Skip to content

ശ്രീലക്ഷ്മി – പാർട്ട്‌ 6

sreelakshmi-novel

വലത്തേ കൈയാൽ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് വാതിലിന്റെ സാക്ഷ അവൻ തുറന്നു.

വാതിലിനു മുമ്പിലായി മഹി നിൽക്കുന്നു ….

ലക്ഷ്മിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്

“നീയായിരുന്നോ ? എന്റെ പെണ്ണിനോട് ഒന്നുമിണ്ടാനും സമ്മതിക്കില്ലേ?

“ശ്രീ നീ ഇങ്ങോട്ടൊന്ന് വന്നേ ”

“ചടങ്ങ് തുടങ്ങാറായോ ?”

“ഇല്ലെടാ സമയം ആകുന്നേയുള്ളൂ..”

“എന്നാ ഞങ്ങളെ ശല്യപ്പെടുത്താതെ മോൻ ചെല്ല് കാര്യങ്ങളൊക്കെ നോക്ക്. ഞാനെന്റെ പെണ്ണിന്റെ പിണക്കങ്ങളും പരിഭവവും തീർക്കട്ടെ ”

” അതൊക്കെ പിന്നെ തീർക്കാം നീയിങ്ങോട്ടൊന്ന് വരുന്നുണ്ടോ ” അവൻ ദേഷ്യപ്പെട്ടാണത് പറഞ്ഞത്.

എന്തോ പന്തികേടുണ്ടെന്ന് അവന്റെ നിൽപ്പു കണ്ടപ്പോൾ മനസ്സിലായി.. ഇനി നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം ?

ലച്ചുവിനെ ഒന്നു നോക്കി അവൻ മഹിയുടെ കൂടെ വീട്ടിന്റെ പിൻവശത്തേക്ക് പോയി.

“ശ്രീ ഒരു പ്രശ്നമുണ്ട് ” അവന്റെ മുഖമാകെ വിളറിയിരുന്നു.

“ടെൻഷനടുപ്പിക്കാതെ നീ കാര്യം പറയടാ ”

“അതു പിന്നെ …..”

“മഹീ , നീ അവിടെ എന്തെടുക്കുവാ മോതിരം മാറാനുള്ള സമയമായി വേഗം വായോ ” മഹിയുടെ അമ്മയാണ്.

” ഞാൻ ദാ വരുന്നു ”

അമ്മ അകത്തേക്ക് പോയി.

“കേട്ടത് ശരിയാണോ എന്നറിയില്ല. ലക്ഷ്മിയുടെ അമ്മയ്ക്ക് ഒരു ആക്സിഡന്റ്”

“ആക്സിഡന്റോ ? ആരാ പറഞ്ഞത്? ശ്രീയ്ക്ക് വെപ്രാളമായി.

” ഭക്ഷണം ഏൽപ്പിച്ചിരുന്നത് നമ്മുടെ ജിജുവിന്റെ കാറ്ററിംഗിൽ ആയിരുന്നു. അവർ അത് കൊണ്ടുവരും വഴി കവലയിൽ വെച്ചാണ് ആക്സിഡന്റ് കണ്ടത്. ഒരു ടിപ്പർ വന്ന് ഇടിച്ചതാ വണ്ടി നിർത്താതെ പോയി. തമിഴ് നാട് രജിസ്ട്രേഷനിൽ ഉള്ള വണ്ടിയാ. സ്പോട്ടിൽ തന്നെ ….”

കേട്ടത് സത്യമാവല്ലേ എന്നാണ് അവൻ പ്രാർത്ഥിച്ചത്.

അകത്തേക്ക് ചെന്നപ്പോൾ മീരയുടെ അടുത്ത് കളിചിരിയുമായി അവൾ നിൽക്കുന്നുണ്ടായിരുന്നു .

അവളോട് എങ്ങനെ കാര്യം പറയും ? ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി.

ആ സമയത്താണ് വീട്ടിൽ നിന്ന് എല്ലാവരും വന്നത്.

അപ്പച്ചിയെ വിളിച്ച് കാര്യം പറഞ്ഞു.

“മോനേ, ലക്ഷ്മി അവൾ അറിഞ്ഞോ ? ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ലക്ഷ്മിയോട് ഒന്നും പറയാൻ നിന്നില്ല. മോതിര മാറ്റം കഴിഞ്ഞ ഉടൻ അപ്പച്ചി ലക്ഷ്മിയെ വിളിച്ചു.

“മോളേ, നമ്മുക്കൊന്ന് വീടുവരെ പോയാലോ ? എനിക്കൊന്ന് ലതിയെ കാണണം. “പരമാവധി സന്തോഷം മുഖത്തു വരുത്തിയാണവർ പറഞ്ഞത്.

” അതിനെന്താ പോകാലോ ആന്റിയെ കാണുമ്പോൾ അമ്മയ്ക്ക് സന്തോഷമാകും..

ലക്ഷ്മിക്ക് സന്തോഷമായി

ശ്രീദേവിയുടെ കൈയ്യും പിടിച്ച് മീരയോട് യാത്ര പറഞ്ഞവർ ഇറങ്ങി.

പോകുന്നേരം ശ്രീയ്ക്കായ് അവളുടെ കണ്ണുകൾ പരതി …. അവനെ അവിടെയെങ്ങും കണ്ടില്ല.

ശ്രീദേവിയുടെ കൂടെ ലക്ഷ്മിയെ കണ്ടപ്പോൾ ശ്രീബാലയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

” മോളേ നമ്മുക്ക് കാറിൽ പോകാം ”

അവൾ ശരിയെന്ന് തലയാട്ടി.

കാറിൽ കയറാൻ നിന്ന ലക്ഷ്മിയെ തടഞ്ഞു കൊണ്ട് ശ്രീബാലനിന്നു .

” അപ്പച്ചി ഇവളെയും കൊണ്ട് എങ്ങോട്ടാ?”

” ഞാൻ ലക്ഷ്മിയുടെ വീട് വരെ ഒന്നു പോയിട്ട് വരാം മോള് ചെല്ല്”

“ഏട്ടനെ കറക്കിയെടുത്ത പോലെ അപ്പച്ചിയേയും വലയിൽ ആക്കിയിരിക്കുകയാ . അപ്പച്ചിയും ഇതിൽ പെട്ടു പോയല്ലോ ”

“എന്തൊക്കെയാ ബാലേ നീ പറയുന്നേ ആര് ആരെ വലയിലാക്കിയെന്നാ?”

” ലക്ഷ്മീ , മോള് കയറാൻ നോക്ക് ”

” ഓ … കാറിൽ മാത്രമേ തമ്പുരാട്ടി പോവത്തുള്ളൂ ” ബാല വീണ്ടും അവളോട് ദേഷ്യപ്പെട്ടു.

“ബാല, മിണ്ടാതെ പോകുന്നുണ്ടോ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ഞാൻ നോക്കില്ല..”

ശ്രീദേവിക്ക് വല്ലാതെ ദേഷ്യം വന്നു..

കാറിലേക്ക് കയറാൻ ലക്ഷ്മി ഒന്നു മടിച്ചു..

” അവൾ പറഞ്ഞത് കേട്ട് മോള് വിഷമിക്കണ്ട വാ ഞാനല്ലേ വിളിക്കുന്നത്. ”

ലക്ഷ്മിയെ കൊണ്ട് ശ്രീദേവി അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു..

വീടിനടുത്തെത്തിയപ്പോൾ ഒരു പാട് പേർ ഇടവഴിയിലും റോഡിലുമായി നിൽക്കുന്നുണ്ടായിരുന്നു. അവൾക്കാകെ ഭയമായി.. കാറിൽ നിന്നിറങ്ങിയതും അവിടെ നിന്നവർ എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു.

പെട്ടെന്നാണവൾ അമ്മയെ കുറിച്ച് ചിന്തിച്ചത്.

ഓടുകയായിരുന്നവൾ …. കൂടെയുള്ള ശ്രീദേവിയെ അവൾ മറന്നു.

വീട്ടിലും പരിസരത്തും ആളുകൾ കൂടിയിരുന്നു.

മുറ്റത്തെത്തിയപ്പോൾ അടുത്ത വീട്ടിലെ രമണി ചേച്ചി ഓടിവെന്നവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..

” പോയല്ലോ മോളേ ലതിക നമ്മളെ വിട്ടു പോയല്ലോ ”

കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തലയ്ക്ക് കനം വയ്ക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ താങ്ങി പിടിച്ചവളെ

കണ്ണു തുറക്കുമ്പോൾ റൂമിലാണ് കിടക്കുന്നത്. ശ്രീദേവി അവളുടെ അരികത്തായി ഇരിക്കുന്നുണ്ട് ..അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“അമ്മ ” അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..

“വേണ്ട മോളേ എഴുന്നേൽക്കണ്ട കിടന്നോ”ശ്രീദേവി പറഞ്ഞു…

“എന്റെ അമ്മ, അമ്മയ്ക്കെന്താ പറ്റിയത് ?

” കടയിലേക്ക് പോകും വഴി ടിപ്പറിടിച്ചതാ അപ്പോൾ തന്നെ …. രമണി ചേച്ചിയാണത് പറഞ്ഞത്.

അവൾ ചെവി പൊത്തി … അത് കേൾക്കാനുള്ള ശക്തിയവൾക്കുണ്ടായിരുന്നില്ല..

ശ്രീദേവിയെ കെട്ടിപ്പിടികൾ അലമുറയിട്ടു കരഞ്ഞു..

പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് ലതികയുടെ ശരീരം കിട്ടിയത്…

അമ്മയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന ലക്ഷ്മി നാട്ടുകാർക്കൊരു വേദനയായി…

ഇനിയവൾ തനിച്ചാണ്.. ആരും ഇല്ലാതെ ഈ ഭൂമിയിൽ തനിച്ച് …

പലരും അവളുടെ ഒറ്റപ്പെടൽ ആസ്വദിച്ചു. പലരും സഹതപിച്ചു…

ലതികയുടെ സംസ്കാര ചടങ്ങുകൾ ചെയ്യാൻ ആരും ഇല്ലായിരുന്നു..

ബന്ധുക്കൾ പോലും ഏറ്റെടുക്കാൻ തയ്യാറായില്ല.. അവസാനം ലക്ഷ്മി തന്നെ അതു ചെയ്തു..

മറ്റുള്ളവർക്ക് മുമ്പിൽ അത് തെറ്റാണെങ്കിലും അവൾക്ക് അതു മാത്രമായിരുന്നു ശരി.

സംസകാര ചടങ്ങുകൾക്കെല്ലാം മുൻപന്തിയിൽ നിന്നെങ്കിലും ലക്ഷ്മിയെ ഒന്നു ആശ്വസിപ്പിക്കാനാവാതെ ഒരു നിസ്സഹായനായി നിൽക്കാനേ ശ്രീയ്ക്കായുള്ളൂ.

ചടങ്ങുകൾ കഴിഞ്ഞ് ഓരോരുത്തരായി ഇറങ്ങി.. അതുകണ്ടു നിന്ന ഒരാളുടെ ചുണ്ടിൽ മാത്രം ചിരിയുതിർന്നു.

എല്ലാത്തിനും സാക്ഷിയായി ലക്ഷ്മിയെ ഒറ്റയ്ക്ക് കിട്ടാൻ മാത്രം കാത്തിരുന്ന വിനോദ്.

ചടങ്ങുകൾ കഴിയാൻ നിന്നതു പോലെയായിരുന്നു ബന്ധുക്കൾ ഓരോരുത്തരായി പടിയിറങ്ങി.

ശ്രീദേവിയും ശ്രീഹരിയും പിന്നെ കുറച്ച് അയൽക്കാരും മാത്രമായ വിടെ… അയൽക്കാരും പോകാനൊരുങ്ങി..

മുറ്റത്ത് ഒരു കോണിൽ നിൽക്കുന്ന വിനോദിനെ കണ്ടപ്പോൾ ശ്രീഹരി ഒരു തീരുമാനത്തിലെത്തി.

ലക്ഷ്മിയെ ഇവിടെ നിർത്തി പോകുന്നത് അത്ര സേഫ് അല്ല അവളെയും കൂടെ കൂട്ടണം .വീട്ടുകാരുടെ നിലപാട് എന്താണെന്ന് അറിയില്ല.. അപ്പച്ചി എന്തിനും കൂടെയുണ്ട് …

ആ സമയത്താണ് മഹി വന്നത്.

“കാര്യങ്ങളൊക്കെ നല്ല രീതിയിൽ തന്നെ നടന്നില്ലേ മഹി ”

“നിന്റെ ഒരു കുറവ് ഒഴിച്ചാൽ എല്ലാം ഭംഗിയായി, മേടം 8 ന് ആണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ”

“കല്യാണം നമ്മുക്ക് തകർക്കാടാ , ഇതിപ്പോ…. ലച്ചൂന്റെ കാര്യം ആലോചിക്കുമ്പോഴാ ”

“ശ്രീ ഇനിയെന്താ ചെയ്യുക? അവളെ ഒറ്റയ്ക്ക് ഇവിടെ നിർത്തിയാൽ?”

“ഇല്ലടാ ഇവിടെ നിർത്തുന്നില്ല. വീട്ടിലേക്ക് കൊണ്ടുചെന്നാലുള്ള അവസ്ഥ എന്താകുമെന്നറിയില്ല . ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കും അപ്പച്ചിയോട് കൂടി ഒന്ന് ആലോചിക്കണം എന്നിട്ടേ ഒരു തീരുമാനത്തിൽ എത്താൻ പറ്റൂ” എരിയുന്ന ചിതയിലേക്ക് ദൃഷ്ടിയൂന്നി കൊണ്ടാണവൻ പറഞ്ഞത്…

” എടാ ഇത് മറ്റവനല്ലേ ബസിലെ കണ്ടക്ടർ. ഇവനെ അല്ലേ ഇന്നലെ നീ എടുത്തിട്ട് ചാമ്പിയത് ”
വിനോദിനെ ചൂണ്ടി മഹി ചോദിച്ചു..

“അവൻ തന്നെ വിനോദ്.”

“ഇവനെന്താ ഇവിടെ?” കണ്ടിട്ട് അത്ര പന്തിയല്ലല്ലോ ”

“മരണ വീടായിപ്പോയി അല്ലെങ്കിൽ …..” ശ്രീ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.

വിനോദ് അകത്തേയ്ക്ക് ഒന്നു പാളി നോക്കി .ചുറ്റുപാടും ഒന്നു വീക്ഷിച്ചു.

ഒരു പരിഹാസച്ചിരിയോടെ ശ്രീയുടെ മുഖത്തേക്ക് ഒന്നു നോക്കി കൊണ്ട് അവിടെ നിന്നും ഇറങ്ങിപോയി.

“എടാ ശ്രീ എനിക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് . റോങ്ങ് സൈഡിൽ വണ്ടി വന്നാണ് ഇടിച്ചത്. വണ്ടി നിർത്താതെ പോവുകയും ചെയ്തു. . ലക്ഷ്മിയുടെ അമ്മ ഞായറാഴ്ചകളിൽ കട തുറക്കാറില്ല പിന്നെ എന്തിനാണ് അവർ അങ്ങോട്ട് പോയത് ”

“ശരിയാണ് മഹി ആരോ മനപ്പൂർവ്വം ചെയ്തതു പോലെയുണ്ട് അതാരാണെന്ന് കണ്ടുപിടിക്കണം എനിക്ക് വിനോദിനെ സംശയമുണ്ട് ഉണ്ട് . നീ പറഞ്ഞ പോലെ ആ ഒരു കാര്യത്തിൽ മാത്രമാണ് സംശയം. ഞായറാഴ്ച എന്തിനാണവർ കട തുറന്നത്? ലക്ഷ്മി പോലും അറിയാതെ ”

” ശ്രീ മോനേ ഇങ്ങോട്ടൊന്ന് വന്നേ , മോളൊന്നും കഴിക്കുന്നില്ല ”
അപ്പച്ചി വന്നു പറഞ്ഞപ്പോൾ ആണ് ഓർത്തത്. നേരം ഇരുട്ടായിതുടങ്ങി. അവളിതു വരെ ഒന്നും കഴിച്ചിട്ടുണ്ടാകില്ല.

ശ്രീ വേഗം അകത്തേയ്ക്ക് കയറി… അവിടെ തളർന്നു കിടക്കുന്ന ലക്ഷ്മിയെ കണ്ടപ്പോൾ അവനു സഹിക്കാനായില്ല ….കുറച്ചുനേരം കൊണ്ടു തന്നെ അവളാകെ മാറിപ്പോയി ….
അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ അവൻ വെമ്പൽ കൊണ്ടു.

അടുത്ത വീട്ടിലെ ചേച്ചി ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് .. തന്നെ കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖത്ത് അത്ഭുതം. അന്യഗ്രഹ ജീവിയെ കാണും പോലെയാണ് തന്നെ നോക്കുന്നത്.

പക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല. ലക്ഷ്മിയുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു..

” ലച്ചൂ എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക് ”

അവൾ മുഖയർത്തി കരഞ്ഞു കലങ്ങിയ കണ്ണുകൾ, മുഖമാകെ ചുവന്നു വീർത്തിട്ടുണ്ട്.

ശ്രീയെ കണ്ടതും അവൾ വിങ്ങിപ്പൊട്ടി..

ശ്രീയേട്ടാ, എന്റെ അമ്മ ….

“പോയവർ പോയി … നീ ഇങ്ങനെ ഒന്നും കഴിക്കാതിരുന്നാൽ മരിച്ചവർ തിരിച്ചുവരോ?”

” എനിക്കൊന്നും വേണ്ട , ഇന്നലെ വരെ എന്റെ അമ്മയുടെ കൂടെയിരുന്നാ ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. ഇനി ഞാൻ ആരുടെ കൂടെ കഴിക്കും? എനിക്കിനി ആരാണുള്ളത്. ”

മോളേ നിനക്ക് ഞങ്ങളൊക്കെ യില്ലേ?

“ആരൊക്കെയുണ്ടായാലും എന്റെ അമ്മയോളം വരില്ലല്ലോ ആരും ”
അവൾ ഏന്തി ഏന്തി കരഞ്ഞു.

“അപ്പച്ചീ ഇവളെയും കൊണ്ടുപോയാലോ വീട്ടിലേക്ക് . വീട്ടിട്ട് പോവാൻ പറ്റിണില്ല” ശ്രീഹരി
അപ്പച്ചിയുടെ കൈയ്യിൽ പിടിച്ച് അപേക്ഷാ ഭാവത്തിൽ പറഞ്ഞു.

“നീ പറഞ്ഞതാണ് ശരി, കൊണ്ടുപോകാം . വീട്ടിലേക്ക് മാത്രമല്ല നിന്റെ ജീവിതത്തിലേക്കും കൂടി ”

“എന്തിനാ ആന്റി എന്റെ അമ്മ ഇന്ന് കടതുറന്നത്.. എന്നോട് ഒരു വാക്കു പോലും പറയാതെ ? എനിക്ക് മാത്രമെന്താ ഇങ്ങനെ എന്നും ദുഃഖങ്ങൾ മാത്രം ”

ലക്ഷ്മി പിന്നെയും എന്തൊക്കെയോ പറഞ്ഞ് കരയുന്നുണ്ടായിരുന്നു..

അതു കാണാനുളള ശക്തി ശ്രീയ്ക്കുണ്ടായില്ല. അവൻ വേഗം പുറത്തേക്കിറങ്ങി…

ശ്രീദേവിയുടെ നിർബന്ധത്താൽ കുറച്ച് എന്തൊക്കെയോ ലക്ഷ്മി കഴിച്ചെന്നു വരുത്തി.

“മോള് ഇനിയിവിടെ തനിച്ച് നിൽക്കണ്ട ഞങ്ങളുടെ കൂടെ പോരേ ? ഒറ്റയ്ക്കിനി …..

” ഞാനിവിടെ ഒറ്റയ്ക്ക് അല്ലല്ലോ. എന്റെ അമ്മയുടെ ഓരോ ശ്വാസവും ഇവിടെയുണ്ട്.എന്നെ ഒറ്റയ്ക്കാക്കി എന്റെ അമ്മയ്ക്ക് പോകാൻ കഴിയുമോ ഞാനെങ്ങോട്ടും വരുന്നില്ല. ”

“ചിത കത്തി തീരും മുമ്പേ വീടടച്ച് പോകുന്നത് ശരിയല്ല..ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ. രാത്രി ഞാൻ കൂടെയുണ്ടാകും”

രമണി ചേച്ചി അതു പറഞ്ഞപ്പോൾ ശ്രീദേവിക്കും അത് ശരിയാണെന്ന് തോന്നിയെങ്കിലും തനിച്ചവളെ നിർത്തി പോകാൻ മനസ്സു വന്നില്ല ”

“മോളേ എന്നാലും ”

” ആന്റി പൊയ്ക്കോളൂ, വിഷമിക്കണ്ട എനിക്കിവിടെ ഇവരൊക്കെയുണ്ട് ”

” മോളെ ശ്രദ്ധിച്ചോണേ ചേച്ചി … ഞാൻ പോയിട്ട് നാളെ വരാം ”

ലക്ഷ്മിയോടും കൂടി പറഞ്ഞു ശ്രീദേവി പുറത്തേക്കിറങ്ങി…

നേരം ഇരുട്ടി തുടങ്ങി.. പക്ഷികൾ കൂടണഞ്ഞു…. പടിഞ്ഞാറുഭാഗത്തുനിന്നും മിന്നലുണ്ട് .. മഴയുടെ ആരംഭം

ചിതയിലെ തീയണഞ്ഞിട്ടില്ല… ചെങ്കനലിന്റെ തിളക്കം കൂടി വരുന്നു…

“ശ്രീമോനേ മഴ വരുന്നുണ്ടെന്ന് തോന്നുന്നു. ” ചിതയിൽ വെള്ളം വീണാലത് അണയും എന്തെങ്കിലും ചെയ്യണം. ”

ശ്രീഹരിയും മഹിയും ചേർന്ന് മുൻ വശത്ത് കെട്ടിയ ടാർപ്പാള അഴിച്ച് ചിതയ്ക്ക് മുകളിലായി കെട്ടി.

“നമ്മുക്ക് പോകാം മോനേ”

” അപ്പച്ചീ ലക്ഷ്മി ?അവളെ കൂട്ടുന്നില്ലേ ?”

“അവളുടെ അമ്മയാ മോനേ അവിടെ കത്തി തീരുന്നത്. ചിത കത്തി തീരും മുമ്പ് അവളെ കൊണ്ടുപോകുന്നത് ശരിയല്ല. ”

“പക്ഷേ അപ്പച്ചീ ,ഇവിടെ ഒറ്റയ്ക്ക്….?”

“നീ പേടിക്കണ്ട കൂട്ടിന് അടുത്തുള്ള ചേച്ചിയുണ്ട്. ” അവളോട് പറഞ്ഞിട്ട് വാ ഞാൻ വണ്ടിയിലിരിക്കാം”

വീണ്ടും ലക്ഷ്മിയെ കാണാനുള്ള വിഷമം അവനുണ്ടായി. അകത്തേയ്ക്ക് കടന്നപ്പോൾ ചുമരിൽ അവൾ ചാരിയിരിക്കുകയായിരുന്നു…

കണ്ണ് അടച്ചിട്ടുണ്ടെങ്കിലും അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

” ലച്ചൂ , ” അവൻ മൃദുവായി വിളിച്ചു.
“പോന്നൂടെ എന്റെ കൂടെ . ”

ശ്രീ ,ലക്ഷ്മിയുടെ അരികിലായി ഇരുന്നു കൊണ്ട് ചോദിച്ചു..

അവൾ കണ്ണു തുറന്നു.

“ശ്രീയേട്ടൻ പൊയ്ക്കോളൂ … ഇവിടം വിട്ട് ഞാനെങ്ങോട്ടും ഇല്ല. ”

” നിന്നെ തനിച്ചാക്കി ഞാനെങ്ങനെ പോകും ”

“പോണം ശ്രീയേട്ടാ, ഇവിടെ നിന്നും മാത്രമല്ല എന്റെ ജീവിതത്തിൽ നിന്നും ”
” ലച്ചൂ , നിനക്കിനിയും പിണക്കം മാറിയില്ലേ ? അപ്പോഴത്തെ ദേഷ്യത്തിനാ ഞാൻ നിന്നെ വഴിയിൽ നിർത്തി പോയത്”

“എനിക്ക് ആരോടും ദേഷ്യവും പിണക്കവും ഇല്ല.. മരിക്കുന്നതിനു മുമ്പായി എന്റെ അമ്മയ്ക്ക് കൊടുത്തൊരു വാക്കുണ്ട് എനിക്കത് പാലിക്കണം അതുകൊണ്ട് ….”

“അതുകൊണ്ട് , എന്താ നീ നിർത്തിയത്?

ശ്രീയേട്ടൻ ഇനിയിവിടെ വരരുത് .ശ്രീയേട്ടനുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ഞാനെന്റെ അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തതാ അതെനിക്ക് പാലിച്ചേ പറ്റൂ”

“ലച്ചൂ നിനക്കെന്നെ മറന്നു കൊണ്ട് ജീവിക്കാൻ പറ്റോ ? നിന്റെ അമ്മയിപ്പോൾ ജീവിച്ചിരിപ്പില്ല ഇനിയും അമ്മയ്ക്ക് കൊടുത്ത സത്യം മുറുകെ പിടിച്ചിരിക്കാണോ ?

” ഇന്ന് രാവിലത്തെ സംഭവം ഓർമ്മയുണ്ടോ ? ശ്രീയേട്ടൻ എന്റെയരുകിൽ ഉണ്ടായിരുന്ന നേരം നിങ്ങളെന്നെ ആവേശത്തോടെ ഉമ്മ വെച്ച നേരം ഒരു നിമിഷത്തേക്കെങ്കിലും ഞാൻ എന്റെ സത്യത്തെ മറന്നു.. അതിന്റെ ഫലമാണ് എന്റെ അമ്മയെന്നെ വിട്ടു പോയത്.”

“ഞാൻ ആണ് എന്റെ അമ്മയെ കൊന്നത് ഞാൻ ചെയ്ത തെറ്റ് മൂലമാണ് അമ്മയ്ക്ക് ജീവൻ നഷ്ടമായത് ഇതിനുള്ള പ്രായശ്ചിത്തം എനിക്ക് ചെയ്തേ തീരൂ ”

” ലച്ചൂ ഞാനൊന്ന് പറയട്ടെ”

“വേണ്ട ശ്രീയേട്ടാ ഇനി നമ്മൾ ഒരിക്കലും കാണരുത് ഇങ്ങോട്ട് വരരുത് വന്നാൽ ഒരു പക്ഷേ എന്റെ ജീവനില്ലാത്ത ശവമായിരിക്കും നിങ്ങൾക്ക് കാണേണ്ടി വരുക അതുകൊണ്ട് ദയവു ചെയ്തു ഒന്നു പോയി തരോ ?”

അവൾ കുനിഞ്ഞിരുന്നു കരഞ്ഞു.

ശ്രീ ഒന്നും മിണ്ടിയില്ല. ഈ സമയം അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം

” മോനേ, നേരം ഇരുട്ടി ഇവിടെ ഈ കുട്ടി മാത്രമേയുള്ളൂ വെറുതെ അതിന് ചീത്തപ്പേര് ഉണ്ടാക്കരുത്. അമ്മയായിട്ട് ഒരു കളങ്കം ഉള്ളതാ. ആരുമില്ലാത്തവളാണ് ഒന്നു പോയി തന്നാൽ ഞങ്ങൾക്കീ വാതിൽ അടയക്കാമായിരുന്നു..”
രമണി ചേച്ചി അതു പറഞ്ഞപ്പോൾ ശ്രീ ഒന്നുകൂടി ലക്ഷ്മിയെ നോക്കി..

അവൻ അവിടെ നിന്നും ഇറങ്ങിയത് ലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും കൂടി ആയിരുന്നു.

വീട്ടിലെത്തിയപ്പോൾ ശ്രീധരനും മാധവനും അവരെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.

തലയും താഴ്ത്തി അകത്തേക്ക് പോകാനൊരുങ്ങിയ ശ്രീയെ ശ്രീധരൻ തടഞ്ഞു.

“നാട്ടിൽ പല പെണ്ണുങ്ങളും കാണാം അവരുടെയൊക്കെ ജീവിതം ഏറ്റെടുക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ പിന്നെ നിനക്കീ വീട്ടിൽ സ്ഥാനമുണ്ടാകില്ല. വല്ല പിഴച്ചവളും വണ്ടി കേറി ചത്തിട്ടുണ്ടെങ്കിൽ അതിന്റെ ചെലവും കാര്യങ്ങളും നീയല്ല നോക്കേണ്ടത്.. ”

“അച്ഛൻ എന്തറിഞ്ഞിട്ടാ പറയുന്നത് ? ആരുമില്ലാത്ത ഒരു കുട്ടിയെ സഹായിച്ചത് ഇത്ര വലിയ തെറ്റാണോ
“സ്വന്തം അപ്പൻ സമ്പാദിച്ച പണം ഒരു ഉളിപ്പും ഇല്ലാതെ കണ്ട തന്തയില്ലാത്തവൾക്ക് കൊണ്ടു പോയി കൊടുക്കാൻ നിനക്ക് നാണമില്ലേ മോനേ” മാധവന്റെ ആ വാക്കുകൾ കേട്ടപ്പോൾ ശ്രീയ്ക്ക് അരിശം വന്നു

“ലക്ഷ്മിക്ക് ഒരു അച്ഛനുണ്ട് , അതാരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാ നിങ്ങൾക്ക് നല്ലത് ” അവനതും പറഞ്ഞ് പുറത്തേയ്ക്ക് തന്നെ പോയി.

“എല്ലാത്തിനും കൂട്ട് അപ്പച്ചിയായ ഇവളുണ്ടല്ലോ . പഴയതൊന്നും മറന്നിട്ടില്ലല്ലോ?”മാധവൻ ശ്രീദേവിയോട് കയർത്തു.

“എല്ലാം ഓർമ്മയുണ്ട് മാധവേട്ടാ ഒരിക്കലും മറക്കാനാവാതെ ഈ നെഞ്ചിൽ അണയാതെ ഒരു തീപ്പൊരിയായത് കിടപ്പുണ്ട് കൂടെ പുതുതായ് അറിഞ്ഞ സത്യങ്ങളും ” ശ്രീദേവിയുടെ കണ്ണുകളിൽ ദേഷ്യം ആളികത്തി..

മാധവൻ ഒന്നു ഞെട്ടി. അയ്യാൾ ശ്രീധരനെ നോക്കി … രണ്ടു പേരുടെയും മനസ്സിൽ പുഴയിലെ വെള്ളത്തിൽ ശ്വാസം കിട്ടാതെ മരണത്തിലേക്ക് പോകുന്ന ആ ദയനീയ മുഖം ഓർമ്മ വന്നു

” മാധവാ അവളെന്തൊക്കെയോ അറിഞ്ഞ മട്ടുണ്ട് ..രാഘവന്റെ മരണം അതെന്റെ ഈ കൈ കൊണ്ടാണെന്ന് ആരെങ്കിലും അറിഞ്ഞാൽ? ഇത്ര നാളും പണിതുയർത്തിയ അന്തസ്സ് ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴില്ലേ?”
ശ്രീധരൻ തലയ്ക്ക് കൈ കൊടുത്ത് താഴെയിരുന്നു.

“ദേവി അറിഞ്ഞിട്ടുണ്ടെങ്കിൽ അവളുടെ നാവിൽ നിന്നും അതൊരിക്കലും പുറത്തു വരില്ല. അത് ഞാനേറ്റു” മാധവൻ അയ്യാളെ ആശ്വസിപ്പിച്ചു.

” കുടുംബത്തിന് ഒരു ചീത്തപേര് എന്റെ പെങ്ങളായിട്ട് ഉണ്ടാകുമെന്ന് വന്നപ്പോഴാണ് നീ ഞങ്ങളെ രക്ഷിച്ചത്. ഇനി അത് മകനും തുടർന്നാൽ കൂടെ നിൽക്കണം മാധവാ ”

“നിന്റെ പെങ്ങൾ ഒരു തോണിക്കാരനെ പ്രണയിച്ചപ്പോൾ അവനെ എന്നന്നേക്കുമായി ഒഴിവാക്കാൻ ഞാൻ കൂട്ടുനിന്നിട്ടുണ്ട്. ഇനിയും അതുണ്ടാകും.. ഭാര്യയുടെ സഹോദരൻ എന്ന നിലയിലല്ല ആത്മാർത്ഥ സുഹൃത്തായാണ് നിന്നെ ഞാൻ അന്നും ഇന്നും കണ്ടിട്ടുള്ളത്. ബാല മോള് ശ്രീയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ അത് ഏതു വിധേനയും ഒഴിവാക്കാനാണ് ഞാനും തീരുമാനിച്ചത്” അയ്യാൾ മുറ്റത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു.

” ലതികയുടെ മരണം നമ്മളാണ് ആസൂത്രണം ചെയ്തതെന്ന് അറിഞ്ഞാൽ?” എരിയുന്ന സിഗററ്റ് ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ശ്രീധരൻ ചോദിച്ചു.

“അതാരും അറിയാൻ പോകുന്നില്ല. അമ്മയ്ക്ക് പിന്നാലെ മകളും പോകണം . എന്നാലെ കാര്യങ്ങൾ സുഖമാകൂ”

” അവളെ കൂടി തീർത്തിട്ട് വേണം കെ.ടി ഗ്രൂപ്പിന്റെ എംഡി നടേശന്റെ മകളുമായി ശ്രീയുടെ വിവാഹം നടത്താൻ പറ്റൂ കൂടെ ബാലയുടെയും . ഒരു മാറ്റ കല്യാണം അതാണ് അവരും ഉദ്ദേശിക്കുന്നത്. ”

“എല്ലാം നടക്കും ശ്രീധരാ , എന്തിനും ഏതിനും ഞാൻ കൂടെയുണ്ട്. ബിസിനസ് തകർന്ന് നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് തെങ്കാശിയിൽ ഒരു ജോലി കിട്ടിയത്. അവിടെ തുണി എടുക്കാൻ വന്ന നീയുമായി പരിചയത്തിലാകുകയും ആ നെയ്തു ശാല തന്നെ വാങ്ങാൻ സഹായിച്ചതും നീയാണ്. അവിടെ നിന്നും തുടങ്ങിയതാണ് .ഈ സാമ്രാജ്യം മുഴുവൻ കെട്ടിപ്പെടുത്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. അതിന്റെ നന്ദി എപ്പോഴും ഉണ്ടാകും. എന്റെ മരണം വരെയും”

“നീയാണ് യഥാർത്ഥ സ്നേഹിതൻ. ലതികയെ കൊല്ലാൻ ഏർപ്പാടാക്കിയ ആളെ കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടോ ”

“ഇല്ലടോ , ആ വണ്ടിയും അയ്യാളും ഇപ്പോൾ ഏതോ ഒരു കയത്തിൽ മുങ്ങി താഴ്ന്നിട്ടുണ്ടാകും ഒരു തെളിവും അവശേഷിക്കാതെ ”

ശ്രീധരനു അത്ഭുതം തോന്നി ഇനിയാർക്കും ഒരു സംശയവും ഉണ്ടാകില്ല.. അയ്യാൾ ഉള്ളാലെ ചിരിച്ചു..

“എന്തായാലും ശ്രീയുടെ കൂട്ടുകാരന്റെ പെങ്ങളുടെ നിശ്ചയം ഇന്നായത് നന്നായി. അതുകൊണ്ടാണല്ലോ ഡ്രെസ്സ് തയ്ക്കാനുണ്ടെന്നും പറഞ്ഞ് ബാലയെ കൊണ്ട് ലതികയെ കടയിലേക്ക് വിളിപ്പിക്കാൻ പറ്റിയത് . നിശ്ചയത്തിന് പോകേണ്ടതുണ്ട് വേഗം വേണമെന്ന് പറഞ്ഞപ്പോൾ അവൾ ഓടിയെത്തിയതും ഗുണം ചെയ്തു .. ആരും സംശയിക്കില്ല തന്റെ ഈ ബുദ്ധിയെ . ഇനി ശ്രീ യേയും ലക്ഷ്മിയേയും പിരിക്കാൻ എളുപ്പമായി. “ശ്രീധരൻ പറഞ്ഞു

” തക്കസമയത്താണ് തന്റെ കടയിലേക്കുള്ള ചരക്കും കൊണ്ട് ഷൺമുഖം വന്നത്. ഒരു വാടക കൊലയാളി കൂടിയാണവൻ. നിമിഷ നേരം കൊണ്ട് തന്നെ അവൻ കാര്യം നടത്തി . ലതികയെ എങ്ങനെ അവസാനിപ്പിക്കും എന്ന് ചിന്തിച്ചപ്പോൾ ആണ് ശ്രീയ്ക്ക് ലക്ഷ്മിയുമായി ബന്ധമുണ്ടെന്ന് ശ്രീധരനോട് പറയുന്നത് കേട്ടത്. രാഘവന്റെ മരണത്തിന്റെ പക ലക്ഷ്മിയിലൂടെ തീർക്കുകയാണെന്ന് ശ്രീധരനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റി. അവളെ തീർത്താൽ രാധയുമായുണ്ടായിരുന്ന തന്റെ ബന്ധത്തെ പറ്റിയുള്ള രഹസ്യം ലതികയോടെ മണ്ണടിയുകയും ചെയ്യും” മാധവന് സ്വയം അഭിമാനം തോന്നി ശത്രുക്കളെ അവസാനിപ്പിച്ചതിൽ .

പണ്ട് ചിറയ്ക്കലിൽ വന്നപ്പോൾ കണ്ട് ഇഷ്ടപ്പെട്ടതാണ് ശ്രീദേവിയെ . ശ്രീധരനോട് പറഞ്ഞപ്പോൾ അവനും സമ്മതം . കല്യാണം ഉറപ്പിച്ചപ്പോൾ ആണ് രാഘവനുമായുള്ള പ്രണയം അവൾ തന്നോട് പറഞ്ഞത്.. കല്യാണത്തിൽ നിന്നും താൻ പിന്മാറാമെന്ന് ശ്രീദേവിയോട് നുണ പറഞ്ഞു.. ഇഷ്ടപ്പെട്ടതൊന്നും ഇതുവരെ നഷ്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് വിവാഹതലേന്ന് ശ്രീധരനുമായി ചേർന്ന് രാഘവനെ പുഴയിൽ മുക്കി കൊന്നത്..

മാധവനു സന്തോഷമായി…. അപ്പോഴും അയ്യാൾക്കൊരു സംശയം ബാക്കിയായി ലതികയുടെ മകൾ ?
ലതികയെ ചതിച്ചതാര്?…. ലക്ഷ്മിയുടെ പ്രായം വെച്ചു നോക്കിയാൽ അവൾ തെങ്കാശിയിലുണ്ടായിരുന്ന സമയത്ത് ലതിക ഗർഭിണിയായിരിക്കണം ? പക്ഷേ ആരാണയ്യാൾ ?

“ശ്രീധരാ , ലതികയുടെ കല്യാണം കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ മകൾ?”

“കല്യാണം കഴിയാതെയും മക്കളുണ്ടാകില്ലേ ” ശ്രീധരൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അല്ലാ, ലക്ഷ്മിയുടെ അച്ഛൻ ?”

“അതവൾക്ക്‌ പണ്ടേതോ നെയ്തു ശാലയിൽ വെച്ച് ആരോ കൊടുത്തിട്ട് പോയ സമ്മാനമാ .തെങ്കാശിയിലോ മറ്റോ ആണ് . അല്ലാ മാധവനും അവിടെ തന്നെ ആയിരുന്നില്ലേ ?”

അതു കേട്ടപ്പോൾ അയ്യാളൊന്നു ഞെട്ടി.

“അവിടെ നെയ്തു ശാലകൾ ഒരുപാടുണ്ടല്ലോ മുക്കിലും മൂലയിലും നെയ്തു ശാലകൾ മാത്രമാണ് പട്ടിന്റെയും മുണ്ടിന്റേയും അങ്ങനെ ഒട്ടനവധി ”

മാധവന്റെ ഭാവമാറ്റം കണ്ട് ശ്രീധരൻ ഒന്നും പിന്നെ ചോദിച്ചില്ല.

പക്ഷേ ഇതെല്ലാം കേട്ടുകൊണ്ട് അകത്തളത്തിൽ കണ്ണീർ വാർത്തു കൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു. ദേവകി, ശ്രീധരന്റെ ഭാര്യ.

മഴ പെയ്തു തുടങ്ങി. മാധവനും ശ്രീധരനും അകത്തേക്ക് കയറിയപ്പോൾ ആണ് ദേവകിയെ കണ്ടത്. അവളെല്ലാം കേട്ടെന്ന് അവർക്ക് മനസ്സിലായി.

” കേട്ട കാര്യം ആരോടെങ്കിലും പറഞ്ഞാൽ ലതികയുടെ ഗതി തന്നെയായിരിക്കും നിനക്കും ” ശ്രീധരൻ താക്കീതോടെ പറഞ്ഞു.

ദേവകി നിശബ്ദം കരഞ്ഞു.
ശക്തമായ മഴ പെയ്തു കൊണ്ടിരുന്നു. മിന്നലിന് ശക്തി കൂടി വന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇടിയും ഉണ്ടായി…
ശ്രീയെ കാണാതെ ആ അമ്മ വ്യാകുലപ്പെട്ടു.

പാതിരാത്രിയാണ് ശ്രീഹരി വീട്ടിലേക്ക് വന്നു കയറിയത്.അവനെയും കാത്ത് ദേവകി കാത്തിരിക്കുന്നുണ്ടായിരുന്നു.

വന്നപാടെ അവൻ റൂമിലേക്ക് പോകാനൊരുങ്ങി. ദേവകി അവനെ തടഞ്ഞു. മദ്യത്തിന്റെ രൂക്ഷ ഗന്ധം അവനിൽ നിന്നും വന്നിരുന്നു..

“നീ കുടിച്ചിട്ടുണ്ടല്ലേ ”

അവൻമറുപടി പറഞ്ഞില്ല.

“ആരോട് ദേഷ്യം തീർക്കാനാ നീ ഇങ്ങനെ നശിക്കുന്നത്. അച്ഛനോടാണെങ്കിൽ നീ ഇങ്ങനെ കുടിച്ച് നശിക്കേയുള്ളൂ ” അവർ കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു.

“ഞാൻ നശിച്ചാലെന്താ? ആർക്കും നഷ്ടമൊന്നും ഇല്ലല്ലോ ഇവിടെ എല്ലാവർക്കും കുടുംബത്തിന്റെ അന്തസ്സാണല്ലോ മുഖ്യം. അതിനിടയിൽ സ്നേഹത്തിന് സ്ഥാനമില്ലല്ലോ” അവൻ പോകാനൊരുങ്ങി

“മോനേ നീ ഒന്നും കഴിക്കുന്നില്ലേ ”

” എനിക്കൊന്നും വേണ്ട”

അതും പറഞ്ഞ് അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൻ റൂമിൽ കയറി കതകടച്ചു.

പലദിവസങ്ങളും ഇതുപോലെ തന്നെ കടന്നുപോയി. ദേവകി മകനെ ഉപദേശിച്ചു , ശ്വാസിച്ചു. പക്ഷേ ഫലമുണ്ടായില്ല.ശ്രീഹരിയുടെ സ്വഭാവം കൂടുതൽ വഷളായി … ആരോടും സംസാരമില്ലാതെ .
അപ്പച്ചിയോട് മാത്രം എന്തെങ്കിലും സംസാരിക്കും

ശ്രീദേവി എന്നും ലക്ഷ്മിയെ കാണാൻ പോകും … ശ്രീയെ കുറിച്ച് അവൾ ഒന്നും ചോദിച്ചില്ലെങ്കിലും അവർ അവളോട് എല്ലാം പറഞ്ഞിരുന്നു…

എല്ലാം മൂളി കേട്ടതല്ലാതെ ലക്ഷ്മി ഒന്നും പറഞ്ഞില്ല..

ചടങ്ങുകൾ എല്ലാം കഴിഞ്ഞിട്ടും ലക്ഷ്മി കോളേജിൽ പോയില്ല. അതേ പറ്റി ശ്രീദേവി ചോദിച്ചപ്പോൾ ഇനി പഠിക്കുന്നില്ലെന്ന് പറഞ്ഞു.

“മോള് എത്ര വേണമെങ്കിലും പഠിച്ചോ പണത്തെ കുറിച്ച് ചിന്തിക്കണ്ട ഞാൻ തരാം മോളുടെ അമ്മ തരും പോലെ തന്നെയാണ് ഞാൻ “അവർ പറഞ്ഞു

“വേണ്ട ആന്റി, ഞാനിനി പഠിക്കുനില്ല.. ജീവിക്കാനാണെങ്കിൽ അമ്മയുടെ കടയുണ്ട്. അത്യാവശ്യം നല്ല രീതിയിൽ തയ്ക്കാൻ എനിക്കും അറിയാം. അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ”

“മോളേ തയ്പ്പ് ഒരു സൈഡിൽ കൂടി നടന്നോട്ടെ അതിനു വേണ്ടി പഠിപ്പ് മുടക്കണോ ?”

” എന്റെ അമ്മ അവസാനമായി പോയത് തയ്ക്കാനാണ് അമ്മയുടെ ആത്മാവ് ആ കടയിലുണ്ട്. എന്റെ അമ്മയ്ക്കൊപ്പം ഞാനും അവിടെ വേണ്ടേ ആന്റീ ”

പലവട്ടം പറഞ്ഞിട്ടും തുടർന്നു പഠിക്കാൻ ലക്ഷ്മി കൂട്ടാക്കിയില്ല. അവളുടെ മനസ്സ് മാറ്റാൻ പറ്റില്ലെന്ന് ശ്രീദേവിക്ക് മനസ്സിലായി.

ലക്ഷ്മിയുടെ വിവരങ്ങൾ ശ്രീയെ അറിയിക്കുമ്പോൾ അവന്റെ മുഖഞ്ഞ് നിരാശ പടർന്നുകയറുന്നത് ശ്രീദേവി അറിഞ്ഞു.

ഇതിനിടയിൽ ശ്രീയുടെയും ബാലയുടെയും വിവാഹ കാര്യം ചിറയ്ക്കൽ തറവാട്ടിൽ ചർച്ച ചെയ്തു കൊണ്ടിരുന്നു.

ശ്രീധരന്റെ ഭീഷണിയ്ക്കു മുമ്പിൽ ശ്രീഹരി പരമാവധി പിടിച്ചു നിന്നു. “ലച്ചുവിനെ അല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല ” ശ്രീ ഉറച്ച നിലപാടെടുത്തു.

“നീ എന്തൊക്കെ പറഞ്ഞാലും അവളെ കെട്ടാമെന്ന് വിചാരിക്കണ്ട
അതിന് ഞങ്ങൾ സമ്മതിക്കുമെന്നും കരുതണ്ടാ ”

” അതിന് നിങ്ങൾടെ സമ്മതം ആർക്കുവേണം ?”

“അമ്മയ്ക്കു പിന്നാലെ മകളെയും പറഞ്ഞയ്ക്കാൻ എനിക്കറിയാം എന്നു ശ്രീധരൻ പറഞ്ഞപ്പോൾ ലതികയുടെ മരണത്തിൽ അച്ഛനും പങ്കുണ്ടെന്ന് ശ്രീഹരി തീർച്ചപ്പെടുത്തി.

ലതികയുടെ മരണകാരണം തിരക്കി പിന്നീടവൻ പല രീതിയിലും അന്വേഷണം നടത്തി..
പക്ഷേ ഇടിച്ചിട്ടവണ്ടിയോ ഡ്രൈവറേയോ കണ്ടെത്താനായില്ല.

എല്ലാ ദിവസവും സുബോധമില്ലാതെയാണവൻ വീട്ടിലെത്തിയത്. മഹിയും അവനെ ഉപദേശിച്ചു നോക്കി കാര്യമുണ്ടായില്ല.

ഒരിക്കൽ ലക്ഷ്മിയെ കണ്ട് കാര്യം മഹി പറഞ്ഞു.

“ശ്രീഹരിയുടെ കാര്യമാണെങ്കിൽ എനിക്ക് കേൾക്കേണ്ട അതു പറയാനായി മഹിയേട്ടൻ ഇനി ഇവിടെ വരരുത് ” എന്ന് ലക്ഷ്മി പറഞ്ഞപ്പോൾ മഹിക്ക് വിശ്വസിക്കാനായില്ല.

ശ്രീയുടെ മാറ്റം ശ്രീബാലയ്ക്കും താങ്ങാനായില്ല. ഗാംഭീര്യത്തോടെ നെഞ്ചും വിരിച്ച് നടന്നിരുന്ന ശ്രീ കുടിച്ച് ബോധമില്ലാതെ താടിയും മുടിയും വളർത്തി ഒരു ഭ്രാന്തനെ പോലെ .താൻ കാരണമാണല്ലോ ഏട്ടന് ഈ ഗതി വന്നതെന്നോർത്ത് അവളും വേദനിച്ചു..

അമ്മ മരിച്ചതിൽ പിന്നെ ലക്ഷ്മി കോളേജിൽ വന്നിട്ടില്ല. പഠിപ്പ് നിർത്തിയെന്നാണ് കാവ്യ പറഞ്ഞത്. ഒരു പാട് ഉപദ്രവിച്ചിട്ടുണ്ടവളെ എന്നിട്ടും മറുത്തൊന്നും അവൾ എന്നോട് പറഞ്ഞിട്ടില്ല..

ആരൊക്കെ എതിർത്താലും ഏട്ടനോടൊപ്പം നിൽക്കണം. ലക്ഷ്മിയെ ഏട്ടന് തന്നെ കിട്ടണം തന്റെ ഏട്ടൻ ഇങ്ങനെ നശിച്ചു കാണാൻ ഈ ശ്രീബാല അനുവദിക്കില്ല. അവൾ തീരുമാനിച്ചു..

താനന്ന് ഡ്രസ് തയ്ക്കാൻ വിളിച്ചതു കൊണ്ടാണ് അവളുടെ അമ്മ കടയിൽ വന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ആ അമ്മയുടെ മരണത്തിന് ഉത്തരവാദി താനാണ്. എന്നാലും അലമാരിയിൽ വച്ചിരുന്ന ഡ്രസ്സ് എങ്ങനെ കീറി ? അതും പുതിയത്? വേറെ ഇടാൻ പോയപ്പോൾ അമ്മാവനാണ് പറഞ്ഞത് ഇത് തന്നെ ഇട്ടാൽ മതി തയ്ച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് .അമ്മാവൻ തന്നെയാണ് കടയിലേക്ക് കൊണ്ടുപോയതും ” എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്. അച്ഛനും അമ്മാവനും പലപ്പോഴും മാറിനിന്ന് സംസാരിക്കാറുണ്ട് ,അമ്മ കരച്ചിൽ തന്നെയാണ് ഏതു നേരവും സത്യങ്ങൾ കണ്ടുപിടിക്കണം അവൾ തീരുമാനിച്ചു.

ഇതിനിടയിൽ ശ്രീദേവിയെ കൊണ്ട് മാധവൻ തിരിച്ചു പോയിരുന്നു. അതുകൊണ്ട് ലച്ചുവിന്റെ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്രീ വീണ്ടും ലക്ഷ്മിയുടെ വീട്ടിലെത്തി. അവിടെയെത്തിയപ്പോൾ ഒരു പെണ്ണുകാണൽ ചടങ്ങാണ് അവൻ കണ്ടത്. കുനിഞ്ഞ മുഖവുമായി ചെറുക്കനു ചായ കൊടുക്കുന്ന ലക്ഷ്മി.

അടുത്ത വീട്ടിലെ രമണി ചേച്ചിയും സീത ചേച്ചിയും പിന്നെ ഒന്നുരണ്ട് ആളുകളും. ചെറുക്കനെ കണ്ടവൻ ഞെട്ടിത്തെറിച്ചു …

“ലച്ചൂ , ” അതൊരു അലർച്ചയായിരുന്നു …

അവനെ കണ്ടതു ലക്ഷ്മിയുടെ കൈയ്യിലിരുന്ന ഗ്ലാസ്സുകൾ താഴേക്കു പതിച്ചു.

കുടിച്ച് ബോധമില്ലാതെ തന്റെ നേർക്ക് പാഞ്ഞടുക്കുന്ന ശ്രീഹരിയെ കണ്ടവൾ ഭയന്നുവിറച്ചു.

അവളെ വലിച്ച് തന്റെ നെഞ്ചിലേക്കിട്ടതും ആരൊക്കെയോ ശ്രീയെ തള്ളി മാറ്റിയതും ഒരുമിച്ചായിരുന്നു.

അപ്രതീക്ഷിതമായി നടന്നതുകൊണ്ട് ലക്ഷ്മിയും അവനോടൊപ്പം താഴേക്കു പതിച്ചു. കണ്ടു നിന്നവർ അവനിൽ നിന്ന് ലക്ഷ്മിയെ അടർത്തിമാറ്റാൻ ശ്രമിച്ചു. ശ്രീഹരിയുടെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ നിന്നും ലക്ഷ്മിയെ വേർപ്പെടുത്താൻ അവർക്കായില്ല.

“ശ്രീയേട്ടാ വിട് എന്നെ വിടാനല്ലേ പറഞ്ഞത്. “ലക്ഷ്മി അപേക്ഷിക്കുകയല്ല മറിച്ച് ആജ്ഞാപിക്കുകയാണ് ചെയ്തത്.

അവളുടെ കണ്ണിൽ സ്നേഹത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല ആ നിമിഷം . അവൻ പിടി വിട്ടില്ല സഹിക്കാൻ പറ്റാതായപ്പോൾ മുഖമടച്ച് ഒന്നു കൊടുത്തവൾ .

അടി കൊണ്ടിട്ടും അവൻ പിന്മാറിയില്ല വീണ്ടും അവളെ കൂടുതൽ അടുപ്പിച്ചു.

“വിടാനല്ലേ പറഞ്ഞത് ”
അവളുടെ മുഖഭാവം കണ്ടപ്പോൾ അവൻ കൈകൾ മാറ്റി അവൾ വേഗം എഴുന്നേറ്റു .

അവനും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണു പോയി. അതു കണ്ടപ്പോൾ ലക്ഷ്മി തന്നെ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

“ദൈവത്തെ ഓർത്ത് ഒന്നു പോയി തരോ ? ഇനിയെന്നെ കാണാൻ ശ്രമിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ എന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കോ ”

” ലച്ചൂ നീയില്ലാതെ എനിക്ക് പറ്റില്ലെടീ, ഒരു പാട് നാളായി ഉള്ളിന്റെയുള്ളിൽ പതിഞ്ഞു കിടക്കുന്നതാ ഈ മുഖം . നിന്നെയല്ലാതെ എന്റെ ജീവിതത്തിലേക്ക് മറ്റൊരാളെ എനിക്ക് സങ്കല്പിക്കാൻ കൂടി പറ്റില്ല”

“വർഷങ്ങളായി ലക്ഷ്മിയെ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെയാ ശ്രീഹരി ഈ നാട്ടിലെ സകല പെണ്ണുങ്ങളും നിന്റെ കാമുകിമാരായി ?”
ശബ്ദം കേട്ട ദിക്കിലേക്ക് ശ്രീ നോക്കി. മനോജ്! ഒരിക്കൽ ലക്ഷ്മിയോട് അപമര്യാദയായി പെരുമാറിയവൻ.
അവനെ കണ്ടതും ശ്രീയുടെ മുഖം വലിഞ്ഞു മുറുകി.

“എന്താ ശ്രീ എന്നെ മറന്നു പോയോ ? നമ്മൾ തമ്മിൽ ഒരു പഴയ കണക്കുണ്ടല്ലോ നമ്മുക്കത് തീർക്കണ്ടേ?”

“ഓഹോ മനോജ് പഴയ കണക്ക് തീർക്കാൻ വന്നതാണല്ലേ എന്നാ ഇപ്പോൾ തന്നെ തീർക്കാം “അതും പറഞ്ഞ് ശ്രീ അയ്യാളുടെ കഴുത്തിൽ കുത്തി പിടിച്ചു..

“ശ്രീയേട്ടാ ഒന്നു നിർത്തുന്നുണ്ടോ ? എന്നെ വിവാഹം കഴിക്കാൻ വന്നയാളെ തല്ലാൻ നിങ്ങളാരാ? ഇറങ്ങി പോകുന്നുണ്ടോ ഇവിടെന്ന് ”
അതു കേട്ടപ്പോൾ ശ്രീ അവളെ അനുകമ്പയോടെ നോക്കി.

(തുടരും )
അനീഷ സുധീഷ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശ്രീലക്ഷ്മി – പാർട്ട്‌ 6”

  1. വായിച്ചപ്പോൾ എന്തോ ഭയങ്കര വിഷമം. എല്ലാം കലങ്ങി തെളിയാൻ കാത്തിരിക്കുന്നു.

Leave a Reply

Don`t copy text!