Site icon Aksharathalukal

അലീന – ഭാഗം 1

aleena novel Saji Thaiparambu

ഇല്ലമ്മേ .. അയാളെ പോലെ ഒരുത്തൻ്റെ കൂടെ ജീവിക്കുന്നതിലും ഭേദം ,ആത്മഹത്യ ചെയ്യുന്നതാ, ഒരു പാട് പണമുള്ള കുടുംബത്തിലെ ചെക്കനാന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഒരു പെണ്ണിന് ദാമ്പത്യ ജീവിതത്തിൽ പണത്തെക്കാളാവശ്യം മനസ്സമാധാനമാണ് ,ദയവ് ചെയ്ത് ഈ കല്യാണത്തിന്

അമ്മ എന്നെ നിർബന്ധിക്കരുത്

അങ്ങനെ പറയരുത് മോളേ … എല്ലാം തികഞ്ഞ ഒരു ചെറുക്കനെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചിരിക്കാൻ, നമ്മളെ പോലെ പാവപ്പെട്ടവർക്ക് കഴിയില്ല , അതൊക്കെ നമുക്ക് സ്വപ്നം കാണാനേ കഴിയൂ

മോളൊന്ന് മനസ്സ് വച്ച് ഈ കല്യാണം നടന്ന് കിട്ടിയാൽ, നിൻ്റെ താഴെയുള്ളവരുടെ കാര്യത്തിലും  ഒരു തീരുമാനമുണ്ടാകും

ഞാനപ്പോൾ എൻ്റെ ജീവിതം കുരുതി കൊടുക്കണമെന്നാണോ

അമ്മ പറയുന്നത്?

ഇല്ല മോളേ.. അമ്മ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല, ഈ നരകിച്ച ജീവിതത്തിൽ നിന്നും നീയും നിൻ്റെ രണ്ടനുജത്തിമാരും രക്ഷപ്പെടുമല്ലോ എന്നോർത്ത് അമ്മ പറഞ്ഞതാ ,തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ തളർന്ന് കിടക്കുന്ന അച്ഛന് വിഷം കൊടുത്തിട്ട് ,നമ്മള് നാല് സ്ത്രീകൾക്കും കൂടി ആത്മഹത്യ ചെയ്യാം

അമ്മേ… വേണ്ടമ്മേ.. അങ്ങനെയൊന്നും പറയരുത്

ഞാനൊരാള് ബലിയാടായാൽ എൻ്റെ കുടുംബം രക്ഷപെടുമെങ്കിൽ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണമ്മേ

മകളുടെ ഉറപ്പ് കിട്ടിയപ്പോൾ കുറച്ച് വിഷമത്തോടെയാണെങ്കിലും അന്നാമ്മ ബ്രോക്കറോട് സമ്മതമറിയിച്ചു.

ആ നാട്ടിലെ പരമ്പരാഗത കുടുംബമായ മാളിയേക്കലെ സ്കറിയാ മാഷിൻ്റെ നാല് മക്കളിൽ ഏറ്റവും ഇളയവനായ സിബിച്ചന് വേണ്ടിയാണ്, അന്നാമ്മയുടെ മൂത്ത മകൾ അലീനയെ ആലോചിച്ചത്.

സ്കറിയാ മാഷിൻ്റെ മൂത്ത രണ്ടാൺ മക്കളും മൂന്നാമത്തെ മകളും നന്നായി പഠിച്ച് സർക്കാരുദ്യോഗസ്ഥരായപ്പോൾ, ഇളയവനായ സിബിച്ചൻ മാത്രം പത്താം ക്ളാസ്സ് തോറ്റ് കൂട്ടുകാരുമായി സിനിമ കണ്ടും ക്രിക്കറ്റ് കളിച്ചും തല്ലുണ്ടാക്കിയും സമൂഹത്തിൽ നന്മകൾ ചെയ്ത് പേരെടുത്ത, സ്കറിയാമാഷിന് എന്നും ഒരു തലവേദനയായി മാറി.

പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തുക്കളും ,ഷോപ്പിങ്ങ് കോംപ്ളസുകളും അതിൽ നിന്ന് ലഭിച്ച കണക്കില്ലാത്ത ബാങ്ക് ബാലൻസുമുള്ള സ്കറിയാ മാഷിൻ്റെ സമ്പത്ത് ധൂർത്തടിക്കലായിരുന്നു, സിബിച്ചൻ്റെ പ്രധാന ഹോബി.

സ്വന്തം തെങ്ങിൻ തോപ്പിലെ ചെത്ത്കള്ള് എടുത്ത്, പറമ്പിലിരുന്ന് തന്നെ പരസ്യമായി കൂട്ടുകാരുമായി കള്ള് കുടിക്കുകയും, കാശ് വച്ച്ചീട്ടുകളിക്കുകയും ചെയ്യുന്ന സിബിച്ചനെ നാട്ടുകാർക്ക് വെറുപ്പായിരുന്നു.

കറിയാ മാഷിന് ഇങ്ങനെ തലതെറിച്ച ഒരുത്തൻ എങ്ങനുണ്ടായി, എന്ന് ആ നാട്ടിലുള്ളവർ അതിശയത്തോടെ പരസ്പരം ചോദിക്കുമായിരുന്നു .

ചെറുക്കനെ കൊണ്ടൊരു പെണ്ണ് കെട്ടിച്ചാൽ അവൻ്റെയീ വഴിപിഴച്ച പോക്ക് നിർത്താനാകുമെന്ന് കറിയാ മാഷിനെ എല്ലാവരും ചേർന്ന് ഉപദേശിച്ചപ്പോഴാണ് കല്യാണ ബ്രോക്കറോട് മാഷ് ആലോചന കൊണ്ട് വരാൻ പറഞ്ഞത് ,മാത്രമല്ല മകൻ്റെ സ്വഭാവമറിയുന്ന നാട്ടിൽ തന്നെയുള്ള പെൺകുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോട് കൂടി വേണം ,മോന് പെണ്ണ് ചോദിക്കാനെന്നും, അതെത്ര പാവപ്പെട്ടവരാണെങ്കിലും കുഴപ്പമില്ലെന്നും മാഷ് ഡിമാൻറ് വച്ചിരുന്നു.

എല്ലാം മറച്ച് വച്ചിട്ട് അവസാനം കറിയാമാഷ് ഒരു പെണ്ണിൻ്റെ ജീവിതം തുലച്ചെന്ന് ആരും പറയാൻ പാടില്ലെന്ന നിർബന്ധം മാഷിനുണ്ടായിരുന്നു.

നാട്ടിലെ മറ്റ്പ്രമാണി കുടുംബങ്ങളിലുള്ളവർ ഈ ആലോചനയോട് മുഖം തിരിച്ചപ്പോഴാണ് ,സെമിത്തേരിക്കടുത്ത് പള്ളിയുടെ പുറംപോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബമായ അന്നാമ്മയുടെ വീട്ടിലേക്ക് ബ്രോക്കർ ആലോചനയുമായി ചെന്നത്.

അന്നാമ്മയുടെ മറുപടി കിട്ടിയപ്പോൾ ബ്രോക്കറത് കറിയാ മാഷിനെ അറിയിച്ചു.

പിറ്റേന്ന് വീടിന് മുന്നിലെ ഗ്രാവലിട്ട റോഡിൽ പൊടിപറത്തി വന്ന് നിന്ന രണ്ട് കാറുകളിൽ നിന്ന് കറിയാ മാഷും കുടുംബവും വന്നിറങ്ങിയപ്പോൾ ,ടെൻഷൻ കൊണ്ട്അന്നാമ്മയുടെ കൈകാലുകൾ വിറച്ചു.

ചെറുക്കൻ വീട്ടുകാര് കാണാൻ വരുന്നുണ്ടെന്ന് ബ്രോക്കറ് മുൻകൂട്ടി അറിയിച്ചത് പ്രകാരം അടുത്ത വീടുകളിൽ നിന്നും പ്ളാസ്റ്റിക് കസേരകളും ചായയും പലഹാരവും വിളമ്പാനുള്ള, കുപ്പി ഗ്ളാസ്സുകളും ചില്ല് പ്ളേറ്റുകളും നേരത്തെ വാങ്ങി വച്ചിരുന്നു.

കറിയാ മാഷ് ഒഴിച്ചുള്ള മറ്റുള്ളവരുടെ മുഖത്ത് കണ്ട പുച്ഛഭാവം ,ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിൽ പെണ്ണെടുക്കുന്നതിൻ്റെ അതൃപ്തി യാണെന്ന് അന്നാമ്മയ്ക്ക് മനസ്സിലായി.

ഒടുവിൽ ,അലീനയെ കണ്ട് ഇഷ്ടപ്പെട്ട കറിയാ മാഷ് അത് തുറന്ന് പറഞ്ഞു ,

പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി ,സിബിച്ചന് നേരത്തെ അറിയാവുന്ന കുട്ടിയായത് കൊണ്ട് അവൻ കാണാൻ വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങള് മാത്രം വന്നത് പിന്നെ നിങ്ങളിൽ നിന്നും ഞങ്ങൾ പെണ്ണിനെ മാത്രമേ ആവശ്യപ്പെടുന്നുള്ളു ,കല്യാണത്തിന് അവൾക്കാവശ്യമുള്ള സ്വർണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളുമൊക്കെയായി അടുത്തയാഴ്ച ഞാനും മറിയാമ്മയും കൂടി വരാം ,തീയതി ഞാൻ വികാരിയച്ഛനെ കൂടി കണ്ട് സംസാരിച്ചിട്ട് അറിയിക്കാം എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ 

യാത്ര പറഞ്ഞ് വന്ന് കയറിയവർ പോയപ്പോൾ ,വെള്ളം ചേർക്കാതെ തിളപ്പിച്ച ചായ, ആരും കുടിക്കാതെ പാട കെട്ടിയിരുന്നതും ,എരുവുള്ള

മിസ്ചറും, കവറ് പൊട്ടിച്ചിട്ട ബിസ്ക്കറ്റും തണുത്ത് പോയതും അന്നാമ്മയുടെ മനസ്സിൽ ഒരു നൊമ്പരമായി കിടന്നു.

പിറ്റേ ഞായറാഴ്ച കുർബാനയ്ക്ക് അലീനയും അനുജത്തിമാരും പള്ളിയുടെ പടവുകളിറങ്ങി വരുമ്പോൾ ,റോഡരികിൽ ബൈക്കുമായി നില്ക്കുന്ന സിബിച്ചനെ കണ്ട് അവളൊന്ന് പതറി.

ആഹാ മണവാട്ടി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ ? ഞാൻ നിന്നെയും കാത്ത് നില്ക്കുകയായിരുന്നു ,അനുജത്തിമാര് നടന്ന് പോയി കൊള്ളും നീ എൻ്റെ വണ്ടിയുടെ പുറകിലേക്ക് കയറ് ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം

അതിന് നിങ്ങളെൻ്റെ കഴുത്തിലിത് വരെ മിന്ന് കെട്ടിയില്ലല്ലോ? ആദ്യം അത് കഴിയട്ടെ, എന്നിട്ടാലോചിക്കാം പുറകിൽ കയറണോ വേണ്ടയോ എന്ന്

അപ്രതീക്ഷിതമായി മുഖത്ത് കിട്ടിയൊരു പ്രഹരമായിരുന്നു സിബിച്ചന് അവളുടെ മറുപടി

തൻ്റെ നേരെ നിന്ന് ഇത് വരെ ഒരു പെണ്ണും നാവുയർത്തി സംസാരിച്ചിട്ടില്ല ആദ്യമായി ഒരുത്തി തന്നെ എതിർത്തിട്ട് ഒരു കൂസലുമില്ലാതെ നടന്ന് പോകുന്നത് കണ്ടപ്പോൾ സിബിച്ചന് ദേഷ്യം സഹിക്കാനായില്ല

ഉം പൊയ്ക്കോടി കുറച്ച് ദിവസം കൂടി കഴിയുമ്പോൾ നീ എൻ്റെ കാൽചുവട്ടിൽ തന്നെ വരുമല്ലോ അന്ന് ഞാനിതിനുള്ള മറുപടി തന്നോളാം

അയാൾ പല്ല് ഞരിച്ച് കൊണ്ട് പറഞ്ഞു.

ഈ സമയം അനുജത്തിമാർ ചേച്ചിയെ കുറ്റപ്പെടുത്തുകയായിരുന്നു.

ചേച്ചി എന്തിനാ അങ്ങനെ പറയാൻ പോയത് ,ഇതിൻ്റെ പ്രതികാരം കല്യാണം കഴിയുമ്പോൾ അയാൾ തീർക്കില്ലേ?

എന്തായാലും കല്യാണം കഴിയുമ്പോൾ ഞാനയാളുടെ സ്ഥിരം വേട്ടമൃഗമായിരിക്കും അന്ന് ചിലപ്പോൾ എൻ്റെ കുടുംബത്തിന് വേണ്ടി എല്ലാം സഹിക്കാൻ ഇറങ്ങി പുറപ്പെട്ടത് കൊണ്ട് അയാളുടെ ആട്ടും തുപ്പും കേട്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട് നില്ക്കേണ്ടി വരും, അത് കൊണ്ടാണ് മിന്ന് കെട്ടെന്ന ചങ്ങല പൂട്ടിൽ ബന്ധനസ്ഥയാകുന്നതിന് മുമ്പ് ,ഞാനൊന്ന് പ്രതികരിച്ചത്

പിറ്റേ ദിവസം കല്യാണത്തിനും തലേ ദിവസത്തേക്കുമുള്ള സാരിയും മറ്റ് വസ്ത്രങ്ങളും നൂറ് പവനോളം വരുന്ന ആഭരണങ്ങളും കറിയാ മാഷും ഭാര്യ മറിയാമ്മയും ചേർന്ന് അന്നാമ്മയെ കൊണ്ട് ഏല്പിച്ചു.

അടുത്ത ഞായറാഴ്ച വലിയപള്ളിയിൽ വച്ച് മിന്ന് കെട്ട് നടത്താമെന്ന് വികാരിയച്ഛൻ പറഞ്ഞു, തലേ ദിവസത്തെ ചടങ്ങുകളൊക്കെ എൻ്റെ വീട്ട് മുറ്റത്ത് വച്ച് നമ്മൾ ബന്ധുക്കൾ മാത്രമുള്ളൊരു ചെറിയ പരിപാടിയായിട്ട് നടത്തിയാൽ മതി

അവറാച്ചന് വരാൻ കഴിയില്ലല്ലോ

ഞാൻ ശനിയാഴ്ച വൈകിട്ട് കാറയക്കാം നിങ്ങള് അമ്മയും മക്കളും കൂടി അങ്ങോട്ട് വന്നാൽ മതി ,പിന്നെ പിറ്റെ ദിവസം കല്യാണത്തിന് നിങ്ങളുടെ എല്ലാ ബന്ധുക്കളോടും പള്ളിയിലെത്താൻ പറയണം, ദിവസങ്ങൾ വളരെ കുറച്ചേ ഉള്ളു എന്നറിയാം എന്നാലും ഇപ്പോൾ വെക്കേഷനായത് കൊണ്ട് പുറത്തുള്ള ഞങ്ങടെ സ്വന്തക്കാർക്ക് കൂടി പങ്കെടുക്കാനുള്ള സൗകര്യത്തിനാ അടുത്ത ഞായറാഴ്ച തന്നെ മിന്ന് കെട്ട് നടത്താൻ തീരുമാനിച്ചത് നിങ്ങൾക്ക് അസൗകര്യമൊന്നുമില്ലല്ലോ അല്ലേ?

ഹേയ് ഇല്ല മൊതലാളി, ഞങ്ങൾക്കങ്ങനെ ക്ഷണിക്കാൻ മാത്രമുള്ള ബന്ധു ജനങ്ങളൊന്നും അധികമില്ല

കട്ടിലിൽ കിടന്ന് കൊണ്ട് അവറാച്ചൻ ‘ഭവ്യതയോടെ പറഞ്ഞു.

ങ്ഹാ പിന്നേ, നീയെന്നെ പണ്ടത്തെ പോലെ മുതലാളി എന്നൊന്നും ഇനി വിളിക്കേണ്ട, പേര് വിളിക്കാൻ മടിയാണെങ്കിൽ എല്ലാവരെയും പോലെ കറിയാമാഷെന്ന് വിളിച്ചോ?

ഒരു ചിരിയോടെ അത് പറഞ്ഞിട്ട് കറിയാ മാഷും മറിയാമ്മയും അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി

കല്യാണത്തലേന്ന് കറിയാ മാഷ് അയച്ച് കൊടുത്ത കാറിലെത്തിയ അന്നാമ്മയും മക്കളും കൊട്ടാരസദൃശ്യമായ വീടും വർണ്ണബൾബുകൾ കൊണ്ട് അലങ്കരിച്ച പുൽത്തകിടിയുള്ള വിശാലമായ മുറ്റവും വിവിധ തരം ഭക്ഷണ പദാർത്ഥങ്ങളും കണ്ട് കണ്ണ് മിഴിച്ചു

സ്വന്തക്കാര് മാത്രമേ ഉള്ളു എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ നൂറിലധികം പേരുണ്ടെന്ന് അന്നാമ്മയ്ക്ക് മനസ്സിലായി

യൂണിഫോമണിഞ്ഞ ഇവൻ്റ് മാനേജ്മെൻറിലെ ചെറുപ്പക്കാർ ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക് സ്കോച്ചും വിതരണം ചെയ്യുന്നുണ്ട്

ങ്ഹാ വന്ന കാലിൽ തന്നെ നില്ക്കുവാണോ എല്ലാവരും ഇങ്ങ് അകത്ത് കയറി വാ ,ആദ്യം നമുക്കൊരുമിച്ച് അകത്ത് ചെന്നിരുന്ന് എല്ലാവരെയും ഒന്ന് പരിചയപ്പെടാം, എന്നിട്ട് ബാക്കി ചടങ്ങുകളിലേക്ക് കടക്കാം

കണ്ണ് ചിമ്മുന്ന കാഴ്ചകളൊക്കെ കണ്ട് അന്തം വിട്ട് നിന്ന അന്നാമ്മയെയും മകളെയും സ്കറിയാ മാഷ് അകത്തേക്ക് ക്ഷണിച്ചു.

ഈ സമയം ബാൽക്കണിയിലേക്ക് നോക്കിയ അലീന കയ്യിലിരുന്ന മദ്യ ഗ്ളാസ്സ് വായിലേക്ക് കമിഴ്ത്തിയിട്ട് തന്നെ സൂക്ഷിച്ച് നോക്കുന്ന സിബിച്ചനെ കണ്ട് പെട്ടെന്ന് മുഖം വെട്ടിച്ചു .

ഈയൊരു ദിവസമെങ്കിലും അയാൾക്ക് കുടിക്കാതിരുന്ന് കൂടെ

അവൾ വെറുപ്പോടെ മനസ്സിലോർത്തു.

അകത്തെ വിശാലമായ ഹാളിൽ കൊണ്ടിരുത്തിയിട്ട് സ്കറിയാ മാഷ് അലീനയെയും വീട്ടുകാരെയും ബന്ധുക്കൾക്ക് ഓരോരുത്തർക്കായി പരിചയപ്പെടുത്തി

ങ്ഹാ, കറിയാച്ചൻ കാരണം നാട്ടിലൊരു തെണ്ടി കുടുംബം രക്ഷപെടാൻ പോകുന്നു, അതിൻ്റെ നന്ദിയും കടപ്പാടും നിനക്കെന്നുമീ കുടുംബത്തോടുണ്ടാവണം കെട്ടോടി കൊച്ചേ…

സ്കറിയാ മാഷിൻ്റെ രണ്ടാമത്തെ മരുമകളുടെ അപ്പൻ ,തോമാച്ചൻ പുശ്ചത്തോടെപറഞ്ഞത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ഉറക്കെ ചിരിച്ചു.

അലീനയ്ക്ക് അത് കേട്ട് തൊലിയുരിയുന്നത് പോലെ തോന്നി

ആരാടോ തെണ്ടികള് ,

താനെന്നാടോ കാശ് കാരനായത് ,തൻ്റെ പുത്തൻപണത്തിൻ്റെ നെഗളിപ്പ് നാളെ‌ എൻ്റെ ഭാര്യാ വീട്ടുകാരാകാൻ പോകുന്നവരോട് വേണ്ട ,സിബിച്ചനെ തനിക്കറിയാമ ല്ലോ ,ഇടഞ്ഞാൽ ഞാൻ മഹാചെറ്റയാ

പെട്ടെന്നാണ് സ്റ്റെയർകെയ്സിറങ്ങി താഴേക്ക് വന്ന സിബിച്ചൻ, ആരും പ്രതീക്ഷിക്കാതെയുള്ള മറുപടി കൊടുത്ത് തോമാച്ചൻ്റെ വായടപ്പിച്ചത്

കുറച്ച് നേരം അവിടെയുള്ളവർ നിശബ്ദരായി പോയി ,അവനോട് പ്രതികരിച്ചാൽ ഇന്നത്തെ ചടങ്ങ് അലങ്കോലമാകുമെന്ന് കരുതി ആരും ഒന്നും മിണ്ടിയില്ല

താഴെ ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവുമെടുത്ത് സിബിച്ചൻ തിരിച്ച് സ്റ്റെപ്പ് കയറി മുകളിലേക്ക് പോയപ്പോൾ സ്കറിയാ മാഷ് തോമച്ചനോട്, മകന് വേണ്ടി ക്ഷമ ചോദിച്ചു.

ഈ സമയം തൻ്റെയും കുടുംബത്തിൻ്റെയും മാനം കാക്കാനെത്തിയ സിബിച്ചനോട് അത് വരെയുണ്ടായിരുന്ന , വെറുപ്പ് അലീനയുടെ മനസ്സിൽ നിന്നും മഞ്ഞുരുകുന്നത് പോലെ അലിഞ്ഞ് തുടങ്ങിയിരുന്നു.

തുടരും

രചന

സജി തൈപ്പറമ്പ്.

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

 

3.8/5 - (6 votes)
Exit mobile version