Site icon Aksharathalukal

നജീബിൻ്റെ രോമാവൃതമായ നെഞ്ചിലൂടെ വിരലുകളോടിച്ച്

“ഇക്കാ… ഞാൻ ഇന്നലെ പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിച്ചു നോക്കിയോ?

ഇളയകുട്ടി ഉറങ്ങി കഴിഞ്ഞപ്പോൾ, തിരിഞ്ഞ് കിടന്ന് നജീബിൻ്റെ രോമാവൃതമായ നെഞ്ചിലൂടെ വിരലുകളോടിച്ച് കൊണ്ട് , ഷഹന ചോദിച്ചു.

“എന്ത് കാര്യം”

ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന നജീബ് നീരസത്തോടെ ചോദിച്ചു.

“ഇത്ര വേഗം മറന്നോ? നമ്മൾ ഈ തറവാട്ടിൽ നിന്നും മാറി താമസിക്കുന്നതിനെക്കുറിച്ച് ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ?

“ഓ അതാണോ? എൻ്റെ ഷഹനാ .. ഇപ്പോൾ ഇവിടുന്ന് മാറേണ്ട കാര്യമുണ്ടോ? എല്ലാവരോടുമൊപ്പം സന്തോഷത്തോടെ ഇവിടെ ഇങ്ങനെ ജീവിച്ചു പോകുന്ന സുഖം, നമ്മൾ മാത്രമായിട്ട് ഒറ്റയ്ക്ക് മാറി താമസിച്ചാൽ കിട്ടുമോ?

“അത് തന്നെയാണ് പ്രശ്നം, എൻറെ ഇക്കാ.. ഈ വീട്ടിൽ ഇപ്പോൾ ഏറ്റവും അധികം വരുമാനമുള്ളത് നിങ്ങൾക്കാണ് പക്ഷേ, അത് മുഴുവൻ ഒരു കണക്കുമില്ലാതെ, നിങ്ങൾ ഈ തറവാട്ടിലെ ഓരോ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയാണ്, നമുക്ക് രണ്ടു പെൺകുട്ടികളാണ്, അവർ വളർന്നു വരുമ്പോൾ, അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും സമ്പാദിച്ച് വെയ്ക്കണ്ടേ? അതൊരിക്കലും ഒന്നിച്ച് കിടന്നാൽ നടക്കില്ല”

ഷഹന അത് പറഞ്ഞപ്പോൾ നജീബിൻ്റെ മനസ്സിൽ തട്ടി.

ശരിയാണ് അവൾ പറഞ്ഞത്, ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന് പണ്ട് ബാപ്പ പറയുമായിരുന്നു, ഇന്നത്തെ നിലയിൽ രണ്ട് പെൺകുട്ടികളെ കെട്ടിച്ചയക്കണമെങ്കിൽ, ലക്ഷങ്ങളുടെ സമ്പാദ്യം കയ്യിൽ വേണം, അതിന് താൻ തന്നെ സമ്പാദിക്കുകയും വേണം ,തൻ്റെ രണ്ട് ചേട്ടന്മാർക്കും ആൺകുട്ടികളായത് കൊണ്ട് അവർക്കതിൻ്റെ വേവലാതിയൊന്നും കാണില്ല.

“ശരി നാളെ ഞാൻ ഇക്കാക്ക മാരോട് ഒന്ന് സംസാരിക്കട്ടെ, ഇവിടുന്നുള്ള ഷെയറ് കിട്ടിയാലല്ലേ നമുക്ക് അടുത്ത വീടും സ്ഥലവും എടുക്കാൻ പറ്റു”

നജീബ് ഒരു തീരുമാനത്തിലെത്തിയത് പോലെ ഷഹനയോട് പറഞ്ഞു.

അനുജൻ്റെ പുതിയ തീരുമാനം കേട്ടപ്പോൾ നജീബിൻ്റെ ഇക്കാക്കമാർ ശരിക്കും പകച്ച് പോയി .

“മോനേ .. നീയെന്തായീ പറയുന്നത് നമ്മൾ മൂന്ന് പേരും ഈ തറവാട്ടിൽ മരണം വരെ ഒന്നിച്ചുണ്ടാവണമെന്നല്ലേ അവസാന ശ്വാസം വലിക്കുമ്പോഴും ബാപ്പ നമ്മളോട് പറഞ്ഞത്”

“പക്ഷേ, അന്ന് നമ്മളാരും വിവാഹം കഴിച്ചിട്ടില്ലല്ലോ ,അതിന് ശേഷമല്ലേ നമുക്കെല്ലാവർക്കും ഓരോ കുടുംബങ്ങളായത് ,നിങ്ങൾക്ക് ആൺമക്കളായത് കൊണ്ട് ഒന്നും കരുതി വയ്ക്കേണ്ട കാര്യമില്ല ,പക്ഷേ എനിക്കങ്ങനല്ല, രണ്ട് പെൺകുട്ടികളാണ്, അവരുടെ ഭാവി ഞാൻ തന്നെയല്ലേ നോക്കേണ്ടത്”

നജീബ് അല്പം കടുപ്പിച്ച് പറഞ്ഞു.

“മോനേ.. നജീബേ..ബാപ്പ ,അൻപത്തിയെട്ടാമത്തെ വയസ്സിൽ ,കേന്ദ്രസർവ്വീസിലിരുന്ന് മരിക്കുമ്പോൾ, നിനക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു,
അന്ന് ബാപ്പയുടെ ജോലി മൂത്തവനായ എനിക്കോ എൻ്റെ ഇളയവനായ സലിമിനോ വേണമെങ്കിൽ എടുക്കാമായിരുന്നു, ബന്ധുക്കളൊക്കെ ഒരു പാട് നിർബന്ധിച്ചതുമാണ് ,ബാപ്പ ഞങ്ങൾക്ക് കൃഷിപ്പണിയും കച്ചവടവുമൊക്കെയായി ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കിത്തന്നിരുന്നു ,ഞങ്ങൾ അതിൽ പൂർണ്ണ സംതൃപ്തരായിരുന്നു, ഇളയവനായത് കൊണ്ടും , ഏറെ പുന്നാരിച്ച് വളർത്തിയത് കൊണ്ടും തീരെ ഉത്തരവാദിത്വ ബോധമില്ലാത്ത നിൻ്റെ കാര്യത്തിൽ ബാപ്പയ്ക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നു ,നീ സ്വയം ബുദ്ധിമുട്ടി ഒരു ജോലി സമ്പാദിക്കില്ലെന്ന് നിൻ്റെ പ്രകൃതം കൊണ്ട് ബാപ്പയെപ്പോലെ ഞങ്ങൾക്കും അറിയാമായിരുന്നു.അത് കൊണ്ട് നിനക്ക് വേണ്ടി ഞങ്ങളാ ജോലി കരുതിവച്ചു.അത് കൊണ്ടാണ് നീയിപ്പോൾ വലിയ ഉദ്യോഗസ്ഥനായത്, അറിയാമോ?

മൂത്ത ജേഷ്ടൻ കണ്ഠമിടറി കൊണ്ട് പറഞ്ഞു.

“ഓഹ് അത് കൊണ്ടെന്താ എൻ്റെ ശബ്ബളം ഞാൻ ഈ തറവാട്ടിലേക്ക് തന്നെയല്ലേ കൊണ്ട് തരുന്നത്, അങ്ങനെയല്ലേ ഇവിടെ ചിലവ് കഴിയുന്നത്”

“നജീബേ…നീയെന്തറിഞ്ഞിട്ടാ ഇങ്ങനെ സംസാരിക്കുന്നത്, നമ്മൾ ഓരോരുത്തരും കഴിക്കുന്ന, ഉപ്പ് തൊട്ട് സകല പലചരക്ക് സാധനങ്ങളും കൊണ്ട് വരുന്നത് ഇക്കാക്കാടെ കടയിൽ നിന്നാണ്, പിന്നെ കറണ്ട് ബില്ല്, വാട്ടർ ബില്ല്, ഫോൺ ബില്ല് ,കേബിൾ ചാർജ്ജ് ,ഗ്യാസ് എന്ന് വേണ്ട കുട്ടികളുടെ സ്കൂൾ ഫീസ് പോലും അടക്കുന്നത് നമ്മുടെ പറമ്പിലെ കൃഷിയിൽ നിന്ന് കിട്ടുന്ന ആദായം കൊണ്ടാണ് ,ഇതിനൊന്നിനും നിൻ്റെ ഒരു നയാ പൈസ പോലും ഞങ്ങളെടുത്തിട്ടില്ല”

സലീം ,ഗദ്ഗധത്തോടെ പറഞ്ഞു.

“അപ്പോൾ പിന്നെ നജീബിക്കാ തന്ന പൈസയൊക്കെ എന്ത് ചെയ്തു”

ഷഹന വെല്ലുവിളിയോടെ ചോദിച്ചു.

“അതൊന്നും ചെയ്തിട്ടില്ല ,അവനാദ്യം കിട്ടിയ ശബ്ബളം മുതൽ, ഓരോ രൂപയും നിൻ്റെ രണ്ട് പെൺകുട്ടികളുടെ പേരിലും, ബാങ്കിലും മറ്റുമായി നിക്ഷേപിച്ചിട്ടുണ്ട് ,അവർക്ക് പ്രായപൂർത്തിയാകുമ്പോൾ മാത്രം തിരിച്ചെടുക്കാവുന്ന രീതിയിൽ ,പിന്നെ അതിനെ കുറിച്ച് പറയാതിരുന്നത് മറ്റൊന്നുമല്ല, നിൻ്റെ മക്കൾ, ഞങ്ങളുടെയും കൂടി മക്കളാണെന്ന് ഞങ്ങൾ ചിന്തിച്ച് പോയത് കൊണ്ടാണ് ,ഇനിയെന്താണ് ഈ ഇക്കാമാര് നിനക്ക് ചെയ്ത് തരേണ്ടത്, നീ ഇവിടം വിട്ട് പോകാതിരിക്കാനായി, ഈ തറവാട് നിൻ്റെ പേരിലെഴുതി തരട്ടെ ,അതിനും ഞങ്ങൾ തയ്യാറാണ് ,എന്നാലെങ്കിലും നീ ഞങ്ങളെ വിട്ട് പോകരുത് മോനേ…”

പൊട്ടിക്കരഞ്ഞ് കൊണ്ട് വല്ലിക്കാ
തന്നെ കെട്ടിപ്പിടിച്ചപ്പോൾ നജീബിന് സഹിക്കാനായില്ല.

“ഇല്ലിക്കാ.. എനിക്കൊരു തെറ്റ് പറ്റി, ഞാൻ നിങ്ങടെ പുന്നാര അനുജനല്ലേ? എന്നോട് ക്ഷമിക്ക്”

ജ്യേഷ്ടൻമാരോട് മാപ്പ് ചോദിച്ച് നജീബ് മുറിയിലേക്ക് ചെല്ലുമ്പോൾ,
കുറ്റബോധത്തോടെ ഷഹന അവിടെ നില്പുണ്ടായിരുന്നു.

“നിങ്ങളെന്നോടും പൊറുക്കണം ഞാനിനി ഒരിക്കലും ഇതാവർത്തിക്കില്ല”

NB :- സ്വാർത്ഥത ഒരിക്കലും നല്ലതല്ല ,കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം

രചന
സജി തൈപ്പറമ്പ്.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (3 votes)
Exit mobile version