Site icon Aksharathalukal

വൃന്ദാവനം

vrindavan-novel

“ഡി ഒന്നരക്കാലി ഈ  കൊച്ചു വെളുപ്പാൻ കാലത്ത് ഒരുങ്ങി കെട്ടി നീ  ഇതെങ്ങോട്ടാ..

“ഞാൻ നിന്റെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാൻ പോവാണ് എന്തേ നീയും വരുന്നുണ്ടോ..

“ഹഹഹ ഇല്ല ഇല്ലേ നീ തന്നെ അങ്ങ് മേടിച്ചു കൊടുത്താൽ മതി..

“ഓ ഒരു പണിക്കും പോവാതെ രാവിലെ തന്നെ വഴിയേ പോവുന്നവരെ കളിയാക്കാൻ ഇരുന്നോളും ശവം..

“ഡി പെണ്ണെ രാവിലേ നിന്റെ വായിൽ നിന്ന് രണ്ടു ചീത്ത കെട്ടിലെങ്കിൽ പിന്നെ അന്നത്തെ ദിവസം ഒരു രസവും ഉണ്ടാവില്ല..

പിന്നെ നിന്റെ ദേഷ്യം കാണാനും ഒരു രെസമുണ്ട്..

“ഉവ്വ ഉവ്വേ..

“അതേ എന്റെ മോള് വേഗം ചെല്ലാൻ നോക്ക് ഇല്ലെങ്കിൽ നിന്റെ കൃഷ്ണൻ നിന്നെ കാണാഞ്ഞിട്ട് ചിലപ്പോൾ ഇങ്ങോട്ട് വരും..

“ആ വേണ്ടി വന്നാൽ എന്നെ കാണാൻ എന്റെ കൃഷ്ണൻ വന്നൊന്നൊക്കെ ഇരിക്കും..

“ഹഹഹ വേഗം ചെല്ല് ചെല്ല്  നീ ഈ ഒന്നരകാലും വെച്ചു ചെല്ലുമ്പോഴേക്കും ഒരു സമയം ആവൂല്ലോടി..

“ഒന്നരക്കാലി നിന്റെ..  എന്നെ കൊണ്ടൊന്നും പറയിക്കേണ്ട..

ഡാ ചെറുക്കാ  നിനക്കുള്ള മറുപടി ഞാൻ വന്നിട്ട് തരാട്ടോ എന്നും പറഞ്ഞു ഞാൻ നടന്നു..

—————————————————-

പച്ച പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കരയോട് കിന്നാരം ചൊല്ലി മന്ദം മന്ദം ഒഴുകുന്ന സുന്ദരി പുഴയും ചേർന്ന പ്രകൃതിരമണീയമായ ആലത്തൂർ  ഗ്രാമത്തിലെ  പുത്തൂർ തറവാട്ടിലെ ഗോവിന്ദന്റെയും മീനാക്ഷിയുടെയും ഏക മകളായ ലക്ഷ്മി ആണ് ഞാൻ..

ചിലർ ലെച്ചു എന്നു വിളിക്കും.. പിന്നെ ഇപ്പോൾ വിവേക് വിളിച്ചത് പോലെ  മറ്റു ചിലർ  ഒന്നരക്കാലി യെന്നും വിളിക്കാറുണ്ട്..

അതു വേറൊന്നും കൊണ്ടല്ല കേട്ടോ എന്റെ ഇടതു കാലിന് അൽപ്പം സ്വാധീനകുറവുണ്ട് .. പത്താം ക്ലാസ്സ്‌ വരെ കാലിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..  മാത്രമല്ല ഞാൻ നന്നായി നൃത്തവും കളിച്ചു കൊണ്ടിരുന്നതാണ്..  അന്നൊക്കെ നല്ലൊരു നർത്തകി ആവണം എന്നായിരുന്നു ആഗ്രഹം പക്ഷേ എന്റെ എല്ലാ സ്വപ്നങ്ങളേയും ഒരു അസുഖത്തിന്റെ രൂപത്തിൽ  വന്നു വിധി  ഇല്ലാതാക്കി കളഞ്ഞു..  കൃത്യമായ ചികിത്സ കിട്ടാഞ്ഞത് കൊണ്ട് ഇടതു കാലിന്റെ സ്വാധീനം ഭാഗികമായി  ഇല്ലാതായി .. അതോടെ   പിന്നീട്   ആ കാൽ  നിലത്തു അധികം ബലം കൊടുക്കാതെയാണ് ഞാൻ നടക്കുന്നത് ..

അതു കൊണ്ട്  എന്റെ നടപ്പ് കണ്ടാൽ ചെറിയൊരു മുടന്തു പോലെ തോന്നും ..  അതിനാണ് ഇവരെല്ലാം കൂടി എന്നെ ഒന്നരക്കാലിയെന്നു വിളിക്കുന്നത്..

ആദ്യമൊക്കെ എല്ലാവരും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ  ഭയങ്കര സങ്കടമായിരുന്നു.. മരിച്ചാലോ എന്നു പോലും തോന്നി പോയിട്ടുണ്ട്..

പക്ഷേ ഇപ്പോൾ കേട്ട് കേട്ട് അതെനിക്കൊരു ശീലമായി..

പക്ഷേ അമ്മയുടെ സങ്കടം മാത്രം ഇന്നും മാറിയിട്ടില്ല.. എന്നും എന്റെ കാലിന്റെ കാര്യം പറഞ്ഞു കരയാനെ അമ്മക്ക് നേരം ഉള്ളൂ..

അതിനൊരു കാരണവും ഉണ്ട്..

ഞാൻ എട്ടാം ക്ലാസ്സിൽ  പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്..

വലിയ തറവാടും തറവാട്ടു പേരും ഉണ്ടെങ്കിലും മരിക്കുന്നതിന് മുൻപ് അച്ഛൻ വരുത്തിവെച്ച കടങ്ങളുടെ പേരിൽ  സ്വത്തു ക്കളെല്ലാം  കടം വീട്ടാനായി വിൽക്കേണ്ടി വന്നു പിന്നെ ആകെ മിച്ചം വന്നത്  ഈ തറവാട് മാത്രമാണ്.. കേറി കിടക്കാൻ ആകെ ഉള്ളത് ഇതു മാത്രം ആയത് കൊണ്ട് അമ്മ ഇത് ആർക്കും  വിറ്റില്ല..

വന്നു കേറിയ നാളിൽ ഒരു രാജകുമാരിയെ പോലെ കഴിഞ്ഞ അമ്മ

പിന്നെ എന്നെ പഠിപ്പിക്കാനും പട്ടിണി കിടക്കാതെ ഇരിക്കാനും  ഒക്കെയായി  വീട്ടുജോലിക്ക്  പോയി തുടങ്ങി..  അങ്ങനെ ഇരിക്കെ ആണ് എനിക്ക് അസുഖം വന്നത്.. അതിന്റെ പേരിൽ കഴിച്ച മരുന്നിന്റെ സൈഡ് എഫക്ട് കാരണം ആണെന്റെ കാലിന്റെ സ്വാധീനം കുറഞ്ഞത്..

അതു മാറ്റിയെടുക്കാനുള്ള  ചികിത്സക്കായി അമ്മ ഒരുപാട് പേരുടെ മുന്നിൽ കൈനീട്ടി നോക്കി ആ കൂട്ടത്തിൽ അറുത്തകൈക്കു ഉപ്പു തേക്കാത്ത അമ്മയുടെ ആങ്ങളയും ഉണ്ടായിരുന്നു.. പക്ഷേ അവർ ആരും സഹായിച്ചില്ല എന്നു മാത്രമല്ല അമ്മയെ ആട്ടി ഇറക്കി വിടുകയും ചെയ്തു..

അങ്ങനെ അന്ന്  പണമില്ലാത്തതിന്റെ പേരിൽ ആണെന്റെ കാൽ ഇങ്ങനെ ആയതെന്നും

എന്റെ കൈയിൽ കാശുണ്ടായിരുന്നു എങ്കിൽ എന്റെ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു എന്നൊക്കെ പറഞ്ഞാണ് അമ്മയുടെ കരച്ചിൽ..

പാവം..  അതുകൊണ്ട് തന്നെ അമ്മക്ക് വിഷമം ആവേണ്ട എന്നു കരുതി ആരേലും കളിയാക്കിയാൽ കൂടി ഞാനതൊന്നും അമ്മയോട് പറയാറില്ല.. എന്റെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കാനെ ഞാൻ ഇതുവരെയും ശ്രമിച്ചിട്ടുള്ളു.. കാരണം ഈ ലോകത്ത് എനിക്ക് എല്ലാം എന്റെ അമ്മയാണ് ആ അമ്മയെ വിഷമിപ്പിക്കാൻ എനിക്കാവില്ല..

അതേ നിങ്ങളോട് ഇങ്ങനെ എന്റെ കഥയും പറഞ്ഞു നിന്നാലെ എനിക്ക്  സമയത്തിന് ക്ഷേത്രത്തിൽ എത്താനാവില്ല ബാക്കി ഞാൻ സമയം പോലെ വഴിയേ പറഞ്ഞു തരാട്ടോ…

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.1/5 - (62 votes)
Exit mobile version