Site icon Aksharathalukal

ഹൃദയസഖി – Part 13

ആദി ആരുഷി - ഹൃദയസഖി

പെട്ടന്നാണ് ആദിയുടെ ഫോൺ ബെല്ലടിച്ചത്,…

“ആരുഷി ഒരു മിനിറ്റ് !” അവൻ കോൾ എടുത്തു,…

“ആ പ്രതീക്ഷ,.. പറയ്,… ”

പ്രതീക്ഷയോ,.. ആരാണാവോ പുതിയ അവതാരം,… അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു,…

“സോറി ഡിയർ,.. എല്ലാം പെട്ടന്നായിരുന്നു,… അത് കോളേജ് മേറ്റ്‌ ആണ്,.. ജൂനിയർ,.. പേര് ആരുഷി,… ഹേ നീ വിചാരിക്കുന്ന ടൈപ്പ് ആളേ അല്ല,. നാളെ വരുമ്പോൾ കാണാം,.. ഓക്കേ സീ യൂ ടുമാറോ,.. ഗുഡ് നൈറ്റ് !” ആദി കട്ട്‌ ചെയ്തു തിരിഞ്ഞു,…

ആരുഷി അവനെ നോക്കി നിൽക്കുകയായിരുന്നു,..

“ആ ലെറ്റ്‌സ് കൺടിന്യൂ,… ”

“ആർ യൂ സീരിയസ് ആദി ?”

ആദി അവൾക്കരികിലേക്ക് വന്നു,… ആരുഷി പുറകോട്ട് മാറി,…

“യെസ്,.. എന്താ സംശയം ?”

“എനിക്ക് ദേഷ്യം വരുന്നുണ്ട് !”

“അതിന് ?”

അവൾക്ക് അത്ഭുതം തോന്നി,…

“വാ, വീട്ടിലേക്ക് നടക്ക്,.. നീയിന്നലെ ഉറക്കഗുളിക ഒക്കെ കഴിച്ച് ഉറങ്ങീതാ,.. ഞാനേ ഇന്നലെ കൊതുക് കടി കൊണ്ട് ഒരുപോള കണ്ണടച്ചിട്ടില്ല,.. നല്ല ക്ഷീണമുണ്ട് !”

ഇടി വെട്ടാൻ തുടങ്ങിയിരുന്നു,…

“മഴ വരുന്നുണ്ട്,. ഇപ്പോ പോയാൽ നനയാതെ വീട്ടിൽ കേറാം,… ”

“നിനക്കെങ്ങനെയാ ആദി ഇങ്ങനൊക്കെ പറയാൻ തോന്നണേ ?”

“പിന്നെ ഞാനെങ്ങനെ പറയണം,.. താലി പൊട്ടിക്കരുതെന്ന് പറഞ്ഞു നിന്റെ കാല് പിടിക്കണോ ?” ആരുഷി ഞെട്ടിപ്പോയി,.. ആദി തുടർന്നു,…

“ശരിയാ എനിക്ക് തെറ്റ് പറ്റി,.. ബെറ്റ് വെച്ചത് തന്നെയാ നിന്നെ വളക്കുമെന്ന്,.. വളക്കുമെന്നാ പറഞ്ഞത്,. തേക്കുമെന്നല്ല .. അത് നിനക്ക് ഇനിയും മനസിലാവുന്നില്ലെങ്കിൽ, നിന്റെ വാശിയാണ് വലുതെങ്കിൽ നീ ഇട്ടിട്ട് പൊക്കോ,. എങ്ങോട്ടേക്കാണെന്ന് വെച്ചാൽ,… ” ആദി പറഞ്ഞു നിർത്തിയതും മഴത്തുള്ളികൾ അവരുടെ മേത്തേക്ക് ഇറ്റ് വീണു,…

“സന്തോഷമായില്ലേ ? നനയാതെ വീട്ടിൽ കേറാമെന്ന് കരുതിയതാ,.. ഇനീപ്പോ,… ”

ആദിയുടെ സ്നേഹം മനസിലാവാഞ്ഞിട്ടല്ല,. പക്ഷേ തന്നെ വെറുമൊരു ബെറ്റിങ് പ്രോപ്പർട്ടി ആയി ചിത്രീകരിച്ചു എന്നറിഞ്ഞപ്പോൾ,… ഏത് പെണ്ണിനാ അതൊക്കെ സഹിക്കാൻ കഴിയുക ?

“എന്താ ആലോചിക്കുന്നേ വരുന്നുണ്ടോ ?”

ആരുഷി അനങ്ങിയില്ല,… ആദി അവളുടെ കൈ പിടിച്ചു,.. തന്നിലേക്ക് വലിച്ചടുപ്പിച്ചു,.. ആരുഷിയുടെ ഉള്ളിൽ ഒരു സ്പാർക്ക് ഉണ്ടായി,… അവനവളുടെ കണ്ണുകളിലേക്ക് നോക്കി,…

“പ്ലീസ് എന്നെയിങ്ങനെ നോക്കല്ലേ ആദി !”

“അതെന്താ ആരുഷി ?”

അവൾ കണ്ണുകൾ അടച്ചു,…

ആദി അവൾക്ക് നേരെ മുഖമടുപ്പിച്ചു,…

“ആദി പ്ലീസ്,.. ” ആരുഷി അവനെ തള്ളിമാറ്റി നടന്നു,… ആദി പുറകെയും,…

“എങ്ങോട്ടാ എന്ന് പറഞ്ഞിട്ട് പോ !”

“എനിക്കിഷ്ടമുള്ളിടത്തേക്ക് !”

“അതെന്റെ വീട്ടിലേക്കുള്ള വഴിയാണെ !”

“അതിന് ?”

“അതിന് നിനക്ക് ഒന്നൂല്ല്യേ ?”

“ഞാൻ എന്റെ ഹസ്ബന്റിന്റെ വീട്ടിലേക്കാ പോണത്,.. അതിന് നിങ്ങൾക്കെന്തെങ്കിലും നഷ്ടമുണ്ടെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല,. ”

ആദി ചിരിച്ചു,.. എന്തായാലും കറക്റ്റ് സമയത്ത് പ്രതീക്ഷ വിളിച്ചത് നന്നായി,. ഇല്ലാരുന്നേൽ ആരുഷിയുടെ സ്വഭാവത്തിന് താലി പറിച്ച് തന്റെ മുഖത്തെറിഞ്ഞിട്ട് പോയേനെ,.. ആദിക്ക് ആശ്വാസം തോന്നി,..

*******

ആരുഷി തിരിച്ചു വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല,.. ആരെയും മൈൻഡ് ചെയ്യാതെ അവൾ അകത്തേക്ക് പോയി,. ആദിയെ കണ്ടതും ദേവൻ അടുത്തേക്ക് ചെന്നു,.

“ആദി എങ്ങനെയാ നീ,.. ”

“ഇപ്പോ എന്നോടൊന്നും ചോദിക്കല്ലേ അച്ഛാ,. അവൾ തിരിച്ചു വന്നില്ലേ അത് പോരെ,… ” ആദി മനുവിനെ കടുപ്പിച്ചൊന്ന് നോക്കി,. അവൻ തല കുനിച്ചു നിന്നു,.. ആദി സ്റ്റെപ് കേറി മുകളിലേക്ക് പോയി,..

“ആദി ആയത്കൊണ്ട് നിന്നെ ഒന്നും പറഞ്ഞില്ല,. അത്കൊണ്ട് അവൻ ക്ഷമിച്ചു എന്നും കരുതണ്ട,.. എന്തായാലും ആരുഷി തിരിച്ചു വന്നത് കൊണ്ട് നീ രക്ഷപെട്ടു !” ആൽബിൻ പറഞ്ഞു,. മനുവിന്റെ മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നു,.

*****—*****

“എനിക്ക് കേറാമല്ലോ ?”

വാതിലിൽ മുട്ടിക്കൊണ്ട് ആദി ചോദിച്ചു,.. അവൾ ഒന്നും മിണ്ടിയില്ല,. ആദി അലമാര തുറന്നു ഡ്രസ്സ്‌ എടുത്തു,.. അവൾക്ക് മുന്നിൽ വെച്ച് തന്നെ ഡ്രസ്സ്‌ മാറി

“കിടന്നോ,. പിന്നെ ഒരു കാര്യം,.. വെറുതെ ഓരോന്നെടുത്ത് കഴിച്ച് മനുഷ്യനെ ബേജാറാക്കരുത് !” ആരുഷി അവനെ നോക്കി,.

“ഓക്കേ,.. ഗുഡ് നൈറ്റ്,.. ” അവൻ പില്ലോയും ഷീറ്റുമെടുത്ത് പുറത്തേക്കിറങ്ങി,…

“ആദി ഒരു മിനിറ്റ്,.. ”

“എന്താ ആരുഷി ?”

“നിങ്ങൾ ഈ റൂമിൽ കിടക്കുന്നതിൽ എനിക്ക് വിരോധമൊന്നും ഇല്ല !”

ആദിക്ക് വിശ്വസിക്കാനായില്ല,. എങ്കിലും ചാടിക്കേറി ഓക്കേ പറഞ്ഞാൽ അവളെന്ത് വിചാരിക്കും ?

“അതൊന്നും വേണമെന്നില്ല !”

“ജാഡ ഇടണ്ട കാര്യമൊന്നും ഇല്ല,.. ആദി ഇവിടെ കിടന്നെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല… ”

ശരിയാ കൂടുതൽ ജാഡ ഇട്ടാൽ, ഇറങ്ങിപ്പോക്കോളാനും അവൾ പറഞ്ഞേക്കും,.

ആരുഷി അവന്റെ കയ്യിൽ നിന്നും ഷീറ്റും പില്ലോയും വാങ്ങി കട്ടിലിൽ വെച്ചു,.. പിന്നെ ഡോർ ലോക്ക് ചെയ്തു,..

“നീ കട്ടിലിൽ കിടന്നോ ഞാൻ സോഫയിൽ കിടന്നോളാം,… ”

“ഓക്കേ,. നോ പ്രോബ്ലം !”

ഒന്നൂടെ ആഞ്ഞുപിടിച്ചാൽ ഈ തണുപ്പത്ത് അവളേം കെട്ടിപ്പിടിച്ചു കിടക്കമായിരുന്നു,… ആദി സോഫയിൽ കിടന്നു.

“എന്താ ആലോചിക്കുന്നത് ?”

“ഒന്നൂല്ല,.. ”

ആരുഷി മെറിൻ കൊണ്ട് വന്ന കവർ തുറന്നു,.. അതിൽ മൊത്തം ചുരിദാറും സാരിയും ആയിരുന്നു,. ആരുഷി അത് എടുത്തപോലെ തിരികെ വെച്ചു,…

“എന്താ ?”

“ഇതിൽ എനിക്ക് പറ്റീതൊന്നും ഇല്ല,..”

ആദി കവർ പരിശോധിച്ചു,..

“ഇതിനെന്താ കുഴപ്പം ?”

“എനിക്ക് വയ്യ അതൊന്നും ഇടാൻ !”

“നിന്നെ ഒരു പെണ്ണായി കാണാനുള്ള ആഗ്രഹം കൊണ്ട് വാങ്ങീതാകും ! നാളെ വേറെ വാങ്ങാം,.. ”

“അപ്പോൾ ഞാനീ നനഞ്ഞ ഡ്രസ്സ്‌ ഇട്ട് കിടക്കണമെന്നാണോ ?”

“നിർബന്ധമില്ല,. ” ആദി ശബ്ദമടക്കി പറഞ്ഞു,..
ആരുഷി അത് വ്യക്തമായി കേട്ടിരുന്നു,..

അവൾ അലമാര തുറന്നു ഒരു ഷർട്ടും, ത്രീ ഫോർത്തും എടുത്തു,..

“ആരുഷി അതെടുക്കല്ലേ,. അത് പ്രതീക്ഷ വാങ്ങിത്തന്നതാ !” വീണ്ടും പ്രതീക്ഷ,…

“ഓഹോ,.. എന്നാൽ ഒരു മിനിറ്റേ !” ആരുഷി കത്രിക എടുത്ത് അതിൽ മൊത്തം വരഞ്ഞു,. ആദിക്ക് ഒന്ന് തടയാൻ പോലും ആയില്ല,. അവളത് അവന്റെ കയ്യിൽ വെച്ചു കൊടുത്തു,..

“ഇനിയുണ്ടോ അവൾ വാങ്ങിത്തന്നത് ?”

ഉണ്ടെങ്കിലും ഇല്ലെന്ന് പറയുന്നതാണ് നല്ലത്,.. അവൻ ഇല്ലെന്ന് തലയാട്ടി,.. ആരുഷി കത്രിക നിലത്തേക്ക് വലിച്ചെറിഞ്ഞു,.. അവൾക്ക് ദേഷ്യം മാറിയില്ലെന്ന് തോന്നുന്നു,. അവൾ ഫ്ലവർവേസ് എടുത്തതും,. ആദി കൈ കൂപ്പി,..

“ആരുഷി പ്ലീസ് !” ആദി അത് അവന് നേരെ എറിഞ്ഞു,.. ആദി അത് നിലത്ത് വീഴാതെ പിടിച്ചു,..

ആരുഷി പൊട്ടിക്കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു,. ആദിക്ക് മനസിന് വല്ലാത്ത ഭാരം തോന്നി,..

“എന്തിനാ ആദി,.. എന്തിനാ എന്നെയിങ്ങനെ ?”
ആദി അവളുടെ ചുമലിൽ കൈ വെച്ചു,…

ആരുഷി മിഴികൾ തുടച്ചെഴുന്നേറ്റു,… ആദി അലമാര തുറന്ന് അവൾക്ക് ഡ്രസ്സ്‌ എടുത്ത് കൊടുത്തു,..

“പ്രതീക്ഷ വാങ്ങിതന്നതല്ലാട്ടോ !” ആരുഷി അവനെ കടുപ്പിച്ചൊന്ന് നോക്കി,.. പിന്നെ അതെടുത്ത് ബാത്റൂമിലേക്ക് നടന്നു,..

******
അവൾ ഡ്രസ്സ്‌ മാറി വന്നതും ആദി ഉറക്കം പിടിച്ചിരുന്നു,.

ഏറെ നേരം കഴിഞ്ഞിട്ടും അവൾക്ക് ഉറക്കമേ വന്നില്ല,. ആരതിക്ക് തന്നോട് തീർച്ചയായും വെറുപ്പ് കാണും,. അവൾ സ്വപ്നം കണ്ട ആദിയേട്ടനെ ആണ് താൻ തട്ടിയെടുത്തത്,. അവൾ ആദിയെ നോക്കി,.. ഒന്ന് രണ്ടു ദിവസം കൂടി ഇന്നാണ് അവൻ മര്യാദക്ക് ഒന്നുറങ്ങുന്നത്,.. ആദിയെ വെറുക്കാൻ കാരണങ്ങൾ കണ്ടുപിടിക്കുമ്പോഴും അവനുമായി മനസ്സ് കൂടുതൽ അടുക്കുകയാണ്,..

“താനിത് വരെ ഉറങ്ങീല്ലേ ?” ആദി അപ്പോൾ ഉറങ്ങിയില്ലാരുന്നോ,..

“ഉറക്കം വരുന്നില്ല,.. ” ആരുഷി എഴുന്നേറ്റിരുന്നു ആദി അവൾക്കരികിൽ ഇരുന്നു,..

ആരുഷി അവന്റെ ചുമലിലേക്ക് തല ചായ്ച്ചു,..

“ഞാനല്ല ആരതി ആയിരുന്നു ഈ സ്ഥാനത്ത് ഉണ്ടാവേണ്ടിയിരുന്നത്,.. ”

“പിന്നെന്തിനാ ആരുഷി നീ എനിക്കൊപ്പം ഇറങ്ങിപോന്നത്,… ”

“എനിക്കറിയില്ല !” ആദി അവളുടെ മുടിയിഴകളിൽ തലോടി,…

“മ്മ്,.. ”

“ഞാൻ ആദീടെ കൂടെ കിടന്നോട്ടെ,.. ആദിയോട് ചേർന്ന്,… ”

ആരുഷി ഇത്രപെട്ടെന്ന് തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയില്ല,.. ആരുഷി അവനോട് ചേർന്ന് കിടന്നു,.. ഇതൊരു നല്ല തുടക്കമാകണേ…. അവൻ പ്രാർത്ഥിച്ചു,.

“ആദി,… ഇതിലും കൂടുതലൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത് !” ആരുഷി പറഞ്ഞു….

ആദിക്ക് വിഷമം തോന്നി,. എല്ലാം ശരിയായെന്ന് കരുതിയതാണ്… പക്ഷേ….

അവനവളുടെ മുടിയിഴകളിൽ തലോടി,.. ആരുഷി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു,..

എന്നെങ്കിലും ഒരിക്കൽ നിന്റെ ചിന്തകൾ മാറും ആരുഷി,. നിന്റെ ഉള്ളിലെ സ്നേഹം നീയും മനസിലാക്കും,. അന്ന് നമ്മൾ തമ്മിൽ അകലമുണ്ടാകില്ല,…. ആദി അവളുടെ നെറുകിൽ ചുംബിച്ചു,….
********

രാവിലെ കതകിലെ ശക്തമായ മുട്ടൽ കേട്ടിട്ടാണ് ആരുഷി കണ്ണ് തുറന്നത്,… ആദി നല്ല മയക്കമാണ്,.. ആരുഷി ക്ലോക്കിൽ നോക്കി,. സമയം 7. 00 മണി ആയിട്ടേ ഉള്ളൂ,.. ആരുഷി അവന്റെ കൈ എടുത്തു മാറ്റി,..

കതക് തുറന്നതും,.. മുന്നിൽ ഒരു പെൺകുട്ടി,.. അവൾ ആരുഷിക്ക് നേരെ പുഞ്ചിരിച്ചു,..

“ഹായ്,. അയാം പ്രതീക്ഷ !” അവൾ കൈ നീട്ടി,.. ആരുഷി പ്രതികരിച്ചില്ല,.
അവൾ റൂമിലേക്ക്‌ എത്തി നോക്കി,…

“ഹേ,.. ഇവൻ ഇത് വരെ എണീറ്റില്ലേ ? ” അവൾ ആരുഷിയെ അവഗണിച്ചു റൂമിലേക്ക്‌ കയറി,..

അവൾ ആദിയെ തട്ടി വിളിച്ചു,..

“എണീക്കടാ,. എന്തുറക്കവാ ഇത് !”

“ഓ ഗോഡ് നീയോ ? നീ ഇത്ര രാവിലെ കെട്ടിയെടുക്കുമെന്ന് ഞാൻ കരുതിയില്ല !” ആദി അവളെ ഹഗ് ചെയ്തു,..

ആരുഷി അവരെ വീക്ഷിച്ചുകൊണ്ട് നിന്നു,.. ആദി അപ്പോഴാണ് ആരുഷിയെ ശ്രദ്ധിച്ചത്,.. അവൾക്കിതൊന്നും പിടിക്കുന്നില്ലെന്ന് അവന് തോന്നി,..

ആരുഷിയുടെ നോട്ടം വേസ്റ്റ് ബാസ്കറ്റിലേക്ക് പോയി,.. അതിൽ ആരുഷി വലിച്ചു കീറിയ പ്രതീക്ഷയുടെ ഗിഫ്റ്റ് ഉണ്ടായിരുന്നു,. അത് അവനുള്ള വാണിംഗ് ആയിരുന്നു,..

“എന്നാലും നിന്നെ സമ്മതിച്ചു മോനെ,.. നീ കെട്ടിയെന്നറിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഏതെങ്കിലും ഒരു നാടൻ കുട്ടി ആയിരിക്കുമെന്ന്,. നിന്റെ വൈഫ്‌ വേറെ ലെവൽ ആടാ ”

ആദി പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“നീ താഴേക്ക് ചെല്ല്,.. ഞാൻ കുളിച്ചിട്ട് വരാം !”

“മ്മ്,.. നിനക്ക് നല്ല ക്ഷീണമുണ്ട്,.. ഇന്നലെ രാത്രി നന്നായി അധ്വാനിച്ചു കാണും അല്ലേ ?” അവൾ ചിരിച്ചു,.. ആദി ആകെ ചടച്ചിരുന്നു,. ആരുഷിയുടെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു,…

“ഓക്കേ എന്തായാലും കുളിച്ചിട്ട് വാ,.. താഴെ പ്രമി ആന്റി നല്ല ഇഡ്ഡലിയും സാമ്പാറും ഒക്കെ ഉണ്ടാക്കുന്നുണ്ട്,… നല്ല വിശപ്പ്,. ഞാൻ വെയിറ്റ് ചെയ്യാം വേഗം വാട്ടോ ആരുഷി ”

അവൾ ചിരിക്കാൻ ശ്രമിച്ചു,.. പ്രതീക്ഷ പുറത്തിറങ്ങിയതും ആരുഷി വാതിൽ വലിച്ചടച്ചു,…

“എന്റെ ആരുഷി ഒന്ന് പയ്യെ,.. അത് ഇന്നലെ ഫിറ്റ്‌ ചെയ്തതാ !”

“അത് നിനക്ക് കൂടെ ഓർമ്മ വേണം ആദി,.. വേഗം പോയി കുളിക്ക്,.. അവൾ താഴെ വെയിറ്റ് ചെയ്യും,. മോനങ്ങോട്ട് ചെന്നാലേ എന്തേലും വെട്ടി വിഴുങ്ങൂ,. എന്ന് പറഞ്ഞത് ഓർമ്മ ഇല്ലേ ?”

“എന്റെ ആരുഷി,.. എന്താ നിന്റെ പ്രശ്നം,. ഇന്നലെ പ്രതീക്ഷ വാങ്ങിത്തന്ന ഡ്രസ്സ്‌ കട്ട്‌ ചെയ്തു,. ഇന്നിപ്പോ ചൂടാവുന്നു,.. നിങ്ങൾ ഫസ്റ്റ് ടൈം അല്ലേ കാണുന്നേ ? ”

“എനിക്കിഷ്ടമല്ല !”

“ആരെ അവളെയോ ?”

“അവളേം നിന്നേം ഒന്നും ഇഷ്ടമല്ല എന്തേ ?”

ആദി അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,…

“ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ?

“എന്താ ?” അവൾ അവനെ ഉന്തിമാറ്റി,.

“എന്നോട് ഒരു പെണ്ണും കൂടുതൽ അടുപ്പം കാണിക്കുന്നത് നിനക്ക് ഇഷ്ടമല്ലാലെ ?”

“എനിക്ക്,.. ?” അവൾ ചിരിച്ചു,…

” കഴുത്തിൽ ഒരു താലി കിട്ടിയെന്ന് വെച്ച് എനിക്ക് ആദിയോട് പ്രേമമൊന്നും ഇല്ല,.. അത് ഇടക്കൊക്കെ ആദി മറന്നു പോണുണ്ട് !” ആരുഷി ബാത്റൂമിലേക്ക് കയറി,.. അവന് നിരാശ തോന്നി,..
****

ആരുഷി കുളിച്ചു വന്നപ്പോൾ,.. ആദി റൂമിന് പുറത്തേക്ക് പോയിരുന്നു,..

അവന്റെ ഫോൺ റിംഗ് ചെയ്തു,…

“ആരതി കോളിങ് !”

ആരതിയെന്തിനാ ആദിയെ വിളിക്കണത്,..

ആരുഷി ഫോൺ ചെവിയോട് ചേർത്തു,…

“ആദിയേട്ടാ,.. അച്ഛന് പെട്ടന്നൊരു നെഞ്ചുവേദന ! ഇത്തിരി കോംപ്ലിക്കേറ്റഡ് ആണ്,. ഞങ്ങളിപ്പോ ആർ.വി ഹോസ്പിറ്റലിലാ !”

ആരുഷിയുടെ കയ്യിൽ നിന്ന് ഫോൺ നിലത്ത് പോയി,…

(തുടരും )

 

Full Parts Here

3.4/5 - (9 votes)
Exit mobile version