Skip to content

ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer

(5 customer reviews)

Book Details

BOOK NAMEബാല്യകാലസഖി | Balyakalasakhi
AUTHORVaikom Muhammad Basheer
CATEGORYFiction, Romance
LANGUAGEMalayalam
NUMBER OF PAGES96 pages
PUBLISHERDC Books
PUBLISHING DATE1 January 2019
EDITION53rd edition
ISBN-10817130009X
ISBN-13978-8171300099
DIMENSIONS23.4 x 15.6 x 1.9 cm
READING AGE7 - 14 years
PRICE
EBOOK

ബാല്യകാലസഖി | Balyakalasakhi Review

മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക്‌ മുന്നില്‍ അനാവൃതമാകുന്നു.

ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, “ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ്‌ ആവുകയും സുഹറയോട്‌ പ്രണയം തോന്നുകയും ചെയ്‌തു.”

ഇത്‌ ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക്‌ കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട്‌ പരമാവതി ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ബാല്യകാലസഖിയെ നമുക്ക്‌ സമ്മാനിച്ചത്‌.

അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ “ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.” ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ്‌ താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്‌.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ്‌ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കഴിഞ്ഞ രാത്രികള്‍.

നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട്‌ ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്‌.

വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌്‌ അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്‌ നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.

“ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ”, എന്ന്‌ പറയുന്ന സുഹറയെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, “ഓ മിഷറ്‌്‌ കടിക്കുവല്ലോ!” എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും.

ഒരു സ്വപ്‌ന ജീവിയായ മജീദ്‌ മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും “മക്കം കാണാമോ ചെറുക്കാ?” എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്‌ നോക്കിപോകും.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌. അതും വളരെ കുറച്ചു വാക്കുകളിലൂടെ.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്‌. അതുപോലെ കാതുകുത്ത്‌, സുന്നത്‌ കല്യാണം എന്നിവയൊക്കെ അന്ന്‌ എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്‌.

അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട്‌ വിട്ടു ഒരുപാടൊരുപാട്‌ അലഞ്ഞിട്ടുണ്ട്‌. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്‌. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ്‌ വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്‌.

മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്‌. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ്‌ ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.

By Nadiya Kc

 

https://youtu.be/zCVLhQ_6qdM

 

ബാല്യകാലസഖി | Balyakalasakhi Summary

അയൽക്കാർ തമ്മിലുള്ള ബാല്യകാല പ്രണയം, കൗമാരപ്രായത്തിൽ വികാരാധീനമായ പ്രണയത്തിലേക്ക് വിരിഞ്ഞു. മജീദ്, സുഹറ ഇവരാണ് ഇതിന്റെ കേന്ദ്രകഥാപാത്രങ്ങൾ. മജീദിന്റെ പിതാവ് സമ്പന്നനായിരുന്നു, അതിനാൽ പഠനത്തിൽ ഉത്സാഹമില്ലാതിരുന്നിട്ട് കൂടിയും, അദ്ദേഹത്തെ പഠിക്കുവാനായി വിദൂര പട്ടണത്തിലെ ഒരു സ്കൂളിലേക്ക് അയച്ചു. മറുവശത്ത് സുഹ്‌റയുടെ പിതാവിന് രണ്ട് അറ്റങ്ങളും കൂട്ടിമുട്ടിക്കാൻ തന്നെ പ്രായാസപ്പെടുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം തന്റെ മകളുടെ പഠനത്തിലുള്ള ഇഷ്ടം കണ്ടിട്ട്, മകളെ സ്കൂളിൽ അയയ്ക്കാൻ ആഗ്രഹിച്ചു. എന്നാൽ അവളുടെ പിതാവിന്റെ മരണം കൂടുതൽ പഠിക്കുവാനുള്ള അവളുടെ പ്രതീക്ഷകളെല്ലാം തകർത്തു. സുഹ്‌റയുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ മജീദ് പിതാവിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.

അച്ഛനുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് മജീദ് വീട്ടിൽ നിന്ന് ഇറങ്ങുകയും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വളരെക്കാലം വിദൂര ദേശങ്ങളിൽ അലഞ്ഞുനടക്കുകയും ചെയ്യുന്നു. മടങ്ങിയെത്തുമ്പോൾ, തന്റെ കുടുംബത്തിന്റെ മുൻ സമ്പത്ത് എല്ലാം ഇല്ലാതായെന്നും തന്റെ പ്രിയപ്പെട്ട സുഹ്‌റ മറ്റൊരാളെ വിവാഹം കഴിച്ചതായും അദ്ദേഹം കണ്ടെത്തുന്നു. സ്നേഹം നഷ്ടപ്പെട്ടതിൽ അദ്ദേഹം വളരെ ദുഖിതനായി. മുൻപ് വളരെ സുന്ദരിയും ഊർജ്ജസ്വലവുമായിരുന്ന സുഹ്‌റ ഇപ്പോൾ ജീവിതത്താൽ ക്ഷീണിതയായ ഒരു സ്ത്രീയായിരിക്കുന്നു .അങ്ങനെ സങ്കടത്തിലൂടെയാണ് നോവൽ അവസാനിപ്പിക്കുന്നത്.

 

About the Vaikom Muhammad Basheer

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

 

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Don`t copy text!