Site icon Aksharathalukal

ചങ്കിലെ കാക്കി – ഭാഗം 14

ചങ്കിലെ കാക്കി

പുലർച്ചെ   കണ്ണു  തുറന്നപ്പോൾ  കണ്ടു  എന്നെ  തന്നെ  നോക്കി  കിടക്കുന്ന  വൈഗയെ …… ആ  കണ്ണുകൾ  ശാന്തമായിരുന്നു……. കണ്ണുകൾ  എന്നിലാണെങ്കിലും  മനസ്സു   എങ്ങോ  ആണ്  എന്ന്  തോന്നി……

“നേരത്തെ  എഴുന്നേറ്റോ ……?നല്ല  ശീലങ്ങൾ  ഒക്കെ  ആരംഭിച്ചോ  ….?”

ചിരിയോടെ  ചോദിച്ചുകൊണ്ട്  ഞാൻ  എഴുന്നേറ്റു…….

“ഇന്ന്  എവിടെയാ  പോകണം  എന്ന്  പറഞ്ഞത് ……?”

വളരെ  ശാന്തമായിരുന്നു  ആ  സ്വരം…….

“എന്റെ   ഫ്രണ്ടിന്റെ  വീട്ടിലാ……? തലവേദന  കുറഞ്ഞോ ……?”

“കുറഞ്ഞു……..  ” വീണ്ടും  അവൾ  കിടക്കുന്നതു  കണ്ടു  ഞാൻ  പോയി  കുളിച്ചു…… അവളുടെ  മുഖത്തെ  ശാന്തത  എനിക്ക്  ആശ്വാസമായിരുന്നു…..കുളിച്ചു  ഇറങ്ങുമ്പഴും  അവൾ  കിടക്കുകയായിരുന്നു…… എഴുന്നേൽപ്പിക്കാൻ  തോന്നിയില്ല……പുറത്തേക്കു  ഇറങ്ങിയപ്പോൾ  സ്റ്റേഷനിൽ  നിന്നും  കോളുകൾ   വന്നു  കൊണ്ടിരുന്നു…..   താഴേക്കു   ഇറങ്ങിയപ്പോൾ  കണ്ടു  ഓടി  നടന്നു  പണി  എടുക്കുന്ന  അമ്മയെയും  രുദ്രയെയും…..  കൃഷ്ണ  പോയല്ലോ……

എനിക്ക്  വേഗം  ചായ  തന്നു…..ഒപ്പം  മുകളിലേക്കു  ദേഷ്യത്തോടെ  ഒരു  നോട്ടവും….. 

“നമുക്ക്  പുറത്തു  നിന്നും വാങ്ങാം  അമ്മേ ……ധൃതി   കൂട്ടണ്ടാ ……..”  ഞാൻ  എന്തോ  വലിയ  അപരാധം  പറഞ്ഞത്  കണക്കു ആരംഭിച്ചില്ലേ ….

“ഭാര്യയുടെ  പരിഷ്‌കാരം  ഒക്കെ  ഇവിടെ നടപ്പാക്കണ്ട ….അതൊക്കെ  എന്റെ  കാലം  കഴിഞ്ഞിട്ട്…… അവൻ  വന്നിരിക്കുന്നു………”

ഞാൻ  ഉമ്മറത്തേക്ക്  നടന്നിരുന്നു  എങ്കിലും  അമ്മയുടെ  ശബ്ദം  മുഴങ്ങി  കൊണ്ടിരുന്നു…… അമ്മാവനു  കൃഷ്ണയും  പോയപ്പോൾ  ഒറ്റപ്പെട്ട  പോലെ  തോന്നുന്നുണ്ടാവും…… ഞാൻ  ഒന്ന്  രണ്ടു  ഫോൺ  സംഭാഷങ്ങൾ  കഴിഞ്ഞു   ന്യൂസും  ഒന്ന്  ഓടിച്ചു  കണ്ടപ്പഴേക്കും  അടുക്കളയിൽ  ശാന്തത  കൈവരിച്ചത്  പോലെ  തോന്നി….. ഇടയ്ക്കു   ഇടയ്ക്കു  വർത്തമാനങ്ങളും  കേൾക്കുന്നു….പക്ഷേ   അമ്മയുടെ  ചിരി  കേട്ടപ്പോൾ  ഞാൻ  അക്ഷരാത്ഥത്തിൽ   ഞെട്ടി  പോയി…..മെല്ലെ  അടുക്കളയിലേക്കു  നോക്കിയപ്പോൾ  കണ്ടു  വൈഗയുടെ  ഫോണിൽ   മിദുവിനോടും   കൃഷ്ണയോടും  വിഡിയോയിൽ    സംസാരിക്കുന്ന  അമ്മയെയും  രുദ്രയെയും ….. തൊട്ടുമാറി  ചെറുചിരിയോടെ  ദോശ  ഉണ്ടാക്കുന്ന  വൈകാശിയെ ..

ആ  കാഴ്ച   എനിക്ക്   നൽകിയ  ആശ്വാസം  ചെറുതല്ല……  ഞാൻ  അവൾക്കു  അരികിലേക്ക്  ചെന്നു …..

“നിനക്ക്  ദോശയൊക്കെ   ഉണ്ടാക്കാൻ  അറിയോ …..?.” ഒരു  ദോശ  എടുത്തുകൊണ്ടു  ചെറു  ചിരിയോടെ  ചോദിച്ചു…..എന്നെ  ഒന്ന് തലചരിച്ചു  നോക്കിയിട്ടു  മറുചോദ്യം…..

“അർജുനേട്ടനു    അറിയോ ….?”

“ഇതിൽ  എന്ത്  അറിയാൻ ഇരിക്കുന്നു ….?  കുറച്ചു  മാവ്  ഒഴിക്കുക ..കറക്കുക…….”  നിസ്സാരമായി  പറഞ്ഞു…..

ആ  മുഖത്ത്  കുസൃതി  നിറയുന്നു….എന്റെ  വൈകാശിയുടെ   കുസൃതി……

“ഓഹോ……  എന്നാൽ  ഒരു  ദോശ   ഉണ്ടാക്കിയേ ….?”    എൻ്റെ   കയ്യിലേക്ക്  മാവിന്റെ  തവി  എടുത്തു  തന്നു…..ഇടുപ്പിൽ  കയ്യും  കുത്തി  മാറി  നിൽപ്പുണ്ട്…… ഞാൻ  അവളെ  തന്നെ  നോക്കി….. ആ  കണ്ണുകളിൽ  പഴയ  തിളക്കം    ഞാൻ  ആസ്വദിച്ചു  ….

“വേഗം  മാഷേ …….ഞാൻ  ഒരു  കാക്കി   ദോശ  കാണട്ടെ …..”

 ചെറു  ചിരിയോടെ   മാവ്  ഒഴിച്ച് കറക്കി…..  മനോഹരമായ  ദോശ ……

കാണാൻ …..അവളെ  നോക്കിയപ്പോൾ  ചിരി  പൊത്തിപിടിക്കുന്നു…..എന്തിനാ   ചിരിച്ചത്  എന്ന്  ദോശ  മറിച്ചിടാൻ  ശ്രമിച്ചപ്പോഴായിരുന്നു  മനസ്സിലായത്…..  അത്  ഇളകിയും  ഇല്ല……പൊടിയുകയും  ചെയ്തു…… ഒടുവിൽ  അവൾ  ചിരിക്കാൻ  തുടങ്ങി…..

“ആദ്യം  എണ്ണ   തേയ്ക്കണം  എൻ്റെ   കാക്കി …..”  

ഞാനും   ചിരിച്ചു അവൾക്കു  ചട്ടുകം  നൽകി  കൊണ്ട്  ചോദിച്ചു…………. “ഇവിടെ   നോൺസ്റ്റിക്  പാൻ  ഇല്ലേ…….”

“ഉവ്വ്..ഉവ്വ്…….”

ചിരിയോടെ  പ്രാതൽ  കഴിക്കുമ്പോഴും  എന്റെ   ഉള്ളിൽ  അവൾ  എന്നെ  വിളിച്ച  പേരായിരുന്നു…….”എന്റെ  കാക്കി……..”

അർജുനേട്ടനോടൊപ്പം  ആദ്യമായി  ഒറ്റയ്ക്ക്  ഞാൻ  കാറിൽ  കയറുകയായിരുന്നു……ഇടയ്ക്കു  ഇടയ്ക്കു എന്നെ  ഇടകണ്ണിട്ടു  നോക്കുന്നുണ്ടായിരുന്നു….അത്  എനിക്ക്  ഒട്ടും  പരിചിതമല്ല..എന്തിനോ  എന്റെ  മനസ്സു  വിറച്ചുകൊണ്ടിരുന്നു….ഞാൻ  പുറത്തേക്കു  നോക്കിയിരുന്നു … അധികം  യാത്ര  ഉണ്ടായിരുന്നില്ല…..

എന്റെ  കോളേജിലേക്കുള്ള  വഴിയിൽ  ഞാൻ  പലപ്പോഴും  കൊതിയോടെ  നോക്കിയിരുന്ന  പച്ചപ്പും  വൃക്ഷങ്ങളാലും  മനോഹരമാക്കിയ  ചുവന്ന  കട്ടകളും  കരിങ്കല്ലുകളാലും  മനോഹരമാക്കിയ  വളരെ പ്രത്യേകതയുള്ള  വീട്….. ഈ  വീടിനകം  കാണാൻ  എനിക്ക്  വളരെ  കൊതി  ആയിരുന്നു……ഞാൻ  അത്ഭുതത്തോടെ  അർജുനെട്ടനെ  നോക്കി…….

“ഇവിടെയാണോ  അർജുനേട്ടന്റെ   ഫ്രണ്ട് ….എനിക്ക്  എന്ത്  കൊതി  ആണ്  എന്നോ  ഇതിനകം  കാണാൻ…..” 

അർജുനേട്ടന്റെ  മറുപടിക്കു  പോലും  കാത്തു  നിൽക്കാതെ   ഞാൻ  പുറത്തേക്കു  ഇറങ്ങി….. പുൽ  മേടുകളിലൂടെ  ഓടി  നടക്കുന്ന  മുയൽ  കുട്ടന്മാർ……. അരയന്നങ്ങൾ…… നമ്മൾക്ക്  ചുറ്റും  നമ്മൾ  എന്നും കാണുന്ന  പൂക്കൾക്ക്  പോലും  ഇത്രയും  മനോഹാരിതയോ ….. മഴവെള്ളം  സംഭരിക്കാനുള്ള  സംവിധാനവും  ചെയ്തിരിക്കുന്നു…… നീണ്ട  കഴുത്തും  ചാര   നിറമുള്ള  തൂവലോടു  കൂടിയ  വലിയ  ടർക്കി കോഴികൾ…..  ഞാൻ   നിമിഷ  നേരം  കൊണ്ട്  ആ  വീട്  കാണാനുള്ള  വ്യെഗ്രതയിൽ  ചുറ്റും  പരതി  നടന്നു…..

പലതരം  പൂമണം  കലർന്ന  ഗന്ധം  …ഞാൻ  ആവോളം  ഉള്ളിലേക്ക്  വലിച്ചു  …..വീടിനു  ചുറ്റും  ഒരുപോലെ   മനോഹരമാക്കിയിരിക്കുന്നതു  എന്നെ  അതിശയിപ്പിച്ചു….. പരസ്പരം  കിന്നാരം  പറയുന്ന  കിളികളെ  നോക്കി  കുറുകുന്ന  പ്രാവുകളെ  നോക്കി   ഞാൻ  നിന്നു…..

എനിക്കരുകിലായി  ഒരു  കാൽപ്പെരുമാറ്റം……അർജുനെട്ടാനാവും  എന്ന്  കരുതി  തിരിഞ്ഞപ്പോൾ  കണ്ടത്   മറ്റൊരു  മുഖമാണ്…..   കുറ്റി   താടിയുള്ള   ചെറുചിരിയോടെ  എന്നെ  നോക്കി  നിൽക്കുന്ന  ഒരു  സുമുഖൻ…..  ഞാൻ   അൽപം  പിന്നോട്ട്  മാറി  അയാൾക്ക്‌  പിന്നിലേക്ക്  നോക്കി…. എന്നെ  നോക്കി   അർജുനേട്ടൻ   തെല്ലു മാറിയിരിക്കുന്നു…..എന്നെ  നോക്കി  ഭയക്കണ്ട  ഞാൻ  ഇവിടെയുണ്ട്  എന്ന്  ആംഗ്യം  കാണിച്ചു…… കൊച്ചു  കുട്ടികളോട്  കാണിക്കുന്നത്  പോലെ…… കൺവെട്ടത്തുള്ള   ആ  സാമിപ്യം  പോലും  എന്നിൽ  നിറയ്ക്കുന്ന  ആശ്വാസവും  സുരക്ഷിതത്വവും  ചെറുതല്ല…….

“ഇപ്പൊ   ഭയം  മാറിയോ ….?”   എന്നെ   ചിരിയോടെ  വീക്ഷിക്കുന്ന   ഈ  ചെറുപ്പക്കാരനെ  എനിക്കത്ര  ഇഷ്ടായില്ല….. ഞാൻ  മനസ്സിൽ വിചാരിച്ചതു  എന്തിനാ  ഇയാള്  പറഞ്ഞത്……

“എന്ത്  ഭയം……. ?  എനിക്കൊരു  ഭയവും  ഇല്ല…….”  ഒരു  കൂസലും  ഇല്ലാത്ത  എന്റെ  ചിരി  കേട്ട്  അയാൾ   പൊട്ടിച്ചിരിച്ചു……

എനിക്കല്പം  ജാള്യത  തോന്നി…….പുറത്തു  കാണിച്ചില്ല……

“ഞാൻ    ഫയസി …..  വൈഗയുടെ   അർജുനൻ്റെ   ഫ്രണ്ട്  ആണ്….. ”  അയാൾ  എനിക്കായി  കൈ  നൽകി……  യാന്ത്രികമായി  ഞാനും

ഞാൻ  അയാളെ  നോക്കി…… പക്ഷേ  അയാളുടെ നോട്ടം  എന്റെ  ആഴങ്ങളിക്ക്  ഇറങ്ങുമോ  എന്ന്  ഞാൻ  ഭയപ്പെടുന്നത്  എന്തിനാ …  പെട്ടന്ന്  തന്നെ  ഞാൻ  കൈ വിടുവിച്ചു  ….

ഞാൻ  കുറച്ചു  മുന്നിലായി  അർജുനെട്ടനടുത്തേക്കു  നടന്നു……  കാലുകൾക്കു  വേഗതയില്ലാത്തതു  പോലെ…..

അയാളും   എനിക്ക്  തൊട്ടരുകിലായി  നടന്നു…..

“ഈ  വീട്  മുൻപ്  കണ്ടിട്ടുണ്ടോ …?  അർജുനൻ   പറഞ്ഞു …”

ഞാൻ  പെട്ടന്ന്  മറുപടി  പറഞ്ഞു…..

“പിന്നേ …ഞാൻ  കോളേജിൽ  പോകുമ്പോൾ  എപ്പോഴും  നോക്കാറുണ്ട്……  എനിക്ക്  എന്ത്  ഇഷ്ടാണ്  എന്നറിയോ …ഈ  പച്ചപ്പും   തണലും  പൂക്കളും  പക്ഷികളും   മനോഹരമാക്കിയ  വീട് …..  നല്ല  രസായിരുക്കും  അല്ലെ  ഇവിടെ  താമസിക്കാൻ…….അർജുനേട്ടന്റെ   വീടും  ഇതുപോലെയാ ..  തണലും  പച്ചപ്പും  ഉണ്ട്……  പക്ഷേ  പക്ഷികളും  മുയലും  ഒന്നുമില്ല…….എല്ലാ  രസവും  കളയാൻ   ഒരു  കുഞ്ഞുട്ടൻ  മാത്രം  ഉണ്ട്……അര്ജുനട്ടന്റെ  പെറ്റു   ആണ്…..കുറച്ചു   സൈക്കോ  ആയിരിക്കും  എന്നാ  ഞാൻ ആദ്യം  കരുതിയത്‌ ……”

പെട്ടന്ന്  വാചാലയത്  കൊണ്ടാവും  എനിക്ക്  ചെറിയ  ജാള്യത  വീണ്ടും  തോന്നി…..പക്ഷേ  അയാൾക്ക്  മാറ്റം  ഒന്നും  ഉണ്ടായിരുന്നില്ല……  എന്നെ   ശ്രദ്ധിച്ചു  കേൾക്കുന്നും  ഉണ്ട്…..

“ആര് ……കുഞ്ഞുട്ടനോ സൈക്കോ ?”

“അതൊരു  പാമ്പാണ് …..  സൈക്കോ  അർജുനേട്ടൻ  ആവും  എന്നാ  ഞാൻ  കരുതിയത്…..”

അപ്പോൾ  പുള്ളി  വീണ്ടും  ചിരിച്ചു…..

“എന്നിട്ടു…..? തന്റെ   അർജുനൻ   സൈക്കോ  ആണോ …..?

ഞാൻ  അർജുനേട്ടൻ   ഇരുന്ന  ഭാഗത്തേക്ക് നോക്കി  അല്ല  എന്ന്  തലയാട്ടി……..  മൊബൈൽ  നോക്കി  ഇരിപ്പുണ്ട്…..ആരോടോ  സംസാരിക്കുന്നു….ഞാൻ  അറിയുകയാണ്  ഇന്ന് വൈഗയുടെ  ചിന്തകളും ആശയങ്ങളും  ആഗ്രഹങ്ങളും  എല്ലാം  ഈ  കാക്കിക്കു  ചുറ്റും  ആണ്…..  എത്ര അകലാൻ  ശ്രമിച്ചാലും  അതേ   തീവ്രതയോടെ……  എന്റെ  മൗനം   ആയിരിക്കാം   ഫയസി  ഒന്ന്  ചുമച്ചു….

“പക്ഷേ  അര്ജുനന്   സുഭദ്രയെ   ആയിരുന്നല്ലോ   ഇഷ്ടം…….  എന്താ   പ്രണയം  ആയിരുന്നെന്നോ …..?  എല്ലാർക്കും  അസൂയ  തോന്നുമായിരുന്നു……”

ആ  വാക്കുകൾ  എവിടെയൊക്കെയോ  കൊണ്ട്  എങ്കിലും സത്യം ആണെങ്കിൽ  കൂടിയും  എന്നോടത്   ഇപ്പൊ പറഞ്ഞതിൽ  എനിക്ക്  ഫെയ്സിയോട്  ദേഷ്യം  തോന്നി…..

“ചേട്ടൻ   പ്രണയിച്ചിട്ടില്ലേ ….?”

“പത്തു  വര്ഷം   പ്രണയിച്ചു  വീട്ടുകാരുടെ  എതിർപ്പോടെ  അവളെ  തന്നെ  വിളിച്ചു  കൊണ്ട്  വന്നു  ഒരുമിച്ചു  താമസിച്ചു……ഒരു  മോനും  ഉണ്ട്…..”

ഈ  മറുപടിയും  എന്നെ  നിരാശയാക്കി…കാരണം  ഞാൻ  കരുതി ഇയാളുടെ  പ്രണയം  പൊളിഞ്ഞിട്ടു  രണ്ടാമത്  ഭാര്യയെ  പ്രണയിച്ചിട്ടുണ്ടാവും  എന്നായിരുന്നു…..നിരാശയായും  സംശയത്തോടെയും  ഞാൻ  വീണ്ടും  ചോദിച്ചു…..

“ആദ്യത്തെ  പ്രണയവും  അതായിരുന്നു…….”

തെല്ലുചിരിയോടെ  ഇടകണ്ണിട്ടു  നോക്കി……

“അതേല്ലോ …….”

വീണ്ടും  നിരാശ…… ഞാൻ  അസൂയയോടും  പുച്ഛത്തോടും  അയാളെ  നോക്കി….”പൈങ്കിളി……കണ്ടാലേ  അറിയാം “

എന്റെ   ആത്മഗതം  ആണുട്ടോ  …..അത്  കേട്ടിട്ടാവണം  അയാൾ  ചിരിച്ചു……

“അർജുനന്റെ  വീട്ടിൽ  ഒട്ടും  ഇഷ്ടല്ലാത്തതു  കുഞ്ഞുട്ടനാണോ ….?”

ഞാൻ  അയാളെ  നോക്കി…..

“പേടിയാണോ …..കുഞ്ഞുട്ടനെ…..”

ഞാൻ  തെല്ലു  ചമ്മലോടെ  പറഞ്ഞു….”കുറച്ചു……”

“അവരും  ഈ  ഭൂമിയുടെ  അവകാശികൾ  അല്ലെ….. നമ്മൾ  അവരെ  ഉപദ്രവിക്കാതിരുന്നാൽ  മതി…..നമ്മളെ  ഒന്നും  ചെയ്യില്ല…..പ്രത്യേകിച്ചും  കാവും  പൂജയും  ഉള്ള  സ്ഥലങ്ങളിലെ നാഗങ്ങൾ …….  നമ്മൾ  അവരെ  കണ്ടാൽ   വഴിമാറി  നടന്നാൽ  മതി…. ഭയപ്പെടുത്തുന്ന   ഓർമ്മകളെ  നമ്മൾ  ആദ്യം  മറക്കാൻ ശ്രമിക്കണം…  നല്ല  ഓർമ്മകൾ  മാത്രം  കൂടെ  കൂട്ടണം….. കുട്ടിക്കാലത്തെ  ഏറ്റവും  മനോഹരമായ   ഒരു  ഓർമ്മ…….  എന്താ  അത്…….”

ഞാൻ  അയാളെ  ശ്രദ്ധിച്ചു…..വല്ലാത്ത   ആകർഷണം  ഉണ്ട്  അയാളുടെ  സ്വരത്തിനു……

“ഓർക്കു  വൈഗാ…… തൻ്റെ   കുട്ടിക്കാലത്തെ   ഏറ്റവും  മനോഹരമായ  ഓർമ്മ  ഇന്ന്  എന്നോടും  നിന്റെ  അര്ജുനനോടും  പറയൂ ……  ഞങ്ങൾ  അകത്തിരിക്കാം ….  മെല്ലെ ഓർത്തു  വന്നാൽ  മതി…….”

അയാൾ  അർജുനേട്ടനോടൊപ്പം  അകത്തേക്ക്  നടന്നു……ഞാൻ   ആ കൽബെഞ്ചിൽ ഇരുന്നു……  എന്നെ  തഴുകി  കടന്നു  പോകുന്ന  കാറ്റിനോടൊപ്പം  ഞാനും കണ്ണുകൾ  അടച്ചു…….

നല്ലൊരു  ഓർമ്മ…… ഉമ്മറത്ത്  അച്ഛന്റെ  നെഞ്ചിൽ  ചാരി  നക്ഷത്രങ്ങൾ  നോക്കി  കിടന്നതു…..  അത്  എന്റെ  നല്ല  ഓർമിയായിരുന്നില്ലേ ……ഒപ്പം  എന്നെ  മാറ്റി  കുഞ്ഞായിരുന്ന  വൃന്ദയെ  ആ  നെഞ്ചോടു  ചേർത്ത്  കിടത്തുന്ന  ചെറിയമ്മയെയും   ഓർമ്മ  വന്നു……  ഞാൻ   പെട്ടന്ന്  കണ്ണ്  തുറന്നു….വീണ്ടും  വീണ്ടും  ആലോചിച്ചു….  എന്റെ  കുടുംബം….അല്ലെങ്കിൽ  അച്ഛൻ  ….. എന്ത്  എടുത്തായാലും  ഒപ്പം  ചെറിയമ്മയും  ഉണ്ടാവും……. എന്റെ  ഉള്ളിലെ  തേങ്ങൽ  പുറത്തു  വരുമോ  എന്ന്  ഭയന്ന്  ഞാൻ  ചുറ്റും  നോക്കി…… പറമ്പിലും അമ്പലകുളത്തിലും  ഒറ്റയ്ക്ക്  കറങ്ങി  നടന്നത്  നല്ല  ഓർമ്മയായിരുന്നില്ലേ ….എന്നാൽ    ഒറ്റയ്ക്ക്  ആവുമ്പൊ  എന്നെ  തഴുകാനും  പുണരാനും  മുന്നോട്ടു  വന്ന  കാമകരങ്ങളെയും   കണ്ണുകളെയും  ഓർമ്മ  വന്നു……എന്റെ  കണ്ണുകൾ  നിറഞ്ഞു  കൊണ്ടിരുന്നു……മുഖം  പൊത്തി   ഏറെ  നേരം  ഇരുന്നു……

ഒടുവിൽ  നേരം വൈകി  എന്ന്  തോന്നിയപ്പോൾ  ഞാൻ  അകത്തേക്ക്  നടന്നു…… വീടിനുള്ളിലും  പലതരം    ചിത്രങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു……  അകത്തു  അർജുനേട്ടന്റെയും  ഫെയ്സിയുടെയും  ശബ്ദം  കേൾക്കാമായിരുന്നു……  ഞാൻ  അകത്തോട്ടു  ചെന്നപ്പോൾ  കണ്ടു  പാചകം  ചെയ്യുന്ന  ഫയസിയെ …ഒരു  കൂസലും  ഇല്ലാതെ  കഴിക്കുന്ന   അർജുനേട്ടനെയും ……  ഞാൻ  എന്റെ  മുഖം   പ്രസന്നമാക്കാൻ  ശ്രമിച്ചു……

“എത്തിയോ  വൈഗാ…….” ഫെയ്‌സിയാണ്……

“തന്റെ   കെട്ടിയോൻ   ഉള്ളിയുടെ  തോല്  പൊളിക്കാൻ  പോലും  അറിയില്ലല്ലോ…….?  കഷ്ടപ്പെടുംട്ടോ …..?”

മുന്നറിയിപ്പ്  പോലെ  പറഞ്ഞു…..അർജുനേട്ടൻ  എന്നെ  നോക്കി  ചിരിച്ചു….അടുത്തേക്കു   വിളിച്ചു……

“വലിയ  ഫോര്മാലിറ്റി  ഒന്നും  വേണ്ടാ……? കഴിച്ചോ …..?”  എനിക്കായി  ഒരു  പ്ലേറ്റ്  നൽകി  കൊണ്ട്  പറഞ്ഞു….”

എന്റെ  അരുകിൽ  ഇരുന്നു  കോഴി  കഴിക്കുന്ന  അർജുനേട്ടനോട്……

“നാടൻ  കോഴി  മാത്രല്ലേ   വീട്ടിൽ  എല്ലാരും  കഴിക്കുള്ളു…..”  ഞാൻ  ചെവിയിൽ  പറഞ്ഞപ്പോൾ…..എന്നെ  നോക്കി  ചെറു  ചിരിയോടെ  കണ്ണ്  ചിമ്മി….

“വീട്ടിൽ  മാത്രം…….പുറത്തു അങ്ങനല്ലാട്ടോ …..”

ഞാൻ  ഒറ്റ  പിച്ച്  വെച്ച്  കൊടുത്തു …..അപ്രതീക്ഷിതമായത്‌ കൊണ്ട്  തന്നെ  എന്നെ  മിഴിച്ചു  നോക്കി….

“എത്ര  കാലമായെന്നോ……ഞാൻ  കൊതിച്ചു കൊതിച്ചു നടക്കുന്നു…..എനിക്ക്  കഴിച്ചോളാൻ   വയ്യ… ഞങ്ങൾക്ക് ഒന്നും  വാങ്ങി  തരാതെ  പുറത്തു  ഒറ്റയ്ക്ക്  പോയി  കഴിക്കുന്നു…….”

എന്നെ  നോക്കി  ചിരിച്ചു……ചിരിച്ചപ്പോൾ  ആ  കണ്ണുകൾ  നിറഞ്ഞതു  എന്തിനാണ്  എന്ന്  എനിക്ക്  മനസ്സിലായിരുന്നില്ല……ഞാൻ  പിച്ചിയത്  അത്രയ്ക്ക്  വേദനിച്ചോ ……

അപ്പോൾ  തന്നെ   കുറച്ചു  കോഴി കഷ്ണങ്ങകൾ  എന്റെ   പ്ലേറ്റിലേക്കു  ഫയസി  ഇട്ടു…..

“എല്ലാം  കൂടെ  ചേർത്ത്  ഇന്ന്  തട്ടിക്കോളു …….ഒപ്പം  വൈഗയുടെ  ഏറ്റവും  മനോഹരമായ  ഓർമ്മയും……”

ചിരിയോടെ  ഞാൻ  കഴിച്ചു  തുടങ്ങി…… ഒപ്പം  ഒരു  എട്ട്   വയസ്സുകാരിയുടെ  ഒറ്റയ്ക്കുള്ള  സഞ്ചാരങ്ങൾക്കിടയിൽ  അവൾ  കണ്ട   ആമ്പൽ  പൊയ്കയും   ഞാൻ  മനോഹരമായി  പറഞ്ഞു  കൊടുത്തു…..ഒരു  സാഹിത്യ  ബിരുദാനന്തര  ബിരുദകാരി  ആയതു  കൊണ്ട്  തന്നെ  ഏറ്റവും  ഹൃദ്യമായി  പറയാൻ  എനിക്ക്  കഴിഞ്ഞിരുന്നു…..എന്നാൽ   അങ്ങനൊരു  ദിവസം  വൈഗയുടെ ജീവിതത്തിൽ  ഉണ്ടായിരുന്നോ  എന്ന  എന്റെ മനസ്സിനോടുള്ള എൻ്റെ   ചോദ്യത്തിനു  മാത്രം  എനിക്ക്  ഉത്തരം   ഉണ്ടായിരുന്നില്ല………ഉണ്ടായിരുന്നിരിക്കാം…….

ഫയസിയുടെ  മുഖത്തു  എന്തായിരുന്നു  എന്ന്  എനിക്ക്  മനസ്സിലായില്ല…..  അവിടെ  നിന്നിറങ്ങുമ്പോൾ  ഒന്ന്  എനിക്ക്  മനസ്സിലായിരുന്നു……ഫയസി   ഒരു  ക്ലിനിക്കൽ  സൈക്കോളജിസ്റ്  ആണ്….. ഇറങ്ങാൻ  നേരം  അയാൾ  എനിക്കരുകിൽ  വന്നു  പറഞ്ഞു…..

” വൈഗാലക്ഷ്മി  എപ്പോഴെങ്കിലും  ഈ  മനസ്സു  വല്ലാതെ  ഓർമ്മകളാൽ  ശ്വാസം  മുട്ടുമ്പോൾ  തല  പൊട്ടി  പോകുന്നത്  പോലെ  വേദനിക്കുമ്പോ  ഈ  വാതിൽ  നിനക്കായി  തുറന്നിട്ടിരിക്കുന്നു…. നിനക്ക്  വരാം…… നീ  വരണം ….കാരണം  അർജുനൻ  നിന്നെ  സ്നേഹിക്കുന്നു…… സുഭദ്രയോടു  തോന്നിയിരുന്ന  പ്രണയം  അല്ല……അതിനും  അപ്പുറം…… നിനക്ക്  അത്   ബോധ്യം  ആവുമ്പോൾ   അവനു  വേണ്ടി  മാത്രം  നീ  വന്നാൽ  മതി…….  ഐ  ആം  എസ്‌പെക്റ്റിങ്  യു…….”

അയാളുടെ  വാക്കുകൾ  എന്റെ ഹൃദയത്തിൽ  കൊത്തി  വെപ്പിക്കാൻ  മാത്രം ശക്തിയുള്ളവയായിരുന്നു…ഞാൻ  അർജുനെട്ടനെ  നോക്കി.  കുറച്ചു  മാറി കാറിനടുത്തേക്ക്  നടക്കുന്നു….. ഒപ്പം  എന്റെ  മനസ്സും  വിറകൊണ്ടു….അർജുനേട്ടൻ   എന്നെ  സ്നേഹിക്കുന്നോ ….?

.ഇറങ്ങാൻ  നേരം  എനിക്ക്  രണ്ടു താറാവിനെയും  ഒരു  അരയെന്നത്തെയും   ഫയസി    തന്നു…

” ഇവരും   കൂടി  ആവുമ്പൊ  വൈഗയ്ക്കു  അർജുനന്റെ വീട്  ഒരുപാട് ഇഷ്ടാവും…… “

“ടീച്ചറമ്മ   ഓടിക്കോ …..?” 

ചിരിയോടെ  അർജുനെട്ടനെ  നോക്കിയപ്പോൾ……

“അതൊക്കെ   വൈഗ  നോക്കിക്കോളും…… അമ്മയ്ക്ക്  പറ്റിയ  മരുമോളാ ……”  ചിരിയോടെ  അർജുനെട്ടനെ   മറുപടി  കൊടുത്തു…

തിരിച്ചു  വീട്ടിലേക്കുള്ള  യാത്രയിൽ  വൈഗ  നിശ്ശബ്ദയായിരുന്നു…..പക്ഷേ  എന്നെ  ഇടകണ്ണിട്ടു  നോക്കുന്നുണ്ട്…..  ഒത്തിരി  തവണ  ആയപ്പോൾ  ഞാൻ   എന്താ  എന്ന്  പുരികം  പൊക്കി  ചോദിച്ചു……ഒന്നും  ഇല്ലാ  എന്ന്  തിരിച്ചും ……

വീണ്ടും  ഇത്  തന്നെ……

“എന്താണ്  വൈകാശീ ….”

എന്നെ  ദയനീയമായി  നോക്കി……

“അത്…..  അത്……. പിന്നെ…..”  ഞാൻ  കാർ  മെല്ലെ  ഓടിച്ചു…..

“പറയുടോ ….”

“നമ്മൾ  എപ്പോഴാ  പിരിയുന്നെ…….?” 

ഞാൻ   അറിയാതെ  വണ്ടി  ചവിട്ടി  നിറുത്തി……  വൈഗ  മുന്നോട്ടു  ആഞ്ഞു……. പുറകെ  വന്നവരും  ഒക്കെ  ചീത്തയും  വിളിച്ചു….. ഒരുവിധം  ഞാൻ  വണ്ടി  മുന്നോട്ടു  എടുത്തു……  വൈഗ  എന്നെ  തന്നെ  നോക്കിയിരിപ്പുണ്ട്……  ആ  ഇരുപ്പു  കണ്ടപ്പോൾ  ഒന്ന്  കൈമുറുക്കി  കൊടുത്താലോ  എന്ന്  ആലോചിക്കാതിരുന്നില്ല…..

“ഒന്നും  പറഞ്ഞില്ല…….”  വീണ്ടും അവള്……………………  ഞാൻ  ഒന്ന്   ദീർഘനിശ്വാസം  എടുത്തു…..

“എന്താ….ഇപ്പൊ  പിരിയണോ …?”  ഞാൻ  ഗൗരവത്തിൽ  ചോദിച്ചു…..

പതർച്ചയോടെ  എന്നെ  നോക്കി പറഞ്ഞു ……

“ഞാൻ  ആദ്യമേ  പറഞ്ഞല്ലോ  …..എനിക്ക്  ഒരു  ദാമ്പത്യ  ജീവിതത്തോട്  താല്പര്യം  ഇല്ലാ  എന്ന്……”

“ഞാൻ  തന്നോട്  ഒരു  താല്പര്യവും  കാണിച്ചിട്ടും  ഇല്ലാല്ലോ ……?  പിന്നെന്താ …..?” ഞാൻ  മുന്നോട്ടു  നോക്കി  തന്നെ  മറുപടി  കൊടുത്തു…..ശബ്ദം  നന്നായി  കടുപ്പിച്ചിരുന്നു….

“അപ്പോൾ  ഫയസി  പറഞ്ഞല്ലോ  അർജുനേട്ടൻ   എന്നെ  സ്നേഹിക്കുന്നുണ്ട്  എന്ന്…… അതുകൊണ്ടാ  ഞാൻ…..”

എന്നോട്   വാശിയോടെ  സംസാരിക്കുന്നവളെ  കണ്ടപ്പോൾ   എനിക്ക് ഒരു  അയവു  വന്നിരുന്നു…..

“അതിനു  ഞാൻ  തന്നെ  സ്നേഹിക്കുന്നില്ലല്ലോ ….? പിന്നെന്താ…….?”  അതെ  വാശിയോടെ  തിരിച്ചും  പറഞ്ഞു……

തിരിച്ചു  വീട്  എത്തും  വരെ   അവൾ  നിശബ്ധയായി  പുറത്തേക്കു  നോക്കിയിരുന്നു…..

“ഡോ …താൻ   എന്തിനാ  മിണ്ടാതിരിക്കുന്നേ….. താൻ  പേടിക്കണ്ട…ഞാൻ  തന്നെ  ഒരിക്കലും  സ്നേഹിക്കില്ല….  കാരണം   എൻ്റെ   സങ്കൽപ്പത്തിലെ  ഒരു  പെണ്കുട്ടിയേ  അല്ല  താൻ…….പിന്നെന്താ…….”

അപ്പോഴും  അവൾ  എന്നെ  നോക്കിയില്ല ….പക്ഷേ   ദേഷ്യത്തിൽ  എന്തോ  പറയുന്നുണ്ടായിരുന്നു…. എനിക്കതു  മനസ്സിലായില്ല…ആ  ദേഷ്യം  ഞാൻ  ആസ്വദിക്കുന്നുണ്ടായിരുന്നു…

‘അമ്മ  ഉറഞ്ഞുതുള്ളിക്കൊണ്ടാണ്  താറാവിനെയും  അരയന്നത്തെയും  സ്വീകരിച്ചത്…. 

“ഇവിടെയുള്ള  പണി  പോലും  വൃത്തിക്ക്  ചെയ്യാനറിയാത്ത  ഈ  കുട്ടിയാണോ ഈ  പക്ഷികളെ  നോക്കാൻ  പോവുന്നെ…..  കണ്ടറിയാം…..”

“ഞാൻ   പറഞ്ഞതാ   അമ്മേ   ഈ  അർജുനേട്ടനോട് …..വേണ്ടാ  വേണ്ടാ  എന്ന്……  കേട്ടില്ല……”

ഞാൻ  പകച്ചുപോയി….ഇത്രയും  നേരം   മൗനവ്രതത്തിലിരുന്നവളാണ്……എന്താ  ആവേശം  ഇത്  പറയാൻ….

എന്നെ  നോക്കി  കണ്ണുരുട്ടുന്നുണ്ട്…..

“ഉവ്വ്……  ഭാര്യയും  ഭർത്താവും  കൂടി  നോക്കിയാൽ  മതി… എന്നെ  നോക്കണ്ടാ…….”  ‘അമ്മ  വെട്ടി  തിരിഞ്ഞു  പോയി….

രുദ്രയും  വൈഗയും  ഞാനും  കൂടി  അതിനു  ഒരു  കൂടു  ഒക്കെ  തട്ടിക്കൂട്ടി…..

“ആ   കുഞ്ഞുട്ടൻ  എങ്ങാനും  വരോ   ആവോ …..”  വൈഗയാണ് ……

“അവൻ  ആരെയും  ഒന്നും  ചെയ്യില്ല……..”  കൂടു   അടച്ചുകൊണ്ടു ഞാൻ  പറഞ്ഞു….

“ആരാ  ചേച്ചി  കുഞ്ഞുട്ടൻ……..”  രുദ്രയാണ്…..

“ആ  നിനക്കറിയില്ലേ……നിന്റെ  ഏട്ടന്റെ  പ്രിയപ്പെട്ട   കൂട്ടുകാരനല്ലേ ……ഇയാള്   സൈക്കോയാ…….” എന്നെ  ചൂണ്ടി  അതും  പറഞ്ഞു   അവൾ  ദേഷ്യത്തിൽ  അകത്തേക്ക്  കയറി  പോയി……

രുദ്ര  ഒന്നും  മനസ്സിലാകാതെ  എന്നെ  നോക്കി…..

“ഏട്ടത്തിക്ക്  എന്ത്  പറ്റി ……….  “

“അവൾക്കു  ഒന്നും  പറ്റാത്തത്തിന്റെയാണ് ‌ …..”  ഞാൻ  അവൾ  പൊയ   വഴി  നോക്കി  ചെറു  ചിരിയോടെ  പറഞ്ഞു…..

“രണ്ടാൾക്കും  എന്തോ  പറ്റി   എന്നാ  നിക്ക്  തോന്നണേ …..”   രുദ്രയാണ്…… എന്നെ   കുസൃതിയോടെ  നോക്കി അവൾ  അകത്തേക്ക് നടന്നു……

അന്നത്തോടെ  വൈഗ  ഏറെക്കുറെ   പഴയ  വൈഗയെ  പോലെ  തന്നെയായിരുന്നു …എന്നോട്  ഒരു  അകലവും പിണക്കവും  ഒക്കെ  ഉണ്ടായിരുന്നു…..എന്നാലും എപ്പോഴും  ഇല്ലാട്ടോ…..   താറാവും  അരയന്നവും  ഒക്കെ  പിന്നെ  വൈഗയുടെ  സ്വന്തമായി…… അമ്മയ്ക്കും  കുറച്ചു  മാറ്റം  ഉണ്ട്….. അടുക്കളയിൽ  അല്ലറ  ചില്ലറ  പൊട്ടലും  ചീറ്റലും  ഉണ്ടെങ്കിലും  അതൊന്നും  പുറത്തേക്കു  വന്നില്ല…..

രാത്രി   ഞാൻ  ഇപ്പോൾ  കുഞ്ഞുട്ടനോടൊപ്പം  ഇരിക്കാറില്ല….നേരത്തെ  വന്നു  കിടക്കുന്നതു  കൊണ്ട്  തന്നെ   അവളുടെ  മുഖത്തെ  തെളിച്ചം  എനിക്ക്  അറിയാമായിരുന്നു…..

ഫയസി  എന്റെ  സുഹൃത്താണ് …..  ശെരിക്കും  അവൻ പറഞ്ഞിട്ടാണ്   അന്ന്  വൈഗയുമായി  അവന്റെ  വീട്ടിൽ  പോയത്….. അത്  അവളുടെ  കൗൺസിലിങ്ങിന്റെ  ആദ്യ  ദിവസവുമായിരുന്നു…..  അന്ന്  അവൻ  എന്നോട്  ഒന്നും  പറഞ്ഞിരുന്നില്ല……ഒറ്റയ്ക്ക്   അവനെ  കാണാൻ  ചെല്ലാൻ  പറഞ്ഞിരുന്നു… അങ്ങനെ  ചെന്ന  ഒരു  ദിവസം………………

“അപ്പൊ…… അജു….. നിന്റെ  വൈകാശീ …… വൈഗ  ….അന്ന്  അവൾ  നമ്മളോട്  പറഞ്ഞ   കുട്ടിക്കാലത്തെ  മനോഹരമായ  ഓർമ്മ ….അത്  അവളുടെ  സങ്കല്പം  ആണ്…..  അത്  സത്യമല്ല……എന്ന്  വെച്ച്  അവൾ  കള്ളം  പറഞ്ഞു  എന്ന്  പറയാൻ  കഴിയില്ല…… അവൾ  തന്നെ  തീർത്ത  ഒരു  അതിർവരമ്പ് ഉണ്ട്  അവളുടെ മനസ്സിൽ…… അതിനപ്പുറമുള്ള  കാഴ്ചകൾ  അവളെ  വല്ലാതെ  തളർത്തും   അസ്വസ്ഥപ്പെടുത്തും……അങ്ങോട്ടു  അവളുടെ   മനസ്സിനെ  അവൾ  പോകാൻ  അനുവദിക്കില്ലാ ….. ആ  ഓർമ്മകളിൽ  നിന്ന്  അവളുടെ  മനസ്സിനെ  സ്വയം  രക്ഷിക്കാൻ  അവൾ   കണ്ട  ഏറ്റവും  മനോഹരമായ  എളുപ്പ  വഴി  ആണ് സോഷ്യൽ ഇന്റ്റരാക്ഷൻ ( social interaction ) .   അവളുടെ  ഏകാന്തതയെ   ഒറ്റപ്പെടലിന്റെ  അതി  ജീവിക്കാൻ  അവൾ  തന്നെ സ്വയം  കണ്ടു പിടിച്ച  ഒരു  ഇമേജ്  ആണ്  തന്റേടിയായ  വായാടിയായ ആരെയും  കൂസാത്ത  ഒരല്പം  പിരി  പോയ  വൈഗാലക്ഷ്മി…..ആൻഡ്  ശീ  ഈസ്  കംഫോട്ടബിൾ …..” 

ഫയസിയെ  കാണാൻ   വന്ന  ഈ  നിമിഷം  വരെ   മനസ്സിൽ  ചെറിയ  ഒരു  പ്രതീക്ഷ  ഉണ്ടായിരുന്നു….  അതിനും  മങ്ങലേറ്റു …..  എന്നെ നോക്കി പൂക്കൾക്ക്  വെള്ളം  നനച്ചു  കൊണ്ട്  തന്നെ  അവൻ  തുടർന്നു …..

“ആ  കംഫോര്ട്  സോണിൽ  നിന്ന്  വൈഗ  പുറത്തു  വരാൻ  ആഗ്രഹിക്കുന്നില്ല…അതുകൊണ്ടാണ്  അവൾ  എപ്പോഴും  ആൾ  കൂട്ടത്തിൽ  ഇരിക്കാൻ  ഇഷ്ടപ്പെടുന്നത്…കലപില  സംസാരിക്കുന്നതു ..  പകലുകൾ  ഇഷ്ടപ്പെടുന്നത്…രാത്രിയെ  ഭയക്കുന്നത്….. “

അവൻ  എൻ്റെ അരുകിൽ  വന്നിരുന്നു….. ഞാനതു  അറിഞ്ഞിരുന്നില്ല…… കലപില  സംസാരിക്കുന്ന  വൈകാശിയായിരുന്നു  മനസ്സു  നിറച്ചും….  അത്  അവളുടെ  ചില്ലുകൊട്ടാരം  ആണ്  എന്ന്  ഞാൻ  ഇന്ന്  തിരിച്ചറിയുന്നു.

” ‘അമ്മ  ഇല്ലായിരുന്നു  എന്നല്ലേ  സോ   ആ  ഒറ്റപ്പെടലും  അരക്ഷിതാവസ്ഥയും  ആയിരിക്കാം…..   അല്ല  എങ്കിൽ  എന്തെങ്കിലും  മോശം  അനുഭവം  ആവാം……ആ  ഓർമ്മകൾ  ആവാം…… “

അവസാന  വാചകം  ഞാൻ  ഓർത്തെടുത്തു…ഒപ്പം  ഉത്സവ   നാളിൽ  മിതുവിനെ  തേടി  ഓടിയ  വൈഗയെ…..  ആ  രാത്രി   വൈഗയുടെ  ഓർമകളിൽ  പോലും  ഇല്ലാ  എന്ന്  തോന്നി  പിന്നീടുള്ള  ദിവസങ്ങളിലെ  പെരുമാറ്റത്തിൽ……..

“അന്നത്തെ   ആ  സംഭവത്തെ  പറ്റി   അവൾ  ഒന്നും  എന്നോട്  സംസാരിച്ചിട്ടില്ല…അമ്മാവനെയും  അന്വേഷിച്ചിട്ടില്ല……”

“അത്  അവൾ  മറന്നു  പോയിട്ടുണ്ടാവും  അജു….  ചിലപ്പോൾ   അന്നാദ്യമായി  ആവും  അവൾ  പൊട്ടി  തെറിച്ചിട്ടുണ്ടാവുക..ഒരുപാട്  കാലത്തെ  വീർപ്പുമുട്ടലുകൾ   അന്നാവും  പുറത്തായത് … അതൊരു  വല്ലാത്ത  അവസ്ഥയല്ലേ ..ആ  രാത്രി  അവള്   മറന്നു  പോയിട്ടുണ്ടാകും…..ഞാൻ  അന്ന്  കണ്ട  വൈഗ  നോർമൽ  ആണ്…ഭയക്കേണ്ടതില്ല…..എന്നാൽ  നിസ്സാരവും  അല്ല … കാരണം  അവൾക്കു  അറിയാം  അവൾ  നോർമൽ  അല്ലാ  എന്ന്…. എന്റെ  ഊഹം  ശെരി  ആണെങ്കിൽ  അവൾ  മുൻപ്

എപ്പോഴെങ്കിലും ഏതെങ്കിലും   ഡോക്‌ടറെ   കണ്ടിട്ടുണ്ടാവണം….  അന്ന്  നീ  ഇവിടെ   കൊണ്ട്  വന്നതിൽ  അവൾക്കു  സംശയവും  ഉണ്ടാവും…… അതാണ്  അകലം   പാലിക്കുന്നത്…..”

എന്റെ  മനസ്സു   വല്ലാതെ  നീറുന്നുണ്ടായിരുന്നു…..

“ഹൌ  ക്യാൻ  വീ  സോൾവ്  ഇറ്റ് ഫയസി …?  എനിക്ക്  അവളെ  വേണം…..”

അവൻ  എന്റെ  തോളിൽ  കൈവെച്ചു…..

“അവളുടെ  മനസ്സു അവൾ  അടച്ചു വെച്ചിരിക്കുകയാണ്…..  അത്  നിന്നോടു  തുറക്കാതെ  അവൾക്കു  നിന്നെ  സ്നേഹിക്കാൻ  കഴിയില്ല  അജു…. നിന്റെ  സ്നേഹം  ഉൾകൊള്ളാനും  അവൾക്കു  കഴിയില്ലാ ….. ഇപ്പോൾ  അവൾടെ      കംഫോര്ട്  സോണിന്മെൽ  വിള്ളലുകൾ  വീണിരിക്കുന്നു..അവളുടെ  മനസ്സു   നിന്നെ  ആഗ്രഹിക്കുന്നുണ്ട് …. അവൾ  വരും……. ലേറ്റസ്   വെയിറ്റ്……..”

ഞാനും  കാത്തിരിക്കുന്നു   വൈഗാ .. ആരോടും  പറയാതെ  നീ  മറച്ച   നിന്റെ  വേദനകൾ  എനിക്കായി  പകുത്തു  നൽകുവാൻ നീ  വരുന്ന  കാലം  വരെയും ….

( കാത്തിരിക്കണംട്ടോ  ചങ്കുകളെ )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

5/5 - (4 votes)
Exit mobile version