Site icon Aksharathalukal

കാഴ്ചപ്പാടുകൾ

aksharathalukal-malayalam-kathakal

കഥയും കഥാപാത്രങ്ങളും തീർത്തും സാങ്കല്പികം എന്നിരിക്കെ ഇതിൽ പ്രതിപാദിക്കുന്നത് തീർത്തും വസ്തുതാപരമായ കാര്യങ്ങളാണ്!
©

RNC

കാഴ്ചപ്പാടുകൾ

…… വാട്സാപ്പ് തുറന്നു നൊക്കി. ഇല്ല, കണ്ണേട്ടൻ ഒരു സന്ദേശം പോലും അയച്ചിട്ടില്ല. ഇന്നലെ രാത്രി അവസാന സന്ദേശം ഒരു ചോദ്യ രൂപത്തിൽ ആയിരുന്നു അയച്ചത്. അതിനുള്ള ചെറിയൊരു മറുപടി പോലും തന്നിട്ടില്ല. ഈ കണ്ണേട്ടനിതെന്തു പറ്റി? എത്ര തിരക്കാണെങ്കിലും മുടങ്ങാതെ എന്നും വിളിക്കുന്നതാണ്. പക്ഷേ ഇന്നലെ വിളിച്ചില്ല, ഇന്നീ നിമിഷം വരെ വിളിച്ചില്ല. ഇന്നും കണ്ണേട്ടൻ വിളിച്ചില്ലെങ്കിൽ  അങ്ങോട്ട് വിളിക്കണം.

എന്റെ കണ്ണുകൾ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു കാണുന്ന പ്രതിലിപി ആപ്പിൽ പതിഞ്ഞു . തുറന്നു നോക്കണോ! തീർച്ചയായും സന്ദീപിന്റെ സന്ദേശങ്ങൾ വന്നു കാണും. ഞാൻ രണ്ടു ദിവസമായി ഒന്നിനും മറുപടി കൊടുക്കാതേ. എന്തോ ഇപ്പോ നെറ്റ് ഓൺ ചെയ്താലും നോട്ടിഫിക്കേഷൻ വരുന്നില്ല. എന്റെ അക്ഷരങ്ങളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് കണ്ണേട്ടൻ തന്നെയാണ് ഈ ആപ്പിനെ കുറിച്ച് പറഞ്ഞു തന്നത്. അങ്ങനെയാണ് ഞാനീ അക്ഷരവിസ്മയ ലോകത്തിലേക്ക് വന്നതും.

ഞാൻ പോലും അറിയാതെ തന്നെ എന്റെ കൈകൾ ചലിച്ചു കഴിഞ്ഞിരുന്നു. പ്രതീക്ഷിച്ചത് പോലെ സന്ദീപിന്റെ സന്ദേശങ്ങൾ ഉണ്ട്. എന്താ ഇന്ദു മിണ്ടാത്തേ… ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞോ… ഒന്നു മിണ്ടിക്കൂടേ… എന്നൊക്കെ എഴുതി വിട്ട കുറച്ചധികം സന്ദേശങ്ങൾ. എന്തോ ഒരു കുറ്റബോധം പോലെ! ഞാൻ തന്നെയാണ് അടുപ്പം കാണിച്ചത്. പ്രതിലിപി ഏറ്റവും പുതിയതായി നടത്തുന്ന ‘ മഴവില്ല് ‘ എന്ന മത്സരത്തെ പറ്റി സന്ദീപ് പറഞ്ഞപ്പോൾ അറിയാതെ എനിക്കും അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു പോയി. ഞാൻ എന്തിനാണ് അത്രയേറേ ഒന്നും പരിചിതമല്ലാത്ത ഒരാളോട് ആ കാര്യം പറഞ്ഞത്! അമ്മു!!.. അമൃത വീണ്ടും മനസ്സിലേക്ക് ഓടി എത്തി. അല്ലെങ്കിലും അവളെ മറക്കാൻ എനിക്ക് കഴിയുമോ? അവളുടെ സ്നേഹം സത്യമായിരുന്നു എന്നത് എനിക്ക് പരിപൂർണ്ണ ബോധ്യമുള്ള കാര്യമാണ്.

അന്ന് അവൾ വന്നത് കോളേജ് ലൈബ്രറിയിൽ നിന്ന് മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളുമായാണ്. ചെറിയൊരു പുസ്തകമാണ്. രാത്രി അവൾ ആ പുസ്തകം നിർബന്ധിച്ച് എന്നെക്കൊണ്ട് വായിപ്പിച്ചു. ഞാൻ വായിക്കുമ്പോൾ എന്റെ മുഖത്ത് വിരിയുന്ന ഭാവവ്യത്യാസം ഒപ്പി എടുക്കാൻ എന്ന വണ്ണം അവൾ എന്റെ മുഖം അത്രേം സമയവും ഇമവെട്ടാതെ നോക്കിയിരുന്നു. ചില വരികളിലൂടെ കടന്നു പോകുമ്പോൾ അവളുടെ നോട്ടം എന്നിൽ ലജ്ജ ഉണർത്താതിരുന്നില്ല!

” ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാൻ ജീവച്ഛവമെന്നപോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി “
മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂർവ്വമായ രേഖപ്പെടുത്തൽ-  മാധവിക്കുട്ടി

” ഈ പുസ്തകം എന്നെക്കൊണ്ട് ഇരുത്തി വായിപ്പിക്കാൻ കാരണം “

” ഇതിലെ ഷീല നീയും കല്യാണിക്കുട്ടി ഞാനും ആയത്കൊണ്ട്.. “

” നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.. “

” അതെ നീ എന്ന് വെച്ചാൽ എനിക്ക് ഭ്രാന്താ.. “

എന്റെ തല പുകഞ്ഞു തുടങ്ങിയിരുന്നു. ഇവളെന്തൊക്കെയാണീ പറയുന്നത്!

” നീ പറഞ്ഞു വരുന്നത്… “

” അത് തന്നെ. നമുക്ക് ഒന്നിച്ച് ജീവിക്കണം മരണം വരെ.. “

” അമ്മൂ.. ” എന്റെ തൊണ്ട വരണ്ടു പോയിരുന്നു.

” എനിക്ക് നിന്നെ വേണം മാളു.. നമ്മുടെ അവസാനം ഈ കഥയിലെ ഷീലയുടേതും കല്യാണിക്കുട്ടിയുടേതും പോലെ ആകരുത്.. എനിക്കറിയാം നിനക്കെന്നെ ജീവനാണെന്നത്.. ഞാൻ ഇല്ലെങ്കിൽ നിനക്ക് പറ്റില്ല എന്നത്.. “

” അതെ. നീയെനിക്ക് ജീവനാണ്.. പക്ഷേ നീ കരുതുന്നത് പോലെ… “

” വേണ്ട. സദാചാരം പറയണ്ട.. “

” അല്ല. എനിക്ക് നിന്നോട് അങ്ങനെ ഒരു ഫീൽ ഇല്ല അമ്മു.. എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ.. “

നീ-
ആരാണെന്ന് എനിക്കറിയാം.
എനിക്കറിയാമെന്ന് നിനക്കറിയാം.
എനിക്കറിയാമെന്ന് നിനക്കറിയാം.
എനിക്കറിയാമെന്ന് നിനക്കറിയാമെന്ന്
എനിക്കറിയാം “
അവൾ ഒരു ഗദ്ഗദത്തോടെ മാധവിക്കുട്ടിയുടെ വരികൾ ഉരുവിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനാദ്യമായന്നു കണ്ടു.

വാട്സാപ്പ് ശബ്ദിച്ചു. കണ്ണേട്ടൻ ആയിരിക്കും. ഞാൻ ആർത്തിയോടെ തുറന്നു നോക്കി.
അതെ. കണ്ണേട്ടനാണ്. ‘ ഞാൻ രാത്രി വിളിക്കാം നിന്നോട് ഒത്തിരി സംസാരിക്കാനുണ്ട് ‘.
അമൃതയെ കുറിച്ച് ഓർത്ത് വിഷമിച്ചിരുന്ന മനസിന് ഈ സന്ദേശം കുറച്ചാശ്വാസമേകി. ഒരുപക്ഷേ കണ്ണേട്ടൻ എന്റെ മനസിൽ ഇല്ലായിരുന്നു എങ്കിൽ ഞാൻ അമ്മുവിന്റെ മാത്രം ആകുമായിരുന്നോ??!!

വീണ്ടും സന്ദീപ് മനസിലേക്ക് ഓടി എത്തി. അയാൾ എന്റെ ആരാണ്? വെറും രണ്ടാഴ്ച പരിചയമുള്ള അയാളോട് ഞാനെന്തിനാണ് അമ്മുവിന്റെ കാര്യം പറഞ്ഞതത്! കണ്ണേട്ടനോട് പോലും പറയാത്ത കാര്യമാണത്. എന്നിട്ടും…
അയാളോട് സംസാരിക്കുമ്പോൾ എന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നു!
അയാൾ സംസാരിക്കുന്ന വിഷയം അത് പറയുന്ന രീതി ഒക്കെ എനിക്കിഷ്ടമാണ്! പക്ഷേ അതെന്റെ കണ്ണേട്ടന്റെ നാവിൽ നിന്ന് ഞാൻ കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങളല്ലേ!

******

വിപ്ലവ എഴുത്തുകാരി അമൃത കുറിച്ചു:

സദാചാരം നാടിന്റെ രക്ഷകനായിരുന്നു. അവൻ ചിലരെ സംശയിച്ചു. അവരെ മണത്ത് പിന്നാലെ പോയി. അവൻ അവരുടെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്നും യോനി വിടർന്നിട്ടുണ്ടോ എന്നും ഒളിഞ്ഞു നോക്കി. അങ്ങനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവൻ അവരെ കുറിച്ച് അപവാദം പറഞ്ഞു പരത്തി നാടിന്റെ രക്ഷകനായി. എന്നിട്ട് രാത്രി, സദാചാരം തന്റെ പൊന്തിയ കൊടിമരവുമായി തനിക്കായി തുറന്നിട്ട അടുക്കള പഴുതുകളിലൂടെ കയറിയിറങ്ങി.

*******

ഇന്ന് ട്രാഫിക്ക് ജാം കൂടുതലായിരുന്നു. ഇനി ബസ് കറക്റ്റ് സമയത്ത് എത്തിക്കണമെങ്കിൽ ആഞ്ഞു ചവിട്ടണം. കാല്പാദം ആക്സലേറ്ററിൽ അമർന്നു. മനസ്സിൽ മാളുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ചിന്തകളിൽ മൊത്തം അവൾ നിറഞ്ഞു. എന്റെ കളികൂട്ടുകാരി. അതെ, അന്ന് കളികൂട്ടുകാരി;  ഇന്ന് പ്രണയിനി. നാളെ ഭാര്യ. ഭാര്യ!! ഏതർത്ഥത്തിലാണ് അവളെന്റെ ഭാര്യയാവുക! എനിക്ക് എല്ലാ അർത്ഥത്തിലും അവളുടെ ഭർത്താവാകുവാൻ കഴിയുമോ!! പക്ഷേ ഒരു കാര്യം ഉറപ്പാണ്. അവളെ വിട്ടു കളയാൻ എനിക്ക് പറ്റില്ല! ഞാനത്രമാത്രം എന്റെ മാളുട്ടിയെ സ്നേഹിക്കുന്നുണ്ട്.  അവളില്ലാതെ ഞാൻ എങ്ങനെയാ..!!

‘ കണ്ണേട്ടൻ എന്താ ഒട്ടും റൊമാന്റിക് അല്ലാത്തത്.. ഇതുവരെ എന്നോട് അങ്ങനെ ഒന്നും സംസാരിച്ചതുപോലുമില്ലല്ലോ.. കണ്ണേട്ടന് എന്നോട് അങ്ങനെ സംസാരിക്കാൻ ഇതുവരെ തോന്നിയില്ല എന്നാണോ..! പറ കണ്ണേട്ടാ… ‘

ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ച ചോദ്യം. ഒരുദിവസം അവളിൽ നിന്ന്  ഈ ചോദ്യം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതുമാണ്. എന്നിട്ടും എന്തേ എനിക്ക്  മറുപടി കൊടുക്കാൻ കഴിയാത്തത്!!

കൗമാര നാളിലെ ആ സംഭവം. ഓർക്കുമ്പോൾ എന്നോട് എനിക്ക് തന്നെ അറപ്പ് തോന്നുന്നു. ആ സംഭവം കഴിഞ്ഞ് വർഷം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു! ശരിക്കും അതൊരു സംഭവമാണോ! എന്തുതന്നെ ആയ്ക്കോട്ടെ അത് എന്റെ ഉണർവ്വ് തന്നെ ഇല്ലാതാക്കി! അതുകൊണ്ട് മാത്രമാണ് ഇന്നെന്റെ മാളുട്ടിക്ക് ഈ ചോദ്യം ചോദിക്കേണ്ടി വന്നത്! ഞാനെന്താ ഇങ്ങനെ ആയി പോയത്! ഈ അറപ്പൊന്ന് ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ…..

എനിക്കന്ന് പതിനഞ്ച് വയസ് പ്രായം. കൗമാരം. ഞാൻ എന്നെ സ്വയം അറിയാൻ തുടങ്ങിയ കാലം. എന്റെ ശരീരത്തോട് എനിക്ക് നല്ല മതിപ്പ് തോന്നി തുടങ്ങിയ കാലം. അന്നൊരു രാത്രി… ഓർക്കുമ്പോൾ മനസ്സിൽ അറപ്പ് നിറയുന്നു.. എന്റെ ജീവിതം മാറ്റിമറിച്ച സ്വപ്നം.. എന്റെ ഉണർവ്വിനെ  എന്നന്നേക്കുമായി ഇല്ലാതാക്കിയ ആ സ്വപ്നം… അമ്മയുടെ യോനിമുഖം… ഞാൻ ഈ ലോകത്തേക്ക് വന്ന പാത.. ആ ദ്വാരം വിടർന്നു നിൽക്കുന്നു.. ആ വിടവിലൂടെ വഴു വഴുപ്പുള്ള ജലം ഒലിച്ചിറങ്ങി.. എന്നിൽ സ്ഖലനമുണ്ടായി.. ഞെട്ടിയുണർന്നു.. അടിവസ്ത്രത്തിൽ ഒട്ടിപിടിച്ചിരുന്ന രേതസ്സിനോട് അതിയായ അറപ്പും വെറുപ്പും തോന്നി… അതായിരുന്നു എന്റെ അവസാനത്തെ സ്ഖലനം!

പെട്ടെന്നായിരുന്നു ഒരു ബൈക്ക് കുറുകെ വന്നത്. ബ്രേക്ക് ആഞ്ഞു ചവിട്ടി. ഭാഗ്യം! ഒന്നും സംഭവിച്ചില്ല. സാധാരണഗതിയിൽ ഞാൻ തെറി വിളിക്കുന്നതാണ്. ഇന്ന് വിളിക്കാൻ തോന്നിയില്ല. പിറകിൽ നിന്ന് തെറിവർഷം പെയ്തിറങ്ങുന്നുണ്ടായിരുന്നു.

ഇന്ന് മാളുട്ടിയെ വിളിക്കണം. ഇനിയും പറയാതിരുന്നാൽ.. പറയണം.. ഇന്ന് അവളോട് എല്ലാം തുറന്നു പറയണം.

******

ബംഗ്ലൂർ നഗരം എന്തു മാത്രം വൃത്തിഹീനമാണ്. ഇത്രേം വൃത്തിഹീനമായ നഗരം വേറെ ഇല്ല എന്ന് തോന്നിപ്പോകും.  ചിലപ്പോൾ എനിക്കങ്ങനെ തോന്നാൻ കാരണം ഇത്രേം ജനസാന്ദ്രത കൂടിയ വേറൊരു നഗരം ഞാനിതുവരെ കാണാത്തത് കൊണ്ടാവാം.

റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച കണ്ടത്. സാരി ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടിയ നാലഞ്ചു സ്ത്രീകൾ വഴിയോരത്ത് നിൽക്കുന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അവർ സ്ത്രീകളല്ല! അവരിൽ ഒരാൾ എന്നെ നോക്കി മുഖത്തിൽ പുഞ്ചിരി തൂകി. ഞാനും ഒരു പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടന്നു. എപ്പോഴാണ് എനിക്ക് ഇവരോട് ബഹുമാനം തോന്നി തുടങ്ങിയത്! Living smile വിദ്യയുടെ ‘ I am Vidya ‘ വായിച്ചതിനു ശേഷമല്ലേ? അതെ. ആ പുസ്തകം വായിച്ചപ്പോൾ വിദ്യയായി ജീവിച്ചത് പോലെ തോന്നി.. അവരുടെ യാതനയും വേദനയും ഞാൻ സ്വയം അനുഭവിച്ചത് പോലെ..!
നായികളുടെ കൂട്ടകുര. ഒരു പെൺപട്ടിയുടെ പിറകിൽ കയറാൻ അഞ്ചാറ് ആൺപട്ടികൾ ശ്രമിക്കുന്നു; ഇത് കന്നിമാസമാണെന്ന് എന്നെ ഓർമിപ്പിച്ചു. പ്രകൃതിയുടെ ലീലാവിലാസങ്ങൾ!
മൃഗങ്ങൾക്ക് ലൈംഗിക വേഴ്ചയ്ക്കായി ചില മാസങ്ങൾ മാത്രം നിജപ്പെടുത്തിയ പ്രകൃതി മനുഷ്യർക്ക് മാത്രം അങ്ങനെ ഒരു പരിധി നിശ്ചയിച്ചില്ല. ഒരുപക്ഷേ അത് ജീവവികാസത്തിന്റെ ഭാഗമായിരിക്കാം; ജീവിതസമ്മർദ്ദങ്ങളെ അതിജീവിക്കാൻ വേണ്ടി. പുഞ്ചിരി തൂകുവാനും സ്വയംഭോഗം ചെയ്യുവാനും മനുഷ്യർക്കേ കഴിവുള്ളു!

. . . . . .

ഞാൻ അപ്പപ്പോൾ പ്രതിലിപി തുറന്നു നോക്കുന്നത് എന്തിനാണ്..! നല്ലൊരു സൗഹൃദം പെട്ടെന്ന് ഇല്ലാതായപ്പോൾ എന്തോ ഒരു വിമ്മിഷ്ടം പോലെ..!! രണ്ടു ദിവസമായി.. ഇന്ദു മാളു… ഇല്ല ഒരു സന്ദേശം പോലും വന്നിട്ടില്ല…
ഞാനങ്ങനെ സംസാരിച്ചത് തെറ്റായിപ്പോയോ? ലൈംഗികതയെ കുറിച്ച് ആരോഗ്യകരമായി സംസാരിക്കുന്നതിൽ എന്താണ് കുറ്റം! വായനാശീലം ഉള്ളവർക്ക് എന്തും ഉൾക്കൊള്ളാനും ഏതു വിഷയത്തെ പറ്റിയും തുറന്നു സംസാരിക്കാനും കഴിയുമെന്ന എന്റെ ധാരണ തെറ്റാണോ?!
ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തെ പറ്റി വ്യാകുലപ്പെടുന്ന നമ്മൾ അതിനെ കുറിച്ച് സംസാരിക്കാൻ മാത്രം മുതിരുന്നില്ല എന്നതാണ് വാസ്തവം. സമൂഹത്തിലെ എല്ലാ ആരോഗ്യകരമായ മാറ്റങ്ങൾക്കും പിന്നിൽ എന്നും ‘ എഴുത്തും വായനയും ‘ ആയിരുന്നു എന്ന വസ്തുത നാമെല്ലാവരും തന്നെ വിസ്മരിച്ചുവോ!!

******

നമ്മളിങ്ങനെ ചേർന്നുകിടക്കുന്നപോലെ ഒരിക്കലും രണ്ടു പുരുഷന്മാർക്ക് കിടക്കാനാവില്ല വിമലാ. സ്വവർഗവീമ്പ് മുഴക്കുന്ന അവന്മാർക്കൊത്തിരി- വടിച്ചാലും തുടച്ചാലും പോവാത്ത- രോമവന്യതകളുടെ ഗുഹ്യഭീഷണികളുണ്ട്. അതിന്റെ അലോസരങ്ങൾ അവരുടെ രതിപരിശ്രമങ്ങളെ പാതിവഴിയിലിട്ട് ക്രൂരമായി നശിപ്പിച്ചുകളയും. സ്ത്രീ മേനിയുടെ സുവർണതയും ശുഭ്രതയും സ്വപ്നം കണ്ട് സ്വയംഭോഗം ചെയ്ത് പാതിരാവിൽ അന്ത്യശ്വാസം വലിക്കാനാണ് എല്ലാ പുരുഷശുംഭശിരോമണികളുടെയും ഇനിമുതലുള്ള ദാരുണവിധി! ‘ – പെൺമാറാട്ടം ( ബെന്യാമിൻ )

” ഇതെന്തിനാ എനിക്ക് അയച്ചത്? “

” നീയറിയാൻ വേണ്ടി. നമുക്കീ കഥയിലെ പ്രേമയും വിമലയും ആയി ജീവിക്കണം “

” നിനക്ക് ഭ്രാന്താ അമ്മു.. പുസ്തകങ്ങൾ വായിച്ച് വായിച്ച് നിനക്ക് ഭ്രാന്തായതാ.. “

” നിനക്കിതു ഒരു ദിവസം മനസിലാകും മാളു.. നീ സ്നേഹിക്കുന്നത് എന്നെയാണ്.. നീ പ്രണയിക്കുന്നതും എന്നെയാണ്.. “

” ഒന്ന് നിർത്ത് അമ്മു..  ദയവു ചെയ്ത് എന്നെ വെറുതെ വിട് “

” നിനക്കീ സമൂഹത്തിലെ കപടനിയമങ്ങളെ എതിർത്തു ജീവിക്കാൻ പേടിയാണ്.. അതുകൊണ്ട്.. അതുക്കൊണ്ട് മാത്രമാണ് നീയെന്നോട് കള്ളം പറയുന്നത്.. “

” ഞാൻ കണ്ണേട്ടന്റെ പെണ്ണാണ് “

” അയാൾ നിന്റെ കളിക്കൂട്ടുകാരൻ മാത്രമാണ്. നീ ശരിക്കും പ്രണയിക്കുന്നത് എന്നെയാണ് “

” അമ്മു… എനിക്കിനി ഒന്നും പറയാനില്ല.. നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നുവെങ്കിൽ എന്നെ വിട്ടു പോവുക… എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക.. “

ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

” ശരി. ഞാനിനി നിന്നെ ശല്യപ്പെടുത്താൻ വരില്ല. എന്റെ സ്നേഹം നീ തിരിച്ചറിയുന്ന ഒരു ദിവസം വരും, കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ മറ്റാരും നിന്നെ സ്നേഹിക്കുകയില്ല, ആ ദിവസം നീ വാ..  ഞാനിനി വരില്ല.. ഗുഡ്ബൈ ഡിയർ. “

മൊബൈൽ ശബ്ദിക്കുന്ന ഒച്ച കേട്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. സോഫയിൽ ഇരുന്നു ടീവി നോക്കിക്കൊണ്ടിരുന്ന ഞാൻ എപ്പോഴാണ് ഉറങ്ങി പോയത്! മൊബൈൽ കൈയിലെടുത്തു. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ മനസ് തെളിഞ്ഞു വന്നു. ‘ കണ്ണേട്ടൻ ‘ കാളിംഗ്…

******
✍️© RNC

5/5 - (1 vote)
Exit mobile version