ഞാനും എന്റെ കുഞ്ഞാറ്റയും – 46, 47

10336 Views

njanum ente kunjattayum aksharathalukal novel by benzy

അച്ഛനിതിൽ കൂടുതൽ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..

ഒന്നും സംഭവിക്കില്ല.. ന്റെ മോൾക്കറിയാല്ലോ…. കുഞ്ഞിലെ മുതൽ നീ.. നിന്റെ കിച്ചായുടെ പിന്നാലെ തന്നെയായിരുന്നു എപ്പോഴും. അവനെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല.. അവന്റെ ഷർട്ടിന്റെ ഒരു തുമ്പിൽ നീ.. മുറുകെ പിടിച്ചിരിക്കും വിടാതെ… അവനും അതിഷ്ടമായിരുന്നു.. പഠിക്കുമ്പോൾ പോലും നിന്നെ എടുത്ത് വച്ചിരിക്കും.

പുഴക്കരയിലിരുന്ന് ഞാനും ഗോവിന്ദേട്ടനും ഒത്തിരി സംസാരിച്ച് കൂട്ടിയതും സ്വപ്നം കണ്ടതും നിങ്ങളെ കുറിച്ചായിരുന്നു. നിങ്ങളുടെ രണ്ടാളുടെയും മനസ്സിൽ അങ്ങനൊരു ചിന്ത ഇല്ലാതിരുന്നപോൾ ആയിരുന്നു അച്ഛന് ആദ്യത്തെ തളർച്ച വന്നത്… എങ്കിലും പറഞ്ഞാൽ നിങ്ങൾ രണ്ടാളും അനുസരിക്കുമെന്ന് ഗോവിന്ദേട്ടൻ പറഞ്ഞപ്പോൾ അച്ഛന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതിലും വലിയൊരു ഷോക്കൊന്നും അച്ഛനു വരാനില്ലയിനി. ന്റെ മോള് പറയ്… അച്ഛന്റെ മാത്രം നല്ലതിന് എന്റെ മോൾ ഒളിപ്പിച്ച് വച്ച ആ കളവെന്താണ്. പറ അച്ഛനിനി ഒന്നും വരില്ല.

അല്പസമയം കൂടി മിണ്ടാതെ നിന്നിട്ട് കൃഷ്ണ പറഞ്ഞു ഞാൻ രാകേഷേട്ടന്റെ വീട്ടിൽ നിന്നും പിണങ്ങി വന്നതാണ് ?

പിണങ്ങിയോ ? എന്തിന്?

കൃഷ്ണ ഒരു മകൾക്ക് അച്ഛനോട് പറയാവുന്ന രീതിയിൽ ഉണ്ടായ സംഭവങ്ങൾ ചുരുക്കി പറഞ്ഞു. ഓരോ കാര്യങ്ങൾ പറയുമ്പോഴും അവൾ അച്ഛൻറെ ചലനങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഞാൻ കാരണം ഇനി ഒരിക്കൽ കൂടി അച്ഛന് ഒരു പ്രശ്നം വരരുത് എന്ന പ്രാർത്ഥനയോടെയാണ് അവൾ പറഞ്ഞു തുടങ്ങിയതും അവസാനിപ്പിച്ചതും.

കൃഷ്ണ നിലത്തിരുന്ന് കട്ടിലിൽ മുഖം മുട്ടിച്ച് കരഞ്ഞു. കുറച്ച് കഴിഞ്ഞ് മുഖം ഉയർത്തിയവൾ പറഞ്ഞു.

അച്ഛാ.. എന്തെങ്കിലും ഒന്ന് സംസാരിക്കച്ഛാ. എന്റെ ഒരു ഉറപ്പിന് . അച്ഛന് ഒരു കുഴപ്പം വന്നില്ലെന്ന് അഛന്റെ പ്രിയമോള് മനസ്സിലാക്കിക്കോട്ടെ അച്ഛാ.

ഗോവിന്ദേട്ടനെ ഒന്ന് വിളിക്ക്.. അവരോടൊപ്പം ഞാനും ഉണ്ടെന്ന് പറയ്.. നാളെ അവർ രാവിലെ ബാംഗ്ളൂർ പോകുന്നുവെന്ന് പറഞ്ഞിരുന്നു.

പോട്ടെ! അച്ഛാ.. നയനേച്ചി.. ആശുപത്രിയിലാണ്.. വയറ്റിൽ

ഒന്നുമറിയാത്ത ഒരു കുഞ്ഞുമുണ്ട് .

നീ.. ഈ കാര്യത്തിൽ അഭിപ്രായം പറയണ്ട.. ഇവിടുന്ന് എഴുന്നേറ്റാൽ നിന്നെ ചതിച്ച തന്തയേം..മോളം.. ഞാൻ ബാക്കി വെച്ചേക്കില്ല.. പിന്നെ.. ആ.. വക തിരിവ് കെട്ടവനെയും :

നേരം പുലരട്ടെ! അച്ഛാ.. ഒന്ന് സമാധാനിക്ക്..

നീ.. ഗോവിന്ദേട്ടനെ വിളിക്ക്…

മുറിയിൽ ഉച്ഛത്തിൽ സംസാരം കേട്ട് ദേവപ്രഭയും ഗോമതിയമ്മയും വാതിലിൽ മുട്ടി..

എന്താ.. എന്താ.. ഗോമതിയമ്മ

ചോദിച്ചു.

അമ്മേ. ഗോവിന്ദേട്ടനെ ഒന്ന് വിളിക്ക്?

കാര്യം പറ കൃഷ്ണേ.. ദേവപ്രഭ ചൂടായി.

ഞാനച്ഛനോടെല്ലാം പറഞ്ഞു.

ദേവപ്രഭ ഞെട്ടലോടെ ഭർത്താവിനെ നോക്കി..

ദേവേ… നീ ഗോവിന്ദേട്ടനെ വിളിക്ക്..

നേരം പുലരട്ടെ ചേട്ടാ..

നിന്നോടാ. പറഞ്ഞത് വിളിക്കാൻ.. അതോ..ഞാൻ കിടപ്പിലായത് കൊണ്ടാണോ.. ഈ അനുസരണക്കേട്.. …

ഞാൻ വിളിക്കാം.. ദേവപ്രഭ .. ഫോൺ വിളിച്ച് പത്ത് മിനിട്ടിനുള്ളിൽ ഗോവിന്ദനും ഹരികൃഷ്ണനും വന്നു..

കൃഷ്ണമുറിക്ക് പുറത്ത് ഇറങ്ങി.. വരാന്തയിലെ അരണ്ട വെളിച്ചത്തിൽ തുണിൽ ചാരിനിന്നവൾ പൊട്ടികരഞ്ഞു..

ഗോമതിയമ്മ പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു.. കരയല്ലേ.. മോളെ…

അചഛമ്മേ.. എന്റെ മൂത്തതാണെന്ന് നോക്കാതെയാ.. നയനേച്ചിയെ ഞാൻ തല്ലിയത്.. അത് മതിയെന്ന് പറ അച്ഛമ്മേ .. നയനേച്ചിയിപ്പോൾ ആശുപത്രിയിലാ..

ചാകട്ടെ! കുടുംബത്തിന് കൊള്ളാത്തവളെ .. എനിക്കും എന്റെ കുട്ടികൾക്കുമൊന്നും വേണ്ട.

വല്യമ്മയുടെ കാര്യമെങ്കിലും ഓർക്കണ്ടെ… അച്ഛമ്മേ..

വല്യമ്മ…അവൾക്ക് തല തെറിച്ച മകൾ വലുതായിരിക്കും.. അതല്ലേ… അമ്മയായ എന്നോട് ഒരു വാക്ക് പോലും പറഞ്ഞുമില്ല.. ഫോൺ വിളിച്ചിട്ടെടുക്കുന്നുമില്ല. ഞാനും വരുന്നു ഗോവിന്ദാ..

പുലരാറായപ്പോൾ ഹരിയുടെ വണ്ടിയിൽ ആണുങ്ങൾ മൂന്നു പേരും ഗോമതിയമ്മയും പ്രഭാവതിയും പുറപ്പെട്ടു. രാത്രിയിൽ ആമിനുമ്മയും ഹാജിക്കയും കൂട്ടു കിടക്കാൻ വരും കേട്ടോ.. മാളൂ… ഹരി പറഞ്ഞു.

കൃഷ്ണ മുറിയിൽ പോയ് ഫോണെടുത്ത് രാകേഷിനെ വിളിച്ചു.

റിങ്ങുണ്ടായിട്ടു പ്രതികരണമില്ലാതെ വന്നപ്പോൾ കൃഷ്ണ ഒരു മെസ്സേജിട്ടു..

രാകേഷേട്ടാ.. അത്യാവശ്യമാണ് എന്നെ ഒന്നു തിരിച്ച് വിളിക്കാമോ..

പത്ത് മിനിട്ട് കഴിഞ്ഞതും രാകേഷിന്റെ ഫോൺ വന്നു..

രാകേഷേട്ടാ..ഞാൻ കൃഷ്ണയാ..

ഞാൻ പറഞ്ഞ് തീരുന്നത് വരെ ഫോൺ വച്ചേക്കല്ലേ.. രാകേഷട്ടേനെ തല്ലാൻ ഇവിടുന്ന് ആള് വന്നിട്ടുണ്ട്..

എവിടെയാ.. എന്തായെന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. അതിന്റെ ആവശ്യവും എനിക്കില്ല. അവരുടെ പിടിയിൽ പെടാതെ ഇരിക്കാൻ നോക്കണം.. ആ പാവം അച്ഛനെയും അമ്മയെയും ഓർത്താണ് പറഞ്ഞത്. കഴിയുമെങ്കിൽ.. അവരെയൊന്ന് വിളിക്കുക. ഞാൻ വയ്ക്കുന്നു.. മറുപടി കാക്കാതെ കൃഷ്ണ ഫോൺ കട്ട് ചെയ്തു.

പിന്നെ.. ശ്രീദേവിയെ വിളിച്ച് കാര്യം പറഞ്ഞു. രാകേഷ് തിരിച്ച് വിളിച്ചാലോന്ന് കരുതി ഫോൺ സ്വിച്ച് ഓഫ് ചെയ്തും വച്ചു. വല്യമ്മയെകൂടി വിളിച്ച് പറയണമെന്നുണ്ടായിരുന്നു. പക്‌ഷേ.. വല്യമ്മ ഫോൺ കട്ട് ചെയ്യും.

വല്യമ്മയാവില്ല.. അത് വല്യച്ഛനോ നയനേച്ചിയോ.. ആയിരിക്കും.

കൃഷ്ണേ.. കൃഷ്ണേ.. ഒന്നു ഓടി.. വാ.. മാളൂട്ടിയുടെ മുഖത്തെ സങ്കടവും വെപ്രാളവും കണ്ട്. കൃഷ്ണ ചോദിച്ചു.

എന്താ..മാളുവേച്ചീ… എന്താ..

നീയിത് നോക്ക്.. മാളൂ.. ഫോൺ കൃഷയ്ക്ക് നേരെ നീട്ടി..

ഫേസ്ബുക്കിൽ കിച്ചാ ……

തിരുവനന്ത് പുരത്ത് സീലാന്റിൽ

പ്ളാസ്റ്റിക് റെയ്ഡിനിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥനെ

കഴുത്തിൽ കുത്തിപിടിച്ചു തല്ലാൻ കൈ പൊക്കുന്ന യുവാവിന്റെ ദൃശ്യം. മൊബൈൽ കാമറയിൽ പകർത്തിയത് ഡ്രൈവർ തങ്കച്ഛൻ. ഇഞ്ചിനീയറിങ് കോളജിലെ. അദ്ധ്യാപകനായ ഹരികൃഷ്ണനെ സസ്പൻസ് ചെയ്യണമെന്ന ആവശ്യവുമായ് നഗരസഭ ഉദ്ദ്യോഗസ്ഥൻ ജയേഷ്. വീഡിയോ കണ്ട് കൃഷ്ണയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. ന്റെ പൊന്നു കിച്ചാ.. കിടുക്കീല്ലോ? പിന്നെയവൾ മാളുവിനെ കെട്ടിപിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു. കിച്ച.. പൊളിച്ചടുക്കി.

മാറ് … മനുഷ്യന് സങ്കടം കൊണ്ട് പൊരുതിമുട്ടിയിരിക്കുവാ.. അപ്പോഴാ അവളുടെ ഒരുമ്മ.. മാളൂട്ടി.. സെറ്റിയിലേക്കു ഇരുന്നു..

അയ്യേ…ഇത് മാളേച്ചിക്കുള്ളതല്ല. ന്റെ കിച്ചാക്കുള്ളതാ..

എങ്കിൽ വരുമ്പോൾ നേരിട്ട് കൊടുക്ക്. ?

മാളുവേച്ചി എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് ?

സങ്കടപ്പെടാതെ പിന്നെ എന്ത് ചെയ്യും: ഒന്നാമത് അച്ഛനും ചെറിയമ്മാവനുമൊന്നും . അടുത്തില്ല.. പോലീസ് കേസ് ആകുമോയെന്നും അറിയില്ല..

എന്റെ മാളുവേച്ചി.. അച്ഛനും ഗോവിന്ദാമ്മേം ഹരിയേട്ടനൊപ്പം ആണല്ലോ? പിന്നെന്താ…

അല്ല. ഹരിയേട്ടൻ പാതിവഴിയിൽ ഇറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വന്നൂന്ന്.. അങ്ങനെ കൂട്ടുകാരൻ വിഷ്ണുവെന്ന് പറയുന്ന ചേട്ടനെയും കൊണ്ട് അങ്ങോട്ടേക്ക് പോയ്. അവിടെ വച്ച് അറസ്റ്റ് ചെയ്യുമോന്നാ..ന്റെ പേടി…

ഒന്നു.. പോഎൻറെ മാളുവേച്ചിയെ …

അറസ്റ്റ് ചെയ്യാൻ എന്താ കിച്ച ആരെ യെങ്കിലും കൊന്നിട്ട് ആണോ പോയത് ? അല്ലല്ലോ? മാള്യേച്ചി പഠിച്ചിട്ടില്ലേ.. ഒരുപാട് അറസ്റ്റുകൾ സ്വീകരിച്ചും ജയിൽ വാസം അനുഭവിച്ചുമൊക്കെയാ.. നമ്മുടെ ഗാന്ധിജിയും കൂട്ടരും.. സായിപന്മാരുടെ കയ്യിൽ നിന്നും നമ്മുടെ രാജ്യം നമുക്ക് തിരിച്ച് പിടിച്ച് തന്നത്. കിച്ചായെ തൊടാൻ ആരെയും സമ്മതിക്കില്ല കിച്ച .

എനിക്കിപ്പോ.. തോന്നുന്നത് സായിപ്പമാരുടെ കയ്യിലിരുന്നാൽ മതിയായിരുന്നൂന്ന്..

അതെന്താ.. മാള്യേച്ചിയെ.

ഇവിടെ ഈ രാജ്യത്ത് ഇപ്പോ ആർക്കാ .. എന്തിനാ.. സമാധാനമുള്ളത്.

സ്വാതന്ത്ര്യവും സമാധാനവുമൊക്കെ നമ്മുടെ കയ്യിലുണ്ട്… അത് പണയപ്പെടുത്താതിരിക്കേണ്ടത് നമ്മളാ..

ഒരുപക്ഷേ ! പ്രൊജക്റ്റിന്റെ കാര്യം എന്തെങ്കിലും തീരുമാനം ആയിട്ടുണ്ടെങ്കിലോ?

ഉം… കാത്തിരുന്നോ? മാളു.. മുഖം ചുളിച്ചു.

പറയാൻ പറ്റില്ല. ചിലപ്പോൾ അങ്ങനെയും ആവാം.

അങ്ങനെ ആയിരുന്നെങ്കിൽ മതിയായിരുന്നു. എങ്കിൽ ഞാൻ നിനക്ക് അസ്സലൊരു സമ്മാനം തരും.

നമുക്ക് പ്രാർത്ഥിക്കാം..

സി.എമ്മിന്റെ ആഫീസിൽ സി.എമ്മിനു മുന്നിൽ ഹരികൃഷ്ണനും വിഷ്ണുവും നിന്നു.

ഇരിക്കൂ..

രണ്ടു പേരും ഇരുന്നു.

ഹരികൃഷ്ണനും വിഷ്ണുവും . മിടുക്കരായ ഇഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ നിന്നും. അതിമിടുക്കരായ അദ്ധ്യാപകരിലെത്തിയിട്ട് എത്ര നാളായ്.

ഞാൻ ആറുമാസം… ഹരി ഒരു മാസം. വിഷ്ണു പറഞ്ഞു.

ഗുണ്ടാ പണി തുടങ്ങിയിട്ടെത്രനാളായ് .. അതിൽ മിടുക്കരാകാൻ ശ്രമിക്കുന്നത് അത്ര നല്ലതല്ല കേട്ടോ?

അക്രമത്തിനെതിരെ വായ് തുറക്കുന്നത് എങ്ങനെ ഗുണ്ടാ പണിയാകും സർ.. ഹരി ചോദിച്ചു. അങ്ങനെ ധാരാളം സംസാരിച്ചിട്ടല്ലേ.. സർ പലരും മുഖ്യമന്ത്രി കസേരകളിലിരുന്ന് പോയിട്ടുള്ളതും ഇരിക്കുന്നതും.

മുഖ്യമന്തി.. കണ്ണടയിടയിലൂടെ ഹരിയെ നോക്കി.. എന്നിട്ട് ചോദിച്ചു.

നമ്മൾ തമ്മിൽ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്.

സാറിനെ ഞങ്ങൾ ഒത്തിരി പ്രാവശ്യം കണ്ടിട്ടുണ്ട്. നേരിട്ടും അല്ലാതെയും .

സി.എം. ചിരിച്ചു.. പിന്നെ പറഞ്ഞു.. ഞാൻ നിങ്ങളെ രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ.. ആദ്യം കണ്ടത് നിങ്ങളുടെ ആദ്യ പ്രോജക്റ്റിന് ഒന്നാം സ്ഥാനം കിട്ടിയപോൾ കേരള സർക്കാരിന്റെ അനുമോദനവും ക്യാഷ് അവാർഡും നേരിട്ട് ഞാൻ നിങ്ങൾക്ക് തന്ന ദിവസം. വേറിട്ട വിഷയവും പുത്തൻ ചിന്തയും ബുദ്ധിയും ഒന്നിച്ചപ്പോൾ നിങ്ങൾ രൂപപ്പെടുത്തിയ പദ്ധതി വിജയത്തിലെത്തിച്ച ഭാവിതലമുറക്ക് സംഭാവന നൽകിയ മിടുക്കന്മാരായത് കൊണ്ട് തന്നെ നിങ്ങളെ ഞാൻ മറന്നിരുന്നില്ല. രണ്ടാമത് നിങ്ങൾ ഈ അടുത്ത സമയത്ത് പുതിയ പദ്ധതിക്കുള്ള അനുമതി സർക്കാരിൽ നിന്നും വാങ്ങാൻ പദ്ധതിയുടെ രൂപരേഖ യുമായ് വന്നു.

ഇന്ന് ഞാൻ നിങ്ങളെ കാണുന്നത്. ഞാൻ നിങ്ങളെ വിളിപ്പിച്ചതു കൊണ്ടാണ്. എന്തിനാണെന്ന് നിങ്ങൾക്ക് വ്യക്തമായ് അറിയാമെന്ന് ഞാൻ കരുതുന്നു. സീ.ലാന്റിൽ പ്ലാസ്റ്റിക് നിരോധനവുമായ് ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൈവയ്ക്കാൻ ശ്രമിച്ച പരാതി എനിക്ക് നേരിട്ട് കിട്ടിയത് കൊണ്ടാണ്. ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. നിങ്ങൾ കണ്ടായിരുന്നുവോ? സോഷ്യൽ മീഡിയകളിൽ കുത്തിയിരുന്ന് കമന്റും ലൈക്കും വാരിക്കൂട്ടിയിട്ടുന്നത് നോക്കിയും കണ്ടും ഇരിക്കാറില്ല സർ.. എനിക്ക് പറയാനുള്ളത് പറഞ്ഞും പ്രവർത്തിച്ചും കാണിച്ച് കൊടുക്കാറാണ് പതിവു.

ഈ രാജ്യത്തെ ജനങ്ങൾ പലതരത്തിലും കഷ്ടപ്പെടുന്നു. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടാൻ നോക്കുകയാണ്.. നമ്മുടെ സംസ്ഥാനം..

സംസ്ഥാനം എന്ത് ചെയ്തൂന്നാ…

പൗരത്വമാണ് സർ ഇപ്പോൾ പ്രധാന വിഷയം. അല്ലാതെ പ്ലാസ്റ്റികല്ല.

പൗരത്വം …അതോർത്ത് ഓരോ മനുഷ്യനും ചങ്കിടിപ്പോടെ നിമിഷങ്ങൾ തള്ളിനീക്കുകയാണ്. അപ്പോഴാണ് പ്ലാസ്റ്റിക് .. നിരോധനം.. ഒരു തൊഴിൽ ചെയ്യുന്നവർ അതൊന്നു മെച്ചപെടുത്തിയെടുക്കാൻ വർഷങ്ങൾ എടുക്കും സർ.. അതാണ് ഒരു നിമിഷം കൊണ്ട് തകർ ത്തെറിയപ്പെടുന്നത്..

പൗരത്വം നമ്മുടെ സംസ്ഥാനത്തിൽ നടപ്പാക്കില്ല.. അത് ഞാൻ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. അതിൽ മാറ്റവുമില്ല..

ജയേഷിനോട് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ.. ഇല്ലെങ്കിൽ അയാൾ ഇത് പോലീസ് കേസാക്കുമെന്ന് പറയുന്നു.

സോറി.. സർ.. ഗോകുലത്തിൽ ഗോവിന്ദമേനോന്റെ മകനാ.. ഞാൻ . ഒരു കാര്യം ചെയ്യുമ്പോൾ നല്ല അലോചനയോടെയെ ചെയ്യൂ.. സർ. വരും വരായ്കകളെ കുറിച്ച് നല്ലോണം ആലോചിച്ച് .. മാത്രം. പാവങ്ങളുടെ വീട്ടുവളപ്പിൽ വന്ന് സാധനങ്ങൾ സർക്കാർ വണ്ടിയിൽ കയറ്റി ഗുണ്ടായിസം കാണിച്ചത് ഞാനല്ല. അയാളാണ്. സർക്കാരിന്റെ കയ്യൊപ്പ് ബലത്തിൽ . അനീതിക്കെതിരെ പോരാടാൻ ഒരു സർക്കാരിന്റെ കയ്യൊപ്പും വേണ്ട.

അയാളോട് ഒരിക്കലും മാപ്പു പറയില്ല ഞാൻ . കേസ് കൊടുക്കാൻ പറയണം സർ.. ഞാൻ നേരിട്ടോളാം..

അയാൾ കേസ് കൊടുക്കാൻ പോയപ്പോൾ താൻ സി.എമ്മിന്റെ സ്വന്തം ആളാ.. എന്റെടുത്ത് താൻ വരുന്നൊക്കെ പറയുന്നത് കേട്ടല്ലോ? ഞാൻ മാത്രമല്ല.. ഇപ്പോൾ ലോകം മുഴുവൻ കേട്ടിട്ടുണ്ടാവും.താൻ സി.എമ്മിന്റെ സ്വന്തം ആളാണെന്ന് . അങ്ങനെ പറഞ്ഞത് കൊണ്ടാ ഞാൻ തന്നെ വിളിപ്പിച്ചത്. ഞാനെങ്ങെനെയാടോ…. തന്റെ സ്വന്തം ആളാകുന്നത്. ആദ്യം അതറിയട്ടെ !

ഞാൻ സി.എമ്മിന്റെ സ്വന്തം ആളാണ് സർ.. എന്റെ ചെറിയമ്മാവൻ സി.എമ്മിന്റെ കാര്യമാ ഞാൻ പറഞ്ഞത്. കാള പെറ്റൂന്ന് കേട്ടപ്പോൾ കയറ് പൊട്ടിച്ച് അയാളിങ്ങോട്ട് ഓടുമെന്ന് ഞങ്ങൾ അറിഞ്ഞില്ല.

സി.എം. ചിരിച്ചു..

ഹരിയും വിഷ്ണുവും വിഷമിക്കണ്ട. പ്രോജക്ട് നമുക്ക് നോക്കാം.. അടുത്തയാഴ്ച പ്ലാന്റ് നടപ്പാക്കുന്ന സ്ഥലം കാണാൻ വരുന്നുണ്ടെന്ന് പറയാനാ.. ഞാൻ തന്നെ വിളിപ്പിച്ചത് കേട്ടോ? പ്ലാസ്റ്റിക് ഒരു വിഷയം തന്നെയാണ്. അതിന് പരിഹാരം ഞങ്ങളും തേടി കൊണ്ടിരിക്കുകയാണ്. നമുക്കത് ചെയ്യാം. കുറെ സമയം സി.എമ്മുമായ് ചർച്ചകൾ നടന്ന് ശേഷം ഹരിയും വിഷ്ണുവും പുറത്തിറങ്ങി.

ഇന്നിനിയെന്താ പരിപാടി.. വിഷ്ണുചോദിച്ചു.

കുഞ്ഞാറ്റയെ കാണാൻ കൊതിയാകുന്നെനിക്ക് . ഈ വിവരം ആദ്യം അറിയേണ്ടത് എന്റെ കുഞ്ഞാറ്റയാ.

ദേ.. ഹരി..നീ… പിന്നെയും മനസ്സിനെ യിട്ടിളക്കല്ലേ… പെണ്ണുങ്ങളാ.. താലി കെട്ടിയ പുരുഷനെ അവർ അത്ര പെട്ടെന്നൊന്നും മറക്കില്ല.. ഒരു ഒന്ന് തീർപ്പിന് ശ്രമിച്ചാൽ തെറ്റൊക്കെ കുഞ്ഞാറ്റ പൊറുക്കും..

ഒത്തുതീർപ്പൊന്നുമില്ല. അവന്റെ കയ്യും കാലും തല്ലിയൊടിക്കാനുള്ള സമയത്താ.. ഇവിടെ വന്നത്..

ഇനിയെന്റെ കുഞ്ഞാറ്റയെ ഞാനാർക്കും കൊടുക്കില്ല.. നീ.. കണ്ടോ? അവനെ ഞാനങ്ങ് തട്ടാൻ പോകുവാ..

എന്നിട്ട് കല്യാണം ജയിലിലാഘോഷിക്കോ.. നീ…

ജയിലെങ്കിൽ ജയില് .. ഞാനും എന്റെ കുഞ്ഞാറ്റയും മരണം വരെ പിരിയില്ല.. എനിക്കിപ്പോൾ തന്നെ അവളെ കാണണം..

അപ്പോൾ ഹരിയുടെ ഫോണിൽ ഒരു കോൾ വന്നു..

വിഷ്ണുവിനെ നോക്കി ഹരി പറഞ്ഞു..

ദേ… ആ തെണ്ടി.. രാകേഷാ..

എല്ലാരും നാളെയിങ്ങെത്തും മാള്യേച്ചീ… ഞാനാച്ഛന്റെ മുറിയൊന്ന് തുടച്ച് വൃത്തിയാക്കട്ടെ.. എന്നിട്ട് നമുക്ക് അവിടെ ചെന്ന് ഗോകുലം അടിച്ച് വാരാം കേട്ടോ?

ങാ.. ഞാൻ എന്താ.. ചെയ്യേണ്ടതെന്ന് കൊച്ചമൂമ്മ പറഞ്ഞാൽ മതി..

കൃഷ്ണ ജനാല മെല്ലെ തുറന്നു .. അങ്ങകലെ.. പാടത്തിനു നടുവിലെ കറുത്ത പാതയിലൂടെ നടന്നു വരുന്ന ആളെ.. അവൾ സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണുകൾ വിടർന്നു.. വെളുത്ത ഷർട്ടിട്ട് നടന്നു വരുന്ന ആൾ എത്ര അകലത്തിലും താൻ തിരിച്ചറിയുന്ന തന്റെ കിച്ചയാണെന്നറിഞ്ഞ അവൾ കമ്പിയിലൊന്നിറുക്കി പിടിച്ചു. എപ്പോഴും മനപൂർവ്വം ഒളിപ്പിച്ച് വച്ച ആ ഇഷ്ടം അറിയാതെ കുളിരുണ്ടാക്കിയവളിൽ . ഉള്ളിലെ കുഞ്ഞാറ്റക്കിളി ചിറകുവിടർത്തി.. പറന്നുയർന്നു കഴിഞ്ഞിരുന്നു അപ്പോഴേക്കും.. അവൾ.. കയ്യിലിരുന്ന തുണി നിലത്തിട്ട് അതിവേഗത്തിൽ ഓടി…

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും.. മരങ്ങളുട കൂട്ടത്തിൽ കിച്ചയെ കാണാൻ പറ്റുന്നില്ലായിരുന്നു.. അരികിലെത്തുന്നതും പഴയ പോലെ ആ കൈകളിൽ തുങ്ങണം .. എന്നിട്ട് കിന്നാരം പറഞ്ഞ് വീടുവരെ നടക്കണം…. എത്രവേഗത്തിലെത്തുന്നോ.. അത്രയും കൂടുതൽ കിച്ചയോടൊപ്പം നടക്കാം. അതിനു വേണ്ടി മാത്രം അവൾ വേഗത്തിൽ പുഴക്കരലക്ഷ്യമാക്കി ഓടി…

ഹേയ്.. നീയെങ്ങോട്ടു .. ഓടുന്നു.. പെണ്ണേ. ഒന്നു .. നിലക്ക്..

നീയൊരു വിവാഹിതയാണ്…

ഹരിയെ ഇനി നീ.. സഹോദര സ്ഥാനത്ത് മാത്രം കാണണം.

നിന്റെ അച്ഛൻ പറഞ്ഞത് നീ.. മറന്നോ? ചീത്ത പേരുണ്ടാക്കരുതെന്ന്.

നാളെ സമൂഹം പറയും .. പഴയ കളിക്കൂട്ടുകാരന് വേണ്ടി നീ.. താലി കെട്ടിയവനെ മനപൂർവ്വം ഒഴിവാക്കിയതാണെന്നു..പിന്നെ ,

നിന്റെ നന്ദേച്ചിപറഞ്ഞത് നീ നല്ലോണം ഒന്നോർത്ത് നോക്ക്.. രണ്ടാം കെട്ടുകാരികൾ രണ്ടാം കെട്ടുകാരനെ കെട്ടണമെന്ന്.

നിന്റെ മാള്യേച്ചിയുടെ കല്യാണം നടക്കണമെങ്കിൽ നിന്റെ കിച്ച നീരജിന്റെ പെങളെ കല്യാണം കഴിക്കണമെന്ന് നയനയുടെ നാവിൽ നിന്നും അതാദ്യം അറിഞ്ഞത് നീയല്ലേ.. അതോ.. നീ.. മനപൂർവ്വം അത് വിസ്മരിച്ചതാണോ? നീ.. മനസ്സുവച്ചാൽ മാള്യേച്ചിയുടെ വിവാഹം നടക്കും. ഇല്ലെങ്കിൽ ജീവിത കാലം മുഴുവൻ നിന്റെ മാള്യേച്ചി ഇങ്ങനെ നിൽക്കേണ്ടി വരും. അതാണോ.. നീ.. ആഗ്രഹിക്കുന്നത്.. മാത്രവുമല്ല..നിന്റ കിച്ചയുടെ മനസ്സും ശരീരവും പവിത്രമാണ്.. നിന്റേതോ ?

മനസ്സിന്റെ ചോദ്യങ്ങൾ അവളുടെ ഓട്ടത്തിന്റെ വേഗത കുറച്ചു . പിന്നെ.. നടത്തതിന്റെയും.. തികട്ടി വന്ന സങ്കടമവൾ മാവിൻ ചോട്ടിലൊതുക്കി.. അവൾ വേദന കടിച്ച് പിടിച്ചങ്ങനെ നിന്നു.. പിന്നെ കൈ ചുരുട്ടി മാവിലിടിച്ചു… വേദനിച്ച പോൾ കൈകൾ കൂട്ടി തിരുമ്മി.. പിന്നെ നെഞ്ചു പൊട്ടിയവൾ കരഞ്ഞു.

കിച്ചയെന്നെ സ്നേഹിച്ചിരുന്നുവെന്ന് നയനേച്ചി പറഞ്ഞില്ലായിരുന്നെങ്കിൽ.. എനിക്കിങ്ങനെ നെഞ്ചുപൊട്ടി കരയേണ്ടി വരില്ലായിരുന്നു. ഒരു പക്ഷേ! അവരുടെ തെറ്റുകൾ എന്നെ തളർത്താതിരുന്നതും.. കിച്ചായുടെ അരികിലെത്താമെന്നുള്ളത് കൊണ്ട് തന്നെയാവും..

നടന്ന് വരുന്നത് കൊണ്ട് കിച്ച പുഴയോരത്ത് കൂടി എളുപ്പത്തിൽ ഇങ്ങെത്തും.. അവളോടി കിണറരികത്ത് എത്തി. പെട്ടെന്ന് വെള്ളം കോരി മുഖം കഴുകി. പിന്നെ അവിടിരുന്ന വലിയ ബക്കറ്റിൽ വെള്ളം കോരി നിറച്ച് കൊണ്ടിരുന്നു.

അരികിലെത്തിയ ഹരികൃഷ്ണൻ പിന്നിൽ നിന്ന് ഒരു ശബ്ദം ഉണ്ടാക്കി… അല്പം ഉച്ഛത്തിൽ തന്നെ… ട്‌ ടോ ന്ന്

ശബ്ദം കേട്ട് ഞെട്ടിയ കൃഷ്ണയുടെ കയ്യിൽ നിന്നും കയർ വഴുതി.. തൊട്ടി അതിവേഗത്തിൽ കിണറ്റിലേക്കിറങ്ങി… ഒപ്പം.. ആശക്തിയിൽ കൃഷ്ണയും മുന്നോട്ടാഞ്ഞു.. ഹരി ഞ്ഞൊടിയിടയിൽ അവളെ വലിച്ച് നഞ്ചോടടുപ്പിച്ചു..

ഭയന്നു പോയ കൃഷ്ണ തിരിഞ്ഞ് ഹരിയെ രണ്ടു കയ്യും കൊണ്ട് അള്ളിപിടിച്ചു.

പിടിവിടാതെ നിന്ന തന്റെ കുഞ്ഞാറ്റയെ വലത് കൈ കൊണ്ട് വീണ്ടുമൊന്ന് ചേർത്ത് പിടിക്കാൻ അവന് കൊതി തോന്നിയെങ്കിലും കുഞ്ഞാറ്റ പെണ്ണേ… നീയെന്നിൽ നിന്നടർന്നു മാറല്ലേ.. യെന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു..

തൊട്ടി കിണറിൽ വീണ ശബ്ദം കേട്ട് വന്ന മാളൂട്ടിയെ കണ്ട് ഹരികൃഷ്ണൻ പെട്ടെന്നവളെ അടർത്തിമാറ്റി..

എന്ത് പറ്റിയേട്ടാ.. മാളൂട്ടി വേഗത്തിൽ നടന്നുവരുന്നത് കണ്ടു ഹരി പറഞ്ഞു.

പതുക്കെ… വാ…മാളൂ… ഒരാളിപ്പോ.. കിണറ്റിൽ പോയേനെ.. ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ…. ഹരി ഒരു വിധം പറഞ്ഞൊപ്പിച്ചു..

കുഴപ്പമുണ്ടോടീ… മാളൂട്ടിയവളുടെ മുഖം പിടിച്ചുയർത്തി.. കൃഷ്ണ കണ്ണുകളിറുകെ പൂട്ടികളഞ്ഞതും ഇരുകവിളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി. അവൾ തന്നെ തിരിച്ചറിയുകയായിരുന്നു.. കിച്ചാ യുടെ മാറിൽ നിന്നും തന്നെ അടർത്തിമാറ്റിയപോൾ ഒരിക്കൽ കൂടി.. ഞാനെന്റെ കിച്ചായെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റുകയാണ്.. മാള്യേച്ചി… ന്റെ മാളേച്ചിക് വേണ്ടി.. അവൾ മറുപടി പറയാതെ ഓടിയകത്തേക്ക് പോയി. അച്ഛന്റെ മുറിയിൽ കയറി പിന്നെയും അവൾ പൊട്ടികരഞ്ഞു..

മൊബൈലിൽ കുറെ മെസ്സേജുകൾ… രാകേഷേട്ടന്റെ…

അവൾ തുറന്നു നോക്കി.. ചുണ്ടു പൊട്ടി ചോരവാർന്നിറങ്ങുന്ന ഫോട്ടോ?

നിന്നോട് ഞാൻ ചെയ്ത തെറ്റുകൾക്ക് നിന്റെ കിച്ച എനിക്ക് തന്ന ചെറിയൊരു ശിക്ഷയാ.

തെറ്റ് ചെയ്തിട്ടും നീയെന്നോട് പൊറുത്തു.. എന്നെ ശിക്ഷിക്കാൻ ആള് വരുന്നൂവെന്ന് നീ മുന്നറിയിപ്പ് തന്നു .. പക്ഷേ! ഞാൻ നിന്റെ കിച്ചായെ ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. നാളെ രാജേഷേട്ടനെ കാണാൻ ഞാൻ വീട്ടിൽ പോകും. എന്റ മരണം രജേഷേട്ടന്റെ കൈ കൊണ്ട് തന്നെ വേണം..

കൂടുതൽ വായിക്കാൻ കഴിയാതെ അവൾ ഹരിയുടെ അരികിലേക്ക് ഓടി..

രാകേഷേട്ടനെ.. തല്ലിചതച്ചു..അല്ലേ.. ഞാൻ കെഞ്ചി പറഞ്ഞിട്ടും കേട്ടില്ലല്ലോ?. ആ അമ്മയും അച്ഛനും എങ്ങനെസഹിക്കും.എന്നെയോർക്കണ്ട . പക്ഷേ! അവരെ കരുതിയെങ്കിലും വെറുതെ വിടാമായിരുന്നു.. ഇനി ആ അമ്മയുടെ മുഖത്ത് ഞാനെങ്ങനെ നോക്കും..

ഇനി..നീ ആ അമ്മയുടെയും അച്ഛന്റെയും മുഖത്ത് നോക്കണ്ട. പോരെ.. ഇതോടെ തീർന്നു അവിടവുമായുള്ള ബന്ധം.

രാകേഷേട്ടൻ എന്റെ ഭർത്താവാണ്..അത് കിച്ച മറക്കണ്ട. പിന്നെ.. ഇവിടുന്ന് കിച്ച പോകുമ്പോൾ ഞാനൊരു കാര്യം പറഞ്ഞിരുന്നു..രാകേഷേട്ടനെ തല്ലിയാൽ പിന്നെ ഞാൻ ഒരിക്കലും മിണ്ടില്ലന്ന് .

ഭർത്താവാണങ്കിൽ പിന്നെന്തിനാടീ.. നിനക്ക് ചേച്ചിയുടെ മുറിയിൽ ചെന്ന് കാണേണ്ടി വന്നത്.

കൃഷ്ണ കരഞ്ഞു.. കൊണ്ട് പറഞ്ഞു. എന്റെ വിധിയെ കിച്ച ചോദ്യം ചെയ്യരുത്. അവൾ ഹരിയുടെ നേരെ കൈകൂപ്പി. ദയവ് ചെയ്ത് എന്നെയും എന്റെ രാകേഷേട്ടനെയും വെറുതെ വിട്.

അപ്പോഴേക്കും.. മാളു വിളിച്ച് പറഞ്ഞു.. ഏട്ടാ.. ദേ.. എല്ലാരും വന്നൂട്ടോ?

ഹരി മുറ്റത്തേക്കിറങ്ങി. കൃഷ്ണ നിന്നിടത്ത് നിന്ന് അനങ്ങിയില്ല..

സി.എമ്മിനെ വീൽ ചെയറിൽ ഇരുത്തി ഹരി മുറിയിലേക്ക് കൊണ്ടു വന്നു. പിന്നാലെ മറ്റുള്ളവരും.

എന്താ.. മോളെ…നീ കരഞ്ഞിരിക്കുന്നത്.

സി.എം. ചോദിച്ചു. ?

കൊന്നോ? അതോ.. ചതച്ചതേയുള്ളോ?

ഒന്നും ചെയ്യ്തില്ല. ഗോവിന്ദമേനോൻ അവളുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു..

വേണ്ട.. എന്നോട് മിണ്ടണ്ട ആരും.. അവൾ ഗോവിന്ദമേനോന്റെ കയ്യ് വിടുവിച്ചു..

ഭ്രാന്ത് കാട്ടല്ലേ.. കൃഷ്ണേ.. ദേവ പ്രഭ പറഞ്ഞു..

അതെ.. മ്മേ.. എനിക്ക് ഭ്രാന്താ. കൊണ്ടോയ് ചങ്ങലയ്ക്കിട്. എല്ലാരും കൂടി. .അതായിരുന്നു. വേണ്ടത്. എന്നോടുള്ള സ്നേഹം കാണിക്കേണ്ടത് ഇങ്ങനയല്ല. കാര്യം അറിഞ്ഞ ഉടനെ, എന്നെയൊന്ന് ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ.. നില്ക്കാതെ തല്ലാനും കൊല്ലാനും പോയില്ലേ.. എല്ലാരും. എന്നോട് ആരും മിണ്ടണ്ട.

എന്താ.. മോനെ.. എന്തുണ്ടായി? സി.എം ഹരിയോട് ചോദിച്ചു.

അച്ഛാ.. നാടകം കൃഷ്ണമോളോട് വേണ്ട..

നാടകമോ? നീയെന്തായീ പറയുന്നത്.

സി.എമ്മേ… നമ്മൾ രാകേഷിനെ തല്ലാൻ പുറപ്പെട്ടുവെന്ന് അവനെ വിളിച്ചറിയിച്ചു. അവനെന്നെ വിളിച്ചു. അവൻ നില്ക്കുന്ന സ്ഥലം പറഞ്ഞു തന്നു. ഞാനും എന്റെ സുഹൃത്ത് വിഷ്ണുവും കൂടി പോയ് ചോദിച്ചു. ചെകിടത്ത് ഒന്ന് പൊട്ടിച്ചു. അതിനാ.. കിടന്ന് മോങ്ങുന്നത്.. രാകേഷ് സി.എമ്മിനെയും ഗോവിന്ദ മോനോനെയും നോക്കി കണ്ണ് കാട്ടി.

കൃഷ്ണ ഫോണെടുത്ത് ഉയർത്തി പിടിച്ചു.. ഒന്ന് തല്ലിയ ആളിന്റെ മുഖമാണിത് കണ്ടോ?

പോട്ടെ! മോളെ.. ദേ.. ആരാ.. വന്നതെന്ന് നോക്ക്.. വാതിലിൽ നില്ക്കുന്ന വല്യമ്മയെ കണ്ട് കൃഷ്ണ അന്തം വിട്ടു.

വല്യമ്മേ.. നയനേച്ചി ഹോസ്പിറ്റല്ലല്ലേ? ഈ സമയത്ത് നയനേച്ചിയെ തനിച്ചാക്കി വരാനെങ്ങനെ തോന്നി.. വല്ല്യമ്മേ..?

നയനയെ.. ഡിസ്ചാർജ് ചെയ്തു. രാജേഷ് വന്ന് കൂട്ടികൊണ്ട് പോയ്..

അതെങ്ങനെ ശരിയാകും വല്യമ്മേ.. നയനേച്ചി ഗർഭിണിയല്ലേ. രാജേഷേട്ടനെ തെറ്റിദ്ധരിപ്പിച്ചോ എല്ലാരും.. കൂടി..

ഇല്ല മോളെ… അവനെല്ലാം. അറിഞ്ഞ് തന്നെയാ.. കൊണ്ട് പോയത്.

നയനേച്ചിയെന്നിട്ട് കൂടെ പോയോ?

ഊം. ശ്രീദേവിയും ഹരികുമാറേട്ടനും കൂടെയുണ്ടായിരുന്നു.

വല്യമ്മ…. വന്നത് വല്യച്ഛന് ഇഷ്ടായോ?

അയാൾക്കെന്നെ വേണ്ടാതായിട്ട് കാലം ഏറെയായി… മോൾക്ക് വേണ്ടി.. ഞാൻ സഹിച്ച് നിൽക്കുകയായിരുന്നു. അമ്മേം.. ഏട്ടനും വിളിച്ചപ്പോൾ ഞാനിങ്ങ് പോന്നു.

അടുത്ത മാസം മാളൂന്റെ കല്യാണം

നടക്കും. അത് കഴിഞ്ഞാൽ അമ്മയ്ക്കും ഏട്ടനും കൂട്ടിനൊരാള് വേണല്ലോ?

കല്യാണം.. ഉടനെയുണ്ടോ അച്ഛമ്മേ? അവൾ പിണക്കം മറന്ന്ചോദിച്ചു.

ശ്രീനിയൊന്ന് സൂചിപ്പിച്ചു.

മാള്യേച്ചി.. അവൾ കെട്ടിപിടിച്ചു മാളുവിനെ?

അപ്പോൾ അച്ഛമ്മയോട് പിണക്കമില്ല അല്ലേ…? മാളു ചോദിച്ചു.

പിണക്കമാണ്.. മാളുവിനെ തട്ടിമാറ്റിയവൾ അകത്തേക് പോയ്..

ഗോമതിയമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു. പാവം.. പിണങ്ങാനൊന്നുമറിയില്ലന്റെ കൂട്ടിക്ക്. കുറച്ച് സമയം കഴിയട്ടെ! കാണാം..

എന്നാൽ കൃഷ്ണയുടെ പിണക്കവും സങ്കടവുമൊന്നും മാറിയിരുന്നില്ല.

അവൾ അലമാര തുറന്ന് വായിച്ച നോവലുകൾ ഓരോന്ന് ആയി വായിച്ച് കൊണ്ടിരുന്നു. തത്ക്കാലം അവളെ ശല്യപെടുത്തേണ്ടെന്ന് എല്ലാരും. കരുതി.

പ്രിയ കുട്ടി… ഹരികൃഷ്ണൻ മുറിയിൽ വന്നതും കൃഷ്ണ പുസ്തകം മടക്കി എഴുന്നേറ്റു…

നാളെ .. ആമിനാത്തയുടെ വീട്ടിലാണ് ഊണ് കേട്ടോ?

കൃഷ്ണ മറുപടി പറഞ്ഞില്ല.

വീട്ടിൽ ഇറച്ചി വയ്ക്കാത്തതിനാൽ ആമിനാത്ത ഇടക്കിടക്ക് മട്ടൻ കറിയും കോഴി പൊരിച്ചതും. നെയ്ച്ചോറുമൊക്കെ വച്ച് തരും. അന്ന് അച്ഛനും ഗോവിന്ദാമ്മയും കിച്ചായും മാള്യേച്ചിയും ഞാനും കൂടി.. ആമിനാത്തയുടെ വീട്ടിൽ പോയിട്ട് വൈകിട്ടാണ് മടങ്ങി വരുന്നത്. കേട്ടിട്ട് കൊതിയൊക്കെ വരുന്നുണ്ട്. എന്നാലും. മിണ്ടില്ല ഞാൻ. കൃഷ്ണയുറപ്പിച്ചു.

നീയെന്താടീ.. മിണ്ടാത്തത്.

കൃഷ്ണ മുറിവിട്ട് പോകാനൊരുങ്ങി..

ഹരി കൈവിടർത്തി തടഞ്ഞു.

നീയൊന്ന് പുറത്തോട്ട് വാ.. എനിക്ക് ചിലത് പറയാനും ചോദിക്കാനുമുണ്ട്..

എനിക്കൊന്നും കേൾക്കാനും ഇല്ല പറയാനും ഇല്ല..

ങാ..ഹാ.. അത്. ശരിയാകില്ലല്ലോ? വാ.. വരാൻ.. ഹരിയവളുടെ കൈപിടിച്ച് വലിച്ച് കൊണ്ട് പുറത്തിറങ്ങി.

തണൽ മരച്ചോട്ടിൽ അവളെ കൊണ്ട് നിർത്തി ഹരി പറഞ്ഞു….

എന്റെ മുഖത്തോട്ടൊന്ന് നോക്കടോ?

കൃഷ്ണ കണ്ണുകൾ വിടർത്തി അവനെ നോക്കി.

ശരിക്കും ഞാൻ നിന്റെ ആരാ …

കാലൻ..

ഹ..ഹ..ഹ.. ഹരിയുടെ മുഴക്കമുള്ള ചിരി ഇക്കുറി കൃഷ്ണയെ സുഖിപ്പിച്ചില്ല..

വേണ്ടി.. വരും.. പറഞ്ഞാൽ കേട്ടില്ലെങ്കിൽ.

പിണങ്ങിയിരിക്കുന്ന നിന്നെ കാണാൻ ഒരു ഭംഗീം. ഇല്ലാ കേട്ടോ?

തത്ക്കാലം ഇത്ര ഭംഗിയൊക്കെ മതി.

കാര്യം പറയുന്നെങ്കിൽ പറയ്.. ഞാൻ പോട്ടെ!

അവനെ തല്ലിയതിന്റെ പേരിലാണ് നിന്റെ പിണക്കമെന്ന് എനിക്കറിയാം. അവനെ കൊല്ലാമന്നാ..ഞാൻ വിചാരിച്ചത്.. അടിച്ചവശനാക്കുമ്പോൾ.. തിരിച്ച് ഒരു പ്രതികരണമൊന്നുമില്ലാതെ നിന്ന് കൊണ്ട അവനോട് എനിക്ക് വീണ്ടും അറപ്പ് തോന്നി.. പന്ന മോനെ.. കോളറോടെ തുക്കിയെടുത്ത് കടലിലെറിയാനാ ആ സമയം തോന്നിയത്..

അപ്പഴാണവൻ ഒരു കാര്യം പറഞ്ഞത്.. കൃഷ്ണ വീണ്ടും ഹരിയെ നോക്കി.

കേൾക്കണോ നിനക്ക് ?

കൃഷ്ണ നെറ്റി ചുളിച്ച് ഹരിയെ നോക്കി ..

അതെ… ഞാൻ തെറ്റു ചെയ്തു.. സമ്മതിക്കുന്നു.. അത് കാെണ്ടാ..ഹരിയേട്ടൻ എന്നെ തല്ലിയപ്പോൾ ഞാൻ കൊണ്ട് നിന്നത്.

ഹരിയേട്ടൻ പറഞ്ഞല്ലോ? ഞാനവളെ ചതിച്ചെന്ന്..

എനിക്ക് മുൻപ് അവളെ ചതിച്ചത്.. നിങ്ങളാ ഹരിയേട്ടാ..

ഞാനോ?

അതെ. അവള് ജനിച്ച നാൾ മുതൽ നിങ്ങളവൾക്കൊപ്പമായിരുന്നു. അവൾക്ക് നിങ്ങളെയും.. നിങ്ങൾക്ക് അവളെയും ജീവനായിരുന്നു. മനസ്സ് നിറയെ പ്രണയം നിറച്ച് വച്ച് കാത്തിരുന്നു ഒരു വാക്ക് പോലും പറയാതെ .. ഒരു നോട്ടം കൊണ്ട് പോലും നിങ്ങളവളെ മോശമാക്കിയില്ല. അത്രയ്ക്കും പവിത്രമായൊരു ബന്ധം മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ കുഞ്ഞാറ്റയെ ചതിക്കുകയായിരുന്നു മനസ്സ് കൊണ്ട് . കല്യാണ ദിവസം അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ലോകത്ത് ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനായിരിക്കുമായിരുന്നു.. നിങ്ങളുടെ കുത്താറ്റയിലൂടെ. മനപൂർവ്വമല്ലെങ്കിലും എന്റെ വഴിപിഴച്ചു പോയ്. ഏതൊരു പുരുഷനും കൊതിച്ച് പോകുന്ന അവളിലെ സൗന്ദര്യവും നിഷ്കളങ്കതയും എന്നെയും ആകർഷിച്ചിരുന്നു പലപ്പോഴും. നിങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു.. നിങ്ങൾ അവൾക്കാരായിരുന്നുവെന്ന് ..

ഹരിയൊന്നുലഞ്ഞു.. മണൽ തരികൾ കാലിനടിയിൽ നിന്നും ഊർന്നു പോയ്. വിശ്വസിക്കാനാകാതെ അവൻ ചോദിച്ചു.. എന്താ.. പറഞ്ഞത്.. കുഞ്ഞാറ്റയെന്നെ..?

അതെ.. അവൾ തുറന്ന് പറഞ്ഞിരുന്നു..

കൊതിയോടെ ഒന്നു ചേർത്ത് നിർത്തിയപ്പോഴൊക്കെ.. ആ സമയം അവളുടെ കണ്ണുകൾ അത് പ്രകടമാക്കിയിരുന്നു. പിടത്തിരുന്നു അവളുടെ ശരീരം.

തെറ്റ് ചെയ്തവനെന്ന ബോധമുള്ളത് കൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ലവളെ… നിങ്ങളുടെ കുഞ്ഞാറ്റയെ എന്നെങ്കിലുമൊരിക്കൽ നിങ്ങളെ ഏൽപ്പിച്ച് ജീവനൊടുക്കണമെന്ന് ഞാൻ വിചാരിച്ചു.. പക്ഷേ… എന്റെ ഒരു ജീവൻ ഞാൻ സ്നേഹിച്ച പെണ്ണിന്റെ ഉദരത്തിൽ വളരുന്നു.. ഒന്നു കാണുന്നത് വരെ .. മാത്രം.. ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നുള്ളൂ. അത് കഴിഞ്ഞ് രാകേഷ് ഈ ഭൂമിയിലുണ്ടാവില്ല.

ഇടറിയ സ്വരത്തോടെ … ഹരി ചോദിച്ചു. നയന പറഞ്ഞത്…. അങ്ങനെയല്ലല്ലോ?

രാകേഷ് കഥമുഴുവനും സത്യ സന്ധമായ് പറഞ്ഞു..

കാര്യം പറയാനാണോ? സ്വപ്നം കാണുന്നത് കാണാനാണോ എന്നെ വിളിച്ച് കൊണ്ട് വന്നത്.

ഞാൻ പോട്ടെ!

ഹരി.. ചിന്തകളെ മാറ്റി നിർത്തി അവൾക്കരികിലേക്ക് നീങ്ങി നിന്നു..

നിന്റെ രാകേഷ്ട്ടനെ കൊല്ലാൻ പോയ ഞാൻ അവനെ വെറുതെ വിട്ടതെന്തെന്നോ? അവനെന്നോട് പറഞ്ഞു.. മറ്റെല്ലാം മറച്ച് വെച്ച് ഹരിയിങ്ങനെ പറഞ്ഞു.

നിങ്ങളുടെ കുഞ്ഞാറ്റയ്ക്ക് നിങ്ങളെ .. ജീവനായിരുന്നുവെന്ന് .. ജീവിത കാലം മുഴുവൻ എനിക്ക് തരാനുള്ള പ്രണയവും എന്നോടുള്ള സ്നേഹവും നിന്റെ ഈ വിടർന്ന കണ്ണുകളിൽ അവൻ നിറഞ്ഞു കണ്ടുവെന്ന് … ആണോ.. ഈ കൊച്ചു ഹൃദയത്തിൽ എന്നോട് അത്രയ്ക്കും പ്രണയമുണ്ടായിരുന്നോ?

ഞാനിപ്പോൾ തളർന്ന് വീഴുമെന്ന് കുഞ്ഞാറ്റയ്ക്ക് തോന്നി.. അവൾ തണൽ മരത്തിൽ അള്ളിപിടിച്ചു.. വിറപൂണ്ട ചുണ്ടുകളൊളിപ്പിക്കാൻ അവൾ പാടുപെട്ടുകൊണ്ടിരുന്നു.. തന്റെ ചങ്കിടിപ്പ് കേൾക്കാൻ പാകത്തിന് കിച്ചയരികിലെത്തിക്കഴിഞ്ഞു..

ഞാനൊന്ന് കേൾക്കട്ടെ പറമോളെ.. നിയെന്നെ പ്രണയിച്ചിരുന്നോ?

ഹൃദയത്തിൽ നിന്നൊരു തേങ്ങലിൻ നേർത്ത ചീള് പുറത്തേക്ക് വന്നു..അവളൊന്നു വിതുമ്പി..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

4.2/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഞാനും എന്റെ കുഞ്ഞാറ്റയും – 46, 47”

Leave a Reply