Site icon Aksharathalukal

ഈ തണലിൽ ഇത്തിരി നേരം – 36

ee-thanalil-ithiri-neram

അരുണിന്റെ ഉള്ളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ ജന്മം കൊണ്ടു,..

“ഋതു,… ” അറിയാതെ അവൻ വിളിച്ചു പോയി,…

“അമ്മേ,…. ” ആദ്വികയും, അഹാനും അവളെ കെട്ടിപ്പിടിച്ചു,…

ഋതിക പിടിച്ചു കെട്ടിയ കണക്കേ നിന്നുപോയി,..

അവൾ അരുണിനെത്തന്നെ നോക്കി നിന്നു,. അവന്റെ കണ്ണുകൾക്കൊരു മന്ത്രികവലയമുണ്ടെന്നവൾക്ക് തോന്നി,..

“അമ്മേ ഈ അപ്പു ഉണ്ടല്ലോ !” കുട്ടികൾ പരസ്പരം പരാതികളുടെ വേലിക്കെട്ടഴിക്കാൻ തുടങ്ങി,..

ഋതിക അരുണിൽ നിന്നും കണ്ണുകൾ പറിച്ചെടുത്ത്, അവർക്കരികിൽ മുട്ടികുത്തിയിരുന്നു,..

അവളുടെ ചുംബനത്തിൽ പരാതികളും, വിഷമങ്ങളും മറന്ന് അവളുടെ മാറിന്റെ ചൂട് പറ്റി അവർ ചേർന്നു നിന്നു,..

മാതൃവാത്സല്യം ഒരു കടൽപോലെ,.. ശാന്തമായി തീരത്തെ തേടുന്ന തിരകൾ പോലെ അവരെ തലോടിക്കൊണ്ടിരുന്നു,..

ഒരാഴ്ച്ച, അവരെക്കാണാതിരുന്ന ആ ഒരാഴ്ച്ച, അതൊരു വലിയ കാലഘട്ടമായിരുന്നു എന്നവൾക്ക് തോന്നി,…

“വ്യഥാ, ഞാൻ മോഹിച്ചു പോയീടുന്നു സഖി,.

ഒരു മഴയായിവന്നു നീയെന്നെ പുൽകിയിരുന്നെങ്കിലെന്ന്,.

അതിൽ അലിഞ്ഞലിഞ്ഞു ഞാൻ ഇല്ലാതായിരുന്നെങ്കിലെന്ന്,..

ജീവിതമെന്ന മരുഭൂമിയിൽ നീയെന്നെ തളച്ചിടുകയാണ്,..

മോചനമില്ലാതെ ഞാൻ നീയെന്നെ മരുപ്പച്ച തേടി അലയുകയാണ്,..

ഒരിറ്റ് ദാഹജലം പോലും നീ തരില്ലെന്നറിയാം,.

നിന്റെ കോപമാകുന്ന ചുടുകാറ്റേറ്റ് പൊള്ളിപ്പിടയാനാണ് എന്റെ വിധിയെന്നുമറിയാം

എങ്കിലും വ്യഥാ ഞാൻ മോഹിച്ചു പോകുന്നു പ്രിയേ,.

നീ പെയ്തിരുന്നെങ്കിലെന്ന്,. പെയ്തുതോരാതിരുന്നെങ്കിലെന്ന്,

അതിൽ അലിഞ്ഞലിഞ്ഞു ഞാൻ ഇല്ലാതായിരുന്നെങ്കിലെന്ന് ”

സ്വന്തം മക്കളോട് പോലും തന്റെ മനസ്സിൽ അസൂയയുടെ തണ്ടുകൾ പൊട്ടിമുളയ്ക്കും പോലെ അരുണിന് തോന്നി,..

“അമ്മ ഞാൻ പറഞ്ഞ ടോയ്‌സ് വാങ്ങിച്ചോ? അഹാൻ ചോദിച്ചു,…

“മ്മ്,.. എല്ലാം വാങ്ങിച്ചിട്ടുണ്ട്,.. വാ അമ്മ കാണിച്ചു തരാം,.. ” അവൾ അവരുടെ കൈ പിടിച്ചു അകത്തേക്ക് പോകാനായി തുനിഞ്ഞതും ..

“അമ്മേ,.. ”

“എന്തേ വരുന്നില്ലേ? ” അവൾ ആദ്വികയേ നോക്കി സൗമ്യതയോടെ ചോദിച്ചു,..

“അച്ഛനെക്കൂടി ഉള്ളിലേക്ക് വിളിക്കമ്മേ !” അവളുടെ വിടർന്ന കുഞ്ഞികണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞിരുന്നു..

“നീ അകത്തേക്ക് വരുന്നുണ്ടോ ആദി !” അവളുടെ ശബ്ദത്തിന് ഗൗരവമേറി,..

“പ്ലീസ് അമ്മേ,.. മോൾക്ക് വേണ്ടി ഒരു തവണ !”അവൾ കെഞ്ചി…

ഋതിക അരുണിനെ നോക്കി,. അവൻ ശ്വാസമടക്കിപ്പിടിച്ച് ആ രംഗം നോക്കി നിൽക്കുകയാണ്,.

” ഓ അപ്പോൾ ഒരാഴ്ച കൊണ്ട് ചിന്താവിഷ്ടയായ ശ്യാമളയിലെ രംഗങ്ങൾ റീ ക്രിയേറ്റ് ചെയ്യാനാണ് അച്ഛൻ നിങ്ങളെ പഠിപ്പിച്ചു തന്നതല്ലേ? ” ഋതികയുടെ ചോദ്യത്തിന് മുൻപിൽ അമ്പരപ്പോടെ അവൻ നിന്നു,…

എന്തൊക്കെയാണ് ഇവൾ ചിന്തിച്ചു കൂട്ടുന്നത് , ആദി അങ്ങനൊക്കെ ചോദിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ല,…

“നിനക്ക് നിന്റെ അച്ഛനാണ് വലുതെങ്കിൽ അച്ഛന്റെ കൂടെത്തന്നെയങ്ങ് പൊക്കോ,.. വാ അപ്പു !” അവൾ അഹാന്റെ കൈ പിടിച്ച് ഉള്ളിലേക്ക് കേറി,..

ആദ്വിക വിതുമ്പിക്കരഞ്ഞു, അഹാൻ ദയനീയതയോടെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു,…

എട്ട് വർഷങ്ങൾ കൊണ്ട് ഋതിക ഇത്രയേറെ മാറിപ്പോയോ,.. ഇങ്ങനൊന്നും ആയിരുന്നില്ല അവൾ,. തന്നോടുള്ള ദേഷ്യം ഇപ്പോൾ കുട്ടികളോട് പോലും കാട്ടിത്തുടങ്ങിയിരിക്കുന്നു,..

“മോളേ,… ” അരുണവളുടെ ചുമലിൽ കൈ വെച്ചു,…

അവൾ സങ്കടത്തോടെ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു,… അവന്റെ ഹൃദയം പൊള്ളിപ്പിടഞ്ഞു,..

“ശേ,.. കരയാതെടോ,.. ” അരുണവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,.. പക്ഷേ അവളിൽ കരച്ചിലിന്റെ ആഴം കൂടിയെന്നല്ലാതെ കുറഞ്ഞില്ല,..

“മോളെന്തിനാ അമ്മയോട് അച്ഛന്റെ കാര്യം പറഞ്ഞത്,.. അതോണ്ടല്ലേ അമ്മയ്ക്ക് ദേഷ്യം വന്നത്,.. ” അവൻ ചോദിച്ചു..

“എനിക്കെന്റെ അമ്മേനേം വേണം, അച്ഛനേം വേണം,.. രണ്ടു പേരേം ഒരുമിച്ച് വേണം !” അവൾ തേങ്ങലോടെ പറഞ്ഞു,…

അരുണിന്റെ ഉള്ളിൽ കത്തികുത്തിയിറക്കിയ പോലൊരു വേദന ഉണ്ടായി, ചിലപ്പോൾ അതിനേക്കാളേറെ,

താനും അത് തന്നെയാണ് ആഗ്രഹിക്കുന്നത്, ഋതുവിനും, മക്കൾക്കുമൊപ്പം ഒരുമിച്ചൊരു ജീവിതം,.

ശരിയാ എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്,.. പക്ഷേ ഈ ശിക്ഷ,. അതിത്തിരി കടുത്ത് പോയില്ലേ,.. ശരിക്കും നമ്മളെക്കാളും ഇതിന്റെ വേദന അനുഭവിക്കുന്നത് നമ്മുടെ മക്കളല്ലേ,.. നിനക്കെന്താ ഋതു അത് മനസിലാവാത്തത്…

“അച്ഛന്റെ കുട്ടി,.. കരയല്ലേ,.. നല്ല കുട്ടികൾ കരയൂല്ലട്ടോ !” അരുൺ അവളുടെ നിറമിഴികൾ തുടച്ചു കൊടുത്തു,..

“അമ്മ എന്റെ മോളെ ഒത്തിരി സ്നേഹിക്കുന്നുണ്ട്,… !” അവൻ പറഞ്ഞു,.

“അച്ഛനെക്കാളും? ” അവൾ അവനെ നോക്കി,…

അറിയില്ല മോളേ, മാതാപിതാക്കൾക്ക് സ്വന്തം മക്കളോടുള്ള സ്നേഹം പലതാണ്,. അതിനെ ഒരിക്കലും അളന്ന് തിട്ടപ്പെടുത്താൻ കഴിയില്ല,..

“മ്മ്, അച്ഛനെക്കാളും !” പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി,.

“അച്ഛനേം അമ്മ ഒത്തിരി സ്നേഹിക്കുന്നുണ്ട്,.. ” അവൾ പറഞ്ഞു,…

അവൻ അത്ഭുതത്തോടെ മകളെ നോക്കി,.

“സത്യാ അച്ഛേ,.. അമ്മ അച്ചന്റെ വിശേഷങ്ങളൊക്കെ ഞങ്ങളോട് ചോദിക്കാറുണ്ടല്ലോ, പിന്നെ പല ദിവസങ്ങളിലും അച്ഛന്റെ ഫോട്ടോ നോക്കിയിരുന്നു കരയാറുമുണ്ട്, അരുണേട്ടാ, എന്തിനാ എന്നെ വേദനിപ്പിച്ചത്,.. എന്തിനാ എന്നോടെല്ലാം മറച്ചു വെച്ചതെന്നൊക്കെ ചോദിച്ച്.. എന്തിനാരുന്നു അച്ഛേ? ” മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ അവൻ നിന്നു,..

“മോൾക്കതൊന്നും മനസിലാവാനുള്ള പ്രായമായിട്ടില്ല,.. വലുതാവുമ്പോൾ അച്ഛ പറഞ്ഞു തരാട്ടോ,.. ഇപ്പൊ വാ അച്ഛ അമ്മേന്റെ അടുത്ത് കൊണ്ടാക്കാം !”

അവളെ തോളിലേറ്റി അവൻ ശ്രീമംഗലത്തിന്റെ പടികൾ കയറി,.

**—-**

“ആദി മോളെവിടെ? ” അഹാന്റെ കയ്യും പിടിച്ചു കേറി വന്ന അവളെക്കണ്ട മാലിനി ചോദിച്ചു,..

“അവൾക്കവളുടെ അച്ഛനെ മതീന്ന് ” അവൾ ദേഷ്യത്തോടെ പറഞ്ഞു,..

മാലിനി ഒന്നും മനസിലാവാതെ അവളെയും അഹാനെയും മാറിമാറി നോക്കി,..

ഋതിക തിടുക്കത്തിൽ അവന്റെ കൈ പിടിച്ചു പടികൾ കേറി,..

“വിടമ്മേ, എന്റെ കൈ വേദനിക്കുന്നു !”

“ഓ നിനക്കും അപ്പോൾ അച്ഛനെ മതിയോ, പൊയ്ക്കോ,. എല്ലാവരും പൊയ്ക്കോ, എനിക്കാരും വേണ്ട,.. ആരും !”

അവന്റെ കൈവിട്ട് അവൾ സ്റ്റെയർകേസ് ഓടിക്കയറി, അപ്പോഴാണ് ആദ്വികയെയും എടുത്ത് അരുൺ ഹോളിലേക്ക് വന്നത്,.

മാലിനി അവൾക്ക് എന്ത് പറ്റിയെന്ന് അറിയാതെ അവനെ നോക്കി,.. അഹാൻ ഓടി വന്ന് അവന്റെ കൈപിടിച്ചു,.. അടുത്ത നിമിഷം അവൾ വാതിൽ വലിച്ചടച്ചു,..

“എന്താ അരുണേ,.. അവളുമായി മോൻ വഴക്ക് വല്ലതും? ”

“ഇല്ലാന്റി എന്താ പറ്റിയേന്ന് അറിയില്ല ! മക്കളിവിടെ നിൽക്ക്,.. അച്ഛനിപ്പോ വരാം !”

അരുണും സ്റ്റെപ് കയറി അവളുടെ മുറിയ്ക്ക് നേരെ നടന്നു,..

*****

ഋതിക കരയുകയായിരുന്നു,.. അരുൺ തന്റെ കുഞ്ഞുങ്ങളെ തന്നിൽ നിന്നും അകറ്റുമോ എന്ന ഭയം അവളിൽ കുടിയേറിയിരുന്നു,.

അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്,…

“ഋതിക,…” അരുണിന്റെ ശബ്ദം,..

അവളിൽ ഒരുൾക്കിടിലമുണ്ടായി,. എട്ട് വർഷത്തിന് ശേഷം ആദ്യമായാണവൻ തന്റെ മുറിയിലേക്ക് വരുന്നത്,.

“ഋതിക,…” വാതിലിലുള്ള അവന്റെ മുട്ടൽ ശക്തമായി,..

“നിങ്ങൾക്കെന്താ വേണ്ടത്? ” ഒടുവിൽ ധൈര്യം സംഭരിച്ചവൾ ചോദിച്ചു,..

“കതക് തുറക്ക്, എനിക്ക് സംസാരിക്കണം !”

“എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല !” അവൾ രോഷത്തോടെ പറഞ്ഞു,..

“എനിക്ക് സംസാരിക്കാനുണ്ട്, നീ കേട്ടെ പറ്റൂ !”

“എനിക്കൊന്നും കേൾക്കാനില്ലെന്ന് പറഞ്ഞില്ലേ? ”

“നീ വാതിൽ തുറക്കുന്നുണ്ടോ അതോ ചവിട്ടിപ്പൊളിച്ച് ഞാനുള്ളിലേക്ക് വരണോ? “അവന്റെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു,..

രണ്ടും കൽപ്പിച്ച് അവൾ വാതിൽ തുറന്നു,.. അരുൺ അവളെ സൂക്ഷിച്ചൊന്ന് നോക്കി,..

“എന്താ നിങ്ങൾക്ക് പറയാനുള്ളത്? ” അവൾ ചോദിച്ചു,…

അടുത്ത നിമിഷം അരുൺ അവളെ ഉള്ളിലേക്ക് തള്ളി, അവൾ കട്ടിലിലേക്ക് പോയി വീണു,… അരുൺ അകത്ത് കേറി വാതിൽ കുറ്റിയിട്ടു,.. ഋതിക അത്ര പ്രതീക്ഷിച്ചിരുന്നില്ല,..

“എന്ത് തോന്നിവാസവാ നിങ്ങളീ കാണിക്കുന്നേ? എന്തിനാ കതക് കുറ്റിയിടുന്നെ?” അവൾ ഭീതിയോടെ ചോദിച്ചു,.

ഒരു നിമിഷം അവന്റെ ദൃഷ്ടി സ്ഥാനം തെറ്റിക്കിടന്ന അവളുടെ സാരിയിലേക്കും, അതിനിടയിലൂടെ തെളിഞ്ഞു കണ്ട അവളുടെ വെളുത്ത ഉടലിലേക്കും നീണ്ടു,..
അരുണിന്റെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി,..

അതിൽ അസ്വസ്ഥത തോന്നിയ ഋതിക സാരി ഉടലിലേക്ക് വലിച്ചിട്ട് എഴുന്നേറ്റ് നേരെ വാതിലിന് നേരെ നടന്നു…

അവൾ വാതിൽ തുറക്കാനായി തുനിഞ്ഞതും അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു,…
ഋതിക ഞെട്ടിപ്പോയി,.. അവന്റെ കൈകളിലെ രോമങ്ങൾ അവളുടെ ശരീരഭാഗങ്ങളിൽ ഇക്കിളി കൂട്ടി,..

“വിട് അരുൺ !” ഋതിക അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു,..

പക്ഷേ അതോടൊപ്പം അവന്റെ പിടിയും മുറുകി,..

“ഞാൻ ഒച്ച വെക്കും !” അവസാന ആശ്രയമെന്നവണ്ണം അവൾ പറഞ്ഞു.

“നീ ഒച്ച വെക്ക്,.. എന്ന് കരുതി ആരും ഈ മുറിയിലേക്ക് വരാൻ പോണില്ല ”

“ദേ അരുൺ !” അവൾ ദേഷ്യത്തോടെ അവന് നേരെ വിരൽ ചൂണ്ടി,…

“ഹോ,… ” അരുൺ അവളുടെ വിരലിൽ അധരങ്ങൾ അമർത്തി,..

വർഷങ്ങൾക്ക് ശേഷം അവന്റെ ചുംബനമേറ്റപ്പോൾ അവളുടെ ശരീരത്തിലാകെ ഒരു വിറയൽ ഉണ്ടായി,..

“ഹൗ ഡെയർ യൂ !” അവളുടെ കണ്ണുകളിൽ കോപമെരിഞ്ഞു,..

“പ്രായത്തിൽ മൂത്തവരോട് ഇങ്ങനെ വിരൽ ചൂണ്ടി സംസാരിക്കരുതെന്ന്, ഒരു കോളേജ് പ്രൊഫസർ ആയ നിനക്ക് ഈ ഞാൻ പറഞ്ഞു തരേണ്ടതുണ്ടോ? ”

അവൾ മറുപടി പറഞ്ഞില്ല,…

“പിന്നെ ഇതേ ഡയലോഗ് എട്ട് വർഷങ്ങൾക്ക് മുൻപ് നീയെന്റെ പെങ്ങളോടും പറഞ്ഞതാണ്,.. എന്നാണെന്നറിയുവോ , എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം എന്നുംപറഞ്ഞു മാഡം എന്റെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയില്ലേ,.. അന്ന്.. അന്ന് രാവിലെ,… ”

അവൾ മുഖം താഴ്ത്തി,.. അരുൺ പതിയെ അവൾക്ക് മേലുള്ള പിടി അയച്ചു,…

“അന്ന് ഞാൻ നിന്നോട്, എതിർത്തൊന്നും പറയാഞ്ഞതും, നിന്നെ നിന്റെ വഴിക്ക് വിട്ടതും എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുള്ളത് കൊണ്ട് തന്നെയാ,..

നിന്നെ ഉപേക്ഷിച്ചു ധന്യയെ കെട്ടിക്കോളാമെന്ന് പറഞ്ഞതും, നിന്നെ കാണണ്ടാന്ന് പറഞ്ഞതും, പിന്നെ നിനക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചതും എല്ലാം എന്റെ തെറ്റ് തന്നെയാണ്,…

എനിക്കറിയാം ഒരു പെണ്ണിനും അതൊന്നും സഹിക്കാനാവില്ലെന്ന്,. അത് കൊണ്ട് തന്നെയാ നിന്നോട് ഒന്നും തുറന്ന് പറയാതിരുന്നതും,.. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിയിരുന്നു,.. അത് വരെ നീ എന്നിൽ നിന്നും അകന്ന് നിൽക്കേണ്ടിയിരുന്നു,..

ചേർത്ത് പിടിച്ചു നിൽക്കുന്നതിനേക്കാൾ നിന്റെ സേഫ്റ്റി ഞാൻ സൈൻ ചെയ്ത ഡിവോഴ്സ് പെറ്റീഷനിൽ തന്നെ ആയിരുന്നു,..

അല്ലാതെ ഹോസ്പിറ്റൽ ബെഡിൽ കുത്തും കൊണ്ട് കിടക്കുന്ന എനിക്ക് നിന്നെ ഡിങ്കനെ പോലെ പറന്നു വന്നൊന്നും രക്ഷിക്കാൻ പറ്റില്ലല്ലോ,.. ” അവൻ അവളെ നോക്കി,…

അവൾ അന്തം വിട്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ്,….

“പിന്നെ അന്ന് കോടതിയിൽ വെച്ച്, ഞാനെത്ര കഷ്ടപ്പെട്ടെന്നറിയുവോ നിന്റെ കണ്ണീരു കണ്ടില്ലെന്ന് നടിക്കാൻ? നിന്നോട് വെറുപ്പ് കാണിക്കാൻ? പക്ഷേ ഞാൻ.. എനിക്ക്… ”

അവളുടെ ഓർമകളിൽ ഓരോ രംഗങ്ങളും മിന്നി മറഞ്ഞു,..

“പക്ഷേ അതോടെ ഞാനുറപ്പിച്ചു ഋതിക, നിന്നെ മറക്കാനോ, വെറുക്കാനോ എന്നെക്കൊണ്ടാവില്ലെന്ന്, നിന്നെ ആർക്കും വിട്ടുകൊടുക്കില്ലെന്ന്, എന്ത് നാടകം കളിച്ചിട്ടാണെങ്കിലും, നിന്നെ ഞാൻ തിരികെ നേടുമെന്ന് !” അവൻ പറഞ്ഞു,..

“എന്നെക്കെട്ടാൻ കാണിച്ച അതേ സെൽഫിഷ്നെസ്, അല്ലേ? ” അവൾ പുശ്ചത്തോടെ ചോദിച്ചു,…

അവൻ ഉത്തരമില്ലാതെ നിന്നു,..

“നിങ്ങളെപ്പോഴും നിങ്ങളുടെ സ്വന്തം ഇഷ്ടങ്ങളെക്കുറിച്ചും, സന്തോഷങ്ങളെക്കുറിച്ചും മാത്രേ ചിന്തിക്കുന്നുള്ളൂ,. മറ്റുള്ളവരുടെ മനസ്സെന്താണ്, അവരുടെ ഫീലിംഗ്സ് എന്താണ് ഒന്നും ചിന്തിക്കുന്നേയില്ല !” അവൾ ദുഃഖത്തോടെ പറഞ്ഞു,..

അരുൺ അവളെത്തന്നെ നോക്കി നിന്നു,..

“ധന്യയെ വല്ല്യ കുറ്റപ്പെടുത്തിപ്പറയുന്നുണ്ടല്ലോ നിങ്ങൾ,. ശരിക്കും അവളും, നിങ്ങളും തമ്മിൽ എന്താ വ്യത്യാസം, രണ്ടാളും ചെയ്ത പ്രവർത്തി ഒന്ന് തന്നെയല്ലേ,. എന്തിന് വേണ്ടി? പ്രണയത്തിനു വേണ്ടി !”

“എടി അവളെ ഞാനെന്റെ,… ”

“എന്താ നിർത്തിക്കളഞ്ഞത്? പെങ്ങളെപ്പോലെയാ കണ്ടതെന്ന്,. പെങ്ങളെ കല്ല്യാണം കഴിക്കാമെന്ന് ആരെങ്കിലും വാക്ക് കൊടുക്കുവോ? എനിക്കറിയില്ല !” അവൾ പറഞ്ഞു,..

“ഞാനെത്ര തവണ പറഞ്ഞു ഋതു അന്നേരം എനിക്ക് വേറെ വഴിയില്ലായിരുന്നു ! എന്റെ പെങ്ങൾ,.. ”

“നിങ്ങളുടെ പെങ്ങളെപ്പോലെ ഒരു പെണ്ണ് തന്നെയാ അരുൺ ഞാനും, ധന്യയുമൊക്കെ,.. അവൾക്ക് നിങ്ങളോട് പ്രണയമായിരുന്നു,.. ഞാനും നിങ്ങളെ പ്രണയിച്ചിരുന്നു,.. പക്ഷേ അവിടെയും നിങ്ങൾ നിങ്ങളെക്കുറിച്ച് മാത്രേ ചിന്തിച്ചോളൂ,..

ഇങ്ങനായിരുന്നില്ല കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത്,.. അതെങ്ങനാ ഹീറോ ആവാൻ കിട്ടുന്ന ചാൻസ് ഒന്നും നിങ്ങൾ മിസ്സ്‌ ചെയ്യാറില്ലല്ലോ !” അവൾ പുശ്ചത്തോടെ പറഞ്ഞു,..

“ഞാനെന്ത് ഹീറോയിസം കാണിച്ചെന്നാ നീ പറയുന്നത്? ” അവൻ ചോദിച്ചു,…

“ഹീറോയിസം,.. നിങ്ങളുടെ കഥയിലെ ഹീറോയും വില്ലനും ഒക്കെ നിങ്ങൾ തന്നെയാ അരുൺ.. ദേവനും, അസുരനും ഒന്നിച്ചു ചേർന്ന നായകൻ,.. ദേവാസുരത്തിലെ നീലകണ്ഠനെ പോലെ, പക്ഷേ ക്ലൈമാക്സിൽ അസുരൻ തന്നിലെ ദേവനെ തിരിച്ചറിഞ്ഞു,.. എന്നാൽ ഇവിടെ നേരെ തിരിച്ചായി എന്ന് മാത്രം !”

“വാട്ട്‌ ഡൂ യൂ മീൻ? ” അവനവളെ നോക്കി,…

“പറഞ്ഞു തരാം,.. നിങ്ങളിലെ ദേവൻ എങ്ങനെ അസുരനായി എന്ന്,.. നമുക്ക് ആദ്യം മുതൽ തുടങ്ങാം,…

ഒരു ജില്ലാ ശാസ്ത്ര – പ്രവർത്തി പരിചയമേളയിൽ വെച്ച് നിങ്ങളൊരു പെൺകുട്ടിയെ കാണുന്നു, അവളോട് ഇഷ്ടം തോന്നുന്നു,. അവളെക്കുറിച്ച് അന്വേഷിക്കുന്നു,.. ഇവിടൊക്കെ ഒരു ദേവൻ അല്ലെങ്കിൽ ദേവകുമാരൻ ആണ് നിങ്ങൾ,.. പിന്നെ നിങ്ങൾ അവളുടെ നമ്പർ സംഘടിപ്പിക്കുന്നു, മെസ്സേജ് അയക്കുന്നു, വിളിക്കുന്നു, സൗഹൃദം സ്ഥാപിക്കുന്നു,.. വിതൗട്ട് റീവീലിംഗ് യുവർ നെയിം,.. കറക്റ്റ് അല്ലേ? ”

“മ്മ് ”

” ഐ ഷെയേർഡ് എവെരി തിങ്, മൈ പെയിൻ, മൈ ഫീലിംഗ്സ്,മൈ ഫ്രണ്ട്ഷിപ്, മൈ ലവ് അങ്ങനെ എല്ലാം,.. ബട്ട്‌ എന്നിട്ടും നിങ്ങൾ നിങ്ങളുടെ പേര് പറഞ്ഞില്ല,.. അവിടെ നിങ്ങൾ അസുരന്റെ ചെറിയ സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചു തുടങ്ങി,.. ” അവൻ പ്രതികരിച്ചില്ല,..

“നിങ്ങൾക്കത് പറയാമായിരുന്നു,.. നിങ്ങൾ എന്നെ പ്രണയിക്കുന്നുണ്ടെങ്കിൽ, നിങ്ങളാ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാ നിങ്ങളതിനും മാത്രം ഇത്ര മടികാണിച്ചത്,. നേരെ നിവർന്നു നിന്നു പറയാൻ പാടില്ലായിരുന്നോ? എന്റെ പേര് അരുൺ അശോക് , ഞാൻ സെന്റ് പോൾസ് എച്.എസ്. എസിൽ , പ്ലസ് ടു കോമേഴ്‌സ്നാണ് പഠിക്കുന്നത്, കുട്ടിയെ ഞാൻ ഇന്ന സ്ഥലത്ത് വെച്ച് കണ്ടു, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു, കുട്ടിയുടെ ഫ്രണ്ടിന്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങിയാണ് ഞാൻ വിളിക്കണത്,.. നന്നായി ആലോചിച്ച്, യെസ് ആണെങ്കിലും നോ ആണെങ്കിലും ഒരു മറുപടി പറയണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്രേം പ്രശ്നം വരുവോ? എന്റെ പുറകെ നടക്കുന്നതും, ഡെയിലി ബസ് സ്റ്റോപ്പിൽ എന്നെ നോക്കി നിൽക്കുന്നതും ഒക്കെ എനിക്കും എൻജോയ് ചെയ്യാമായിരുന്നു,.. പക്ഷേ ഇതൊരുമാതിരി വളഞ്ഞു മൂക്കേപ്പിടിച്ചു,.. അതോണ്ട് എന്തൊക്കെയുണ്ടായി, ആളാരാണെന്ന് പോലും അറിയാതെ മൊത്തം ടമാർ പടാർ.. എന്തിന് എനിക്ക് വേണ്ടി സി ഐ ഡി പണി ഏറ്റെടുത്ത പാവം നീതിയുടെ കണ്ടു പിടുത്തത്തിൽ മിസ്റ്റർ A, മിസ്റ്റർ ആൽബി ആയി മാറി, എത്ര വലിയ മിസ്സ്‌ അണ്ടർ സ്റ്റാന്റിംഗ് ആയിരുന്നു അത്, നേരെ വഴിയേ കണ്ടു പ്രൊപ്പോസ് ചെയ്താൽ മതിയാരുന്നില്ലേ? നമ്മുടെ എത്രയോ നല്ല പ്രണയ നിമിഷങ്ങൾ നഷ്ടപ്പെട്ടു പോയി,..

ആ പിന്നൊരു ചോദ്യം വരാം ഇത്രയൊക്കെ പ്രണയസ്വപ്നങ്ങൾ ഉള്ള ഒരാൾ എന്തിനാ ഇന്നേവരെ കാണാത്ത, പേര് പോലും അറിയാത്ത ഒരു അൺനോൺ നമ്പറും ആയി പ്രണയത്തിലായി എന്ന്? ഈ പ്രണയം ആരോടും വേണമെങ്കിലും തോന്നാം അതിനേ വെറും ഒരു നിമിഷം മതി,.. പിന്നെ അയാൾ നമുക്ക് സ്യൂട്ടബിൾ ആണോ, അല്ലയോ എന്ന് ഡിസൈഡ് ചെയ്യാനാ സമയം വേണ്ടത്,..

ഞാൻ പരിചയപ്പെട്ട മിസ്റ്റർ Aയുടെ കാരക്ടർ എനിക്ക് ആപ്റ്റ് ആയിരുന്നു,.. അത്കൊണ്ടാണ് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞതും, അത് നിങ്ങളുടെ സൗന്ദര്യം കണ്ടോ, സ്റ്റാറ്റസ് കണ്ടോ അല്ല,.. അങ്ങനുള്ള ഒരുവളോട് നേരിൽ കണ്ട് ഇഷ്ടം പറഞ്ഞാൽ എന്നെ ഇഷ്ടപ്പെടുമോ എന്ന് സംശയിക്കുന്നത് എന്തിനാ? ഇനി കേൾക്കുന്നത് ഒരു നോ ആണെങ്കിൽ കൂടി അത് അക്‌സെപ്റ്റ് ചെയ്യാൻ പഠിക്കണ്ടേ? എനിക്ക് നോ പറയാം, പെങ്ങളെപ്പോലെയാ കാണുന്നതെന്ന് പറയാം, പക്ഷേ ഞാൻ സ്നേഹിക്കുന്ന ആരും എന്നോടിങ്ങനെയൊന്നും പറയാൻ പാടില്ല,. എന്ന് ചിന്തിക്കുന്നതേ സ്വാർത്ഥതയല്ലേ? നിങ്ങളെ ഞാൻ റിജെക്റ്റ് ചെയ്യുമ്പോഴുണ്ടാവുന്ന അതേ ഫീലിങ്ങ്സും, വിഷമവും തന്നെയല്ലേ നിങ്ങൾ റിജെക്റ്റ് ചെയ്തപ്പോൾ ധന്യയ്ക്കും ഉണ്ടായത്?”

അവളുടെ ചോദ്യത്തിന് മുൻപിൽ അവൻ പതറി നിന്നു,.. ധന്യയ്ക്ക് വേണ്ടി സംസാരിക്കുന്ന ഋതിക അതവന് അത്ഭുതമായിരുന്നു

തുടരും

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (13 votes)
Exit mobile version