Site icon Aksharathalukal

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 16

താലി കഥ

ആ കാഴ്ച കണ്ടു ബില്ലടച്ച് ഇറങ്ങിവന്നിരുന്ന വർഷയുടെ ശബ്ദം ആ പരിസരമാകേ അലയടിച്ചു കൊണ്ടിരുന്നു…കയ്യിലുള്ള കവർ ദൂരെക്ക് വലിച്ചെറിഞ്ഞവൾ ഓടിയവന്റെ അരികിലെത്തി, കണ്ണീരോടെതന്നെ റോഡിൽ അനക്കമില്ലാതെ കിടന്നിരുന്ന മാർക്കോയുടെ തലയെടുത്ത് മടിയിൽ വെച്ചു..അപ്പോയേക്കും ചുറ്റിലും ആളുകൾ കൂടിത്തുടങ്ങിയിരുന്നു…

അവന്റെ ചുടുചോര അവളുടെ മടിയിൽ തളം കെട്ടാൻ തുടങ്ങിയിരുന്നു…എന്ത്ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന നിമിഷം…

“ചെക്കൻ തീർന്നെന്നാ തോന്നുന്നേ,അനക്കമൊന്നും കാണുന്നില്ലല്ലോ…”

അടുത്ത് നിന്നിരുന്ന ഒരാളുടെ സംസാരം കൂടി കേട്ടതോടെ എന്റെ കൈകാലുകൾ കുഴയാൻ തുടങ്ങി…

“ആരെങ്കിലുമൊന്നു സഹായിക്കോ…വേഗം.. അവനിപ്പോ ഇല്ലാതാവും ആരെങ്കിലും ഒന്ന് സഹായിക്കൂ…”

കൂടിനിന്നിരുന്നവർക്കിടയിലേക്ക് കൂപ്പു കൈകളുമായി കരഞ്ഞുകൊണ്ട് വർഷ കേണപേക്ഷിക്കാൻ തുടങ്ങി…അപ്പൊയെക്കും എങ്ങുനിന്നോ പാഞ്ഞെത്തിയ ആംബുലൻസ് വലിയ ശബ്ദത്തോടെ ബ്രേക്ക് ചെയ്തു നിർത്തി…നിമിഷനേരം കൊണ്ട് അതിൽന്നിറങ്ങിയ കുറച്ച് പേര് സ്ട്രൈക്ച്ചറിൽ അവനെയും താങ്ങിയെടുത്ത് അതിനുള്ളിലേക്ക് കയറി, കൂടെ വർഷയും…ആംബുലൻസിന്റെ വലിയ വാതിലുകൾ എനിക്ക്മുൻപിൽ കൊട്ടിയടക്കപെട്ടു, കാതു തുളക്കുന്ന ശബ്ദത്തോടെ അത് കണ്ണിൽ നിന്നും മായുന്നത് കണ്ണീരോ ഞാനും നോക്കി നിന്നു…

എന്റെ കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു…ചുറ്റുമുള്ളതെല്ലാം കിടന്ന് കറങ്ങുന്നത് പോലെ,പതിയെ നിലത്തേക്ക് പതിഞ്ഞു വീഴുന്നത് ഞാനറിഞ്ഞിരുന്നു…

കണ്ണ് തുറന്നപ്പോൾ കാണുന്നത് കറങ്ങുന്ന ഫാൻ മാത്രം…എവിടെയാണന്നറിയാതെ പരിഭ്രാന്തിയിൽ എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും കുറച്ചപ്പുറത്ത് നിന്നും നടന്നു വന്നൊരു പ്രായമായ സ്ത്രീ എന്നെ തടഞ്ഞു നിർത്തി…

“മോളെവിടേക്കാ,,,കൂടെയാരെയും കണ്ടില്ലല്ലോ, ആരൊക്കെയോ കൊണ്ട് വന്നു ഇവിടെ കിടത്തുന്നത് കണ്ടിരുന്നു…എന്താ ഉണ്ടായേ…”

ചുറ്റിലും കണ്ണോടിച്ച ശേഷം ഞാൻ തിരിഞ്ഞു കട്ടിലിൽ ചെന്നിരുന്നു…ഞാൻ എത്തിപ്പെട്ടിരിക്കുന്നതും ആശുപത്രിയിലാണ്.. മാർക്കോയുടെ മുഖം കണ്ണിൽ നിന്നും മായുന്നില്ല,കണ്ണുതുറന്നാലും അടച്ചാലും ചോരയിൽ കുളിച്ചു കിടക്കുന്ന ആ മുഖം..എന്റെ മറുപടി കിട്ടാതെ വന്നതോടെ ആ സ്ത്രീ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നുനീങ്ങുന്നത് ഞാൻ നോക്കിയിരിക്കുന്ന സമയത്താണ് വാതിൽ തുറന്നുകൊണ്ട് ഒരു നേഴ്സ് റൂമിലേക്ക് കടന്നു വന്നത്…

“ഈ ഗുളിക കഴിച്ചോളൂ…നീയാ ആക്‌സിഡന്റ് കണ്ടു തലകറങ്ങി വീണതാണെന്ന് കൂടെവന്നിരുന്ന ആ കൊച്ച് പറഞ്ഞു..ആ കൊണ്ടുവന്നയാൾക്ക് കുറച്ച് സീരിയസ് ആണെന്ന് തോന്നുന്നു..ഇതിപ്പോ മൂന്നാം തവണയാ ബ്ലഡ്‌ കയറ്റുന്നേ…”

കയ്യിലുള്ള ഗുളികയും കുടിക്കാനുള്ള വെള്ളവും എന്റെ കയ്യിൽ വച്ചുതന്ന ശേഷം ആ നേഴ്സ് റൂം വിട്ടിറങ്ങി…ഗുളിക കയിച്ചപ്പോയൊക്കെ കൈയുടെ വിറയൽ കാരണം വെള്ളം തുളുമ്പി പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു…ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല, മറ്റൊന്നും ചിന്തിക്കാതെ ഞാൻ മാർക്കോ കിടന്നിരുന്ന ക്യാഷാലിറ്റി ലക്ഷ്യമാക്കി നടന്നു..പേടിയും സങ്കടവും കാരണം നിറഞ്ഞു വന്നിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു…

ICU വിന് മുന്നിലുള്ള വലിയ ഹാളിൽ എങ്ങോട്ടാ നോക്കിയിരിപ്പാണ് വർഷ,എന്റെ വരവ് കണ്ടു കണ്ണുനീർ തുടച്ച ശേഷം അവൾ മുഖം തിരിച്ചു കുറച്ചപ്പുറം മാറി നിന്നു..അരികിലേക്ക് നടന്നെത്തിയ ഞാൻ പതിയെ അവളുടെ ചുമലിൽ കൈവെച്ചതും എന്നെയൊന്നു ഗൗനിക്കുക കൂടി ചെയ്യാതെ കൈ തട്ടിമാറ്റി പുറത്തേക്ക് നടന്നു..കോളേജിലുള്ളവർ ഒന്നും അറിഞ്ഞില്ലന്ന് തോന്നുന്നുണ്ട് ആരെയും കാണുന്നില്ല,അറിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കാൻ കൂടി വയ്യ..

മാർക്കോയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ., മുന്നിൽ ചെന്ന് നില്കാൻ പോകും ഞാൻ അർഹയല്ല, ആരു മനസ്സിലാക്കിയില്ലെങ്കിലും അവനെന്നെ മനസ്സിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്, അപകടത്തിലേക്ക് തള്ളിവിട്ടതല്ലല്ലോ, അതിന് വേണ്ടി തള്ളിയതുമല്ല.. ദേഷ്യം തീർത്തത് ഇങ്ങനെയായിപ്പോയി എന്ന് മാത്രം…

“പേഷ്യന്റിന്റെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ…”

എന്തോ ചിന്തയിൽ കസേരയിലിരുന്ന ഞാൻ പതിയെ നഴ്സിന്റെ ശബ്ദം കേട്ടു അടുത്തേക്ക് ചെന്നു…

“കാണണമെങ്കിൽ കയറി കണ്ടോളു,ബോധം തെളിഞ്ഞിട്ടുണ്ട്, പെട്ടന്ന് തിരിച്ചു ഇറങ്ങുകയും വേണം…”

ഞാൻ ചുറ്റും കണ്ണോടിച്ചു,. വർഷയെ കാണുന്നില്ല, മറ്റാരും വന്നിട്ടുമില്ല…ഞാൻ കയറി ചെന്നാൽ മാർക്കോ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല…

ഉള്ളിൽ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി, മുന്നിലുള്ള മറ്റൊരു വാതിലിന്റെ മറ നീക്കിയതും ഞാൻ കണ്ടിരുന്നു, മുഖത്തും നെറ്റിയിലും മുറിവ്കെട്ടുകളാൽ മൂടപ്പെട്ട മാർക്കോയുടെ ആ മുഖം…നെഞ്ചുവരെ പുതപ്പിച്ചതിന് മുകളിലായി കൈകൾ രണ്ടും ചേർത്തുവെച്ചിട്ടുണ്ട്, അതും വലത് കൈയ്യിൽ പ്ലാസ്റ്റർ,വിരലുകളിൽ ബ്ലീഡിങ് കാരണം ആ വെളുത്ത കെട്ടുകൾ ചോരയുടെ നിറമായിരിക്കുന്നു…
കണ്ണുകൾ നിറഞ്ഞു കണ്ണുനീർ പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു.,കുറച്ച് നേരം ആ കാഴ്ച കണ്ടു തേങ്ങിക്കരഞ്ഞ ശേഷം ഞാൻ ആ വാതിലും തുറന്ന് അകത്തേക്ക് കയറി…

പതിയെ കൈകൾ രണ്ടും ആ കാലിലേക്ക് ചേർത്ത് ഉള്ളിൽ ഒരായിരം തവണ മാപ്പ് ചോദിച്ചു,ഇടയ്ക്കെപ്പയോ അവന്റെ കണ്ണ് തുറന്നതും എന്റെ മുഖം കണ്ട് അവന്റെ മുഖത്തു വെച്ചിട്ടുള്ള മാസ്കിനിടയിലൂടെ ഒരു പുഞ്ചിരി വിരിയുന്നതും അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു…

“ചത്തോന്ന് അറിയാൻ വന്നതാണോ നീ…”

“പിറകിൽ നിന്നും വർഷയുടെ ശബ്ദം.,”

“വർഷേ. ഞാൻ…”

“വേണ്ട ഒന്നും പറയണ്ട.,കാരണം പറഞ്ഞുള്ള നിന്റെ കണ്ണീർ എനിക്ക് കാണേണ്ട.. അവനെന്തു ചെയ്തിട്ടാ ഇതൊക്കെ…നിന്നെ പാവപെട്ട വീട്ടിലെ കുട്ടിയാണെന്ന് വിചാരിച്ചു നിന്നെ സഹായിച്ചതോ, അതോ നല്ലൊരു ഫ്രണ്ടായി കൂടെ നടന്നതോ…
നീ എങ്ങോട്ടെന്ന് വെച്ചാ പൊക്കോ, എനിക്കിനി നിന്നോടുള്ള ഫ്രണ്ട്ഷിപ് മുന്നോട്ട് കൊണ്ട് പോകാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്…

അവളുടെ വാക്കുകൾ തീ മഴപോലെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു…പതിയെ ഒളിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ മാർക്കോയുടെ മുഖത്തേക്ക് നോക്കി… ആ കണ്ണും നിറഞ്ഞു തൂവിയിട്ടുണ്ട്..

മറുപടി പറയാതെ ഞാൻ തിരിഞ്ഞു നടന്നു…അപ്പൊയേക്കും കോളേജിലേ ഫ്രണ്ട്സെല്ലാം വിവരമറിഞ്ഞു ഹോസ്പിറ്റലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു…

(തുടരും….)

*(: അൽറാഷിദ് സാൻ…. )*

 

താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

5/5 - (2 votes)
Exit mobile version