Site icon Aksharathalukal

പുലി വരുന്നേ പുലി

കഥ

ഓണപ്പരീക്ഷയുടെ ചൂടെല്ലാം കഴിഞ്ഞുള്ള ഓണാവധി ഏതൊരു കുട്ടിക്കും നവോന്മേഷം നൽകുന്ന ഒന്നാണ് .

അവധിക്കാലം എങ്ങനെ ചിലവഴിക്കണമെന്ന്
എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും ഞങ്ങൾ പദ്ധതിയിട്ടു .

ഞങ്ങൾ ആരാണെന്നു ചോദിച്ചാൽ  ..

ഞാനും മഹേഷും പിന്നെ അനീഷും ..ബാല്യകാല സുഹൃത്തുക്കളാണ് .

ക്രിക്കറ്റ്‌ കളിയായിരുന്നു മെയിൻ പ്രോഗ്രാം .

ആരുടെ കൂടെയൊക്കെ മത്സരം സംഘടിപ്പിക്കാം ,എങ്ങനെയൊക്കെ അവരെ തോല്പിക്കാം ,എത്ര രൂപക്ക് ബെറ്റ് വക്കണം ,,,എന്നെല്ലാമുള്ള ഗൂഢാലോചനകൾ നടക്കുന്ന സമയം .

രാവിലെ  വീട്ടിൽ നിന്നിറങ്ങിയാൽ പിന്നീട് വരുന്നത് ഉച്ചക്ക് കഴിക്കാൻ മാത്രം .ഊണു കഴിഞ്ഞാലോ ,പിന്നെയും കളി ,തിരികെ വരുന്നത് വൈകിട്ടായിരിക്കും ..

സഹി കെട്ട വീട്ടുകാർ ചൂരൽ ഓർഡർ ചെയ്ത വിവരം അറിയാതെ, മാച്ചിലെ ചാമ്പ്യന്മാരായി വന്ന് കയറിയ ഞങ്ങൾക്ക് നല്ല ചാമ്പ് കിട്ടിയത് മിച്ചം.

“ഇനി നീയൊക്കെ വീട്ടിന്നു വെളിയിലിറങ്ങിയാൽ മുട്ടുകാലു തല്ലിയൊടിക്കും” എന്ന അമ്മയുടെ വക ഭീഷണിയും …

തൊട്ടടുത്ത ദിവസം ഞങ്ങളുടെ മീറ്റിംഗ് സ്ഥലമായ റബ്ബറിൻ തോട്ടത്തിൽ ഒത്തുകൂടി .

മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളെല്ലാം പൊളിഞ്ഞ ഞങ്ങളുടെ മുൻപിലേക്ക് ദൈവ ദൂതനായി ആ മനുഷ്യൻ അവതരിച്ചു ..

“എക്സ് മിലിട്ടറി ഹവിൽദാർ ചന്ദ്രപ്പൻ “

“എന്തിനാടാ പിള്ളേരെ നിങ്ങളീ എരി വെയിലത്തു കുത്തി മറിഞ്ഞു കളിക്കാൻ പോന്നത് ..അതല്ലെ അമ്മ വഴക്ക് പറയുന്നത് ..

നിങ്ങളൊരു കാര്യം ചെയ്യ് ..

ഓണമൊക്കെയല്ലേ ..

“ഒരു ചെറിയ പുലി കളി സംഘടിപ്പിക്ക് “

ഇതും പറഞ്ഞ് മിലിറ്ററി സ്ഥലം കാലിയാക്കി .

പുലികളി കണ്ടിട്ടുണ്ടെന്നല്ലാതെ അതേപ്പറ്റി യാതൊരൂഹവും ഞങ്ങൾക്കില്ലായിരുന്നു .

അനീഷിന്റെ ചേട്ടൻ അഭിലാഷ് ഞങ്ങൾക്ക് സഹായഹസ്തവുമായെത്തി.

പുലിയുടെ മുഖം മൂടിയും ചായവും അഭിലാഷ് സംഘടിപ്പിച്ചു . വാദ്യ മേളങ്ങൾക്കായി പഴയ ഒരു ബക്കറ്റും പ്ലാസ്റ്റിക് ഡബ്ബയും തരമാക്കി.

അടുത്ത ചോദ്യം ആരു പുലിയാവും എന്നുള്ളതായിരുന്നു .

പുലികളിക്ക് ഡാൻസ് സ്റ്റെപ് അറിയണം എന്നുള്ളതിനാൽ മഹേഷിനെ പുലിയായി അപ്പോയിന്റ് ചെയ്തു .

തെല്ലു നീരസത്തോടെയാണെങ്കിലും അവനതേറ്റെടുത്തു .

ഏകദേശം വൈകുന്നേരം നാലുമണിയോട് കൂടി പുലിയും റെഡിയായി ,വാദ്യ മേളക്കാരും റെഡിയായി .

ആദ്യത്തെ കളി,  ഇത്രയും വിലപ്പെട്ട ഉപദേശം നൽകിയ ഹവിൽദാർ ചന്ദ്രപ്പന് ഡെഡിക്കേറ്റ് ചെയ്യാൻ തീരുമാനിച്, ആ വീട്ടിൽ നിന്നും ഞങ്ങൾ പുലി കളിക്ക് തുടക്കമിട്ടു .

കളി കഴിഞ്ഞപ്പോൾ ആദ്യ ടോക്കൺ എന്ന നിലയിൽ അഭിമാനത്തോടെ അയാൾ ഒരു രൂപ ഞങ്ങൾക്ക് സമ്മാനിച്ചിട്ട് പറഞ്ഞു ..

“ഗുഡ് ബോയ്സ് …കീപ് ഇറ്റ് അപ്പ് “

അഭിലാഷായിരുന്നു ഖജാൻജി .കിട്ടിയ വലിയ തുക അവൻ വാങ്ങി പോക്കറ്റിലിട്ടു .

അവിടെ നിന്നുമിറങ്ങാൻ നേരം കേണൽ പ്രത്യേകം ഓർമിപ്പിച്ചു .

“മക്കളെ ..ഇവിടെയടുത്തു നമുക്ക് പരിചയമുള്ള വീടുകളിൽ മാത്രം പോയിട്ട് പെട്ടെന്ന് തിരിച്ചു വരണേയെന്ന് “..

ഒരു സീനിയർ ഓഫീസറുടെ ഓർഡർ അനുസരിക്കുന്ന സോൾജിയേഴ്സിനെപ്പോലെ ഞങ്ങൾ “യെസ് സർ ” എന്നു പറഞ്ഞിറങ്ങുമ്പോൾ അതൊരു വലിയ പൊല്ലാപ്പിലേക്ക് ആയിരിക്കുമെന്ന് ആരും കരുതിയില്ല .

അറിയാവുന്ന വീടുകളിൽ ഞങ്ങൾ പുലി കളിച്ചു .ചില്ലറതുട്ടുകൾ ഒന്നൊന്നായി കൂടി തുടങ്ങി .

അടുത്തുള്ള വീടുകൾ കഴിഞ്ഞപ്പോൾ തിരികെ വരാൻ തുടങ്ങിയ ഞങ്ങളോട് ,ഞങ്ങളെക്കാൾ ലോക പരിചയം കൂടിയ അഭിലാഷ് പറഞ്ഞു .

“നോക്ക് ..ഇപ്പൊ തന്നെ ഇത്രയും പൈസ കിട്ടി .നമുക്കു കുറച്ചു വീടുകളും കൂടി കയറാം .നിറയെ കിട്ടും .
എന്നിട്ട് തിരികെ വരാം ..എന്താ സമ്മതിച്ചോ ?”

അവൻ പറയുന്നതിലും കാര്യമുണ്ട് ..ഞങ്ങൾ മൂവരും സമ്മതിച്ചു .

“പക്ഷെ ഇവിടം കഴിഞ്ഞാൽ ഞങ്ങൾക്കാർക്കും വഴിയറിയില്ല “

“അതിനല്ലേ ഞാനിവിടെയുള്ളത് ” ഞങ്ങളുടെ ആവലാതി കാറ്റിൽ പറത്തി അഭിലാഷ് മുൻപോട്ടുവന്നു .

പുലി കളി പിന്നെയും തുടർന്നു .ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചെന്നിപ്പോഴും ഞങ്ങൾക്കറിയില്ല .

സമയം രാത്രി ഏകദേശം ഒൻപതു മണിയായിക്കാണും .
മക്കളെ കാണാതെ വീട്ടുകാരാകെ വിഷമിച്ചു .

പിള്ളേർക്കിനി വല്ല അപകടവും പറ്റിയോ ? ആരോടാ ഒന്ന് ചോദിക്കുന്നത് ??

ദാ ..ആ കാല മാടനാ വെറുതെയിരുന്ന പിള്ളേർക്ക് ഉപദേശം കൊടുത്ത് പുലി കളിപ്പിക്കാനിറക്കി വിട്ടത് …ആരോ പറയുന്നത് കേട്ട് മുട്ടൻ കിളിയായ പട്ടാളം ,തന്റെ സ്വന്തം ഉത്തരവാദിത്തം പോലെ ഞങ്ങളെ തിരയാൻ ഇറങ്ങി .

പുലിയുടെ പുതുമയാർന്ന നൃത്ത പ്രകടനം കാഴ്ച വെച്ച മഹേഷിന്റെ കാലുകൾ പതിയെ നീര് വെക്കാൻ തുടങ്ങിയിരുന്നു .മതിയാക്കാം എന്നു പറഞ്ഞിട്ടും അഭിലാഷ് വിടുന്നുണ്ടായിരുന്നില്ല .

ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി തിരികെ വീട്ടിലേക്ക് പോകുവാൻ അവൻ സമ്മതിച്ചു .

പോകുന്ന വഴിയിൽ കിട്ടിയ കളക്ഷൻ എണ്ണി നോക്കി .

ആകെ ഇരുപത്തി ഒന്നു രൂപ ഇരുപത്തിയഞ്ചു പൈസ .

കോടീശ്വരനായി  വീട്ടിൽ തിരികെയെത്തിയ എനിക്ക് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്‌ സമ്മാനമായി വെച്ചിട്ടുണ്ടെന്നറിഞ്ഞു കൂട്ടുകാർ നൈസായി സ്ഥലം കാലിയാക്കി .

പലിശയും കൂട്ടു പലിശയും ചേർത്തു നല്ല രീതിയിൽ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി വിജയ ശ്രീലാളിതനായി ഉമ്മറത്തിരിക്കുന്ന ഇരിക്കുന്ന സമയം .

പട്ടാളത്തിന്റെ വീട്ടിൽ നിന്നും വലിയ ബഹളം കേൾക്കുന്നുണ്ടായിരുന്നു .

“എന്റെ മോനല്ലേ കാലു വയ്യാഞ്ഞിട്ടും ഡാൻസ് കളിച്ചത് ?? അത് കൊണ്ടത് അവന് തന്നെ കൊടുക്കണം ..

അതെങ്ങനെ ശെരിയാവും ?? എന്റെ മോനല്ലേ ഇത്രയും സ്ഥലങ്ങൾ അവർക്കു കാണിച്ചു കൊടുത്തത് ..അത് കൊണ്ടവന് കൊടുക്കണം .

നടുവിൽ പട്ടാളത്തിന്റെ മധ്യസ്ഥതയും കേൾക്കുന്നുണ്ടായിരുന്നു .

എന്തു കൊടുക്കാനാണ് ഇവർ പറയുന്നത് .ഇനി വല്ല ട്രോഫിയുമാണോ എന്തോ ?? അങ്ങനെയെങ്കിൽ വാദ്യം കൈകാര്യം ചെയ്ത ഞാനും അർഹനല്ല അതിനു ?? താളമില്ലാതെ എന്തു നൃത്തം ??

നാളെയാകട്ടെ ..എനിക്കും പറയാനുണ്ട് ..ആഹാ .

പലതും ചിന്തിച്ചുറപ്പിച് അന്നത്തെ രാത്രി എങ്ങനെയോ ഞാൻ തള്ളി നീക്കി.

പിറ്റേ ദിവസമാണ് സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ സാധിച്ചത് ..

കിട്ടിയ പൈസ വീതം വച്ചതിന്റ ബഹളമായിരുന്നു കേട്ടത് .നാലു പേർക്കും കൂടി അഞ്ചു രൂപ വീതം വച്ചപ്പോൾ ഒരു രൂപ ഇരുത്തിയഞ്ചു പൈസ മിച്ചം .

തന്റെ മക്കൾക്ക് അത് ലഭിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു രാത്രി കേട്ടത് .

പട്ടാളം ഇടപെട്ട് അതിനൊരു തീരുമാനമുണ്ടാക്കി .

ഒരു രൂപ നാലായി ഭാഗിച്ചു ഇരുപത്തി അഞ്ചു പൈസ വീതം നാലുപേർക്കും .
മൈക്കിൾ ജാക്ക്സൺന്റെ സ്റ്റെപ് കളിച്ച മഹേഷിനു പ്രോത്സാഹന സമ്മാനം എന്ന നിലയിൽ അധികം വന്ന ഇരുപത്തി അഞ്ചു പൈസയും നൽകി സമാധാനിപ്പിച്ചു .

***********************************

ബാല്യ കാല സ്മരണകൾ ഏറെയുണ്ടെങ്കിലും ,അന്നത്തെ ആ  രാത്രിയും ,രസകരമായ സംഭവങ്ങളും ഇപ്പോഴും മനസ്സിൽ മായാതെ നില്കുന്നു ..

4.4/5 - (8 votes)
Exit mobile version