Site icon Aksharathalukal

പ്രേയസി – ഭാഗം 8

praisy aksharathalukal novel ullas

ആരവങ്ങളുടെയും ആർപ്പുവിളികളുടെയും നടുവിൽ നന്ദന്റെ കൈ പിടിച്ചു കതിർമണ്ഡപത്തിൽ വലം വെയ്ക്കുമ്പോളും ദേവുട്ടിയുടെ മനസ്സിൽ ഒരു സങ്കടകടൽ ആർത്തിരമ്പുകയായിരുന്നു……

ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഓടിക്കളിക്കുകയാണ്…..

ഒന്നിനും ഉത്തരം കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല…

ലെച്ചുവും അശോകും ഓരോ നിമിഷവും ആഘോഷിക്കുമ്പോളും ദേവുവിന് ആണെങ്കിൽ എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ ആണ് തോന്നിയത്…

നന്ദന് ആശംസ അർപ്പിക്കുവാൻ ആരൊക്കെയോ എത്തുന്നുണ്ടായിരുന്നു, മിക്കവരും ദേവുട്ടിയോടും സംസാരിച്ചു….

പക്ഷെ…. പക്ഷെ നന്ദേട്ടൻ മാത്രം ഒറ്റ വാക്ക് പോലും ഇത്രയും സമയം ആയിട്ടും തന്നോട് മിണ്ടിയില്ല….

ഈശ്വരാ,എന്താണിങ്ങനെ……. അവൾക്ക് എത്ര ആലോചിട്ടും പിടി കിട്ടിയില്ല…

ഭക്ഷണം കഴിക്കുമ്പോൾ എങ്കിലും ഒരു വാക്ക് സംസാരിക്കും എന്നോർത്തെങ്കിലും അതും അവൾക്ക് തെറ്റി,…

ഒടുവിൽ അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും ഒക്കെ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ദേവുട്ടിയുടെ കാലിടറി…. താൻ വീണു പോകുമോ എന്നവൾ ഭയപ്പെട്ടു…. കണ്ണിൽ നിന്നും ഒഴുകിയെത്തിയ കണ്ണീർ ഒപ്പി കളഞ്ഞുകൊണ്ട് അവൾ നന്ദന്റെ ഒപ്പം കാറിൽ കയറി…

ലെച്ചു ചേച്ചിയും അശോക് ഏട്ടനും തൊട്ടു പിറകെ ഇറങ്ങാമായിരുന്നു, അത്കൊണ്ട് തന്റെ കാർ ഇറങ്ങിയ ഉടനെ അവർക്ക് പോകാനുള്ള കാർ അവിടേക്ക് വന്നത് ദേവു കണ്ണാടിയിൽ കൂടി കണ്ടു…

പാവം അച്ഛൻ…….. താൻ കാലിൽ തൊട്ടനുഗ്രഹം വാങ്ങിയപ്പോൾ വിറയ്ക്കുന്ന കൈകളോടെ പാവം അച്ഛൻ പിടിച്ചെഴുനേൽപ്പിച്ചത് എന്ന് ദേവു ഓർത്തു…….അമ്മയാണെങ്കിൽ രണ്ട്മൂന്ന് ദിവസം ആയിട്ട് നേരംവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ല… ദേവൂട്ടിയെ ഇത്ര ദൂരത്തേക്ക് കെട്ടിക്കേണ്ടായിരുന്നു മാധവ…. മുത്തശ്ശിയും ഇതേ ചൊല്ലായിരുന്നു പല പ്രാവശ്യം ഉരുവിട്ടുകൊണ്ടിരുന്നത്…….

അവരുടെ ഓർമ്മകളിൽ ദേവുവിന്റെ മനസ് വല്ലാതെ നീറി….

എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അച്ഛാ ദേവൂട്ടിയെ അങ്ങ് ദൂരെ ദൂരെ ആണോ കല്യാണം കഴിച്ചു വിടുന്നത്…. ഒരു ദിവസം അച്ഛനോട് താൻ ചോദിച്ചു…

ആരാ പറഞ്ഞത് അതിനു ദേവൂട്ടിയെ കെട്ടിച്ചു വിടുമെന്നു…… ലെച്ചു ചേച്ചിയെ ആണ്  കെട്ടിച്ചു വിടുന്നത്…. അപ്പോൾ പിന്നെ അച്ഛനും അമ്മയ്ക്കും ആരാ ഉള്ളത്…… ഒന്നാംക്ലാസുകാരിയായ ദേവുട്ടിയോട് അച്ഛൻ  തിരിച്ചു ചോദിച്ചു….

അച്ഛാ.. മുത്തശ്ശി പറയുവാ കിളിച്ചുണ്ടൻ മാവിലെ മാങ്ങാപ്പഴം പറിച്ചപ്പോൾ നിന്നെ രണ്ടിനേം അടിച്ചോടിക്കുമെന്ന് അങ്ങ് ദൂരെ….. അപ്പോൾ ലെച്ചു ചേച്ചിയെന്നോട് പറഞ്ഞ് എന്നെ കെട്ടിച്ചുവിടും അങ്ങ് ദൂരേന്നു…..

കുഞ്ഞുദേവുട്ടിയുടെ കൊഞ്ചൽ കേട്ടുകൊണ്ട് അച്ഛൻ എടുത്ത് പൊക്കിയ കഥ മുത്തശ്ശി എപ്പോളും പറയുമായിരുന്നു…

മുതിർന്നപ്പോൾ ലെച്ചു ചേച്ചി ഇതും പറഞ്ഞു കളിയാക്കുമായിരുന്നു….

എന്റെ അച്ഛനെ വിട്ട് ഞാൻ ഒരിടത്തും പോകില്ല,,,,…. അന്നൊക്കെ താൻ വീറോടെ പറയുമായിരുന്നു, പക്ഷെ ഇന്നോ…. ഇപ്പോളോ…

തന്റെ അച്ഛനെയും അമ്മയെയും മുത്തശിയെയും ഒക്കെ വിട്ടിട്ട് താൻ പോരുകയാണ്,…….

പുതിയ ആളുകൾ, പുതിയ നാട്…… എല്ലാം ഇനി പുതിയതാണ് തനിക്ക്….

നന്ദൻ അവന്റെ ഫോണിൽ എന്തൊക്കെയോ നോക്കി കൊണ്ട് ഇരിക്കുക ആണ്….

ഈശ്വരാ ഒന്നും മിണ്ടാത്തത് എന്താണ് ഈ മനുഷ്യൻ…

വളവും തിരിവും ഉള്ള വഴിയിൽ കൂടി കുറെ ദൂരം പിന്നിട്ടു കഴിഞ്ഞു…

ഇനി ഒരുപാട് ദൂരം ഉണ്ടോ നന്ദേട്ടാ…..ഒടുവുൽ മൗനത്തിനു വിരാമം കുറിച്ചുകൊണ്ട് ദേവു പതിയെ നന്ദനോട് ചോദിച്ചു…

എന്താ നിനക്ക് മടുത്തോ,…..?

അവന്റെ പെട്ടന്നുള്ള മറുപടിയും, ദേവൂട്ടി എന്നതിന് പകരം… നീ… എന്നുള്ള വിളിയും അവളെ ഞെട്ടിച്ചു…

ദേവു മറുത്തൊരക്ഷരം പോലും പറഞ്ഞില്ല…

ഇടക്ക് അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ട്  അടഞ്ഞുപോയി…

മാഡം….. ആരോ വിളിക്കുന്നത് കേട്ടപ്പോൾ പെട്ടന്ന് ദേവു കണ്ണ് തുറന്നു…

ഒരു വലിയ വീടിന്റെ മുൻപിൽ ആണ് താൻ,

മാഡം ഉറങ്ങിപോയത് കൊണ്ട് വിളിച്ചതാണ്, കാർ ഡ്രൈവർ ഭവ്യതയോടെ പറഞ്ഞു…

നന്ദൻ സാർ നേരത്തെ ഇറങ്ങി പോയി,,,,, അവൾ നന്ദന്റെ ഇരിപ്പിടത്തിലേക്ക് നോക്കിയപ്പോൾ അയാൾ വീണ്ടും പറഞ്ഞു…

ദേവു, പതിയെ കാറിൽ നിന്നിറങ്ങി,

ഈശ്വരാ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു….

നന്ദൻ ആരെയോ ഫോൺ വിളിച്ചുകൊണ്ടു നിൽക്കുന്നത് അവൾ കണ്ടു….

എല്ലാ ദൃഷ്ടിയും തന്റെമേൽ തറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി….

സരസ്വതി അമ്മ കത്തിച്ചു വെച്ച നില വിളക്കുമായി ഇറങ്ങി വരുന്നുണ്ടായിരുന്നു..

ദേവൂട്ടിക്ക് ആശ്വാസം തോന്നി…

നന്ദാ,,,, ഇവിടെ വാടാ… ആരോ വിളിച്ചപ്പോൾ നന്ദേട്ടൻ തന്റെ ചാരെ വന്നു നിന്നു…

ഭവാനിച്ചേച്ചി ആരതി ഉഴിഞ്ഞോളു…. ഗുപ്തൻ നായർ നിർദ്ദേശം കൊടുത്തു…

രണ്ടുപേരും ചേർന്ന് നിൽക്ക്, ആരതിയുമായി വന്ന സ്ത്രീ പറഞ്ഞു…

വലതുകാൽ എടുത്തു സൂക്ഷിച്ചു കയറിവരു മോളെ…. സരസ്വതി അവരുടെ കൈയിലെ നിലവിളക്ക് ദേവൂട്ടിക്ക് കൈമാറി…

മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ചുകൊണ്ടു അവൾ വിളക്കുമായി അകത്തേക്ക് വന്നു….

നല്ലോണം പ്രാർത്ഥിച്ചിട്ട് പൂജാമുറിയിൽ വെയ്കാം കെട്ടോ ദേവൂട്ടി…. സരസ്വതി അമ്മ സ്നേഹത്തോടെ പറഞ്ഞു….

മധുരം വെയ്‌പും, ഫോട്ടോഷൂട്ടിങും ഒക്കെ കഴിഞ്ഞപ്പോൾ ദേവു ആകെ മടുത്തു maduthu…

ഇനി കുട്ടികൾ രണ്ടുപേരും റസ്റ്റ്‌ എടുക്കട്ടേ, വൈകിട്ടത്തെ ഫങ്ക്ഷന് കൂടി കഴിയുമ്പോൾ മടുക്കും കേട്ടോ…. അച്ഛൻ വന്നു അമ്മയോട് പറഞ്ഞു…

നന്ദാ, മോളെയും കൂട്ടി റൂമിലേക്ക് ചെല്ല്.. സരസ്വതി പറഞ്ഞപ്പോൾ നന്ദൻ മെല്ലെ എഴുനേറ്റ്…

ചെല്ല് മോളെ,,,, സരസ്വതി പറഞ്ഞു..

ദേവുവും ഒരു യന്ത്രം കണക്കെ പതിയെ അവന്റെ പിറകെ പോയി…

വിശാലമായ നവീകരിച്ച ഒരു മുറിയായിരുന്നു, എ സി യുടെ തണുപ്പ് അവളെ കുളിരണിയിച്ചു…

നന്ദൻ ഡ്രസ്സ്‌ മാറി വന്നു…..

പാവം ദേവു, അവൾ നന്ദനെ നോക്കി…..

അവൻ ഒരക്ഷരം പോലും മിണ്ടാതെ ഇറങ്ങി പോയി….

ദേവു പതിയെ കബോർഡിൽ ഒക്കെ തിരഞ്ഞു,തന്റെ ഡ്രെസ് ഉണ്ടോ ദൈവമേ ഇവിടെ എങ്ങാനും…

പെട്ടന്ന് വാതിൽ തുറന്നു ഒന്ന് രണ്ട് സ്ത്രീകൾ കയറി വന്നു…

ഹായ്, എന്റെ പേര് ധന്യ.. നന്ദന്റെ വല്യച്ഛന്റെ മരുമകൾ ആണ്….വെളുത്തു സുന്ദരിയായ ഒരു യുവതി പറഞ്ഞു…

ഞാൻ നന്ദന്റെ കസിൻ ആണ് കെട്ടോ, എന്റെ പേര് പൂജ… കൂടെ വന്ന മറ്റേ യുവതിയും പറഞ്…….

അവർ രണ്ടുപേരും കൂടി ദേവൂട്ടിയെ എല്ലാത്തിനും സഹായിച്ചു..

കുറച്ചു കഴിഞ്ഞു ബുട്ടീഷൻ എത്തി, ദേവൂട്ടിയെ അണിയിച്ചൊരുക്കി…

നന്ദന്റെ സഹപ്രവർത്തകർ എല്ലാവരും എത്തിയിരുന്നു..

വിപുലമായ പരിപാടികൾ ആണ് അവിടെ പിന്നീട് നടന്നത്…

കുട്ടി ഏതുവരെ പഠിച്ചു… പ്രൊഫസർ ഫെന്നിസ്‌ മാത്യു ചോദിക്കുന്നത് നന്ദൻ കേട്ടു..

ഡിഗ്രി കഴിഞ്ഞു… ദേവു മറുപടിയും കൊടുത്തു..

അതെന്തേ പിന്നീട് ഒന്നും പഠിക്കാഞ്ഞത്, അയാൾ വീണ്ടും ചോദിച്ചു..

ഡിഗ്രി കഴിഞ്ഞതേ ഒള്ളു സാർ, റിസൾട്ട്‌ വെയിറ്റ് ചെയുവാ…. ദേവു വീണ്ടും പറഞ്ഞതും നന്ദൻ കേട്ടു..

നന്ദനെ എല്ലാവരും പകച്ചു നോക്കുകയാണ്, വെറുമൊരു ഡിഗ്രികാരിയെ ആണോ നീ കെട്ടിയത് എന്നായിരുന്നു നോട്ടത്തിന്റെ അർഥം…

തുടരും

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

4/5 - (4 votes)
Exit mobile version