Site icon Aksharathalukal

സ്നേഹത്തോടെ – 15

snehathode novel

ആ സംസാരം ഒരുപാട് നേരം നീളുന്നതായിരുന്നു.

ആ കൈവരിയിൽ നിന്ന്  ബാറിന്റെ  ഇരുണ്ട മൂലയിലേ ഒഴിഞ്ഞ ടേബിളിലേക്ക് ആ സംസാരം പറിച്ചുനടുമ്പോൾ പലതും ഹരി അറിയുകയായിരുന്നു മദ്യലഹരിയിലുള്ള ശിവനിലൂടെ….

  അനിരുദ്ധന്റെയും രമയുടെയും കോളേജ് കാലം മുതൽ ഇന്നുവരെ ഉള്ള ഓരോ നിമിഷവും നിശ്വാസവും.

അതിനിടയിൽ പറയാതെ മനസ്സിൽ  കൊണ്ടുനടന്ന ഒരു കുഞ്ഞ് ഇഷ്ടവും. !

       രണ്ട് പേരോടും യാത്ര പറഞ്ഞു ബാറിൽ നിന്ന് ഇറങ്ങുമ്പോൾ ഏറെ വൈകിയിരുന്നു.  എല്ലാവർക്കും ഡ്രെസ്സും മറ്റു ചില സാധനങ്ങളും വാങ്ങണം എന്ന് കരുതി ഇറങ്ങിയതാണ്.  പക്ഷേ,  സംസാരത്തിനിടയിൽ സമയം പോയതറിഞ്ഞില്ല. വൈകിയ സ്ഥിതിക്ക് ഇനി നാളെ വാങ്ങാം എന്ന ചിന്തയോടെ ഹരി വാഹനത്തിലേക്ക് കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് തോളിൽ ഒരു കൈ വന്നു പതിച്ചു .

  തിരിഞ്ഞു നോക്കുമ്പോൾ  ചിരിച്ചു നിൽക്കുന്ന അനിരുദ്ധൻ കണ്ട ഹരി  എന്താണെന്ന അർത്ഥത്തിൽ നോക്കുമ്പോൾ അനി ഒന്ന് മടിച്ചാണെങ്കിലും പറയുന്നുണ്ടായിരുന്നു

  ” ശിവൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട മാഷേ,      

അവനിങ്ങനെ ആണ്.  രമ എന്റെ നല്ലൊരു ഫ്രണ്ട്‌ ആണ്. എന്നും കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. അത് പക്ഷേ, എന്റെ ജീവിതത്തിൽ കൂട്ടായി വേണം എന്നൊന്നും അല്ലാട്ടോ.  നല്ല ഒരു സുഹൃത്ത് ആയിട്ട് ആണെങ്കിലും.  “

അത് പറയുമ്പോൾ എവിടെയോ പറയാൻ മറന്ന ഒരിഷ്ടത്തിന്റെ നഷ്ടബോധം അവനിലുണ്ടെന്ന് ഹരിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു.

  ” അനിരുദ്ധൻ ആഗ്രഹിച്ചപോലെ എന്നും അവൾ കൂടെ ഉണ്ടാകും. പിന്നെ.. ശിവൻ പറഞ്ഞത്…. അത് ഞാൻ കാര്യമായിത്തന്നെ എടുത്തിട്ടുണ്ട്ട്ടോ. “

അത് പറയുമ്പോൾ ഹരിയൊന്ന് പുഞ്ചിരിച്ചു,  മനസ്സിൽ ചിലത് കണക്കുകൂട്ടി തന്നെ.

 “അപ്പൊ ശരി, വീണ്ടും കാണും….  “

ഹരി അനിയുടെ തോളിൽ ഒന്ന് തട്ടികൊണ്ട് കാറിലേക്ക് കയറി മുന്നോട്ട് പോകുമ്പോൾ  ഹരി അവസാനം പറഞ്ഞതിൽ അവ്യക്തമായ എന്തോ ഒന്നുണ്ടെന്ന് തോന്നി അനിരുദ്ധന്.

   ———————————————————————-

” അച്ഛൻ ഇത് കൂടി അറിഞ്ഞാൽ… “

സ്നേഹ വേവലാതിയോടെ രമയുടെ മുഖത്തേക്ക് നോക്കുമ്പോൾ  അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

”  മോളെ.. പറയാതിരുന്നാൽ… പിന്നീട് ഇത് അറിയാൻ ഇടയായാൽ  അച്ഛന്റെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയേ.  ഇപ്പോൾ തന്നെ ആ മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ടാകും. പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം.  അല്ലെങ്കിലും അച്ഛന്മാർ അങ്ങനെ ആണ്. ഒന്നും പുറത്ത് കാണിക്കാതെ ചിരിക്കും കൂടെ ഉള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി.  പക്ഷേ, ഒരിക്കൽ അവർ പ്രതികരിക്കും, അത് നമുക്ക് താങ്ങാവുന്നതിലും അപ്പുറമാകും.  “

 ” എന്നാലും….   മോളുടെ ഇതുപോലെ ഉള്ള ഒരു വീഡിയോ വന്നെന്ന് കേൾക്കുമ്പോൾ അച്ഛൻ തകർന്നുപോകില്ലേ രമമ്മേ.  എനിക്ക് അറിയാം അച്ഛൻ ചിരിക്കുന്നത് മനസ്സിൽ വിഷമം വെച്ച് തന്നെ ആണെന്ന്.  ഇത്രയൊക്കെ ഞാൻ ചെയ്തിട്ടും ഒരു വഴക്ക് പോലും പറയാതെ ചേർത്തുപിടിക്കുന്നത്  ഉള്ളിൽ ദേഷ്യം ഇല്ലാഞ്ഞിട്ട് അല്ലെന്ന് അറിയാം.  എല്ലാം കേട്ട അച്ഛൻ ഒന്ന് അടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛൻ ചിരിച്ചുകൊണ്ട് തോൽപ്പിച്ചു. അടിയേക്കാൾ വേദനയാണ് അച്ഛന്റെ ഈ ചിരിയും ചേർത്തുപിടിക്കലും നൽകുന്നത്.  അതിനിടയിൽ ഇതുംകൂടി അച്ഛൻ അറിഞ്ഞാൽ….. വേണ്ട രമമ്മേ….  അച്ഛൻ അറിയണ്ട….. “

 സ്നേഹ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി രമയ്ക്ക്. പക്ഷേ, വീണ്ടും ഇത്രേം വലിയ ഒരു പ്രശ്നം മറച്ചുവെച്ചെന്ന് എന്നെങ്കിലും അറിഞ്ഞാൽ…. എല്ലാം അറിഞ്ഞിട്ടും പറഞ്ഞില്ലെന്ന പഴി കേൾക്കേണ്ടി വരും.  

പ്രശ്നം എങ്ങനെ സോൾവ് ചെയ്യണമെന്ന് മനസ്സിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഹരിയോട് പറയണോ വേണ്ടേ എന്നുള്ള തീരുമാനത്തിൽ എത്താൻ ആയിരുന്നു പ്രയാസം. 

      കുറെ ആലോചിച്ചു..  അവസാനം പറയേണ്ടെന്ന തീരുമാനത്തിൽ എത്തുമ്പോൾ അവൾ ഫോൺ എടുത്ത് ഡയൽ ചെയ്തത് അനിരുദ്ധന്റെ നമ്പർ ആയിരുന്നു.

        ————- ———– ———– ——— ———

 ഹരി വീട്ടിലെത്തുമ്പോൾ  ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു രമയും അമ്മയും.

   മോളെവിടെ എന്ന ചോദ്യത്തിന് അകത്തുണ്ടെന്ന് ഉത്തരം നൽകുമ്പോൾ

” അമ്മ ഇച്ചിരി കാപ്പി ഇടാമോ ” എന്ന് ചോദിച്ചുകൊണ്ടവൻ സെറ്റിയിലേക്ക് ഇരുന്നു അവൻ.

” അമ്മ ഇവിടെ ഇരുന്നോ,  ഞാൻ ഇടാം കാപ്പി “

എന്നും പറഞ്ഞ് രമ എഴുനേൽക്കാൻ തുടങ്ങുമ്പോൾ ” മോളവിടെ ഇരിക്ക്, ഞാൻ ഉണ്ടാക്കിക്കൊള്ളാമെന്ന് പറഞ്ഞ് അമ്മ എഴുനേറ്റ് അകത്തേക്ക് നടന്നു.

      ” ഞാൻ ഒരു കാര്യം പറഞ്ഞാൽ രമ അനുസരിക്കണം “

പെട്ടന്നവൻ അങ്ങനെ പറഞ്ഞപ്പോൾ ഞെട്ടലോടെ ആണ് രമ തലയുയർത്തിയത്.

അവളുടെ മുഖത്തെ വെപ്രാളം കണ്ടപ്പോൾ ഹരി ഒന്ന് ചിരിച്ചു.

” നീ ഇങ്ങനെ നിന്റ ജീവിതം കളയുന്നതിൽ വിഷമം ഉള്ളത് കൊണ്ട് പറയാ.. മുൻപും പലപ്പോഴും ഞാനിത് പറയുമ്പോൾ എല്ലാം നീ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.  പക്ഷേ,  ഇനിയത് ശരിയാകില്ല.. അതുകൊണ്ട് പറയാ, ഒരു വിവാഹത്തിന് നീ സമ്മതിക്കണം. സ്നേഹ ഇപ്പോൾ ചെറിയ കുട്ടിയൊന്നും അല്ല. ഇനിയും അവളുടെ പേരും സുകന്യയ്ക്ക് കൊടുത്ത വാക്കും പറഞ്ഞ് ഒഴിയാൻ ഞാൻ സമ്മതിക്കില്ല.  “

  അവന്റെ വാക്കുകളിലെ  ഉറച്ച തീരുമാനം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. 

ഒരു മറുപടി പറയാൻ കഴിയാതെ അവൾ നഖം കടിച്ചുകൊണ്ട് തല താഴ്ത്തി ഇരിക്കുമ്പോൾ ഹരി വീണ്ടും പറയുന്നുണ്ടായിരുന്നു

” നീ കൂടുതൽ ഒന്നും ആലോചിച്ചു സമയം കളയണ്ട. നിന്റ കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിൽ ഞാൻ ഇതുമായി മുന്നോട്ട് പോകുകയാണ്.  നിനക്കൊരു ജീവിതം വേണം ഇനിയെങ്കിലും .  “

  ” ഹരിയേട്ടാ…  ഞാൻ… അങ്ങനെ ഒന്നും…. ആഗ്രഹിക്കുന്നില്ല…  ഇപ്പോൾ ഉള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്.  എന്റെ മോൾടെ കൂടെ ഇപ്പോൾ ഏറെ സന്തോഷിക്കുന്ന,  ആഗ്രഹിക്കുന്ന ഈ നിമിഷത്തിൽ ഇങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും എനിക്ക്…….

   എന്നെ നിർബന്ധിക്കരുത് ഹരിയേട്ടാ…. “

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

പിന്നെയും എന്തെല്ലാലോ അവൾ പറയാൻ  ആഗ്രഹിച്ചെങ്കിലും എല്ലാം തേങ്ങലുകൾക്കിടയിൽ മുറിഞ്ഞുവീണു.

” എനിക്കറിയാം നീ സമ്മതിക്കില്ലെന്ന്. പറയുമ്പോഴേക്കും നീ സമ്മതിക്കും എന്ന് കരുതിയുമല്ല ഞാൻ പറഞ്ഞത്. പക്ഷേ, നിന്റ ഇപ്പോഴത്തെ സന്തോഷം ഒട്ടും കുറയാതെ നിനക്ക് കിട്ടും. അതുപോലെ ഒരാളെ മാത്രേ ഞാൻ നിനക്ക്‌ വേണ്ടി കണ്ടെത്തൂ.  “

അത് പറയുമ്പോൾ അനിരുദ്ധന്റെ മുഖം ആയിരുന്നു ഹരിയുടെ മനസ്സിൽ.  അവളെ അത്രമേൽ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ വേറെ കണ്ടെത്താൻ കഴിയില്ലെന്നും ഹരിക്ക് അറിയാം.

    അവന്റെ വാക്കുകൾക്ക് മറുപടി പറയാതെ രമ കണ്ണുകൾ തുടച്ചുകൊണ്ട് വേഗം അകത്തേക്ക് പോകുമ്പോൾ കയ്യിൽ ഒരു കപ്പുമായി ഉമ്മറത്തേക്ക് വരുന്നുണ്ടായിരുന്നു അമ്മ.

കണ്ണുകൾ തുടച്ചുകൊണ്ട് ധൃതിയിൽ അകത്തേക്ക് പോയ രമയെ നോക്കിക്കൊണ്ട് അമ്മ ഹരിക്ക് നേരേ കപ്പ് നീട്ടുമ്പോൾ ” അവളെന്താടാ കരഞ്ഞോണ്ട് പോണേ ”  എന്ന് ചോദിച്ചുകൊണ്ട് അവനരികിൽ ഇരുന്നു.

” കരയാൻ മാത്രം നീ എന്താ അവളോട് പറഞ്ഞേ?”

അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഉണ്ടായ കാര്യങ്ങൾ എല്ലാം ഹരി വിവരിച്ചു.

” അതല്ലേ ശരി അമ്മേ.  ഇനിയെങ്കിലും അവൾക്ക് ഒരു ജീവിതം വേണ്ടേ.  നമ്മളല്ലേ അത് ഉണ്ടാക്കിക്കൊടുക്കേണ്ടത് “

അവന്റെ ചോദ്യം കേട്ടപ്പോൾ അമ്മ ഒട്ടും ആലോചിക്കാതെ അതെ എന്ന് തലയാട്ടി.

” ശരിയാ മോനെ.  അവൾക്ക് ഇനിയെങ്കിലും ഒരു ജീവിതം വേണം. ഞാൻ അത് കുറെ ആയി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യമാ അത്.

അമ്മ യ്ക്കും അതാണ് ഇഷ്ടം.

ഇത്രേം നാൾ അവൾ ഈ വീട്ടിൽ കഴിഞ്ഞത് എങ്ങനെ ആണെന്ന് അറിയാലോ.ഇനി അത് പറ്റില്ല.  അവൾക്ക് ഒരു ജീവിതം ഉണ്ടാകണം. അത് കൊടുക്കേണ്ടത് നീ ആണ്. നിന്റ മോൾടെ അമ്മയായി ഇത്രേം കാലം അവൾ ജീവിച്ചില്ലേ. അതുപോലെ ഇനിയും അങ്ങനെ തന്നെ ആവട്ടെ.. കൂടാതെ ഇനി അങ്ങോട്ട് നീ താലി ചാർത്തിയ പെണ്ണ് കൂടി ആവണം അവൾ.   നിന്റ ഭാര്യയായി,  നിന്റെ മോൾടെ അമ്മയായി എന്നും അവളിവിടെ ഉണ്ടാവണം. “

അമ്മയുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് ഞെട്ടി.

അവളോട് മനസ്സിൽ ഇഷ്ടം ഉണ്ട്. പക്ഷേ,  സ്നേഹിക്കുന്ന ഒരാൾ ഇപ്പോഴും ഉള്ളപ്പോൾ..

അനിരുദ്ധൻ മുഖം മനസ്സിലേക്ക് ഓടിക്കയറിയപ്പോൾ മുന്നിൽ അമ്മയുടെ വാക്കുകൾ മനസ്സിനെ പിടിമുറുക്കി…

“നീ അമ്മയ്ക്ക് വാക്ക് തരണം. ഒരിക്കലും ആ പെണ്ണിനെ കൈവിടില്ല എന്ന്.  “

( തുടരും )

                                         ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post
Exit mobile version