Site icon Aksharathalukal

കൂനിമാമ്മ

aksharathalukal-malayalam-stories
ഒരു ദിവസം ഞാൻ എൻെറ വീടിൻെറ കോലായത്തിൽ
(വീടിനു ചുറ്റും കെട്ടുന്ന ചെറിയ തിണ്ണ)ഇരിക്കുകയായിരുന്നു.അപ്പോൾ അവിടേക്ക് കൈലിമുണ്ടും ബളൗസും ഇട്ട ഒരു രുപം നടന്നെത്തി.ഞാൻ മുഖമുയർത്തി ആളെ നോക്കി.അത് കൂനിമാമ്മ ആയിരുന്നു.ഇവരുടെ പേര് “ഭവാനി” എന്നാണ്.പക്ഷേ “റ” പോലെ വളഞ്ഞ് ഇരിക്കുന്നതിനാൽ നാട്ടുകാര് ഇട്ട പേരാണ് കൂനിമാമ്മ.
ഞാൻ കളിയായിട്ട് അവരോട് ചോദിക്കാറുണ്ട് എന്താണ് ഇങ്ങനെ വളഞ്ഞ് ഇരിക്കുന്നത്?.അപ്പോൾ പല്ലില്ലാത്ത മോണകാട്ടി വല്യ ഗമയിൽ പറയും “ഞാൻ കാട്ടി കോവിലകത്തെ മുറ്റമടിക്കാരി ആയിരുന്നു.മുറ്റമടിച്ചിട്ടാണ് ഞാൻ വളഞ്ഞ് പോയത് “.
പിന്നെ ഇവരുടെ സ്ഥിരം പല്ലവിയാണ് “ജോസ് അണ് നല്ലത്.അവ൯ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെ ഒക്കെ നോക്കിയേനെ”.

ഇതൊക്കെ കേൾക്കു൩ോൾ എനിക്ക് ചൊറിഞ്ഞ് വരും.ഈ പറയുന്ന ജോസ് എൻെറ അപ്പനാണ്.ഞാൻ അങ്ങേരെ പോലെ ഇവരുടെ ഒക്കെ ക്ഷേമ അന്വേഷണത്തിന് ചെല്ലുന്നില്ല എന്നതാണ് മേൽപ്പറഞ്ഞ വാചകം കൊണ്ട് ഉദേശിക്കുന്നത്.പിന്നെ ജോസിൻെറ ചില വീര കൃത്യങ്ങളുടെ ചില വർണ്ണനകളാണ്.എന്നിട്ട് കണ്ണ് പതിയെ തുടയ്ക്കും.

ഈ വീരകൃത്യങ്ങൾ ഈ കാലഘട്ടത്തിൽ ചെയ്താൽ ആരെങ്കിലും തല്ലി കൊല്ലും എന്ന കാര്യത്തിൽ സംശയം വേണ്ട😂.
എൻെറ അപ്പൻ ചെറുപ്പത്തിൽ അത്യാവശ്യം നല്ല വികൃതി ആയിരുന്നു.ഞങ്ങളുടെ വീടിൻെറ അതിരിലൂടെയാണ് തുണ്ടത്തിൽ കൈമൾ എന്നും അ൩ലത്തിൽ പോയി കൊണ്ടിരുന്നത്.ഇങ്ങേര് പോകുന്നതും നോക്കി അപ്പനും വല്യപ്പൻെറ അഞ്ച് വയസായ മകൾ ആൻസി ചേച്ചിയും നിൽക്കും.
കൈമൾ ഞങ്ങളുടെ വഴിയിൽ എത്തിയാൽ അപ്പൻ ആൻസി ചേച്ചിയോട് പറയും: “ആ അപ്പുപ്പനെ ചെന്ന് ഒന്ന് കെട്ടി പിടിക്ക്”.ആൻസി ചേച്ചി ചെന്ന് കൈമളെ കെട്ടി പിടിക്കും.
ഉടനെ കൈമൾ :”ശൊ മാപ്പിള കുട്ടി തൊട്ടു അശുദ്ധാക്കി” എന്ന് പറഞ്ഞ് തിരിച്ച് പോകും.ഇത് സ്ഥിരം പരിപാടി അയപ്പോൾ സഹികെട്ട കൈമൾ അപ്പൻെറ അപ്പനോട് പറഞ്ഞു.അതിൻെറ പരിണിത ഫലമായി അപ്പനെ മരത്തിൽ കെട്ടി ഉറു൩ും കൂട് വച്ചതായാണ് അറിവ്.
പിന്നെയും ഉണ്ട്.അപ്പനും സംഘാഗങ്ങളും കൂടി സ്കൂൾ വിട്ട് വരുന്ന വഴിക്കൊരു വര൩് ഉണ്ട്.അവിടെയാണ് നമ്മുടെ കൂനിമാമ്മ കപ്പ കൊ൩് നട്ട് വയ്ക്കുന്നത്.പിള്ളേരുടെ സ്ഥിരം വിനോദമാണ് കാല് കൊണ്ട് തട്ടി ക൩് മറിക്കുക എന്നത്.ഇവര് ക൩് മറിക്കുന്നത് കണ്ട് കൂനിമാമ്മ വടിയുമായി ഓടി വരും.അപ്പോൾ ഒരാൾ ഒഴികെ ബാക്കി എല്ലാ വരും ഒാടും.ആ ഓടാതെ നിൽക്കുന്ന ആൾ അപ്പനാണ്.അവര് തല്ലാൻ വരു൩ോൾ അപ്പൻ പറയും:”ഞാനല്ല മറിച്ചത്.ആ ഓടുന്ന പിള്ളേരാ”.കൂനിമാമ്മ മറ്റ് പിള്ളേരെ തല്ലാൻ പോകു൩ോൾ ബാക്കി ക൩് കൂടി തട്ടി മറിച്ച് അപ്പൻ കടന്ന് കളയും.
ചക്ക പഴുത്ത് കിടക്കുന്ന പ്ലാവിൽ കേറി തോട് തുരന്ന് ചക്ക തിന്നുക.അത് ആ വീട്ടുകാർ അപ്പുപ്പനോട് പറഞ്ഞതിന് ചക്കയുടെ ഞെട്ട് ബ്ലയിഡിന് വരയുക.ഒരാഴ്ചയ്ക്കുള്ളിൽ ചക്കയെല്ലാം വാടി നിലത്ത് വീഴും.ഇതൊന്നും പോരാഞ്ഞ് അന്യമതസ്ഥർ കയറാൻ പാടില്ലാത്ത തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ അപ്പൻ പരസ്യമായി കേറിയിട്ടുണ്ട് എന്നാണ് നാട്ടുകാര് പറയുന്നത്.അവസാനം അ൩ലം കമ്മറ്റിക്കാർ പുണ്യാഹം തളിച്ച് ശുദ്ധി ചെയ്തത്രേ.
എൻെറ വീടിന് ചുറ്റും ഉള്ള കോലായത്തിൽ ഇരുന്നാണ്  പരിസരവാസികൾ ചകിരി പിരിച്ചിരുന്നത്.വൈകുന്നേരം എല്ലാവരും എത്തും.എത്തുന്നവർക്ക് എല്ലാം അമ്മുമ്മ കപ്പ,ചേ൩് മുതലായവ പുഴുങ്ങി കൊടുക്കും.അപ്പുപ്പൻ നല്ലൊരു കർഷകനായിരുന്നു.ചകിരി പിരിക്കാൻ വരുന്ന പെണ്ണുങ്ങളും അവരുടെ പിള്ളേരും എല്ലാം കൂടി ആകെ ഒരു ആഘോഷമാണ്.
ഇതൊന്നും ഞാൻ കണ്ടിട്ടല്ല. കൂനിമാമ്മയെ പൊലെ അന്ന് ഉണ്ടായിരുന്ന ഇന്നും ജീവിക്കുന്ന കുറെ മനുഷ്യ പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞതാണ്.കൂനിമാമ്മ ഇന്ന് ഇല്ല.അവർ കാലയവനികയ്ക്ക് ഉള്ളിൽ പോയ് മറഞ്ഞൂ.പക്ഷേ അവരുടെ കപ്പ കൊ൩് തട്ടി മറിച്ച അപ്പനെ അവർ സ്നേഹിക്കുന്നുണ്ടായിരുന്നു
ഇതിൽ പറഞ്ഞ പലകാര്യങ്ങളും ഇന്നാണ് ചെയ്യുന്നത് എങ്കിൽ വർഗ്ഗീയ കലാപം വരെ ഉണ്ടായേക്കാം.
ഇപ്പോൾ എനിക്ക് തോന്നുന്നു പഴയ ആളുകൾക്ക് ഒക്കെ വലിയ മനസ്സ് ഉണ്ടായിരുന്നു.പക്ഷേ ഇന്നത്തെ മനുഷ്യർക്ക് ഉള്ളത് പണകൊഴുപ്പും ആർഭാടങ്ങളും മാത്രം
5/5 - (1 vote)
Exit mobile version