Site icon Aksharathalukal

ധ്രുവൻ – The Niyogi – 2

dhruvan

അധ്യായം – 2

***************

അവന്റെയൊരു ചങ്ങാതി… നിനക്ക് കുറച്ചെങ്കിലും ബുദ്ധിയുണ്ടോ മായൻ… എടുത്ത് ചാട്ടം കൂടുന്നുണ്ട്… നിനക്ക് ചെന്നായ കൂട്ടത്തിന്റെ പിന്തുണ മാത്രമേയുള്ളു… ബാക്കി മുഴുവൻ മൃഗങ്ങളും നന്ദയുടെ മേധാവിത്വം അംഗീകരിക്കുന്നവരാണ് … അവളോട് ഏറ്റുമുട്ടി നീ പരാജയപ്പെട്ടാൽ എനിക്കോ നിനക്കോ ഇവിടെ നിൽക്കാൻ പോലും പറ്റില്ല… നിന്നെ പിന്തുണക്കുന്നതിന്റെ പേരിൽ ചെന്നായ കൂട്ടത്തിൽ പോലും ഇപ്പോൾ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്….

പിന്നെ നമ്മൾ എന്ത് വേണമെന്നാണ് പറയുന്നത്…

കാത്തിരിക്കണം…. അവസരം വരാൻ കാത്തിരിക്കണം…

എത്രകാലം നിപുണൻ.. ഈ പുരുഷത്വം ആ പെൺകടുവയുടെ മുന്നിൽ പണയം വെച്ചുകൊണ്ട് എത്രനാൾ കാത്തിരിക്കണം….

മായൻ അക്ഷമയോടെ ചോദിച്ചത് കേട്ട് നിപുണൻ ആകാശത്തേക്ക് നോക്കി…

അധികകാലം വേണ്ടി വരില്ല മായൻ… അവൻ വരാറായി…. സർവ്വനാശത്തിന്റെ രാജകുമാരൻ… ഇരുട്ടിന്റെ അധിപൻ… അവന്റെ എഴുന്നള്ളത്തിനു സമയമായി….

അത് പറയുമ്പോൾ നിപുണന്റെ കണ്ണുകൾ അസാധാരണമാം വിധം തിളങ്ങി….

                  **************

ഉത്തരേന്ത്യയിലെ ഒരു ഉൾനാടൻ ഗ്രാമം….

വരണ്ടുണങ്ങി വിണ്ട് കീറി കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന തരിശ് ഭൂമിയുടെ നടുവിൽ പ്രേത ഭവനം പോലെ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ ഉള്ളിൽ അവർ ഉണ്ടായിരുന്നു…

വിശ്വദാസ് മൽഹോത്ര എന്ന തിന്മയുടെ കിങ്കരനും അയാളുടെ സഹായി പപ്പു എന്ന് വിളിപ്പേരുള്ള പവിത്രദാസും…

തങ്ങളുടെ മുൻപിൽ ഇരിക്കുന്ന സ്‌ഫടികഗോളത്തിൽ നിന്നും വമിക്കുന്ന ഹരിതനിറമുള്ള പ്രകാശത്തിലേക്ക് നോക്കി വിശ്വദാസ് അട്ടഹസിച്ചു….

ഈ ലോകനന്മക്കായി ഒരുവൻ പിറന്നിരിക്കുന്നു…. ഈ ഭാരതമണ്ണിന്റെ തെക്കേ അറ്റത്ത്… മൃഗരൂപത്തിൽ ഒരു നിയോഗി….. തിന്മ വിതക്കാൻ ഒരുങ്ങുന്ന നമ്മളെ തടയാൻ ദൈവത്തിന്റെ ഒരു പോരാളി….. മുളയിലേ നുള്ളണം അവനെ…

വിശ്വദാസ് അമർഷത്തോടെ പറഞ്ഞത് കേട്ട് പപ്പു അയാളുടെ മുഖത്തേക്ക് നോക്കി…

നിയോഗികൾ വേറെയുമുണ്ടല്ലോ… പിന്നെ ഇവനെ മാത്രം ഇപ്പോഴേ ഇല്ലായ്മ ചെയ്യണമെന്ന് പറയുന്നത് എന്താ?

ഇവൻ….. ധ്രുവൻ എന്ന നാമം സ്വീകരിച്ച ഈ നിയോഗി…. മറ്റുള്ള നിയോഗിമാരെ പോലെയല്ല…. സംഹാരത്തിന്റെ മൂർത്തീഭാവമാണ്…. അവനാരാണെന്നും അവന്റെ കരുത്ത് എന്താണെന്നും അവൻ സ്വയം തിരിച്ചറിയും മുൻപേ അവനെ ഇല്ലായ്മ ചെയ്തില്ലെങ്കിൽ പിന്നീട് ഒരിക്കലും നമ്മുക്ക് അതിന് സാധിക്കില്ല… അത്രക്ക് കരുത്തനാണവൻ…

അത് പറയുമ്പോൾ വിശ്വദാസിന്റെ മുഖത്ത് നേരിയൊരു ഭയം ഉടലെടുത്തിരുന്നു…

നമ്മൾ ഇപ്പോൾ എന്ത് ചെയ്യണം ജി….?

ചെയ്തു കഴിഞ്ഞല്ലോ… പോയി കഴിഞ്ഞു തിന്മയുടെ കരുത്തനായ സേവകൻ…. അവൻ അവിടെ എത്തി ചേരുന്നത് വരേയുള്ളു ധ്രുവൻ ഈ ഭൂമിയിൽ… അത്രയ്ക്കു കരുത്തുള്ളവനാണ് പോയിരിക്കുന്നത്…. അവനെ തടയുക എന്നത് സാധാരണ ജന്മങ്ങൾക്ക് സാധ്യമായ കാര്യമല്ല…

പപ്പുവിന്റെ സംശയത്തിന് ക്രൂരമായ ഒരു പുഞ്ചിരിയോടെ വിശ്വദാസ് മറുപടി പറഞ്ഞു…..

                 ***************

ധ്രുവൻ ഭൂമിയിലേക്ക് വന്നിട്ട് 45 ദിവസങ്ങൾ പിന്നിട്ടിരുന്നു…. അപ്പോഴേക്കും അവൻ ആ കാടിന്റെ ഓമനയായി മാറി കഴിഞ്ഞിരുന്നു… നന്ദ ധ്രുവനെ പരിശീലിപ്പിച്ചു തുടങ്ങിയിരുന്നു….

ആ വനാന്തരങ്ങളിലൂടെ  അവന്റെ കുഞ്ഞികാലുകൾ പിച്ച വെച്ചു തുടങ്ങുകയും പിന്നീട് അതിവേഗം കുതിച്ചു തുടങ്ങുകയും ചെയ്തു…

കളിക്കാൻ കൂട്ടുകാർ ഇല്ലാത്തതായിരുന്നു അവന് ഏറെ വിഷമം ഉണ്ടാക്കിയ പ്രധാന കാര്യം….. മുയലുകളും അത് പോലുള്ള ചെറുജീവികളും ചാടി കളിക്കുന്നത് കാണുമ്പോൾ ധ്രുവൻ അവർക്കരികിലേക്ക് ഓടിയെത്തും….

കൂടെ കളിക്കാനുള്ള ആവേശത്തിൽ ഓടിയെത്തുന്ന ധ്രുവനെ കാണുമ്പോൾ തന്നെ ആ സാധുമൃഗങ്ങൾ സ്വന്തം ജീവനിൽ കൊതിയുള്ളത് കൊണ്ട്  ജില്ല വിടും… നമ്മുടെ ആശാൻ ആണെങ്കിൽ പൊട്ടൻ ആട്ടം കാണുന്നത് പോലെ വായും പൊളിച്ചു നിൽക്കും….

ഇത് പതിവായപ്പോൾ ധ്രുവൻ അമ്മയോട് കാര്യം ചോദിച്ചു…

എന്നെ കാണുമ്പോൾ മറ്റുള്ളവർ എന്താ അമ്മേ ഓടികളയുന്നത്…? അവർക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണോ…?

അല്ല മോനെ അവർ ഭയന്നിട്ട് ഓടുന്നതാണ്…

അതെന്തിനാ അവർ എന്നെ ഭയക്കുന്നത്…. വിശക്കുമ്പോൾ മാത്രമേ വേട്ടയാടാൻ പാടുള്ളു എന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ…. ഞാൻ കളിക്കാൻ ചെല്ലുന്നതല്ലേ….?

ധ്രുവൻ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കണ്ട നന്ദക്ക്‌ ഉള്ളിൽ ചിരി പൊട്ടി….

നമ്മൾ കടുവകളല്ലേ…. വീരശൂരപരാക്രമികൾ… അപ്പോൾ നമ്മൾ അത് പോലെ വീരന്മാരായവരുമായി വേണം കൂട്ടുകൂടാൻ…. അല്ലാത്തവർ നമ്മളെ കണ്ട് ഭയന്ന് ഓടും…..

അമ്മ പറയുന്നത് കേട്ട് ധ്രുവൻ നിരാശയോടെ തല കുനിച്ചു….

ധ്രുവൻ കുഞ്ഞല്ലേ…. ധ്രുവൻ ഒറ്റക്ക് വേട്ടയാടാറായില്ല എന്ന് അമ്മ എപ്പോഴും പറയാറുണ്ടല്ലോ… ആ മണ്ടന്മാർക്ക് ഇതൊന്നും അറിയില്ലേ….?

നിരാശയോടെ സ്വയം പറഞ്ഞ ധ്രുവന്റെ ദേഹത്തേക്ക് നന്ദ തന്റെ മുഖം അടുപ്പിച്ചു.. അവനെ സ്നേഹത്തോടെ നക്കി….

ഞാൻ ഇനി വീരനെ എവിടെപ്പോയി കണ്ടെത്തുമോ…. എന്തോ….?

സ്വയം പറഞ്ഞു കൊണ്ട് ധ്രുവൻ അമ്മയുടെ ദേഹത്തോട് ചേർന്ന്  ചുരുണ്ടുകൂടി കിടന്നു….

ഇതേ പോലെ ധ്രുവനെ കുഴക്കിയ മറ്റൊരു സംഗതി ആയിരുന്നു ചിത്രശലഭങ്ങൾ…. പല വർണ്ണങ്ങളിൽ പാറിപറന്നു നടക്കുന്ന ചിത്രശലഭങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു….

ധ്രുവൻ ചിത്രശലഭങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കും… അതുങ്ങൾ പിടികൊടുക്കുമോ? …. ധ്രുവൻ വീണ്ടും വീണ്ടും ശ്രമിക്കും…. അവസാനം നടക്കില്ല എന്നുറപ്പാകുമ്പോൾ മച്ചാൻ പിണങ്ങിയത് പോലെ പരിപാടി നിർത്തി തിരിച്ചു നടക്കും…. മിക്കവാറും ദിവസങ്ങളിൽ ഈ കലാപരിപാടി അരങ്ങേറും….

ഒരു ദിവസം പതിവ് പോലെ ചിത്രശലഭങ്ങളുമായുള്ള ഘോരയുദ്ധം വീണ്ടുമൊരു പരാജയം സമ്മാനിച്ച നിരാശയുമായി ധ്രുവൻ തിരികെ വരുമ്പോഴാണ്… കൂർത്ത മുഖവും നീളൻ വാലും ശരീരം മുഴുവൻ രോമവുമുള്ള ഒരു ജീവിയെ കാണുന്നത്…

ധ്രുവൻ അനങ്ങാതെ അവനെ തന്നെ തല അങ്ങോട്ടും ഇങ്ങോട്ടും ചരിച്ചു സൂക്ഷ്മമായി നോക്കി…. അവന്റെ മുൻപിൽ വന്ന് പെട്ടവനെങ്കിൽ ഓർക്കാപ്പുറത്ത് കടുവക്കുഞ്ഞിന്റെ മുൻപിൽ പെട്ടു പോയ അവസ്ഥയിൽ അറിയാതെ മൂത്രം വരെ പോയി….

നീ വീരനാണോ…..?

ധ്രുവൻ ഗൗരവത്തിൽ ചോദിച്ചു…

അല്ല ഞാൻ വിമലൻ ആണേ….

അവൻ ഭയത്തോടെ മറുപടി പറഞ്ഞു….

പേരല്ല ചോദിച്ചത്….. നീ വീരശൂരപരാക്രമി ആണോ എന്നാണ് ചോദിച്ചത്…. ഞങ്ങൾ കടുവകളെ പോലെ….?

ഞാൻ കടുവയല്ല കുറുക്കനാണ്…. പിന്നെ വീരൻ ആണോ എന്ന് ചോദിച്ചാൽ വീരനാണ്.. പക്ഷെ സ്വന്തം ജീവനിൽ കൊതിയില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ…?

എന്റെ അമ്മ പറഞ്ഞു വീരന്മാരോടേ കൂട്ടുകൂടാൻ പാടുള്ളു എന്ന്… നിനക്ക് എന്റെ കൂട്ടുകാരൻ ആവാൻ പറ്റുമോ?

ധ്രുവന്റെ നിൽപ്പും ഭാവവും ചോദ്യവുമൊക്കെ കേട്ടപ്പോൾ വിമലൻ ധ്രുവനെ അടിമുടി ഒന്ന് നോക്കി…

ഇവന് വല്ല ഭ്രാന്തുമുണ്ടോ എന്നത് തന്നെയായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം….

അല്ല… നീ ഒരു കടുവക്കുഞ്ഞ്… ഞാൻ ഒരു കുറുക്കൻ… അവസാനം എനിക്ക് പണി കിട്ടുമോ…?

വിമലൻ സംശയത്തോടെ ചോദിച്ചു…?

കടുവയായി എന്നെ കാണണ്ട….  കുറുക്കനായി കണ്ടാൽ മതി…. അപ്പോഴോ…?

ഇവനാള് കൊള്ളാമല്ലോ എന്നായി അപ്പോഴേക്കും വിമലന്റെ ചിന്ത… ആദ്യമൊക്കെ ഭയത്തോടെയാണ് നിന്നതെങ്കിലും പിന്നെ പിന്നെ ഇരുവരും കൂട്ടായി… ധ്രുവൻ വികൃതിയായിരുന്നെങ്കിൽ വിമലൻ വികൃതിയുടെ അപ്പോസ്തലൻ ആയിരുന്നു…. രണ്ടും കൂടി ചേർന്നപ്പോൾ തലവേദന നന്ദക്കായി….

ഒരുസമയത്ത് പോലും ധ്രുവൻ അടങ്ങി ഇരിക്കില്ല എന്ന അവസ്ഥ വന്നു.. ഉറങ്ങുമ്പോൾ മാത്രമാണ് അവന്റെ കാലുകൾക്ക് വിശ്രമം ലഭിച്ചിരുന്നത്…

ദിവസങ്ങൾ അതിവേഗം കടന്നു പോയി….

ഒരു ദിവസം നന്ദയുടെ കണ്ണ് വെട്ടിച്ചു വിമലനും ധ്രുവനും അത്യാവശ്യം വലിയൊരു വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി…. പാറകളിൽ തട്ടി വെള്ളം ഒഴുകി ഇറങ്ങി അഗാധതയിലേക്ക് പതിക്കുന്നത് ധ്രുവൻ അത്ഭുതത്തോടെ നോക്കിനിന്നു….

ഇതെന്താ ഈ വെള്ളം ഒഴുകി പോകുന്നത്?

അവൻ നിഷ്കളങ്കതയോടെ വിമലനോട് ചോദിച്ചു…

വെള്ളം എപ്പോഴും ഒഴുകി കൊണ്ടിരിക്കും….

അപ്പോൾ ഗുഹക്ക് സമീപമുള്ള വലിയ കുഴിയിലെ വെള്ളം ഒഴുകാറില്ലല്ലോ?

ധ്രുവന്റെ അടുത്ത സംശയം കേട്ടതും വിമലൻ തിരിഞ്ഞു നിന്നു… ഈ കുട്ടിപിശാചിന്റെ  സംശയങ്ങൾ എങ്ങനെ തീർത്തുകൊടുക്കും എന്നതായിരുന്നു അവന്റെ അപ്പോഴത്തെ മുഖഭാവം…

എന്റെ പൊന്നു ധ്രുവ… നീ ഇങ്ങനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിച്ചു എന്നെ ധർമസങ്കടത്തിലാക്കല്ലേ…. ഇതൊക്കെ നിനക്ക് വലുതാകുമ്പോൾ മനസിലാകും…

ഞാൻ എപ്പോൾ വലുതാകും….?

തൊട്ടടുത്ത നിമിഷം ധ്രുവന് അടുത്ത സംശയം ഉദിച്ചു….

വിമലൻ നിരാശയോടെ തല മുകളിലേക്ക് ഉയർത്തി… അവന്റെ മുഖം അപ്പോൾ പരമദയനീയാവസ്ഥയിൽ ആയിരുന്നു…

നീ പെട്ടെന്ന് വലുതാവും… ഇപ്പോൾ വാ… ഇതിലും ഭേദം നീ എന്നെ ഒറ്റയടിക്ക് കൊല്ലുന്നതായിരുന്നു ധ്രുവാ…

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരുത്തന്റെ രോദനത്തിനു സമാനമായിരുന്നു അപ്പോൾ വിമലന്റെ ശബ്ദം…

ധ്രുവന് അത് മനസ്സിലാകുകയും ചെയ്തു…. പിന്നെ അവൻ ഒന്നും ചോദിക്കാൻ പോയില്ല….

ഇരുവരും കുറച്ചു നേരം അവിടമാകെ കളിച്ചു നടന്നു…

പെട്ടെന്ന് വിമലന് എന്തോ പന്തികേട് തോന്നി… അവൻ കളി നിർത്തി ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി….

വടിപോലെ നിന്നുകൊണ്ട് ചെവികൾ വിടർത്തി പരിസരം വീക്ഷിക്കുന്ന വിമലനെ കണ്ട് ധ്രുവൻ അമ്പരന്നു….

എന്ത് പറ്റി…..?

അവൻ ഭയത്തോടെ ചുറ്റും നോക്കികൊണ്ട് വിമലനോട് ചോദിച്ചു…

വിമലൻ തല ചെരിച്ചു ധ്രുവനെ ഒന്ന് നോക്കി…. ശേഷം അവൻ അകലെ കാണുന്ന വൃക്ഷങ്ങൾക്ക് ഇടയിലൂടെ ദൃഷ്ടികൾ എവിടെയോ ഉറപ്പിച്ചു…

ഒന്ന്…. രണ്ട്…. മൂന്ന്….മൂന്നേമൂന്ന് നിമിഷങ്ങൾ…. വൃക്ഷങ്ങൾക്ക് ഇടയിൽ നിന്നും മിന്നൽ പോലെയാണ് മായൻ അവർക്ക് നേരെ കുതിച്ചെത്തിയത്….

ഓടിക്കോടാ….. !

വിമലന്റെ ശബ്ദം ദൂരെ എവിടെ നിന്നോ ധ്രുവൻ കേട്ടു…. പക്ഷെ ഭയം കൊണ്ട് ധ്രുവന്റെ കാലുകൾ നിലത്ത് ഉറഞ്ഞു പോയിരുന്നു…. അവന്റെ ശരീരം കിടുകിടെ വിറക്കാൻ തുടങ്ങി….

മായൻ ധ്രുവന്റെ ചുറ്റും  പതിഞ്ഞ താളത്തിൽ നടക്കാൻ തുടങ്ങി…. ധ്രുവൻ ഭയം മൂലം തല പോലും ഉയർത്താതെ കുനിഞ്ഞു തന്നെ നിന്നു….

ധ്രുവൻ… നന്ദയുടെ മകൻ…. നീ സുന്ദരൻ ആണല്ലോടാ ചെക്കാ?

മായൻ പറഞ്ഞതിനോട് പ്രതികരിക്കാതെ ധ്രുവൻ നിന്നു…

മായൻ തന്റെ നാവു നുണഞ്ഞു… ശേഷം തല ശക്തമായി ഒന്ന് കുടഞ്ഞു….

നിന്റെ അമ്മയുടെ കാലശേഷം ഈ കാട് സ്വന്തമാക്കാൻ നടക്കുന്ന എനിക്ക് നീയൊരു തടസമാണ് കുഞ്ഞേ… അതുകൊണ്ട്… അതുകൊണ്ട് മാത്രം ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്….

ധ്രുവന്റെ അരികിലേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് മായൻ മുരണ്ടു…. ധ്രുവൻ പേടിച്ചു നിന്നിടത്ത് തന്നെ മെല്ലെ കാലുകൾ മടക്കി കിടന്നു കൊണ്ട് ചുരുണ്ടു കൂടി…

മായൻ തന്റെ കൂർത്ത പല്ലുകൾ വെളിവാകും വിധം ധ്രുവനെ നോക്കി ഇളിച്ചു കൊണ്ട് വീണ്ടും മുരണ്ടു…

മായൻ…. അരുത് അവിവേകം കാണിക്കരുത്….

എവിടെ നിന്നെന്നറിയാതെ നിപുണൻ അവിടെ പ്രത്യക്ഷപ്പെട്ടു….

ശബ്ദം കേട്ട് മായൻ തിരിഞ്ഞു നോക്കി…

വരൂ ചങ്ങാതി…. ഇവനെ ഇപ്പോൾ ഇവിടെ വെച്ച് തീർക്കുന്നത് എങ്ങനെയാണു അവിവേകം ആകുന്നത്…?

ക്രൂരത നിറഞ്ഞ മുഖത്തോടെ മായൻ നിപുണനോട് ചോദിച്ചു….

മായാ… അതിന് ശേഷം എന്ത് സംഭവിക്കും എന്ന് നീ ആലോചിച്ചിട്ടുണ്ടോ…?

അതിന് ശേഷം എന്തായാലും ഞാൻ നേരിടാൻ തയ്യാറാണ് നിപുണൻ…  ഇവൻ ഇനി ജീവനോടെ വേണ്ട…

കുറച്ചകലെ പാറകൾക്കിടയിൽ മറഞ്ഞു നിന്നു ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന വിമലന് എന്ത് ചെയ്യണം എന്നൊരു രൂപവും കിട്ടിയില്ല..

മായൻ വീണ്ടും ധ്രുവന് നേരെ തിരിഞ്ഞു…. അവന്റെ കണ്ണുകൾ തിളങ്ങി….

ശക്തമായി മുരണ്ടു കൊണ്ട് മായൻ തന്റെ വലത് മുൻകാൽ ഉയർത്തിയതും ധ്രുവൻ ഭയം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു….

തൊട്ടടുത്ത നിമിഷം കാട് വല്ലാതെ ഉലയുന്ന ശബ്ദം കേട്ട് മായനും നിപുണനും അങ്ങോട്ട് നോക്കി….

ഇരുവരുടെയും മുഖത്ത് ഭയം എന്ന വികാരം മൊട്ടിട്ടു…

ആടിയുലയുന്ന മരങ്ങൾക്ക് ഇടയിലൂടെ മലമ്പാമ്പിനെ പോലെയുള്ള തുമ്പിക്കൈ ആണ് ആദ്യം പുറത്തു വന്നത്…

തൊട്ട് പുറകെ ചെമ്മണ്ണും മരകറയും പറ്റിപിടിച്ചിരിക്കുന്ന വളഞ്ഞു മൂർച്ച കൂടിയ രണ്ട് കൊമ്പുകൾ…. അതിനും പിന്നിൽ ആ കാട് മുഴുവൻ എരിച്ചു കളയാൻ മാത്രം ശക്തിയുള്ള അഗ്നി എരിയുന്ന കണ്ണുകളും വീതിയേറിയ മസ്തകവും…. അവർക്ക് മുന്നിൽ തെളിഞ്ഞു…..

സ… സ…. സഹ്യാദ്രി….

ആ പേര് പറഞ്ഞ നിപുണന്റെ ശബ്ദം ഭയം കൊണ്ട് വിക്കി പോയി….

തങ്ങളുടെ മുന്നിൽ മഹാമേരു പോലെ ചെവിയാട്ടി നിൽക്കുന്ന സഹ്യപുത്രന്റെ വിശ്വരൂപം കണ്ടതും മായന്റെയും നിപുണന്റെയും പകുതി ജീവൻ പോയി…

സഹ്യാദ്രി…..

ആ കാട്ടിൽ എന്ത് കാര്യത്തിനും അവസാനവാക്ക് അവന്റേതാണ്… കാട് അടക്കി ഭരിക്കുന്ന നന്ദ പോലും സഹ്യാദ്രിയുടെ വാക്കുകൾക്ക് എതിര് പറയാറില്ല…. കാരണം സഹ്യാദ്രിയുടെ കരുത്ത് ആ കാട്ടിൽ പാടി പതിഞ്ഞ പാണൻ പാട്ടു പോലെ പ്രശസ്തമാണ്… പക്ഷെ അവന്റെ കരുത്ത് നേരിട്ട് അറിഞ്ഞവർ ആരും അത് മറ്റൊരോടും പറഞ്ഞിട്ടില്ല…. കാരണം പറയാൻ അവരാരും ജീവനോടെ ബാക്കിയുണ്ടായിട്ടില്ല….

സഹ്യാദ്രി മായനെ നോക്കി… പിന്നെ നിപുണനെയും ധ്രുവനെയും…

എന്താടാ പിള്ളേരെ ഇവിടെ പരിപാടി…?

ഇടിമുഴക്കം പോലെയാണ് ആ കരുത്തന്റെ ശബ്ദം അവിടെ മുഴങ്ങിയത്…

ഒന്നുമില്ല….  ഞങ്ങൾ വെറുതെ ഇവിടെ…. കളിയായിരുന്നു…

നിപുണൻ ഒരു വിധം പറഞ്ഞൊപ്പിച്ചു…

നുണയാണ്… ഇവര് ധ്രുവനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു…

പാറയിടുക്കിന്റെ മറവിൽ നിന്നും കുതിച്ചെത്തിയ വിമലൻ ഉറക്കെ വിളിച്ചു പറഞ്ഞു…

മായനും നിപുണനും ഒരുപോലെ വിമലനെ നോക്കി…

ഈ കുരിപ്പ് ഇപ്പോൾ എവിടുന്ന് വന്നു എന്നതായിരുന്നു നിപുണന്റെ ചിന്ത…

നീ ഏതാടാ….?

സഹ്യാദ്രി അവനോട് ചോദിച്ചു…

ഞാൻ കുറുക്കൻ കൂട്ടത്തിൽ ഉള്ളതാണേ…അനയന്റെ മകൻ…

ഏത് കുറുക്കൻ കൂട്ടത്തിന്റെ നേതാവ് അനയന്റെ കുരുത്തംകെട്ട ഒരു പുത്രനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്…

ഓ… ഞാൻ തന്നെയാണ് അത്… !

മ്മ്…. നീയാണോ ഇത്തിരിയില്ലാത്ത ഈ ചെക്കനെ കാട്  മുഴുവൻ കൊണ്ട് നടന്ന് ചീത്തയാക്കുന്നത്…?

സഹ്യാദ്രി ദേഷ്യത്തോടെ വിമലനോട് ചോദിച്ചു…

അയ്യോ ഞാൻ ചീത്തയാക്കുന്നതല്ല അവൻ സ്വയം ചീത്തയാകുന്നതാണ്…

വിമലൻ വിനയത്തോടെ സഹ്യാദ്രിയെ അറിയിച്ചു….

സഹ്യാദ്രിയുടെ ശ്രദ്ധ വീണ്ടും മായനിലേക്കും നിപുണനിലേക്കുമായി….

മായൻ…. നീ ചെന്നായക്കൂട്ടവുമായി കാട്ടിൽ നടത്തിവരുന്നതതൊക്കെ ഞാൻ അറിയുന്നുണ്ട്… എന്റെയോ എന്റെ കൂട്ടരോ മാത്രമല്ല… ഈ കാട്ടിലെ സകലമാന പക്ഷിമൃഗാദികളും എന്റെ സഹോദരർ ആണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ… വെറുതെ എന്നെ ആവിശ്യമില്ലാത്ത കാര്യത്തിലേക്ക് വലിച്ചിടരുത്… അത് നിനക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ല….

സഹ്യാദ്രിയുടെ ശബ്ദത്തിലെ താക്കീത് മായനും നിപുണനും വ്യക്തമായും മനസിലായി….

നീ ചെറുപ്പമാണ്… ജീവിതം ഒരുപാട് ബാക്കിയുണ്ട്… കാടിന്റെ നന്മക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യൂ… മ്മ്.. പൊയ്ക്കോ….

സഹ്യാദ്രി പറഞ്ഞതും മായൻ ധ്രുവനെ ഒന്ന് നോക്കിയിട്ട് മെല്ലെ നടന്നു… പുറകെ നിപുണനും…. മായന്റെ ഉള്ളം അപമാനവും പകയും കൊണ്ട് നീറി…

അവർ പോയി കഴിഞ്ഞതും സഹ്യാദ്രി വിമലന് നേരെ തിരിഞ്ഞു…

ചെക്കനെ നന്ദയുടെ അടുത്ത് കൊണ്ടാക്കണം… സുരക്ഷിതമായി…

വിമലനോട് പറഞ്ഞിട്ട് സഹ്യാദ്രി സ്നേഹപൂർവ്വം തന്റെ തുമ്പികൈ കൊണ്ട് ധ്രുവനെ തഴുകി…

ഈ കുരുത്തംകെട്ടവന്റെ കൂടെ നടന്നു അപകടത്തിൽ ഒന്നും പോയി ചാടരുത്… നിന്നെ ഈ കാടിന് മാത്രമല്ല.. ഈ ലോകത്തിനു മുഴുവൻ ആവശ്യമുണ്ട്….

പൊയ്ക്കോ രണ്ടാളും….

ഭയം കൊണ്ട് ചൂളിപോയിരുന്ന ധ്രുവന് ആശ്വാസവും നന്ദിയും നിറഞ്ഞ ഒരു നോട്ടം സഹ്യാദ്രിക്ക് നേരെ നൽകിയിട്ടു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…..

അവൻ അകന്നു പോകുന്നത് നോക്കി നിന്ന കാടിന്റെ കരുത്തന്റെ കണ്ണുകളിൽ എപ്പോഴും കാണാറുള്ള ഗൗരവഭാവം വെടിഞ്ഞു വാത്സല്യം നിറഞ്ഞു നിന്നു…

ഇതേ സമയം തിരികെ പോകുകയായിരുന്ന മായന്റെ മനസ്സിൽ കാറും കോളും അലയടിക്കുകയായിരുന്നു…. ഇരുവരും പാറപ്പുറത്ത് വിശ്രമിക്കുന്ന ചെന്നായ കൂട്ടത്തിലേക്ക് എത്തിയിരുന്നു….

മായൻ…. നീ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടരുത്…. ഇപ്പോൾ തന്നെ കണ്ടില്ലേ… നന്ദയോട് പിടിച്ചു നിൽകാനെങ്കിലും നിനക്ക് സാധിക്കുമായിരിക്കും.. പക്ഷെ സഹ്യാദ്രി……

നിപുണൻ പറഞ്ഞു വന്നത് നിർത്തി….. മായൻ അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…

സഹ്യാദ്രി…. അങ്ങേരെ ഭയപ്പെട്ടെ മതിയാകൂ…. തുനിഞ്ഞിറങ്ങിയാൽ അയാളെ  തടയാൻ ആർക്കും സാധിക്കില്ല… ആനക്കൂട്ടത്തോട് പൊരുതി നിൽക്കാൻ നമുക്ക് ആവില്ല….

നിപുണൻ പറഞ്ഞത് കേട്ട് മായൻ ഒന്നും മിണ്ടാതെ പാറയുടെ മുകളിലേക്ക് കിടന്നു…. അവന്റെ ദൃഷ്ടികൾ അകലെ എവിടെയോ തറഞ്ഞിരുന്നു….

നിപുണൻ… നിനക്ക് അറിയാമല്ലോ എന്റെ അച്ഛനെ എത്ര നികൃഷ്ടമായാണ് നന്ദ കൊന്ന് തള്ളിയതെന്നു… അതും എന്റെ കണ്മുൻപിൽ വെച്ച്…. തീരെ കുഞ്ഞായിരുന്ന എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല…ഇപ്പോഴും സാധിക്കുന്നില്ല…. ഞാൻ… ഞാൻ ഒരു പരാജയമായി മാറികൊണ്ടിരിക്കുകയാണോ…?

ഉള്ളിന്റെ ഉള്ളിൽ ആഴത്തിൽ മുറിവേറ്റ ഒരുവന്റെ  വാചകങ്ങളാണ് അതെന്ന് നിപുണന് മനസ്സിലായി….

എനിക്ക് മനസിലാകും മായൻ നിന്നെ… നമ്മുടെ ദിവസം വന്നെത്താറായി…. നന്ദയെയും സഹ്യാദ്രിയെയും നേരിടാൻ ഇരുട്ടിന്റെ രാജാവ് അയച്ച കരുത്തനായ പോരാളി…. അവൻ അടുത്തെത്തി കഴിഞ്ഞു…. വളരെ അടുത്ത്…. ഇനി ഈ ചന്ദ്രമുടികാട് അവൻ ഭരിക്കും….

ആകാശത്തേക്ക് നോക്കി കൊണ്ടാണ് നിപുണൻ അത് പറഞ്ഞത്…. അവന്റെ കണ്ണുകൾ വജ്രം തിളങ്ങുന്നത് പോലെ തിളങ്ങി…

അതേസമയം… ചന്ദ്രമുടിയുടെ കുറച്ചു അകലെയായി സ്ഥിതി ചെയ്യുന്ന മലമുകളിൽ… പുറത്തേക്ക് ഉന്തി നിൽക്കുന്ന പാറമേൽ അവൻ നില്പുണ്ടായിരുന്നു….

അകലെ ചന്ദ്രമുടി വനനിരകളിലേക്കു നോട്ടം ഉറപ്പിച്ച അവന്റെ കണ്ണുകളിൽ  പൈശാചികത നിറഞ്ഞു നിന്നു….. വീശിയടിക്കുന്ന കാറ്റിൽ തലയുടെ മുകളിലും പിന്നിലുമായി സമൃദ്ധമായി വളർന്നു നിന്ന സട പാറിപറന്നു….

ആകാശത്തു നിന്നും ശക്തമായ ഒരു മിന്നൽ ആ പാറയുടെ കീഴിൽ നിന്ന ഉണക്കമരത്തിൽ പതിച്ചു…. നിന്ന നില്പിൽ ആ മരത്തിൽ അഗ്നി ആളിപടർന്നു….

അസ്തമയസൂര്യനെയും ആളിപടരുന്ന അഗ്നിയേയും സാക്ഷിയാക്കി തിന്മയുടെ കരുത്തനായ ആ പോരാളി നിന്നു….

കരുണ എന്തെന്ന് അറിയാത്ത…. കണ്ണിൽ ചോരയില്ലാത്ത… പൈശാചികതയുടെയും ക്രൂരതയുടെയും പ്രതിരൂപമായ ആ സിംഹരാജന്റെ നാമം….

ഹിരണ്യൻ……..

നന്ദ എന്ന പെൺകടുവ അടക്കി ഭരിക്കുന്ന ചന്ദ്രമുടികാട്ടിലേക്ക് ഇനി ഇവന്റെ…… തിന്മ മാത്രം നിറഞ്ഞ കരുത്തനായ ഹിരണ്യൻ എന്ന മൃഗരാജന്റെ എഴുന്നള്ളത്ത്….

                           തുടരും…..

 

 

Unnikrishnan Kulakkat Novels

ദുര്യോധന

4/5 - (1 vote)
Exit mobile version