Site icon Aksharathalukal

ഗന്ധർവയാമം

gandarvayamam-aksharathalukal

രചന : രാജീവ് രാജൂസ്‌

രാത്രിയുടെ മറപറ്റി രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീട്ടിലേക്കു നടന്നു .കൂടെ കാര്യസ്ഥൻ കുട്ടിക്കൃഷ്ണനുമുണ്ട് .
കുട്ടികൃഷ്ണന്റെ കയ്യിൽ ഇരുന്നുമിന്നുന്ന ഓലച്ചൂട്ടിൻറ്റെ വെട്ടം നന്നേ കുറഞ്ഞു തുടങ്ങിയിരുന്നു .
സത്യഭാമയുടെ ചെംന്താമര പോലുള്ള ഉടലിനെ വർണിച്ചു കൊണ്ട് രാമനുണ്ണി നമ്പൂതിരി ചില കഥകളിപ്പദങ്ങൾ പാടിക്കൊണ്ടിരുന്നു .
അതിൽ ലയിച്ചു കുട്ടികൃഷ്ണൻ താളത്തിൽ തലയാട്ടികൊണ്ട് കൂടെ നടന്നു .
പാലപ്പൂമണം നിറഞ്ഞ വഴിയിലൂടെ അവർ ഏറെ നടന്നു നീങ്ങി .

“കുട്ടിഷ്ണൻ ഇവിടെ നിക്യാ ..നാം സത്യഭാമയോട് ചില കുശലങ്ങളൊക്കെ ചോദിച്ചിട്ടു ശടേന്ന് ഇങ്ങട് വരാട്ടോ ..”

സത്യഭാമയുടെ വീടിന്റെ മുറ്റത്തെത്തിയപ്പോൾ രാമനുണ്ണി നമ്പൂതിരി കുട്ടികൃഷ്ണനോട് പറഞ്ഞു .

കുട്ടികൃഷ്ണൻ തലയാട്ടി .

രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീടിൻറ്റെ വരാന്തയിലേക്ക് കയറി . ഉമ്മറത്ത് നല്ല ഇരുട്ടാണ് .
അയാൾ അടഞ്ഞു കിടക്കുന്ന ജനലിൽ തട്ടി പതുക്കെ വിളിച്ചു .

ഒരനക്കവും ഇല്ല .

അയാൾ വരാന്തയിലൂടെ വടക്കേ കോലായിലേക്കു നടന്നു .അവിടെ ഇരുട്ടത്ത് ഉരുളൻ തൂണിന്റെ അടുത്ത് വെള്ള സ്വർണ്ണക്കസവ്സെറ്റ് സാരി ഉടുത്ത് പനംങ്കുല പോലുള്ള മുടി ഒരു വശത്തേക്ക് കോതി ഒതുക്കിക്കൊണ്ട് ഒരു സ്ത്രീ നിൽക്കുന്നത് രാമനുണ്ണി നമ്പൂതിരി കണ്ടു .വരാന്തയിലെ കെടാറായ തൂക്കു വിളക്കിൻറ്റെ അരണ്ട വെട്ടത്തിൽ അയാൾ അവളുടെ രൂപം ഭംഗിയായി കണ്ടു .

“ആരാ ..”

അയാൾ ചോദിച്ചു .
മിണ്ടാട്ടമില്ല .

“ചോദിച്ചത് കെട്ടില്ല്യാന്നുണ്ടോ ..”

രാമനുണ്ണി നമ്പൂതിരി സ്വരം അല്പം കടുപ്പിച്ചു ചോദിച്ചു .

അവൾ തിരിഞ്ഞു .

“അമ്മാളു ….”

അയാൾ അറിയാതെ നിലവിളിയോടെ പറഞ്ഞു കൊണ്ട് പിന്നോട്ട് മാറി .

” യക്ഷി … യക്ഷി … ” അയാൾ നിലവിളിച്ചു .

കയ്യിലിരുന്ന തൂക്കുവിളക്ക് കൊണ്ട് അവൾ രാമനുണ്ണി നമ്പൂതിരിക്കിട്ട്
ഒറ്റ അടികൊടുത്തു കൊണ്ട് അലറി ചിരിച്ചു.
ദിക്കുകൾ മുഴങ്ങുമാറ്…..
*****

” ഈ അസമയത്തുള്ള യാത്ര തീരെ വേണ്ട ..”

ബ്രഹ്മദത്തൻ തിരുമേനി രാമനുണ്ണി നമ്പൂതിരിയോടായി പറഞ്ഞു കൊണ്ട് പോകാനായി എഴുന്നേറ്റു .

.” നാം ചില ഉഗ്രശക്തിയുള്ള മാന്ത്രിക തകിടുകൾ ഇല്ലത്തു നിന്ന് കൊടുത്തു വിടാം ..ഇവിടെ ഇല്ലത്തിൻറ്റെ നാല് മൂലക്കും അതങ്ങട് കുഴിച്ചിടുക .. യക്ഷിയുടെ ശല്യം ഉണ്ടാകില്ല്യ ..”

ബ്രഹ്മദത്തൻ തിരുമേനി എല്ലാവരെയും നോക്കി കർശനമായി പറഞ്ഞു .

” ഈ ഏലസ് അങ്ങട് ധരിക്യ..”

കയ്യിലിരുന്ന ചുമന്ന പട്ടു സഞ്ചിയിൽ നിന്നു ഒരു ഏലസ് എടുത്തു രാമനുണ്ണി നമ്പൂതിരിക്കു നേരെ നീട്ടികൊണ്ടു ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞു .

ചാരുകസേരയിൽ ഭയത്തോടെ നീണ്ടു നിവർന്നു ഇരുന്ന രാമനുണ്ണി നമ്പൂതിരി ഏലസ് വാങ്ങി . പെട്ടന്ന് മുറ്റത്തു നിന്ന ചെമ്പകമരത്തിന്റെ ചില്ല വലിയൊരു ശബ്ദത്തോടെ ഒടിഞ്ഞു വീണു. പടിയിൽ ഇരുന്ന കിണ്ടി തനിയെ മറിഞ്ഞു , മുറ്റത്തേക്ക് ഉരുണ്ടു പോയി . കുട്ടികൃഷ്ണൻ പകച്ചു നിൽക്കുന്നുണ്ട് .
അകത്തെ വാതിൽക്കൽ നിന്ന് പെണ്ണുങ്ങൾ പുറത്തേക്കു എത്തി നോക്കി .
ബ്രഹ്മദത്തൻ തിരുമേനി മുറ്റത്തെക്കിറങ്ങി നടന്നു .
*****

അമ്പാട്ടെ കുളത്തിൽ പെണ്ണുങ്ങൾ നീരാടാൻ തുടങ്ങിയിരുന്നു .

വെള്ളമുണ്ട് മാറോട് കേറ്റി ഉടുത്തു കുളിച്ചു കേറാൻ തുടങ്ങുകയാണ് സത്യഭാമ.മറ്റു പെണ്ണുങ്ങൾ പരദൂഷണം പറഞ്ഞുകൊണ്ട് നീരാടിക്കൊണ്ടിരുന്നു .

കുളക്കടവിനടുത്തുകൂടി പോയ രാമനുണ്ണി നമ്പൂതിരിയും കുട്ടിക്കൃഷ്ണനും ഒന്ന് നിന്നു.

” സത്യഭാമയല്ലേ അത് …കേമായിരിക്കണു …”

രാമനുണ്ണി നമ്പൂതിരി കുട്ടികൃഷ്ണനോടായി പറഞ്ഞു .

അവർ കുളിക്കടവിലേക്കു ചെന്നു.

” ഹയി … നാമെന്താ ഈ കാണണെ ദേശത്തെ പെണ്ണുങ്ങളെല്ലാം ഇണ്ടല്ലോ …”

ഒരു വഷളൻ ചിരിയോടെ രാമനുണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞു .

അത് കേട്ട് കുട്ടികൃഷ്ണൻ പെണ്ണുങ്ങളെ ആർത്തിയോടെ നോക്കി ചിരിച്ചു .

എല്ലാവരും നമ്പൂതിരിയെ നോക്കി .

” തമ്പുരാനെ യക്ഷി പിടിച്ചെന്ന് കേട്ടല്ലോ ”

ഒരു സ്ത്രീ ചോദിച്ചു .

” ഹയി ..ശിവ ..ശിവ … കുട്ടിഷ്ണ.. ആരാ ഈ വിഡ്ഢിത്തം പറഞ്ഞു പരത്തിരിക്കണെ ..നാമിനെ യക്ഷി പിടിക്കുകയോ …”

രാമനുണ്ണി നമ്പൂതിരി അത്ഭുതത്തോടെ പറഞ്ഞു .

പറയുന്നതിനിടക്ക് അയാൾ കുട്ടിക്കൃഷ്ണനെയും സത്യഭാമയെയും മറ്റു പെണ്ണുങ്ങളെയും മാറി മാറി നോക്കി .
പെണ്ണുങ്ങൾ ചിരിച്ചു .

അലക്കിയ തുണി കൈത്തണ്ടയിൽ താങ്ങി സത്യഭാമ കടവിൽ നിന്നു കയറി വന്നു .
അടുത്തെത്തിയ അവളെ രാമനുണ്ണി നമ്പൂതിരി അനുരാഗവിവശനായി അടിമുടി ഒന്ന് നോക്കി .

അവൾ നമ്പൂതിരിയെ പുഞ്ചിരിയോടെ നോക്കിയിട്ടു പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി .

അയാൾ തിടുക്കത്തിൽ അവളുടെ പിന്നാലെ ചെന്നു .കുട്ടിക്കൃഷ്ണനും .

” സത്യഭാമ താഴെ കാവില് പൂരത്തിന് പോരണുണ്ടോ …നാമിൻറ്റെ കൂടെ .. കിഴൂർ കേശവദേഹത്തിന്റെ കഥകളി ബഹു രസാവും..”

ഇളകി ചിരിച്ചു കൊണ്ട് രാമനുണ്ണി നമ്പൂതിരി സത്യഭാമയോട് ചോദിച്ചു .

” സത്യഭാമക്ക് കളി ഭ്രാന്തുണ്ടോ … നാമിന് ലേശം ഇണ്ടേ … ”

നമ്പൂതിരി വീണ്ടും പറഞ്ഞു .

സത്യഭാമ നിന്നു .

“പൂരത്തിന് ഞാൻ പോകുന്നുണ്ട്..”

സത്യഭാമ പറഞ്ഞു .

” നാം സത്യഭാമയെ .. കാത്തു കിഴൂർ മഠത്തിലേക്ക് പോകുന്ന ആ ഇടവഴില്ലേ ..അവിടെ നിക്കാട്ടോ ”

രാമനുണ്ണി നമ്പൂതിരി ചിരിയോടെ പറഞ്ഞു .

സത്യഭാമ സമ്മതിച്ചു തലയാട്ടി , നടന്നു .
അവൾ പോകുന്നതും നോക്കി രാമനുണ്ണി നമ്പൂതിരിയും കുട്ടിക്കൃഷ്ണനും നിന്നു .

“അരയന്നപ്പിടതന്നെ….എത്ര കാലായിമോഹിക്കണു….”

ഇടക്ക്‌ രാമനുണ്ണി നമ്പൂതിരി പറഞ്ഞു.

*****
രാത്രി .
കിഴൂർ മഠത്തിലേക്ക് പോകുന്ന ഇടവഴി .

കുറ്റിക്കാടും കാരമുൾ ചെടികളും കൊണ്ട് രണ്ടു വശവും നിറഞ്ഞ വഴി ആണ് .
രാപ്പുള്ളുകൾ ചിറകടിച്ചു പറക്കുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു .വെട്ടം പോരെന്നു തോന്നി കയ്യിലെ ഓല ചൂട്ടു നമ്പൂതിരി വീശി കൊണ്ടിരുന്നു .

” കാണണില്ലല്ലോ..സത്യഭാമയെ ..”

പൂരത്തിന് പോകാൻ സത്യഭാമയെ കാത്തു നിന്നു മുഷിഞ്ഞ രാമനുണ്ണി നമ്പൂതിരി പറഞ്ഞു .

” ആ വരുന്നുണ്ട് …” ഇരുട്ടിലേക്ക് നോക്കി കുട്ടികൃഷ്ണൻ നമ്പൂതിരിയോട് പറഞ്ഞു .

നിലാവിൻറ്റെ നേരിയ വെട്ടം വീണ നാട്ടുവഴിയുടെ അങ്ങേ അറ്റത്തേക്ക് രാമനുണ്ണി നമ്പൂതിരി എത്തി നോക്കി ,ഒരു സ്ത്രീ നടന്നു വരുന്നു .അയാൾ സന്തോഷവാനായി .

” നാഴിക ഏറെ ആയി നാം സത്യഭാമയെ കാത്തു നിൽക്കാൻ തുടങ്ങിട്ട് ..”

സത്യഭാമ അടുത്തെത്തിയപ്പോൾ രാമനുണ്ണി നമ്പൂതിരി പറഞ്ഞു .

സത്യഭാമ ഒന്ന് ചിരിച്ചു .സ്വർണക്കസവുള്ള സെറ്റുസാരി ആണ് സത്യഭാമയുടെ വേഷം .പനംങ്കുല പോലത്തെ മുടിയിൽ കനകാമ്പര പൂ ചൂടിയിട്ടുണ്ട് .വാലിട്ടെഴുതിയ കണ്ണുകളിൽ പ്രേമം മയങ്ങുന്നു.നെറ്റിയിലെ ചുമന്ന സിന്ധൂര പൊട്ടിൽ ഒരു സൂര്യൻറ്റെ പൊലിമ .അവളുടെ ആലില വയറിലേക്ക് രാമനുണ്ണി നമ്പൂതിരി ഒരു വേള ഒളികണ്ണിട്ട് ഒന്ന് നോക്കി .

” പിന്നെ സത്യഭാമയെ കാത്തു എത്രയെന്നു വച്ചാലും നിൽക്കാൻ നാം തയ്യാറാണെ..അല്ലെ കുട്ടീഷ്ണാ …”

ഇളകി ചിരിച്ചു കൊണ്ട് പ്രേമ പരവശനായി രാമനുണ്ണി നമ്പൂതിരി പറഞ്ഞു .

കുട്ടികൃഷ്ണൻ ചിരിച്ചതേ ഉള്ളു .

” എന്നാലിനി വൈകണ്ട .. പോന്നോളൂ സത്യഭാമേ …”

നമ്പൂതിരി നടക്കാൻ ഭാവിച്ചു കൊണ്ട് പറഞ്ഞു .

സത്യഭാമ രാമനുണ്ണി നമ്പൂതിരിയുടെ പിന്നാലെ നടന്നു .

അവർക്കു മുന്നിൽ ഓലച്ചൂട്ടുമായി കുട്ടികലൃഷ്ണനും .

” ഇക്കൊല്ലത്തെ പൂരം ബഹുകേമാകും .. ”

രാമനുണ്ണി നമ്പൂതിരി പറഞ്ഞു .

കാരമുൾ ചെടികൾ നിറഞ്ഞ ഇടവഴിച്ചെരുവിലൂടെ അവർ ഓലച്ചൂട്ടിൻറ്റെ അരണ്ട വെട്ടത്തിൽ വർത്തമാനം പറഞ്ഞു കൊണ്ട് നടന്നു .

” തമ്പുരാൻ എന്നെ വേളി കഴിക്കുമോ ” സത്യഭാമ ചോദിച്ചു .

“നാമിന്റെ ആഗ്രഹം സത്യഭാമയുമായി ഒരു
സംഗമം ആണ്…”

രാമനുണ്ണി നമ്പൂതിരി ലജ്ജ കലർന്ന ഒരു വഷളച്ചിരിയോടെ പറഞ്ഞു.

അത് കേട്ട് കുട്ടികൃഷ്ണൻ പൊട്ടിച്ചിരിച്ചു .
*****

ഉറക്കത്തിൽ നിന്ന് ബ്രഹ്മദത്തൻ തിരുമേനി ഞെട്ടി ഉണർന്നു .

” അനർദ്ധം എന്തോ സംഭവിക്കാൻ പോകുന്നു ..”

ബ്രഹ്മദത്തൻ ഉരുവിട്ടു.

അദ്ദേഹം തലയണക്കടിയിൽ നിന്ന് താളിയോല ഗ്രന്ഥങ്ങൾ വലിച്ചെടുത്തു .

” ഓം ശക്തി പരാശക്തി ….”

ബ്രഹ്മദത്തൻ താളിയോല ഗ്രന്ഥങ്ങളിൽ ഒന്ന് തുറന്ന്
മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി .

ഇല്ലത്തിനു പുറത്തു കാറ്റിന് ശക്തി കൂടി വന്നു . ഏതൊക്കെയോ മരങ്ങൾ കടപിഴുതു വീഴുന്ന ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്നു .ജനലിക്കൽ ഇരുന്ന കറുത്ത ചക്കിപ്പൂച്ച ഭയത്തോടെ കരഞ്ഞു കൊണ്ട് പുറത്തേക്കു എത്തി നോക്കി .
*****

” സത്യഭാമയെ വേളികഴിക്കാൻ മോഹോണ്ട്.. പക്ഷേങ്കിൽ .. ഒരു അഭിസാരികയായ സത്യഭാമയെ എങ്ങനെയാ നാം ഇല്ലത്തേക്ക് കൊണ്ട് പോണേ… കാരണവന്മാർ നമ്മെ നന്നങ്ങാടിലാക്കി കുഴിച്ചിടുകതന്നെ ചെയ്യും ”

രാമനുണ്ണി നമ്പൂതിരി പറഞ്ഞു .

അത് കേട്ട് കുട്ടികൃഷ്ണൻ ചിരിച്ചു .

പിന്നിൽ സത്യഭാമ ഉണ്ടെന്നു കരുതി ഇരുവരും നടക്കുകയാണ് .അവർക്കു പിന്നിൽ ആരും ഇല്ലായിരുന്നു .

” എന്താ സത്യഭാമ പിണങ്ങിയോ നമ്മോട്.. ഒന്നും മിണ്ടണില്ല്യാലോ …”

ഒരു ചെറു ചിരിയോടെ രാമനുണ്ണി നമ്പൂതിരി തിരിഞ്ഞു നോക്കി .അയാൾ ഞെട്ടിപ്പോയി .

” കുട്ടീഷ്ണാ …. സത്യഭാമയെ കാണണില്യ…”

ഒരു നിലവിളിയോടെ നമ്പൂതിരി പറഞ്ഞു .

തിരിഞ്ഞു നോക്കിയ കുട്ടിക്കൃഷ്ണനും ഞെട്ടിപ്പോയി .

” അയ്യോ സത്യഭാമക്കുഞ്ഞ് എവിടെ പോയി തമ്പുരാനെ ”

കുട്ടികൃഷ്ണൻ ഭയത്തോടെ തിരക്കി .

” ശിവ ശിവ .. എന്തൊക്കെയാ കുട്ടീഷ്ണ ഇത് … നമ്മുടെ കൂടെ വന്ന സത്യഭാമയെ കാണാനില്ല്യാലോ …. ”

രാമനുണ്ണി നമ്പൂതിരി വിലപിച്ചു .

പെട്ടന്ന് കാറ്റ് വീശിയടിക്കാൻ തുടങ്ങി .
കുട്ടികൃഷ്ണൻ കയ്യിലിരുന്ന ഓലച്ചൂട്ട് മിന്നിച്ച് കൊണ്ട് ചുറ്റും കണ്ണോടിച്ചു .

തൊട്ടുപുറകിൽ കറുത്ത ഒരു നായ നാവു പുറത്തേക്കുനീട്ടി ഇട്ടുകൊണ്ട് അവരെ തന്നെ തുറിച്ചുനോക്കി നിൽക്കുന്നത് കണ്ട കുട്ടികൃഷ്ണൻ അറിയാതെ നിലവിളിച്ചു.അത് കേട്ട് തിരിഞ്ഞു നോക്കിയ രാമനുണ്ണി നമ്പൂതിരി ഭയന്ന് പിന്നോക്കം വീണുപോയി .നായയുടെ തല മെല്ലെ വട്ടം കറങ്ങാൻ തുടങ്ങി .ഇടയ്ക്കു എപ്പോഴോ ആ നായക്ക് സത്യഭാമയുടെ മുഖം രൂപപ്പെട്ടതു പോലെ അവർക്കു തോന്നി .അവർ ഭയന്ന് നിലവിളിച്ചു .

അപ്പോൾ വഴി അരികിലെ പനയുടെ മുകളിൽ നിന്ന് കറുത്ത ഒരു മനുഷ്യരൂപം താഴേക്ക് പതുക്കെ ഊർന്നിറങ്ങി വരുന്നുണ്ടായിരുന്നു .

രാമനുണ്ണി നമ്പൂതിരിയും കുട്ടിക്കൃഷ്ണനും ആലില പോലെ വിറച്ചു തുള്ളി നിന്നു.
പനയിൽ നിന്ന് ഇറങ്ങി വന്ന യക്ഷിയെ കണ്ട് അവർ ഭയന്ന് നിലവിളിച്ചു .

“യ്യോ….അമ്മാളു…… യക്ഷി…… “അവർ ഭയത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

കയ്യിലിരുന്ന ഓലച്ചൂട്ട് വലിച്ചെറിഞ്ഞിട്ട് കുട്ടികൃഷ്ണൻ ഓടി . ഓടാൻ ഭവിച്ച രാമനുണ്ണി നമ്പൂതിരി കാൽ വഴുതിവീണു.വീണു കിടക്കുന്ന നമ്പൂതിരിയുടെ അടുത്തേക്ക് യക്ഷി ആർത്തട്ടഹസിച്ചു വന്നു . ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയാ കുട്ടികൃഷ്ണൻ ആ രംഗം കണ്ട് നിലവിളിച്ചു കൊണ്ട് വഴിവക്കിലെ കുറ്റിക്കാട്ടിലേക്ക് എടുത്തു ചാടി .

കയ്യിൽ കെട്ടിയ രക്ഷ നമ്പൂതിരി പരതി .അത് കാണുന്നില്ല .എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു .അയാൾ ഭയത്തോടെ യക്ഷിയെ നോക്കി .കറുത്ത ഒരു വൃദ്ധ.ആ വൃദ്ധയുടെ വെളുത്ത ഉരുണ്ട കണ്ണുകളിൽ അഗ്നിജ്വാലകൾ ആളിപ്പടന്നു കൊണ്ടിരുന്നു
.
യക്ഷി നമ്പൂതിരിയുടെ കഴുത്തിനു പിടി ഇട്ടു കൊണ്ട് അലറി ചിരിക്കാൻ തുടങ്ങി .യക്ഷിയുടെ കൂർത്ത നഖം കൊണ്ട് നമ്പൂതിരിയുടെ കഴുത്തു മുറിഞ്ഞു രക്തം ഒലിച്ചു .കഴുത്തിലെ പിടി മുറുകിയപ്പോൾ നമ്പൂതിരിയുടെ നാവ് പുറത്തേക്കു നീണ്ടുവന്നു.അയാൾ മരണവെപ്രാളം കൊണ്ട് പിടഞ്ഞുകൊണ്ടിരുന്നു .

പെട്ടന്നൊരു മിന്നൽപിളർപ്പ് യക്ഷിയുടെ മേൽ പതിച്ചു .യക്ഷി ഒന്ന് ഞെട്ടിത്തരിച്ച്‌ തല ഒരു വശത്തേക്ക് തിരിച്ചു പിന്നിലേക്ക് നോക്കി . മഹാമാന്തികൻ ബ്രഹ്മദത്തൻ തിരുമേനി നടന്നു വരുന്ന കാഴ്ച കണ്ട് യക്ഷി അലറിക്കൊണ്ട് നമ്പൂതിരിയുടെ കഴുത്തിലെ പിടി മുറുക്കി .ബ്രഹ്മദത്തൻ തിരുമേനിയുടെ മാന്ത്രിക ദണ്ഡിൽ നിന്നും മിന്നൽപിളർപ്പു പാഞ്ഞു വന്നു യക്ഷിയെ കുറച്ചകലേക്കു എടുത്തെറിഞ്ഞു .

മന്ത്രദണ്ഡ് തനിക്കു നേരെ പിടിച്ചു മന്ത്രങ്ങൾ ജപിച്ചു നിൽക്കുന്ന ബ്രഹ്മദത്തനെ കണ്ട് യക്ഷി അലറികൊണ്ട് നിലത്തു നിന്ന് എഴുനേറ്റു .

“കാളിയൂർ മനയിലെ ബ്രഹ്മദത്താ ….നീ എന്നെ തടയരുത് .”

യക്ഷി പ്രപഞ്ചം മുഴങ്ങുമാറ് ശബ്ദിച്ചു.

” ഇല്ല്യ ..പ്രതികാരം ചെയ്യാനുള്ള നിൻറ്റെ ആഗ്രഹം നടക്കില്ല്യ .. നിന്നെ കാഞ്ഞിരമരത്തിൽ തളച്ചിരുത്തും ഈ ബ്രഹ്മദത്തൻ ”

” വ്യാമോഹം അരുത് ബ്രഹ്മദത്താ ..” യക്ഷി പറഞ്ഞു .

ബ്രഹ്മദത്തൻ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി .തീ പൊള്ളലേൽക്കുന്നപോലെ യക്ഷി പുളയാൻ തുടങ്ങി .
ഒരു പുകച്ചുരുൾ പോലെ യക്ഷി അന്തരീക്ഷത്തിൽ പടർന്നു .
” എഴുന്നേല്ക്വാ…” ബ്രഹ്മദത്തൻ നിലത്തു നിന്ന് രാമനുണ്ണി നമ്പൂതിരിയെ പിടിച്ചെഴുന്നേല്പിച്ചു .

*******

വർഷങ്ങൾക്കു മുൻപ്.

അമ്പലക്കുളത്തിൻറ്റെ ഇടിഞ്ഞ മതിലിന് അപ്പുറത്തു നിന്ന് സംസാരിക്കുകയാണ് ദേവനാഥനും അമ്മാളുവും.

” നമുക്ക് ഇന്ന് രാത്രി തന്നെ നാട് വിടാം .ഇല്ലാച്ചാൽ നാളെ നിന്നെയാ വയസൻ നമ്പൂതിരി വേളി കഴിക്കും ” ദേവനാഥൻ അമ്മാളുവിനോട് പറഞ്ഞു .
അമ്മാളു തലകുലുക്കി . അവളുടെ കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു .

” ഭയക്കാണ്ടിരിക്കൂ ..അമ്മാളൂ … ” ദേവനാഥൻ അമ്മാളുവിനെ സമാധാനിപ്പിച്ചു .
അയാൾ അവളെ നെഞ്ചോട് ചേർത്തു. അവളുടെ കഴുത്തിന് പിന്നിൽ ദേവനാഥൻ ചുംബിച്ചു .
മതിലിന് പിന്നിൽഇതെല്ലാം പതുങ്ങി ഇരുന്ന് ഇല്ലത്തെ കാര്യസ്ഥനായ കേശുപൻ കേൾക്കുന്നുണ്ടായിരുന്നു .

ദേവനാഥൻ പറഞ്ഞതനുസരിച്ചു കിഴൂർ മനയിലേക്കു പോകുന്ന ഇടവഴിയിൽ അന്നു രാത്രി അമ്മാളു എത്തി .
അവിടെ ദേവനാഥൻറ്റെ മൃതദേഹം കണ്ട അമ്മാളു പേടിച്ചു വീട്ടിലേക്കു ഓടി .അവളുടെ വീടിന്റെ വേലിക്കടുത്തു അവളെ വേളികഴിക്കാൻ പൂതി കയറി നടന്ന നമ്പൂതിരിയും കൂട്ടാളികളും നിൽക്കുന്നുണ്ടായിരുന്നു .അവളെ കണ്ടതും അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി .അമ്മാളു പകച്ചു നിന്നു. നമ്പൂതിരി അവളെ കടന്നു പിടിച്ചു .

” ന്റെ രു ..പൂതീയാ നീയ്…”

നമ്പൂതിരി ഗർജ്ജിച്ചു .

അമ്മാളു രക്ഷക്കായി അവളുടെ അച്ഛനെയും അമ്മയെയും ഉറക്കെ വിളിച്ചു നിലവിളിച്ചു .

” അവറ്റകളെ നാം കൊന്നു ..ന്റെ ..അമ്മാളുട്ടിയെ ….നിൻറ്റെ ഇഷ്ടക്കാരനേം നാം അങ്ങട് കൊന്നു …” തറയിലിട്ടു അമ്മാളുവിന്റെ മാനം കവരാൻ ശ്രമിക്കുന്നതിൻറ്റെ ഇടയിൽ നമ്പൂതിരി വാശിയോടെ പറഞ്ഞു .
ഒരു പെൺപുലിയെപോലെ ചെറുത്തു നിന്ന അമ്മാളുവിന്റെ അടിവയറ്റിലേക്കു നമ്പൂതിരി കാലുയർത്തി ചവിട്ടി .അമ്മാളു പുറകോട്ടു മലർന്നുവീണു .

” തമ്പുരാനെ പോയി ..”

കാര്യസ്ഥൻ കേശുപൻ അമ്മാളുവിനെ കുലുക്കി വിളിച്ചു കൊണ്ട് നമ്പൂതിരിയോട് പറഞ്ഞു .

******

“അങ്ങയുടെ അച്ഛൻ നമ്പൂതിരി ചെയ്ത പാപത്തിൻറ്റെ പരിണിത ഫലങ്ങളാ ഇതൊക്കെ …ഈ ഇല്ലത്തിന്റെ സർവ നാശമാ അമ്മാളു ആഗ്രഹിക്കണേ . യക്ഷയായി മാറിയ അവളുടെ ദുരാത്മാവ് ഇവിടുത്തെ ഓരോ ജീവനും അപഹരിക്കാൻ തക്കം പാർത്തിരിക്കുകയാണ് ..”

ബ്രഹ്മദത്തൻ രാമനുണ്ണി നമ്പൂതിരിയോട് പറഞ്ഞു .

എല്ലാവരും ഭയത്തോടെ മുഖാമുഖം നോക്കി .

” അമ്മാളു യക്ഷിയെ തളക്കാൻ ആത്യധികം ശക്തി ആർജിക്കേണ്ടിയിരിക്കുന്നു. നാൽപ്പത്തൊന്നു ദിവസത്തെ കഠിന വൃതാനുഷ്ടാനത്തിലൂടെ നാം ശക്തി ആർജ്ജിച്ചു അവളെ ആവാഹിക്കും ” ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞു .
ഇല്ലത്തുള്ളവർ ഭയത്തോടെ ബ്രഹ്മദത്തനെ നോക്കി .

” ഭയക്കാണ്ടിരിക്യാ …നാം നൽകിയ മന്ത്രതകിടുകൾ ഉള്ളിടത്തോളം കാലം യക്ഷിക്ക് ഈ ഇല്ലത്തിനുള്ളിൽ പ്രവേശിക്കാനാകില്ല്യ … ദേഹത്തെ രക്ഷ നഷ്ടപ്പെടാണ്ടിരിക്കാൻ ശ്രദ്ധിക്കണം .”

ബ്രഹ്മദത്തൻ സൂചിപ്പിച്ചു.
*****

നാൽപ്പത്തൊന്നാം നാൾ രാത്രി .
കാളിയൂർ മനയിലെ കുളക്കടവ് .

വൃതാതാനുഷ്ടാനങ്ങളിൽ വ്യാപൃതനായ ബ്രഹ്മദത്തൻ തിരുമേനി കുളികഴിഞ്ഞു മനയിലേക്കു പോകാനായി പടിക്കെട്ടു കയറാൻ ഭാവിച്ചതും കുളത്തിലേക്കുള്ള കൽപടവുകൾ ഇറങ്ങി പൂർണ നഗ്നയായി സത്യഭാമ വന്നു .

ഉന്മാദഭാവത്തോടെ സത്യഭാമ ബ്രഹ്മദത്തനെ നോക്കി പുഞ്ചിരിച്ചു .പെട്ടന്ന് സത്യഭാമയുടെ കാൽ വഴുതി .പടിക്കെട്ടിൽ നിന്ന് അവൾ ബ്രഹ്മദത്തൻറ്റെ നെഞ്ചു ലക്ഷ്യമാക്കി വീണു.
ബ്രഹ്മദത്തൻ ഒഴിഞ്ഞു മാറി .സത്യഭാമ കുളത്തിലേക്ക് വലിയൊരു ശബ്ദത്തോടെ പതിച്ചു .പൊടുന്നനെ കറുത്ത് തടിച്ച ഒരു വൃദ്ധ വെള്ളത്തിനിന്ന് പൊങ്ങി വന്നു അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി .പൊടുന്നനെ ആ വൃദ്ധ അമ്മാളുവായി മാറി .അവളുടെ മുടികൊണ്ട് മുഖത്തിന്റെ ഒരു വശം മറഞ്ഞു കിടന്നു .യക്ഷി ബ്രഹ്മദത്തനെ നോക്കി വികൃതമായി ചിരിച്ചു .

” കാളിയൂർ മനയിലെ ബ്രഹ്മദത്തൻറ്റെ ബ്രഹ്മചര്യത്തിനു ഭംഗം വരുത്താമെന്നു നീ നിരീച്ചു..ല്ലേ ..”

ബ്രഹ്മദത്തന്റെ ശബ്ദം അന്തരീക്ഷമാകെ പ്രഹമ്പനം കൊണ്ടു.

അല്പസമയം ബ്രഹ്മദത്തൻ കണ്ണുകളടച്ചു മന്ത്രങ്ങൾ ഉരുവിട്ടു. അയാൾ കണ്ണ് തുറന്നതും അയാളുടെ കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ യക്ഷിക്ക് നേരെ പാഞ്ഞു ചെല്ലാൻ തുടങ്ങി .അലറിക്കരഞ്ഞുകൊണ്ട് യക്ഷി കുളത്തിനടിയിലേക്കു താഴ്ന്നു പോയി .

യക്ഷിയെ തളക്കാനുള്ള ഹോമം തുടങ്ങി .ഇല്ലത്തെ പുരുഷ പ്രജകളെല്ലാം കളത്തിന് ചുറ്റും ഇരുന്നു .പെണ്ണുങ്ങൾ വാതിലിനു മറവിൽ രംഗം വീക്ഷിച്ചു കൊണ്ടു ഭയപ്പാടോടെ നിന്നു.ശക്തിയായി കാറ്റ് വീശി അടിക്കാൻ തുടങ്ങിയത് പെട്ടന്നായിരുന്നു .
ബ്രഹ്മദത്തൻ മന്ത്രജപങ്ങളിൽ മുഴുകി ഇരിക്കുകയാണ് .പെട്ടന്ന് പടിപ്പുരകടന്ന് അമ്മാളുവിന്റെ ദുരാത്മാവ് കുഴഞ്ഞാടികൊണ്ട് കയറി വന്നു .വെള്ളക്കസവ് സെറ്റുസാരി ആണ് വേഷം .പാറി പറക്കുന്ന നീണ്ട തലമുടി . എല്ലാവരും അത് കണ്ടു ഭയന്ന് നിലവിളിച്ചു .

ദുരാത്മാവ് പൂമുഖപടിക്കെട്ടിനു താഴെ നിന്നു.ബ്രഹ്മദത്തൻ എഴുന്നേറ്റു ചെന്നു.മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് കയ്യിലിരുന്ന ഭസ്മം യക്ഷിയുടെ മുഖത്തേക്ക് എറിഞ്ഞു .നിമിഷങ്ങൾക്കകം യക്ഷി പുകച്ചുരുളായി മാറി . ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന മണ്കുടത്തിലേക്കു ആ പുകച്ചുരുൾ കയറി .അയാൾ കുടത്തിന്റെ വായ പട്ടുകൊണ്ടു മൂടി കെട്ടി .മന്ത്ര ജപങ്ങൾക്കുശേഷം കുടത്തിന്റെ കെട്ടഴിച്ചു .അതിൽ നിന്നു കുർത്ത വലിയൊരാണി അയാൾ എടുത്തു.
ബ്രഹ്മദത്തൻ തൂക്കുവിളക്കും കയ്യിലേന്തി സർപ്പക്കാവിനടുത്തുള്ള കാഞ്ഞിരമരം ലക്ഷ്യമാക്കി നടന്നു .പിന്നാലെ രാമനുണ്ണി നമ്പൂതിരിയും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനും മറ്റുചില നമ്പൂതിരിമാരും ഭീതിയോടെ നടന്നു.

കാഞ്ഞിരമരത്തിനു മുന്നിലെത്തിയ ബ്രഹ്മദത്തൻ എന്തോ ആലോചിച്ചു നിന്നു .നമ്പൂതിരിമാർ ആശങ്കയോടെ മുഖാമുഖം നോക്കി .

” ബ്രഹ്മദത്തൻ തിരുമേനി .. വേഗം അങ്ങട് അവളെ ആ കാഞ്ഞിരമരത്തിൽ തളക്യാ …” രാമനുണ്ണി നമ്പൂതിരി ഓർമിപ്പിച്ചു .
ബ്രഹ്മദത്തൻ നമ്പൂതിരിമാർക്കു നേരെ തിരിഞ്ഞു .അയാളുടെ കരിനീല കണ്ണുകളിൽ നിന്നു രക്തം ഒലിക്കുന്നത് കണ്ട് അവർ ഭയന്നു.

” ഞാൻ ദേവനാഥൻ …പ്രതികാരത്തിനായി നോമ്പ് നോറ്റിരുന്ന രക്ഷസ്….”
ബ്രഹ്മദത്തൻ അലറി .
പെട്ടന്നയാൾ ദേവനാഥനായി മാറി .

കയ്യിലിരുന്ന തൂക്കുവിളക്കു കൊണ്ടു രാമനുണ്ണി നമ്പൂതിരിയുടെ ശിരസ്സിൽ അയാൾ അടിച്ചു .ശിരസു പിളർന്ന അയാൾ നിലത്തു വീണു പിടഞ്ഞു മരിച്ചു .ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന ആണി നിലത്തു തളം കെട്ടിയ നമ്പൂതിരിയുടെ രക്തത്തിൽ വീണു .കറുത്ത രൂപമാർന്ന് അമ്മാളു ആ രക്തത്തിൽ നിന്നു പൊങ്ങി വന്നു .അവളുടെ കണ്ണിൽ നിന്നു പ്രവഹിച്ച അഗ്നിജ്വാലകളിൽ പെട്ട് കൂടെ ഉണ്ടായിരുന്ന വർ മരിച്ചു വീണു .

ഇതേ സമയം കാളിയൂർ മനയുടെ നിലവറയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ബ്രഹ്മദത്തൻ .അയാൾ ദേഹത്ത് ചുറ്റിവരിഞ്ഞ കയർ അഴിക്കാനുള്ള ശ്രമം തുടങ്ങി .

*****

കഴിഞ്ഞുപോയ ഒരു രാത്രിയിൽ
ഇല്ലത്തെ രക്ഷാ തകിടുകളും മാന്ത്രിക ഏലസുകളും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനെകൊണ്ടു ദുരാത്മാവ് നേരത്തെ നശിപ്പിച്ചു കളയിച്ചിരുന്നു .

ഇല്ലത്തേക്ക് ദേവനാഥൻറ്റെയും അമ്മാളുവിൻറ്റെയും ദുരാത്മാക്കൾ അലമുറയോടെ കയറി വന്നു .ഇല്ലത്തുള്ളവരെ വകവരുത്താൻ ഭാവിച്ചാ ദുരാത്മാക്കൾക്കു നേരെ , നിലവറയിൽ നിന്നു മോചിക്കപ്പെട്ട് പാഞ്ഞെത്തിയ ബ്രഹ്മദത്തൻ മന്ത്രങ്ങൾ ആവാഹിച്ച ത്രിശൂലം എറിഞ്ഞു .ശൂലം അമ്മാളുവിന്റെ ഹൃദയത്തിലൂടെ കയറി .അവൾ നിലവിളിയോടെ ഭസ്മമായി തീർന്നു .അത് കണ്ടു അലറിക്കരഞ്ഞു ദേവനാഥൻ .അയാളുടെ മുഖം വിണ്ടുകീറി പൊടിഞ്ഞിളകാൻ തുടങ്ങി .ദേവനാഥൻറ്റെ ദുരാത്മാവും നശിച്ചു .ആ ഗന്ധർവയാമത്തിൽ ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ കൂടി സ്ഥാനം പിടിച്ചു.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (2 votes)
Exit mobile version