Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 52, 53

  • by
njanum ente kunjattayum aksharathalukal novel by benzy

ഹരി…. മോനെ…

ഗോമതിയമ്മയെ മുറുകെ പിടിച്ച കൈകൾ അയച്ച് കൊണ്ട്, ഹരി ചോദിച്ചു.

എന്താച്ചമ്മേ.. ?

അങ്ങനെയായാൽ ..

ഒരു അങ്ങനെയായായാലും…. ഇല്ല.

ഇനി അഥവാ .. അങ്ങനെ വല്ലതുമാണെങ്കിൽ … ഹരി ബാക്കി പറയുന്നതിന് മുൻപേ.. ഗോമതിയമ്മ പറഞ്ഞു.

മോനെ….. അച്ഛമ്മ പറയട്ടെ!

ഇപ്പോ.. അച്ഛമ്മ പറയുന്നതൊന്നും എനിക്ക് മനസ്സിലാകില്ല. എന്റെ തലയിലോട്ടൊന്നും കേറുകേം ഇല്ല. ആ രാകേഷെന്ന പരമ ചെറ്റയെ പച്ചക്ക് കത്തിക്കും ഞാൻ. എന്നാലും എന്റെ കുഞ്ഞാറ്റയെ ഇനിയവന് കൊടുക്കില്ല. കൊടുക്കാൻ സമ്മതിക്കില്ല ഞാൻ. അതും പറഞ്ഞവൻ ഗോകുലത്തിലേക്ക് പോകാൻ പോയ്..

നിക്ക്… മോനെ…? ഗോമതിയമ്മ പിന്നാലെ വിളിക്കുന്നത് കേട്ട് .. ഹരിനിന്നു. കൃഷ്ണയും ആ സമയം തിരിഞ്ഞ് നോക്കി.. അടർത്തിയിട്ട ഒരു കുല മാങ്ങയും തുക്കി അവൾ അച്ഛമ്മയുടെ അരികിലെത്തി.

എന്താച്ഛമ്മേ…എന്താ.. കിച്ചായെന്താ.. ഇങ്ങനെ കുന്തം വിഴുങ്ങിയ മാതിരി.?

കുന്തം വിഴുങ്ങിയത് നിന്റെ… ബാക്കി … വാക്കുകൾ കടിച്ചമർത്തി ഹരി കൃഷ്ണയുടെ നേരെ കയ്യുയർത്തി…

കൃഷ്ണ ഞെട്ടിപ്പോയ്. ചെറുതായൊന്ന് ഭയന്നും പോയി.

ഹരീ… ഗോമതിയമ്മ നോട്ടം കൊണ്ട് താക്കീത് ചെയ്തു.

മോള് വാ.. അച്ഛമ്മ ചോദിക്കട്ടെ!

ന്റെ മോള് .. പച്ച പുളിമാങ്ങ കഴിക്കാത്തതല്ലേ…? പിന്നെന്തിനാ.. ഇപ്പോ.. കഴിച്ചത്.

ങേ.. പുളിമാങ്ങയോ .. കൃഷ്ണയ്ക്ക് ഹരിയുടെ ദേഷ്യ കാരണം പിടി കിട്ടി.

മോളെ … ഗോമതിയമ്മ കൃഷ്ണയെ അരികിലേക്ക് ചേർത്ത് നിർത്തി ചെവിയോട് ചേർന്ന് പതിയെ എന്തോ ചോദിച്ചത് ഹരി കേട്ടില്ല.. എങ്കിലും കൃഷ്ണയുടെ ഉത്തരം അറിയാനായ്.. അവൻ അവളെ ശ്രദ്ധിച്ചങ്ങനെ നിന്നു.

കൃഷ്ണ കണ്ണുതുടച്ച് ഹരിയെ നോക്കി.

താനെന്തോ.. വലിയ അപരാധം ചെയ്ത പോലെയാ കിച്ചാ നോക്കുന്നത്. ഇതാണവസരം… ചെറിയൊരു പണി കൊടുത്തു കളയാം. തന്റെ കയ്യിൽ ഒതുക്കിവച്ചിരുന്ന കടിച്ച് കടിച്ച് തീരാറായ പഴുത്ത പേരക്കയുടെ ബാക്കി കഷണം ആരും കാണാതെ കൃഷ്ണ നിലത്തേക്ക് ഇട്ടു. എന്നിട്ട് പറഞ്ഞു.

എനിക്കറിയില്ലച്ഛമ്മേ…

മോള് മാങ്ങ അമ്മക്ക് കൊടുത്തിട്ട് വാ…

കിച്ചായോട് പറയച്ഛമ്മേ …വേറെ പൊട്ടിച്ച് കൊടുക്കാൻ.. എനിക്കിതു മുഴുവനുംവേണം. ഊം.. പിന്നെ അച്ഛമ്മേ……ഇന്നെനിക്ക് ആമിനാത്തയുണ്ടാക്കുന്ന നെയ്ച്ചോറ് കഴിക്കണം.. എന്താന്നറിയില്ല. രാവിലെ മുതൽ ഓരോരോ കൊതിയാ. കൃഷ്ണ.. അകത്തേക് കയറിപ്പോയ്..

ഹരി മാനസികമായി തളർന്നു കഴിഞ്ഞിരുന്നു..

ഹരി.. നീ.. എടുത്ത് ചാട്ടമൊന്നും കാണിച്ച് ആ ചെക്കനെ കൈ വയക്കാനൊന്നും കടന്ന് കളയല്ലേ..? എട്ടും പൊട്ടും തിരിയാത്ത കുട്ടിയാ.. ഇതിനെകുറിച്ചൊന്നും അവൾക്കറിയേം .. ഇല്ല.

ഇന്നും നാളെയും കൂടി കഴിഞ്ഞ് ഒരു ഡോക്ടറെ കാണിച്ച് ഉറപ്പിച്ച ശേഷം നമുക്ക് ഒരു തീരുമാനമെടുക്കാം. നീ വാ..

മനസ്സില്ലാ മനസ്സോടെ ഹരി ഗോമതിയമ്മയുടെ കൂടെ പോയി..

ഉച്ചയ്ക്ക്.. ആമിനുമ്മ എല്ലാർക്കും ഭക്ഷണം വിളമ്പി കൊടുത്തു.

ഇതെന്താ.. ഹരി മോനെ, നിന്റെ മുഖത്ത് ഒരു തെളിച്ച കുറവ്. ഇന്ന് നീ.. ന്റെ പൈങ്കിളിക്ക് ഉരുള കൊടുത്തതുമില്ലല്ലോ?

അവളിപ്പോ.. ചെറിയ കുട്ടിയല്ലല്ലോ? കല്യാണം കഴിഞ്ഞ വലിയ കുട്ടിയല്ലേ..

കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഊട്ടാനും ഉറക്കാനുമൊക്കെ ഒരു കുട്ടിയെയും കിട്ടും..

അള്ളാ.. പടച്ചോനെ! നേരാണോന്റെ പൈങ്കിളിയേ.. അമിനുമ്മാ ഓടി വന്ന് കൃഷ്ണയെ ഉമ്മ വച്ചു.. മാളുവും ഗീതയും വിശ്വസിക്കാനാകാതെ.. കൃഷ്ണയെ നോക്കി.

കൃഷ്ണ ചോറ് ഉരുട്ടി അച്ഛന്റെ വായിൽ വീണ്ടും വച്ച് കൊടുത്തു.

സി.എം. മതിയെന്ന് ഇടത് കയ്യ് കൊണ്ട് ആംഗ്യം കാണിച്ചു അവൾ പാത്രം അകത്ത് വച്ച് വിപഞ്ചികയിലേക്ക് പോയ്.. പോകുമ്പോൾ അവൾ ചിന്തിച്ചു. കുഴപ്പമാകോ?

ഇതെന്താ.. നല്ലൊരു വാർത്ത കേട്ടിട്ട് ആർക്കും ഒരു സന്തോഷമില്ലാത്തത്.

ഹാജിക്കായുടെ ചോദ്യം കേട്ടതും.

ഗോവിന്ദൻ പറഞ്ഞു.

പിന്നെയ്… നല്ല വാർത്ത.. ആരെയും ഒന്നും അറിയിക്കാതെ വച്ചിട്ടും കാര്യമില്ല.. ബന്ധം വേണ്ടെന്ന് വച്ചു വന്നതാ.. എന്റെ കുട്ടി.

പകച്ച് നിന്ന ഹാജിക്കയോടും ആമിനാത്തയോടും ഉണ്ടായ കാര്യങ്ങൾ ഗോവിന്ദൻ പറഞ്ഞു.

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആമിനുമ്മാ പറഞ്ഞു..

മോനെ.. ഹരീ.. ഞങ്ങൾ ഈ നാട്ടിൽ വന്ന കാലം മുതൽ ഈ കുടുംബവുമായ് അടുപ്പത്തിലാ …ഞങ്ങളും ഈ നാട്ടിലുള്ളവരുമെല്ലാം വിചാരിച്ചിരുന്നത്. പൈങ്കിളി മോള് നിന്റെ പെണ്ണന്നൊ..

മുറപെണ്ണുങ്ങളെ കെട്ടില്ലന്ന് നീ വാശിപിടിച്ചെങ്കിലും നിസ്കാര പായയിലുരുന്ന് ഞങ്ങള് രണ്ടാളും പടച്ചോനോട് കേണേക്കണു രണ്ടാളും ഒന്നാകണേ റബേന്ന് .. റബ്ബത് കേട്ടില്ല.. അത് നടന്നിരുന്നെങ്കിൽ ഇന്നെന്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു.

സി.എമ്മേ.. വന്നേ.. നമുക്ക് വീട്ടിൽ പോകാം.. ഹരി സി.എമ്മിനെ എഴുന്നേല്പിച്ചു. അവർ വിപഞ്ചികയിലേക്ക് പോയി.

വിപഞ്ചികയിലെത്തിയതും എല്ലാരും ഇതേ കുറിച്ച് ചർച്ച ചെയ്തു..

അച്ഛമ്മയുടെ ചോദ്യത്തിന് അറിയില്ലെന്നു പറഞ്ഞു ഞാൻ വലിയ തെറ്റ് ചെയ്തു.. കൃഷ്ണ ഭയന്നു തുടങ്ങി.. അതിന്റെ വിളർച്ച അവളുടെ മുഖത്ത് നല്ലോണണ്ടുണ്ടായിരുന്നു.

രാജേഷ് പുറത്ത് പോയിട്ട് തിരികെ വീട്ടിലെത്തുമ്പോൾ… വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടില്ല.. കാർ ഷെഡിലൊതുക്കി മെയിൻ വാതിൽ തുറന്ന് അകത്ത് കയറി വാതിൽ ലോക്ക് ചെയ്ത് മുറിയിൽ ലൈറ്റ് തെളിച്ചു..

നയന .. രാജേഷിനെ കണ്ട് എഴുന്നേറ്റ് നിന്നു..

എന്താ… നീ.. ഇരുട്ടത്ത് ഇരിക്കുന്നത്..

നിനക്കൊന്ന് ലൈറ്റിട്ടാൽ എന്താ.

നയന മുഖം കുനിച്ച് നിന്നു.

നിന്റെ മട്ടും ഭാവവും കണ്ടാൽ തോന്നും ഞാനാണ് തെറ്റ് ചെയ്തതെന്ന്..

രാജേഷേട്ടാ.. പ്ളീസ് … എന്റെ തെറ്റിനെ കുറിച്ച് എനിക്ക് നല്ല പോലെ ബോധ്യമുള്ളത് കൊണ്ടാ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്.. എന്റെ ദുർവിധി കാരണം ഞാൻ രക്ഷപ്പെട്ടു.

നിനക്കെന്ത് ദുർവ്വിധി..നിന്റെ നാട്ടിൽ പുണ്യവതിയായി ഭർത്താവിനെ പഴിചാരി ഭർത്താവുപേക്ഷിച്ചെന്നോ? ഭർത്താവിനെ ഉപേക്ഷിച്ചെന്നോ.. ഒക്കെ പറഞ്ഞ്.. മറ്റൊരുത്തനെയും കല്യാണം കഴിച്ച് സുഖമായി ജീവിക്കാം.. കള്ള കഥ പറഞ്ഞ് ജീവിതമുണ്ടാക്കി തരാൻ നിന്റെ തന്ത ഡോക്ടററേറ്റ് എടുത്തിട്ടുണ്ടല്ലോ? അത് കൊണ്ട് നിന്നെ വല്ല പാവങ്ങളുടെയും തലയിൽ കെട്ടിവക്കും. എന്നാൽ ഞാനോ? തറവാട്ടിൽ എന്നെ സ്നേഹിച്ചിരുന്നൊരു പെണ്ണുണ്ടായിട്ടും എഞ്ചിനീയർ പദവി ഇല്ലാത്തതു കൊണ്ട് ജാതകം ചേരില്ലെന്ന് പറഞ്ഞ് കുടുംബക്കാർ ഒഴിവാക്കിയത് ഞാനറിയാതെ പോയത് നിന്റെ തലയിൽ വന്ന് വീഴാനായിരുന്നു. ജീവിത കാലം മുഴുവൻ ഈ വിഴുപ്പ് ചുമക്കാനാ എന്റെ വിധി. നീ.. നേരത്തേ പറഞ്ഞ ദുർവ്വിധി.

എത്ര സന്തോഷമായ് കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്… തുലച്ചില്ലേ നീയും അവനും കൂടി. വീടുപേക്ഷിച്ച് അച്ഛനും അമ്മയും തറവാട്ടിൽ പോയി. ചേട്ടനെ എല്ലാ കാര്യത്തിലും കൂടെ നിന്ന് സഹായിച്ചിരുന്ന എന്റെ അനിയൻ ചേട്ടന് ഒരു

കുഞ്ഞുണ്ടാകാനും നല്ലോണം സഹായിച്ചു തന്നു.

ചേട്ടത്തിക്ക് ഗർഭം നൽകിയ മാഹാനായ എന്റെ അനിയൻ എന്നെ ഫേസ് ചെയ്യാനാവാത്തത് കൊണ്ട് വീടുപേക്ഷിച്ച് പോയ്. അച്ഛനും അപ്പൂപ്പനും ചേർന്ന് തപ്പിപിടിച്ച് തറവാട്ടിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്.

ഞാനെങ്ങോട്ടെങ്കിലും പൊയ്ക്കോളാം.. ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാകില്ല ഇനി.

നോക്ക്.. നയന .. നീയൊരാൾ വിചാരിച്ചാൽ കാര്യങ്ങൾ എല്ലാം ശരിയാകും.

ഞാൻ നിന്റെ തെറ്റ് പൊറുത്ത് പരിപൂർണ്ണമായും. എന്റെ ജീവിതത്തിൽ കൂട്ടിക്കോളാം.രാകേഷിനെ നീ.. മറക്കണം. ആനന്ദും അമൃതയും നല്ല വ്യക്തികളായത് കൊണ്ട് നാട്ടുകാരൊന്നും കാര്യങ്ങൾ അറിഞ്ഞിട്ടില. നീയും രാകേഷും ചേർന്ന് അവരെ നല്ലോണം നാറ്റിച്ചിട്ടും അവർ നിങ്ങളെ നാറ്റിച്ചില്ല.

നയനയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു

ഞാനവിടെ എവിടെയെങ്കിലും കഴിയുമായിരുന്നല്ലോ രാജേഷേട്ടാ. എന്തിനാ.. എന്നെ വിളിച്ച് ഇവിടെ കൊണ്ട് വന്നത്. എന്നിട്ടിങ്ങനെ കുത്തി നോവിക്കുന്നത്.

അറിയില്ലേ… എന്തിനാന്ന്. ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം രക്ഷപെടുമെങ്കിൽ രക്ഷപെട്ടൊട്ടെയെന്ന് കരുതി. തെറ്റിദ്ധരിക്കണ്ട . നീയല്ല ആ പെൺകുട്ടി.. നിന്റെ ഹൃദയത്തിൽ നീ ഒട്ടും സ്ഥാനം നൽകാത്ത നിന്റെ അനിയത്തി. നിനക്കൊന്നും എത്ര പറഞ്ഞാലും അറിയില്ല.. തെറ്റുചെയ്തവരല്ല പലപ്പോഴും അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. നിന്റെ വയറ്റിലുള്ള ഈ കുഞ്ഞ് എന്റെ അനിയന്റെ കുഞ്ഞല്ലേ.. അതിനെ ഞാൻ സ്നേഹിക്കേം സംരക്ഷിക്കേം ഒക്കെ ചെയ്തോളോം . രാകേഷിനെ പൂർണമായും കൃഷ്ണക്ക് വിട്ട് കൊടുക്കണം നീ.

എനിക്കെതിർപ്പില്ല.. രാജേഷേട്ടൻ തീരുമാനമെടുത്തോളൂ. ഒരിക്കലും രാജേഷേട്ടനേയോ .. ഈ കുടുംബത്തെയോ മനപൂർവ്വം വഞ്ചിക്കണമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു ഞാൻ. സംഭവിച്ച് പോയ്.. മാപ്പർഹിക്കാത്ത തെറ്റായത് കൊണ്ട് മാത്രം ആരോടും മാപ്പ് ചോദിക്കുന്നില്ല. പക്ഷേ! .രാജേഷേട്ടനെ ഒരു ഭർത്താവായി കാണാൻ ഇനി കഴിയില്ലെനിക്ക് . എന്ന് വച്ച് രാകേഷിനെ എനിക്ക് വേണമെന്നല്ല. ഞാൻ എവിടെയെങ്കിലും പോയ് എന്റെ കുഞ്ഞ്മായ് ജീവിച്ചോളാം.. രാജേഷേട്ടന് തറവാട്ടിലെ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ .

മതി.. നിർത്ത്. നീയെന്റെ ഭാര്യയായി ജീവിക്കേണ്ട. എന്റെ മനസ്സും ശരീരവും അതിന് തത്ക്കാലം തയ്യാറുമല്ല . നാളെ നേരം പുലരും വരെ നിനക്ക് സമയം തരും. ഞാൻ പറഞ്ഞത് സമ്മതിക്കാനായില്ലെങ്കിൽ നിന്നെ ഞാൻ നിന്റെ അച്ഛനെ

തിരികെ ഏൽപിക്കും. ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് തരേണ്ടിയും വരും.

സമ്മതിച്ചാൽ അടുത്ത മാസം എനിക്കൊപ്പം വിദേശത്ത് താമസം. നാള തന്നെ രാകേഷിനെയും കൂട്ടി ഞാൻ ഞാവൽ പുഴയ്ക്കെത്തും. കാര്യങ്ങൾ സംസാരിച്ച് ഒത്ത് തീർപ്പാക്കിയാൽ രാകേഷിനെ കൃഷ്ണയ്ക്ക് കൊടുക്കണം. അമ്മ അവിടുത്തെ അച്ഛമ്മയെ വിളിച്ചിരുന്നു. കൃഷ്ണ ഗർഭിണിയാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞു:

നയന ഞെട്ടി തരിച്ചു.. ഒറ്റനിമിഷം കൊണ്ട് തലച്ചോറ് പൊട്ടി പിളരും പോലെ തോന്നിയവൾക്ക്. നോ… ഞാൻ വിശ്വസിക്കില്ല. രാകേഷ് … ഇല്ല. രാകേഷിനെ എനിക്ക് എന്നെക്കാർ വിശ്വാസമാ. അങ്ങനെ സംഭവിക്കില്ല.

അതേ.. നിന്റെ ഗർഭ വാർത്ത കേട്ടപ്പോൾ ഇതേ… ഫീലിങ്ടായിരുന്നു എനിക്കും. ഇതേ … പോലെയായിരുന്നു ഞാൻ മനസ്സിൽ പറഞ്ഞതും.. ഇല്ല.. എന്റെ നയനയത് ചെയ്യില്ല. ചെയ്യില്ലെന്ന്. കാരണം എനിക്ക് എന്നെക്കാൾ വിശ്വാസമായിരുന്നു നിന്നെ.

അവനെ നഷ്ടപ്പെടുമെന്ന വേദനയാണോ.. നിനക്ക്..?

നഷ്ടപ്പെട്ടല്ലോ? അന്ന് തന്നെ. രാകേഷിന്റെയും കൃഷ്ണയുടയും മുന്നിൽ ചെന്ന് പെടാൻ പറ്റാത്ത ഒരിടമാണ് എനിക്ക് വേണ്ടത്. ഞാനൊന്നിനും തടസ്സം നിൽക്കില്ല.

സമ്മതമാണ്. അവരൊന്നിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. പറഞ്ഞിട്ട് നയന മുറിയിലേക് പോയി

രാജേഷ് അപ്പോൾ തന്നെ ഫോണിലൂടെ അമ്മയോട് നയന സമ്മതിച്ച കാര്യം പറഞ്ഞു.

എന്നാലും നിനക്കവളെ ഉപേക്ഷിക്കാൻ വയ്യല്ലേ.. ശ്രീദേവിയുടെ സ്വരത്തിലെ കടുത്ത നീരസം മനസ്സിലാക്കി രാജേഷ്

പറഞ്ഞു.

കൂട്ടിയും ഗുണിച്ചും ഒരുപാട് ചിന്തിച്ചിട്ടാമ്മേ ഞാൻ ഇങ്ങ് വന്നത്. നയനയെ വിളിച്ച് കൊണ്ട് വന്ന കാര്യത്തിൽ അച്ഛനിപ്പോഴും മിണ്ടിയിട്ടില്ല എന്നോട്. ഒരു കുന്നോളം കൂട്ടിയിട്ട പഴുത്ത തീകനലുകൾക്ക് നടുവിലാണമ്മേ ഞാനിപ്പോൾ.. ഇപ്പോൾ ആരുമറിഞ്ഞിട്ടില്ല ഇത്. നാളെ പുറലോകം അറിയുമ്പോൾ ഒരു തെറ്റു ചെയ്യാത്ത എനിക്ക് സമൂഹം ഒരു പേരു ചാർത്തി തരും നാണം കെട്ടവനെന്ന്. അറിയാത്തിട്ടല്ല. അവനും ഞാനും പിണങ്ങിയിട്ടില്ല ഈ സംഭവം വരെ .

അവന്റെ ഭാഗത്തൂന്ന് ഇങ്ങനെ ഒരു തെറ്റ് സംഭവിക്കുമെന്നും..അതെന്റെ ജീവിതാവസനം വരെ എന്നെ വിഷമിപ്പിക്കാൻ കാരണമാകുമെന്നും ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.. ഇപ്പഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..

രാജേഷിന്റെ ഉള്ളിലെ സങ്കടം പുറത്ത് ചാടിയെന്നറിഞ്ഞപ്പോൾ ശ്രീദേവി പറഞ്ഞു..

മോനെ.. കരയല്ലേ… അമ്മയ്ക്കിവിടെയിനി കിടന്നാൽ ഉറക്കം.. വരില്ല. നീ.. ഇങ്ങോട്ട് വാ.. മോനെ

രാജേഷ് പെട്ടെന്ന് കണ്ണുതുടച്ച് വീണ്ടും പറഞ്ഞു.

അമ്മ അവനോട് പറയ്.. കൃഷ്ണ മാപ്പ് കൊടുത്ത് തിരികെ വന്നാൽ പിന്നെ.. ഞാൻ ഈ വിഴുപ് അലക്കി കഴിഞ്ഞോളാം. തീരുമാനം എന്തായാലും എനിക്ക് എത്രയും പെട്ടെന്ന് മടങ്ങിപോണം. അമ്മ അവനോട് വിശദമായ് പറയണം.

അവനിവിടെ ഇല്ല. വരുമ്പോൾ പറയാം.

ഉം…. രാജേഷ് ഫോൺ കട്ട് ചെയ്തു.

സന്ധ്യ കഴിഞ്ഞപ്പോൾ മുതൽ കൃഷ്ണയ്ക്ക് വെപ്രാളമായ്.. അചഛമ്മയോട് അറിയില്ലെന്ന് പറഞ്ഞെങ്കിലും അതൊരു കളവ് തന്നെയാണെന്നത് കൂടുതൽ വിഷമിച്ചതായ് കണ്ടത്.. കിച്ചായെയാണന്നുള്ളത് കൃഷ്ണയുടെ വിഷമത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു.

സത്യം പറയാനായിരുന്നു ഔട്ട് ഹസിൽ നിന്നും ഓടി പോന്നത്. എന്നാൽ … തന്റെ ഫോണിൽ അമൃതേച്ചി വിളിച്ച് അമ്മയുമായ് സംസാരിച്ചത് മുഴുവൻ രാകേഷേട്ടന കുറിച്ചായിരുന്നു. രാകേഷേട്ടന്റെ തെറ്റ് പൊറുത്ത് ഒരുമിച്ച് ജീവിക്കണമെന്ന് കൃഷ്ണയോട് ആവശ്യപ്പെടാനും അതുമായ് ബന്ധപ്പെട്ട് സംസാരിക്കാൻ ഇങ്ങോട്ട് വരട്ടെയെന്ന് ചോദിക്കാനും അമൃതേച്ചിയെ രാജേഷ്ടൻ ചുമതലപ്പെടുത്തിയതായിരുന്നു. അപ്പോൾ തന്നെ അച്ഛമ്മ ഫോൺ വാങ്ങി രാജേഷേട്ടനെ വിളിക്കുകയാണ് ചെയ്തത്.

വയറ്റിൽ നിന്നെന്തോ.. വല്ലാതെരിങ്ങ് നെഞ്ചിലോട്ട് കയറുന്നു.. എല്ലാരും കൂടി തല്ലികൊല്ലുന്നതിന് മുൻപ് പറയാം.. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നവൾ നേരം വെളുപ്പിച്ചു. അച്ഛമ്മയോട് തന്നെ കാര്യം പറയാമെന്ന് കരുതി.. കൃഷ്ണ കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ മൊബൈലിൽ നിന്നും വൈബ്രേഷൻ … പിന്നെ.. റിങ്ങും.. ഡിസ്‌പ്ലയിൽ രാകേഷിന്റെ പേര് കണ്ടതും കൃഷ്ണ ഫോണെടുക്കാൻ മടിച്ചു. പിന്നെ ആരെങ്കിലും കേട്ടാലോന്ന് കരുതിയവൾ ഫോണുമെടുത്ത് മുറ്റത്തിറങ്ങി.. നിർത്താതെ വിളി തുടർന്നതും അവൾ അത് ഓണാക്കി ചെവിയിൽ വച്ചു..പിന്നെ പതിയെ പറഞ്ഞു..

ഹലോ ?

ഞാൻ രാകേഷ് …

മനസ്സിലായി..

സുഖമാണോ നിനക്ക്..?

എന്റെ സുഖവും സുഖക്കേടും രാകേഷേട്ടൻ എന്തിനറിയുന്നു.

വിളിച്ച കാര്യമെന്താണെന്ന് പറയൂ”

എന്തായാലും തനിക്കെനോട് വെറുപ്പില്ലെന്ന് അറിയുന്നതു തന്നെ എന്റെ ഏറ്റവും വല്യ ആശ്വാസമാണ്.

വെറുപ്പില്ലാന്നാരു പറഞ്ഞു. ?

താനിപ്പോഴും എന്നെ രാകേഷേട്ടാ യെന്നാണ് വിളിച്ചത്..

അങ്ങനെയങ്ങ് അശ്വസിക്കണ്ട.. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിങ്ങളെയാ.. പിന്നെ.. നയനേച്ചിയേയും. അങ്ങനെ വിളിച്ചത് മുതിർന്നവരെ പേരു ചൊല്ലി വിളിക്കാൻ വയ്യാഞ്ഞിട്ടാണ്.

ഓ.കെ. താൻ വെറുക്കണം.. എന്നെ എത്രത്തോളം വെറുക്കാൻ പറ്റോ? അത്രത്തോളം വെറുത്തോളൂ.. അത് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും.

എനിക്ക് മറ്റൊന്നും കേൾക്കണ്ട. നിങ്ങൾ വിളിച്ച കാര്യം പറയൂ.. എനിക്ക് കൂടുതൽ സമയം നിങ്ങളോട് സംസാരിക്കാൻ താത്പര്യമില്ല.

ഓ കെ.. ഇന്നലെ രാജേഷേട്ടൻഎന്നെ കാണാൻ വന്നിരുന്നു.

കാര്യങ്ങൾ ഒക്കെ വിശദമായ് രാകേഷ് പറയുന്നത് അസ്വസ്ഥതയോടെ കേട്ടു നിന്നു കൃഷ്ണ. ഒടുവിൽ രാകേഷ് ചോദിച്ചു.

താനെന്ത് പറയുന്നു. ഞങ്ങൾ പുറപ്പെട്ടു കഴിഞ്ഞു. ഉച്ചയ്ക്ക് മുൻപ് അങ്ങെത്തും. എനിക്ക് നേരിട്ട് സംസാരിക്കണം നിന്നോട്.

എന്നെ.. കാണാൻ ആരും ഇങ്ങോട്ട് വരണ്ട. എനിക്ക് ഒന്നേ.. പറയാനുള്ളൂ.. എന്റെ ജീവിതത്തിൽ നിങ്ങളെന്ന ഒരു വ്യക്തിയില്ല ഇനി.

ഊം.. ശരി. അവസാനമായ് എനിക്കൊന്നു കാണണം. ഒരേ ഒരു വട്ടം. തന്റെ അഭിപ്രായമനുസരിച്ചായിരിക്കും എന്റെ ജീവിതമിനി മുന്നോട്ട് പോകുന്നത്.താൻ ഗർഭിണിയാണോന്ന് ഒരു സംശയം അച്ഛമ്മ അവിടെ സൂചിപ്പിച്ചതായ് അറിഞ്ഞു.. അങ്ങനൊരു സാധ്യതയില്ലെന്ന് എനിക്കറിയാം.. അതാണ് .. ഞാൻ അങ്ങോട്ട് വരാൻ തയ്യാറായത്.

എന്തേ .. അങ്ങനൊരു സാധ്യതയില്ലാത്തത്. ഗർഭം ധരിക്കാൻ നയനേച്ചിക്ക് മാത്രമേ കഴിയുള്ളോ?

എന്നല്ല… നീ… നല്ലൊരു പെൺകുട്ടിയാ. ആരു തെറ്റിച്ചാലും നിന്റെ വഴി തെറ്റില്ല.

എന്നാൽ ഞാൻ നല്ലൊരു പെൺകുട്ടിയല്ല ഇപ്പോൾ .. ഞാൻ ഗർഭിണി തന്നെയാണ്.. കൃഷ്ണ ഫോൺ കട്ട് ചെയ്തു.. അവൾക്ക് പൊട്ടികരഞ്ഞേ .. മതിയാകു എന്ന് തോന്നി.കുറെ സമയം

പറമ്പിലൊക്കെ ചുറ്റി കറങ്ങിയ ശേഷം അവൾ അകത്തേക്ക് വന്നു.

ഹരീ…നീ.. കുറച്ച് ദിവസം ലീവാണെന്ന് പറഞ്ഞിട്ട് പിന്നെന്താ.. പെട്ടെന്ന് പോണംന്ന് വാശി..

സി.എം. ചോദിച്ചു.

പോണം. സി.എമ്മേ… ഫിസിയോ തെറാപ്പി ചെയ്യാൻ ഒരു ഫിസിയോ തെറാപിസ്റ്റിനെ വിളിച്ചിട്ടുണ്ട്.. ഒരു ബിനുകുമാർ.. നാളെ മുതൽ വരും.

ഞാൻ പറഞ്ഞിട്ടുണ്ടല്ലോ സി.എമ്മേ ഒരു വിഷ്ണുവെന്നൊരു സുഹൃത്തിനെ കുറിച്ച് . അവന് അത്യാവശ്യമായ് എന്തോ കാര്യം എന്നോട് പറയാനുണ്ടെന്ന്. പിന്നെ രാകേഷിനെയും ഒന്നു കാണണം.

മോളെ ഡോക്ടറെ കാണിച്ച ശേഷം രാകേഷിനെ വിളിച്ചാൽപോരെ മോനെ? ഇപ്പോ തന്നെ അവൾ ആകെ വിഷമത്തിലാണ്.

അതല്ലച്ചമ്മേ… ഒരു ഒത്ത് തീർപ്പിന് ശ്രമിക്കാൻ രാജേഷേട്ടനും വീട്ടുകാരും നാളെ ഇങ്ങോട്ട് വന്നോട്ടെയെന്ന് ചോദിച്ച് എന്നെ വിളിച്ചിരുന്നു. അതിന് മുൻപ് എനിക്ക് അവനോട് സംസാരിക്കണം. ആ രാകേഷിനോട് ..

അവരിന്ന് ഇങ്ങോട്ട് പുറപ്പെട്ടുവെന്ന് രാജേഷ് വിളിച്ചു പറഞ്ഞു. നീ കൂടെ വേണം.. ഇവിടെ. പ്രിയ മോള് ഗർഭിണിയാണെന്നുറപ്പിക്കണം. ആണെങ്കിൽ മാത്രം അവനൊപ്പം വിടുന്നതിനെ കുറിച്ച് തീരുമാനിച്ചാൽ മതി.. ഗോവിന്ദൻ പറഞ്ഞു. ഞാൻ.. അച്ഛമ്മയെയും അവളെയും കൂട്ടി ഡോക്ടറെ.. ഒന്നു കണ്ടിട്ട് വേഗം വരാം.

ഞാനങ്ങോട്ടും ഇല്ല എന്നെ കാണാൻ ആരും ഇങ്ങോട്ട് വരണ്ടന്ന് വിളിച്ച്പറഞ്ഞേക്ക് ഗോവിന്ദാമ്മേ.. ആർക്കൊപ്പവും ഞാൻ പോകില്ല. അകത്തേക്ക് വന്ന കൃഷ്ണ പറഞ്ഞു.

ഹരിയവളെ വെറുതെ നോക്കി നിന്നു.

പിന്നെ! എന്ത് ചെയ്യാന്നാ നീ.. വിചാരിക്കുന്നത്. ഈ സംശയം ശരിയാണെങ്കിൽ ഇനി ഒന്നേ ചെയ്യാനുള്ളൂ. രാകേഷിന്റെ തെറ്റ് ക്ഷമിച്ച് കൊടുത്ത് അവനൊപ്പം ജീവിച്ചാൽ മതി.. ദേവ പ്രഭ പറഞ്ഞു.

സംശയം..അല്ലേമ്മേ അത്. ആര് എന്ത് പറഞ്ഞാലും എന്നെ ചതിച്ച ഒരാളോടൊപ്പം പോകാൻ ഞാനില്ല. ആ കാര്യത്തിൽ മാത്രം ഞാനാരെയും അനുസരിക്കില്ല. രാകേഷേട്ടന്റെ ഒപ്പം എനിക്ക് ഒരു ജീവിതം ഇല്ലെന്ന് മാത്രമല്ല. ഈ തെറ്റ് ഞാൻ ഒരിക്കലും പൊറുത്ത് കൊടുക്കുകയുമില്ല.

ഹരി മോനെ കണ്ട് കൊണ്ട് നീ.. പോകില്ലെന്ന് തുള്ളണ്ട.. അവന്റെ തലയില് വല്ലവന്റെയും വിഴുപ്പ് കെട്ടിവയ്ക്കാൻ ഞാൻ സമ്മതിക്കില്ല..അവനും എനിക്ക് നിന്നെ പോലെ തന്നയാ..

ആണുങ്ങളാകുമ്പോൾ അങ്ങനൊ ക്കെ ചിലപോൾ സംഭവിച്ചൂന്ന് വരാം.

ഞാൻ അങ്ങനൊന്നും ഇപ്പോ.. കരുതീട്ടില്ലമ്മേ. എനിക്കൊരിക്കലും കിച്ചായെ പിരിയേണ്ടി വരില്ലെന്ന് കരുതിയിരുന്നു ഞാൻ കല്യാണത്തിന് മൂന്ന് മാസം മുൻപ് വരെ, കിച്ചയെന്റെ കൈപിടിച്ച് കൂടെ നടത്തിയ കാലം മുതൽ കിച്ചായെ ഒരിക്കലും വിട്ടു പോകാനാവില്ലന്ന് ഉള്ളത് എന്റെ വിശ്വാസമായിരുന്നു. അതൊക്കെ അന്നേ .. നഷ്ടപ്പെടുത്തിയിട്ടാ ഞാൻ പടിയിറങ്ങിയത്.

എന്ന് കരുതി ഈ മടങ്ങി വരവിനും എന്റെ ഈ തീരുമാനത്തിനും അമ്മ ഇങ്ങനൊരു അർത്ഥം കണ്ട് പിടിച്ചല്ലോ. ? കിച്ചാടെ ജീവിതത്തിലേക്ക് രണ്ടാം കെട്ട് കാരിയായി കടന്ന് ചെല്ലില്ല. അങ്ങനാരുപേടി ആർക്കും വേണ്ട..പിന്നെ അമ്മ പറഞ്ഞല്ലോ? ആണുങ്ങളായാൽ അങ്ങനൊക്കെ തന്നെയാണെന്ന്.. ഇതേ .. ചോദ്യം അവിടുത്തെ അമ്മ ചോദിച്ചപോൾ ഞാനൊരു മറുചോദ്യം ചോദിച്ചിരുന്നു. ഈ നില്ക്കുന്ന മൂന്നാണുങ്ങളെയും എനിക്ക് വിശ്വാസമാ . അത് കൊണ്ട് അമ്മയോട് ഞാൻ ആ ചോദ്യം ചോദിക്കുന്നില്ല.

പ്രഭേ…ന്റെ മോള് പറഞ്ഞത് നിനക്ക് മനസ്സിലായല്ലോ അല്ലേ..? സി.എം ദേവ പ്രഭയോട് ചോദിച്ചു.

എന്റെ അമ്മ ചിന്തിച്ചപോലെ കിച്ചായെ സ്വന്തമാക്കാനാണ് ഞാനിവിടെ നില്ക്കുന്നതെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ

തുറന്ന് പറഞ്ഞോളണേ.

ദേവമ്മായി.. ഉള്ളിലെ സങ്കടം കൊണ്ട് പറഞ്ഞ് പോയതാ. നീയത് കാര്യമാക്കണ്ട. നിനക്കിഷ്ടമില്ലെങ്കിൽ അവനോടൊപ്പം പോകണ്ട. പ്രശ്നം തീർന്നില്ലേ. മാളൂന്റെ കല്യാണം നടന്നാൽ ആ നിമിഷം മുതൽ നീയെന്റെ പെണ്ണാ.

ആരുടെ സഹതാപവും എനിക്ക് വേണ്ട.അവൾ ഹരിയെ ഒന്ന് തറപ്പിച്ച് നോക്കി മുറിയിൽ കയറി വാതിലടച്ചു കിടന്നു.. ഹോസ്പിറ്റലിൽ പോകാൻ പിന്നെ ആരും അവളെ നിർബ്ബന്ധിച്ചില്ല.

രാജ്യേഷും ശ്രീദേവിയും ഹരികുമാറും വീട്ടിലെത്തുമ്പോൾ ഉച്ചയായി. രാകേഷ് പുഴക്കരയിൽ കാറിനകത്ത് തന്നെ ഇരുന്നു.

വിപഞ്ചികയിൽ എല്ലാരും മാന്യമായ് തന്നെ അവരെ സ്വീകരിച്ചിരുത്തുകയും. സത്കരിക്കുകയും രാകേഷിനോടുള്ള ദേഷ്യം സംസാരത്തിനിടയിലൊരിടത്തും കൊണ്ടുവരാതിരുന്നതും ഹരികുമാറിനും കുടുംബത്തിനും വന്ന ഉദ്ദേശം അവതരിപ്പിക്കാൻ കുറച്ചെങ്കിലും.. ധൈര്യമായ്.

ഹരികുമാർ തന്നെ അതിന് തുടക്കമിട്ടു.

ഞങ്ങൾക്കൊന്നും ഇതിൽ പ്രത്യേകിച്ച് അഭിപ്രായമില്ല.. ഇതിൽ തീരുമാനമെടുക്കേണ്ടത് ഞങ്ങളുടെ പ്രിയമോളാണ്. ഗോമതിയമ്മ പറഞ്ഞു.

നിങ്ങൾ സംസാരിക്ക്… ഞാൻ കൃഷ്ണയോട് തനിച്ചല്പം സംസാരിക്കട്ടെ! രാജേഷ് പറഞ്ഞു.

കൃഷ്ണാ.. നമുക്ക് പുറത്ത് ആ തണലത്ത് നിന്നാലോ?

കൃഷ്ണ രാജേഷിന് പിന്നാലെ നടന്നു..

രാകേഷ് പുഴക്കരയിലുണ്ട്. അവന് ഇവിടുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.. അതാണ് വരാത്തത്.

നന്നായി.. ചെയ്തത് തെറ്റാണെന്ന് ബോധ്യം വരുന്നത് കൊണ്ടാണ് വരാതിരിക്കുന്നത്.

കൃഷ്ണാ.. ഞാനും നീയും അല്പം ക്ഷമിച്ച് കൊടുത്താൽ ഈ പ്രശ്നങ്ങൾ തീരും.

എങ്ങനെ ക്ഷമിക്കണമെന്നാണ് രാജേഷേട്ടൻ പറയുന്നത്..

രാകേഷിന് മാപ്പ് കൊടുത്ത് അവനെ നീ സ്വീകരിക്കണം.

എനിക്ക് കഴിയില്ല രാജേഷേട്ടാ… ഈ തെറ്റെനിക്ക് പൊറുത്ത് കൊടുക്കാൻ ഒരിക്കലും പറ്റില്ല.. ഒരുമിച്ച് ജീവിക്കുന്നത് പോയിട്ട് ഒരു നോക്ക് രണ്ടെണ്ണത്തിനെയും നോക്കാൻ പോലും എനിക്ക് കഴിയില്ല..

ഞാൻ പൊറുത്ത് കൊടുത്തല്ലോ? നയനയോട്?

ഇന്നലെയിവിടെ എല്ലാരും പറയുന്നത് കേട്ടു. അത് രാജേഷേട്ടന്റെ വലിയ മനസ്സാണെന്നൊക്കെ.

പക്ഷേ! ഞാനൊരിക്കലും അങ്ങിനെ പറയില്ല.

അതെന്താ… ? രാജേഷ് പുഞ്ചിരിയോടെ ചോദിച്ചു.

ഞാനൊന്ന് ചോദിച്ചോട്ടെ! രാജേഷേട്ടനെ പറ്റിച്ച് നയനേച്ചിയുടെ കൂടെ.. കഴിഞ്ഞ ആൾ.. രാകേഷേട്ടൻ അല്ലാതെ മറ്റൊരാളായിരുന്നുവെങ്കിൽ രാജേഷേട്ടൻ നയനേച്ചിയെ തിരികെ സ്വീകരിക്കുമായിരുന്നോ?

അത്… ഇപ്പോ… രാജേഷ് അവിടെ നിർത്തി..

ഇല്ല.. അല്ലേ… അതാ… ഞാൻ പറഞ്ഞത്. വലിയ മനസ്സല്ലന്ന് …

സമ്മതിച്ചു.. എന്താ.. ഇതിനിപോ ഒരു പരിഹാരം. നീ തന്നെ പറയ്.

ഈ കാര്യത്തിൽ എന്റെ അച്ഛൻ പറഞ്ഞാലും.. ഞാനനുസരിക്കില്ല. ഈ ബന്ധം മനസ്സുകൊണ്ട് അന്ന് തന്നെ ഞാനൊഴിഞ്ഞതാ. എന്റെ ചേച്ചിക്ക് എന്റെ ഭർത്താവിനെ പൂർണ്ണമായ് വിട്ടു കൊടുക്കാൻ ഒരു നിയമത്തിന്റെ കടലാസ്സു കൂടി മതിയെനിക്ക്.

ഒന്നൂടൊന്ന് ആലോചിക്ക് മോളെ…

കഷ്ടം ണ്ട്… രാജേഷേട്ടന് നാണമില്ലേ… സ്വന്തം അനിയനൊപ്പം കഴിഞ്ഞ് ഒരു സ്ത്രീയെ ജീവിത കാലം മുഴുവൻ തോളിലേറ്റി.. നടക്കാൻ..

രാജേഷേട്ടന്റെ ഭാര്യയെ അനിയന് തന്നെ വിട്ടുകൊടുക്കേട്ടാ.. അവരുടെ തെറ്റിനുള്ള ശിക്ഷയതാണ്. എല്ലാ കാലവും അവരെയത് ചുട്ടു നീറ്റും. ഇതൊന്നുമറിയാതെ ഭൂമിയിൽ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് അച്ഛനെ ചെറിയച്ചനെന്നും വലിയച്ഛനെ അച്ഛനെന്നും വിളിച്ച് വളരണം . അല്ലെങ്കിലും അവരുടെ ശരീരത്തെ മാത്രമേ.. നമുക്ക് സ്വീകരിക്കാനും സ്വന്തമാക്കാനും പറ്റൂ.. അവരുടെ മനസ്സൊരിക്കലും നമുക്കൊപ്പം ജീവിക്കില്ല.

നമുക്ക് പുഴക്കരയിലോട്ട് പോകാം. രാകേഷിനോട് നീ… നിന്റെ അഭിപ്രായം തുറന്ന് പറയൂ..

പുഴക്കരയെത്തിയപ്പോൾ രാജേഷ് തിരികെ പോയ്..

കൃഷ്ണ വരുന്നത് കണ്ട് രാകേഷ് കാറിൽ നിന്നിറങ്ങി. പുറത്തിറങ്ങിയ രാകേഷിനെ കണ്ടതും.. കൃഷ്ണ ഞെട്ടി പോയ്.. ആകെ മെലിഞ്ഞ് ഒരു കോലമായിരിക്കുന്നു.. കൺതടങ്ങൾ കരുവാളിച്ചിരിക്കുന്നു.. എന്ത് കൊണ്ടോ കൃഷ്ണയ്ക്കു അയാളെ കണ്ടപ്പോൾ ചെറുതല്ലാത്ത ഒരു വേദന തോന്നി. നിറഞ്ഞ കണ്ണുകളൊളിപ്പിച്ചവൾ പുഴയിലേക്ക് നോക്കി… ഞാവൽ മരത്തിൽ ചാരി നിന്നു.

രാകേഷ് അവളുടെ അരികിലേക്ക് നീങ്ങി നിന്നു.

പ്രിയേ….

വിവാഹ ശേഷവും നയനേച്ചി ഇടയിൽ കടന്നു വന്നില്ലായിരുന്നെങ്കിൽ ജീവിതാവസനം വരെ തന്റെ പ്രിയപ്പെട്ടതിൽ ഏറ്റം പ്രിയപ്പെട്ട ആളാകുമായിരുന്ന ആളാണ് വിളിക്കുന്നത്..

തെറ്റ് പൊറുത്ത് കൊടുത്ത് എന്തോന്ന് വേണമെങ്കിൽ വിളികേൾക്കാം.. എന്നാൽ കേൾക്കാതിരുന്നാൽ ഹരിയേട്ടൻ വഴി .. മാള്യേച്ചിക്ക് ഒരു ജീവിതം കിട്ടും. അമ്മയുടെ സംശയവും മാറ്റി കൊടുക്കാം.

പക്ഷേ! വേണ്ട.. കൃഷ്ണയ്ക്ക് ആരും വേണ്ട.. ആർക്കു വേണ്ടിയും എന്റെ ജീവിതം തുലയ്ക്കില്ല ഞാൻ.

പ്രിയേ .. .. എന്റെ തെറ്റുകൾ പൊറുത്ത് എനിക്കൊപ്പം ജീവിക്കാൻ തയ്യാറാണോ നീ….?

താനെന്താ. ഒന്നും മിണ്ടാത്തത്.

നീല കുറുക്കൻ എന്ന നോവലിലെ ദേവീകയുടെ വാക്കുകൾ കടമെടുത്തവൾ പറഞ്ഞു.

ഞാനെന്ത് പറയാനാ… ഏട്ടാ… ആരും ഏറ്റെടുക്കാനില്ലാത്ത ഒരു ഗർഭം.. എന്റെ വയറ്റിൽ വളരുന്നു.. അതിനെ .. ഞാനെന്ത് ചെയ്യണം. ആരുടെ തലയിൽ കെട്ടിവയ്ക്കണം.. ഈ പൊട്ടി പെണ്ണിനെ കരയിക്കാനേ… ഈ ഭൂമിയിലാളുള്ളൂ..

പ്രിയാ… നീ…യെന്താ.. ഈ പറയുന്നത്. ഇന്നലെ നീ … പറഞ്ഞത് സത്യായിരുന്നോ? നോക്കു ഇപ്പോഴും

ഞാൻ വിശ്വസിച്ചിട്ടില്ല. എന്നെ വെറുതെ.. കളിപ്പിക്കല്ലേ… എനിക്കറിയാം.. ഹരിയേട്ടനെ കൊണ്ട് മാളുവിന്റെ ചെക്കന്റെ സഹോദരിയെ കല്യാണം കഴിപ്പിക്കാൻ വേണ്ടി നീ… അഭിനയിക്കുന്നതാ. ചുമ്മാ.. നാടകം കളിക്കല്ലേ…

ഒരു പെണ്ണും ഈ ഒരു കാര്യത്തിൽ നാടകം കളിക്കില്ല. കിച്ച മാത്രം അറിഞ്ഞാൽ മതി. എന്നെ തല്ലികൊല്ലും..പിന്നെയും.. കൃഷ്ണ കരഞ്ഞു. ഏട്ടനെന്നല്ല ആരും വിശ്വസിക്കില്ല…

ആരാ.. നിന്നോടിത്… ചെയ്തത്.

ഒരു പൊട്ടനാ… വേളിമലയിൽ ഒറ്റക്ക് കറങ്ങി നടന്നപ്പോ.. അവനെന്നെ..

കൃഷ്ണ ഞാവൽ മരത്തിൽ തലയിട്ടടിച്ചു.. കരഞ്ഞു.

ഏയ്… രാകേഷ് അവളുടെ രണ്ടു കൈയ്യും കൂട്ടിപിടിച്ച് വച്ചു.

ഞാൻ രാകേഷേട്ടനല്ലെന്ന് പറഞ്ഞാലും അവരൊക്കെ. പറയും രകേഷേട്ടൻ തന്നെയാണെന്ന്.. ഇതിപ്പോ.. കുടുംബത്തിന് മുഴുവൻ ചീത്ത പേരാകും.. അത് കൊണ്ട് ഞാൻ വരാം.. ഏട്ടന്റെ കൂടെ!

രാകേഷ് കൃഷ്ണയുടെ കയ്യിലെ പിടി പെട്ടന്ന് വിട്ടു.

വല്ല പൊട്ടന്റെയും ഗർഭം താങ്ങിപ്പിടിച്ച് പോകാനല്ല ഞാനിവിടം വരെ വന്നത്..

നിന്നെ കുറിച്ച് ഞാനിങ്ങനെയല്ല കരുതിയിരുന്നത്. ഞാൻ പോണു.

രാകേഷ് തിരിഞ്ഞ് നടന്നു..

ഒന്നു നിന്നേ.. കൃഷ്ണ വിളിച്ചു.

രാകേഷ് തിരിഞ്ഞ് നിന്നു.

ഇന്നലെ ഫോൺ വിളിച്ചപ്പോൾ വരണ്ടാന്ന് ഞാൻ പറഞ്ഞത് ഇതേ .. കാരണം കൊണ്ടാ..

മനസ്സിലായില്ലേ.. രാകേഷേട്ടന് ?

നിങ്ങളുടെ ഗർഭം താങ്ങ്ങാൻ എനിക്കും മനസ്സില്ലെന്ന്.

നയനേച്ചിയുടെ ഗർഭം സ്വന്തം ഭർത്താവിന്റേതാണെന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ച വേദനയെത്രയാണെന്ന് എനിക്കേ.. അറിയൂ.. എൻറെ സംശയത്തിന് ഉത്തരം കണ്ടെത്തി കയ്യോടെ പിടിച്ച് ശേഷമാണ് ഞാൻ അവിടുന്ന് പടിയിറങ്ങിയത്.. അതിൽ ആരുടെയും പ്രേരണ ഇല്ലായിരുന്നു..

തെറ്റ് ചെയ്ത നിങ്ങൾ പോലും തെറ്റ് പൊറുക്കാൻ തയ്യാറാകുന്നില്ല.. പിന്നെ തെറ്റ് ചെയ്യാത്ത ഞാനെന്തിന് നിങ്ങളോടൊപ്പം വരണം .

വിപഞ്ചികയിലെ സി.എമ്മിന്റെ മകൾക്ക് ഒരിക്കലും അവളുടെ വഴിപിഴക്കില്ല. ഞാൻ പോണു..

കൃഷ്ണ തിരിഞ്ഞ് നടന്നു..

വിപഞ്ചികയുടെ മുറ്റത്ത് കൃഷ്ണയെയും കാത്ത് എല്ലാരും നില്പുണ്ടായിരുന്നു.

എന്ന് തീരുമാനിച്ചുമോളെ…

ഞാൻ എന്റെ തീരുമാനം. രാജേഷേട്ടനെയും രാകേഷേട്ടനെയും അറിയിച്ചിട്ടുണ്ടമ്മേ… അവർ പറയും..

അവരെയാത്രയാക്കാൻ ഹരിയും ഗേറ്റ് പടിക്കലേക്ക് പോയി..

കൃഷ്ണ അകത്ത് കയറി സി.എമ്മിന്റെ കാൽ ചുവട്ടിലിരുന്നു..

പൊറുക്കണം അച്ഛാ.. അവൾ സി.എമ്മിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹരിയോടി വന്ന് കൃഷ്ണയെ വലിച്ചെഴുന്നേല്പിച്ചു.

ഞാവൽ പുഴയിൽ ഞങ്ങളറിയാത്ത ഏത് പൊട്ടനാടി നിനക്ക് … ബാക്കി പറഞ്ഞത്.. കവിളത്ത് പൊട്ടിയ അടിയുടെ ശബ്ദത്തിൽ മുങ്ങി പോയ്..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

5/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!