Site icon Aksharathalukal

വിധവകൾ കരയാറില്ല

malayalam story

“അശ്രീകരം.. ജാതകദോഷം കൊണ്ടുതന്നാ എന്റെ മോനങ്ങ് ചെറുപ്പത്തിലേ പോയത്. അതോണ്ട് എനിക്കല്ലേ നഷ്ടായത്.. അവനുണ്ടാക്കിയതെല്ലാം അവടെ പേരിലല്ലേ..”

ലക്ഷ്മിയമ്മ പതം പറഞ്ഞു കരയാൻ തുടങ്ങി.

മൈമൂന ഒന്നും മിണ്ടിയില്ല. മിണ്ടീട്ടു കാര്യവുമില്ലല്ലോ.രാവിലെ വാക്‌പോര് നടത്താനിനി സമയുമില്ല. അല്ലെങ്കിൽ തന്നെ എന്തിന്?മടുപ്പായി..

ജയേട്ടൻ മരിച്ചിട്ട് ഇന്ന് ഇരുപതായി.

രണ്ടാളൂടി ഒരു കല്യാണത്തിന് പോയതാണ്. കല്ലേൽ ചെറുക്കി ബൈക്കൊന്ന് ചരിഞ്ഞു.ഒരുമിച്ചാണ് രണ്ടാളും വീണത്.

“മൈമൂനാ.. നിനക്കൊന്നും പറ്റിയില്ലല്ലോ..” എന്ന ആവലാതിയായിരുന്നു..

പെട്ടെന്നായിരുന്നു നെഞ്ചുവേദന വന്നത്..

ഹോസ്പിറ്റലിൽ എത്തി ഉടൻതന്നെ പേസ്മേക്കർ ഘടിപ്പിച്ചു.

ഓക്സിജൻ എടുക്കുന്നില്ലെന്നും, പത്തു ശതമാനം മാത്രം പ്രതീക്ഷ മതിയെന്നും ഒക്കെ പറയുന്നത് കേട്ടു.

“ഒക്കേം ദൈവത്തിന്റെ കൈയിലാട്ടോ.. പ്രാർത്ഥിച്ചോളൂ..”

അജിത് ഡോക്ടർ പുറത്തിറങ്ങിയപ്പോൾ പറഞ്ഞു.

ആൺകിളിയുടെ ചിറകൊച്ച അകന്നകന്ന് പോകുന്നത് അനുഭവിച്ചു. തളർന്നിരുന്നു.

കരഞ്ഞില്ല.. പാടില്ല.

“നീയൊരിക്കലും കരയരുത് മോളേ..” വൈറൽ ഫീവർ കൂടി പിച്ചും,പേയും പറഞ്ഞദിവസങ്ങൾ..

കണ്ണു തുറന്നപ്പോൾ ആ നെഞ്ചത്തേക്ക് വീണ് പൊട്ടിക്കരഞ്ഞു.

“ജീവിതം ക്കെ നീർക്കുമിള പോലെയാടീ.. കരയണംന്നു തോന്നിയാൽ എന്നേ ഓർത്താൽ മതി.. ഓടിയെത്താം..”

ഉറപ്പുകൾ..

മരിക്കുമെന്ന് ജയേട്ടൻ കരുതീട്ടില്ല.. താനും..അതങ്ങനെ ആണല്ലോ.. മറ്റുള്ളവർക്ക് എന്തും സംഭവിക്കാം..തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന മിഥ്യാധാരണ..

പത്തുവയസിളപ്പമായ തന്നെ കല്യാണം കഴിക്കുമ്പോൾ പൊന്നുപോലെ നോക്കാമെന്ന ഒരുറപ്പ് മാത്രമായിരുന്നു അച്ഛന് കൊടുത്തത്..

വല്ലാതെ മോഹിച്ചിട്ടാ തന്നെ കിട്ടിയതെന്ന് എപ്പോഴും പറയുമായിരുന്നു.

“നിന്നെ നിന്റെ അച്ഛൻ ഏതേലും പഠിപ്പിസ്റ്റ് കോന്തന്മാർക്ക് കെട്ടിച്ചു കൊടുക്കുമെന്നാ ഞാൻ കരുതിയേ..”

വിദ്യാഭ്യാസം കുറവായിരുന്നു ജയേട്ടന്. ഗൾഫിലൊക്കെ പോയി പൈസ ഒപ്പിച്ചു. അടിപൊളി വീട് വച്ചു.

അവർ മൂന്നാ മക്കൾ. ഇദ്ദേഹം ഇളയതാണ്..രാധേച്ചിയും, രതീഷേട്ടനും ഒത്തിരീം മൂത്തതാണ്. രണ്ടാളും വേറെ വേറെ വീടും വച്ചു. അതിനൊക്കെ നല്ല തുക പുള്ളി കൊടുത്തതാണ്.

താനൊന്നിലും ഇടപെടില്ല. ഓരോരോ കള്ളം ഒപ്പിച്ചിട്ട് ജയേട്ടനെ വിഡ്ഢിയാക്കി ഉള്ളതു മൊത്തോം അടിച്ചോണ്ട്‌ പോന്ന രാധേച്ചിയോട് വല്ലാതെ ദ്വേഷം തോന്നിയിട്ടുണ്ട്.

അമ്മയും മോൾക്ക്‌ ഒത്തുനിൽക്കും. രണ്ടാളും കൂടി ചേർന്നാൽ എന്തൊക്കെയാന്ന് ആർക്കും അറിയാനും കഴിയില്ല.

കുറ്റപ്പെടുത്തലുകൾ ഒക്കെ ഉണ്ടാകും. എല്ലാം ജയേട്ടനിൽ എത്തിക്കേം ചെയ്യും.. പുള്ളിയെ അതൊന്നും ബാധിക്കില്ല ന്നാലും ചിലപ്പോഴൊക്കെ അതിന്റെ അനുരണനങ്ങൾ പുറത്തുവരാറുണ്ട്.

ഗൾഫിൽ നിന്നും വന്നേ പിന്നെ ബിസിനസ് തുടങ്ങി ജയേട്ടൻ.. മൈമൂനക്ക് എൽ.ഡി.സി യായി പഞ്ചായത്തിലും ജോലിയായി.

മീനാക്ഷിയും,അഭയും മക്കൾ.

“നീ എന്തോരം സുന്ദരിയാ.. ന്റെ മൊഞ്ചത്തി..ആർക്കും ഇല്ലാത്ത ഒരു പേരും മൈമൂന..”

നെഞ്ചോരം ചേർത്തുവച്ച് കണ്ണുകളിലേക്ക് നോക്കി ജയേട്ടൻ പറയും.

“ന്റെ പെണ്ണിനെ ആരേലുമൊക്കെ നോക്കുന്നോ ആവോ!”

വെറുതേ ആവലാതിപ്പെടും..

“പിന്നേ നോക്കുവല്ലേ.. നോക്കുന്നവരോടൊക്കെ പറയാം..നോക്കണ്ട എന്റെ ഏട്ടന്റെ സ്വത്താ ഞാനെന്ന്..”

“നോക്കട്ടെ അസൂയപ്പെടട്ടെ..ല്ലാരും..”പൊട്ടിച്ചിരിക്കും.

“പെൺകോന്തനായിപ്പോയി എന്റെ മോൻ”അമ്മേടെ ആവലാതി..

“ഒന്നൂല്ലാത്തിടത്തൂന്ന് തൊലി വെളുപ്പുകണ്ട് വിളിച്ചോണ്ടു വന്നതല്ലേ.. അവനെ പറഞ്ഞാ മതി..” രാധേച്ചി വക കൂട്ടിച്ചേർക്കൽ.

“നീയൊന്നും മിണ്ടണ്ട..” ജയേട്ടൻ പറയും.

മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.. ജയേട്ടനായിരുന്നു ബലം.

ഓഫിസിൽ ഹെഡ്ക്ലർക്ക് ജയപ്രകാശ് സാറിന്റെ കണ്ണിലെ തിളക്കം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സുന്ദരിയായ ഭാര്യയും, അതിസുന്ദരികളായ രണ്ടു പെൺമക്കളും.

ഒപ്പിടുമ്പോൾ അറിയാതെ കൈയിൽ സ്പർശിക്കുന്ന,നടക്കുമ്പോൾ ദേഹത്തൊന്ന് മുട്ടുന്ന, നോക്കുമ്പോൾ കണ്ണിൽ നിറച്ചു വച്ചിരിക്കുന്ന കാമാർദ്ര ഭാവത്തോടെ.
ഒക്കെയും തോന്നൽ എന്ന് വിശ്വസിച്ചിരുന്നു.അല്ലെന്ന് കരുതാൻ അതിനപ്പുറം തെളിവൊന്നും കിട്ടിയിട്ടില്ലല്ലോ.

പത്തിലും,ആറിലും പഠിക്കുന്നു മക്കൾ. പതിവിൽ കവിഞ്ഞ ശരീര വളർച്ചയാണ് മീനാക്ഷിക്ക്. ഇത്തിരി ചട്ടമ്പിയും. അപ്പച്ചിയോട് കിട്ടക്കിട്ട നിൽക്കും.

“പെണ്ണിനെ അഴിച്ചു വിട്ടേക്കുവാ..വല്ലോന്റേം കൂടെ പൊറുക്കേണ്ടതാണേ..” അപ്പച്ചി നല്ല നടപ്പ് പഠിപ്പിക്കാൻ ശ്രമിക്കും.

“അപ്പേടെ മക്കളെ ഉപദേശിച്ചാൽ മതി.ഞങ്ങടെ കാര്യം നോക്കാൻ അച്ഛനുമമ്മയും ഉണ്ട്..” അവൾ വലിയ വായിലേ പൊട്ടിത്തെറിക്കും.

ഇപ്പൊ കുറ്റപ്പെടുത്തൽ വല്ലാതെ കൂടി..

“ഈ നേരം വരെ പെണ്ണ് എവിടെ പ്പോയോ ആവോ.. തള്ളേടെ കൂട്ട് അടക്കോം,ഒതുക്കോം ഇല്ലാത്തതാ.”

ആരേം അങ്ങനൊന്നും അവൾ അനുസരിയ്ക്കില്ലെന്നത് സത്യമാണ്.. അവരുടെയൊക്കെ ചോരയല്ലേ.. വഴിതെറ്റിപ്പോകില്ല എന്നുമുറപ്പാണ് മൈമൂനക്ക്..

“അച്ഛനില്ലാത്ത പിള്ളാരല്ലേ അമ്മാ.. അതോണ്ടല്ലേ എല്ലാരുടെയും വായിലിരിക്കുന്നത് കേൾക്കേണ്ടി വരുന്നത്..”

മീനാക്ഷി പരിഭവിക്കും..

“സാരമില്ല മോളേ..”സമാധാനിപ്പിക്കും. അതിനല്ലേ കഴിയൂ.

“ജാതകച്ചേർച്ച ഒട്ടുമില്ലായിരുന്നു. അവനെ കൈവിഷം കൊടുത്തു മയക്കീതല്ലേ..” മരിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്.. വന്നവരോടും,പോയവരോടുമൊക്കെ..

നിശ്ശബ്ദതയായിരുന്നു കൂട്ട്.. ഒന്നു സ്വസ്ഥമായി കരയാൻ പോലുമാകാതെ..

പാടില്ല,കരയാൻ പാടില്ല..

“ജയേട്ടാ,ജയേട്ടനില്ലാതെ ഓഫിസിൽ പോകുന്ന ആദ്യ ദിവസം.”

തന്നെ നോക്കി ചിരിക്കുന്ന ആ ഫോട്ടോയിലേക്കു നോക്കിയപ്പോൾ ..ഓർമ്മകൾ..

രാവിലെ അടുക്കളേൽ സഹായിച്ചിട്ട്, കുളിക്കാൻ പോയി തിരിച്ചു വരുമ്പോഴേക്കും ചോറും,കൂട്ടാനും ,കാപ്പീം പാത്രത്തിലാക്കി ബാഗിൽ വച്ചുതരുന്നത് വെറുതെ ഓർത്തു.

കുളിച്ചിട്ട് വന്നിട്ട് അലമാരി തുറന്നു.ധാരാളം സാരികൾ,ചുരീദാറുകൾ.

ജയേട്ടന് വസ്ത്രങ്ങളോട് വലിയ ഭ്രമമായിരുന്നു.
“നിനക്ക് കളർ ഫുൾ ആയ ഡ്രസ് ആണ് ചേരുന്നത്.” എപ്പോഴും പറയും.നിറം കുറഞ്ഞത് ഇടുന്നതേ ഇഷ്ടമല്ല.

ഓരോ ഡ്രെസ്സായി എടുത്തു നോക്കി.. ഏതാ ഉടുക്കുക?

വിധവ..അതിന്റെ അർത്ഥം ഇനി ഡ്രസ് കോഡിലും ഉണ്ടാകണമല്ലോ.

നിറംകുറഞ്ഞ ഒരു പിങ്ക് ചുരിദാർ എടുത്തു.. ജയേട്ടന് ഇഷ്ടമില്ലാത്തത് കൊണ്ട് മാറ്റിവച്ചിരുന്നതാണ്. നാളെ തൊട്ട് ഇനി ഏതിടും?

ആക്ടീവായിൽ ഓഫിസിലേക്ക്.. പത്തിരുപത് ജോഡിക്കണ്ണുകൾ ചെറുപ്പത്തിലേ വിധവയായവളിലേക്ക്‌..

“അടിപൊളിയായിട്ടാ ഇന്നും..” ആരോ പറഞ്ഞതുപോലെ.

അതോ തോന്നീതോ?

എല്ലാരും പ്രതീക്ഷിക്കുന്നത് ,എന്തേലും ചോദിച്ചാൽ പൊട്ടിക്കരയുന്ന,കളർ കുറഞ്ഞ ഡ്രസ് ചെയ്തു വരുന്ന,മുടിയൊക്കെ അലക്ഷ്യമായി കെട്ടി വച്ചേക്കുന്ന ഒരു വിധവയെ ആകണം.

ഇതിപ്പോ..

“ചടങ്ങെല്ലാം കഴിഞ്ഞില്ലേ?”ആരോ ചോദിച്ചു..

“മ്” മൂളി..

പാടില്ല..ഒരു തുള്ളി കണ്ണീർ പോലും വരാൻ പാടില്ല.

ഒപ്പിടാൻ ചെന്നപ്പോൾ ആർദ്ര നോട്ടവുമായി ജയപ്രകാശ് സാർ..

“മൈമൂ വിഷമിക്കരുത്..”മറ്റൊരു ഭാവമായിരുന്നു.

മൈമു.. ആദ്യായിട്ടാണ് ഈ വിളി.

“ഞങ്ങളൊക്കെ ഉണ്ടാകും..”ഒപ്പിട്ടപ്പോൾ കൈയുടെ മുകളിലൂടെ കടന്നുപോയ നേരിയ സ്പർശനം.

ഷോക്കടിച്ചതുപോലെ അവൾ കൈയെടുത്തു.അയാളെ സൂക്ഷിച്ചു നോക്കി.

ആ പുഞ്ചിരി അവളെ ആദ്യമായി ഭയപ്പെടുത്തി.പെട്ടെന്ന് മുറി വിട്ട് സീറ്റിലേക്ക് വന്നിരുന്നു.

വീട്ടിൽ എന്തിലൊക്കെയോ മുഴുകാൻ തുടങ്ങി. വീട് വൃത്തിയാക്കാനും, കുട്ടികളെ പഠിപ്പിക്കാനും, വായിക്കാനും.. ഒരു സമയം പോലും വെറുതെ ഇരുന്നില്ല. അമ്മേടെ കുറ്റപ്പെടുത്തലുകളിൽ മൂളിപ്പാട്ടിലൂടെയുള്ള പ്രതികരണങ്ങൾ.

“ജയേട്ടാ” ചിലപ്പോൾ പതുക്കെ വിളിക്കും..

“എന്താടീ..”അശരീരി..,

“വിളിച്ചാൽ മതി..ഓടിയെത്തും..”കാതുകളിൽ മന്ത്രിക്കുന്നത് പോലെ.

ഓർമ്മകളങ്ങനെ ആവരണമാക്കി ജീവിതമാകുന്ന ചരൽക്കല്ലുകളിലൂടെ യാത്ര..

ചിലരെങ്കിലും കുശുകുശുക്കുന്നുണ്ട് ന്ന് തോന്നുന്നു.. ഊർജ്ജ്വസ്വലമായി നടക്കുന്നത് ഇഷ്ടമാകുന്നില്ല ന്നു വ്യക്തം.സാന്നിധ്യത്തിൽ നിശ്ശബ്ദമാകുന്ന നാവുകൾ.

ജയപ്രകാശ് സാർ ആശ്വാസ വാക്കുകൾ നിറയെ തരുന്നുണ്ട്.അതിലെ ചതി വ്യക്തവുമാണ്..

ഭർത്താവ് ചെറുപ്പത്തിലേ നഷ്ടമായ പെണ്ണിന്റെ ഉൾമോഹങ്ങളെ അളക്കുകയാകാം. അവളിൽ അസംതൃപ്‌ത മോഹങ്ങൾ അമർന്നു കിടക്കുന്നുവെന്നും ഏതേലും പുരുഷന്റെ സാന്നിധ്യത്തിൽ അതിങ്ങനെ ചിറക് വിരിക്കുമെന്നും ചിലരെങ്കിലും കരുതുന്നുണ്ടാകാം.

അതാകാം മാന്യന്മാരെന്ന് വിശ്വസിച്ചിരുന്ന പലരിൽ നിന്നുമുണ്ടാകുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ..

മരണത്തോടനുബന്ധിച്ചു ലീവെടുത്തതു കൊണ്ട്‌ കുറച്ചേറെ വർക്കുകൾ ചെയ്തു തീർക്കാനുണ്ടായിരുന്നു.

സമയം പോയത് അറിഞ്ഞില്ല.

കഴുത്തിലൂടെ ചൂട് നിശ്വാസം. അപരിചിതമായ കൈകൾ ശരീരത്തിലൂടെ ഇഴഞ്ഞ് താഴോട്ട്..

“മൈമൂ “വികാരാർദ്ര ശബ്ദം..

ഒരു നിമിഷം .ചാടിയെണീറ്റു.. ഒറ്റത്തള്ളുകൊടുത്തു.. പുറകോട്ട് മറിയാനാഞ്ഞ്‌..ഞെട്ടി വിളറിയ മുഖം..

“കൊല്ലും,നിന്നെ ഞാൻ.” കസേരയാണ് കൈയിൽ കിട്ടിയത്.. അതെടുത്ത് അടിക്കാനാഞ്ഞു..

അയാൾ വല്ലാതെ ഭയന്നു..

“മൈമൂനാ..പ്ളീസ്..” വിറച്ചുകൊണ്ട് കൈകൂപ്പി..

“ഇനി ഇതാവർത്തിച്ചാൽ നിന്റെ ശവം ഇവിടെ കിടക്കും..”അലറി..

വെട്ടിയിട്ട വാഴപോലെ അയാൾ അവളുടെ കാലിലേക്ക് വീണു..

ബാഗു മെടുത്ത് പുറത്തേക്ക് നടന്നു.

പിറ്റേന്ന് ഒപ്പിടാൻ നേരം ഒരു പേടിത്തൊണ്ടനെ പോലെ തലയും കുനിച്ചിരിക്കുന്ന ആ സുമുഖനെ കണ്ടപ്പോൾ കൈകൊട്ടി ചിരിക്കാൻ തോന്നി അവൾക്ക്..

അതേ ശക്തയായ പെണ്ണിന് മുൻപിൽ ഒരു വൃത്തികെട്ട പുരുഷനും നിലനിൽപ്പില്ല..

അമ്മയുടെ മരണം പെട്ടെന്നായിരുന്നു.

വീട്ടിൽ താനും,മക്കളും മാത്രം..

ആ ഞായറാഴ്ച്ച..മക്കൾ രണ്ടാളും ട്യുഷനു പോയിരിക്കുന്ന.

രതീഷേട്ടന്റെ വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു.കൈയിൽ ഒരു പൊതിയുമുണ്ടായിരുന്നു..പലഹാരങ്ങൾ ആണെന്ന് പറഞ്ഞു.

വലിയ ബഹുമാനമാണ് രതീഷേട്ടനോട്..അമ്മേടേം,രാധേച്ചീടേം പന്ന സ്വഭാവങ്ങൾ ഇല്ല,അധിക സംസാരം ഇല്ല..

“മക്കളെവിടെ?”

“ട്യുഷനു പോയിരിക്കാ രതീഷേട്ടാ..കേറി ഇരുന്നാട്ടെ..”

സംസാരിച്ചു..ഇതുവരെയും ഇങ്ങനെ സംസാരിച്ചിട്ടില്ല..

പുഷ്പേച്ചിയുടെ കുറ്റങ്ങൾ..വഴക്ക്..

അനിയന്റെ ഭാര്യയെ ആരാധനയോടെ നോക്കിയ ഒരു ചേട്ടന്റെ മാനസിക വികാരങ്ങൾ..

സംസാരം വഴിമാറിയപ്പോൾ രക്ഷക്കായി ചായയിടാനായി അവൾ അടുക്കളയിലേക്ക് നടന്നു..

“മോളേ..” രതീഷേട്ടൻ അടുക്കളയിൽ എത്തി..

ജയപ്രകാശ്,രതീഷ്…ഭ്രാന്തു പിടിക്കുന്നത് പോലെ..

ഇനി ഒരുത്തനെയുംമൈമൂന ഭയക്കില്ല..

“രതീഷേട്ടൻ അടുക്കളയിൽ നിന്നുമിറങ്ങു..അല്ലേൽ ചൂട് ചായ മുഖത്തു വീഴും..”

അവൾ ദൃഢമായി പറഞ്ഞു.

അയാൾ പതുക്കെ തിരിഞ്ഞു നടന്നു..തളർന്ന് സോഫയിൽ ഇരുന്നു..

അവൾ ചായയുമായി വന്നു..

“രതീഷേട്ടന് എന്നോട് വല്ലാത്ത ആരാധനയാ ല്ലേ? പുഷ്പേച്ചിയെ മടുത്തു..ല്ലേ?”

അയാൾ നിശബ്ദനായി അവളെ നോക്കി .

“ഒരു കാര്യം ചെയ്യ് രതീഷേട്ടാ..പുഷ്പേച്ചിയെയും,മക്കളെയും കളഞ്ഞിട്ട് വാ..രണ്ടുകൈയും നീട്ടി സ്വീകരിക്കാം..സ്റ്റെപ്പിനിയായിട്ട് ബുദ്ധിമുട്ടാ..പറ്റ്വോ?”

ആ പരിഹാസസ്വരത്തിൽ അയാൾ ചൂളി.

പതുക്കെ എണീറ്റു..ഇറങ്ങാനൊരുങ്ങി..

“ആ പലഹാരപ്പൊതീം കൂടി എടുത്തോ..മധുരം ഞാൻ കുറച്ചു..”

ആ പൊതിയെടുത്ത് പടിയിറങ്ങുന്ന അയാളെ കണ്ടപ്പോൾ അവൾക്ക് ചിരിപൊട്ടി..

പതുക്കെ തിരിഞ്ഞപ്പോൾ തന്നെ നോക്കി ചിരിക്കുന്ന ജയേട്ടന്റെ മുഖം..

“നീയെന്റെ മൊഞ്ചത്തിയാ മോളേ..എന്റെ മാത്രം..”

എവിടെയോ ആ ശബ്ദം കേൾക്കുന്നത് പോലെ..

സ്വപ്ന.എസ്.കുഴിതടത്തിൽ

4.7/5 - (3 votes)
Exit mobile version