണപ്രിയയുടെയും അരികിലെത്തി.

എന്താ.. മോനെ? എന്താ… ? ഗോമതിയമ്മ ഹരിയെ പിടിച്ച് വച്ച് ചോദിച്ചു.. ആ സമയത്ത് ഗോവിന്ദനും അവിടേക്ക് വന്നു..

അച്ഛമ്മേ ഇവളുണ്ടല്ലോ എന്തോ  കുരുത്തക്കേട് ഒപ്പിച്ചു വെച്ചിട്ടാണവിടെ നിന്നും വന്നത്.   ഇപ്പോൾ രാകേഷിനെ  അവിടെ കാണാനില്ലെന്ന് ഇന്ന് രാവിലെ ഹരിയങ്കിളിനെയും ശ്രീദേവിയാന്റിയേയും വഴിയിൽ   വച്ച് കണ്ടിരുന്നു.  അവരാണ് വിവരങ്ങൾ പറഞ്ഞത്. ഒരു മാസമായിട്ടും  കൃഷ്ണ ഒന്നും പറഞ്ഞില്ലേ  എന്നാണ് അവർ ചോദിച്ചത്. കാര്യമെന്താണെന്ന് ഞാൻ എത്ര ചോദിച്ചിട്ടും അവർ പറഞ്ഞില്ല.

അവളെന്നോട് വന്ന ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല.. ഇനിയൊട്ടും ചെയ്യുകയുമില്ല. ദേവപ്രഭ   കൃഷ്ണയെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി. ഇത്ര ചെറുപത്തിലെ ന്റെ മോൾക്ക് ഇങ്ങനൊരു ഗതിവന്നതിന്റെ ദുഃഖം ഉള്ളിലൊതുക്കി ചിരിച്ചും കളിച്ചും നടക്കുകയാ.. ന്റെ പൊന്നു മോള് .

ദേവ പ്രഭ കൃഷ്ണയുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു.. പൊട്ടിക്കരച്ചിന്റെ ശക്തി കൂടുമെന്നായപ്പോൾ അമ്മയുടെ പിടി വിടുവിച്ച് കൃഷ്ണ അകത്തേക്ക് ഓടി  പോയി..

കാര്യമറിയാതെ നിന്നവരോട് ദേവ പ്രഭ കൃഷ്ണ തന്നോട്  പറഞ്ഞകാര്യങ്ങൾ എല്ലാരോടുമായ് പറഞ്ഞു..

എന്നിട്ട് ഇത്രയും ദിവസം  എന്താടി ആണുങ്ങളായ ഞങ്ങളുടെ  അടുത്ത് പറയാതെ നീ കാര്യങ്ങൾ ഒളിച്ചു വെച്ചത്. ഇതങ്ങനെ ഒളിച്ച് വയ്ക്കാനുള്ള കാര്യമൊന്നുമല്ലല്ലോ?  എൻറെ പൊന്നു മോളെ ഇവ്വിധം ചതിച്ചിട്ട് അവൻ ഏത് കാട്ടിൽ പോയി ഒളിച്ചാലും പൊക്കിയിരിക്കും. ഞാൻ .

കുടുംബത്തിന് ചീത്തപേരുണ്ടാക്കി..എന്റെ കുട്ടിയുടെ ജീവിതം തുലച്ച രണ്ടിനേം… കൊന്ന് കടലിലെറിയും. ഗോവിന്ദനാ പറയുന്നത്.  ഗോവിന്ദൻ ദേഷ്യത്തിൽ അകത്തേക്ക് പോയി.

ചെല്ല് മോനെ? രാവിലെ മുതൽ പാടത്തും തൊടിയിലുമാ.. ഒന്നും കഴിച്ചിട്ടില്ല..കോപം വന്നാൽ പിന്നെ പിടിച്ച് കെട്ടാൻ നാലാള് പോരാ…

ഇതല്ലേ ഞാനൊന്നും പറയാത്തത്..

ഞങ്ങളോട് പറയാല്ലോ നിനക്ക്?

എല്ലാരും കൂടിയെന്തിനാ തീ.. തിന്നുന്നതെന്ന് വിചാരിച്ചു.

അപ്പോ തന്നെ ബാംഗ്ളൂര് പോകാൻ തയ്യാറായ ഗോവിന്ദനെയും ഹരികൃഷ്ണനെയും ഒരു വിധം പറഞ്ഞ് മനസ്സിലാക്കി അടുത്ത ദിവസത്തേക്കാക്കി.

രാത്രിയായിട്ടും കൃഷ്ണ മുറി തുറന്നില്ല. അച്ഛൻ വിളിക്കുന്നൂന്ന് മാറി മാറി പറഞ്ഞിട്ടും  അവൾ മുറി തുറന്നില്ല.

ദേ.. മോളെ കിച്ചായോട് ക്ഷമിക്ക് .. വാതിൽ തുറക്ക്.. ഉറക്കെ പറഞ്ഞാൽ സി.എം അറിയും.. വാതിൽ തുറക്ക് കേട്ടോ?

എന്നിട്ടും പ്രതികരണമൊന്നു

മില്ലാതെയായപ്പോൾ  ഹരി.. ചരിഞ്ഞ് നിന്ന് ഊക്കോടെ അടഞ്ഞ  വാതിലിൽ തോള് ഇടിച്ചു. വാതിൽ അകത്ത് കുറ്റിയിട്ടിട്ടില്ലാന്ന് മുറിക്കകത്തേക്ക് മീന് ശേഷമാണറിഞ്ഞത്.

കരഞ്ഞ് കരഞ്ഞ് കട്ടിലിൽ കമിഴ്ന്ന് കിടന്ന കൃഷ്ണ ശബ്ദം കേട്ട് ചാടിയെഴുന്നേറ്റു..

നിലത്ത് കിടക്കുന്ന ഹരിയെ കണ്ടവൾ കണ്ണീരൊടെ.. പൊട്ടി ചിരിച്ചു..

നല്ല വേദനയുണ്ടായിരുന്നിട്ടും.. തന്നോട് പരിഭവം യാതൊന്നുമില്ലാതെ പൊട്ടിചിരിക്കുന്ന കൃഷ്ണയെ നോക്കി ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു.

നിന്ന് കിണിക്കാതെ വന്ന് പിടിക്കെടീ….

മറ്റുള്ളവരൊക്കെയെത്തിയതും കൃഷ്ണ  ചിരി നിർത്തി. അപ്പോഴേക്കും ഹരി ചാടിയെഴുന്നേറ്റു.

എന്തെങ്കിലും പറ്റിയോ മോനെ?

ഗോവിന്ദൻ ചോദിച്ചു.. ഇവള് കതകില്

ലോക്കിട്ടെന്ന് വിചാരിച്ചു ഞാൻ തള്ളിയതാച്ഛാ.. കുഴപ്പമൊന്നുമില്ല.

വാ മോളെ, വന്ന് ചോറ് കഴിക്ക്… ഗോവിന്ദൻ  കൃഷ്ണയെ വിളിച്ചു.

എനിക്ക് വേണ്ട മാമേ.. സത്യായിട്ടും

എനിക്ക് വശപ്പില്ലാത്തിട്ടാ..

അല്ലച്ഛാ.. ഞാൻ വഴക്ക് പറഞ്ഞിട്ടാ.. എല്ലാരും പൊയ്ക്കോ? ഞാൻ കൊണ്ട് വരാം..

എല്ലാരും പോയ് കഴിഞ്ഞതും ഹരിയവളുടെ അരികിലെത്തി.

പോട്ടെ! എനിക്കൊരു തെറ്റുപറ്റിയതല്ലേ.. വാ..

എനിക്ക് വശപ്പില്ലാത്തിട്ടാ..

നാളെ നേരം പുലരുമ്പോൾ രാകേഷിനെ തേടി പിടിച്ച് നിന്റെ മുന്നിലിട്ട് തരാം.. പോരെ..

എന്നാൽ പിന്നെ ഒട്ടും കഴിക്കില്ല. ഞാൻ

രാകേഷേട്ടനെ തല്ലിയാൽ പിന്നെ ഞാൻ കിച്ചായോടും ഗോവിന്ദാമ്മേടെ കൂടെയും ഞാൻ ഒരു കാലവും മിണ്ടില്ല..

നിനക്ക് തല്ലെണ്ടെങ്കിൽ തല്ലണ്ട.. വാ  വന്ന് ഭക്ഷണം കഴിക്ക്..

ഭക്ഷണം കഴിച്ച്‌ ഹരി തിരികെ വീട്ടിലോട്ട്  പോകുന്നതിന് മുൻപ് കൃഷ്ണയെ മാറ്റി നിർത്തി    ചോദിച്ചു.

നിനക്കെപ്പഴാ.. ഞാൻ അന്യനായത്?

ഞാനറിയാത്ത ഒന്നും നിന്റെ ജീവിതത്തിലുണ്ടായിരുന്നില്ലല്ലോ? എന്നും എന്തും നീ ആദ്യം പറഞ്ഞത് എന്നോടായിരുന്നല്ലോ?

കിച്ചായല്ലേ… എന്നെ മാറ്റി നിർത്തിയത്? എനിക്കറിയാം..ഞാനിവിടെ ഉള്ളതോണ്ടല്ലേ.. അവധി ദിവസങ്ങളിൽ പോലും കിച്ച  വരാതിരിക്കുന്നത്. ഫോൺ വിളിച്ചാൽ പോലും സംസാരിക്കില്ലല്ലോ?

അത് പോട്ടെ ! എന്താണ്ടായത്. അവന് നിന്നോട് സ്നേഹമുണ്ടായിരുന്നില്ലേ..?

ഊം..സ്നേഹായിരുന്നു… ഇഷ്ടായിരുന്നു..

കിച്ചാതല്ലില്ലെന്ന് പറഞ്ഞപ്പോഴാ എനിക്ക് സമാധാനമായത്.

രാകേഷിനെ നിനക്കത്രയ്ക്കിഷ്ടാണോ?

ഊം…

എന്നാലേ… ഇന്ന് തല്ലില്ലാന്നാ ഞാൻ  പറഞ്ഞത്.

നേരം പുലർന്നാൽ ഏത് മാളത്തിലൊളിച്ചാലും അവന്റെ എല്ലൂരിയെടുക്കും ഞാൻ..എന്നിട്ട് ആ തെണ്ടിടെ എല്ലു കൊണ്ട് എന്റെ കുഞ്ഞാറ്റ കിളിക്ക് കിച്ചാ ഒരു കൂടൊരുക്കി തരാം… കേട്ടോ?

അപ്പോ.. എന്നെ പറ്റിച്ചതാ.. അല്ലേ.. അതാ.. ഞാൻ ആരോടും പറയാതിരുന്നത്.രാകേഷേട്ടനെന്തെങ്കിലും സംഭവിച്ചാൽ … നേരത്തെ പറഞ്ഞ വാക്കിൽ നിന്നും ഞാൻ മാറില്ല.. ഒരു കാലവും കിച്ചായോട് മിണ്ടില്ല നോക്കിക്കോ?

മിണ്ടണ്ട ടീ….. അല്ലെങ്കിലും ഇത്ര കാലവും മിണ്ടീട്ടും നിന്നെ കൊണ്ട് എനിക്കൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

തല്ലണ്ട കിച്ചാ..  കിച്ചായുടെ കുഞ്ഞാറ്റയല്ലേ.. പറയണത്.?

എന്നാൽ കിച്ചയുടെ കുഞ്ഞാറ്റ കേട്ടോ?

തല്ലമാത്രമല്ല  കൊല്ലേം.. ചെയ്യും. ഞാൻ. അവനെ മാത്രമല്ല . അവളെയും. എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കാൻ ഇവിടുള്ളവർ അവനെ പോലെ പരസ്ത്രീ ബന്ധം പുലർത്തുന്നവരല്ല. എന്റെ മോളവനെ പൂവിട്ട് പൂജിച്ചോ? ഞാനവനെ മണ്ണിട്ട് പൂജിക്കാനാ പോകുന്നത്. ഹരി ഇരുട്ടിലേക്ക് നടന്നു നീങ്ങുന്നത് നോക്കി നിന്ന കൃഷ്ണയുടെ ഉള്ളിൽ രാകേഷിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ .. മതിയാകൂ.. എന്ന ചിന്തയായി.

കിടക്കുമ്പോൾ കുറെയേറെ ആലോചിച്ച ശേഷം കൃഷ്ണ ഫോണെടുത്ത് ശ്രീദേവിയെ വിളിച്ചു.

അമ്മേ.. എന്തിനാമ്മേ കിച്ചായോട് എല്ലാം പറഞ്ഞ് കൊടുത്തത്.

ഞങ്ങൾ കരുതി ഹരി മോനൊന്നും അറിഞ്ഞില്ലെന്ന്. പറയാതെന്ത് ചെയ്യും.. ഇന്ന് 34 ദിവസമായ് അവനെയൊന്ന് കണ്ടിട്ട്. ആനന്ദും അച്ഛനും കൂടി അന്വേഷിക്കാനൊരിടം പോലും ബാക്കിയല്ല . തെറ്റുകാരനെങ്കിലും അവന്റെയമ്മയല്ലേ… മോളെ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ശ്രീദേവീ… പൊട്ടികരഞ്ഞു.

അമ്മ വിഷമിക്കണ്ട. രാകേഷേട്ടനും നയനേച്ചിയും ആരും അവരെ തിരിച്ചറിയാത്ത ഒരിടത്ത് ഒളിച്ച് പോയി താമസിക്കുന്നുണ്ടാവും.

ഇല്ല മോളെ , ആ വഴിക്കും അന്വേഷിച്ചു. രാകേഷിനെ കാണാനില്ലെന്നറിഞ്ഞ് നയന ആത്മഹത്യക്ക് ശ്രമിച്ച് ഹോസ്പിറ്റലിലാ. രാജേഷ് മോനാ പറഞ്ഞത്..? മറ്റന്നാൾ അവൻ നാട്ടിലെത്തും.

കൃഷ്ണയ്ക്ക് അത് കേട്ടതും സങ്കടമിരട്ടിച്ചു.

അമ്മേ… ഹരിയേട്ടനും  ഗോവിന്ദാമ്മയും രാവിലെ … ബാംഗ്ലൂർ ക്ക്  പോകുന്നു.. രാകേഷേട്ടനെയും നയനയെയും  തല്ലിചതക്കും അവർ..

അമ്മ ഹരിയേട്ടനെ ഒന്ന് വിളിച്ച് പറയമ്മേ… ഉപദ്രവിക്കരുതെന്ന് .

അച്ഛൻ പറഞ്ഞിരുന്നു.. ഹരി മോനോട് കണ്ട് കിട്ടിയാൽ കൈവയ്ക്കുന്നതിൽ വിരോധമില്ല.. പക്ഷേ! ജോലി ചെയ്ത് ജീവിക്കാനുള്ള രീതിയിൽ ബാക്കി വെച്ചേക്കണേയെന്ന്. തല്ലരുതെന്ന്  ഞങ്ങൾ പറഞ്ഞാലും തല്ലുമെന്ന് ഞങ്ങൾക്കറിയാം. അനുഭവിക്കാം.. എല്ലാം. അച്ഛനെയൊന്നു വന്ന് കാണണമെന്നുണ്ട്.. മൂടുപടമണിഞ്ഞ് വരാൻ വയ്യാത്തോണ്ടാ മോളെ ,

കരയല്ലേ…മ്മേ… എല്ലാം.. ശരിയാകും..

എങ്ങനെ ശരിയാകാനാ..? ഒന്നും ശരിയാകില്ല.. വീടിന് വിലക്കാരെ നോക്കുന്നു.. അമ്മ.. വിളിക്കാം മോളെ.

ഫോൺ സംസാരം കഴിഞ്ഞ് അവൾ പുജാ മുറിയിൽ കയറി.

എൻറെ കൃഷ്ണാ  ഞാൻ എന്തെല്ലാം സഹിക്കണം. രാകേഷേട്ടനും നയനേച്ചിക്കും കുഞ്ഞിനും ഒരാപത്തും വരുത്തല്ലേ..?

പൂജാമുറിയിൽ നിന്ന് നേരെ കൃഷ്ണ സി.എമ്മിന്റെ മുറിയിലേക്ക് പോയ്.

അമ്മേ.. അമ്മയ്ക്ക്  ഉറക്കമില്ലാതിരിക്കയല്ലേ….? അമ്മയിന്ന് അവരോടൊപ്പമോ.. അപ്പുറത്തെ മുറിയിലോ.. കിടക്ക്. ഇന്ന് ഞാനച്ഛന് കൂട്ടിരിക്കാം.

വേണ്ട.. എനിക്ക് ഉറക്കകുറവൊന്നുമില്ല..

ഉണ്ടായാലും ഇല്ലേലും.. എനിക്കിന്ന് ഇവിടെ അച്ഛനൊപ്പം ഇരിക്കണം..

ഇരുന്നോ ? അതിന് ഞാൻ മാറി പോകേണ്ടതുണ്ടോ?വേണമെങ്കിൽ  നീയും ഇവിടെ കിടന്നോ?

വേണ്ടന്ന് പറയച്ഛാ.. ഇന്ന് ഞാൻ മാത്രം മതിയെന്ന് .. എനിക്കിന്ന് അച്ഛനോട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട്.

ദേവേ… ഇന്നിവൾ ഇരിക്കട്ടെ!

ഇല്ല.. ഞാനും ഇവിടെ കിടക്കും.. എന്ന് പറഞ്ഞ അമ്മയെ  നിർബ്ബന്ധിച്ച്  പുറത്താക്കി കതകടച്ചു   അച്ഛന്റെ അരികിലിരിന്നു. ചലനമില്ലാത്ത കൈ അവൾ തന്റെ ഇടത് കയ്യിൽ   എടുത്തു വെച്ചു വലത് കൈ കൊണ്ട്   തലോടിക്കൊണ്ട് അച്ഛനോട്  ചോദിച്ചു.

അച്‌ഛാ..

അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ എപ്പോഴും അച്ഛനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് ഞാൻ വിശ്വസിച്ചിരുന്നു..

ഇപ്പോയെന്റെ മോൾക്ക്  ആ വിശ്വാസം പോയോ?

എന്റെയല്ല. അച്ഛന്റെ വിശ്വാസമാ നഷ്ടമായിരിക്കുന്നത്. പലേടത്തും ധീരനായ ഒരു യോദ്ധാവിനെപോലെ മറ്റൊരു ധീരപരുഷന്റെ തോളോട് തോൾ ചേർന്ന് നിന്ന് ഈ ഗ്രാമത്തെ നയിച്ച അച്ഛനെങ്ങനെയാ അച്ഛാ. പെട്ടെന്ന്  വീണു പോയത്.

അച്ഛാ.. അച്ഛനെന്തോ.. കാര്യമായ വിഷമം ഉണ്ടായപ്പോഴാ ഇങ്ങനൊക്കെ സംഭവിച്ചതെന്നെനിക്കറിയാം..  അന്നച്ഛനെന്നോട് കിച്ചയെ കുറിച്ചാണ് സംസാരിച്ചത്. കിച്ചായെ കാണാൻ പോയിട്ട് വന്ന അച്ഛൻ ഒത്തിരി വിഷമിച്ചും തളർന്നുമാണിരുന്നത്. കിച്ചയെ കല്യാണം കഴിക്കാൻ എനിക്കിഷ്ടമായിരുന്നോയെന്നും ചോദിച്ചു. കിച്ചാ  പുഴയിൽ ചാടുമെന്ന്  നിന്നോടാരാ പറത്തെതെന്ന് ചോദിച്ചപ്പോൾ ഉത്തരം പറയാൻ തുടങ്ങുമ്പോഴായിരുന്നു വല്യച്ഛനും വല്യമ്മയുമൊക്കെ വന്നത്.

അച്ഛൻ എനിക്ക് മാപ്പ് തരണം അച്ചാ….

മാപ്പോ? എന്തിന്?

ഇന്ന് അച്ഛൻ പറഞ്ഞില്ലേ …. ഞാൻ അച്ഛനോട് കളവ് പറഞ്ഞിട്ടുണ്ടെന്ന് .

അപ്പോ.. ഞാൻ അത് നിഷേധിച്ചു. പക്ഷേ അത് സത്യമാ.. അചഛാ.. ഞാൻ അച്ഛനോട്  രണ്ട് കള്ളം പറഞ്ഞു.

ഒന്ന്, കല്യാണത്തിനു മുമ്പ്. അത് ഈ കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടിയാ.   രണ്ടാമത് കല്യാണത്തിന് ശേഷം ഞാൻ അച്ഛനോടും ഈ കുടുംബത്തോടും കളവ് പറഞ്ഞു.  അത് എന്റെ  അച്ഛൻറെ നന്മയ്ക്ക് വേണ്ടി മാത്രമാ.. അച്ഛന്റെ ആരോഗ്യം കൂടുതൽ മോശം ആകാതിരിക്കാൻ വേണ്ടിയാണ് ഞാൻ കളവ്  പറഞ്ഞത്

സി.എമ്മിന്റെ കയ്യിൽ അവളുടെ കണ്ണീര് വീണു  കൊണ്ടിരുന്നു.

കരയല്ലേ… മോളെ…നീ.. പറഞ്ഞ ആദ്യത്തെ കള്ളം അച്ഛൻ പറയട്ടെ!

കൃഷ്ണ അത്ഭുതത്തോടെ അച്ഛനെ നോക്കി ….

പറയട്ടെ അച്ഛൻ ? സി.എം. വീണ്ടും ചോദിച്ചു.

കൃഷ്ണ തലയാട്ടി..

തറവാട്ടിലെ പെൺകുട്ടികളെ കല്യാണം കഴിച്ചാൽ ഹരിമോന് ആപത്ത് ഉണ്ടാകുമെന്ന് ജോത്സ്യൻ പറഞ്ഞ വിവരം രാമഭദ്രൻ നിന്നോടു പറഞ്ഞപ്പോൾ അത് ഞങ്ങൾ ആരും അറിയാതെ നീ ഒളിപ്പിച്ചുവെച്ചു. ന്റെ മോൾക്കു  അച്ഛനോടുണ്ടായിരുന്ന വിശ്വാസം പോലെ എനിക്കെന്റെ മകളിലുമുണ്ടായിരുന്നു ഒരു വിശ്വാസം.  എൻറെ മകൾ പത്താംക്ലാസിൽ തോറ്റുപോയെങ്കിലും ബുദ്ധിയുള്ളവർ ആയിരുന്നു എന്ന് ഞാൻ വെറുതെ വിശ്വസിച്ചു.   ആ വിശ്വാസം നഷ്ടപ്പെടുമ്പോൾ അച്ഛനറിഞ്ഞതോ?കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ലൊരു   ബന്ധം ഇല്ലാതാക്കി കളഞ്ഞിട്ടാണ് എന്റെ മോൾ ഞങ്ങളുടെ  മുന്നിൽ ചിരിച്ച മുഖവുമായ് നിൽക്കുന്നതെന്ന് ..

കുടുംബത്തിൽ കയറ്റാൻ കൊള്ളാത്ത ആ തെണ്ടിയുടെ വാക്കുകൾ കേട്ട് എന്റെ ഹരി മോനെ നീ .. വേണ്ടെന്നു വച്ചു.

അപ്പോ… അച്ഛന്റെ വീഴ്ചയ്ക്ക് കാരണം ഞാനായിരുന്നോ അച്ഛാ..

അവൾ ഒരു പൊട്ടിക്കരച്ചിലിൽ  അച്ഛന്റെ  നെഞ്ചിലേക്ക് ചാഞ്ഞു. സി.എമ്മിന്റെ നെഞ്ചിൽ കൃഷ്ണയുടെ കണ്ണുനീർ വീണു നിറഞ്ഞു കൊണ്ടിരുന്നു. 

കരയല്ലേ …..മോളെ?

കരഞ്ഞോട്ടെ അച്ഛാ.. ഞാനൊന്ന്.

മറ്റൊരിടത്തുമൊഴുക്കി കളയാതെ അടക്കി വച്ചൊതൊക്കെ പെയ്തിറങ്ങിക്കോട്ടെ! അച്ഛന്റെ തണലിലാകുമ്പോൾ അധികം വേദനയില്ലാതെ കരയാമല്ലോ എനിക്ക്?

എന്റെ പൊന്നു മോളെ …. സി.എം രണ്ട് കയ്യ്കൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു.. എന്നിട്ട് സി.എമ്മും കരഞ്ഞു. ഏറെ നേരത്തെ മൗനത്തിനു ശേഷം

അച്ഛന്റെ മാറിൽ നിന്നും തലയുയർത്തിയവൾ എഴുന്നേറ്റു..

മഹാപാപിയാണച്ഛാ..ഞാൻ..എന്റെ അച്ഛനെ ഈ ഗതിയിലാക്കിയ എനിക്ക്  എന്ത് ശിക്ഷയാ അച്ഛാ ഞാൻ സ്വയം  സ്വീകരിക്കേണ്ടത്.

എന്റെ മോള് ആരും കാണാതെ ചൂഢമൊന്നും കത്തിച്ച് ദേഹത്ത് വച്ചേക്കല്ലേ..

അത് ഉരുക്കിയൊഴിക്കേണ്ടത് മകളെ വഷളാക്കി വളർത്തിയ ഒരു പരമ നാറിയുടെ  കയ്യിലാ.. ആ രാമഭദ്രന്റെ … അച്ഛനും മകളുമാ.. എന്നെ കിടത്തി കളഞത്.

നയനയും രാമഭദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം ഓർമ്മ വന്നതിനാൽ വലിയ ഞെട്ടൽ കൃഷ്ണയിലുണ്ടായില്ലെങ്കിലും അവൾക്ക് ചെറിയൊരു ഞെട്ടലോടെ ചോദിച്ചു.

അച്ഛനെന്തൊക്കെയാ.. പറയുന്നത്.

അതെ.. മോളെ…

ഹരി മോനെ കാണാൻ പോയിട്ട് വന്ന ദിവസമാണല്ലോ.. അച്ഛൻ മോളോടാ ചോദ്യം ചോദിച്ചത്. പിന്നീട് എന്റെ മോളെ കള്ള കഥ പറഞ്ഞ് പറ്റിച്ച കാര്യം പറഞ്ഞ് ചിരിക്കയായിരുന്നു അച്ഛനും മകളും. യാദൃശ്ചികമായ് കേട്ടതാണെങ്കിലും തകർന്നു പോയ് അച്ഛൻ.. ഗോവിന്ദേട്ടന്റെ സമ്മതത്തോടെ രാകേഷ് മോനോട് യാചിച്ചിട്ടായാലും നിശ്ചയിച്ച മുഹൂർത്തത്തിൽ ഹരിമോന്റെ കയ് പിടിച്ച് എന്റെ  പൊന്നിനെ ഏൽപ്പിക്കണമെന്ന് വിചാരിച്ചതാ. പക്ഷേ.. അച്ഛൻ വീണു പോയ് മുത്തേ.

ആശുപത്രിയിലെ പ്രത്യേകപരിചരണ വിഭാഗത്തിൽ കിടന്ന് ഗോവിന്ദേട്ടനോടും ഹരി മോനോടും എന്റെ മോളുടെ ഈ കല്യാണം … നടക്കരുതെന്ന് പറയാൻ എന്നാലാവും വിധം ശ്രമിച്ചെങ്കിലും.. കുഴഞ്ഞ നാവിൽ നിന്ന് വന്ന വാക്കുകൾ ഊഹിച്ച് തെറ്റിദ്ധരിച്ച അവർ  കല്യാണ പന്തലിലെന്നെ കൊണ്ടെത്തിച്ചു.. അപ്പോഴേക്കും.. നീ.. രാകേഷിന്റെ വധുവായി കഴിഞ്ഞു.

എന്നിട്ട് ഈ വിവരം പിന്നീട്  ഗോവിന്ദാമ്മയോടും ഹരിയേട്ടനോട്ടും പറഞ്ഞോ.. അച്ഛൻ..

കല്യാണം കഴിഞ്ഞില്ലേ.. പിന്നെന്തിന് പറയണം..

നന്നായി.. അച്ഛാ..ഹരിയേട്ടന് ഞാൻ മോള്യച്ചിയെ പോലെ തന്നെ ആയിക്കോട്ടെ എന്നും.

ന്റെ മോള്.. ഒരിക്കലും താലി കെട്ടിയ പുരുഷനെ വഞ്ചിക്കരുത്.. കേട്ടോ?

ഇല്ലച്ഛാ..ഞാൻ നേരുള്ള അച്ഛന്റെ മോളല്ലേ.. അല്ലെങ്കിലും കിച്ചയെന്നെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല..  കൃഷ്ണ മന പൂർവ്വം  വീണ്ടും കളവു പറഞ്ഞു.

അങ്ങനെയല്ല…മറിച്ചാണെന്ന് സി.എമ്മും പറഞ്ഞില്ല.

ഇനിയെന്റെ മോള് പറഞ്ഞ രണ്ടാമത്തെ കളവെന്താ ?

അത് ഞാൻ പറയാം അച്ഛാ.. അച്ഛന്റെ ആരോഗ്യമൊന്ന് ശരിയാകട്ടെ!

അച്ഛനിനിയൊന്നും വരില്ല മോളെ. ന്റെ മോള് പറയ്യ്..

കൃഷ്ണ  ഒരൽപ്പനേരം ആലോചിച്ചശേഷം എന്തോ ഓർമ്മവന്നത് പോലെ ….കൃഷ്ണ പറഞ്ഞു.

അച്ഛാ അച്ഛൻറെ കൈ അനങ്ങിയല്ലോ  അച്ഛാ ….

ഇല്ലല്ലോ മോളേ സി. എം പറഞ്ഞു.

കൃഷ്ണ അച്ഛൻറെ കൈകളിൽ നോക്കി പിന്നെ അത് എടുത്തുയർത്തി. ഇല്ല.. അനങ്ങുന്നില്ല.  ആ കൈ വീണ്ടും താഴേക്ക് വച്ചു.

ഇല്ലച്ഛാ… ഉറപ്പാ.. ആ കൈ കൊണ്ട് തന്നെയാ.. അതെന്നെ ചേർത്ത് പിടിച്ചത്. പഴയ ഓർമ്മയിൽ തോന്നിയതാവും..

ഏയ്… ഇല്ല..  ഉറപ്പാ.. അച്ഛന്റെ ശരീരത്തെ അചഛനിപോൾ സ്നേഹിക്കുന്നില്ല.. അതാ. ശരീരത്തിൽ വരുന്ന മാറ്റം അച്ഛൻ  അറിയാതെ പോകുന്നത്.

അത് പോട്ടെ! രണ്ടാമത്തെ .. കളവ് പറയ്….

വേണ്ടച്ഛ.. അച്ഛനൊന്ന് റെഡിയാകട്ടെ! അത് കഴിഞ്ഞ് മതി.

പറ്റില്ല പറയാതെ നിന്നെ വീട്ടില്ല.. സി.എം. കട്ടിലിൽ പതിഞ്ഞ് കിടന്ന  വലത് കയ്യ് കൊണ്ട്  കൃഷ്ണയുടെ ചെറുവിരലിൽ മുറുക്കി..

അത്ഭുതത്തോടെ കൃഷ്ണ വീണ്ടും അച്ഛനെ നോക്കി ..

അച്ഛാ.. അച്ഛൻ  എന്റെ വിരലിൽ മുറുക്കി പിടിച്ചിരിക്കുന്ന കണ്ടോ?

പെട്ടന്ന് തന്നെ വിരലുകൾക്ക് ബലം കുറഞ്ഞ് കിടക്കയിൽ പതിഞ്ഞു..

ശ്ശൊ… കൃഷ്ണ നിരാശയോടെ അച്ഛനെ നോക്കി..

സാരമില്ല മോളെ ശരിയാകും. സിഎം അവളെ സമാധാനപ്പെടുത്തി.

സി.എമ്മിന്റെ നിർബ്ബന്ധം കൂടിയപ്പോൾ കൃഷ്ണ പറഞ്ഞു..

പറയാം.. അച്ഛാ.. അത് കേൾക്കുമ്പോൾ അച്ഛൻ കൂടുതൽ തളരും.. അപ്പോൾ അച്ഛൻ ഒന്നോർക്കണം. അച്ഛന് ഇനിയൊര് സ്ട്രോക്ക് വരാൻ പാടില്ല. ആ സമയം അച്ഛന്റെ തൊട്ടാവാടി പെണ്ണായ ഞാൻ തളർന്നില്ല. അത് കൊണ്ട് അച്ഛനും തളരാൻ പാടില്ല.

അച്ഛനെഴിക്കണം മോളെ.. കലി തീരും വരെ രാമഭദ്രനെ തല്ലി ചതക്കണം.. അത് കൊണ്ട് നിന്റെ അച്ഛൻ ഇനി തളരില്ല..വേഗം പറയ്

ന്നാലും കൃഷ്ണ മടിച്ചു നിന്നു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply