Site icon Aksharathalukal

ശ്രീലക്ഷ്മി – പാർട്ട്‌ 4

sreelakshmi-novel

“ഞാൻ കുടി നിർത്തിയിട്ടോ മോളേ . നാളെ തൊട്ട് ഓഫീസിലും പോയി തുടങ്ങണം. ശ്രീ ഒരു കൈ തലയിൽ വെച്ച് ചരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു. ”

എത്ര വേഗമാ ഏട്ടൻ മാറിയത്. അച്ഛൻ ഒരു പാട് നാളായി പറയുന്നു ബിസിനസ് നോക്കി നടത്താൻ . ഏട്ടന്റെ കുടിനിർത്താൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചതാ ലക്ഷ്മി അത്രമാത്രം ഏട്ടനെ സ്വാധീനിച്ചിരിക്കുന്നു.

ശ്രീബാല എഴുന്നേറ്റു ഏട്ടൻ ലച്ചുവിനെ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത്. ഏട്ടനെ ഇതുവരെ ഇങ്ങനെ സന്തോഷത്തിൽ കണ്ടിട്ടില്ല. പക്ഷേ ഇന്നലെ അവളോട് ഏറ്റുമുട്ടിയത്… അവർ ഒന്നായാൽ കോളേജിൽ താനാകെ നാണംകെടും അച്ഛനാരാണെന്ന് അറിയാത്തവൾ തന്റെ ഏട്ടത്തിയമ്മ ആകുന്നതിൽപരം നാണക്കേടുണ്ടോ ?”

“എന്തു വന്നാലും ഇത് തടയണം. ചിറയ്ക്കൽ തറവാടിന്റെ മരുമകളാവാനുള്ള എന്തു യോഗ്യതയാണ് അവൾക്കുള്ളത്. എന്റെ അപ്പച്ചിക്കൊരു മോളുണ്ടായിരുന്നെങ്കിൽ ഏട്ടനെ കൊണ്ട് കെട്ടിക്കായിരുന്നു. പാവം അപ്പച്ചി എത്ര വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് …. എന്നെ ഒത്തിരി ഇഷ്ടമാ… മാധവനമ്മാവനും അങ്ങനെ തന്നെ പക്ഷേ അമ്മാവന്റെ ഇഷ്ടം വേറെ തരത്തിൽ ഉള്ളതാണ് ..അത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് …

മുറിക്ക് പുറത്തിറങ്ങിയതും അവൾ ശ്രീഹരിയെ ഒന്നൂടെ നോക്കി ..
അവനേതോ മായാലോകത്താണ്. മുഖം തെളിഞ്ഞിട്ടുണ്ട് …. ഇടയ്ക്കിടെ പുഞ്ചിരിക്കുന്നുണ്ട്.

“ഇല്ല ഇത് അനുവദിച്ചൂടാ.കാര്യം അവൾ കാരണം ഏട്ടന് നല്ല മാറ്റമുണ്ട് .

പക്ഷേ ……ശ്യാം പറഞ്ഞ വാക്കുകൾ ആലോചിച്ചപ്പോൾ അവളുടെ കണ്ണുകളിൽ പകയുടെ നെരിപ്പ് ആളി കത്തി.

ശ്യാമിനോടുള്ള ഇഷ്ടം ഒരു നേരമ്പോക്ക് ആയിരുന്നില്ല അവൾക്ക് എല്ലാംകൊണ്ടും അവൻ ബാലയ്ക്ക് ചേരുന്ന ഒരാൾ തന്നെയായിരുന്നു. അച്ഛന്റെ ഫ്രണ്ടിന്റെ മകൻ അതിലുപരി യുവ കവി. അവൻ എഴുതിയ ഓരോ കവിതയും അവളെ കുറിച്ച് ആയിരുന്നു എന്നാണ് തോന്നിയിരുന്നത് . പക്ഷേ അതൊക്കെ ലക്ഷ്മിയെ കുറിച്ച് ആയിരുന്നെന്ന് അറിഞ്ഞപ്പോൾ സഹിക്കാനായില്ല.

അവനോടുള്ള ദേഷ്യത്തിലാണ് ഒരു ദിവസം ശ്യാമിനെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ക്ലാസ്സിൽ കയറി വാതിലടച്ചത്.

ശ്യാം എന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ലക്ഷ്മിയിൽ നിന്നവനെ അകറ്റാനായിരുന്നു ശ്രമിച്ചത്.
തന്റെ നിർഭാഗ്യത്തിന് അത് ആരൊക്കെയോ കണ്ടു.എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെട്ടു.

“നീയൊരു ഏഴ് ജന്മമെടുത്താലും ലക്ഷ്മിയുടെ അടുത്തെത്താൻ പോലും പോകുന്നില്ല അതിനൊരിക്കലും നിനക്ക് സാധിക്കുകയുമില്ല. “ശ്യാമിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു.

ലക്ഷ്മിയുമായി ഒന്നാം ക്ലാസ്സു മുതൽ ഒരുമിച്ച് പഠിച്ചതാണ് ഉറ്റ സ്നേഹിത മാത്രമായിരുന്നില്ല ഒരേ നാട്ടുകാരി എന്ന നിലയിയിലും ഒരു പാട് ഇഷ്ടമായിരുന്നു. അമ്മയ്ക്ക് പറ്റിയ ഒരു തെറ്റാണെങ്കിലും അവളെ ഒരിക്കലും വേറെ രീതിയിൽ കണ്ടിട്ടില്ല.

ലക്ഷ്മി ശരിക്കും ഒരു ദേവത തന്നെയായിരുന്നു. ആരോടും ഒരിക്കൽ പോലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ആര് എന്തൊക്കെ പറഞ്ഞാലും ഒരു ചിരിയിൽ അവളെല്ലാം ഒതുക്കുമായിരുന്നു. ക്ലാസ്സിൽ മനസ്സിലാവാത്തത് എല്ലാം ലക്ഷ്മിയാണ് പറഞ്ഞു തന്നിരുന്നത്.

എന്നിട്ടും ശ്യാമിന്റെ കാര്യം വന്നപ്പോൾ ഞാൻ സ്വാർത്ഥയായി.
നല്ലൊരു സുഹൃത്ത് അതിൽ കവിഞ്ഞ് ശ്യാമിനോട് തനിക്കൊന്നുമില്ല എന്ന് പലവട്ടം ലക്ഷ്മി പറഞ്ഞതാ ഞാനതൊന്നും ചെവിക്കൊണ്ടില്ല….

അതുകൊണ്ടാണ് തന്റെ ഗ്യാങ്ങുമായി ചേർന്ന് അവരുടെ ചിത്രങ്ങൾ കോളേജിലാകെ പതിപ്പിച്ചത് കേട്ടാലറയ്ക്കുന്ന പലതും എഴുതിവെച്ചു..

ടീച്ചേഴ്സിന്റെ മുമ്പിൽ അവരെ പറ്റാവുന്ന തരത്തിലൊക്കെ താഴ്ത്തി കെട്ടി. മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി .ഓരോ ദിവസവും തലതാഴ്ത്തിയാണ് ലക്ഷ്മി ക്ലാസിൽ വന്നിരുന്നത്.എല്ലാം താനാണ് ചെയ്തതെന്ന് അറിഞ്ഞിട്ടും അവൾ പ്രതികരിച്ചില്ല.

അതുകൊണ്ടും ദേഷ്യം തീരാതായപ്പോൾ ആണ് ലക്ഷ്മിയെ കുറിച്ചുള്ള ആ വലിയ രഹസ്യം കോളേജിൽ പാട്ടാക്കിയത്..പേരിനു പോലും അച്ഛനില്ലാത്തവളാണെന്നും അമ്മ അവളെ പിഴച്ചു പെറ്റതാണെന്നും എല്ലാവരെയും അറിയിച്ചു.

അന്നുമുതൽ സ്നേഹത്തോടെ കണ്ടിരുന്ന അവളെ എല്ലാവരും വെറുപ്പോടെ മാത്രമേ കണ്ടുള്ളൂ.

പലരും അകന്നു പോയി.ആൺകുട്ടികൾ അവളെ മറ്റൊരു തരത്തിൽ കണ്ടുതുടങ്ങി എന്തിനേറെ അധ്യാപകർ വരെ അവളെ പല തരത്തിലും അപമാനിച്ചു. ക്ലാസ്സിലും കോളേജിലും അവൾ ഒറ്റപ്പെട്ടു തുടങ്ങി. ശ്യാം മാത്രമേ അവൾക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ.

ആയിടയ്ക്കാണ് കോളേജിൽ പുതിയ സാറ് വന്നത്, ഷിബിൻ സാർ . ഞങ്ങളുടെ ക്ലാസ്സ് ചാർജ്ജ് സാറിനായിരുന്നു..

പലപ്പോഴും ക്ലാസ്സെടുക്കുമ്പോൾ സാറിന്റെ കണ്ണ് ആരുടെയും മുഖത്തായിരുന്നില്ല പെൺകുട്ടികളുടെ വേറെ പലയിടത്തും ആയിരുന്നു. മാക്രോ ഇക്കണോമിക്സ് പലപ്പോഴും ബയോളജിയിലേക്ക് മാറ്റപ്പെട്ടു. ആൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയമായതിനാൽ പലരും അത് ആസ്വദിച്ചു.

പൊതുവെ ശാന്ത സ്വഭാവിയായിരുന്ന ലക്ഷ്മിയാണ് അതിനെ എതിർത്ത് പ്രിൻസിപ്പാളിന് പരാതി കൊടുത്തത്.

അന്ന് ഒരു ദിവസം അസൈൻമെന്റ് നോട്ട് കൊണ്ടു വയ്ക്കാൻ പറഞ്ഞത് ലക്ഷ്മിയോടായിരുന്നു.
സ്റ്റാഫ് റൂമിലെത്തിയ ലക്ഷ്മിയെ സാറ് കയറിപ്പിടിച്ചു. പ്രിൻസിപ്പാളിന് പരാതി കൊടുത്തതിന്റെ പ്രതികാരമായിരുന്നു അത്.

എന്തോ ആവശ്യത്തിനായി ഞാനും ആ സമയത്ത് സ്റ്റാഫ് റൂമിൽ എത്തി. സാർ ലക്ഷ്മിയെ കയറിപ്പിടിക്കുന്നത് ഞാൻ മാത്രമേ കണ്ടുള്ളൂ.

അവൾ ബഹളം വെച്ചു .എല്ലാവരും ഓടിക്കൂടി . സാറിന്റെ മാനം രക്ഷിക്കാൻ ലക്ഷ്മിയാണ് ഇങ്ങോട്ട് കയറിപ്പിടിച്ചതെന്ന് സാർ പറഞ്ഞു .

ഞാനും അതിന് കൂട്ടുനിന്നു .
അവൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല . അമ്മയുടെ സ്വഭാവം മകളും ഏറ്റെടുത്തതാണെന്ന് എല്ലാവരും പറഞ്ഞു. അവളെ അത്തരത്തിൽ ഞാനാക്കി തീർത്തിരുന്നു.

പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചത് ആ വീഡിയോ ആയിരുന്നു.

ലക്ഷ്മിയെ കയറിപ്പിടിക്കുന്നത് ചിത്രീകരിക്കാൻ സാർ തന്റെ മൊബൈലിൽ വീഡിയോ ഓണാക്കി വെച്ചിരുന്നു.

അവളെ ബ്ലാക്ക്മെയിൽ ചെയ്ത് വശത്താക്കാനായിരുന്നു അങ്ങനെ ചെയ്തത്.

അവൾ ബഹളം വെയ്ക്കുകയും അപ്രതീക്ഷിതമായി തന്നെ കാണുകയും ചെയ്തപ്പോൾ മൊബൈൽ ഓഫാക്കാൻ സാർ മറന്നു..

ബഹളത്തിനിടയിൽ കാവ്യ ആണ് ആ ഫോണിൽ വീഡിയോ ഓണായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പ്രിൻസിപ്പാളെ ഏൽപ്പിക്കുകയും സാറിനെ കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്തു.. കോളേജിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന കാര്യമായതു കൊണ്ട് പോലീസ് കേസാക്കിയില്ല. പിന്നെ ലക്ഷ്മിക്കും പരാതിയില്ലായിരുന്നു.
തനിക്ക് പതിനഞ്ച് ദിവസത്തെ സസ്പെൻഷൻ.

അന്ന് ലക്ഷ്മിയുടെ നിരപരാധിത്യം തെളിഞ്ഞത് കാവ്യ ആ വീഡിയോ കണ്ടതുകൊണ്ടാണ് എല്ലാ കാര്യങ്ങളും ഇതുപോലെ തന്നെയാകാമെന്ന് എല്ലാവരും വിശ്വസിച്ചു..ലക്ഷ്മിയെ പഴയ പോലെ എല്ലാവരും കാണാൻ തുടങ്ങി.

സസ്പെൻഷൻ കഴിഞ്ഞ് ക്ലാസ്സിലെത്തിയപ്പോൾ ശ്യാമും കാവ്യയും എനിക്ക് നല്ലൊരു വെൽക്കം പാർട്ടി തന്നിരുന്നു.
ഒരിക്കലും മറക്കാനാവാത്ത പാർട്ടി .

ചെരുപ്പുമാലയിടീച്ച് ക്യാമ്പസ് മുഴുവൻ നടത്തിച്ചു. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മുന്നിൽ വെച്ച് ലക്ഷ്മിയോട് മാപ്പുപറയിച്ചു.

“പുഴുത്തു നാറുന്ന പേപ്പട്ടിയോടു പോലും ഒരു ചെറിയ ദയ തോന്നും അതുപോലും നിന്നോട് എനിക്കില്ല ശ്രീ ബാല. ഇനിയൊരിക്കലും ഉണ്ടാകാനും പോണില്ല. പ്രണയം മനസ്സിൽ നിന്നും വരുന്നതാ അതിനൊരു സത്യമുണ്ട് രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒന്നായാലേ അവിടെ പ്രണയം പൂവണിയൂ. അല്ലാതെ നിന്നെ പോലെ ചതിച്ചും വഞ്ചിച്ചും നേടിയിട്ടല്ല..എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ലക്ഷ്മി മാത്രമായിരിക്കും അഥവാ അവൾക്കിഷ്ടമില്ലെങ്കിൽ ഈ ശ്യാമിന്റെ ജീവിതത്തിൽ പിന്നെ വേറൊരു പെണ്ണില്ല.. അതിനായി തീ കാത്തിരിക്കുകയും വേണ്ട… ഇനിയും ഇതുപോലെ നീ ലക്ഷ്മിയോട് പെരുമാറിയാൽ ഈ ഒരു പുഴുത്ത പട്ടിയെ പോലെ ക്യാമ്പസിലൂടെ നിന്നെ ഞാൻ നടത്തും. പിച്ചി ചീന്തിയ നിന്റെ ശരീരം എല്ലാവരെയും കാണിക്കും. ലക്ഷ്മിയെ ഏതു രീതിയിലാണോ നീ ആക്കിയെടുത്തത് അതിന്റെ നൂറിരട്ടി നിന്നെ ഞാൻ ആക്കിയെടുക്കും. പിന്നെ ഒരു കാര്യം കൂടി നിന്നെ നശിപ്പിക്കാൻ കൂടി നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല..അത്രയ്ക്ക് വിഷമാണ് നീ ”
അതും പറഞ്ഞ് ലക്ഷ്മിയുടെ കൈയും പിടിച്ച് അവൻ നടന്നകന്നു.

ശ്യാമിന്റെ ആ വാക്കുകൾ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു.

ദേഷ്യവും പകയും വീണ്ടും വീണ്ടും മനസ്സിൽ നിറയുകയാണ്. ലക്ഷ്മിയുടെ അമ്മയ്ക്ക് പറ്റിയതു പോലെ തന്നെ അവൾക്കും പറ്റണം ശ്രീയേട്ടനിൽ നിന്നും ശ്യാമിൽ നിന്നും അവൾ അകലണം. അവൾ ഇല്ലായിരുനെങ്കിൽ ശ്യാം തീർച്ചയായും എന്റേതാകുമായിരുന്നു.

ശ്യാമിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. ഒരു മരുമകൾ എന്ന നിലയിൽ അവരെന്നെ കണ്ടു തുടങ്ങിയതാ ഇതിനിടയിലേക്കാണ് ക്ഷണിക്കാത്ത അതിഥിയായി ലക്ഷ്മി എത്തിയത്.

പിന്നിൽ വന്നു ആരോ കണ്ണുപൊത്തിയപ്പോൾ ആണ് സ്ഥലകാല ബോധം ഉണ്ടായത്.
വാസന തൈലത്തിന്റെയും കാച്ചിയ എണ്ണയുടെയും മണം .

ശ്രീദേവി അപ്പച്ചിയുടെ അതേ മണം
കൈ വിടീച്ച് തിരിഞ്ഞു നോക്കി
അവൾക്ക് അത്‌ഭുതം തോന്നി.

“അപ്പച്ചീ”

“ബാല മോളേ”

അപ്പച്ചിയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം മനസിൽ തോന്നി.

ഒരു വിതുമ്പലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു.അപ്പച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു..

” അപ്പച്ചി എന്താ വന്നേ ?”

“എന്റെ വീട്ടിലോട്ട് വരാൻ എനിക്ക് എന്തെങ്കിലും കാരണം വേണോ അതോ കുട്ടികൾ ഇല്ലാത്തതു കൊണ്ട് നിങ്ങൾക്കും എന്നെ വേണ്ടാതായോ?”
അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല അപ്പച്ചീ ,സാധാരണ ഉത്സവത്തിനു മാത്രമല്ലേ വരാറുള്ളൂ. അച്ഛമ്മയുടെയും അച്ഛച്ചന്റെയും ആണ്ടു ബലിക്കു പോലും വരാറില്ല . അതുകൊണ്ട് പറഞ്ഞതാ ”
ബാല ശ്രീദേവിയുടെ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു.

അപ്പോഴേക്കും മാധവനും അങ്ങോട്ട് വന്നു. അയ്യാളുടെ കണ്ണുകൾ ബാലയെ ആകമാനം ചൂഴ്ന്നു.

ബാലക്കുട്ടി അങ്ങ് വളർന്ന് സുന്ദരിയായല്ലോ ?

“അവള് അല്ലെങ്കിലും സുന്ദരി തന്ന്യാ ”
അപ്പച്ചി മറുപടി പറഞ്ഞു..

“ബാലയ്ക്ക് ശ്രീദേവീടെ ഛായയാണ് കിട്ടിയിരിക്കുന്നേ എന്ന് എല്ലാവരും പറയാറുണ്ട്. അടുക്കളയിൽ നിന്നും വന്നുകൊണ്ട് അമ്മ പറഞ്ഞു.

“പക്ഷേ സ്വഭാവം മാത്രം അപ്പച്ചീടെ കിട്ടിയിട്ടില്ലാട്ടോ ” ഏട്ടനാണ്..

അത് ശരിയാ അത് എന്റെ മോനാ കിട്ടിയിരിക്കുന്നേ അമ്മ എനിക്കിട്ടൊന്ന് താങ്ങി ..

“അല്ലെങ്കിലും എന്നെ ഇവിടെ ആർക്കും ഇഷ്ടമില്ലല്ലോ. ഏട്ടനാണല്ലോ എല്ലാവരുടെയും കണ്ണിലുണ്ണി . ”

“അതേ അവൻ നിന്നെ പോലെയല്ല . തങ്കക്കുടമാ അമ്മ ഏട്ടനെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു. ആ സമയത്ത് ഏട്ടന്റെ മുഖത്ത് ഒരു കള്ള ചിരിയുണ്ടായിരുന്നു.

“തങ്കക്കുടത്തിന്റെ ശരിക്കുള്ള സ്വഭാവം അറിഞ്ഞാൽ വീട്ടിലെ തൊഴുത്തിൽ പോലും കേറ്റില്ല . ”

ബാലയതു പറഞ്ഞപ്പോൾ ശ്രീയുടെ മുഖമാകെ മാറി അതു കണ്ടപ്പോൾ തന്നെ ബാലയ്ക്ക് ചിരിപ്പൊട്ടി.

” ഞങ്ങളെയിങ്ങനെ നിർത്താനാണോ ഭാവം ?” മാധവനമ്മാവൻ ചോദിച്ചപ്പോൾ ആണ് വന്ന നില്പിൽ തന്നെ അവർ നിൽക്കുകയാണെന്ന് മനസ്സിലായത്.

അയ്യോ അത് മറന്നു എന്നും പറഞ്ഞ് അമ്മ അവരെ സൽക്കരിക്കാനുള്ള കാര്യത്തിലേക്ക് കടന്നു.

അന്നൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു ചിറയ്ക്കൽ തറവാട്ടിൽ .മാധവൻ പുതിയൊരു തുണിക്കട കൂടി തുടങ്ങുന്നതിനാണ് നാട്ടിലേക്ക് വന്നത്. ഗ്രാമത്തിലുള്ളവരെ ഉദ്ദേശിച്ചാണ് തുടങ്ങുന്നത്.

ആറ്റപ്പിള്ളി പാലം യാഥാർത്ഥ്യമായതിനാൽ രണ്ടു പഞ്ചായത്തിലെയും ജനങ്ങളുടെ ആവശ്യങ്ങൾ മുമ്പിൽ കണ്ട് ഒരു വലിയൊരു സംരഭമാണ് കൊണ്ടുവരുന്നത്.

തുണിക്കടമാത്രമല്ല സിനിമാ തിയേറ്റർ തുടങ്ങി എല്ലാ തരത്തിലുള്ള ഷോപ്പുകളും ടൗണിൽ നിന്നുള്ള വിലയേക്കാൾ കുറവിൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീധരനുമായി പങ്കാളിത്തത്തോടെ ശ്രീഹരിയെ അതിന്റെ അമരത്ത് നിർത്താനും അയ്യാളുടെ മനസ്സിൽ ഉണ്ട്. അതിനു വേണ്ടിയാണ് ഈ വരവ്.

രാത്രി എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചപ്പോൾ വരുംകാല ബിസിനസിനെ കുറിച്ചായിരുന്നു ചർച്ച .

സാധാരണ ബിസിനസിനെ കുറിച്ച് പറയുമ്പോൾ ശ്രീഹരി ഒന്നിലും ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ കൂടുതൽ നിർദ്ദേശങ്ങൾ അവന്റെ ഭാഗത്തു നിന്നും ആയിരുന്നു.

ശ്രീഹരിയുടെ ആ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു .

ഭക്ഷണത്തിനുശേഷം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയ്ക്കാണ്
മാധവൻ ശ്രീബാലയുടെ വിവാഹ കാര്യം എടുത്തിട്ടത്.

“അവൾ അതിനെ പഠിക്കുകയല്ലേ ?പഠിപ്പ് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്നാണ് വിചാരിക്കുന്നത്. അതിനു മുന്നേ ശ്രീഹരിയുടെ കാര്യം നോക്കണം ”

ശ്രീധരൻ പറഞ്ഞു.

അതു കേട്ടപ്പോൾ അപ്പോൾ ശ്രീഹരിയുടെ മുഖം മങ്ങി .

” അല്ലെങ്കിലും ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടേ ഞാൻ കഴിക്കുന്നുള്ളൂ …കുറച്ച് നാത്തൂൻ പോരൊക്കെ എടുത്തിട്ടേ ഞാനിവിടെന്നു പോകൂ .” ബാല ശ്രീഹരിയോട് കൊഞ്ഞനം കുത്തിക്കൊണ്ടു പറഞ്ഞു.

“അതിനു വെച്ച വെള്ളം വാങ്ങി വെച്ചേക്കൂ മോളേ നിന്നെ കെട്ടിച്ചിട്ടേ ഞാൻ കെട്ടൂ പിന്നെ സ്വസ്ഥമായിരിക്കാലോ ? അവൻ അവളുടെ കൈയ്യിൽ നുളളി.

“ഈ ഏട്ടൻ …. എനിക്ക് നൊന്തു. അവൾ കൃത്രിമ സങ്കടത്തിൽ പറഞ്ഞു കൊണ്ട് ശ്രീയുടെ തലയിൽ ഒരു കൊട്ടുകൊടുത്തു.

“എടീ നിന്നെ ഞാൻ എന്നും പറഞ്ഞ് അവൻ അവളെ തല്ലാൻ ഓങ്ങി.

“ഓ ഇവരെ കൊണ്ട് തോറ്റു. കെട്ടിക്കാറായി. രണ്ടുപേരും കൊച്ചു കുട്ടികളാണെന്നാ ഭാവം. ദേവകി തലയിൽ കൈവച്ചു.

“സ്നേഹത്തോടെയും കുസൃതിയോടെയും മക്കൾ കഴിയുന്നത് കാണാൻ തന്നെ ഒരു ഭാഗ്യമല്ലേ ഏട്ടത്തി ”

ശ്രീദേവിയുടെ മുഖത്ത് ദുഃഖം നിറഞ്ഞതു കണ്ട് ശ്രീ വിഷയം മാറ്റാൻ ശ്രമിച്ചു.

ബാലേടെ വിവാഹം കഴിഞ്ഞിട്ട് മതി അച്ഛാ എനിക്ക് അതിനു മുമ്പേ ഒരു ജോലി നോക്കണം ”

പുറത്തുപോയി ജോലി നോക്കണ്ട ബുദ്ധിമുട്ടൊന്നും ഇവിടെയില്ല അതിന് എനിക്ക് താല്പര്യവും ഇല്ല .നമ്മുടെ തന്നെ ബിസിനസ് ഒരുപാട് ഉണ്ടല്ലോ. ഇനി അതും പറ്റില്ലെങ്കിൽ പുതിയത് എന്തെങ്കിലും തുടങ്ങണമെങ്കിൽ തുടങ്ങാം ” ശ്രീധരൻ കടുപ്പിച്ചു പറഞ്ഞു

” അമ്മാവൻ പറഞ്ഞതു പോലെ തന്നെ പുതിയൊരു ബിസിനസ് നമുക്ക് തുടങ്ങാം ” ശ്രീ എല്ലാവരോടും ആയി പറഞ്ഞു.

” അത് ശരിയാ ഏട്ടാ ഒരുമിച്ചൊരു ബിസിനസ് തുടങ്ങിയാൽ. നമുക്ക് അ രണ്ടുകൂട്ടർക്കും ഗുണമുള്ളതാണ പുറത്തു നിന്ന് ആരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്തായാലും എനിക്കുള്ളതെല്ലാം ശ്രീക്കും ബാലയ്ക്കും ഉള്ളതാണ്. അവകാശം കൊടുക്കാൻ മക്കളെ ദൈവമെനിക്ക് തന്നില്ലല്ലോ ” ശബ്ദമിടറി കൊണ്ടാണ് ശ്രീദേവിയത് പറഞ്ഞത്.

“എന്താ ദേവീ ഇത് കൊച്ചു കുട്ടികളെ പോലെ നിന്റെ സഹോദരന്റെ മക്കളും നമ്മുടെ മക്കൾ തന്നെയല്ലേ ? അവരെ ഒരിക്കലും വേർതിരിച്ചു കാണാൻ എനിക്ക് പറ്റില്ല നമ്മുക്കുള്ളതെല്ലാം അവർക്കുള്ളതാണ്. “മാധവൻ ശ്രീദേവിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..

പക്ഷേ അയ്യാളുടെ നോട്ടം മുഴുവനും ശ്രീ ബാലയുടെ നേർക്കായിരുന്നു.
അത് കണ്ട് അവൾ വെറുപ്പോടെ നോട്ടം തിരിച്ചു.

“നമുക്കൊരു മോള് ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും ശ്രീഹരിയെ കൊണ്ടു വിവാഹം കഴിപ്പിച്ചേനെ ആ അതിന് ഭാഗ്യം ഇല്ലാതായി പോയി “മാധവൻ ആരോടെന്നില്ലാതെ പറഞ്ഞു.

“അമ്മാവൻ വിഷമിക്കണ്ട അമ്മാവന്റെ മകളെ തന്നെ ഞാൻ വിവാഹം കഴിക്കും “ശ്രീ മനസ്സിൽ പറഞ്ഞു

ഒന്നും രണ്ടും പറഞ്ഞു സമയം പോയതറിഞ്ഞില്ല.

മതി സംസാരിച്ചത് ഇനി എല്ലാവരും പോയി കിടക്ക്‌ .അവർക്ക് യാത്രാക്ഷീണം ഉണ്ടാകും അമ്മ പറഞ്ഞപ്പോഴാണ് എല്ലാവരും അത് ചിന്തിച്ചത് എല്ലാവരും കിടക്കാൻ പോയി.

രാവിലെ അപ്പച്ചി വന്ന് വിളിച്ചപ്പോൾ ആണ് ശ്രീഹരി എഴുന്നേറ്റത്.

“മോനേ എനിക്കൊന്ന് അമ്പലത്തിൽ പോണം നീ എന്റെ കൂടെ വരോ? ബാല മോൾക്ക് വരാൻ സാധിക്കുകയില്ല. ”

” ഞാൻ വരാം അപ്പച്ചി ഒരു പത്ത് മിനിട്ട് “അതും പറഞ്ഞവൻ കുളിക്കാൻ പോയി.

നല്ല പുളിയിലക്കര സെറ്റുമുണ്ടും തലയിൽ തുളസിക്കതിരും ചൂടി ഐശ്വര്യം തുളുമ്പുന്ന മുഖവുമായി വരുന്ന അപ്പച്ചിയെ കണ്ടപ്പോൾ ഭഗവതി വരുന്നത് പോലെയാണ് ശ്രീഹരിക്ക് തോന്നിയത്.

” ഏട്ടാ അപ്പച്ചിയെ സൂക്ഷിച്ചോളൂ പൂവാലന്മാരുടെ ശല്യം ഉണ്ടാകും ബാല ചിരിച്ചു കൊണ്ടാണത് പറഞ്ഞത് ”

” ഒന്നു പോടീ കളിയാക്കാതെ “ശ്രീദേവിയുടെ മുഖത്ത് നാണം വന്നു.

ഇത്ര പ്രായമായിട്ടും അപ്പച്ചി സുന്ദരിയാണ് അപ്പോൾ നല്ല പ്രായത്തിലേ ശ്രീഹരി ചിന്തിച്ചു.

“എന്താ ശ്രീമോനേ എങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ”
“അത് ….ഒന്നും ഇല്ല അപ്പച്ചീ നമുക്ക് പോകാം “അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു .

“നമുക്ക് നടന്നു പോയാലോ അതാവുമ്പോൾ കാഴ്ചകൾ കണ്ട് വഴിയിൽ കാണുന്നവരോട് പരിചയം പുതുക്കി നടക്കാലോ ഒത്തിരി നാളായി അങ്ങനെ നടന്നിട്ട് ”

” അതിനെന്താ ഞാൻ റെഡി ” അവൻ ബൈക്ക് സ്റ്റാൻഡിലിട്ടു.

രണ്ടുപേരും അമ്പലത്തിലേക്ക് നടന്നു. പോകുന്ന വഴിയിൽ പഴയ കാര്യങ്ങൾ ഓരോന്നും പറഞ്ഞു കൊണ്ടാണ് അവർ നടന്നത്.

വഴിയിൽ കണ്ടവരോടെല്ലാം പരിചയം പുതുക്കി അമ്പലത്തിലേക്ക് കടന്നപ്പോഴാണ് ലക്ഷ്മിയെ അവിടെ വെച്ച് കണ്ടത് .

അവൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.അവളൊന്നു പുഞ്ചിരിച്ചു തിരിച്ച് അവനും .

ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരി കത്തുന്നത് അവൻ കണ്ടു.

കാലുവേദനയുണ്ടോ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പച്ചിയുള്ളതുകൊണ്ട് ഒന്നും ചോദിച്ചില്ല.

അമ്പലം വലംവച്ചു കൊണ്ടിരുന്നപ്പോൾ ആരും ശ്രദ്ധിക്കുന്നില്ലന്ന് മനസ്സിലായപ്പോൾ ഒരു കുസൃതി തോന്നി ശ്രീഹരി ലക്ഷ്മിയുടെ കൈ കരസ്ഥമാക്കി ചുംബിച്ചത്.

ഇത്തവണ ലക്ഷ്മിക്ക് ഞെട്ടലുണ്ടായില്ല. പകരം അവളും ആ കൈയിൽ തിരിച്ചും ചുംബിച്ചിരുന്നു.

പ്രസാദം വാങ്ങി അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ ആണ് ശ്രീയുടെ കൂടെയുള്ള ആളെ ലക്ഷ്മി ശ്രദ്ധിച്ചത്.

അപ്പച്ചിയല്ലേ എന്നവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു.അവൻ തലയാട്ടി.

അവൾക്കവനോട് എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നു.

അമ്പലത്തിൽ നിന്നിറങ്ങിയ അവർ പുതിയ പാലം കാണാൻ പോയി … പോകും വഴി അവൻ പലവട്ടം ലക്ഷ്മിയെ തിരിഞ്ഞു നോക്കി.

വേച്ചുവേച്ചുള്ള അവളുടെ നടത്തം കണ്ട് അവനു വല്ലാത്ത വിഷമം തോന്നി.

പാലത്തിന്റെ കൈവരിയിൽ പിടിച്ച് ശ്രീദേവി താഴേക്ക് നോക്കി ഈ പുഴയ്ക്കും പറയാനുണ്ട് ഒരു പാട് പ്രണയ കഥകൾ …

പണ്ട് കോളേജിൽ പോയിരുന്നത് കടത്തു കടന്നായിരുന്നു.. തോണി തുഴഞ്ഞിരുന്നത് രാഘവനും .ഹൃദയം പരസ്പരം കൈമാറിയ യാത്രകൾ .നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു.. പക്ഷേ ഒരിക്കൽ തോണിയും രാഘവന്റെ ശവവും ഈ കുറുമാലിപ്പുഴയിൽ പൊന്തി അന്ന് തന്റെ വിവാഹത്തലേന്ന് ആയിരുന്നു…

വയസ്സായ ഒരമ്മ മാത്രമേ രാഘവനുണ്ടായിരുന്നുള്ളൂ .. മകൻ മരിച്ചപ്പോൾ മാനസിക നില തെറ്റിയ ആ അമ്മ ഇടയ്ക്ക് ഈ പുഴക്കരയിൽ വന്ന് കരയാറുണ്ടായിരുന്നു.. ഒരിക്കൽ അവരെയും കാണാതായി..

” അപ്പച്ചീ ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ പോകണ്ടേ ?”

“അവളുടെ പേരെന്താ?”

ആ ചോദ്യം കേട്ട് അവനൊന്ന് പതറി

“ആ ….രുടെ ?”

“അമ്പലത്തിൽ വെച്ച് നീ ഉമ്മ വെച്ച കുട്ടീടെ ”

” അപ്പച്ചി അത് കണ്ടല്ലേ “അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു.

നീ ചമ്മുകയൊന്നും വേണ്ട, നല്ല ഐശ്വര്യമുള്ള കുട്ടിയാ നിനക്ക് നന്നായി ചേരും. ഏട്ടനോട് പറഞ്ഞു ഞാനിത് ശരിയാക്കിത്തരാം”

“ഒരു പാവം കുട്ടിയാ അവൾ …പറഞ്ഞാൽ അപ്പച്ചി അറിയും. തയ്യൽക്കടനടത്തുന്ന ലതിക ആണ് അമ്മ. ”

“ലതികേടെ മോളോ ? അവർക്കാശ്ചര്യമായി..

“ലതികയും ഞാനും ഒരുമിച്ച് പഠിച്ചതായിരുന്നു. വീട്ടിലെ പ്രാരാബ്ദം കൊണ്ടാണ് അവൾ ദൂരെ ജോലിക്ക് പോയിത്തുടങ്ങിയത്. അവൾ വരുമ്പോൾ കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു അവൾക്ക് എങ്ങനെ ഈ ചതി പറ്റി എന്നറിയില്ല ഒരു പാവമായിരുന്നു അവൾ ” ശ്രീദേവി പറഞ്ഞു നിർത്തി .

ഇവിടെ കടത്തു നടത്തിയിരുന്ന രാഘവന്റെ മുറപ്പെണ്ണ്. തനിക്കായി രാഘവനെ വിട്ടു തന്നവൾ എന്നിട്ടും …. ഞങ്ങൾക്ക് ഒരുമിക്കാനായില്ല.

“ആരൊക്കെ എതിർത്താലും നിങ്ങളുടെ വിവാഹം ഈ അപ്പച്ചി നടത്തി തരും അത് നിനക്കീ അപ്പച്ചി തരുന്ന വാക്കാണ്. “ശ്രീദേവിയുടെ വാക്കുകളിൽ തനിക്ക് കിട്ടാതെ പോയ പ്രണയം ശ്രീഹരിയിലൂടെ നേടി കൊടുക്കാനുള്ള ശക്തിയുണ്ടായിരുന്നു.

” അപ്പച്ചി തന്നെ ഇത് നടത്തി തരേണ്ടിവരും. വീട്ടിൽ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. ”

” അവൾക്ക് സമ്മതമാണെങ്കിൽ നീ പിന്നെ ഒന്നും നോക്കണ്ട നേരെ എന്റെ വീട്ടിലോട്ട് പോരേ എന്തിനും ഈ അപ്പച്ചി കൂടെയുണ്ടാകും.

“അപ്പച്ചി ആണെന്റെ ഹീറോ അവൻ അവരെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .

“കാര്യം നേടാനുള്ള നിന്റെ അടവൊക്കെ കൊള്ളാം പക്ഷേ ആദ്യം നീ ജോലി ചെയ്തു ജീവിതം ഭദ്രമാക്കാൻ ശ്രമിക്ക്. എന്നും ഏട്ടന്റെ മുന്നിൽ കൈ നീട്ടാൻ പറ്റ്യോ ? അതിനുശേഷം തീരുമാനിക്കാം കല്യാണം . ഏട്ടന് പ്രായമായി കൊണ്ടിരിക്കാണ് പണ്ടത്തെ പോലെ ഓടിനടക്കാനൊന്നും പറ്റില്ല നീ വേണം ഇനി എല്ലാ കാര്യങ്ങളും നോക്കി നടത്താൻ ”

” ഞാനും അതിനുള്ള ശ്രമത്തിലാണ് ഇത്ര നാളും കളിച്ചു നടന്നു. ഇനിയത് പറ്റില്ല. മാധവമാമ്മയോട് പുതിയ ബിസിനസിന്റെ കാര്യം തുടങ്ങാൻ പറഞ്ഞോളു ഞാൻ റെഡി.ഇപ്പോ നമ്മുക്ക് തിരിച്ചു പോകാം ”

“പോകാം മോനേ, ”

“ശരി അപ്പച്ചി ”

ശ്രീദേവി വീണ്ടും ആ പുഴയിലേക്ക് നോക്കി… രാഘവന്റെ വഞ്ചിയും അവന്റെ പാട്ടു പോലെ തന്നെ പുഴയിൽ ഒഴുകി നടക്കുന്നതു പോലെ തോന്നി..

ശ്രീദേവിയെ വീട്ടിലാക്കി ശ്രീഹരി വീണ്ടും ബൈക്കെടുത്ത് പുറത്തേക്കിറങ്ങി.. 8.50 ന്റെ വിഷ്ണുമായ പോകാറായി അതിലാണ് ലക്ഷ്മി പോകുന്നത്..

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസ് വന്നിരുന്നു. ലക്ഷ്മി കയറിയിട്ടില്ല..വണ്ടി പുറപ്പെട്ടു അതിലെ അവസാന സീറ്റിലിരുന്ന ആളെ കണ്ടപ്പോൾ ശ്രീഹരിയുടെ ഞരമ്പുകൾ വരിഞ്ഞു മുറുകി.

വിനോദ്, തലയിൽ ഒരു കെട്ടുണ്ട്. ചുണ്ട് വീർത്തു തടിച്ചിരുന്നു.

വിഷ്ണുമായ പോയാൽ പിന്നെ പത്തു മണി കഴിഞ്ഞേ ബസുള്ളൂ. ഈ ബസ് കിട്ടിയില്ലെങ്കിൽ പാലം കടന്ന് മറ്റത്തൂർ വരെ നടന്നാണ് എല്ലാവരും പോകാറുള്ളത്.

അവൻ വേഗം പുഴയുടെ വഴി പോയി.. പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ലക്ഷ്മിയെ കണ്ടു.

ഹോണടിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. നെറ്റിയിൽ മഞ്ഞൾ കുറിയണിഞ്ഞ് ചുണ്ടിൽ ഒരു മന്ദഹാസവുമായി അവൾ നിന്നു.. കാറ്റിനോടൊത്ത് അവളുടെ ഇളം നീല ചുരിദാർ പറക്കുന്നുണ്ടായിരുന്നു..

“ഇന്നെന്താ നടന്ന് ?ബസ് കിട്ടിയില്ലേ?

“ഇല്ല “അവൾ മുഖം താഴ്ത്തി പറഞ്ഞു.

“ബസ് കിട്ടാഞ്ഞിട്ടോ അതോ കയറാത്തതോ?”

“അത് ഞാൻ നേരം വൈകിയിട്ടാ ”

“എന്തിനാ ലച്ചൂ നുണ പറയുന്നത്. ആ ബസിൽ ഞാൻ വിനോദിനെ കണ്ടിരുന്നു. നിന്നെ കാണാതായപ്പോൾ എനിക്ക് തോന്നി നീ മന:പൂർവ്വം അതിൽ പോകാതിരുന്നതാണെന്ന്.”

” ഇനിയും ഒരു പ്രശ്നത്തിന് വയ്യ ശ്രീയേട്ടാ . അയ്യാളെ ഭയന്നിട്ട് തന്നെയാ കയറാതിരുന്നത്. എന്തും ചെയ്യാൻ മടിയില്ലാത്തവനാ.. സ്വന്തം ഭാര്യയെ കൊന്നവനല്ലേ?”

” ഒന്നും ഉണ്ടാകില്ല.. അയ്യാളെ ഭയന്ന് ജീവിക്കാനൊക്കോ ? നീ കേറ് ,ഈ കാലും വെച്ച് നടക്കണ്ട ഞാൻ കൊണ്ടാക്കാം ”

അവൾ അനുസരണയോടെ വണ്ടിയിൽ കയറി ..അവനെ കെട്ടിപ്പിടിച്ച് ഇരുന്നു..

വണ്ടി നേരെ പോയി നിർത്തിയത് ടൗണിലെ ബാർ അറ്റാച്ച്ട് ഹോട്ടലിനു മുന്നിലായിരുന്നു.

“ഇറങ്ങ് “ശ്രീ ഗൗരവത്തിൽ പറഞ്ഞു..

ലക്ഷ്മിക്കാകെ ഭയമായി.. ശ്രീ തന്നെ ചതിക്കുകയാണോ ? ശ്രീയെ വിശ്വസിച്ചാണ് വണ്ടിയിൽ കയറിയത്. അവളുടെ കണ്ണു നിറഞ്ഞു തുടങ്ങി…

(തുടരും)

അനീഷ സുധീഷ് .

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (11 votes)
Exit mobile version