Site icon Aksharathalukal

ശ്രുതി – 24

ശ്രുതി Malayalam Novel

ഞങ്ങൾ ചെറിയ അമ്മാവന്റെ കാറിലാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയിരുന്നത് . 5 മണിക്കായിരുന്നു ട്രെയിൻ . അല്പസമയം ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ കാത്തു നിന്നു . കുറച്ചുകഴിഞ്ഞപ്പോൾ ട്രെയിൻ വന്നു , ഞങ്ങൾ ചെറിയമ്മാവനോട് യാത്ര പറഞ്ഞ് ട്രെയിനിൽ കയറി …………………

ട്രെയിൻ ചലിക്കാൻ തുടങ്ങിയപ്പോൾ അവിടത്തെ നല്ല ഓർമ്മകൾ എന്റെ മനസ്സിലേക്ക് തികട്ടി വന്നു . ഓർക്കുംതോറും മധുരമൂറുന്ന ഓർമ്മകൾ . ആരുമല്ലാതിരുന്ന ആരൊക്കെയോ എന്തൊക്കെയോ ആയ നിമിഷങ്ങൾ . നാട്ടിൻപുറവും അവിടെയുണ്ടായിരുന്ന ബന്ധങ്ങളും ഉത്സവവും അങ്ങനെയങ്ങനെ ഓർക്കുംതോറും മധുരമൂറുന്ന ഒത്തിരി ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഈ നാട് വിട്ട് തിരിച്ചു പോവുകയാണ് ഞങ്ങൾ . വല്ലാതെ മിസ്സ് ചെയ്യുന്നു ഈ നാടിനെയും സ്വാതിയുടെ കുടുംബക്കാരെയും …

അന്ന് രാത്രി മുഴുവൻ ഞങ്ങൾ ട്രെയിനിലായിരുന്നു . പിറ്റേദിവസം രാവിലെ ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ , പുറത്ത് ലാലു വണ്ടിയുമായി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു . എന്നാൽ , ലാലുവിന്റെ മുഖത്ത് ഞങ്ങളെ കണ്ടതിന്റെ യാതൊരുവിധ സന്തോഷവും ഇല്ലെന്നു മാത്രമല്ല , അവന്റെ മുഖത്ത് എന്തൊക്കെയോ ദുഃഖങ്ങൾ ഒളിപ്പിച്ചുവച്ചപോലെയുണ്ടായിരുന്നു .

” ആ മോനെ ലാലു നീയാണോ വന്നത് , എന്തേ ചെറിയമ്മാവൻ വന്നില്ലേ ? ”

” ഇല്ല അമ്മായി , അമ്മാവന് എന്തൊക്കെയോ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞു ”

” എന്തുപറ്റി മോനെ നിന്റെ മുഖത്ത് ഒരു സങ്കടം , നീ ആകെ ക്ഷീണിച്ചല്ലോ , ഞങ്ങൾ പോയതിനുശേഷം നീ ശരിക്കും ഭക്ഷണം കഴിക്കാറില്ലേ ? ”

ചെറിയമ്മ ലാലുവിനെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചപ്പോൾ തലകുനിച്ചു കൊണ്ടുള്ള ഒരു മൗനമായിരുന്നു അവന്റെ മറുപടി . അവന്റെ ആ മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ എന്തെന്നറിയാൻ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി , അവന്റെ മുഖത്തുള്ള വിഷാദം ഞാൻ മനസ്സിലാക്കും എന്ന് കരുതി അവൻ വേഗം ഞങ്ങൾക്കിടയിൽ നിന്നും ലഗേജ് എടുത്ത് വണ്ടിക്ക് നേരെ നടന്നു . ഞങ്ങളും അവന്റെ പിറകെ പോയി വണ്ടിയിൽ കയറി .

വീടെത്തും വരെ അവൻ ഞങ്ങളോട് ഒന്നും സംസാരിച്ചില്ല . നല്ല യാത്ര ക്ഷീണം ഉള്ളതുകൊണ്ട് ഞങ്ങളും . അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ വീടിനു മുന്നിലെത്തി . വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങൾ വീടിന്റെ ആ അവസ്ഥ കണ്ട് ഞെട്ടിപ്പോയി . വീടിന്റെ ഒരു ചില്ല് പോലും ബാക്കി വയ്ക്കാതെ ആരോ കരിങ്കല്ലുകൊണ്ട് എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു . മരംകൊണ്ട് ഉണ്ടാക്കിയ വീടിന്റെ വാതിൽ ആരോ ചവിട്ടി പൊളിച്ചിരിക്കുന്നു . പൂമുഖത്തുണ്ടായിരുന്ന കോഴിക്കോടും ആട്ടിൻ കൂടും തൊഴുത്തും എല്ലാം ആകെ നാശകോശമാക്കി യിരിക്കുന്നു . ഒരു പൂച്ചട്ടി പോലും വിടാതെ പൊട്ടിയിട്ടുണ്ട് . മൊത്തത്തിൽ പറഞ്ഞാൽ വീട് തലകുത്തനെ ആയി മറിച്ചിട്ട പോലെയുണ്ട് . വീടിന്റെ ആ അവസ്ഥ കണ്ട് ചെറിയമ്മ ആകെ തകർന്നുപോയി .

” മോനേ … മോനെ ലാലു , ഇതെന്താ നമ്മുടെ വീടിന് പറ്റിയത് ? ഇതാരാ ഇങ്ങനെയൊക്കെ ചെയ്തത് ? പറ മോനെ ”

ലാലു ഒന്നും മിണ്ടാതെ മൗനമായി തലകുനിച്ചുനിന്നു .

” കൃഷ്ണേട്ടൻ ……. കൃഷ്ണേട്ടൻ എവിടെ മോനെ ??? പറ കൃഷ്ണേട്ടൻ എവിടെ ??? ”

അപ്പോഴാണ് ഞങ്ങളും അത് ശ്രദ്ധിച്ചത് , ചെറിയച്ഛൻ അവിടെ എങ്ങും ഉണ്ടായിരുന്നില്ല . ഞങ്ങൾ എല്ലാവരും ഒരുമിച്ച് ലാലുവിന്റെ മറുപടിക്കെന്നോണം അവന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി .

” അത് …. ഇന്നലെ ഇവിടെ വലിയമ്മാവൻ വന്നിരുന്നു , ചെറിയ അമ്മാവനോട് സ്വത്തിന്റെ പേരിൽ ഒരുപാട് വഴക്കുണ്ടാക്കി . ഇന്നലെ രാത്രി ആരൊക്കെയോ ചേർന്ന് നമ്മുടെ വീട് ആക്രമിച്ചു . ചെറിയച്ഛൻ പോലീസ് സ്റ്റേഷനിൽ കമ്പ്ലൈന്റ് ചെയ്യാൻ പോയതാണ് . ”

” ഈ വല്യച്ഛൻ എന്താ ഇങ്ങനെ , നമ്മളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്നാണോ ? ”

ശ്വേത അത് ചെറിയമ്മയുടെ മുഖത്തുനോക്കി ചോദിച്ചപ്പോൾ ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .

” ലാലു ചെറിയച്ഛൻ ഒറ്റയ്ക്കാണോ പോയത് ? ”

” അതെ ശ്രുതി , ഞാൻ വരാം എന്ന് പറഞ്ഞിട്ടും ചെറിയമ്മാവൻ കേട്ടില്ല ”

” ലാലു നീ വണ്ടിയെടുക്ക് നമുക്കൊന്നും പോയി അന്വേഷിച്ചിട്ട് വരാം ”

ഞങ്ങൾ ചെറിയമ്മയോട് യാത്രപറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് പോയി . അവിടെ ചെന്നപ്പോൾ വല്യച്ഛനും ചെറിയച്ഛനും വക്കീലും എല്ലാവരും ചേർന്ന് ചർച്ചയിലായിരുന്നു . ഞാനും ലാലുവും പുറത്തുനിൽക്കുന്ന പോലീസുകാരന്റെ അനുവാദത്തോടെ സ്റ്റേഷന്റെ അകത്തേക്ക് കയറി . സ്റ്റേഷനിലെ അകത്തുനിന്ന് വളരെ ശബ്ദത്തിൽ തന്നെ അവർ തമ്മിലുള്ള തുറന്ന ചർച്ചയുടെ ശബ്ദം കേൾക്കാമായിരുന്നു .

” ഞാൻ അധ്വാനിച്ചുണ്ടാക്കിയ എന്റെ സ്വത്തും സ്ഥലവും എന്തിനാണ് ഞാൻ ഇയാൾക്ക് കൊടുക്കേണ്ടത് ? അതിന്റെ ആവശ്യം എന്താണ് ? ”

” നിന്റെ സ്വത്തോ , അത് നമ്മുടെ അച്ഛന്റെ പേരിലുള്ള സ്വത്താണ് . അതിൽ നിന്നെപ്പോലെ തന്നെ എനിക്കും തുല്യ അവകാശം ഉണ്ട് ”

ചെറിയച്ഛനും വല്യച്ഛനും തമ്മിലുള്ള സംസാരം മുറുകി . വല്യച്ഛന്റ്റെ ഗുമസ്തൻ ആയിട്ടുള്ള വക്കീൽ ചെറിയച്ഛനോട്‌ നിയമത്തിന്റെ ഓരോ ഊരാക്കുടുക്കുകളെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ് . ആ വക്കീൽ പറയുന്ന ഓരോ സെക്ഷനെ കുറിച്ച് കേട്ട് തലയ്ക്കു കയ്യും കൊടുത്ത് നിൽക്കുകയാണ് ചെറിയച്ഛൻ . അവിടെ വല്യച്ഛന് സപ്പോർട്ട് ചെയ്തു കൊണ്ട് വക്കീലും പോലീസുകാരും എല്ലാരും ഉണ്ടായിരുന്നു . എന്നാൽ ചെറിയച്ഛൻ തനിച്ചായിരുന്നു . ഞാനും ലാലുവും ചെറിയച്ഛന്റെ അടുത്തേക്ക് കയറി ചെന്നു .

” ചെറിയച്ഛാ , ”

” ശ്രുതി മോളെ , മോളെന്തിനാ ഇങ്ങോട്ട് വന്നത് ? ”

എന്നെ കണ്ടപ്പോൾ ചെറിയച്ഛൻ ചെറിയൊരു ആശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി .
അപ്പോഴും വക്കീലും പോലീസുകാരും ചെറിയച്ഛന്റെ പേരിലുള്ള സ്വത്തുക്കൾ വല്യച്ഛന്റെ പേരിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു .

” ചെറിയച്ഛൻ പേരിലുള്ള സ്വത്തുക്കൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റേണ്ട ആവശ്യം എന്താ ? ”

പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി . ഞാൻ ഒട്ടും പതറാതെ നല്ല സ്ട്രോങ്ങ് ആയി തന്നെ രണ്ടുകൈയും കെട്ടി അവരെ നോക്കി . അപ്പോൾ വല്യച്ചൻ വളരെ അമർഷത്തോടെ എനിക്ക് നേരെ തിരിഞ്ഞു .

” അതൊക്കെ അന്വേഷിക്കാൻ നീ ആരാടി ? , വിരുന്നുകാർ വീട്ടുകാർ ആവാൻ നോക്കണ്ട ”

വല്യച്ഛന്റെ ആ ഡയലോഗ് കേട്ട് എനിക്ക് നല്ല ദേഷ്യം വന്നു . എന്നാൽ എന്നെക്കാൾ ദേഷ്യം വന്നത് ചെറിയച്ഛന് ആയിരുന്നു .

” ഏട്ടാ , ഇവൾ അങ്ങനെ എവിടെന്നോ വലിഞ്ഞു കേറി വന്ന വിരുന്നുകാരി അല്ല . ഇവൾ എന്റെ ഏറ്റവും ഒറ്റ സുഹൃത്തിന്റെ മകളാണ് . ഇപ്പോൾ ഇവിടെ എനിക്ക് എന്റെ സ്വന്തം മകളെ പോലെ തന്നെയാണ് . ”

” നിന്റെ സുഹൃത്തിന്റെ മകൾ അല്ലേ അല്ലാതെ നിന്റെ മകൾ അല്ലല്ലോ , അല്ല ഇനി നിന്റെ സ്വന്തം മകൾ തന്നെയാണോ ? മകളെപ്പോലെ തന്നെയാണ് പോലും , തുഫ് …… ”

അയാൾ അത്രയും പറഞ്ഞപ്പോൾ എന്റെ സകല കണ്ട്രോളും പോയി ഞാൻ പഴയ ശ്രുതി ആയി മാറുകയായിരുന്നു . അയാൾക്കുള്ള മറുപടി കൊടുക്കുന്നതിനു മുമ്പ് ഞാൻ ചെറിയച്ഛനെ ഒന്നു നോക്കി . അപ്പോൾ ചെറിയച്ഛൻ എന്നോട് ഇതിനുള്ള മറുപടി നീ കൊടുക്കണമെന്ന് രീതിയിൽ തലയാട്ടി പുറത്തേക്ക് ഇറങ്ങിപ്പോയി . പിന്നെ ഞാൻ ഒന്നും നോക്കിയില്ല അയാൾക്കു നേരെ തിരിഞ്ഞു .

” നിർത്തടോ തന്റെ അസഭ്യം പറച്ചിൽ . താൻ ചിലപ്പോള് അത്തരക്കാരൻ ആയിരിക്കും , എന്നുകരുതി ആ ത്രാസിൽ എന്റെ ചെറിയച്ചന് തൂക്കാൻ നിൽക്കരുത് . ”

” ച്ചി , നിർത്തടി അസത്തേ നിന്റെ അധികപ്രസംഗം ”

അയാൾ എനിക്ക് നേരെ കുരച്ച് ചാടാൻ തുടങ്ങി . ഞാനും ഒട്ടും വിട്ടുകൊടുത്തില്ല .

” ഡോ , എടി പോടി എന്നൊക്കെ താൻ തന്റെ വീട്ടിലുള്ളവരെ പോയി വിളിക്ക് . അല്ലാതെ എന്നെ വിളിക്കാൻ വന്നാലുണ്ടല്ലോ വയസ്സിന് മൂത്തതാണ് എന്നുപോലും നോക്കാതെ തന്റെ പല്ല് ഞാൻ അടിച്ച് താഴെയിടും . ”

പെട്ടെന്ന് എന്നിൽനിന്നും അത്തരത്തിലൊരു സംസാരം അവിടെ ആരും പ്രതീക്ഷിച്ചിട്ടില്ല എന്ന് അവരുടെയൊക്കെ അന്തംവിട്ടു ഉള്ള നില്പിൽ നിന്ന് തന്നെ മനസ്സിലാക്കാം .

” പിന്നെ , താൻ എന്തിന്റെ പേരിലാണ് പോലീസ് സ്റ്റേഷൻ വരെ വന്നത് ? താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഭൂമിയുടെ ഒർജിനൽ സർട്ടിഫിക്കറ്റ് ആണ് ഇത് . ഈ സ്വത്തുവകകൾ എല്ലാം തന്നെ പരമ്പരാഗതമായി കിട്ടിയതല്ല എന്ന് ഈ രേഖകളിൽ നിന്ന് വളരെ വ്യക്തമാണ് . ഇതെല്ലാം ചെറിയച്ഛൻ വളരെയധികം കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്തതാണ് . പിന്നെ എന്തിന്റെ പേരിലാണ് താൻ ഇതിൽ അവകാശ പറഞ്ഞു വന്നത് ? മര്യാദയ്ക്ക് ചെറിയച്ഛന്റ പേരിൽ താൻ കൊടുത്ത കേസ് പിൻവലിക്കുന്നതാണ് തനിക്ക് നല്ലത് . അതല്ല ഇനി കേസുമായി മുന്നോട്ട് പോവുകയാണെങ്കിൽ തന്നെ അഴി എണീക്കാൻ ഉള്ള വകുപ്പ് എല്ലാം ഇപ്പോൾ തന്നെ ഞങ്ങളുടെ കയ്യിലുണ്ട് . ”

എന്റെ സംസാരം കേട്ട് വിയർത്തു കുളിച്ചു നിൽക്കുന്ന വല്യച്ചനെ കണ്ടപ്പോൾ എനിക്കും ലാലുവിനും ഒരുപോലെ ചിരിപൊട്ടി . ഞങ്ങൾ രണ്ടുപേരും ചിരി അമർത്തിപ്പിടിച്ചു പരസ്പരം നോക്കി . ഞാൻ പറഞ്ഞതെല്ലാം കേട്ട് കിളിപോയി നിൽക്കുന്ന വല്യച്ഛൻ മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് പടപടാന്ന് കുടിച്ചു . പാവം , ദാഹം കെട്ടപ്പോൾ എന്നെ വളരെ ദേഷ്യ ഭാവത്തിൽ ഒന്നു നോക്കി .

” അപ്പൊ എങ്ങനെയാ , കൊടുത്ത കേസ് പിൻവലിക്കുക അല്ലേ ? ”

” നീ പാമ്പിനെയാണ് നോവിച്ചത് , ഇതിന് നീ അനുഭവിക്കും നോക്കിക്കോ ”

അത്രയും പറഞ്ഞ് പകയോടെ എന്നെ നോക്കി അയാൾ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയി . അതിനുശേഷം ഞാൻ ലാലുവിന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു . ഞങ്ങളുടെ കൂടെ ചെറിയച്ഛനും ഉണ്ടായിരുന്നു . എന്റെ പെർഫോമൻസ് എല്ലാം കണ്ട് ശരിക്കും അന്തംവിട്ടു നിൽക്കുകയാണ് ലാലു . ഞാൻ അവന് ചെറുപുഞ്ചിരി മാത്രം സമ്മാനിച്ചു വണ്ടിയിലേക്ക് കയറി . ഞാൻ കയറിയ പാടെ അവൻ എന്റെ കയ്യിൽ പിടിച്ച് കുലുക്കി എനിക്ക് ഷേക്ക് ഹാൻഡ് തന്നു .

” കലക്കി മോളേ , നീ പൊളിച്ചടുക്കി . വല്യച്ഛന് ഇതിനുമുമ്പ് ഇത്രയും ചമ്മി ഞാൻ കണ്ടിട്ടില്ല . ”

” എന്നാലും മോളെ അത്രയ്ക്ക് വേണ്ടായിരുന്നു , ഏട്ടന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം ഇനി നിന്നെ ദ്രോഹിക്കാൻ ആയിരിക്കും അയാൾ ശ്രമിക്കുക . ”

അത്രയും പറഞ്ഞ് ചെറിയച്ഛൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു കിടന്നു . പിന്നെ വീടെത്തും വരെ ഞങ്ങൾ മൂന്നു പേരും പരസ്പരം ഒന്നും മിണ്ടിയില്ല . വീടിനു മുറ്റത്ത് കാർ എത്തിയപ്പോഴാണ് ഞാൻ കണ്ണു തുറന്നു നോക്കിയത് . അപ്പോഴേക്കും ചെറിയ അമ്മയും മക്കളും ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നിരുന്നു . പിന്നെ അവിടെ നടന്നത് എല്ലാം ലാലു അവർക്ക് വിശദമായി തന്നെ പറഞ്ഞു കൊടുത്തു . എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചെറിയമ്മ എന്നെ ചേർത്തുപിടിച്ച് എന്റെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു .

” രാധമ്മേ , വല്ലാതെ വിശക്കുന്നു ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ ? ”

ചെറിയച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ചെറിയമ്മ തലക്ക് കൈ കൊടുത്തു വേഗം അകത്തേക്ക് കയറി കൊണ്ട് വിളിച്ചുപറഞ്ഞു :

” നിങ്ങളെല്ലാവരും കയ്യും കാലും കഴുകി വന്നോളൂ , അപ്പോഴേക്കും ഞാൻ വേഗം റെഡി ആക്കാം ”

ഞാനും ചെറിയമ്മയും സ്വാതിയും ശ്വേതയും ശ്രേയയും കൂടെ തട്ടിയും മുട്ടിയും വേഗം ഒരു പാചക കസർത്ത് നടത്തി . അതിനുശേഷം ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു . പിന്നെ ഓരോരുത്തരും അവരുടെ പണിയിലും മുഴുകിയിരുന്നു . അപ്പോഴും ചെറിയച്ഛൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് ഓരോ ചിന്തകളിൽ ആയിരുന്നു .

അൽപ സമയം ഞാൻ അവിടെ ഇവിടെയൊക്കെ നിന്ന് കറങ്ങി അടുക്കളയിലെ പണിയൊക്കെ ഒരുവിധം തീർന്നപ്പോൾ അൽപനേരം കിടക്കാമെന്ന് കരുതി റൂമിൽ കയറി . അപ്പോഴാണ് ബാഗിന് സൈഡിലുള്ള എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് . ഞാന് ഫോൺ കയ്യിലെടുത്തു , ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന പേരു കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .

“”””””” ആർമി കോളിംഗ് “””””””

അൽപനേരം എന്റെ കയ്യിൽ കിടന്ന ഫോൺ റിങ്ങ് ചെയ്തതിനുശേഷം അത് കട്ടായി . രണ്ടാമതും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ കോൾ അറ്റൻഡ് ചെയ്തു .

” ഹലോ …. ”

” ഹലോ ശ്രുതി തനിക്ക് എന്നെ മനസ്സിലായോ ? ”

” ഇല്ലല്ലോ , ആരാ ? ”

” നിന്റെ മറ്റവൻ ”

ആർമിയിൽ നിന്ന് പെട്ടെന്ന് അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല .

” ഡോ , എന്റെ മറ്റവനെ വിളിച്ചാൽ ഉണ്ടല്ലോ ? ”

” വിളിച്ചാൽ നീ എന്ത് ചെയ്യും ? ”

” വിളിച്ചു നോക്ക് , അപ്പോ അറിയാം ”

” നിന്റെ മറ്റവൻ … മറ്റവൻ … മറ്റവൻ … മറ്റവൻ … മറ്റവൻ … ”

കൊച്ചുകുട്ടികളെപ്പോലെ എന്നോട് വഴക്കിന് വന്ന ആർമിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .

” എന്തോന്ന് പെണ്ണാടി നീ , നിന്റെ മറ്റവനെ വിളിച്ചപ്പോൾ നിന്ന് കിണിക്കുന്നോ ? ”

” അതിന് ഇയാൾക്ക് ഇപ്പൊ എന്താ ? ”

” ഓ …… ഒന്നുമില്ലേ ”

” അല്ല എന്താണാവോ പെട്ടെന്ന് വിളിക്കാൻ തോന്നിയത് ? ”

” പ്രത്യേകിച്ച് ഒന്നുമില്ല , എന്തോ അങ്ങനെ തോന്നി ”

” സത്യം പറ , എന്താ ഇപ്പോഴത്തെ പ്രശ്നം ”

” പ്രശ്നമോ ? എന്ത് പ്രശ്നം ”

” ഒന്നുമില്ലേ ??? ”

” ഇല്ല . നിനക്ക് തോന്നിയതാവും ”

” മോനെ ആർമി , നി ശ്രുതിക്ക് കള്ളം പറയുന്നവരെ ഇഷ്ടമല്ല . അഥവാ ചെറിയ കള്ളങ്ങൾ പറയുന്നുണ്ടെങ്കിൽ അത് ഈ ഞാൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് . നീ എന്നോട് പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ പറയണ്ട ”

” ഏയ് അങ്ങനെയൊന്നുമില്ലേടോ , ചെറിയ ഓരോ ടെൻഷൻസ് പിന്നെ ചെറിയ മൂഡ് ഓഫ് ”

” ആഹാ , എന്തു പറ്റി രാവണ , നിന്റെ സീതയെ ശ്രീരാമൻ കട്ടുകൊണ്ടുപോയോ ”

” ശ്രീരാമൻ കൊണ്ടുപോയതല്ല സീതേ , ? വനവാസത്തിന്റെ കാലാവധി കഴിഞ്ഞാൽ മടങ്ങി വരുമോ നീ ”

” എന്തോ , എങ്ങനെ …. എങ്ങനെ എങ്ങനെ ??? ”

” ഒന്നുമില്ലേ ……… ? ”

” എന്നാൽ രാവണാ പിന്നെ കാണാം എനിക്ക് കുറച്ചു പണിയുണ്ട് ”

” ഓ ആയിക്കോട്ടെ ജാനകി ”

ആർമിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നി മനസ്സിനും ശരീരത്തിനും . ഫോണ് ചാർജിൽ ഇട്ട ശേഷം പുറത്തേക്കു വന്ന ഞാൻ കണ്ടത് ചെറിയച്ഛൻ ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുന്നതാണ് . എന്നെ കണ്ടപ്പോൾ ചെറിയച്ഛൻ വേഗം ഫോണെടുത്ത് പറമ്പിലേക്കിറങ്ങി . ആ സംസാരം കണ്ടാലേ അറിയാം എന്തോ സീരിയസ് ആയ കാര്യമാണെന്ന് . ഫോണിൽ ഉള്ള സംസാരം കഴിഞ്ഞതിനുശേഷം ചെറിയച്ഛൻ അകത്തേക്ക് കയറിവന്നു . പിന്നെയും മൗനം തുടർന്നുകൊണ്ട് ചാരുപടിയിൽ ചാരിയിരുന്നു . പിന്നെ ഞാനും ഒന്നും ചോദിക്കാൻ .

സന്ധ്യയായപ്പോൾ ശ്വേതാ വിളക്ക് കത്തിച്ചു പ്രാർത്ഥന തുടങ്ങി . ശ്വേതയെ കാൾ ഉച്ചത്തിൽ നാമജപം നടത്തുന്നത് ശ്രേയ ആണ് . എനിക്ക് അവർ രണ്ടുപേരും എന്തോ മത്സരിക്കുന്ന പോലെയാണ് തോന്നിയത് . അത് കണ്ടപ്പോൾ ഞാനൊന്നു ഊറിച്ചിരിച്ചു . അങ്ങനെ അടുക്കളയിലേക്കു ഞാൻ ചെല്ലുമ്പോൾ ചെറിയമ്മയും ചെറിയച്ഛനും കാര്യമായ എന്ത് ചർച്ചയായിരുന്നു .

രാത്രി ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് . അപ്പോഴും റൂമിനകത്ത് നിശബ്ദത പരന്നിരുന്നു . ആ നിശബ്ദത തച്ചുടച്ചുകൊണ്ട് ഞാൻ ആദ്യം സംസാരിക്കാൻ തുടങ്ങി :

” ചെറിയമ്മേ , നല്ല അസ്സൽ സാമ്പാർ … അടിപൊളി … ”

” ഓ പിന്നെ അത്രയ്ക്ക് ഒന്നുമില്ല ”

ചെറിയമ്മയെ വെറുതെ കുശുമ്പ് പിടിപ്പിക്കാനായി ശ്വേത പറഞ്ഞു . ചെറിയച്ഛൻ അപ്പോഴും മൗനത്തിലായിരുന്നു . ഞാൻ ചെറിയച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ആ കണ്ണുകളിൽ നിന്ന് തന്നെ എനിക്ക് വായിച്ചെടുക്കാമായിരുന്നു അവയ്ക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് . ഭക്ഷണം കഴിച്ച് കഴിഞ്ഞതിനുശേഷം ഞാൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന ചെറിയച്ഛന്റ അരികിലായി പോയിരുന്നു . അപ്പോൾ ചെറിയച്ഛൻ എന്നെയൊന്നു നോക്കി ഉള്ളിൽ ഒരു ചെറിയ വേദന അടക്കിപ്പിടിച്ചു കൊണ്ട് ചിരിച്ചു .

” ചെറിയച്ഛ ”

” എന്താ മോളെ ? ”

” ചെറിയച്ഛന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? ”

” എന്താ മോൾക്ക് അങ്ങനെ തോന്നിയോ ? ”

” ഉവ്വ് ”

” നിന്റെ ഹരിമാമ ഇന്ന് വിളിച്ചിരുന്നു . ഇന്ന് നടന്നതെല്ലാം ഞാൻ അവനോട് പറഞ്ഞു . അവൻ പറഞ്ഞത് നിനക്ക് ആപത്ത് ഉണ്ടാക്കുന്നത് ഒന്നും സംഭവിക്കാൻ പാടില്ല എന്നാണ് ”

” എനിക്ക് അതിന് ഒരു ആപത്തും ഉണ്ടായില്ലല്ലോ ”

” ഇതുവരെയില്ല , എന്നാൽ ഇനി അങ്ങോട്ട് ……….. ”

അത്രയും പറഞ്ഞ് ചെറിയച്ഛൻ നിശബ്ദനായി . ഒരു നിമിഷം ഞാൻ ആ കണ്ണുകളിൽ എന്നോടുള്ള കരുതലും വാത്സല്യവും ഒപ്പം എനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയവും കണ്ടു . ഞാൻ പതിയെ ചെറിയച്ഛന്റെ കൈകളിൽ തലോടി :

” ചെറിയച്ഛൻ പേടിക്കണ്ട , ഈ ശ്രുതി ആളൊരു പുലിക്കുട്ടി ആണ് . എനിക്ക് ആരെയും പേടിയില്ല . മരണത്തെ ഒട്ടും പേടിയില്ല . എനിക്കെന്തെങ്കിലും പറ്റണം എങ്കിൽ അത് ഞാൻ തന്നെ വിചാരിക്കണം ”

” മോളെ ……… ”

ചെറിയച്ഛൻ എന്തോ പറഞ്ഞു തുടങ്ങിയെങ്കിലും അതു മുഴുവനാക്കാൻ ഞാൻ സമ്മതിച്ചില്ല .

” ചെറിയച്ഛൻ ഒന്നുകൊണ്ടും പേടിക്കേണ്ട , എനിക്കൊന്നും പറ്റില്ല . ”

ഞാൻ അതും പറഞ്ഞ് കണ്ണിറുക്കി കൊണ്ട് അടുക്കളയിലേക്ക് ഓടി . അപ്പോഴും ചെറിയച്ഛൻ വരാൻപോകുന്ന ആപത്തിനെക്കുറിച്ച് ഓർത്ത് വേവലാതിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ….

( തുടരും ) ………………………

 

Read complete ശ്രുതി Malayalam online novel here

4.2/5 - (4 votes)
Exit mobile version