Site icon Aksharathalukal

ഹൗസ് വൈഫ് (വീട്ടമ്മ) 

ഹൗസ് വൈഫ്
ഇന്ന് ഞങ്ങളുടെ വിവാഹവാർഷിമായിരുന്നു….

ആരും ഓർത്തില്ല ,

ഏട്ടനും മറന്നു..

കുറച്ചു നാളായിട്ട് ഏട്ടൻ അങ്ങനെയാണ്, വല്ലാതെ മാറിപോയിരിക്കുന്നു…

മോൾ പ്ലസ് ടുവിലാണ്..

വലിയ പെണ്ണായി…

അവളുടെ കാര്യമോർക്കുമ്പോൾ എപ്പോഴും ഉള്ളിൽ തീയാണ്…

ഇപ്പോഴത്തെ പിള്ളേർ അല്ലെ..

എന്താ എപ്പോഴാ തോന്നുന്നത് എന്ന് പറയാൻ പറ്റില്ല..

പോരാത്തതിന് ഒരു ഫോൺ കൂടി വാങ്ങി കൊടുത്തിട്ട് ഉണ്ട് സകല സമയവും അതിൽ തന്നെയാ…

സ്കൂളിൽ നിന്നും വന്നാൽ യൂണിഫോം പോലും മാറാതെ ഫോൺ കുത്തികൊണ്ടിരിക്കും….

എന്തെങ്കിലും പറയാൻ ചെന്നാൽ പറയും അമ്മ ഒട്ടും മോഡേൺ അല്ല..

അമ്മക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്നൊക്കെ…..

ഇളയ മോൻ പത്താം ക്ലാസ്സിൽ ആണ് അവനും ഒന്നും പറഞ്ഞാൽ അനുസരിക്കില്ല ഇപ്പൊ…

അവൻ എന്നും വൈകിട്ട് താമസിച്ചേ വീട്ടിൽ വരൂ.. കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും..

ഈ കൊല്ലം എസ് എസ് എൽ സി എഴുതേണ്ട ചെറുക്കനാ അതിന്റെ ഒരു ബോധവുമില്ല..

ഒരു വഹ ഒട്ടും പടിക്കത്തുമില്ല…

ഇപ്പൊ എന്റെ മുടികൊഴിച്ചില് വല്ലാതെ കൂടിയിരിക്കുന്നു..

ഉള്ളത് ഒക്കെ നരച്ചു തുടങ്ങി…..

കണ്ണിന്റെ താഴെ എല്ലാം കറുത്തു.. മുഖത്തെല്ലാം ചുളിവുകൾ വീണു.. 38 വയസ്സ് ആയതേയുള്ളു പക്ഷെ…

ഒരുപാട് നാളായി ഏട്ടൻ എന്നെ പുറത്ത് ഒക്കെ കൊണ്ടുപോയിട്ട്…

ഇപ്പൊ എനിക്കതിൽ പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല..

കരിയും പുകയും കൊണ്ട് ഈ വീട്ടിൽ ഒതുങ്ങാനും.. ഒഴിവുസമയങ്ങൾ ഇവിടെ തന്നെ ചിലവാക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു…

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകണം ബി എഡ് ഒക്കെ എടുക്കണം,…

എവിടെ എങ്കിലും പഠിപ്പിക്കാൻ കയറണം എന്ന് ഒക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു…

പക്ഷെ വീട്ടിലെ അവസ്ഥ അതിനൊന്നും അനുവദിച്ചില്ല….

എനിക്ക് മുകളിൽ 2 പേരുണ്ട് ഞങ്ങളെ പറഞ്ഞു അയക്കാൻ വേണ്ടി കൃഷി പണി മാത്രം ഉണ്ടായിരുന്ന അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു..

അന്നത്തെ അവസ്ഥായിൽ പ്രീ ഡിഗ്രി കഴിഞ്ഞു പഠിക്കണം എന്ന് അച്ഛനോട് പറയാൻ ധൈര്യമില്ലായിരുന്നു…

പക്ഷേ അത് തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നു..

ഏട്ടനും മക്കളും പോയി കഴിഞ്ഞാൽ ഞാനും വീടും ഒറ്റക്കാണ്…

അങ്ങനെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് സ്വന്തമായി ഒരു ജോലി..

വരുമാനം എന്നൊക്കെ.. എന്നും രാത്രി 10:30 കഴിയും അടുക്കളയിലെ ജോലി കഴിയാൻ.. രാവിലെ 4:45 എഴുന്നേറ്റ് പണി തുടങ്ങും എങ്കിലേ എല്ലാരേയും സമയത്ത് പറഞ്ഞയക്കാൻ പറ്റു …

അരിക്ക് ഇത്തിരി വേവ് കൂടിയാലും കാരണക്കാരി ഞാൻ തന്നെ എന്തുകൊണ്ട് നേരത്തെ എഴുന്നേറ്റില്ല എന്നാകും ചോദ്യം….

കല്യാണം കഴിഞ്ഞു പ്രായത്തിന്റെ പക്വത വരുന്നതിന് മുന്നേ കുഞ്ഞുണ്ടായി..

പിന്നീട് എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഞാൻ അവളിൽ ഒതുക്കി തുടങ്ങി..അധികം വൈകാതെ തന്നെ മോനും ഉണ്ടായി അപ്പോഴേക്കും എന്റെ ശരീരം വല്ലാതെ മാറിപോയിരുന്നു..

22ആം വയസ്സിൽ ശരീരത്തിന് 35 വയസ്സ് തോന്നി…

ഏട്ടൻ ഞങ്ങളെ സിനിമ കാണിക്കാനോ ബീച്ചിലോ ഒന്നും കൊണ്ടുപോകാറില്ല ..

കുട്ടികളുടെ നിർബന്ധപ്രകാരം ബീച്ചിൽ കൊണ്ടുപോയാലും ഏട്ടൻ എവിടെയെങ്കിലും പോയിരിക്കും..

കുറച്ചു ദൂരം നടക്കാം എന്ന് ഞാൻ പറഞ്ഞാൽ പറയും ഈ വയസ്സാംകാലത് അല്ലെ കൈയും കോർത്തുപിടിച്ചു പ്രേമിക്കുന്നത് എന്ന്…

അങ്ങനെ കട്ടിലിൽ കൂടെ കിടക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ഒരു യന്ത്രം മാത്രമായി ഞാൻ ഒതുങ്ങി പോയി എന്ന് ഒരു തോന്നൽ..

അടുക്കളയിലെ ജോലിയും കഴിഞ്ഞു കുറച്ചു സമയം സീരിയൽ കാണാൻ ഇരുന്നാൽ അപ്പൊ വരും ഏട്ടൻ
‘ഇതുപോലത്തെ സീരിയൽ ഒന്നും ഇവിടെ വെച്ച് പോകരുത് മേലിൽ…

ഏത് നേരവും കുറെ അവിഹിതങ്ങളും കരച്ചിലുകളും പിന്നെ അച്ഛനെ അന്വേഷിക്കുന്ന പിള്ളേരും മാത്രം..

എന്നും പറഞ്ഞു ഏട്ടൻ ന്യൂസ് വെക്കും.. ഇപ്പോഴത്തെ ന്യൂസ് കാണുന്നതിലും ഭേദം ടി വി സീരിയൽ തന്നെ ആണ് ഞാൻ എപ്പോഴും മനസ്സിൽ പറയും…

വിവാഹ വാർഷികമല്ലേ ഏട്ടൻ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലാലോ….

ഇത്തവണ ചിട്ടി കിട്ടിയ കുറച്ചു പൈസ കയ്യിൽ ഉണ്ട്.. ഉച്ചകഴിഞ്ഞു വെയിലാറിയിട്ട് വീടും പൂട്ടി ഞാൻ ഇറങ്ങി..

മക്കളുടെ കയ്യിൽ താക്കോൽ വേറെ കാണും…

ആദ്യം പോയത് തുണിക്കടയിലേക്കാണ് ഏട്ടന് ഒരു ഷർട്ട് വാങ്ങി….

അവിടെ നിന്നും ഇറങ്ങി കുറച്ചു പലചരക്ക് സാധങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. ഇത്തിരി പാൽപായസം,വെക്കണം മോൾക്ക് വലിയ ഇഷ്ടമാണ് പാൽപായസം..

സാധനം എല്ലാം വാങ്ങി തിരികെ വീട്ടിൽ പോകാൻ ബസ് കയറി…

നല്ല മഴയുണ്ടായിരുന്നു വരുന്ന വഴിക്ക് ബസ് ചെറിയതായി ആക്സിഡന്റ് ആയി….

ആർക്കും കാര്യമായി ഒന്നും പറ്റിയില്ല..

എന്റെ തല സീറ്റിന്റെ മുന്നിലുള്ള കമ്പിയിൽ ഒന്നിടിച്ചു..

ചെറിയ ഒരു മുറിവുണ്ടായി.. അങ്ങനെ എല്ലാവരെയും ആശുപത്രിയിൽ കൊണ്ടുപോയി..

എല്ലാം കൂടി അവിടെ ഒരു ബഹളമായിരുന്നു.. അങ്ങനെ മുറിവും വെച്ച് കെട്ടി ഞാൻ ആശുപത്രിയിൽ നിന്നും തിരിച്ചിറങ്ങി..

അപ്പോഴേക്കും സമയം ഏതാണ്ട് 6.00 കഴിഞ്ഞിരുന്നു..

ഈ തിരക്കിന്റെ ഇടയിൽ ഏട്ടനെ വിളിക്കാൻ മറന്നു.. ഏതെങ്കിലും ബൂത്തിൽ കേറിയാൽ സമയം പോകും അതുകൊണ്ട് അതിനു നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു…

സമയം 6.45 കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ…

മക്കൾ രണ്ട് പേരും വരാന്തയിൽ ഉണ്ടായിരുന്നു..

രണ്ടുപേരുടെയും മുഖത്ത് നല്ല ദേഷ്യമുണ്ട് അവരോട് പറയാതെ പോയതിന്റെ ആകും…

എന്നെ കണ്ടിട്ട് രണ്ടാളും മുഖം വീർപ്പിച്ചു ഉള്ളിലേക്ക് കയറി പോയി…

ഏട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.. പതിവിലും ഗൗരവം ആ മുഖത്ത് ഉണ്ട്…

ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഏട്ടൻ അടുത്തേക്ക് വന്നു…
‘എന്റെ മാളു നീ എന്ത് പണിയ കാണിച്ചേ മനുഷ്യനെ നീ തീ തീറ്റിച്ചല്ലോ.ഒരു മൊബൈൽ ഫോൺ വാങ്ങാൻ പറഞ്ഞാൽ അതും കേൾക്കില്ല…’

സത്യം പറഞ്ഞാൽ ഏട്ടൻ പറഞ്ഞത് കേട്ട് എന്റെ കണ്ണ് രണ്ടും നിറഞ്ഞു…

കല്യാണം കഴിഞ്ഞ സമയത് എപ്പോഴോ എന്നെ വിളിച്ച പേരാ മാളുന്ന് പിന്നെ ഇപ്പോഴാ….

ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു…

‘ആ മതി മതി നീ ഉള്ളിലേക്ക് ചെല്ല് പിള്ളേര് അകെ ദേഷ്യത്തിലാ’

‘അത് ഞാൻ ഇപ്പൊ ശരിയാക്കാം എന്റെ മക്കൾ അല്ലെ’

ഞാൻ മക്കളുടെ പേരും വിളിച്ചുകൊണ്ട് വാതിലും കടന്ന് ഉള്ളിലേക്ക് കയറി…

മേശയുടെ മുകളിൽ എന്തോ ഇരിക്കുന്നത് ശ്രദിച്ചു.

ഞാൻ അടുത്ത് ചെന്ന് തുറന്നു നോക്കി.ഒരു കേക്ക് ആയിരുന്നു.അതിൽ എഴുതിയിരുന്നത് ഞാൻ വായിച്ചു..
“Happy Wedding Anniversary Dear Acha and Amma”
ഞാൻ ആകെ ഞെട്ടി പോയി..

അപ്പോഴേക്കും ഏട്ടൻ വന്ന എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു..

‘നീ എന്താ കരുതിയത് ഞാൻ മറന്നു എന്നാണോ മാളു’

മക്കൾ രണ്ടാളും മുറിയിൽ നിന്നും ഒരു കള്ള ചിരിയുമായി ഓടി അടുത്ത് വന്നു…

‘ഹോ എന്തൊക്കെ പ്ലാൻ ആയിരുന്നു ഈ അമ്മ എല്ലാം നശിപ്പിച്ചില്ലേ’

ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..
‘ആ സാരമില്ല നീ വേഗം ചെന്ന് റെഡി ആയി വാ നമ്മുക് ഇന്ന് പുറത്ത് നിന്നും ഭക്ഷണം കഴിക്കാം…നിന്റെ പ്രീയപ്പെട്ട ഹോട്ടലിൽ തന്നെ പോയി കളയാം അല്ലെ മക്കളെ’
ഏട്ടൻ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി…
ഒരു ചമ്മിയ മുഖഭാവത്തോടെ ഞാൻ റെഡി ആകാനായി മുറിയിലേക്ക് പോയി… കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് നഷ്ടപെട്ട്‌പോയത് എന്തൊക്കെയോ തിരികെ കിട്ടിയ പോലെ….

സ്നേഹപൂർവ്വം…
ബദറുദീൻ ഷാ – Badaru Deen Sha

3.2/5 - (5 votes)
Exit mobile version