Site icon Aksharathalukal

പ്രേയസി – ഭാഗം 2

praisy aksharathalukal novel ullas

പരീക്ഷയുടെ തിരക്കുകൾ എല്ലാം ഇന്ന് കൊണ്ട് കഴിയും….. ദേവൂട്ടിക്ക് ആകെ ഒരു ഉന്മേഷക്കുറവ് അനുഭവപെട്ടു… ഇന്ന് തന്റെ കലാലയജീവിതവും അവസാനിക്കും… ആദ്യമായി കോളേജിലേക്ക് പേടിച്ചു പേടിച്ചു പോയത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു, മൂന്നുവർഷം പോയത് എത്ര പെട്ടെന്ന് ആണ്.. ആദ്യം ഒക്കെ ചെറിയ വയറുവേദന വന്നാൽ പോലും മടി പിടിച്ചു വീട്ടിൽ ഇരിക്കും, ഹരിസാർ വന്നതിൽ പിന്നെ ഒറ്റ ക്ളാസ് പോലും മിസ് ആക്കാതെ പോകുമായിരുന്നു… മഴയെത്തും മുൻപേ എന്ന സിനിമയിലെ മമ്മൂട്ടി ആണ് എല്ലാവർക്കും ഹരിസാർ…

ഇന്ന് ക്ലാസ്സ്‌ തീരും അല്ലേ ദേവൂട്ടി.. ‘അമ്മ അവളെ ഓർമകളിൽ നിന്ന് എഴുന്നേൽപ്പിച്ചു..

മ്… അതേ അമ്മേ.. അവൾ കസേരയിൽ നിന്നും എഴുനേറ്റു…

നിങ്ങളുടെ ചുരിദാർ ഇന്നാണോ കുട്ടി കിട്ടണത്, ലച്ചൂ ഇപ്പോൾ വിളിച്ചു പറഞ്ഞു നാളെ അവൾ വന്നിട്ട് പോയി മേടിച്ചാൽ മതിയെന്ന്, എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ആകാമല്ലോ… ശാരദ മകളോടായി പറഞ്ഞു..

ആഹ് ലെച്ചു ചേച്ചിക്കും നാളെ എക്സാം കഴിയും അല്ലേ അമ്മേ.. ദേവൂട്ടിക്ക് ചേച്ചി വരുന്നത് ഓർത്തപ്പോൾ സന്തോഷമായി…..

ഇന്ന് സുന്ദരി ആയിട്ടാണല്ലോ ദേവു…. മുത്തശ്ശിയുടെ പറച്ചിൽ കെട്ട് അച്ഛന്റെ ചിരി കണ്ടപ്പോൾ അവൾക്ക് ദേഷ്യമായി..

എന്തേ അച്ഛാ ഒരു ചിരി ഒക്കെ… മുത്തശ്ശി പറഞ്ഞത് സത്യം അല്ലേ… പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ച ദേവു തിരിഞ്ഞു നിന്ന് അച്ഛനോട് കയർത്തു…

എന്റെ കുട്ടി സുന്ദരി തന്നെയാണ്, ഇത്തിരി നിറം കുറവ് ഉണ്ടെന്നു മാത്രം… അച്ഛന്റെ മറുപടിയിൽ അവൾ സംതൃപ്ത ആയില്ലെന്നു എല്ലാവര്ക്കും അറിയാമായിരുന്നു…

കൂടുതലൊന്നും പറയാതെ ദേവു ഇറങ്ങിപ്പോയി..

ക്ലാസിൽ ചെന്നപ്പോൾ ഹരിസാറും തന്റെ സഹപാഠികളും ചേർന്ന് തമാശകൾ ഒക്കെ പറഞ്ഞു ഉറക്കെ ചിരിക്കിന്നുണ്ട്, സാർ ഇന്ന് അമ്പലത്തിൽ പോയിട്ടാണ് വന്നതല്ലേ, ചന്ദനക്കുറി കണ്ടു ചോദിച്ചാണ്… മിന്നു മേരി ചോദിച്ചപ്പോൾ സാർ ചിരിച്ചു…

ഇന്ന് എന്റെ അമ്മയുടെ ജന്മനാൾ ആണ്, അതുകൊണ്ട് അമ്മയും ആയിട്ട് അമ്പലത്തിൽ പോയതാണ്.. സാർ മറുപടിയും കൊടുത്തു…

ആഹ് ശ്രീദേവിക ഇന്ന് നേരത്തെ എത്തിയല്ലോ.. സാർ പറഞ്ഞത് കേട്ടുകൊണ്ട് എല്ലാവരും തിരിഞ്ഞുനോക്കി…

അവൾ ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ട് അകത്തേക്ക് കയറിവന്നു…

സാർ ഇവൾ മനപ്പൂർവം താമസിക്കുന്നതല്ല കേട്ടോ,ഇവളുടെ കേശഭാരം മിനുക്കി വരുമ്പോൾ ലേറ്റ് ആകുന്നതാണ്, സാറയുടെ പറച്ചിൽ കേട്ടു എല്ലാവരും ഉറക്കെ ചിരിച്ചു…

ഓക്കേ….അപ്പോൾ എല്ലാവര്ക്കും ഓൾ ദി ബെസ്റ്.. ബെൽ അടിക്കാറായി എന്നും പറഞ്ഞു സാർ പുറത്തേക്ക് പോയി…

എക്സാം കഴിഞ്ഞു ഹോളി മോഡൽ സെലിബ്രേഷൻ ആയിരുന്നു അവിടെ, പലതരത്തിലുള്ള വർണങ്ങൾ എല്ലാവരും വാരി വിതറി…

ദേവിക മാത്രം ഒതുങ്ങി മാറി നിന്നു,… അവളക്കാഘോഷങ്ങൾ ഒക്കെ അലർജി ആണെന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കി  

ടീന.. എന്റെ ലാസ്‌റ് ബസ് ആണ് ഇത് കേട്ടോ, ഇതിൽ എങ്കിലും പോയില്ലെങ്കിൽ നേരം വൈകും.. റ്റീനയുമായി ദേവു ബസ് സ്റ്റോപ്പിലേക്ക് നടന്നു…..

ടി എന്റെ ബസ് വന്നു, പോട്ടെ… ടാറ്റ… ടീന അവളുടെ ബസ് ലക്ഷ്യമാക്കി ഓടി..

ദേവു അവളുടെ ബസ് കാത്തു നിൽക്കുകയാണ്….

സമയം ആകുന്നതേ ഒള്ളു,… ഇന്ന് അച്ഛന്റെ വഴക്ക് കിട്ടും എന്നവൾക്ക് ഉറപ്പായി. 

ഹരി സാറിന്റെ കാർ വന്നു അവളുടെ അടുത്ത് നിർത്തി  , മരിയയും, മൃദുലയും ജോബിനും ഉണ്ട് വണ്ടിയിൽ..

ഹായ് ദേവിക… ജംഗ്ഷനിൽ ഇറക്കാം,, മരിയ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു. 

ദേവികക്ക് പക്ഷെ എന്തോ മടി പോലെ തോന്നി അവരുടെ ഒപ്പം കയറുവാൻ….

സാർ എന്ത് വിചാരിക്കും ആവോ….

കയറിക്കോടോ.. ഇന്ന് ലേറ്റ് ആയില്ലേ.. അവളുടെ മനസ് വായിച്ചതു പോലെ സാർ അവളെ നോക്കി പറഞ്ഞു..

മരിയ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ വണ്ടിയിൽ കയറി..

ജോബിൻ ആണ് ആദ്യം ഇറങ്ങിയത്, അടുത്ത സ്റ്റോപ്പിൽ മരിയയും മൃദുലയും ഇറങ്ങി….

സാറും അവളുമായി ഇപ്പോൾ വണ്ടിയിൽ, നേരം ഇരുട്ട് വീണു, എത്രയും പെട്ടന്ന് ജംഗ്ഷൻ ആകാൻ അവൾ പ്രാർത്ഥിച്ചു…

ദേവികയുടെ ചങ്ക് പട പടാന്നു ഇടിക്കാൻ തുടങ്ങി..

ദേവികയ്ക്ക് എന്താ പേടി തോന്നുന്നുണ്ടോ, സാർ കണ്ണാടിയിൽ കൂടി ഇടക്ക് ശ്രദ്ധിക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു….

ഇല്ല സാർ… മറുപടി കൊടുത്തപ്പോൾ അവൾ ചെറുതായി വിറച്ചു പോയി..

ഹരി ഒതുങ്ങിയ ഒരു സ്ഥലം നോക്കി അയാളുടെ വാഹനം നിർത്തിയപ്പോൾ ദേവിക ശരിക്കും പേടിച്ചു…

ന്താ സാർ, എന്ത് പറ്റി വണ്ടി നിർത്തിയത്,,, അവൾ വല്ല വിധേനയും ചോദിച്ചു.  .  …

ഇയാൾക്ക് ഇനി എന്താ നെക്സ്റ്റ് പ്ലാൻ, പിജി ആണോ… സാർ ചോദിച്ചു…

തീരുമാനിച്ചില്ല…. മിക്കവാറും അതന്നെ ആണ് സാർ… അവൾ പറഞ്ഞു…

ദേവൂട്ടി എനിക്ക് ഇയാളോട് ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു… സാർ തിരിഞ്ഞിരുന്നു അവളുടെ മുഖത്തേക്ക് നോക്കി..

അവൾ ആകാംഷയോടെ സാറിനെയും നോക്കി…

എടൊ….കൂടുതൽ വളച്ചുകെട്ടാതെ ഞൻ കാര്യം പറയാം, എനിക്ക് ഇയാളെ വിവാഹം കഴിക്കണം എന്നാഗ്രഹം ഉണ്ട്, എന്റെ അമ്മയും ആയി ഞാൻ വരുന്നുണ്ട് തന്റെ വീട്ടിൽ, തന്റെ എക്സാം കഴിയുവാൻ ആണ് ഞാൻ വെയിറ്റ് ചെയ്തത്.. ഇയാൾക്ക് സമ്മതക്കുറവ് ഉണ്ടോ….എന്തായാലും ആഫ്റ്റർ മാര്യേജ് നമ്മൾക്ക് പിജി ചെയാം, അല്ല എങ്കിൽ അങ്ങനെ…..  സാറിന്റെ വാചകങ്ങൾ കേട്ടു തരിച്ചു ഇരിക്കുകയാണ് അവൾ… ഇത് സ്വപ്നം ആണോ….

ദേവു എന്ത് മറുപടി പറഞ്ഞാലും എനിക്ക് പ്രശനം ഇല്ല കേട്ടോ, കാരണം ഞാൻ ഇത് തന്നോട് പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷിയെ ഞാൻ മനപ്പൂർവം വഞ്ചിക്കുക ആണ് ചെയുന്നത്, അതുകൊണ്ട് ഇയാളോട് ഞാൻ ഈ കാര്യങ്ങൾ ഇപ്പോൾ പറയുന്നത്…

ദേ നേരം ഇരുട്ടി തുടങ്ങി, എന്തെങ്കിലും പറയു കുട്ടി… ഹരിസാർ അക്ഷമനായി പറഞ്ഞു. 

സാർ എന്നെ വേഗം ജംഗ്ഷനിൽ ഇറക്കുമോ, അവൾ ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു..

അയാൾ മറുത്തൊന്നും പറയാതെ വണ്ടി മുൻപോട്ട് എടുത്തു….

പിന്നെ രണ്ടുപേരും തമ്മിൽ ഒരു വാക്ക് പോലും സംസാരിച്ചില്ല    …….

ഇറങ്ങുന്നില്ലേ….. സാറിന്റെ ചോദ്യം കേട്ടുകൊണ്ട് അവൾ തല ഉയർത്തി നോക്കി..

സ്ഥലം എത്തി. . അവളുടെ വീടിനോട് ചേർന്നുള്ള ചെമ്മൺ പാത വരെ വണ്ടി എത്തിയിരുന്നു.. 

ഈശ്വര.. ഇത്രടം വരെ വരേണ്ടിയിരുന്നില്ല.  അവൾ ആരോടെന്നില്ലാതെ പറഞ്ഞു..

സാരമില്ല,, താൻ ഇറങ്ങിക്കോ….

ഒന്നും പറയാതെ അവൾ ഇറങ്ങുകയാണോ… ഹരി ഓർത്തു..

സാർ….അമ്മയും ആയിട്ട് വരുമ്പോൾ  എന്റെ വീട്ടിൽ സമ്മതം ആണെങ്കിൽ എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല.  തൊണ്ടയിലെ വെള്ളം എല്ലാം പറ്റിയിട്ട് അവൾക്ക് ആകെ പരവേശം ആയി പോയി.. പെട്ടന്നവൾ ഡോർ തുറന്നു പുറത്തിറങ്ങി..

ദേവു…..ഇപ്പോൾ കൂടുതലൊന്നും ആരോടും പറയണ്ട, വരട്ടെ നമ്മൾക്ക് വെയിറ്റ് ചെയാം.. ഹരി അവളെ നോക്കിയപ്പോൾ അവൾ ഒന്നും പറഞ്ഞില്ല, അതാകും നല്ലതെന്നു അവൾ ഓർത്തു..  

അച്ഛനെയോ മറ്റോ വിളിക്കണോ, തനിച്ചു പോകണ്ട   ….. ഹരി മുൻവശത്തെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് അവളോട് പറഞ്ഞു…

വേണ്ട സാർ…..ദേ ആ കണുന്നതാണ് വീട്, ഞാൻ വേഗം പോയ്കോളാം..ഈ പാടം കഴിഞ്ഞാൽ വീടെത്തി… ഇവിടെ നിന്ന് നോക്കിയാൽ എന്റെ വീടിന്റെ ഉമ്മറം കാണാം… വരട്ടെ സാർ…  അതും പറഞ്ഞു അവൾ മുൻപോട്ട് നടന്നു പോയി  

ഹരി വണ്ടി ഓഫ് ചെയ്തിട്ട്  വരമ്പത്തൂടെ നടന്നു പോകുന്ന ദേവൂട്ടിയെ നോക്കി കൊണ്ട് ഇരിക്കുകയാണ്…..

ശാലീനത നിറഞ്ഞ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി ആണിത്.. ഒരുപാട് സൗന്ദര്യം ഇല്ലെങ്കിലും അവളെ കണ്ട മാത്രയിൽ  എന്തോ ഒന്ന് അവളെ തന്നിലേക്ക് ആകര്ഷിക്കുന്നുണ്…..

വീട്ടിൽ ‘അമ്മ വിവാഹക്കാര്യം പറഞ്ഞപ്പോൾ താൻ ഒന്നും അമ്മയോട് പറയഞ്ഞതും ദേവൂന്റെ മറുപടി അറിയുവാൻ ആയിരുന്നു….

അമ്മയുടെ അടുത്തേക്ക് എത്താൻ അവന്റെ മനസ് വെമ്പി, പക്ഷെ ദേവു വീട്ടിൽ എത്തിയിട്ട് പോകാം എന്നോർത്ത് കൊണ്ട് അയാൾ അവിടെ കിടന്നു….. 

ദേവികയുടെ ‘അമ്മ വന്നു അവളോട്  എന്തൊക്കെയോ ചോദിക്കുന്നതാണെന്ന് തോന്നുന്നു, അവ്യക്തമായി കാണാം, അവൾ അകത്തേക്ക് പോകുന്നത് കണ്ടതിനുശേഷം ആണ് അവൻ വണ്ടി മുൻപോട്ട് എടുത്തത്…

*********************

രാവേറെ ആയിട്ടും ദേവു ഉറങ്ങാതെ കിടക്കുകയാണ്…

സാർ പറഞ്ഞ കാര്യങ്ങൾ ഓർത്തു ഉറക്കം വരാതെ കിടക്കുകയാണ് അവൾ…

ഒരു ചെറിയ കാര്യം പോലും അമ്മയോട് പറഞ്ഞിരുന്ന താൻ ഈ കാര്യം മാത്രം ഒളിച്ചുവെച്ചു…

എന്തായാലും സാറും അമ്മയും കൂടെ വന്നിട്ട് പോകട്ടെ, എന്നവൾ ഓർത്തു….

പെട്ടന്നാണ് അവൾ വേറൊരു കാര്യം ഓർത്തത്, ലെച്ചു ചേച്ചി നിക്കുമ്പോൾ താൻ…. ചേച്ചിയുടെ വിവാഹം കഴിയാതെ എങ്ങനെ ആണ്…

എന്തായാലും സാർ വരട്ടെ, എന്നിട്ടാകാം ബാക്കി… ദേവു കണ്ണുകൾ ഇറുക്കെ അടച്ചു കിടന്നു….

അച്ഛനും അമ്മയും കൂടി ലെച്ചുവിനെ കൂട്ടികൊണ്ട് വരുവാനായി ശേഖരമാമയുടെ വണ്ടി വിളിച്ചു കാലത്തേ  പോയതാണ്,

ഇതുവരെ ആയിട്ടും എത്താറായില്ലേ അവർ.. മുത്തശ്ശി ആവണിപ്പലകയിൽ നിലവിളക്കെടുത്തു വെച്ചു എള്ളെണ്ണ ഒഴിച്ച് കൊണ്ട് ചോദിച്ചു  

ഇപ്പോൾ എത്തും മുത്തശ്ശി, അവർ കവല കഴിഞ്ഞു…എന്നും പറഞ്ഞുകൊണ്ട് ദേവു  തുളസിത്തറയിൽ വിളക്ക് കൊളുത്തി…

അപ്പോളേക്കും അച്ഛനും അമ്മയും ചേച്ചിയും കൂടി വരുന്നത് ദേവു കണ്ടു…

മുത്തശ്ശി അവർ വരുന്നുണ്ട് കേട്ടോ.  ദേവു ആഹ്ലാദത്തോട് കൂടി വിളിച്ചു കൂവി…

ഹോ മടുത്തു ഈ യാത്ര ഒക്കെ, ഇത്തിരി കട്ടൻചായ എടുത്തേ ദേവു, ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് പോയി.. 

ലെച്ചു, പരിക്ഷ എളുപ്പം ആയിരുന്നോ… മുത്തശ്ശി ലെച്ചുവിനോട് ചോദിച്ചു.. 

അതേ എന്റെ മുത്തിയമ്മേ, അവൾ അവരുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..

ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ എന്നും പറഞ്ഞു ലെച്ചു അകത്തേക്ക്പോയി…

എല്ലാവരും ഒരുമിച്ചു ഇരുന്നു രാത്രിയിൽ അത്താഴം കഴിച്ചു……പെണ്മക്കൾ രണ്ട് പെരും അവരുടെ കോളേജിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു…..

അമ്മേ നാളെ രാവിലെ നീലിമയുടെ വീട്ടിൽ ചെല്ലണം എന്നവൾ വിളിച്ചിട്ടുണ്ട് കേട്ടോ..കൈ കഴുകുന്നതിന്റെ ഇടയിൽ ലെച്ചു പറഞ്ഞു…

മൈലാഞ്ചിക്ക് പോകാം മോളെ, വൈകിട്ട്… ശാരദ പാത്രം എടുത്തു സിങ്കിൽ കൊണ്ട് വന്നു വെച്ചുകൊണ്ട് മകളെ നോക്കി.  

കാലത്തേ പോകുവാണെങ്കിൽ നമ്മൾക്ക് ചുരിദാർ കൂടി മേടിക്കാം ചേച്ചി.. ലെച്ചുവിനെ പിന്തങ്ങി ദേവു പറഞ്ഞു..

ആഹ് അത് നേരാണല്ലോ, എന്നാൽ നമ്മൾക്ക് അങ്ങനെ ചെയാം… ലെച്ചു കൈ തുടച്ചിട്ട് മുറിയിലേക്ക് പോയി.  

ശാരദ പിന്നെ ഒന്നും പറഞ്ഞില്ല….

വിശേഷങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു ചേച്ചിയും അനുജത്തിയും എപ്പോളോ ഉറങ്ങി, എല്ലാ കാര്യങ്ങളും പങ്കു വെച്ചെങ്കിലും ഹരി സാറിന്റെ കാര്യം മാത്രം അവൾ ചേടത്തിയോട് പറഞ്ഞില്ല…

രാവിലെ എഴുനേറ്റ് രണ്ടുപേരും കുളികഴിഞ്ഞു അമ്പലത്തിൽ പോയി വന്നതിനു ശേഷം  നീലിമയുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി..

നേരത്തെ ഇങ്ങു വന്നേക്കണം കെട്ടോ, വൈകിട്ട് എനിക്ക് അത്രടം വരെ പോകണം, അച്ഛന് നേരത്തെ വരാം എന്നേറ്റിട്ടുണ്ട്… ശാരദ പെണ്മക്കളോടായി പറഞ്ഞു.  

ശരി അമ്മേ…. സമ്മതഭാവത്തിൽ തല കുലുക്കിയിട്ട് രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി.  

നീലിമയുടെ വീട്ടിൽ ചെന്നപ്പോൾ ആകെ ബഹളം ആയിരുന്നു, ലെച്ചുവിനേം ദേവുവിനേം കണ്ട നീലിമ ഓടിവന്നു അവരെ അകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി….

നീലിമ ആകെ സുന്ദരി ആയല്ലൊടി,  ഇപ്പോൾ തന്നേ മൊഞ്ച് കൂടി പെണ്ണിന് കേട്ടോ, നാളെ അപ്പോൾ എന്തായിരിക്കും ആവോ ലെച്ചു കളിയാക്കി…

ഒന്നു പൊടി നിന്റെ ഏഴയലത്തു വരുമോ ഈ പാവം ഞാൻ…. നീലിമ കൂട്ടുകാരിയുടെ കൈത്തണ്ടയിൽ അമർത്തി നുള്ളി…

അശോക് വന്നോ ?ലെച്ചു ചോദിച്ചു…

നീലിമയുടെ സഹോദരൻ ആണ് അശോക്, ബാംഗ്ലൂർ ഉള്ള ഏതോ ഐടി കമ്പനിയിൽ ആണ് അയാൾ ജോലി ചെയുന്നത്….

ഏട്ടൻ ഈവെനിംഗ് ആകുമ്പോൾ എത്തും, നീലിമ പറഞ്ഞു… മൂന്നുപേരും കൂടി വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്….

അപ്പോളാണ് നീലിമയുടെ അപ്പച്ചി സരസ്വതിയും കുടുംബവും പാലക്കാട് നിന്നും എത്തിയത്…. വർഷങ്ങൾ ആയിട്ട് അവർ ഡൽഹിയിൽ ആയിരുന്നു, സരസ്വതിയുടെ ഭർത്താവ് ഗുപ്തൻ നായരും മകൻ നന്ദകിഷോറും ഡോക്ടർമാർ ആണ്…  ഭർത്താവിന് നഗര ജീവിതം മടുത്തപ്പോൾ അവർ മൂന്നുപേരും അയാളുടെ നാട്ടിൽ വന്നു സെറ്റിൽഡ് ആയതാണ്….

ആഹ് അപ്പച്ചി….നീലിമ വന്നു അവരെ കെട്ടിപിടിച്ചു…

തുടരും

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

3.8/5 - (6 votes)
Exit mobile version