ഞാനും എന്റെ കുഞ്ഞാറ്റയും – 54

3952 Views

njanum ente kunjattayum aksharathalukal novel by benzy

അപ്രതീക്ഷിതമായ് കിട്ടിയ അടിയിൽ കൃഷ്ണ ഇടത് വശത്തേക്ക് വീഴാൻ ആഞ്ഞു. ഒന്നു മറിഞ്ഞു എങ്കിലും നിവർന്ന് നിന്ന് അവൾ കവിളത്ത് കൈവച്ച് ഹരിയെ ആദ്യം കാണുന്നത് പോലെ നോക്കി.

നോക്കി പേടിപ്പിക്കണ്ട.. ഹരി പല്ലു ഞെരിച്ചു.. വൃത്തികെട്ടവൾ..

ഹരീ… ഗോവിന്ദൻ ഓടിയെത്തി. ഒപ്പം

മറ്റുള്ളവരും അവിടെയെത്തി.

നീ എന്താ.. അവളെ വിളിച്ചത്.? എന്തിനാടാ .. ന്റെ മോളെ തല്ലിയത്? പറയാൻ ഗോവിന്ദൻ നല്ല ദേഷ്യത്തിലായിരുന്നു..

അച്ഛാ.. ഇവൾ ഗർഭിണിയൊന്നുമല്ല..

അതിന് ?…. സന്തോഷിക്കേണ്ടതിനു പകരം തല്ല്ലാണോ വേണ്ടത് ? ഇക്കണക്കിന് അവളെ നിന്റെ കൈപിടിച്ചു തന്നിരുന്നെങ്കിൽ .. നീയിവളെ തല്ലി കൊല്ലുമായിരുന്നല്ലോ?

ഞങ്ങളുടെ അനുവാദം ചോദിക്കാനൊന്നും നിൽക്കാതെ അച്ഛനന്തേ.. അന്നേ .. കൈപിടിച്ച് തരാത്തത്. എങ്കിലിപ്പോൾ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നല്ലോ?

അതിന് നീ.. മുറപെണ്ണുങ്ങളെയൊന്നും കെട്ടില്ലെന്ന് ശപഥം എടുത്തിരിക്കുവായിരുന്നല്ലോ?

അപ്പോഴാണ് ഹരി താൻ പറഞ്ഞതെന്താണെന്ന് ശരിക്കും മനസ്സിലാക്കിയത്. പെട്ടെന്നത് തന്നെ ഹരി പറഞ്ഞു. ഇപ്പഴും അങ്ങനെ തന്നെയാ..

വൃത്തികെട്ടവൾ …. ആ വാക്ക്… അതൊരു മാറ്റൊലിയായി കൃഷ്ണയുടെ നഞ്ചത്തടിച്ച് കൊണ്ടിരുന്നു.. അവൾ പെട്ടെന്ന് ഹരിയുടെ മുഖത്തൂന്ന് നോട്ടം മാറ്റി കളഞ്ഞു.

മറ്റുള്ളവരുടെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ തന്റെ മകൾ നിൽക്കുന്നത് കണ്ടപ്പോൾ സി.എമ്മിന് തന്റെ നെഞ്ച് പൊട്ടും പോലെ തോന്നി. തന്റെ ശരീരത്തിന്റെ അവസ്ഥ മറന്ന സി എം. മെല്ലെയാണെങ്കിലും തനിയെ എഴുന്നേറ്റ് പകുതിയോളം നിന്നു കഴിഞ്ഞു ആ നേരം..

അത് കണ്ടതും കൃഷ്ണയോടി വന്നച്ചനെ പിടിച്ചു.. എന്നിട്ട് ഗോവിന്ദാമ്മേ..ന്ന് വിളിച്ചു.

ഗോവിന്ദൻ വന്ന് സി.എമ്മിനെ താങ്ങി നിർത്തി.

അച്ഛന്റെ നെഞ്ചിൽ മുഖം ചേർത്ത് ഒന്നു പൊട്ടികരയണം എന്ന് കൊതിച്ചുവെങ്കിലും അവൾ അച്ഛൻ മറിഞ്ഞ് പോയാലോന്ന് കരുതിയങ്ങനെ നിന്നു . ഒരു കുറ്റവാളിയെ പോലെ..

എന്നാൽ ആ മനസ്സ് മനസ്സിലാക്കിയത് പോലെ..സി.എം. വലത് കൈക്ക് ബലം കൊടുത്ത് കൊണ്ടവളെ നെഞ്ചോട് ചേർത്തു നിർത്തി. പിന്നെ അവളുടെ തലയിൽ തന്റെ താടി മുട്ടിച്ച് വച്ചിട്ട് പറഞ്ഞു. ന്റെ മോള് കരയല്ലേ… പോട്ടെ!

ഞാനിവളെ ഇന്നേ വരെ തല്ലിയിട്ടുണ്ടോ? സി എമ്മും അച്ഛനും കൂടിയാ.. ഇവളെ കൊഞ്ചിച്ച് നാറ്റുന്നത്.. ഹരി പറഞ്ഞു.

എങ്കിൽ അവളെക്കാൾ കൂടുതൽ സമയം നീയാണല്ലോ ഞങ്ങളോടൊപ്പം കഴിയുന്നത്. അങ്ങനെയാണെങ്കിൽ നീയല്ലേ ആദ്യം വഷളാകേണ്ടത്.

എന്നോട് എല്ലം പറഞ്ഞു.

കുടുംബത്തിൽ കയറി വന്ന ഒരു വൃത്തികെട്ടവനെ ഓടിച്ച് വിടാൻ എന്റെ മോള് ഒരു കള്ളം പറഞ്ഞതിന് നീയവളെ വൃത്തികെട്ടവളാക്കിയല്ലോ.. ഹരീ.

സി.എമ്മേ.. അതല്ല. ഛെയ്…. ഹരി തല കുടഞ്ഞു..

പിന്നെ ഏതാ..? ഹരീ നീ.. കാര്യം എന്താണെന്ന് പറയ് . ഇല്ലെങ്കിൽ തല്ലു നീയും വാങ്ങും.. ഗോവിന്ദൻ ഹരിയുടെ തോളിൽ പിടിച്ച് വച്ച് .. ചോദിച്ചു..

ഇവളാ.. രാകേഷിനോട് ഗർഭിണിയാണെന്ന് പറഞ്ഞു.

അതിനെന്താ.. അങ്ങനെ ആണെന്നവൾ കരുതിയത് കൊണ്ടല്ലേ അവനത് വിശ്വസിച്ച് ഇവളെ..സ്വീകരിക്കാനെത്തിയത്.

എന്നാൽ അവനങ്ങനെയെത്തിയതല്ല.. അതിനുത്തരവാദിയവനല്ലെന്ന ഉത്തമ ബോധ്യത്തോടെയാ… വന്നത്..

ഇവളെയവൻ മോശമാക്കിയിട്ടില്ലത്രെ. ഇവൾ കന്യകയാണെന്നാണവൻ പറഞ്ഞത്.

എല്ലാരുടെയും മുഖത്ത് ഒരു തെളിച്ചം പരന്നത് കണ്ട് ഹരി തുടർന്നതും

ഗോവിന്ദൻ പറഞ്ഞു.

ടാ… അതും സന്തോഷമുള്ള കാര്യാണല്ലോ?

അച്ഛാ.. ഇവൾ അവനോട് തറപ്പിച്ച് പറഞ്ഞു. ഇവൾ ഗർഭിണിയാണെന്ന്. ഇവൾക്ക് എന്നോട് അങ്ങനൊരിഷ്ടം ഉണ്ടെന്നറിയാവുന്ന അവൻ എന്നോട് പറയാണ്. അവൾ ഹരിയുടെ പേര് പറയുമെന്നാണ് ഞാൻ വിചാരിച്ചത്. ഇത് ഇവിടെ വേളിമലയിൽ കറങ്ങി നടക്കുന്ന ഒരു പൊട്ടന്റെ പേര് പറഞ്ഞുവെന്ന്. അവനിനി അവന്റെ തെറ്റ് മറച്ച് വച്ച് എല്ലാരോടും പറയും.. ഇവൾ വഴി പിഴച്ചിട്ടാണ് അവനിവളെ ഉപേക്ഷിച്ചതെന്ന് …

ഹരിമോൻ പറഞ്ഞതിലും കാര്യമുണ്ട്. നാളെയിത് പാട്ടായാൽ തലയുയർത്തി നടക്കാൻ പറ്റില്ല.

സ്കൂളിൽ പോകാതെ അച്ഛന്റെ മാനം കളഞ്ഞിട്ട് നിന്ന ഇവൾക്ക് അതൊന്നും പറഞ്ഞാലും മനസ്സിലാകില്ല. ദേവ പ്രഭ പറഞ്ഞു.

അത് പറഞ്ഞിട്ട് എന്റെ മാനം ഇടിഞ്ഞ് വീഴുന്നെങ്കിൽ ഇടിഞ്ഞങ്ങ് വീഴട്ടെ!

വിദ്യാഭ്യാസമില്ലെങ്കിലെന്താ.. ജീവിതത്തിലെ ദുർഘടമായ പ്രതിസന്ധി ഒറ്റക്ക് കൈകാര്യം ചെയ്തു “ന്റെ കുട്ടി. എത്ര ബുദ്ധിയോടെയാ..ന്റെ മോള് ക്യാമറയും അതിലെ തെളിവുകളും നശിപ്പിച്ചത്. മാത്രമല്ല അതേ.. വിദ്യ പ്രയോഗിച്ച് ..അവരെ കുടുക്കി. നഷ്ടപ്പെട്ട സ്വർണ്ണത്തിന് പകരം കാശ് വാങ്ങി.. ബുദ്ധിയും വിവേകവും തെളിയിച്ച് കൊടുത്തു. ഇതും അവൾ ആരെയും വേദനിപ്പിക്കേണ്ടന്ന് കരുതി തനിയെ ചെയ്തു.

ഗോവിന്ദേട്ടാ .. നമ്മുടെ വക്കിലിനോട് പെട്ടെന്നിവിടം വരെ വരാൻ പറയൂ.. വിവാഹബന്ധം വേഗത്തിൽ വേർപ്പെടുത്താൻ വേണ്ട ഏർപ്പാട് ചെയ്യണമെനിക്ക്.

എന്നിട്ട് ആ പൊട്ടനെ കണ്ട് പിടിച്ചവളെയങ്ങ് കെട്ടിക്ക്..

ഞാൻ പോണു.. ഹരി തിരിഞ്ഞ് നടന്നു.

ഒരു പൊട്ടനും വേണ്ട.. അസ്സലൊരു ഇഞ്ചിനിയറെ കൊണ്ട് ഞാൻ കെട്ടിക്കും അവളെ … എന്റെ മാളുവിന്റെ കല്യാണത്തിന്റെയന്ന്.

സി.എം. പറഞ്ഞു..

ഈ സമയത്ത് ടെയിനില്ലല്ലോ? പിന്നെങ്ങനാ?

ഗോവിന്ദൻ പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു.

അതിന് മറുപടി പറയാതെയവൻ പടിയിറങ്ങി.

ഹരിയേട്ടാ.. നിക്ക് … നാളെ.. പോകാം..

വാ. മോളെ. ഗീതു മാളുവിനെയും വിളിച്ച് കൊണ്ട് ഹരിയുടെ പിന്നാലെ പോയി.

ഗോവിന്ദേട്ടാഎന്നെ ഒന്ന് ഇരുത്ത് അത് കേട്ട് ഗോവിന്ദൻ സി.എമ്മിനെ മെല്ലെ പിടിച്ച് ഇരുത്തി.

ന്റെ മോളെ കണ്ടില്ലേ.. ഗോവിന്ദേട്ടാ.. ഞാൻ തനിയെ എഴുന്നേറ്റ് വീഴാൻ പോയപ്പോൾ അവൾ ഓടി വന്ന് താങ്ങിയത്… അതും സങ്കടം മറന്ന്..

കരയല്ലേ മോളെ, സി.എം. പറഞ്ഞു.

കിച്ചയെന്നെ തല്ലിയതനിക്ക് കുറച്ചേ .. വേദനിച്ചുള്ളൂ.. അച്ഛാ..

തടിപ്പു കണ്ടാലറിയാം.. എത്ര വേദനിച്ചൂന്ന്.

അത് രണ്ട് ദിവസം കഴിഞ്ഞാൽ മാറും ഗോവിന്ദാമ്മേ.. പക്ഷേ! കിച്ച വിളിച്ച വാക്കും.അമ്മ രാവിലെ പറഞ്ഞതും എനിക്ക് മറക്കാൻ പറ്റണില്ല മാമേ…

ദേവപ്രഭ .. സാരി തുമ്പ് കൊണ്ട് കണ്ണുതുടച്ച് കൃഷ്ണയുടെ അരികിലിരുന്നു. പോട്ട് മോളെ ഗോവിന്ദേട്ടൻ നിന്റെ കിച്ചാക്ക് തന്നെ ഇനിയെങ്കിലും അവന്റെ കുഞ്ഞാറ്റയെ കൊടുക്കണമെന്ന് പറഞ്ഞപ്പോൾ അമ്മയാ.. ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഏട്ടത്തി പോയപ്പോൾ ഞാനാ അവനെ വളർത്തിയത്.. എന്റെ മോന്റെ തലയിൽ കണ്ടവന്റെ കുഞ്ഞിനെ കെട്ടിവയ്ക്കാൻ വയ്യായിരുന്നു.. അമ്മ.. അങ്ങനെ പറഞ്ഞത്.

ഏട്ടാ..എന്റെ മോളെ. എത്രയും പെട്ടന്ന് ഹരിയുടെ കൈകളിൽ ഏൽപ്പിക്കണം.. കേട്ടോ?

ഞാനില്ല.. എന്നെ.. ആരും അതിന് കാക്കണ്ട.. കൃഷ്ണ മുറിവിട്ടു പോയ്..

ബൈക്ക് ഹാജിക്കാടെ കടയിലൊതുക്കി ഹരി ബസിൽ കയറി.. സ്റ്റാൻഡിലിറങ്ങി നേരെ റെയിൽ വേ സ്റ്റേഷനിൽ എത്തി..

നീറി കൊണ്ടിരുന്ന നെഞ്ചകം ഇപ്പോൾ പുകയുന്നത് കുഞ്ഞാറ്റയെ ഓർത്താണ്..

വേണ്ടിയിരുന്നില്ല.. കൃഷ്ണ വിഗ്രഹം തറയിലെറിഞ്ഞ ദിവസം പോലും ഒന്ന് തല്ലാൻ കയ്യുയർത്തിയെങ്കിലും തല്ലിയില്ല.. പക്ഷേ! ഇന്ന് അടിക്കേണ്ടി വന്നല്ലോ? ഇനി ഞാനൊന്ന് ആശ്വസിപ്പിക്കും വരെ കരഞ്ഞിരിക്കും. വിഷ്ണു അത്യാവശ്യമായ് ചെല്ലാൻ പറഞ്ഞത് കൊണ്ടാണ് പോകാമെന്ന് വിചാരിച്ചത്. അവനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല..

ചൂളം വിളിച്ച് ചക്രങ്ങൾ ഓടി തുടങ്ങി:

ഹരി ആകെ അസ്വസ്ഥനായിരുന്ന

പ്പോഴാണ് ഫോൺ വന്നത്.

അച്ഛനാണല്ലോ?

എന്താച്‌ഛാ.

മോനെ.. നമ്മുടെ പഞ്ചായത്ത് ക്ഷേമ കാര്യ മെമ്പർ വിളിച്ചിരുന്നു.. നാളെ ..നമ്മുടെ മാളുവിനെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്.. നീ.. ട്രെയിനിൽ കയറിയില്ലെങ്കിൽ ഇങ്ങോട്ട് പോരെ…

ഞാൻ വണ്ടിയിൽ കയറിയച്ഛാ… വണ്ടിയെടുക്കേം ചെയ്തു.. എവിടുന്നാ ചെക്കൻ..

വിശദമായ് ഒന്നും പറഞ്ഞില്ല. സർക്കാർ ജോലിയുണ്ട്.. കുടുംബവും കൊള്ളാം.. ഞാൻ വരാൻ പറഞ്ഞു.. നാളെ തന്നെ.. അവർ വന്ന് കാണട്ടെ!

മാളുവിനോട് പറയല്ലേ.. അച്ഛാ. അവളറിയാതെ വന്ന് കാണട്ടെ പയ്യൻ. ! മറ്റെന്തെങ്കിലും കാര്യത്തിന് വന്നത് പോലെ.. ചായ കൊണ്ട് കൊടുക്കാനൊന്നും അവളെ ചുമതലപ്പെടുത്തണ്ട.. എന്തെങ്കിലും ജോലിയും കൊടുത്ത് അവളെ പുറത്ത് നിർത്തിയിരുന്നാൽ മതി. അഥവാ .. അവര് വേണ്ടെന്ന് വച്ചാലും.. അവളറിയില്ലല്ലോ?

ഞങ്ങളും അത് തന്നെയാ.. ഇവിടെ പറഞ്ഞത്.

അച്‌ഛാ.. ന്റെ കുഞ്ഞാറ്റയെ ഒന്ന് ശ്രദ്ധിച്ചോണേ അച്ഛാ. ഒറ്റക്കിരുന്ന് കരഞ്ഞ് …..

നിർത്ത് ..നീയിനിയവളുടെ പേര് മിണ്ടരുത്. ഇന്ന് മുതൽ എന്റെ ചേർത്ത് പറയണ്ട.സി.എം.. വയ്യാതിരിക്കുന്നൂന്ന് പോലും നോക്കിയില്ലല്ലോ ഹരീ.. നീ.

ആ സമയം മുതൽ അവൾ കതകടച്ചിരുന്ന് കരയാണ്..

ഏതായാലും നീ അടുത്ത സ്റ്റേഷനിലിറങ്ങ് ഇല്ലെങ്കിൽ അവളെന്തെങ്കിലും..? ഹരിയെ തിരികെ വീട്ടിലേക് വരുത്താൻ വേണ്ടി ഗോവിന്ദമേനോൻ തട്ടി വിട്ടു..

അച്ഛാ.. ഇന്നൊരു ദിവസം എന്നോട് ക്ഷമിക്ക്… സി.എമ്മിനോടും ദേവമ്മായിയോടും ഞാൻ മാപ്പു പറയാം.. വിഷ്ണുവിനെ കണ്ടാലുടൻ ഞാനങ്ങ് വരും.. മാളുവിനെ കാണാൻ വരുന്നവർ എത്തുന്നതിന് മുൻപ് ഞാനങ്ങെത്താം. പോരെ.

ഞാൻ പറയാനുള്ളത് പറഞ്ഞു..

ഗോവിന്ദൻ ഫോൺ വച്ചു..

ആരാ…ഗോവിന്ദാമ്മേ..

നിന്റെ കിച്ച…

എന്നോട് പിണക്കായിരിക്കും ഇപ്പോഴും ഇല്ലേ… ഗോവിന്ദാ മ്മേ..?

ഏയ്… ആരോട് പിണങ്ങിയാലും ന്റെ മോളോട് അവൻ പിണങ്ങില്ല. അത്രയ്ക്കിഷ്ടാ നിന്നെ. നിന്നെ നിന്റെ കിച്ചായെ ഏൽപിച്ചാൽ എന്റെ രണ്ടു മക്കളാ സേഫാകുന്നത്. വേറൊരു പെൺകുട്ടി വന്ന് കയറിയാൽ എന്റെ മാളൂനെ നോക്കുമെന്ന് യാതൊരുറപ്പുമില്ല.

നാളെ ഒരു കൂട്ടര് നമ്മുടെ മാളൂനെ കാണാൻ വരുന്നുണ്ട്.. ഒത്താൽ അന്ന് തന്നെ രണ്ടും ഒരുമിച്ച് നടത്തണം. ന്റെ മോള് എതിരൊന്നും പറയരുത്.. പറയ്യോ?

എന്താച്ഛാ.. ഞാനറിയാത്തൊരു രഹസ്യം പറച്ചിൽ..

ഒന്നൂല്ല മോളെ… പ്രിയമോളുടെ കവിളത്തെ പാട് കണ്ടിട്ട് അച്ഛനോരോന്ന് പറയായിരുന്നു..

ഇവൾക്കൊരെണ്ണത്തിന്റെ കുറവുണ്ടായിരുന്നു.. അച്ഛമ്മ ഉറങ്ങീട്ടില്ല ഇന്നലെ . ബാക്കിയുള്ളോരും അങ്ങനെയൊക്കെ തന്നായിരുന്നു.

മാളേച്ചിയും ഒന്നു തല്ലിക്കോ.. എന്നെ!

മാളു കൃഷ്ണയുടെ മുഖം പിടിച്ച് അടി കൊണ്ട കവിളത്ത് ഒരുമ്മ കൊടുത്തു.

എന്നിട്ട് പറഞ്ഞു.. എനിക്ക് നിന്നെ ആരു തല്ലിയാലും വേദനിക്കും.. നീയെന്റെ പൊന്നല്ലേ… നോക്കിക്കോ.. രാത്രിയാകുമ്പോൾ ഏട്ടൻ തിരികെ വരും..

മാളു പറഞ്ഞത് കേട്ട് കൃഷ്ണ ഉറങ്ങാതെ കാത്തിരുന്നു.. എന്നാൽ ഹരി.. വന്നില്ല. കൃഷ്ണ ഫോൺ ഓൺ ചെയ്തു വച്ചു.. വിളിച്ചാലെടുക്കാമെന്നു കരുതി.. അതും കാത്തിരുന്ന് എപ്പോഴോ.. അവൾ ഉറങ്ങി.

അടുത്ത ദിവസം.രാവിലെ മാളുവന്ന് കൃഷ്ണയോട് പറഞ്ഞു

പ്രിയേ.. കിച്ച രാവിലെ പതിനൊന്നു മണിയോടെ ഇങ്ങെത്തും.. നിനക്ക് എന്തോ.. സർപ്രൈസും കൊണ്ടാണ് ഏട്ടൻ വരുന്നത്. കൂട്ടത്തിൽ ആരോ.. ഉണ്ട് .. ഊണ് തയ്യാറാക്കാൻ പറഞ്ഞു.

ഓ.. എനിക്ക് വേണ്ട ആരുടെയും സർപ്രൈസ്..

പിണക്കാ.. ഏട്ടനോട്..? എത്ര സമയം കാണും.. ഒരു രണ്ട് മിനിറ്റ്? മാളു കളിയാക്കി.. ചോദിച്ചു.

ഇല്ല.. ഞാനിനി കിച്ചായോട് മിണ്ടേയില്ല..

കാണാം. മാളു ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി..

ഗോവിന്ദാമ്മേ അവരെപ്പോഴാ.. വരുന്നത്.. ഞാനും വല്യമ്മയും ഗോകുലത്തിലേക്ക് പോകാണേ… കരിയില വീണ് മുറ്റമൊക്കെ നാശമായിട്ടുണ്ടാവും.. മാള്യേച്ചി അറിയണ്ട.. ഞങ്ങൾ പെട്ടന്ന് തിരികെ വരാം കേട്ടോ? സർപ്രൈസ് മാള്യേച്ചിക്കാണെന്നറിയില്ലല്ലോ?

നടക്കുമ്പോൾ കൃഷ്ണ പറഞ്ഞു.. വല്യമ്മേ.. .വല്യമ്മയ്ക്ക് നയനേച്ചിയെ കാണാൻ തോന്നുന്നില്ലേ.. വല്യമ്മേ..

ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു വെങ്കിലും അവർ പറഞ്ഞു..

കണ്ടിട്ടിപ്പോ.. എന്തിനാ.. അഹമ്മതി കാണിച്ചു നിന്റെ ജീവിതം കൂടി തുലച്ചില്ലേ.. അവൾ..

സാരല്യ.. വല്യമ്മേ.. ഗർഭിണിയല്ലേ.. വല്യമ്മയുടെ സ്നേഹവും പരിചരണവുമൊക്കെ ആഗ്രഹിക്കുന്നുണ്ടാവും.. പ്രസവ സമയം ആകുമ്പോൾ വല്യമ്മ പോണം.

ഞാനൊരു ബാധ്യതയായി അല്ലേ..?

അയ്യേ… വല്യമ്മയങ്ങനെയാ… കരുതിയത്. വല്യമ്മയെ എനിക്ക് വേണം. വല്യച്ഛൻ വന്നാൽ ഞാൻ വിടില്ല.. പ്രസവസമയത്ത് ഒരു തുണ വല്യമ്മയല്ലാതെ ആരും പറ്റില്ല..അതാ..

ഊം …. ഞാൻ ഇനിയെങ്ങോട്ടുമില്ല മോളെ… അമ്മയുടെയും ഏട്ടന്റെയുമൊപ്പം നിന്നാൽ മതി..

ഓരോന്ന് പറഞ്ഞ് രണ്ടാളും കൂടി അകമെല്ലാം തുത്ത് തുടച്ച് വൃത്തിയാക്കി. ഇനി വല്യമ്മയിരിക്ക്.. ഞാൻ മുറ്റവും ഗേറ്റ് പടിക്കലും ഒന്ന് അടിച്ച് വാരി വരാം. ഗേറ്റ് തുറന്ന് പുറത്തെ സിമന്റ് ചരിവും തുത്ത് വൃത്തിയാക്കി അകത്ത് കയറാൻ നിൽക്കുമ്പോഴാണ് ..അതുവഴി വന്ന കാർ മുന്നിൽ വന്ന് നിന്നത്. മുൻ സീറ്റിൽ നിന്നൊരാൾ ഇറങ്ങി കാറിന് മുൻവശത്ത് കൂടി വന്നു പടിക്കൽ നിന്ന് ചോദിച്ചു. ഗോകുലം വീട് ഇത് തന്നെയല്ലേ…

അതെ..

ഹരികൃഷ്ണന്റെ ….

ങാ..

വണ്ടി കേറ്റിയിട്ടോ.. ഏട്ടാ. ചെറുപ്പക്കാരൻ പറഞ്ഞിട്ട് ഗേറ്റ് തുറന്നിട്ടു.. കാർ അകത്തേക്ക് കയറി.. നേരെ കാർ ഷെഡിൽ കൊണ്ട് നിർത്തി. ഗേറ്റ് അടയ്ക്കുന്ന ചെറുപ്പക്കാരനോട് കൃഷ്ണ പതുക്കെ ചോദിച്ചു..

മാളുവേച്ചിയെ കാണാൻ വന്നതാണോ?

ങ്ങാ..മാളുവിനെയും കാണണം..

പിന്നെ.. ന്റെ മാള്യേച്ചി പാവമാ… കയ്ക്കും കാലിനും ചെറിയ കുഴപ്പമുണ്ട്.. കാഴ്ചയ്ക്ക് തോന്നില്ല കേട്ടോ? വീട്ടു ജോലിയൊക്കെ ഭംഗിയായി ചെയ്യും.. നല്ല പഠിത്തം ഉണ്ട്.. മിടുക്കിയാ.. കാണാനാണേൽ സുന്ദരിയാ..

മാള്യേച്ചിയറിയാത്ത രീതിയിൽ കാണിക്കാന്നാ ഗോവിന്ദാമ്മയും അച്ഛനും പറഞ്ഞത്. ചോദിച്ചാൽ ഹരിയേട്ടന്റെ കൂടെ ജോലി ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി.. ഇല്ലെങ്കിൽ ഫ്രണ്ട്ന്ന് പറഞ്ഞാൽ മതി.

കൂടെ പഠിച്ച് ഒരുമിച്ച് ജോലി ചെയ്യുന്ന ഫ്രണ്ടെന്ന് പറയാം.. അതാവുമ്പോൾ കള്ളം പറയണ്ടല്ലോ എനിക്ക്?

കൃഷ്ണ ഒന്നും മനസ്സിലാകാതെ നിൽക്കുന്നത് കണ്ട് ചെറുപ്പക്കാരൻ വീണ്ടും പറഞ്ഞു.

ഞാൻ വിഷ്ണു. തന്റെ കിച്ച പറഞ്ഞിട്ടില്ലേ.. എന്നെ കുറിച്ച് ..

ഇയ്യോ… വിഷ്ണുവേട്ടനോ? സോറി….. കൃഷ്ണ പറഞ്ഞു..

പ്രിയേച്ചീ…. മധുരമുള്ള ആ ശബ്ദം കേട്ട് കൃഷ്ണ ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ പിങ്ക് നിറത്തിലുള്ള ഒരു ഫ്രോക്കൊക്കെയിട്ട് തന്റെ അരികിലേക്ക് ഓടിയെത്തിയ ശാലുമോളെ അന്തം വിട്ട് നോക്കി.. പിന്നെ കഷ്ടപ്പെട്ടിട്ടാണെങ്കിലും തുക്കിയെടുത്തു.. ഉമ്മവെച്ച ശേഷം വിഷ്ണുവിനോട് ചോദിച്ചു..

ഇവളെ എവിടുന്ന് കിട്ടി..

വിഷ്ണു കാറിനു നേരെ .. വിരൽ ചൂണ്ടി..

അത്ഭുതം കൊണ്ട് അവളുടെ കണ്ണ് വീണ്ടും വിടർന്നു. അമൃതേച്ചിയും ആനന്ദേട്ടനും. ശാലുമോളെ താഴെ നിർത്തിയവൾ അമ്യതയുടെ അരികിലെത്തി..പിന്നെ.. ഒരു കെട്ടിപിട്ടുത്തം..

ന്റെ അമൃതേച്ചി… വിശ്വസിക്കാൻ പറ്റുന്നില്ല.. എന്നാലും.. എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ?

സുഖമാണോ ടീ…?

ഉം..അമൃതേച്ചിക്ക് സുഖായോ?

ഉം.. ശരിക്കും സന്തോഷം തോന്നുന്നത് ഇപ്പോഴാ. നിന്നെ കണ്ടപ്പോൾ .

വെറുതെ എന്നെ.. സുഖിപ്പിക്കണ്ട..ട്ടോ? ആനന്ദേട്ടാ..

കുറച്ച് ദിവസത്തേക്ക് വിടില്ല കേട്ടോ? മൂന്നാളെയും.. .

അതെന്താ.. ഞാൻ നില്ക്കണ്ടേ…

വിഷ്ണു ചോദിച്ചു.

മോളെ , ഇത് എന്റെ അനിയനാ. പഠിക്കുമ്പോൾ ഹരിയുമായ് ഇവൻ വീട്ടിൽ വരാറുണ്ടായിരുന്നു..

ഞാനന്ന് ഹരിയുടെ ഫോട്ടോ.. കണ്ട പോഴേ പറഞ്ഞില്ലേ, നല്ല പരിചയം തോന്നുന്നുവെന്ന്. ഞാൻ നിന്റെ കിച്ചായെ ഒരു തവണയേ കണ്ടിരുന്നുള്ളൂ. അതും ആനന്ദേട്ടന്റെ വീടിന് പുറത്ത് വച്ച്. പിന്നെ സർജറി കഴിഞ്ഞ് കിടന്നപ്പോൾ കണ്ടു..അതിൽ പിന്നെ മിക്കപ്പോഴും വിളിക്കും. നിന്റെ കിച്ചായാ.. പറഞ്ഞത്.. നിനക്ക് ഒരു സർപ്രൈസ് തരണമെന്ന്. മണിക്കൂറിൽ നാല്പത് വട്ടം നീ.. പറയാറുണ്ട്.. ന്റെ അമൃതേച്ചി …. അമൃതേച്ചി ….ന്ന് പറഞ്ഞ് നടക്കുംന്ന്… എന്നാൽ ഹരീ ടേം കൂടി അമൃതേച്ചിയാണെന്ന് പറയാൻ വേണ്ടിയാന്നാ പറഞ്ഞത്. ദേ.. നിക്കണു. ചോദിച്ചോ.. നേരിട്ട് ..?

കാറിൽ ചാരി നിൽക്കുന്ന ഹരിയെ അപ്പോഴാണ് കൃഷ്ണ കണ്ടത്. കണ്ടതും മുഖത്ത് സന്തോഷം വന്നെങ്കിലും പെട്ടന്ന് അവൾ പരിഭവം നടിച്ച് .. തിരിഞ്ഞ് വിഷ്ണുവിനോട് പറഞ്ഞു..

ഇന്ന് മാള്യേച്ചിയെ കാണാൻ ഒരു കൂട്ടരു വരുമെന്ന് പറഞ്ഞിരുന്നു.. അവരാന്ന് കരുതി പറഞ്ഞതാ.. ശരിക്കും.. സോറീട്ടോ? ഒന്നും തോന്നല്ലേ.. മാളുവേച്ചിയെ അറിയിക്കണ്ടാന്നാ.. ഇവിടെ ഒരേ ..അഭിപ്രായം. അബദ്ധത്തിലാണെങ്കിലും പറഞ്ഞേക്കല്ലേ…

ഹരി പറഞ്ഞിട്ട് എല്ലാരെം നന്നായി.. അറിയാം.. മാളുവിനെ മാത്രം.. അറിയില്ല. കേട്ടോ? വിഷ്ണു പറഞ്ഞു.

ഇങ്ങനെ പുറത്ത് നിർത്തി സംസാരിച്ചാൽ മതിയോ? ഹരീ..

വിപഞ്ചികയിലോട്ട് പോകാം.. അവിടെ കാത്തിരിക്കയാ.. എല്ലാരും.. ഗീതു.. പറഞ്ഞു..

എല്ലാരും അങ്ങോട്ടേക്ക് നടന്നു..

കുഞ്ഞാറ്റേ…. ഹരി.. വിളിച്ചു.

ന്റെ കൃഷ്ണാ.. പത്താം ക്ലാസ്സ് തോറ്റതിൽ പിന്നെ.. ഇന്നാ.. ആ വിളി കേൾക്കണത്.. എത്രവട്ടം കൊതിച്ചു.. എത്രവട്ടം കെഞ്ചി… എന്നിട്ടും..?

കേട്ടപ്പഴോ…കുളിര് കോരാതെന്തു ചെയ്യും.. ഈ മനവും ഈ ശരീരവും. ആനന്ദ നിർവൃതിയോടെ അവൾ തിരിഞ്ഞു നിന്നു.. ഒപ്പം മറ്റുള്ളവരും

നിങ്ങൾ നടന്നോ? ഞങ്ങളിപ്പോൾ വരാം..

വിഷ്ണു.. പറഞ്ഞു.. ഊം.. നടക്കട്ടെ!

ഒന്നു .. പോടാ… ഹരി നടന്നവളുടെ മുന്നിൽ എത്തി..

ന്റെ കുഞ്ഞാറ്റയ്ക്ക് സുഖാണോ?

പൊട്ടികരഞ്ഞ് പോകുമെന്ന് തോന്നിയവൾക്ക്.. എങ്കിലും മൗനമായ് നിന്നു..

ടീ… ഗർഭിണീ… നിന്നോടാ. ചോദിച്ചത്.. നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞാറ്റയ്ക്ക് സുഖാണോന്ന്…

കളിയാക്കിയതാണെന്നറിഞ്ഞതും അവൾ ഹരിക്ക് നേരെ തിരിഞ്ഞു നിന്നു.

കവിളത്തെ നേർത്ത വിരൽ പാടുകൾ.. കണ്ട് ഹരി ശരിക്കും.. ഞെട്ടി..

അവൻ വലത് കൈ ഒതുക്കി അവളുടെ കവിളത്ത് .. മെല്ലെ ഒന്നു തൊട്ടു… കെട്ടിനിർത്തിയ കണ്ണുനീർ അണപൊട്ടി ഹരിയുടെ വിരലിലൂടെ ഒലിച്ചിറങ്ങി..

ഹരിയുടെ കണ്ണും നിറഞ്ഞു.

പോട്ടെ! ഇന്നലെ തന്നെ കിച്ചാ ഓടി വരുമായിരുന്നു. ഉറങ്ങീട്ടില്ല. ഞാൻ.. വിഷ്ണു വിട്ടില്ല. വിളിച്ചപ്പോൾ നിന്റെ ഫോൺ സ്വിച്ചോഫ് .

കിച്ചയെന്നോട് മിണ്ടണ്ട.. അവൾ കൈതട്ടി മാറ്റി.

നല്ലൊരു പെൺകുട്ടി സ്വന്തം ഭർത്താവിന്റെ ഗർഭത്തെ മാത്രമേ.. സ്വീകരിക്കാവു… മനസ്സുകൊണ്ടായാലും ശരീരം കൊണ്ടായാലും . നീയോ.

ഞാനത് ചുമ്മാ.. പറഞ്ഞതല്ലേ.. കിച്ചാക്ക് അതറിയാമായിരുന്നിട്ടും എന്നെ തല്ലിയില്ലേ…

അങ്ങന ചുമ്മാ .. പറഞ്ഞാലും ചീത്തയാകും.. അങ്ങനെയെങ്കിൽ നിനക്കെന്റെ പേര് പറഞ്ഞു കൂടായിരുന്നോ? ഇത് വല്ല പൊട്ടന്റെ പേരും .. ഛെ… ഓർത്താലെനിക്കിപ്പോഴും….

വൃത്തികെട്ടവളെന്ന് വിളിച്ചതോ?

രണ്ടിനുമുള്ള മറുപടിയാ.. ഞാൻ പറഞ്ഞത്. പോട്ടെ! നമുക്കിനി പിണങ്ങണ്ട. ന്റെ കുഞ്ഞാറ്റയല്ലേ..? എന്റെ മാത്രം കുഞ്ഞാറ്റ..

വേണ്ട. .. എന്നോട് പിണങ്ങിയിരുന്നാൽ മതി. മൂന്നു മാസം വേറൊരു ആണിനൊപ്പം കഴിഞ്ഞവളാ ഞാൻ . കിച്ചാക്ക് ഞാൻ കൊള്ളില്ല. വെറും . ചീത്തയാ.. ഞാൻ . കിച്ച പറഞ്ഞ പോലെ വൃത്തികെട്ടവൾ. അവൾ ഓടി പോകാൻ തുടങ്ങിയതും ഹരി ആ കയ്യിൽ പിടിത്തമിട്ടു.. എന്നിട്ട് പറഞ്ഞു.

കുഞ്ഞിലെ കിച്ചാ സ്കൂളിൽ പോയിട്ട് വരുമ്പോൾ.. മണലെല്ലാം ദേഹത്ത് വാരി പൂശി…. ആകെ.. വൃത്തികേടായി നിൽക്കും നീ.. തുടുത്ത ഈ കവിളിനകം നിറയെ ചെമ്മണ്ണായിരിക്കും. തുപ്പ്… തുപ്പെന്ന് പറഞ്ഞ് വടിയുമായ് നിന്നെ തല്ലാൻ ദേവമ്മായിയും അചഛമ്മയും ഉണ്ടാവും.. നിന്റെ ദേഹത്ത് തല്ലെന്നും വീഴാതെ.. ഞാൻ വലം വയ്ക്കും. എന്നിട്ട് നിന്നെ തുക്കിയെടുത്ത് ഒക്കത്ത് വച്ച് നിന്റെ വായ്ക്കകത്ത് കയ്യിട്ട് മണലെല്ലാം പുറത്തെടുക്കും.. ദേഷ്യം വന്ന് നിയെന്റെ വിരൽ കടിച്ച് മുറിക്കും..

ഓർത്തിട്ട് കൃഷ്ണയ്ക്ക് ചിരി വന്നു .

അന്ന് അവരൊക്കെ നിന്നെ വൃത്തികെട്ട കുട്ടീന്നാ.. പറഞ്ഞത്.. പിന്നെ.. ഞാനാ.. നിന്നെ സോപ് തേച്ച് കുളിപ്പിച്ച്.. വൃത്തിയാക്കുന്നത്.

എന്നിട്ട് കവിളത്ത് തുരുതുരെ മുത്തം വച്ച് ഞാൻ ചോദിക്കും..

ഇനി പറഞ്ഞോ.. ദേവമ്മായിയേ.. എന്റെ കുഞ്ഞാറ്റ ചീത്തയാണോന്ന്..?

അത് പോലെ സോപ്പുതേച്ച് കുളിപ്പിച്ച് വൃത്തികേടൊക്കെ കിച്ച മാറ്റിക്കോളാം..എന്താ..

പോ… അവൾ.. ഹരിയെ തള്ളി മാറ്റി യോടി.. പിന്നിൽ നിന്നു കേട്ട മുഴക്കുള്ള ആ പതിവ് ചിരി മതിയായിരുന്നു അവളുടെ സങ്കടം മുഴുവനും മാറ്റാൻ ..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഞാനും എന്റെ കുഞ്ഞാറ്റയും – 54”

  1. എ ന്തു മനോഹമായ നോവൽ anenno ഇത്!! മനസ്സിൽ ഒരു കുളിർമ തോന്നുന്നു

Leave a Reply