Site icon Aksharathalukal

അനഘ – ഭാഗം 24

anagha aksharathalukal novel

തന്നെ കാണാനായി ആരോ വന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് മാലിനി റൂമിൽ നിന്നും പുറത്തേക്ക് വന്നത്..

ഹാളിലെ സെറ്റിയിലിരിക്കുന്ന രഘുറാമിനെ കണ്ട് അവരൊരു നിമിഷം അത്ഭുതപ്പെട്ടു..

നിറഞ്ഞ ചിരിയോടെ അവർ അയാൾക്കരികിലേക്ക് നടന്നു..

മാലിനി-“രഘുറാം സർ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ..?”

രഘുറാം-“ഇങ്ങോട്ട് വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു..അപ്പോ ഇവിടെ ഒന്ന് കയറി വിശ്വൻ സാറിനെ ഒന്ന് കാണാമെന്നും കരുതി..അന്ന് നിശ്ചയത്തിന് മര്യാദയ്ക്കൊന്ന് കാണാൻ കഴിഞഞിട്ടില്ല..”

മാലിനി-“അതിനെന്താ…വരൂ..”

മാലിനി രഘുറാമിനേയും കൂട്ടി വിശ്വനെ കിടത്തിയ മുറിയിലേക്ക് ചെന്നു..

രഘുറാം ബെഡ്ഡിന് അടുത്തിട്ട കസേരയിൽ ചെന്ന് ഇരുന്നു..

രഘുറാം-“സാറിന്റെ കണ്ടീഷനിൽ വല്ല മാറ്റവും…?”

മാലിനി-“ഇതുവരൗ ഇല്ല..ഇടക്ക് നേരിയ തോതിൽ മാറ്റം കണ്ടിരുന്നു..പിന്നേയും പഴേപടിയായി…”

രഘുറാം-“നമുക്ക് വിദേശത്തേക്ക് കൊണ്ട് പോയി ട്രീറ്റ്മെന്റ് നടത്തിയാലോ..?”

മാലിനി-“വലിയ മാറ്റമൊന്നും ഉണ്ടാവാൻ സാധ്യത ഇല്ലെന്നാ വി.കെ ഹോസ്പിറ്റലിലെ മധുസൂധനൻ ഡോ.പറഞ്ഞത്..അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിലാണ് ഇപ്പോൾ..”

രഘുറാം-“ഓഹ്..അദ്ദേഹം വളരെ ഫേമസ് ആയ ഡോക്ടർ അല്ലേ..അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിക്ക് പിന്നെ റിക്കവറിക്ക് ചാൻസ് കുറവാണ്…

മാലിനിക്ക് അറിയാമോ..

ഞങ്ങൾ ഒരു വർഷത്തിന് മുമ്പ് ഡൽഹിയിൽ ഒരു മീറ്റിംഗിന് വെച്ച് പരിചയപ്പെട്ടതാണ്..

അന്ന് സർ അടുത്ത പ്രൊജക്ട് നമുക്ക് ഒരുമിച്ച് ചെയ്യണമെന്ന് പറഞ്ഞിരുന്നു…

പക്ഷേ..എല്ലാം ഇങ്ങനെ ആയി തീരും എന്ന് പ്രതീക്ഷിച്ചില്ല..”

രഘുറാം വിഷമത്തോടെ പറഞ്ഞ് നിർത്തി…

മാലിനി-“കണ്ണന്റെ ഭാര്യയായിരുന്നവൾ..അവളാണ് ഈ കുടുംബത്തിനെ ഇങ്ങനെയാക്കി മാറ്റിയത്…”

രഘുറാം-“കഴിഞ്ഞ് പോയതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ..ഇനി വരാനുള്ള നല്ലത് മാത്രം ചിന്തിക്കുക…”

മാലിനി-“ഞാൻ കുടിക്കാൻ എടുക്കാം..”

മാലിനി ചിരിച്ച് കൊണ്ട് കിച്ചനിലേക്ക് പോയി…അവർ പോയി കഴിഞ്ഞതും രഘുറാമിന്റെ മുഖഭാവം മാറി..

ഒരു പുച്ഛത്തോടെ വിശ്വന്റെ മുഖത്തിന് നേരെ നോക്കി…

രഘുറാം-“വിശ്വനാഥൻ..ഓർമയുണ്ടോ ടോ തനിക്കെന്നെ..ഒരു വർഷം മുമ്പ് തന്റെ മുന്നിലൊരു പ്രൊജക്ടുമായി വന്നപ്പോ ആട്ടിയിറക്കി വിട്ടതല്ലായിരുന്നോ താൻ..

അന്ന് താനെന്താ പറഞ്ഞത്..?

തന്നെ പോലെയുള്ള ചെറ്റകൾക്കൊന്നും എന്റെ കൂടെ നിൽക്കാൻ പോലും പറ്റില്ലെന്നോ..?

ഇപ്പോൾ എന്തായി…?

നീ അന്ന് ചെറ്റ എന്ന് വിഷേശിപ്പിച്ച അതേ ആളുടെ കൂടെയാ നിന്റെ മക്കൾ ബന്ധം സ്ഥാപിക്കാൻ പോകുന്നത്..

എതിർത്ത് നിൽക്കാൻ പോയിട്ട് ഒന്ന് ചുണ്ടനക്കാൻ പോലുമാവാതെ നിന്റെയീ നിസ്സഹായനായിട്ടുള്ള കിടപ്പ് കണ്ടിട്ട് എനിക്ക് വല്ലാത്ത സംതൃപ്തി തോന്നുന്നുണ്ട്..

ഇനി അധികം വൈകാതെ നിന്റെ സ്വത്തുക്കളെല്ലാം എന്റെ കൈപിടിയിൽ ആവും..അത് കണ്ട് നീ നീറി നീറി മരിക്കണം..”

വിശ്വന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് രഘുറാം ചിരിച്ചു…

അപ്പോഴാണ് മാലിനി ജ്യൂസുമായി വന്നത്..അത് വാങ്ങി കുടിച്ച് രഘുറാം പോവാനായി ഇറങ്ങി..

രഘുറാം-“കാർത്തിയെ കാണാൻ പറ്റിയില്ല..അവനോട് പറഞ്ഞേക്കൂ ഞാൻ വന്നിരുന്നു എന്ന്..”

മാലിനി-“പറയുന്നുണ്ട്.”

രഘുറാം-“അപ്പോൾ ശരി..ഞാനിറങ്ങുന്നു..”

……

അനഘയ്ക്കിപ്പോൾ ആറാം മാസം ആണ്..

ഒരു ദിവസം വൈകുന്നേരം എല്ലാവരും കൂടെ ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുകയായിരുന്നു..

വിച്ചു-“ലച്ചുചേച്ചി ഒത്തിരി സുന്ദരി ആയിട്ടുണ്ട് അല്ലേ അമ്മേ..?”

അനഘയുടെ അടുത്തിരുന്ന വിച്ചു അവളുടെ തുടുത്ത കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു..

ഭവാനി-“നീ പിടിച്ച് വലിച്ച് മോളെ വേദനിപ്പിക്കാതെ..”

വിച്ചു-“ഓ ഇല്ല..ചേച്ചി പറ..എന്താ ഈ സൗന്ദര്യത്തിന്റെ സീക്രട്…?”

ഭവാനി-“പെൺകുട്ടികളാണെങ്കിൽ ഗർഭിണികൾ നന്നായിട്ട് ഭംഗി വെക്കും എന്ന് പറയാറുണ്ട്..ചിലപ്പോ അതാവും..”

വിച്ചു-“ആണോ ടാ വാവേ..?”

വിച്ചു അനഘയുടെ വയറിലേക്ക് മുഖം വെച്ച് പറഞ്ഞു..

വിച്ചു-“അമ്മേ..എന്നെ എന്താ കുഞ്ഞ് വിളിക്കാ..?”

കാശി-“കുട്ടി പിശിചെ എന്ന്..”

വിച്ചു-“പോ ഏട്ടാ…അമ്മ പറ..”

ഭവാനി-“ചിറ്റ എന്ന് വിളിച്ചോട്ടേ..”

വിച്ചു-“വാവേ..ചിറ്റയാ വിളിക്കുന്നേ..

അമ്മേ..കുഞ്ഞ് ഇപ്പഴാ അനങ്ങുവാ..?”

അനഘ-“ചെറുതായിട്ട് അനങ്ങലുണ്ട് മോളേ..”

ഭവാനി-“ആറ് മാസം ആയില്ലേ..?ഇനിയങ്ങോട്ട് ചവിട്ടാനും തുടങ്ങും..”

വിച്ചു-“നമുക്ക് വാവയെ എന്താ വീട്ടിൽ നിന്ന് വിളിക്കുക..?”

കാശി-“ആൺകുട്ടി ആണെങ്കിൽ അപ്പു എന്ന് വിളിക്കാം..പെൺകുട്ടി ആയാൽ കുഞ്ഞാറ്റ എന്നും..”

വിച്ചു ചോദിച്ചതിന് കാശി അധികം ആലോചിക്കാതെ മറുപടി കൊടുത്തു…എല്ലാവരും അവനെ തന്നെ നോക്കി…

കാശി-“എന്തേ..ഇഷടായില്ലേ..?”

ഭവാനി-“കൊള്ളാം ടാ…”

വിച്ചു-“കുഞ്ഞാറ്റേ…ചിറ്റേടെ മുത്തേ..”

അനഘ-“ഔ…”

കാശി-“എന്ത് പറ്റി…?”

അനഘ പെട്ടന്ന് സൗണ്ട് ഉണ്ടാക്കിയപ്പോൾ എല്ലാവരും പേടിച്ച് പോയി…കാശി വെപ്രാളത്തോടെ അനഘയുടെ അടുത്തേക്ക് ചെന്നു..

അനഘ-“ചവിട്ടി..”

കാശി-“എന്ത്..?”

വിച്ചു-“കിച്ചേട്ടാ..വാവ ചവിട്ടി..”

അനഘ ഒരു നിറഞ്ഞ ചിരിയോടെ വയറിൽ പിടിച്ചു…

കാശി കൈകൾ അവളുടെ വയറിന് നേരെ കൊണ്ട് ചെന്നു…

വിച്ചുവിന്റെ കൂടെ അവനും കൈവെച്ചു…

കാശി-“കുഞ്ഞാറ്റേ….”

അനഘയ്ക്ക പെട്ടന്ന് എന്തോ പോലെ തോന്നിയെങ്കിലും കാശിയുടെ ശ്രദ്ധമുഴുവൻ കുഞ്ഞിനെയായിരുന്നു…

കാശി വിളിച്ചതും കുഞ്ഞ് പിന്നേയും ചവിട്ടി..

കാശിക്ക് ഇതുവരെയില്ലാത്ത ഒരു അനുഭവമായിരുന്നു അത്..

……..

ദിവസങ്ങൾ കൊഴിഞ്ഞു…

കാശി അനഘ അറിയാതെ അവളെ പ്രണയിച്ചുകൊണ്ടിരുന്നു…

പലപ്പോഴായി അനഘയോട് പറയാൻ ശ്രമിക്കുമ്പോഴും അവളേത് രീതിയിൽ പ്രതികരിക്കുമെന്ന പേടി കാശിയെ അതിൽ നിന്നും പിന്തിരിപ്പിച്ചു…

രണ്ട് മാസങ്ങൾക്ക് ശേഷം…

രണ്ടാഴ്ച മുമ്പ് കൊച്ചിയിലേക്ക് പോയ കാശി ഇന്നായിരുന്നു തിരിച്ച് വന്നത്…

ഹോസ്പിറ്റലിന്റെ കാര്യങ്ങൾ ഏകദേശം റെഡി ആയിട്ടുണ്ടായിരുന്നു…

രാത്രി ഭക്ഷണം കഴിച്ച് മുകളിലേക്ക് പോവാനായി നിന്നപ്പോഴാണ് ഫോൺ റിംങ് ചെയ്തത്..

അവനാ ഫോണും കൊണ്ട് ഉമ്മറത്തേക്ക് ചെന്നു..

രാജീവായിരുന്നു വിളിച്ചത്..

രാജീവ്-“എന്തായി ടാ..?നീ ലച്ചൂനോട് പറഞ്ഞോ..?”

കാശി-“ഇല്ലടാ…എനിക്ക് എന്തോ..പിന്നെ പറയാം..”

രാജീവ് കാശിയോട് ഇന്ന് തന്നെ അവളോടുള്ള ഇഷ്ടം തുറന്ന് പറയാൻ പറഞ്ഞിരുന്നു..

രാജീശ്-“ടാ പുല്ലേ..നീയല്ലായിരുന്നോ വല്ല്യ ആളായി ഇനന് തന്നെ പറയും എന്നൊക്കെ പറഞ്ഞത്..ഇപ്പോ എന്തായി..?”

കാശി-“പോടാ പട്ടീ..നിനക്ക് അതൊക്കെ പറയാം..അവളുടെ മുന്നിൽ പോയി നിൽക്കുമ്പോ ആകെ ടെൻഷനാവുന്നു..ഹോ..വല്ലാത്തൊരു അവസ്ഥ തന്നെയാ ഇത്..”

രാജീവ്-“നിന്ന് ഓവർ ഡയലോഗ് അടിക്കാതെ പോയി പറയാൻ നോക്ക്..”

കാശി-“ഞാൻ പറയും..ഇന്നല്ല..രണ്ട് ദിവസം കൂടെ കഴിയട്ടേ..ഒന്ന് കൂടെ പ്രിപ്പേർ ആയിട്ട് വേണം ലക്ഷമിയുടെ കണ്ണിലേക്ക് നോക്കി എനിക്ക് അവളോട് പ്രണയമാണ് എന്ന് പറയാൻ..”

രാജീവ്-“നീ എവിടേക്ക് നോക്കി പറഞ്ഞാലും കുഴപ്പമില്ല..പക്ഷേ പറയണം.”

കാശി-“ഓ തമ്പ്രാ…”

രാജീവ്-“ഹ്മം..ശരിയെന്നാ..ഞാൻ ദിവസവും വിളിച്ച് ഓർമിപ്പിക്കുന്നുണ്ട് നിന്നെ..”

കാശി-“വേണം എന്നില്ല..എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്..”

രാജീവ്-“അപ്പൊ ശരി..ഗുഡ് നൈറ്റ്..”

കാശി-“ഗുഡ് നൈറ്റ്..”

കാശി ഫോണും വെച്ച് തിരിഞ്ഞതും പിന്നിൽ നിന്ന് ഇതെല്ലാം ശ്രവിച്ച് നിന്ന ആളെ കണ്ട് അവൻ സ്തംഭിച്ച് നിന്നു…

മുകളിലത്തെ റൂമിലേക്ക് പോവുന്നത് ബുദ്ധിഉട്ടായതിനാൽ അനഘയിപ്പോൾ താഴെയായിരുന്നു കിടക്കുന്നത്…

റൂമിലേക്ക് പോവുന്ന സമയത്താണ് ഉമ്മറത്ത് നിന്നും ആരുടെയോ സംസാരം കേട്ടത്…

കാശി ആരോടോ ഫോണിൽ സംസാരിക്കുന്നതാണെന്ന് കണ്ട അവൾ തിരികെ പോവാൻ ഒരുങ്ങുമ്പോഴാണ് അവൻ അവളെ കുറിച്ച് പറയുന്നത് കേട്ടത്…

അവളുടെ കാലുകൾ പിടിച്ച് കെട്ടിയത് പോലെ നിന്നു…

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൾ തറഞ്ഞ് നിന്നു…

അപ്പോഴാണ് കാശി ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും..

അനഘയുടെ കവിലിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിൽ നിന്നും അവളെല്ലാം കേട്ടിരിക്കുന്നു എന്ന് കാശിക്ക് മനസ്സിലായി..

അത് കണ്ട് കാശി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു..

കാശി ഒരു വേള എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു..

കാശി-“ലക്ഷ്മീ..ഞാൻ..”

അവൻ അനഘക്ക് നേരെ ചെന്നപ്പോഴേക്കും അവളൊന്നും മിണ്ടാതെ തിരിഞ്ഞ് റൂമിലേക്ക് നടന്നു..

കാശി പിന്നാലെ ചെന്നപ്പോഴേക്കും അവൾ വാതിൽ അടച്ചിരുന്നു..

കാശിക്ക് അവളോട് സംസാരിക്കാൻ കഴിയാത്തതിൽ അതിയായ നിരാശ തോന്നി..

രണ്ട് മൂന്ന് തവണ ഡോറിന് തട്ടാനായി കൈ ഉയർത്തിയെങ്കിലും അവൻ പിൻവലിച്ചു..

എന്ത് തന്നെയായാലും നാളെ അനഘയോട് സംസാരിച്ച് തീർക്കണം എന്ന് തീരുമാനിച്ച് കാശി അവന്റെ റൂമിലേക്ക് ചെന്നു..

ഉറങ്ങാൻ കിടന്നെങ്കിലും അവന് അതിന് കഴിഞ്ഞില്ല..

അനഘയുടെ മനസ്സിൽ എന്തായിരിക്കും എന്ന് അറിയാതെ അവനാകെ അസ്വസ്ഥനായിരുന്നു..

എന്നായാലും അറിയുമ്പോൾ അനഘ പ്രതികരിക്കുമെന്ന് കരുതിയിരുന്നു..

എന്നാൽ അവളുടെ ഇന്നത്തെ ഈ പെരുമാറ്റം അവനെ വല്ലാതെ സംശയിപ്പിച്ചു..

ഓരോന്ന് ചിന്തിച്ച് ഒരുപാട് നേരം കഴിഞ്ഞിട്ടാണ് കാശിയുടെ കണ്ണുകളിൽ ഉറക്കം വന്ന് മൂടിയത്..

രാവിലെതന്നെ ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് കാശിയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്..

കാശി ഉറക്ക ചടവോട് കൂടി തന്നെ ഫോണെടുത്ത് അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു..

അഭി-“ടാ..ലച്ചുവും നീയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..?”

കാശിക്ക് പെട്ടന്ന് അഭി എന്താണ് ചോദിച്ചതെന്ന് മനസ്സിലായില്ല..

കാശി എഴുന്നേറ്റിരുന്ന് അഭിയോട് എന്താണെന്ന് ചോദിച്ചു..

അഭി-“ടാ..അവളിപ്പോ എന്നെ വിളിച്ചിരുന്നു..

തറവാട്ടിലേക്ക് വരണം എന്ന് പറയാൻ..

ഞാൻ ഫ്രീ ആണെങ്കിൽ അങ്ങോട്ടേക്ക് വന്ന് അവളെ കൂട്ടി കൊണ്ട് പോവാൻ..

എന്താ ഇഷ്യൂ..?”

അഭിയുടെ സംസാരത്തിൽ നിന്നുമാണ് കാശിക്ക് ഇന്നലെ രാത്രി നടന്ന കാര്യങ്ങളാകാം അനഘ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് മനസ്സിലായി..അവൻ തലയിൽ കൈകൊടുത്ത് ഇരുന്നു..

അഭി-“ടാ..നീ ഞാൻ ചോദിച്ചത് കേട്ടില്ലേ..?

കാശി-“ആ..അഭി..ഇന്നലെ രാത്രി രാജീവ് വിളിച്ചിരുന്നു..സംസാരത്തിനിടയിൽ ഞാൻ ലക്ഷമിയോട് ഇഷ്ടമാണെന്ന് പറയുന്നതിനെ പറ്റിയും പറഞ്ഞിരുന്നു..അത്..ലക്ഷ്മി കേട്ടു..”

അഭി-“ആഹാ..ബെസ്റ്റ്..എന്നിട്ട് രണ്ടും തല്ലി പിരിഞ്ഞോ..?”

കാശി-“ഇല്ല..ഇന്നലെ ഞാൻ സംസാരിക്കാൻ ചെന്നപ്പോഴേക്ക് അവൾ കതകടച്ചിരുന്നു..”

അഭി-“ഇനി ഞാനെന്താ ചെയ്യേണ്ടത്..?അങ്ങോട്ട് വരണോ..?”

കാശി-“വന്നാ നിന്റെ മുട്ട് കാൽ ഞാൻ തല്ലി ഒടിക്കും..ഇത് ഞാൻ സോൾവ് ചെയ്യുന്നുണ്ട്..”

അഭി-“ഹ്മം..ശരിയെന്നാ..നീ വിളിക്ക്..”

കാശി-“ഹാ..ഓക്കെ..”

അഭി ഫോൺ വെച്ച ഉടനെ കാശി മുഖം കഴുകി താഴേക്ക് ചെന്നു..

സേതവിന്റെ വണ്ടി പുറത്തൊന്നും ഇല്ലായിരുന്നു..

ഭവാനി അടുക്കളയിൽ കാര്യമായിട്ടുള്ള ജോലിയിൽ ആയിരുന്നു..വിച്ചു നല്ല ഉറക്കിലും..

ഇതാണ് അനഘയോട് സംസാരിക്കാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ കാശി അങ്ങോട്ടേക്ക് ചെന്നു..

അനഘ ബെഡിലിരുന്ന് ഉണക്കിയ വസ്ത്രങ്ങൾ മടക്കി വെക്കുന്ന തിരക്കിലായിരുന്നു..

ആരോ വരുന്ന ശബ്ദം കേട്ട് അവൾ പതിയെ തല ഉയർത്തിയതും മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടു..

അവൾ പെട്ടന്ന് തന്നെ നോട്ടം മാറ്റി പതിയെ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് അവനെ നോക്കാതെ പുറത്തേക്ക് പോവാൻ തുനിഞ്ഞു.

പക്ഷേ അപ്പോഴേക്കും അവൾക്ക് മുന്നിൽ തടസ്സമായി കാശി നിന്നു..

കാശി-“ലക്ഷമീ..തന്നോടെനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”

കാശി പറഞ്ഞതൂ കേട്ടിട്ടും അവൾ തലയുയർത്തി നോക്കിയില്ല..

അവളുടെ ഭാഗത്ത് നിന്നും മറുപടിയൊന്നും ലഭിക്കാത്തതിനാൽ കാശി തുടർന്നു..

കാശി-“അഭി എന്നെ വിളിച്ചിരുന്നു..നിനക്ക് തറവാട്ടിലേക്ക് പോവാൻ അവനെ വിളിച്ചു എന്ന് പറഞ്ഞു..

ഞാൻ കാരണമാണ് ആ തീരുമാനം എടുത്തതെങ്കിൽ അതിന്റെ ആവശ്യം ഇല്ല..

ഞാനോ എന്റെ പ്രണയമോ നിനക്ക് ഒരു ശല്യമാവില്ല..

എന്ന് കരുതി എന്റെ ഇഷ്ടം ഞാൻ ഉപേക്ഷിച്ചു എന്നല്ല..

ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറി കൂടിയതാണ് നീ..

അത് ഒന്നിന്റെ പേരിലും ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല..

അനഘ-“ഞാൻ..ഒരു സുഹൃത്തായിട്ട് മാത്രമേ നിങ്ങളെ കണ്ടിട്ടുള്ളൂ…അതിൽ കൂടുതൽ ഒന്നും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കരുത്..എനിക്കതിന് സാധിക്കില്ല..”

മുഖമുയർത്താതെ തന്നെ അനഘ നൽകിയ മറുപടി കാശിയെ വേദനിപ്പിച്ചു..

കാശി-“ഞാനൊരെക്കലും എന്റെ പ്രണയം നിന്നിൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല..

എന്റെ പ്രണയത്തിന് നിന്റെ മനസ്സിൽ ഒരു സ്ഥാനം നൽകുന്നത് വരെ ഞാൻ കാത്തിരിക്കും..അതിനി എന്നായാലും..

അത് വരെ തനിക്ക് ഞാനൊരു നല്ല സുഹൃത്തായിരിക്കും..”

അനഘ-“മനസ്സിൽ പ്രണയം വെച്ചിട്ട് എനിക്ക് മുന്നിൽ സൗഹൃദം അഭിനയിച്ചതല്ലേ ഇതുവരെ..?അങ്ങനെയൊരു സൗഹൃദത്തെ ഞാനിഷ്ടപ്പെടുന്നില്ലെങ്കിലോ..?”

കാശി-“നീ എന്നെ അങ്ങനെയാണോ മനസ്സിലാക്കിയത് ലക്ഷ്മീ..

ഞാൻ നിന്നെ പ്രണയിക്കുന്നതായിട്ട് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..?

ഒരു നോട്ടം കൊണ്ട് പോലും എന്റെ പ്രണയം നീ മനസ്സിലാക്കരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..

അതൊരിക്കലും എന്റെ പ്രണയത്തെ വിശ്വാസമില്ലാഞിട്ടല്ല..മറിച്ച് എന്റെ പ്രണയത്തേക്കാൾ നിനക്കാവശ്യം എന്റെ സൗഹൃദമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്..ഇന്നലെ ആ ഫോൺ കോൾ നീ കേട്ടില്ലായിരുന്നെങ്കിൽ എന്റെ പ്രണയം ഞാൻ പറയാതെ നീ അറിയില്ലായിരുന്നു…”

അനഘ-“എനിക്ക് ഒന്ന് ഒറ്റക്കിരിക്കണം..ശല്യപ്പെടുത്താതെ ഒന്ന് പോയിത്തരാമോ..”

കാശി-“ഞാൻ പറഞ്ഞല്ലോ ലക്ഷ്മീ..ഞാനൊരിക്കലും നിനക്കൊരു ശല്യമാവില്ല..മറ്റെന്തിനേക്കാളും നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം..”

കാശി അനഘയുടെ അടുത്തേക്ക് നീങ്ങി നിന്നു..

അവളുടെ കണ്ണുകളിലേക്ക് നോക്കി കാശി പറഞ്ഞ് തുടങ്ങി..

കാശി-“ഈ ജന്മത്തിൽ കാശിനാഥന്റെ മനസ്സിൽ ആദ്യമായും അവസാനമായും പ്രണയം തോന്നിയത് നിന്നോടാണ്..ഇനിയുള്ള ഏഴ് ജന്മങ്ങളിലും എന്റെ പാതിയായി നിന്നേയാണ് ഞാൻ ആഗ്രഹിക്കുന്നത് ലക്ഷ്മീ….

ഞാൻ അണിയിക്കുന്ന ആലിലത്താലി നിന്റെ മാറിലും ഞാൻ ചാർത്തുന്ന സിന്ദൂരം നിന്റെ നെറുകയിലും അണിയുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കും..

നീ എന്നിൽ ചേരുന്ന അന്നല്ലാതെ എന്റെ കാത്തിരിപ്പ് അവസാനിക്കില്ല..

കാശിയുടെ പാതിയായി ലക്ഷ്മിയല്ലാതെ മറ്റൊരു പെണ്ണുണ്ടാവില്ല..ഒരിക്കലും..”

കാശി നിലത്ത് മുട്ട് കുത്തി ഇരുന്ന് അനഘയുടെ വയറിലേക്ക് നോട്ടം എറിഞ്ഞു..

കാശി-“അച്ചേടേ കുഞ്ഞാറ്റേ..ഇനി അച്ച ഇവിടെ നിൽക്കാണെങ്കിൽ അത് അമ്മക്ക് ഇഷ്ടായില്ലെങ്കിലോ..അതോണ്ട് അച്ച പോവാ ട്ടോ..”

കാശി മനസ്സിൽ പറഞ്ഞ് അനഘയുടെ രണ്ട് കൈയും പിടിച്ച് അതിലേക്ക് ചുണ്ടുകൾ ചേർത്തു..ആ കൈകൾ വയറിലേക്ക് വെച്ച് അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു….

തനിക്ക് ചുറ്റും എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ അനഘയ്ക്ക് പിന്നേയും സമയം വേണ്ടി വന്നു..

എന്നിട്ടും അനഘ ആ നിൽപ്പിൽ നിന്ന് അനങ്ങിയില്ല.

ഭവാനിയുടെ വിളിയാണവളെ ഉണർത്തിയത്..

ചായകുടിക്കാൻ ഇരുന്നപ്പോഴും അനഘ കാശിയുടെ മുഖത്തേക്ക് ഒരിക്കൽ പോലും നോക്കിയില്ല..

കാശി-“അമ്മേ..അഫ്സൽ വിളിച്ചിരുന്നു..എനിക്ക് ഇന്ന് തന്നെ കൊച്ചിക്ക് പോവണം..”

കാശി പറഞ്ഞത് കേട്ട് അനഘ കഴിക്കുന്നത് നിർത്തി ഞെട്ടലോടെ അവന് നേരെ മുഖമുയർത്തി നോക്കി..

ഭവാനി-“എന്താ മോനേ പെട്ടന്ന്..?”

കാശി-“കുറച്ച് അത്യാവശ്യം ആണ്..ഞാനിപ്പോ തന്നെ ഇറങ്ങും..അച്ഛനോട് അമ്മ പറഞ്ഞാൽ മതി..”

കാശി കഴിക്കുന്നത് നിർത്തി എഴുന്നേറ്റു..

അനഘയും ഭവാനിയും കഴിച്ച് പാത്രങ്ങളൊക്കെ കഴുകി വെച്ചപ്പോഴേക്കും കാശി പോവാൻ റെഡി ആയി താഴേക്ക് വന്നിരുന്നു..

ഭവാനിയോട് പറഞ്ഞ് അനഘയെ ഒന്ന് നോക്കി കാറിൽ കയറി..

കാശി-“അമ്മ വിച്ചു എഴുന്നേൽക്കുമ്പൊ പറഞ്ഞേക്കണേ..”

ഭവാനിയോട് പറഞ്ഞ് കാശി കാർ സ്റ്റാർട്ട് ചെയ്ത് പോയി..

……..

കൊച്ചിയിൽ എത്തിയ ശേഷം കാശി അനഘയെ ഒരിക്കൽ പോലും വിളിച്ചിരുന്നില്ല…

എങ്കിലും ദിവസവും ഭവാനിയെ വിളിച്ച് അവളുടെ വിവരങ്ങൾ എല്ലാം ചോദിക്കലുണ്ടായിരുന്നു..

കാശി പിന്നെ വന്നത് അനഘയുടെയും കാർത്തിയുടെയും ഡിവോർസിന്റെ അവസാനത്തെ സിറ്റിങ്ങിന് പോവേണ്ടതിന്റെ തലേന്നാണ്…

പിറ്റേന്ന് പോവുന്ന സമയത്ത് അനഘ്ക്ക് തന്റെ കൂടെ വരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കാശി തന്നെയാണ് വിച്ചുവിനെയും കൂടെ കൂട്ടിയത്..

പോവുന്ന വഴിയിലും അനഘ ഒരിക്കൽ പോലും കാശിയോട് ഒന്നും സംസാരിച്ചിരുന്നില്ല..പലപ്പോഴായും അനഘയോടൊന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടായിട്ടും അവളെ അവൻ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചില്ല..

കാർത്തികും കൃതിയും കോടതിയിൽ നേരത്തെ തന്നെ എത്തിയിരുന്നു..

കാറിൽ നിന്ന് ഇറങ്ങിയ അനഘയുടെ വീർത്ത വയറിലേക്ക് കാർത്തിയുടെ നോട്ടം എത്തി..

അപ്പോഴാണ് കാശിയും വിച്ചുവും ഇറങ്ങി അവൾക്ക് ഇരുവശവും ആയി നിന്നത്..

വരാന്തയിലേക്ക് കയറുന്ന അനഘയെ കാണിക്കാനായി കൃതി കാർത്തികിന്റെ കൈയിൽ കോർത്ത് പിടിച്ച് അവനോട് ചേർന്ന് നിന്ന് സംസാരിക്കാൻ തുടങ്ങി…

എന്നാൽ ഒരിക്കൽ പോലും അനഘയുടെ ശ്രദ്ധ അവർക്ക് മേൽ പതിഞ്ഞില്ല..

അവസാന സിറ്റിങ്ങും കഴിഞ്ഞ് അനഘയും കാർത്തിയും നിയമപരമായെ വേർപിരിഞ്ഞു..

തുടരും

അതേ ഈ എട്ടാം മാസത്തിലൊന്നും ഡിവോർസ് കൊടുക്കില്ലെന്നാ അറിഞ്ഞത്..പക്ഷേ എനിക്ക് ഡിവോർസ് കിട്ടിയാലെ കാര്യങ്ങളൊക്കെ മുന്നോട്ട് പോവുള്ളൂ..സോ ഇത് വെറും ഒരു കഥയായിട്ട് മാത്രം കാണുക..

Fabi

4.2/5 - (6 votes)
Exit mobile version