Site icon Aksharathalukal

തേപ്പുകാരിയുടെ കല്യാണം കൂടേണ്ടി വരുന്ന ഗതികേട്

തേപ്പുകാരിയുടെ കല്യാണം

രാവിലെ തന്നെ ഉറങ്ങി കിടന്ന എന്നെ വിളിച്ചു എണീപ്പിച്ചു അമ്മയുടെ ചോദ്യം

” നീ കല്യാണത്തിനു പോകുന്നില്ലേ ”

” ഉം ”

മറുപടി ഞാൻ മൂളലിൽ ഒതുക്കി

” നീ വരുമ്പോൾ ഒരു ബിരിയാണി പാർസൽ കൊണ്ടുവരണം. ബിരിയാണി കഴിച്ചിട്ട് ഒത്തിരി നാളായി ”

” അമ്മേ,,,,, ശവത്തിൽ കുത്തരുത് ”

” എടാ ആ പെണ്ണുംപിള്ള എന്നെ കല്യാണം വിളിച്ചതല്ലേ ,,,, എനിക്ക് മുട്ടുവേദന ആണ് വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ മതി. എന്റെ ബിരിയാണി പാർസൽ മേടിച്ചോ ”

ഈ പറയുന്ന കല്യാണം എന്റെ മുൻകാമുകിയുടെ കല്യാണമാണ്. ആരെയും അറിയിക്കാതെ ഒരു കൊല്ലം കൊണ്ട് നടന്ന പ്രണയം അവളുടെ വീട്ടിൽ അറിഞ്ഞപ്പോൾ ആകെ സീനായി. അവളെ നൈസായിട്ട് കാലുമാറി. അതുവരെ വീട്ടിൽ റോക്സ് സോങ് മാത്രം കേട്ടുകൊണ്ടിരുന്ന ഞാൻ പിന്നീട് കുറച്ചു ദിവസങ്ങളായി ശോകഗാനം മാത്രം കേൾക്കുമ്പോൾ അമ്മയും പെങ്ങളും ഇടംവലം നിന്ന് കളിയാക്കൽ ആണ്.

ചില വൈകുന്നേരങ്ങളിൽ ഞാൻ ശോകമൂകമായി ചെമ്മാനം നോക്കി കിടക്കുമ്പോൾ ഗിത്താറിസ്റ്റായ നിഷ്ക്കു പെങ്ങൾ ഗിത്താർ കൊണ്ടുവന്ന് പുറകിൽ നിന്ന് അതും ചിരണ്ടി കൊണ്ട് ബിജിഎം ഇടും.

ഞാനൊരു ലോലൻ ആണെന്നാണ് ഇവരുടെ എല്ലാവരുടെയും വിലയിരുത്തൽ. അതല്ലെങ്കിൽ ഒന്നുകിൽ അവളെ വിളിച്ചിറക്കി കൊണ്ടു വരണം അല്ലെങ്കിൽ അവളുടെ മുഖത്ത് നോക്കി നാല് മാസ് ഡയലോഗ് പറയണം. തൽക്കാലം ഇതിന് രണ്ടിനും എന്നെക്കൊണ്ട് പറ്റിയില്ല.

ഇങ്ങനെ വീട്ടുകാരുടെയും കൂട്ടുകാരുടെയും കളിയാക്കൽ സഹിച്ചു വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുമ്പോഴാണ് ഒരു ദിവസം അവളുടെ അമ്മയുടെ വരവ്,,,, കല്യാണം വിളിക്കാൻ. കയ്യിൽ ഒരു കവറും ഉണ്ട്. കല്യാണത്തിന് വരുമ്പോൾ എനിക്ക് ഇടാനുള്ള ഡ്രസ്സ് ആണ്. എന്നെ മാനസികമായി തകർക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ്. എന്റെ മനസ്സ് പറഞ്ഞു

” തളരരുത് രാമൻകുട്ടി തളരരുത് ”

അവളുടെ അമ്മ തന്ന കവർ ഞാൻ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ ഡ്രസ്സും ഇട്ട് കല്യാണത്തിന് പോകാൻ ഇറങ്ങുമ്പോൾ അത് സിറ്റൗട്ടിൽ ഗിത്താറും ചിരണ്ടി കൊണ്ട് നിഷ്ക്കു പെങ്ങൾ.

” അതേ ബിരിയാണി എനിക്കും പാഴ്സൽ കൊണ്ടുവരണം ,,,, ഇന്ന് ക്ലാസ് ഉണ്ട് മുടക്കാൻ പറ്റില്ല,,,, അതാണ് ”

എന്റെ ദൈവമേ എത്രയെത്ര മനുഷ്യന്മാർ തലയിൽ തേങ്ങ വീണു മരിക്കുന്നു. ഇതിന്റെ ഒന്നും തലയിൽ ഒരു മച്ചിങ്ങ പോലും വീഴുന്നില്ലല്ലോ.
എല്ലാവരുടെയും പരിഹാസം കേട്ടുകൊണ്ട് ഞാൻ കല്യാണത്തിന് പോയി പോയി.

എല്ലാവർക്കും ഒപ്പം ഞാനും കല്യാണപ്പന്തലിൽ ഇരിക്കുകയാണ്. ശോകമൂകമായ ഇരുത്തം കണ്ടിട്ട് കൂടെയുള്ളവർക്കും കൂട്ടുകാർക്കും ചിരിക്കണോ കരയണോ എന്ന് മനസ്സിലാവാത്ത അവസ്ഥയാണ്.

കാര്യം അവൾക്ക് ഇഷ്ടം ഒക്കെ തന്നെ ആയിരുന്നു. പക്ഷേ വീട്ടിൽ അറിഞ്ഞപ്പോൾ അവളുടെ അമ്മ സമ്മതിച്ചില്ല.

എല്ലാവരും നോക്കി നിൽക്കെ അവളുടെ ഒരുങ്ങി കല്യാണമണ്ഡപത്തിൽ വന്നു.ആഹാ, സുന്ദരിയാണല്ലോ. തിളങ്ങുന്ന കല്യാണ സാരിയും മേല് മുഴുവൻ സ്വർണവും. കുറച്ചുനേരം ഞാൻ അവളെ നോക്കി ആ ഇരിപ്പ് അങ്ങനെ തന്നെ ഇരുന്നു.

ഞങ്ങളുടെ പ്രണയം വളരെ നന്നായി അറിയുന്ന കുറച്ചുപേർ എന്നെയും അവരെയും മാറി മാറി നോക്കുന്നുണ്ട്. രണ്ടു തവണ നോക്കിയ മൂന്നാം മൂന്നാം തവണയാണ് ഇപ്പോൾ എല്ലാവരെയും ഞാൻ കണ്ണുരുട്ടി പേടിപ്പിച്ചു.

ഇതിപ്പോൾ ലോകത്തിൽ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ. എത്രയോ പേർ തേപ്പ് കാമുകിമാരുടെ കല്യാണത്തിന് പോയിരിക്കുന്നു. ഇത് കഴിഞ്ഞിട്ട് വേണം മനസ്സമാധാനത്തിന് ഒരു ബിരിയാണി അടിച്ചു ഒരു ബിരിയാണി പാഴ്സൽ വാങ്ങി പോകാൻ. വീട്ടിൽ കൊണ്ടുപോയി കൈസറിനു കൊടുക്കാനാണ്. എന്റെ വീട്ടിലെ പട്ടിയാണ്. അവന് ബിരിയാണി ഭയങ്കര ഇഷ്ടമാ. ഇവളെ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം ഉണ്ടാവട്ടെ.

പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞു. മുഹൂർത്തത്തിന് സമയമായിട്ടും ചെക്കൻ എത്തിയില്ല. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. അപ്പോഴാ ശോകമൂകമായ ബ്രോക്കർ വരുന്നു. പെൺ വീട്ടുകാരോട് അയാൾ ആ ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞു

” ഈ കല്യാണം നടക്കില്ല ”

ഇത് കേട്ടതും അവളുടെ അമ്മ ബോധം കെട്ടു വീണു. ഞാനുമായുള്ള പ്രണയം ആരോ അവരെ അറിയിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് പല സ്ഥലത്തും യാത്ര ചെയ്തതായും താമസിച്ചതായും ചെക്കൻ വീട്ടുകാരെ ആരോ ധരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു അവളുടെ കല്യാണം തീരുമാനിച്ചത് കൊണ്ട് അവർ അവസാനനിമിഷം കാലുമാറി.

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു. എന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു. അതേസമയം ആരോ ഒരാൾ വിളിച്ചു പറഞ്ഞു

” ഇവനാണ് ആ കാമുകൻ ”

ആൾക്കാരെല്ലാം എന്നെ ഉറ്റു നോക്കി

” ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട് രക്ഷപെടാം എന്ന് നീ കരുതണ്ട ,,,, നീ ഇവളെ കെട്ടണം ”

എല്ലാവരും അതേറ്റു പിടിച്ചു. ആൾക്കാരൊക്കെകൂടി കൂട്ടമായി വന്ന് എന്നെ എടുത്തു പൊക്കി മണ്ഡപത്തിൽ ഇരുത്തി. അവളെ പുറകെ കൊണ്ടിരുത്തി. മുഹൂർത്തത്തിന് സമയമായി. ശാന്തി താലി എടുത്ത് കയ്യിൽ തന്നു. കൊട്ടും വാദ്യവും മുഴങ്ങി. എന്നെ അടിമുടി വിറയ്ക്കാൻ തുടങ്ങി.എന്തെങ്കിലും മറിച്ചു പറഞ്ഞാൽ എല്ലാവരും കൂടി എന്നെ തല്ലിക്കൊല്ലും.

അങ്ങനെ മുറുകിയ കൊട്ടു വാദ്യങ്ങൾ ക്കിടയിൽ ആൾക്കാരുടെ ആശ്ലേഷണം കൾക്കിടയിൽ ഞാനവളെ താലികെട്ടി. മുഹൂർത്തം തെറ്റാതെ കല്യാണം നടന്നു. ബോധം വന്ന ശേഷം നടന്ന കാര്യങ്ങൾ മനസ്സിലാക്കിയ അവളുടെ അമ്മ മറ്റു നിവൃത്തിയില്ലാതെ ഞങ്ങളെ അനുഗ്രഹിച്ചു.

സത്യം പറഞ്ഞാൽ നന്ദിയാണ്. ഒരു രൂപ മുടക്കില്ലാതെ എനിക്കുള്ള ഡ്രസ്സ് പോലും വാങ്ങിത്തന്നു അവളുടെ വീട്ടിൽ വിളിച്ചു വരുത്തി ഈ കല്യാണം അവളുടെ വീട്ടിൽ വച്ച് നടത്തി തന്ന അളുടെ അമ്മയോടും ഒരു കാര്യം കേട്ടാൽ അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആലോചിക്കാതെ തല്ലാൻ ആണെങ്കിലും കൊല്ലാൻ ആണെങ്കിലും പാഞ്ഞടുക്കുന്ന നാട്ടുകാരോടും.

തിരിച്ച് അവളെ കൂട്ടി വീട്ടിലേക്ക് വരുമ്പോൾ ഇതൊന്നും അറിയാതെ എന്റെ വീട്ടുകാർ അന്താളിച്ചു നിന്നു. തേപ്പുകാരിയുടെ കല്യാണം കൂടാൻ പോയ ചെക്കൻ ആ പെണ്ണിനെ തന്നെ കല്യാണം കഴിച്ചു കൊണ്ടിരുന്ന അത്ഭുത കാഴ്ച. ഗേറ്റ് തുറന്ന് പുറത്തേക്ക് വന്ന അമ്മയോട് ഞാനും അവളും വിനീതരായി പറഞ്ഞു

” അമ്മ ഞങ്ങളെ അനുഗ്രഹിക്കണം. അമ്മയുടെ മകൻ ലോലൻ അല്ല അമ്മേ. ഹീറോ ആണ് ഹീറോ ”

ഇത്തവണ പെങ്ങൾ ഇട്ടത് മാസ്സ് ബിജിഎം ആണ്. നെരുപ്പ് ടാ,,,,

Vipin PG

4.5/5 - (2 votes)
Exit mobile version