Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 48, 49

njanum ente kunjattayum aksharathalukal novel by benzy

പറഞ്ഞോ… പ്രിയ കുട്ടീ…? രാകേഷ് പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ? നീയെന്തിനാ.. കരയുന്നത്. നിന്റെ കിച്ചായല്ലേ… ചോദിക്കുന്നത്. പറഞ്ഞോ മോളെ ….

കൃഷ്ണ കരച്ചിൽ നിർത്തി മരത്തിൻറെ തോട് പിച്ച് താഴെ എറിഞ്ഞ് കൊണ്ടേയിരുന്നു.

നീ ആ മരംകൊത്തി പൊളിക്കാതെ കാര്യം പറ പ്രിയ കുട്ടീ…നീ എന്നെ മറ്റൊരുതരത്തിൽ കണ്ടിരുന്നോന്ന്…

അത് …. അത് എനിക്ക് കിച്ചായെ ഇഷ്ടമായിരുന്നല്ലോ… കിച്ച ചോദിക്കും പോലെ അത് ഏതു തരത്തിൽ എന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് എപ്പോഴും കിച്ചാടെ കൂടെ ജീവിച്ചാൽ മതിയായിരുന്നു. എനിക്ക് കിച്ചായെ കാണാതിരിക്കാൻ പറ്റില്ലായിരുന്നു. എനിക്ക് എന്നെക്കാൾ … ഈ ലോകത്ത് മറ്റെന്തിനേക്കാളും ഇഷ്ടായിരുന്നു കിച്ചായെ അത് കിച്ചാക്കും അറിയായിരുന്നല്ലോ? പിന്നെന്തിനാ.. കിച്ചാ..എന്നോടിങ്ങനൊക്കെ ചോദിക്കുന്നത്. രാകേഷേട്ടൻ പറഞ്ഞിട്ട് വേണോ കിച്ച അതറിയാൻ..

ഹരികൃഷ്ണൻ അവളുടെ അരികിലേക്ക് കുറച്ച് കൂടി നീങ്ങി നിന്നു.

എന്നിട്ട് ആ ഇഷ്ടം നീയെന്താ എന്നോട് പറയാതിരുന്നത്?

കിച്ച പിണങ്ങിയാൽ എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. അപ്പോഴും ഇപ്പോഴും. അന്നൊരിക്കൽ ഒരിഷ്ടം പറഞ്ഞ് നയനേച്ചിയെ തല്ലിയത് എന്റെ മുന്നിൽ വച്ചാണല്ലോ? എനിക്ക് പേടിയായിരുന്നു.

ഇപ്പോ.. ആ പേടിയൊക്കെ.. പോയോ?

ഊം.. ഇപ്പോ.. തീരെ പേടിയില്ല.

അതെന്താ..?

ഞാൻ മാത്രമല്ലല്ലോ..കിച്ചാക്കും എന്നെ കല്യാണം കഴിക്കാൻ ഇഷ്ടായിരുന്നല്ലോ?

ഹരി ഞെട്ടി.. ആ നയനയിവളോട് പറഞ്ഞു കാണും.. ഉറപ്പ്..കൃഷ്ണയുടെ ഇഷ്ടത്തിൽ തുങ്ങി കൃഷ്ണയെ കൊണ്ട് കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ച് അവളെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിപ്പോയ ഹരി..മറ്റാരെങ്കിലും കേട്ടോന്നറിയാൻ ചുറ്റും.. നോക്കി..

ഹൊ…. ആരും.. കേട്ടില്ല.. ഭാഗ്യം.. മുറപെണ്ണുങ്ളെ ഒരിക്കലും കല്യാണം കഴിക്കില്ലന്ന് അറിവില്ലാ പ്രായത്തിൽ പ്രതിജ്ഞയെടുക്കാൻ ഏത് സമയത്താണോ തോന്നിയത്. എന്റെയുള്ളിൽ ഇങ്ങനൊരു ആഗ്രഹം മൊട്ടിമുളചത് ആരെങ്കിലും അറിഞ്ഞാൽ കളിയാക്കി കൊന്നത് തന്നെ.. ആശുപത്രി.. കിടക്കയിൽ വച്ച് അവ്യക്തമായിട്ടാണെങ്കിലും

വീണ്ടും.. സി.എം. ചോദിച്ചതാ.. എന്റെ മോളെ .. എന്തിനാ.. നീ.. കൈവിട്ട് കളഞ്ഞതെന്ന്.

തുടർന്ന് കുഞ്ഞാറ്റയോടുള്ള തന്റെ പെരുമാറ്റങ്ങൾക്ക് .. തെറ്റായ ധാരണയുണ്ടാകാതിരിക്കാനും.. സി.എം. കൂടുതൽ വിഷമികാതിരിക്കാനും വേണ്ടി ഞാൻ പറഞ്ഞ നുണകൾ സി.എം. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് വിശ്വസിപ്പിക്കുന്ന തരത്തിൽ ദുഃഖങ്ങൾ ഉള്ളിലൊതുക്കി കൂടെ നിന്ന് പരിചരിക്കുകയായിരുന്നു..

എനിക്കെന്റെ കുഞ്ഞാറ്റയെ വേണം.. ഭഗവാൻ കാട്ടിതന്ന പെണ്ണാ..എന്റേതല്ലെങ്കിൽ പിനെന്തിനാ..സ്വപ്നത്തിലൂടെ കാട്ടിയെന്റെ ഉറക്കം കെടുത്തിയത്.. അതുറപ്പിക്കാൻ തന്നെയാ. താലി വീണിട്ടും.. എന്നോടുള്ള സ്നേഹത്തിൽ പീലി വിടർത്തിയവൾ എന്നെരികിലെത്തിയത്. രണ്ട് പേരെയും വിദഗ്ദമായ് നയന പറ്റിച്ചത് കൊണ്ടാ… രണ്ടു പേരും അകന്നത്. എന്തായാലും ഞാൻ പറയാതെ തന്നെ ഇവളെ കൈപ്പിടിച്ച് തരുമെല്ലാ തന്റെ പ്രിയപ്പെട്ടവർ. അച്ഛമ്മയുടെ നിർദ്ദേശമനുസരിച്ച് അച്ഛനും മാളുവും ആദ്യം പറയും അത്.

പിന്നെ.. സി.എമ്മും ദേവമ്മായിയും നിറഞ്ഞ മനസ്സോടെ എനിക്ക് തരും. എന്തായാലും വേറൊരു കുടുംബത്തിൽ കുഞ്ഞാറ്റയെ അയക്കില്ല.

മതി.. അതു മാത്രം മതി എനിക്ക് . ഞാനായിട്ട് പറഞ്ഞ് ഈ കുട്ടി കുറുമ്പിയുടെ മുന്നിൽ വില കളയണ്ട. തീരെ വില വയ്ക്കില്ല പെണ്ണ്..

അതുവരെ ഇവളോടുള്ള സനേഹം അത്രമേൽ നിറച്ച് നിറച്ച് ഞാനൊരുക്കി വച്ചിരിക്കുന്ന ഈ ഹൃത്തിനുള്ളിലെ സ്നേഹ കൂട്ടിൽ എന്റെ കുഞ്ഞാറ്റയെ ആരും കാണാതെ …എന്റെ നെഞ്ചോട് ചേർത്ത് വച്ച് വീണ്ടും വീണ്ടും ഓമനിക്കണം. അവൾ മതിയെന്ന് പറഞ്ഞാലും പോരാന്ന് പറഞ്ഞാലും വിടാതെ വിടാതെ … ചേർത്ത് ചേർത്ത് വയ്ക്കണം.

കിച്ചയെന്താ.. ആലോചിക്കുന്നത്..

കൃഷ്ണയുടെ ചോദ്യം കേട്ട് ഹരിയുണർന്നു..

ഛേയ്….നിനക്കെങ്ങനെ തോന്നിയെടീ… എന്നെ മറ്റൊരു കണ്ണിൽ കാണാൻ.. നിന്നെ തോളത്ത് കിടത്തിയുറക്കിയതിനും.. കൊഞ്ചിച്ച് കൂടെ കൂട്ടിയതിനും. ഊട്ടിയതിനും ഉറക്കിയതിനും എന്നോട് ഇങ്ങനെ തന്നെ കാട്ടണം നീ. എന്റെ പഴയ സ്വഭാവത്തിന് .. നിന്റെ ചെകിട്. അടിച്ച് പൊട്ടിക്കേണ്ടതാ…… തലോടിയ കൈ കൊണ്ട് തല്ലണ്ടാന്ന് കരുതിയാ..ഹരി ഉള്ളാലെ ചിരിച്ചു..

മറ്റൊരു കണ്ണിലുമല്ല കണ്ടത്.. ദേ..എന്റെ ഈ സ്വന്തം കണ്ണിലാ.. കണ്ടത്. അവൾ സ്വയം കണ്ണിൽ കുത്തി കാണിച്ചു. ഒളിക്കണ്ട കിച്ച എന്നോട്. എല്ലാം ഞാനറിഞ്ഞു. ഉള്ളിലിരിപ്പെന്തെന്ന് ഈ ഞാനറിഞ്ഞില്ലെങ്കിൽ പിന്നെ കി ച്ചാടെ …കുഞ്ഞാറ്റ …… കിച്ചാടെ കുഞ്ഞാറ്റ ….എന്ന് പറഞ് നടന്നിട്ട് ഒരു കാര്യവുമില്ല. പോരാത്തതിന് നയനേച്ചിയും പറഞ്ഞതാ കിച്ചാടെ കള്ളത്തരം. കുഞ്ഞാറ്റയേ.. സി.എമ്മിന്റെ മോളാ…

കള്ളത്തരോ… അവൾ പറഞ്ഞ കള്ളം വിശ്വസിച്ചത് കൊണ്ടാ നീ… ഇന്ന് ഈ ഗതിയിലായത്. അവൾ പറഞ്ഞതൊന്നും സത്യമല്ലായിരുന്നല്ലോ?

അപ്പോ.. കിച്ചാക്കെന്നെ ഇഷമല്ലായിരുന്നോ?

ഇഷ്ടാണ്. നീ പറഞ്ഞത് പോലെ പിരിയാൻ പറ്റാത്‌തൊരിഷ്ടം എനിക്കുമുണ്ട്. അതിപ്പോ ഈ കുടുംബത്തിൽ ആരെ പിരിഞ്ഞാലും എനിക്ക് സങ്കടമാവും. പിന്നെ എന്റെ പ്രിയ കുട്ടിയെ . പിരിഞ്ഞാലൊര്പം കൂടുതൽ. അത്രേയുള്ളൂ..

ഇതുവരെ അവളിൽ ഞാൻ കാണാത്ത ഭാവങ്ങൾ വിരിയുന്നതും മിന്നിമായുന്നതു കാണാനും കൊതിയോടിങ്ങനെ നോക്കി നിൽക്കാനും ഹരിക്ക് തിടുക്കവുമായ്.

കൃഷ്ണ ഹരിയെ അത്ഭുതത്തോടെ നോക്കി..

കിച്ചാക്ക് ഓർമ്മയുണ്ടോ?നമ്മളെല്ലാരും കൂടി , ആരുടെയോ.. തുളസിമാല ചാർത്തലിന് വേളിമലയിൽ പോയ ദിവസം.. കാലു കുഴഞ്ഞ് മാളുവേച്ചി മുകളിലേക്കില്ലെന്ന് പറഞ്ഞ് നിലത്തിരുന്നത്. അന്ന് കിച്ച മാള്യേച്ചിയെ കോരിയടുത്താ ക്ഷേത്രനടയിൽ എത്തിച്ചത്. ഓർമ്മയുണ്ടോ കിച്ചാക്ക്…

ഉം ..അതെന്താ.. ഇപ്പോ.. പറയുന്നത്?

പറയണം.. അന്ന് ഞാൻ എട്ടാം ക്ലാസ്സിലാ.. പഠിക്കുന്നത്. പലവട്ടം കാല് കഴക്കണൂന്ന് പറഞ്ഞിട്ടും ഒരിക്കൽ പോലും എന്നെയെടുക്കാതെ പോയതിന് ഊതി വീർപ്പിച്ച ബലൂൺ പോലെയായിരുന്നു അന്ന് എന്റെ മുഖം .

അന്നും പിറ്റേന്നുമെല്ലാം.. കിച്ചായോട് പിണങ്ങിയിരുന്നു ഞാൻ. എന്റെ പിണക്കം മാറ്റാൻ കിച്ച എന്റെ കൈയ്യും പിടിച്ച് കൊണ്ട് വേളിമലയുടെ അങ്ങേ…..അറ്റം വരെ പോയി.. അവിടെ മലമേലെചെന്ന് നിന്ന് ആകാശത്തേക്ക് പറന്നുയരുന്ന പക്ഷികളുടെ സഞ്ചാരം നോക്കി നിന്ന കിച്ചയോട് ഞാൻചോദിച്ചു.

കിച്ചാ .. ഈ കുഞ്ഞാറ്റ പൈങ്കിളികൾ എങ്ങോട്ടാ.. പറന്നുയരുന്നത്..?

എന്റെ താടി പിടിച്ചുയർത്തി കിച്ച പറഞ്ഞു. അറിയില്ലെന്റെ കുഞ്ഞാറ്റേ .. പക്ഷേ… കിച്ചാക്കൊന്നറിയാം.. ഈ കുഞ്ഞാറ്റക്കിളിയിപ്പോൾ പറന്നിറങ്ങുന്നത് കിച്ചായുടെ നെഞ്ചിലേക്കാണെന്ന്..

കൃഷ്ണ ഹരിയുടെ കണ്ണിൽ സൂക്ഷിച്ച് നോക്കിയത് പറയുമ്പോൾ , അവളെയും പൊക്കിയെടുത്ത് എങ്ങോട്ടെങ്കിലും പറന്നാൽ മതിയായിരുന്നുവെന്ന് തോന്നി അവന് .

എടീ… അത് പിന്നെ… കുഞ്ഞിലെ നമ്മൾ എന്തെല്ലാം… പറയുന്നു. അതിന് നീ.. വേറെ അർത്ഥം കണ്ടെത്തിയോ?

കിച്ചാ..അത്ര കുഞ്ഞായിരുന്നോ.. കട്ടി മീശയൊക്കെ വന്ന് മുണ്ടൊക്കെ മടക്കികുത്തിയ വലിയ ചെക്കനായിരുന്നു. ഗോവിന്ദാമ്മയുടെ അത്രേം.. തന്നെ ഉയരം ഉണ്ടായിരുന്നു.

അത് പിന്നെ ഞാൻ നിന്റെ പിണക്കം മാറ്റാൻ പറഞ്ഞതായിരുന്നു.. മീശയ്ക്ക് കട്ടി വച്ചുന്നും വച്ച് പതിനഞ്ചോ .. പതിനാറോ വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ എനിക്ക് അന്ന്.

ശരിയായിരിക്കാം.. ഞാനും അത് കാര്യമാക്കാനറിയാത്ത പ്രായമായിരുന്നല്ലോ? അന്നത്തെ കിച്ചായുടെ പ്രായം എനിക്കായപോഴാ.. ഞാനതൊക്കെയോർത്തത്. ഒത്തിരിയുണ്ടായിരുന്നു.. ഓർത്ത് വയ്ക്കാൻ..

തിരികെ മലയിറങ്ങി വരുമ്പോൾ പടിയിറക്കത്തിൽ ചിറകറ്റ ഒരു പൈങ്കിളി. ഓടി വന്ന് ഞാനതിനെയെടുത്തു. എനിക്ക് വേണ്ടി കിച്ച അതിനെ പരിചരിച്ചു. പറക്കാറായപ്പോൾ മാളുവേച്ചി പറഞ്ഞിട്ടാണെന്നും പറഞ്ഞ് കിച്ച അതിനെ പറത്തിവിട്ടു.

അപ്പോ.. കിച്ചാക്ക് എന്നെക്കാൾ വലുത് മാള്യേച്ചിയെയാ.. അല്ലേ…ന്ന് ചോദിച്ച് ഞാനൊത്തിരി കരഞ്ഞു..

എന്റെ പൈങ്കിളിയെ പറത്തി വിട്ടതിന്റെ സങ്കടത്തേക്കാൾ എന്നെ വേദനിപ്പിച്ചത്.. കിച്ചാ.. മാള്യേച്ചിയെ കൂടുതൽ ഇഷ്ടപെടുന്നത് കണ്ടിട്ടായിരുന്നു സങ്കടം. എന്റെ മുഖം ഈ നെഞ്ചിൽ ചേർത്ത് വച്ച് കിച്ച അന്നു പറഞ്ഞത് ഓർമ്മയുണ്ടോ?

എന്താന്ന് നീ.. പറഞ്ഞോ? കിച്ച.. കേൾക്കട്ടെ!

എന്റെ കുഞ്ഞാറ്റേ. നിനക്ക് നിന്റെ മാളേച്ചിയെ ഒത്തിരിയിഷ്ടാണെന്ന് എനിക്കറിയാം. കുഞ്ഞികിളിയേ.. പറത്തിവിടാൻ കിച്ചാക്കും.. ഇഷ്ടമില്ല. പക്ഷേ! നീ..നിന്റെ മാള്യേച്ചിയെ എന്ത് കൊണ്ടാ.. എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. സ്നേഹം കൊണ്ടല്ലേ..എന്റെ മാളൂന് നമ്മളെ പോലെ വേഗത്തിൽ നടക്കാനോ.. ഓടാനോ ഒന്നും പറ്റില്ലല്ലോ? എന്നാലും ചിരിച്ച മുഖത്തോടെയല്ലാതെ നിയവളെ കണ്ടിട്ടോ? നമ്മൾ കൊണ്ട് വന്ന കുഞ്ഞികളിക്ക് സ്വയം പറക്കാനാകുന്നത് വരെ അവൾ ചിരിച്ചിട്ടില്ല. എന്നാൽ കുഞ്ഞി കിളിക്ക് പറക്കാനായപ്പോൾ അവൾ കിച്ചയോട് പറഞ്ഞു.. ഹരിയേട്ടാ.. പറക്കാൻ ചിറകില്ലാത്തവർക്കേ .. ചിറകൊടിഞ്ഞവരുടെ വേദന കൂടുതൽ അറിയൂ… അതിനെ .. വിട്ടേക്കു… എന്റെ മനസ്സെങ്കിലും അതിനൊപ്പം ഒന്നു പറന്നുയർന്നോട്ടെയെന്ന് .. അത് കേട്ടപ്പോൾ കിച്ചാക്ക് സഹിക്കാൻ പറ്റിയില്ലെന്ന് നിറഞ്ഞ കണ്ണുകളോടെ..കിച്ച.. പറഞ്ഞു. ഒരിക്കലും മാളുവിന് ഞാൻ കൊടുക്കുന്ന സ്നേഹത്തെ അളക്കരുതെന്നും കുറെ നാള് കഴിയുമ്പോൾ അവൾ കല്യാണം കഴിഞ്ഞ് ദ്ദൂരെ.. പോകും.. അന്ന് ഞാൻ നിനക്ക് എന്റെ സ്നേഹം മുഴുവൻ തരും പോരെയെന്ന്..

അപ്പോ.. യെന്നെയും കല്യാണം കഴിച്ച് വിടുമല്ലോ.. യെന്ന് ഞാൻ പറഞ്ഞപ്പോൾ കിച്ച പറഞ്ഞു..

നിന്നെ ഞാനെങ്ങും.. വിടില്ല.. എന്റെ ഹൃദയത്തിൽ പൂട്ടിയിടും…എന്നിട്ട് എന്റെ കവിളത്ത്..

എന്നിട്ടെന്താ… കവിളത്ത് ഒരുമ്മ തന്നു. അല്ലേ… എടീ… നീ ജനിച്ച നാള് മുതൽ നീയൊരു മുതിർന്ന കുട്ടിയാകുന്നത് വരെ നിന്റെ സങ്കടങ്ങളും പരാതിയുമൊക്കെ ഞാനങ്ങനെയല്ലേ മാറ്റിയിരുന്നത്. അത് ആരുടെ മുന്നില് വച്ചായാലും. അല്ലേ…?

മാളു പോയാൽ എനിക്കും അച്ഛനും അച്ഛമ്മയ്ക്കുമൊക്കെ.. ചോറും കറിയുമൊക്കെ വച്ച് തരാൻ വേണ്ടി പറഞ്ഞതാ..ഞാൻ..

നിനക്കങ്ങനെ തോന്നിയതിന് ഞാൻ എന്ത് പിഴച്ചു.

അതിന് ഹൃദയത്തിലെന്തിനാ എന്നെ പൂട്ടുന്നത്. അടുക്കളയിൽ പൂട്ടിയാൽ പോരെ… കള്ളത്തരം കൊണ്ട് ജീവിക്കാൻ ശ്രമിക്കരുത് കേട്ടോ കിച്ചാ..?

കള്ളത്തരോ.. ഹരിക്ക് അ അവളുടെ സംസാരം കേട്ട് നിൽക്കാൻ രസം തോന്നി.

ങാ. അതൊക്കെ പോട്ടെ! ഇപ്പോൾ നിനക്കെന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ടോ?

ഞാൻ ഏറെ.. സ്നേഹിച്ച .. ആരാധിച്ച … കൊതിയോടെ നോക്കി നിന്ന.. അഭിമാനത്തോടെ പറഞ്ഞിരുന്ന .. സ്വന്തമെന്ന് വിശ്വസിച്ചിരുന്ന.. എന്റെ മാത്രം കിച്ചയാണ് ചോദിക്കുന്നത്. ഈ കള്ള കിച്ചന് .. ഒരു മൊട്ടൻ പണി കൊടുത്ത് കളയാമെന്ന് കൃഷ്ണ മനസ്സിൽ ഉറപ്പിച്ചു.

എന്തായാലും രാകേഷിന്റെ കൂടെ.. നിന്നെയാരും. പറഞ്ഞ് വിടില്ല. പ്രത്യേകിച്ചും ഈ ..ഞാൻ … ഡിവോഴ്സൊക്കെ കഴിഞ്ഞാൽ പിന്നെ നിന്നെയിവിടെ നിർത്തില്ല.. വല്ല രണ്ടാം കെട്ടുകാരന്റെയും കൂടെ! കെട്ടിച്ച് വിടും. അതും..വല്ല. കിഴവൻമാരാരെങ്കിലും ആകും വരുന്നത്.. ആർക്കെങ്കിലും കൊണ്ട് പോയി തട്ടികളിക്കാൻ ഞാൻ സമ്മതിക്കില്ല. എന്തായാലും ഞങ്ങൾക്ക് ചോറും കറിയും വയ്ക്കാൻ ഒരാള് വേണമല്ലോ? നിയങ്ങ് ഗോകുലത്തിലേക്ക് പോരെ.

ഇത് അപമാനിക്കലോ .. കളിയാക്കലോ അല്ല.. കൈ നനയാതെ മീൻ പിടിക്കാനുള്ള വേലയാ…. ശരിക്കും.. കൃഷ്ണയാരെന്ന് കിച്ചാക്ക് കാട്ടി തരാം ഞാൻ.

ഡിവോഴ്സോ? അതിനൊന്നും ഞാൻ സമ്മതിക്കില്ല.. കിച്ചായെ എനിക്ക് ഇപ്പോഴും ഇഷ്ടാണ്. കല്യാണം കഴിക്കണമെന്നും എന്റെ അവസാനം വരെ ഈ കൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ! ഇപ്പോഴങ്ങനെയൊരാഗ്രഹമെനിക്കില്ല എന്ന് മാത്രമല്ല. എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനെ മതിയെനിക്കു മരണം വരെ.

ദൈവമേ… കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതായോ? ഹരിയൊന്നു ഭയന്നു.

ടീ….. അവന്റൊപ്പം പോണമെന്നെങ്ങാനും വാശിപിടിച്ചാൽ… കൊല്ലും.. ഞാൻ..

കൊന്നോ..എന്നാലും വേണ്ടില്ല.. എനിക്കെന്റെ രാകേഷേട്ടൻ മതി..

അയ്യടാ അവളുടെ ഒരു ഓഞ്ഞ .. രാകേഷട്ടേൻ… ആ.. പെണ്ണുപിടിയന്റെ പേരു പറഞ്ഞ് പോകരുത്..

എന്താ.. രണ്ടാളും കൂടി മാവിൻ ചോട്ടിൽ ഒരു കിന്നാരം ചൊല്ലൽ.. അകത്തേക്ക് വാ.. ഞങ്ങളും കൂടി കേൾക്കട്ടെ! ഗോവിന്ദൻ വിളിച്ച് പറഞ്ഞു..

ഞാൻ പോണു.. കൃഷ്ണ മുന്നിൽ നടന്നു.. പിന്നാലെ. ഹരിയും..

ഗോവിന്ദാമ്മയെന്നോട് മിണ്ടണ്ട..

കൃഷ്ണ പറഞ്ഞു..

ഇല്ല.. മിണ്ടുന്നില്ല. പക്ഷേ… നീ മിണ്ടണം..

മാവിൻ ചോട്ടിൽ കൊണ്ട് നിർത്തി.. കൊന്നോടാ.. നീയവളെ…

അച്ഛാ…രാകേഷ് പറഞ്ഞപ്പോഴാ.. ഞാൻ ഒരു കാര്യം അറിഞ്ഞത്… ശരിക്കും.. ഞാൻ ഞെട്ടിപ്പോയ്..

എന്താ… മോനെ.? അച്ഛമ്മയ്ക്ക് പിന്നാലെ ഓരോരുത്തരായി എത്തി..

ഹരി രാകേഷിൽ നിന്നും കേട്ട വിവരങ്ങൾ എല്ലാരോടും പറഞ്ഞു.

അറിഞ്ഞു.. ഗീതു പറഞ്ഞു.. നിങ്ങളൊന്നിച്ച് കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം.

ന്റെ മോൾക്ക് .. അച്ഛമ്മയോടെങ്കിലും പറയായിരുന്നില്ലേ..

എത്രയും പെട്ടെന്ന് ഡിവോഴ്സ് വാങ്ങണം അവനിൽ നിന്ന്. എന്നിട്ട് എന്റെ മോളെ .. എനിക്ക് തരണം.. എന്റെ ഹരിമോന്റെ പെണ്ണായി.

നിനക്ക് വിരോധമുണ്ടോ? ഹരി..

അച്ഛൻ മാത്രമല്ല…. ഈ .. കുടുംബത്തിൽ ആര് എന്ത് പറഞ്ഞാലും. ഞാനെതിര് നിന്നിട്ടില്ലല്ലോ? പക്ഷേ! എനിക്ക് കുറച്ച് സമയം വേണം.. ഹരി പറഞ്ഞു..എന്റെ മനസ്സിനെ ആ നിലയ്ക്കൊന്ന് പാകപ്പെടുത്തിയെടുക്കണം. ഞാനവളെ മറ്റൊരു തരത്തിൽ ചിന്തിച്ചിട്ട് പോലുമില്ല.

ന്റെമ്മോ … ലോക കള്ളൻ… പൊളിച്ചടുക്കും കിച്ചാ.. നിങ്ങളെ ഞാൻ.. കൃഷ്ണ മനസ്സിലുറപ്പിച്ചു..

എന്റെ മോളുടെ സമ്മതം ചോദിക്കണ്ടേ… സി.എം. പറഞ്ഞു..

മോള് പറ… കിച്ചായെ നിനക്ക് തരട്ടെ ഞങ്ങൾ…

വേണ്ടച്ഛാ… ഒരു രണ്ടാം കല്യാണം ഞാൻ ആഗ്രഹിക്കുന്നില്ല. കിച്ചായെ നിങ്ങളാരും നിർബ്ബന്ധിക്കരുത്. വിവാഹം .. ആരുടെയും നിർബ്ബന്ധത്തിന് വഴങ്ങി ചെയ്യേണ്ട ഒന്നല്ല.. രണ്ട് മനസ്സുകളുടെ കൂടി ചേരലാണത്. കിച്ച നല്ല ആളാ.. പത്തൊൻപത് വയസ്സാകാൻ ഇനിയൊരു മാസം മാത്രം ഇനി. നാളിത് വരെയും കിച്ചയിൽ നിന്നും മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. എന്നെ കിച്ച മറ്റൊരു തരത്തിൽ കണ്ടിട്ടില്ലച്ചാ. ഇപ്പോൾ മാമരചോട്ടിൽ വച്ച് കിച്ച അത് തന്നെയാ.. പറഞ്ഞത്.. ഇനിയിപ്പോ .. എല്ലാരും കൂടി നിന്നെ ഞാൻ കല്യാണം കഴിക്കണമെന്ന് പറയും. നിന്നെ കൂടെ കൂട്ടാൻ ഇഷ്ടമാണ്

പക്ഷേ… പെങ്ങളൂട്ടിയായ് തന്നെ ജീവിക്കേണ്ടി വരുമെന്ന് . ആരെങ്കിലും ചോദിച്ചാൽ ഞാൻ വേണം കിച്ചായെ രക്ഷിക്കാനെന്ന്. അങ്ങനെ പറഞ്ഞ് നിൽക്കുമ്പോഴാ.. എല്ലാരും വിളിച്ചത്.

ദൈവമേ… അവൾ തിരിച്ചടിച്ചത് തന്നെയാ.. കുഴപ്പമാകോ ? ഹരി ശ്വാസം അടക്കി നിന്നു.

അവൾ ഹരിയുടെ അരികിലേക്ക് നീങ്ങി നിന്നു. കിച്ചയുടെ കൂടെയല്ലേ കിച്ചാ.. അത്..എങ്ങനെ ജീവിച്ചാലും കുഞ്ഞാറ്റയ്ക്ക് സന്തോഷമായിരുന്നു. എന്റെ അവസാന ശ്വാസം നിലയ്ക്കുമ്പോഴും. എന്റെ കാതുകളിൽ കിച്ചായുടെ ഹൃദയ തുടിപ്പ് കേൾക്കണമെന്ന് എനിക്കു ആഗ്രഹമുണ്ടായിരുന്നു.

എന്റെ പൊന്നേ… ഹരിയുടെ ഉള്ളൊന്നു വിളിച്ചു..

എന്റെ കഴുത്തിൽ താലി വീഴുന്നത് വരെയെ ആ ആഗ്രഹത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ കിച്ചാ.. പക്ഷേ! ഇന്ന് ആ താലിയുടെ അവകാശിയോടൊപ്പം ജീവിച്ച് മരിക്കാനാ.. എനിക്കിഷ്ടം..

ഹരിതളർന്നു….

ഹരിയെ.. കെട്ടിയാലും ഇല്ലേലും. നിന്നെ ഞാൻ ആ രാകേഷിനൊപ്പം വിടില്ല..

ന്റെ ജീവിതം എന്റെ ഇഷ്ടത്തിന് വിട്ടേക്ക് അച്ഛാ.. അവൾ തിരിഞ്ഞ് സി.എമ്മിനോട് പറഞ്ഞു.

വിടരുത്.. അച്ഛാ.. വിടരുത്… അവൾ മനസ്സിൽ പറഞ്ഞു.. വിട്ടാലും അച്ഛന്റെ പ്രിയകുട്ടി പോകില്ല.

എന്റെ കിച്ചായുടെ നെഞ്ചിലെ പിടച്ചിൽ എനിക്കറിയാം..കിച്ചാ.. പക്ഷേ… മാള്യേച്ചിയുടെ സ്വപ്നങ്ങൾക്കെങ്കിലും ചിറക് വയ്ക്കട്ടെ! അത് കിച്ചയിലൂടെ മാത്രമേ.. നടക്കൂ. മനസ്സിലുറപ്പിച്ച ധൈര്യം ചോരുന്നതിനു മുൻപ് ഹരിയെ ഒന്നു നോക്കി അവൾ മുറ്റത്തേക്കിറങ്ങി.

വിടില്ലടീ നിന്നെ … ഞാൻ പിന്നാലെയുണ്ട്. കുറിച്ചിട്ടോ? നീ … ഹരിയുടെ പെണ്ണാ.. ഹരിയുടെ മാത്രം. മനസ്സിൽ പറഞ്ഞ് കൊണ്ട് കൃഷ്ണയെ നോക്കി.. മീശ… ചെറുതായൊന്നു ചുരുട്ടി..

എന്റെ കിച്ചായുടെ നെഞ്ചിലെ പിടച്ചിൽ എനിക്കറിയാം..കിച്ചാ.. പക്ഷേ… മാള്യേച്ചിയുടെ സ്വപ്നങ്ങൾക്കെങ്കിലും ചിറക് വയ്ക്കട്ടെ! അത് കിച്ചയിലൂടെ മാത്രമേ.. നടക്കൂ. മനസ്സിലുറപ്പിച്ച ധൈര്യം ചോരുന്നതിനു മുൻപ് ഹരിയെ ഒന്നു നോക്കി അവൾ മുറ്റത്തേക്കിറങ്ങി.

വിടില്ലടീ നിന്നെ … ഞാൻ പിന്നാലെയുണ്ട്. കുറിച്ചിട്ടോ? നീ … ഹരിയുടെ പെണ്ണാ.. ഹരിയുടെ മാത്രം. മനസ്സിൽ പറഞ്ഞ് കൊണ്ട് കൃഷ്ണയെ നോക്കി.. മീശ… ചെറുതായൊന്നു ചുരുട്ടി..

അധികം പിരിക്കേണ്ട മീശ ഇളകി താഴെ വീഴും

അങ്ങനെ എളുപ്പത്തിൽ ഇളകി വീഴുന്ന മീശയല്ലെടീ… ശരീരത്തിനു മാത്രമല്ല മീശയ്ക്കും നല്ല ബലമാ.. സംശയമുണ്ടെങ്കിൽ നീയൊന്ന് പിടിച്ച് ഇളക്കി നോക്ക്… ഹരി മുഖം അവൾക്ക് നേരെ ചരിച്ച് കൊടുത്തു.

മീശയ്ക്കും ശരീരത്തിനും ബലമുണ്ടായിട്ട് കാര്യമില്ല. ഉള്ളിലുള്ളത് തുറന്ന് പറയാൻ ചങ്കിനും വേണമല്പം ബലം..

ഞാനിപ്പോ…. ചങ്കിന്റെ ബലം കാണിക്കേണ്ടത് ഏത് കാര്യത്തിലാ … ഊം… എനിക്കറിയാൻ പാടില്ലാത്ത എന്ത് രഹസ്യമാ ന്റെ കുഞ്ഞു ചങ്കത്തി കണ്ടുപിടിച്ച് വച്ചേക്കണേ… ഊം.. പറയെന്നേ…

എന്താ.. രണ്ടാളും കൂടി ഒരു ചർച്ച…

ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കി..

മുരിങ്ങമൂട്ടിലെ …. ശ്രീനി മാമൻ ……കൃഷ്ണയുടെ ഹൃദയം ഒന്നു പിടച്ചു..

ഇന്ന് കിച്ചയുടെ കല്യാണ കാര്യം ശ്രീനി മാമൻ പറയും എല്ലാരോടും.

മനകരുത്ത് കുറെക്കൂടി നേടേണ്ടിയിരിക്കുന്നു ഞാൻ. രണ്ടാമതും, പ്രിയപ്പെട്ടത് തനിക്ക് നഷ്ടപെടാൻ പോകുന്നു..

ശ്രീനിമാമയോ? ഹരി വന്ന് ശ്രീനിവാസന് കൈ കൊടുത്തു.. അകത്തേക്ക് കൂട്ടി കൊണ്ട് പോയി..

എല്ലാരും വളരെയധികം സന്തോഷത്തോടെ ശ്രീനിവാസനെ സ്വീകരിച്ചിരുത്തി. മാളൂട്ടി കർട്ടന് പിന്നിലേക്ക് മറഞ്ഞു നിന്നു . കൃഷ്ണയും അവൾക്കൊപ്പം നിന്നു..

ഗോകുലത്തിൽ പോയിരുന്നോ ശ്രീനിവാസാ ..?

ഇല്ലമ്മേ.. ഗോവിന്ദൻ പറഞ്ഞിരുന്നു. എല്ലാരും ഇപ്പോൾ ഇവിടെയാണെന്ന് ..

ങാ..കിടക്കാൻ സമയം ഗോവിന്ദനങ്ങ് പോകും.. ഇവനുള്ളപ്പോൾ ഇവനും. ഹരിയെ നോക്കി ഗോമതിയമ്മ പറഞ്ഞു.

ഡേറ്റ് കുറിക്കാറായോ ശ്രീനിയേട്ടാ നിശ്ചയത്തിന്റെ….? സി.എം. ചോദിച്ചു..

ങാ… അത് പറയാനാ.. ഞാൻ വന്നത്.. അടുത്തയാഴ്ച ആരതിയു കുടുംബവും ഇങ്ങെത്തും.. ജാതകവും മറ്റും ചേർച്ചയുള്ളതിനാൽ വൈകിക്കണ്ട.. നിശ്ചയം അവർ വരുന്ന ദിവസം തന്നെ നടത്തി കല്യാണം എത്രയും പെട്ടെന്ന് നടത്താമെന്ന് ഒരഭിപ്രായം അളിയനുണ്ട്.. അവിധി കിട്ടാൻ പ്രയാസമാ.

അത് ഇപ്പോ.. പെണ്ണ് കണ്ട് പോയതിൽ പിന്നെ ആറേഴ് മാസം കഴിഞ്ഞു.. നിശ്ചയം നടന്നത് പോലെ തന്നെയാ കാര്യങ്ങൾ ഞങ്ങളുടെ മനസ്സിലും . അവളുടെ കാര്യാവുമ്പോൾ കുറച്ചൂടൊന്ന് ഭംഗിയാവണം. ചെറിയ ഒരു കുറവ് പോലും ഉണ്ടായിന്ന് ന്റെ മാളൂട്ടിക്ക് തോന്നാൻ പാടില്ല. സി.എം. പറഞ്ഞതിനെ ഗോവിന്ദനും പിൻതാങ്ങി.

അകത്തെ ചാരിൽ നിന്ന് കൃഷ്ണ മാളുവിന്റെ കൈപിടിച്ചുവെച്ചു.

എന്താ.. നിന്റെ കൈയ്യൊക്കെ മഞ്ഞ് കട്ട പോലുണ്ടല്ലോ? എന്ത് പറ്റി.. മാളൂട്ടി ചോദിച്ചു..

ഊം.. ന്റെ മാളുവേച്ചിയുടെ ഒരു കാര്യമേ.. അല്പം മഞ്ഞ് കൂടി ഇരുന്നോട്ടെന്റെ മാള്യച്ചി. മള്വേച്ചിയുടെ വേളിയല്ലേ..?

ഉമ്മറത്തിരിക്കുന്നവർ കേൾക്കാതെയവൾ പറഞ്ഞു.

ചെറിയൊരു വിഷയമുണ്ട്… ഗോവിന്ദാ.. ശ്രീനിവാസൻ പറഞ്ഞു.

എന്താ.. ശ്രീനി… എന്ത് പറ്റി?

അത്. പിന്നെ… മാളവികയുടെ കാര്യത്തിനിറങ്ങുമ്പോൾ മറ്റൊരുദ്ദേശം.. എനിക്കോ എന്റെ പെങ്ങൾക്കോ ഇല്ലായിരുന്നു. ഇതിപ്പോ.. ഇത്ര അടുത്തിരുന്ന് ….

ഞാൻ ചതിച്ചൂന്ന് മാത്രം.. പറയരുത്… നമ്മൾ എന്നും കാണേണ്ടവരാ..

ചതിയോ? എല്ലാരുടെയും മുഖം .. ഒന്ന് മങ്ങിയത് ശ്രദ്ധിച്ചു ഗോമതിയമ്മ ചോദിച്ചു.

ശ്രീനി… കാര്യം.. പറയൂ…ശ്രീനിയെ ഞങ്ങൾ ഇന്നും ഇന്നലെയും കാണുന്നത് അല്ലല്ലോ? എന്തായാലും ശ്രീനി കാര്യങ്ങൾ ധൈര്യമായി പറയൂ. ഗോവിന്ദൻ ഉത്കണ്ഠയോടെ ചോദിച്ചു.

അതിപ്പോൾ നമ്മുടെ ഹരിയുടെ അവസ്ഥ പറഞ്ഞതുപോലെയാ അവിടെ നീരജിന്റെ കാര്യവും. ഒരേ ഒരു പെങ്ങളാ നീലിമ. നീലിമയെ ജീവനാ അവന്.. അവളെ മാറ്റി നിർത്തിയിട്ട് ഒരു കാര്യവുമില്ല. നീലിമയുടെ കല്യാണം കഴിഞ്ഞതാ. ഒരു ഡോക്ടറ് പയ്യൻ.

പറഞ്ഞിട്ടെന്താ നിർഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ? കല്യാണം കഴിഞ്ഞ് ഒരാഴ്ചയേ കൂടെ താമസിച്ചുള്ളൂ. പയ്യനാള് ശരിയല്ല. എങ്കിലും കുട്ടിയുടെ പേരിൽ പഴി ചാരിയവർ പിരിഞ്ഞു. കല്യാണം കഴിഞ്ഞന്നെയുളളൂ എങ്കിലും.. അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല..

ഇപ്പോ.. അവൾ ഒരാഗ്രഹം പറഞ്ഞു..

ഒരു മാറ്റ കല്യാണത്തിന് ……

ഇല്ല.. ശ്രീനിവാസാ … മുഴുമിപ്പിക്കേണ്ട.

ഗോമതിയമ്മ പറഞ്ഞു.

ഒന്നാലോചിച്ചാൽ…..

ഇതിലിപ്പോ ..ആലോചിക്കാനൊന്നുമില്ല.. കേട്ടയുടൻ ഈ ഗോമതിയമ്മക്ക് നല്ലോണം തൃപ്തിയായി. എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല ശ്രീനിവാസാ ഈ കാര്യത്തിൽ.

ഹരിമോൻ ഇപ്പോ ഇവിടെ ഉണ്ടല്ലോ?

ശ്രീനിവാസാ .. ഹരിമോന് താത്പര്യം വന്നാലും.. എനിക്കിതിൽ താത്പര്യമില്ല. രണ്ടാം കെട്ട് അല്ലെങ്കിൽ കൂടി ഒരു മാറ്റ കല്യാണത്തിന് ഞങ്ങൾ ഇല്ല .. എന്താ.. ശരിയല്ലേ കുട്ടികളെ… ഗോമതിയമ്മ മക്കളെ നോക്കി ചോദിച്ചു..

പെട്ടന്ന് ഒരു മറുപടി പറയണ്ട.. ഒന്നൂടെയെന്ന് ആലോചിച്ചു പറഞ്ഞാൽ മതി.

ആലോചിക്കാനൊന്നുമില്ലന്ന് പറഞ്ഞല്ലോ ഞാൻ. ഗോമതിയമ്മ തറപ്പിച്ചു പറഞ്ഞു.

എന്നാൽ പിന്നെ ഞാനിറങ്ങട്ടെ! ഈ വിവരം ഞാനറിയിക്കാം ആരതിയെ .

ശ്രീനിവാസൻ എഴുന്നേറ്റു..

എന്നോട് വിരോധം തോന്നരുത് ഗോവിന്ദ.. പഴയ സ്നേഹം കുറയേം.. ചെയ്യരുത്.. ഞാനവളോട് സംസാരിക്കാം. ഹരിയെ അങ്ങോട്ട് കൊടുത്താൽ മാത്രമേ… നീരജിനെ ഇങ്ങോട്ട് … ശ്രീനിവാസൻ നിർത്തി..

ശ്രീനിവാസാ ….

ആരതിയോട് പറയ്… രണ്ടാമത് പറഞ്ഞതിൽ താത്പര്യമില്ലന്ന്. ശ്രീനിവാസൻ മുഖം കുനിച്ച് പടിയിറങ്ങി..

അമ്മ ഉടനെ മറുപടി പറയണ്ടായിരുന്നു. നമുക്കൊന്നൂടൊന്ന് ആലോചിച്ചിട്ട് … മറുപടി പറയാമായിരുന്നു.. ഇനി മാളൂട്ടിയുടെ ബന്ധം അവർ വേണ്ടന്ന് വയ്ക്കുമോന്നാ എനിക്ക് പേടി… ദേവപ്രഭ പറഞ്ഞു.

അത് നന്നായീന്നേ.. ഞാൻ പറയൂ.

ഗീതു പറഞ്ഞു. നയനേടച്ചനിതൊക്കെ നന്നായി അറിയാം.. ഞങ്ങളിവിടെ താമസിക്കുമ്പേഴേ.. ആരതിയും ജയേട്ടനുമായ് രാമേട്ടന് നല്ല അടുപ്പമാ.. ആ ബന്ധം ഇന്നുമുണ്ട്.

ആ നീലിമയെ ഡോക്ടർ ഉപേക്ഷിക്കാൻ കാരണം തന്നെ ജന്മനാ .. ഒരു വൈകല്യമുള്ള കുട്ടിയാ അത്.

വൈകല്യമോ?

ങാ.. പുറമെ .. കണ്ടാൽ പറയില്ല. സംസാരിക്കുന്നത് ഒന്നും തിരിയില്ല.. നാവു കഴച്ചിലും പ്രായത്തിൽ പകുതി പക്വതയുമൊക്കെയേ.. ഉള്ളൂന്നാ അച്ഛനും മോളും പറയുന്നത് കേട്ടത്. ഇങ്ങോട്ട് വിളിച്ച് വിവരങ്ങൾ ഞാൻ പറയുമെന്ന് പറഞ്ഞതിന് രാമേട്ടൻ എന്നെ കൊന്നില്ലാന്നേയുള്ളൂ.. മൊബൈലും തല്ലി പൊട്ടിച്ചു. എന്റെ അഭിപ്രായത്തിൽ മാളുവിനെയും അങ്ങോട്ടേക്ക് അയക്കണ്ടന്നാ.

ഈശ്വരാ.. ഗോമതിയമ്മ നെഞ്ചത്ത് കൈവച്ചു.ഹരി.. നീയെന്ത് പറയുന്നു.. ഗോവിന്ദൻ ചോദിച്ചു..

ഞാനെന്ത് പറയാനാ അച്ഛാ.. നമ്മുടെ മാളൂന്റെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊരു തീരുമാനവും ഇല്ല. അച്ഛൻ പറഞ്ഞാൽ മതി.

കൃഷ്ണ മാളുവിന്റെ കയ്യിലെ പിടി അറിയാതെ വിട്ടു..

മാളൂട്ടി.. ഹാളിലേക്കു നടന്നു.

പോകുമ്പോൾ കാലുകൾ വലിച്ച് വയ്ക്കാൻ മാളൂട്ടി വല്ലാതെ ആയാസപ്പെട്ടു.

അത് മനസ്സിന്റെ ശക്തി ചോർന്നതാണെന്ന് കൃഷ്ണയ്ക്ക് മനസ്സിലായി.. അവളും പിന്നാലെ പോയി.

ഹാളിലെത്തിയതും ഹരിയെ കെട്ടിപിടിച്ച് അവൾ പൊട്ടികരഞ്ഞു.

ഞാൻ അന്നേ .. പറഞ്ഞതല്ലേ ഏട്ടാ.. എനിക്ക് കല്യാണം വേണ്ടെന്ന്. വെറുതെ പരിഹാസം കേൾക്കാനും കച്ചവട സാധനം പോലെ.. മാറ്റിവാങ്ങാനും.. ഞാനെന്താ.. ബാക്കി പറയാനാവാതെ അവൾ പൊട്ടികരഞ്ഞു..

അയ്യേ… ന്റെ .. പൊന്നൂസ് കരയല്ലേ.

ഇതിപ്പോ.. അവര് വേണ്ടന്ന് വച്ചില്ലല്ലോ? നമ്മളല്ലേ… വേണ്ടെന്ന് പറഞ്ഞത്. നീരജിനോട് ഏട്ടൻ സംസാരിക്കാം….നിനക്കൊരു ജീവിതം കിട്ടുമെങ്കിൽ ഏട്ടൻ എന്തിനും.. തയ്യാറാ.. ഹരി പറഞ്ഞു.

ഹരിയുടെ കണ്ണുകൾ നിറയുന്നത് ആദ്യമായ് കണ്ട കൃഷ്ണയുടെ ഹൃദയവും ഒന്നു തേങ്ങി.

എന്റെ മോളെ .. കരയാതെ… അച്ഛമ്മയുടെ പൊന്നു മോളിങ് വാ..

മാളൂ… വന്നു.. അച്ഛമ്മയെ… കെട്ടിപിടിച്ചു.

മാളൂട്ടിക്ക് മറക്കാനാവാത്ത രീതിയിൽ മനസ്സിൽ നീരജ് പതിഞ്ഞിരിക്കുന്നുവെന്ന് തോന്നിയ ഗോമതിയമ്മയ്ക്ക് ഒത്തിരി പ്രയാസമായ്.

മാളൂട്ടി.. കരയല്ലേ … മോളെ…

കരയാതിരിക്കാൻ പറ്റണില്ലച്ചമ്മേ…

വയ്യാത്തകുട്ടീ… വയ്യാത്ത കുട്ടി.. യെന്ന് ഇനിയും കേൾക്കാൻ വയ്യ.

എനിക്കിനി ആരും കല്യാണം നോക്കണ്ട.. നോക്കിയാൽ ചത്തുകളയും ഞാൻ..

എന്തിനാപോ.. ചാകണേ… കിച്ച.. ആ നീലിമ ചേച്ചിയെ കെട്ടിയാ.. തീരണ പ്രശ്നമല്ലേയുള്ളൂ..

ഹരി മുഖം തുടച്ച് കൃഷ്ണയെ നോക്കി.

കിച്ചാ… കിച്ചാ കൂടെയുണ്ടെങ്കിൽ മാള്യേച്ചിയെ ആരും നോട്ടം കൊണ്ടു പോലും വേദനിപ്പിക്കില്ല.

ഇല്ലേ.. ഗോവിന്ദാമ്മേ.. ശരിയല്ലേ..

മാളൂ… അച്ഛനാ.. പറയുന്നത്. നീരജിനെക്കാൾ യോഗ്യനായ ഒരു ചെക്കനെ അച്ഛൻ കൊണ്ട് വരും. നമ്മുക്കിത് വേണ്ട. ഒരു മകളുടെ ഭാവിക്ക് വേണ്ടി.. ഒരു മകന്റെ ഭാവി കളയാൻ അച്ഛന് വയ്യാഞ്ഞിട്ടാ. ഞാനി.. ബന്ധം വേണ്ടെന്ന് വച്ചു കഴിഞ്ഞു..

വേണ്ടെന്ന് വയ്ക്കാൻ വരട്ടെ അച്ഛാ. ഞാൻ നീരജിനെ വിളിച്ചൊന്ന് സംസാരിക്കട്ടെ!

വേണ്ടേട്ടാ. എന്റെ സങ്കടം… കല്യാണം മുടങ്ങുമെന്നതിലല്ല. മുടങ്ങിയില്ലെങ്കിലും എനിക്ക് ഈ കല്യാണം വേണ്ട ഇനി. ഇത്ര ദ്ദരത്തേക്കൊന്നും എനിക്ക് വയ്യ.. നിങ്ങളെയൊന്നും ധിക്കരിക്കാൻ വയ്യാതെ വേഷം കെട്ടി നിൽക്കാൻ വയ്യാഞ്ഞിട്ടാ കരഞ്ഞത്.

അല്ലെങ്കിലും ഒരു കുറവുമെന്റെട്ടന് ഇല്ലല്ലോ? അങ്ങനുള്ള ഒരേട്ടന് കുറവുകളുള്ള ഒരു കുട്ടി വേണ്ട തന്നെ. ഞാൻ സമ്മതിക്കില്ലൊരിക്കലും.

എന്റെ മോളെ.. അച്ഛമ്മയ്ക്ക് സമാധാനാമായി.

മാളേച്ചിക്ക് കുറവുകളുണ്ടെന്ന് ഞങ്ങൾ പറയാതെ മാള്യേച്ചി തന്നെ എപ്പോഴും പറയുമല്ലോ മാളേച്ചിക്ക് കുറവുണ്ടെന്ന് . എന്നിട്ടിങ്ങനെ പറഞ്ഞാലെങ്ങനാ..

മനസ്സിലായില്ല.

മാളേച്ചിയുടെ കയ്യിന്റെയും കാലിന്റെയും പ്രശ്നങ്ങൾ അറിഞ്ഞിട്ട് അല്ലേ.. നീരജേട്ടൻ വന്നത്. അന്നാരും ഇവിടെ കുറവുള്ള പെൺകുട്ടിയെ തരില്ലന്ന് പറഞ്ഞില്ലല്ലോ? അപ്പോ.. സ്വന്തം കാര്യം വരുമ്പോൾ… എല്ലാരും.. എല്ലാം മറക്കും ഇല്ലേ..?

ഞാനെന്ത് മറന്നൂന്നാ …

ആ നീലിമ ചേച്ചിക്ക് സംസാരിക്കുമ്പോൾ നാവിനല്പം കുഴച്ചിലുള്ളത്.. ഇവിടെല്ലാർക്കും കുറച്ചിലാ.. കിച്ചാ.. സമ്മതിച്ചല്ലോ അതിനെ കല്യാണം കഴിക്കാമെന്ന് … പിന്നെന്താ…?

ഇവള് വാങ്ങുമന്റെ കയ്യിൽ നിന്ന് ..

ഹരി മനസ്സിൽ കുറിച്ചു.

ഹരിയേട്ടൻ സമ്മതിച്ചത് വലിയ മനസ്സുകൊണ്ടാ.. അത് കാണാത്തത് നീയാ. സഹോദരിക്ക് വേണ്ടി ഏട്ടൻ സമ്മതിച്ചു. അതിന്റെ പേരിൽ ആ കുട്ടിക്ക് ജീവിതകാലം മുഴുവനും ഏട്ടനിൽ നിന്നൊരു പ്രയാസവും ഉണ്ടാകില്ലന്ന് എനിക്കറിയാം.. ഇതൊരു രണ്ടാം കെട്ട് അല്ലേ… അത് എന്നെ സംബന്ധിച്ചിടത്തോളം.. വലിയൊരു കുറവ് തന്നെയാ… അല്ലാതെ അതിന്റെ ശാരീരിക വൈകല്യമല്ല.

കൃഷ്ണയുടെ നെഞ്ചിലൊരു ഇടി വീണു. എന്നാലും അവൾ പിടിച്ച് നിന്നു.

ഒരാഴ്ചയല്ലേ… മാളുവേച്ചീ… ആ കുട്ടി ഡോക്ടർക്കൊപ്പം കഴിഞ്ഞോളൂ..

അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലാന്ന് പറഞ്ഞല്ലോ? പിന്നെന്താ…

അവരങ്ങനെ പറയുന്നതല്ലേ… അത് വിശ്വസിക്കാൻ ഞാൻ വിഡ്ഢിയല്ല..

ഒരാഴ്ചയായാലും ഒരു ദിവസമായാലും ഒരാളുടെ കൂടെ കഴിഞ്ഞ ഒരു പെണ്ണിനെ എന്റേട്ടന് വേണ്ട. ഏട്ടൻ സമ്മതിച്ചാലും ഞാനില്ല പിന്നെ ഈ ഭൂമിയിൽ.

സി.എമ്മിന് മനസ്സിലായി.. പൊട്ടിക്കരയാൻ വെമ്പിനില്ക്കുകയാണെന്റ മോളെന്ന്. അത് മനസ്സിലാക്കി സി എം . പറഞ്ഞു.. കൃഷ്ണേ…. മുതിർന്നവർ സംസാരിക്കുന്നിടത്ത് നിനക്കെന്താ.. കാര്യം.. പോ.. അപുറത്ത്… അവൾക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ സി.എമ്മിന്റെ വലത് കരം നല്ലത് പോലെയുയർന്നു അത് പറയുമ്പോൾ .

അവിടുന്ന് മാറി നില്ക്കാൻ അവസരം നോക്കി നിന്ന അവൾ ഓടി മുറ്റത്തേക്കിറങ്ങി.

എന്റെ.. സി.എമ്മേ… ഹരിയോടി വന്ന് സി.എമ്മിനെ കെട്ടിപിടിച്ചു..

അവളെ ഓടിച്ച് വിട്ടതിനാണോടാ ഈ കെട്ടിപിടുത്തം. ഗോവിന്ദൻ ചോദിച്ചു.

അല്ലച്ഛാ. അച്ഛൻ കണ്ടില്ലേ… സി.എമ്മിന്റെ കയ്യ് പൂർണമായും പൊങ്ങി..

എല്ലാരും.. ഓടി ആ അരികിലത്തി…

സന്തോഷം കൊണ്ട് എല്ലാരുടെ മനസ്സും തുള്ളിചാടി..

ഹരി.. ആ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു..എന്നിട്ട് സി.എമ്മിനെ കൊണ്ട് ചെയ്യിപ്പിച്ചു.. വീണ്ടും വീണ്ടും..

മോനെ.. എന്റെ മോളെ കൂടി വിളിച്ചിട്ട് .. വാടാ .. സി.എം.. പറഞ്ഞു.

കേൾക്കാത്ത താമസം … ഹരിയിറങ്ങിയോടി….

മതിലിനരികത്തെ നാട്ടുമാവിൽ ചേർന്ന് നിന്ന് അവൾ കരയുകയാണ്.

നീയെന്തിനാ. പ്രിയേ.. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ. കരയുന്നത്.

വന്നേ…..കിച്ചാ.. സന്തോഷമുള്ള ഒരു കാര്യം കാണിച്ച് തരാം..

വേണ്ട.. എനിക്കൊരു സന്തോഷവും കാണണ്ട. എന്നെ തനിച്ച് വിട്ടേക്ക്….

നിനക്കെന്താ.. ഞാനാ മന്ദബുദ്ധിയെ കെട്ടണമെന്ന് ഇത്ര നിർബ്ബന്ധം…

കൃഷ്ണ മറുപടി പറഞ്ഞില്ല. മുഖത്ത് നോക്കിയതുമില്ല.

നിനക്ക് അത്രയ്ക്ക് സങ്കടമാണെങ്കിൽ ഞാൻ കല്യാണത്തിന് തയ്യാറാ.. നിന്റെ വിഷമം കാണാൻ കിച്ചാക് വയ്യ…

അവൾ തിരിഞ്ഞ് ഹരിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

മന്ദബുദ്ധിയെങ്കിൽ മന്ദബുദ്ധി … രണ്ടാം കെട്ടുകാരിയെങ്കിൽ രണ്ടാം കെട്ടുകാരി. ഞാനങ്ങു തീരുമാനിച്ചു.. ഹരികൃഷ്ണൻ സംസാരത്തി

നിടയിലൂടെ അടുത്തൊരു മരത്തിൽ തുങ്ങി കിടന്ന വള്ളിയിൽ നിന്നൊന്ന് പൊട്ടിച്ച് പെട്ടെന്നൊരു കുരുക്കുണ്ടാക്കി കൃഷ്ണയുടെ കഴുത്തിൽ ഇട്ടു ..ദേ ഈ മന്ദബുദ്ധിയാ.. എന്റെ സ്വന്തം .. പെണ്ണ്.

ശരീരമാകെ കുളിരു കോരിയങ്ങനെ നിന്നു പോയ് അവൾ. ഹരി പറഞ്ഞു..

ഒരിക്കൽ വേളിമലദേവിയുടെ മുന്നിൽ വച്ച് എല്ലാവിധ അനുഗ്രഹങ്ങളോടും ഒരു തുളസിമാല എന്റെ കഴുത്തിൽ വീഴുമെന്നും അത് ചാർത്തുന്നത് കിച്ചാ ആയിരിക്കമെന്നും ഞാനൊത്തിരി സ്വപ്നങ്ങൾ കണ്ടിരുന്നു. ഇന്ന് കൊട്ടും കുരവയും അലങ്കാരങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ ആ മാല കാട്ടുവള്ളിയായെങ്കിലും തന്റെ കഴുത്തിൽ വീണിരിക്കുന്നു.. സന്തോഷിക്കേണ്ടതാണ്… പക്ഷേ! വള്ളിയിലിരുന്ന ഉറുമ്പെല്ലാം കൂടി കടിച്ചിറുക്കാൻ തുടങ്ങി…ആ… ഊ വച്ച് … അവൾ വള്ളിയൂരി ഹരിയുടെ ദേഹത്തിട്ടു..

എടീ.. കഴുതേ. ഇങ്ങനെ വലിച്ചെറിയാതെ.. അതെന്റെ കഴുത്തിൽ ചാർത്തരുതോ ?

കളിവേണ്ട എന്നോട് …ഞാൻ പോണു.. അവൾ നടന്നു തുടങ്ങി…

ദേ. ഒന്നു നേക്കെന്റെ പ്രിയേ…

കൃഷ്ണ തിരിഞ്ഞ് നോക്കി ..

ഇനി സങ്കടം വന്നാലിങ്ങനെ മാവിന്റേം.. പ്ലാവിന്റെയും നെഞ്ചത്ത് വന്ന് വീഴാതെ .. ഈ നെഞ്ചിലോട്ട് വന്ന് വീണോണം കേട്ടല്ലോ?

ഹരികാണാതെ.. ചിരി മറച്ചവൾ നടന്നു..

പറയാൻ വന്ന ദൗത്യം മറന്നവൻ തന്റെ കുഞ്ഞാറ്റ നടന്നു നീങ്ങുന്നതും നോക്കി നിന്നു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഞാനും എന്റെ കുഞ്ഞാറ്റയും – 48, 49”

Leave a Reply

Don`t copy text!