Site icon Aksharathalukal

അമ്മാളു

aksharathalukal-malayalam-stories

എന്റെ വീട്ടിലെ മുറ്റമടിക്കാരിയായിരുന്നു അമ്മാളു…. വെറും ഒരു പണിക്കാരിയല്ല ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു അവർ. ഒരു പ്രത്യേക സ്വഭാവക്കാരി. ദേഷ്യം വന്നാൽ ആരേയും കൂസാതെ എന്തും പറയും.’ .വെട്ടൊന്ന് മുറി രണ്ടെന്ന’ പ്രകൃതം. ആ മുറിച്ചു മാറ്റിയ വരുമായി പിന്നെ അമ്മാളു ന് അടുക്കാനും പ്രയാസമാണ്.. അത്രക്ക് വാശിയണ്….അതു കൊണ്ട് ജീവിതാവസനം വരെ നഷ്ട കണക്കുകൾ മാത്രം ഉണ്ടാക്കി.. സ്നേഹിച്ചവരെ ആയി ഒക്കെ പിണങ്ങി..എങ്കിലും ആരുടെ മുമ്പിലും അമ്മാളു തോറ്റു കൊടുത്തിരുന്നില്ല… എന്നെ അമ്മാളൂന്ന് ഭയങ്കര ഇഷ്ടമായിരുന്നു.. എനിക്കും അങ്ങിനെ തന്നെ… ‘ഗീതോ…….’ എന്ന് നീട്ടി വിളിക്കും.. ആ ശബ്ദത്തിന്റെ നീളത്തിൽ സ്നേഹം നിറഞ്ഞു കവിഞ്ഞിരിക്കും….. നല്ല ആത്മാർത്ഥതയിലാണ് പണി ചെയ്യുക…. മുറ്റമടി കഴിഞ്ഞാൽ വീട്ടിലെ പറമ്പിൽ പല പണിയും ചെയ്ത് അമ്മയെ സഹായിക്കും.
ഒരു വിധം അധ്വാനം വേണ്ട എല്ലാ ജോലിയും അമ്മാളു അനായാസം ചെയ്യും… പറമ്പിൽ നിന്ന് കളിമണ്ണ് കുഴച്ചെടുത്ത് ഇഷ്ടിക ഉണ്ടാക്കുകയും, ചുമര് വെള്ള തേക്കലും ഒക്കെ അതിൽ ചിലതു മാത്രം… കുമ്മായം തേക്കുന്നതിനായി ഇത്തിൽ കഴുതാളി എന്ന വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് ഇളക്കി വെക്കും … പിറ്റേന്ന് വന്നാൽ കുമ്മായം അടിക്കലാണ് പണി… അതിനുള്ള ബ്രഷും അമ്മാളു തന്നെ ഉണ്ടാക്കി കൊണ്ടുവരും…. നീണ്ട ഒരു വടിയുടെ അറ്റത്ത് ചകിരി തല്ലി ബ്രഷ് പരുവത്തിലാക്കി വെച്ചു കെട്ടും… അതു കൊണ്ടാണ് കുമ്മായം തേക്കുക… അതിനൊന്നും അമ്മാളുവിന് ആരുടേം സഹായം അവശ്യമില്ലായിരുന്നു.
എന്റെ അച്ഛനോട് അമ്മാളുവിന് സ്വന്തം ആങ്ങളയായ മാനു ആശാരിയോട് ഉണ്ടായിരുന്നതിലും സ്നേഹമായിരുന്നു. ചെയ്യുന്ന പണിക്ക് കൂലി പോലും ചിലപ്പോൾ വാങ്ങില്ല…. അച്ഛൻ അത് കൊടുക്കുമ്പോൾ പറയും “”ഞാനിപ്പോ ഇത് ചോദിച്ചോ? എനിക്കല്ല പണിക്ക ബ്രാനാണ് ഇപ്പോ പൈസക്ക് ആവശ്യം’ എന്നും പറഞ്ഞ് സ്നേഹത്തോടെ ആ പൈസ നിരസിക്കും… അങ്ങിനെ കുറച്ച്പ്രാരാബ്ദക്കാരനായിരുന്ന എന്റെ അച്ചൻ അമ്മാളുവിനും കടക്കാരനായി മാറി… പൈസ നിരസിച്ചാലും ഭക്ഷണം മിക്കവാറും ഞങ്ങളുടെ വീട്ടിൽ നിന്നു തന്നെയാവും.അക്കാലത്ത് കുറെ വീടുകളിൽ അമ്മാളൂന് മുറ്റമടി ഉണ്ടായിരുന്നു. ഇതിൽ ഏതെങ്കിലും വീടുകളിലാകും അന്തിയുറക്കവും .കാരണം ആങ്ങളയോട് വഴക്കിട്ട് വീടു വിട്ടിറങ്ങാൻ ചങ്കൂറ്റം കാണിച്ച പെൺപുലിയായിരുന്നു അമ്മാളു.കല്ല്യാണം കഴിക്കാത്തോട്ട് ഒറ്റതടി.’ പണിയെടുത്ത് ജീവിക്കുന്നു.. രാവിലെ മുറ്റമടിക്കുന്നതിന് മുൻപ് തന്നെ അമ്മാളൂന് ചായ കൊടുക്കും. കട്ടൻ ചായയേ കുടിക്കൂ… ഭക്ഷണത്തിലും അങ്ങിനെ തന്നെ … ഇഷ്ട ഭക്ഷണത്തിന്റെ ലിസ്റ്റിൽ പെട്ടതേ കഴിക്കൂ….അല്ലാത്തത് തൊട്ടു നോക്കുക പോലുമില്ല…. അമ്മാളൂന് ചായകൊടുക്കുക ഞങ്ങൾ കുട്ടിച്ചെമ്പ് എന്ന് വിളിച്ചിരുന്ന ടവറയുടെ ആകൃതിയിലുള്ള ഒരു ‘ പിച്ചള പാത്രത്തിലാണ്… അമ്മാളു തന്നെ അത് തേച്ച് കഴുകി വെക്കും …അങ്ങിനെ അതിന് സ്വർണ്ണത്തിന്റെ നിറമായിരുന്നു…. അമ്മാളുവിന് കൊടുക്കുന്ന ചായയിൽ നിന്ന് കുറച്ച് എനിക്കുള്ളതാണ്… അതു കിട്ടാനായി അമ്മ ചായ എടുക്കുമ്പോഴേക്കും ഞാൻ ഗ്ലാസെടുത്ത് വടക്കെ ഉമ്മറത്ത് അമ്മാളു ന്റ അടുത്ത് ചെന്നിരിക്കും… എല്ലാവരും ചീത്ത പറഞ്ഞിട്ടും ഞാനീ ശീലം മാറ്റിയിരുന്നില്ല’.. സേന്ഹത്തോടെ അമ്മാളു ന്റെ കൈ കൊണ്ട് പകർന്നു തന്നിരുന്ന ആ കട്ടൻ ചായ അന്നെനിക്ക് അത്ര പ്രിയപ്പെട്ടതായിരുന്നു….. അമ്മാളു ന്റെ മുറ്റമടിക്കും ചില ശീലങ്ങളൊക്കെ യുണ്ട്…. വലിയൊരു ചൂലു സ്വയം നിർമ്മിച്ച് കൊണ്ട് വെച്ചിട്ടുണ്ടായിരുന്നു.അത് വേറെ ആരെങ്കിലും തൊട്ടാൽ അമ്മാളു അത് തിരിച്ചറിയും. ഞങ്ങൾ കുട്ടികൾ “നൂറാം കോ ല്'” കളിക്കാൻ അതിൽ നിന്ന് ഈർക്കിൽ ഊരിയെടുക്കും.. അമ്മ കണ്ടാൽ ഞങ്ങളെ ചീത്ത പറയും ,കാരണം പിറ്റേന്ന് അതിനുള്ള ചീത്ത അമ്മാളു അമ്മയെ കേൾപ്പിക്കും.. അമ്മാളുന്റെ മുറ്റമടി കാരണം ദിവസം ചെല്ലുംതോറും മുറ്റത്തിന് നീളവും വീതിയും കൂടി വന്നു…. തെക്കെപറമ്പിൽ സയാമീസ് ഇരട്ടകളെ പോലെ (ഒരു തടി കടയക്കൽ നിന്നു തന്നെ രണ്ടു ശിഖിരമായി) നിന്നിരുന്ന മുവാണ്ടൻ മാവിന് അങ്ങിനെ മുറ്റത്തേക്ക് സ്ഥാനകയറ്റം കിട്ടി.. ഇങ്ങനെ വിസ്താരമായി മുറ്റമടിക്കുന്ന അമ്മാളു നോട് അമ്മ പറയും ‘
” അത്രക്കൊന്നും നീട്ടി അടിക്കണ്ട അമ്മാളോ” ന്ന്. അതു കേട്ട ഉടൻ അമ്മാളു പറയും “അമ്പ്രാളല്ലല്ലോ ഞാനല്ലേ അടിക്കുന്നേ” ന്ന് അമ്മാളുന്റെ ഈ മുറ്റമടി ഞങ്ങൾ കുട്ടികൾക്ക് അത്ര ഇഷ്ടമല്ലായിരുന്നു. കാരണം അമ്മാളു അടിച്ചിട്ട മുറ്റത്ത് കളിച്ച് മുറ്റം കേടുവന്നാൽ പിറ്റേന്ന് അമ്മക്ക് ചീത്ത ഉറപ്പാണ്… അടിച്ചിട്ടു പോയ മുറ്റം പിറ്റേന്ന് രാവിലെയും അതുപോലെ കാണണമെന്ന് അമ്മാളൂന് നിർബന്ധമായിരുന്നു….. അങ്ങിനെ മുറ്റത്ത് ഞങ്ങൾ കൊച്ചം കുത്തിക്കളിച്ചും ,ഓടി കളിച്ചും കിളച്ച് മറച്ചിട്ട മുറ്റം കാരണം അമ്മ കുറെ ചീത്ത കേട്ടിട്ടുണ്ട് .മഴക്കാലം വന്നാൽ അമ്മയുടെ പണി കൂടും… കാരണം രാവിലെ അച്ചനും മക്കൾക്കും ചോറും കറിയും ആക്കി കൊടുക്കുന്നതിനൊപ്പം അമ്മാളു വരുമ്പോഴേക്കും മുറ്റത്ത് മഴയത്ത് വീണ് കിടക്കുന്ന ഇലകൾ പെറുക്കി കളയണം.. അതിനൊരു സൂത്രപണി അമ്മ കണ്ടു പിടിച്ചിരുന്നു.. ഒരു ഈർക്കി ലോ, കമ്പിയോ എടുത്ത് ഇലകൾ കുത്തിയെടുക്കും… അമ്മയെ സഹായിക്കാൻ കൂടി പിന്നീട് ഈ കലാ പരിപാടിയിൽ ഞാനും കുഞ്ഞേട്ടനുമൊക്കെ പരിചയസമ്പന്നരായി മാറി.മാവിന്റെ ഇല വേഗം കിട്ടും പക്ഷെ വടക്കെ മുറ്റത്തെ അരി നെല്ലിയുടെ ഇല്ല മണ്ണിൽ അള്ളി പിടിച്ചിരിക്കും…. അതൊക്കെ അമ്മ ധൃതിപ്പെട്ട് പറക്കി കളയും….
ഇടയക്കൊക്കെ അമ്മാളു രാവിലെ വരുമ്പോൾ മടിശീലയിൽ ചില പലഹാരങ്ങളൊക്കെ ഉണ്ടാകും…. മുറുക്കാനുള്ള വെറ്റിലയും പുകലയും ഒക്കെ മടിശീലയിൽ ഒപ്പം വെക്കുന്നതോണ്ട് ചിലപ്പോൾ ആ അച്ചപ്പത്തിനും, കുഴലപ്പത്തിനുമൊക്കെ ഒരു പുകയില മണം ഉണ്ടാകും. അമ്മാളൂന് ആരെങ്കിലും കഴിക്കാൻ കൊടുത്തതായിരിക്കും അത്…. അതെടുത്ത് ഞങ്ങൾ കുട്ടികൾക്ക് പങ്കുവെച്ചു തരും… ആദ്യം എനിക്കുതന്നെയാണ് തരാറുള്ളത്.. സന്തോഷം വന്നാൽ അമ്മാളു വെറ്റില കറ പിടിച്ച പലുകാട്ടി ഉറക്കെ ചിരിക്കും… അമ്മാളു ന്റെ കാതിൽ കമ്മൽ ഇല്ല.. കമ്മൽ ഇടുന്ന ദ്വാരം കുറെ വലുതായിരുന്നു. അക്കാലത്ത് വയസായ പലരുടേയും കാത് അങ്ങിനെയാരുന്നു (എന്റെ അമ്മമ്മ ടേം)..മൂക്കിൽ ചുമന്ന കല്ലുള്ള ഒരു മൂക്കുത്തിയുണ്ട്…. തലമുടി എപ്പോഴും എണ്ണ തേച്ച് മിനുക്കി വെച്ചിരിക്കും .കൈകൾ രണ്ടും പിന്നിലേക്ക് പിടിച്ചു് ഒരു പ്രേത്യേക താളത്തിലാണ് അമ്മാളു നടക്കുക. പൂര മോ, പള്ളി പെരുന്നാളോ കഴിഞ്ഞാലും ഞങ്ങൾക്കായി ആറാം നമ്പറോ, പൊരിയോ എന്തേങ്കിലും കൊണ്ട് വരും… കൂട്ടത്തിൽ എനിക്കായി കരിവളയും. ഒരിക്കൽ പ്ലാസ്റ്റിക് പാത്രക്കാരൻ വന്നപ്പോൾ അച്ഛൻ 2 water bottle വാങ്ങി. എനിക്കും, രാജു നും. പക്ഷെ എന്റെ ബോട്ടിലിന്റെ പൈസ കൊടുക്കാൻ അച്ഛനെ സമ്മതിച്ചില്ല.. അത് അമ്മാളുന്റെ വക എനിക്കുള്ള സമ്മാനമായിരുന്നു…..
ഒരു ദിവസം അമ്മയുടെ എന്തോ ഒരു സംസാരം അമ്മാളൂന് ഇഷ്ടപ്പെടില്ല…. വായിൽ വന്ന തെന്തോ പറഞ്ഞ് അന്നു തന്നെ രാജി സമർപ്പിച്ച് അമ്മാളു പോയി…. എല്ലാവർക്കും അത് വിഷമമായി…. എല്ലാവരേക്കാളും ഏറെ അമ്മാളുന്റെ ആ രാജി സമർപ്പണം എന്നെ വല്ലാതെ വേദനിപ്പിച്ചു….. എന്റെ ഓർമ്മയിൽ പരമ പാവമായ എന്റെ അമ്മയുടെ വാക്കിൽ അമ്മയോട് ഇന്നുവരെ പിണങ്ങിയ ഒരേ ഒരാൾ അമ്മാളു മാത്രമാണ് ….. പിന്നെ പലപ്പോഴും സ്കൂളിൽ പോകുമ്പോൾ വഴിയിൽ വെച്ച് അമ്മാളുനെ കാണും. ഒന്നും മിണ്ടുകയില്ല…. പക്ഷെ മനസിൽ കടലോളം സ്നേഹമുണ്ടെന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു…. അമ്മാളു ഇനി വരില്ലെന്ന് മനസിലായി എന്റെ വീട്ടിൽ വേറെ മുറ്റമടിക്കാരിയെ നിയമിച്ചു… …. പലപ്പോഴും വഴക്കു കൂടി കിഴങ്ങൻ സ്വഭാവം കാണിക്കുന്ന എനിക്ക് ‘അമ്മാളു ന്റെ സ്വഭാവം കാണിക്കണ്ട ‘ എന്ന ചീത്ത പതിവായിരുന്നു.
……. കാലം കടന്നു പോയി…… ഉടുപ്പിൽ നിന്നും ഹാഫ് പാവടയിലേക്കും ഫുൾ പാവടയിലേക്കുമൊക്കെ ഞാനും വളർന്നു…… പെട്ടന്നാണ് ഞങ്ങളുടെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്……. അന്ന് അമ്മാളു വന്നോ എന്നെനിക്കറിയില്ല… പക്ഷെ അമ്മാളുവിന്റെ പിണക്കം കുറേശ്ശെ മാറിയിരുന്നു… ഒരു ദിവസം അമ്മയെ കാണാൻ വീട്ടിൽ വന്നു…. എന്റെ അച്ഛനെ ഓർത്ത് കണ്ണ് നിറഞ്ഞു…… മുറ്റത്തെ സയാമീസ് ഇരട്ട പോലെ നിന്നിരുന്ന മുവാണ്ടൻ മാവിന്റെ ഒരു തടി അച്ഛനു വേണ്ടി മുറിച്ചിരുന്നു: അതങ്ങനെ മുറ്റത്ത് നിൽക്കുന്നത് എല്ലാവരുടെയും മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു……. പറമ്പു കിളക്കാൻ വന്ന ‘കോരൻ കുട്ടിയോട് മാവിനെ അതിരിട്ട് തിരിച്ച് മുറ്റം കുറക്കുവാൻ അചേരാപ്പു പറഞ്ഞു…. അങ്ങിനെ അമ്മാളു മുറ്റത്തേക്ക് കൊണ്ടുവന്ന മാവ് മുറ്റത്തു നിന്ന് പുറത്തേക്കായി…. മുറ്റത്തല്ല എങ്കിലും ഉമ്മറ തിണ്ണയിലിരുന്ന നോക്കുമ്പോൾ കാണുന്ന മുറിച്ചുമാറ്റിയ കുറ്റിയോടു കൂടിയ
മാവ് എന്നും ഞങ്ങളെ വിഷമിപ്പിച്ചിരുന്നു… ഒരിക്കൽ വന്നപ്പോൾ അമ്മാളുവിനും ആ മാവിന്റെ നിൽപ്പ് കണ്ട് അച്ഛന്റ ഓർമ്മ കണ്ണ് നനയിച്ചിരുന്നു…. അങ്ങിനെ പതിയെ പതിയെ അമ്മാളു ഇടയക്കൊക്കെ വീട്ടിൽ വന്നു തുടങ്ങി..
പിന്നീട് ഞാൻ അഹമ്മദാബാദിൽ നിന്ന് ചെല്ലുമ്പോൾ എന്നെയും, മക്കളെയും കാണാൻ വരും.. അപ്പോഴെക്കും അമ്മാളു ന്റെ പഴയ ആരോഗ്യം പോയിരുന്നു. നല്ല സമയത്ത് പണിയെടുത്തുണ്ടാക്കിയ പണമൊക്കെ ആങ്ങളയുമായി കേസു നടത്തി ചിലവായി പോയിരുന്നു.. പണിക്ക് നിന്നിടത്തുന്നൊക്കെ ചെറിയ കാര്യങ്ങൾ പിണങ്ങി എല്ലാവരേയും വെറുപ്പിക്കുകയും ചെയതു. മുഖത്ത് പ്രായത്തിന്റെ ക്ഷീണവും, മനസ്സിലെ പ്രയാസവും തെളിഞ്ഞു കാണാം.. എങ്കിലും കണ്ണുകളിൽ ആ പെൺപുലിയുടെ വാശി തെളിഞ്ഞു നിന്നിരുന്നു അമ്മാളു വരുമ്പോഴൊക്കെ അമ്മ ചായയും പലഹാരവും കഴിക്കാൻ കൊടുക്കും.പോകാൻ നേരം മുറുക്കാൻ വാങ്ങിക്കോളാൻ പറഞ്ഞ് എന്തെങ്കിലും കൊടുക്കും.. ഞാനോ ഏട്ടന്മാരോ ഉള്ള സമയമാണെങ്കിൽ അച്ചോപ്പു പറയും ഞങ്ങളോട് അമ്മാളൂന് മുറുക്കാൻ വാങ്ങിക്കാൻ പൈസ കൊടുക്കാൻ… കൊടുക്കുന്നത് നല്ല സന്തോഷത്തോടെ വാങ്ങി കയ്യിൽ വെച്ച് രണ്ടു കയ്യിന്റേയും വിരലുകൾ തമ്മിൽ കൂട്ടി പിടിച്ച് ‘ക്ട് ക്ക്’ എന്ന ശബ്ദത്തിൽ ഒന്ന് പൊട്ടിച്ചേ മടിശീലയിൽ വെക്കൂ…. അങ്ങിനെ ഇടയക്കൊക്കെ പിന്നെയും വന്നു പോയി കൊണ്ടിരുന്നു…. ഒരിക്കൽ അഛോപ്പുവിനോട് കിട്ടാനുള്ള കുറച്ച് പണത്തെ പറ്റി പറഞ്ഞൂ.. “ഗീതു നോട് പറഞ്ഞ് അത് തരീക്കണം “എന്ന ഒരു അപേക്ഷയും. അച്ചോപ്പു അത് എന്നോട് പറഞ്ഞപ്പോൾ ആദ്യം എനിക്ക് ദേഷ്യം വന്നു.പിന്നെ അച്ചോപ്പു നെ അനുസരിക്കേണ്ടി വന്നു… അത് അങ്ങിനെയാണ് അഛോപ്പു പറയുന്നത് തള്ളികളയാൻ പറ്റില്ലെന്നറിഞ്ഞാലും ആദ്യം ഒന്ന് എതിർക്കുമായിരുന്നു.പിന്നെ അനുസരിക്കും…… ഇപ്പോൾ തോന്നുന്നു അന്നത് അനുസരിച്ചത് നന്നായി … അല്ലെങ്കിൽ അവർ രണ്ടു പേരും ഇല്ലാത്ത ഈ കാലത്ത് എനിക്കത് ഓർക്കുമ്പോൾ കുറ്റബോധ മായേന്നേ……..
…. പിന്നീട് അച്ചോപ്പു പോയതിനു ശേഷം ഞാൻ വെക്കേഷന് നാട്ടിൽ ചെന്നപ്പോൾ എന്നെ കാണാൻ വന്നിരുന്നു.പതിവുപോലെ അമ്മ ചായയും പലഹാരവും കൊടുത്തു…. എന്നിട്ട് എന്നോട് പറഞ്ഞു “അഛോപ്പു ന്റെ അലമാരയിൽ നിന്ന് ഒരു സെറ്റ് മുണ്ടെടുത്ത് അമ്മാളു ന് കൊടുക്കൂ മോളേ ‘”ന്ന്…. ഞാൻ വേഗം പോയി 2 സെറ്റ് മുണ്ട് കവറിലാക്കി കൊണ്ടു കൊടുത്തു. അന്നത് വാങ്ങിയപ്പോഴും അമ്മാളുന്റെ കണ്ണ് നിറഞ്ഞിരുന്നു…. പിന്നെയും കുറച്ചു കാലം കൂടി അമ്മയെ കാണാൻ വന്നും പോയും ഇരുന്നു… പിന്നെ കിടപ്പിലായെന്നറിഞ്ഞു… എതോ ഒരു ബന്ധുവിന്റെ വീട്ടിൽ… പിന്നെ 2010 ജനുവരിയിൽ ഒരു ദിവസം ചേച്ചി ഫോൺ ചെയ്തപ്പോൾ പറഞ്ഞു “അമ്മാളു പോയീ”ന്ന്…..
അങ്ങനെ സ്വന്തമെന്നു വിശ്വസിക്കുന്ന ശരികൾക്ക് വേണ്ടി ആരുടെ മുൻപിലും തോൽക്കാതെ ജീവിച്ച പെൺപുലിയായിരുന്നു അമ്മാളു….. ചിലർ അങ്ങിനെയാണ് ഉള്ളിൽ കടലോളം സ്നേഹം ഉണ്ടെങ്കിലും പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ വെറുപ്പിച്ച് ജീവിക്കും… അതും ഒരു തരം സ്വഭാവം….

ഗീത ഉണ്ണികൃഷ്ണൻ

1.5/5 - (2 votes)
Exit mobile version