Skip to content

ധ്രുവൻ – The Niyogi – 9

dhruvan

ഹിരണ്യാ………….

ധ്രുവന്റെ അലർച്ചയിൽ ദിഗന്തങ്ങൾ നടുങ്ങി….. മലയിടുക്കുകൾ പ്രകമ്പനം കൊണ്ടു…..

ആ നിമിഷം….

അവൻ നിയോഗി ആയിരുന്നില്ല…. നന്മയുടെ പോരാളി ആയിരുന്നില്ല…. സത്യത്തിന്റെ കാവൽക്കാരൻ ആയിരുന്നില്ല….

സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒരു മകൻ….

സ്വന്തം മാതാവിനെ ഇല്ലാതാക്കിയവനോടുള്ള പക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന മകൻ…

അത്‌ മാത്രമായിരുന്നു അവനപ്പോൾ….

അവനിൽ വിവേകവും വിചാരവും ഇല്ലായിരുന്നു…. തലച്ചോർ കൊണ്ടല്ല അവനിപ്പോൾ ചിന്തിക്കുന്നത്…

ഹൃദയം കൊണ്ട്… ഹൃദയം കൊണ്ടുമാത്രം..

പക…. സ്വന്തം അമ്മയെ കൊന്നവനോടുള്ള അന്ധമായ പക…

പക മൂത്ത് ഇരുളടഞ്ഞ മനസ്സുമായി കൊടുങ്കാറ്റിന്റെ കരുത്തോടെ ധ്രുവൻ കുതിച്ചു…. ഹിരണ്യനെ തേടി…

ചതിയുടെ ചക്രവ്യൂഹം ഒരുക്കി ഹിരണ്യൻ കാത്തിരുന്നു…. വിവേകം നശിച്ച് തന്നെ തേടിയെത്തുന്ന ധ്രുവനെ…….

       **************************

കാട്ടിലൂടെ ഹിരണ്യനെ തേടി അലയുകയായിരുന്ന നന്ദയുടെ കാതുകളിലും ധ്രുവന്റെ ഗർജ്ജനം എത്തിയിരുന്നു……

അവൾ അതിവേഗം ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി കുതിച്ചു തുടങ്ങി..

പെട്ടെന്നാണ് കഴുത്തിൽ കറുത്ത വളയമുള്ള പരുന്ത് അവൾക്ക് മുന്നിലേക്ക് പറന്നിറങ്ങിയത്….

ഹേയ്…. എങ്ങോട്ടാണ് തിടുക്കത്തിൽ….?

നൈനയുടെ ചോദ്യം കേട്ട് നന്ദ അവളെയൊന്നു സൂക്ഷിച്ചു നോക്കി… പിന്നെ ഒന്നും മിണ്ടാതെ മുൻപോട്ടു നടന്നു….

ഹിരണ്യനെയും ധ്രുവനെയും തേടിയാണ് യാത്രയെങ്കിൽ കുണുങ്ങിമലയിലേക്ക് ചെല്ല്…. കാട്ടിൽ തിരിച്ചെത്തിയ നിന്റെ മകൻ മരണം തേടി അങ്ങോട്ട് പോയിട്ടുണ്ട്…

നൈന പറഞ്ഞത് കേട്ട നന്ദയുടെ ഉള്ളിൽ ഒരു ആന്തലുയർന്നു…

എത്രയൊക്കെ വെറുക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ചാലും ധ്രുവൻ അവള്‍ നൊന്തുപെറ്റ മകനാണ്.. അവനൊരു ആപത്തെന്ന് കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ അവളിലെ അമ്മ ഉണരും….

നന്ദ കുണുങ്ങി മല ലക്ഷ്യമാക്കി കുതിച്ചു…

ഇതേ സമയം ദുർഘടമായ മലഞ്ചെരിവിലൂടെ അതിസാഹസികമായി മിത്രനും സേനാപതിയും സംഘവും അവർക്കാകുന്ന പരമാവധി വേഗത്തിൽ ചന്ദ്രമുടി ലക്ഷ്യമാക്കി നീങ്ങി….

ഒരു സമയം ഒരാൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന വീതി മാത്രമുള്ള വഴിയിലൂടെ ഒന്നിന് പുറകെ ഒന്നായി അവർ നീങ്ങി…

ഒരു വശത്ത് പടുകൂറ്റൻ മലയും മറുഭാഗത്ത് അഗാധമായ ഗർത്തവും… ഉരുളൻ കല്ലുകൾ നിറഞ്ഞു നിന്ന വഴികളിലൂടെയുള്ള യാത്ര അത്യധികം അപകടം നിറഞ്ഞതായിരുന്നു… ഒന്ന് കാല് തെറ്റിയാൽ… ആഴം എത്രയെന്നറിയാത്ത കൊക്കയിലേക്ക് വീണുള്ള പടുമരണം സുനിശ്ചിതം…

ഏറ്റവും മുൻപിൽ സേനാപതിയും അതിന്റെ പുറകിൽ മിത്രനും പിന്നിൽ നിരനിരയായി വേട്ടനായ്ക്കളും… അവർ അതിവേഗം നീങ്ങി കൊണ്ടിരുന്നു…

പെട്ടെന്നാണ് മലമുകളിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ സേനാപതിയുടെ ശ്രദ്ധയിൽ പെട്ടത്….

ആ ശബ്ദം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം അവന്റെ ഉള്ളിൽ ഒരു നടുക്കമുണ്ടായി…

നില്ക്കൂൂ…. പിന്നിലേക്ക് നീങ്ങൂ… പിന്നിലേക്ക്…. അപകടം.. അപകടം… പിന്നിലേക്ക് നീങ്ങൂൂ…

സേനാപതി അലറി….

ഒരു നിമിഷം എന്താണ് സംഭവിക്കുന്നെതെന്ന് മനസിലാകാതെ എല്ലാവരും പകച്ചു നിന്നു…

തങ്ങളുടെ തലക്ക് മുകളിലെ അപകടം മനസിലായി കഴിഞ്ഞതും എല്ലാവരും അതിവേഗം പിന്നിലേക്ക് നീങ്ങി….

സേനാപതിയും പിന്നിലേക്ക് നീങ്ങിയതും ഒരു വലിയ ഉരുളൻപാറ അവന്റെ തൊട്ടു മുൻപിൽ വന്ന് പതിച്ചു… പിന്നെ പെരുമഴ പോലെ മലമുകളിൽ നിന്നും പാറക്കഷണങ്ങൾ താഴേക്ക് പതിക്കാൻ തുടങ്ങി….

സേനാപതിയും സംഘവും അതിവേഗം പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു…

കുറച്ച് നിമിഷങ്ങൾ നീണ്ടുനിന്ന അതിശക്തമായ കല്ലുവീഴ്ചക്കു ശേഷം അന്തരീക്ഷം ശാന്തമായി… പൊടിപടലങ്ങൾ അടങ്ങിയ ശേഷം മുന്നിൽ കണ്ട കാഴ്ചയിൽ സേനാപതിയും മിത്രനും പരസ്പരം നോക്കി….

ഇനി എന്ത് എന്ന ചോദ്യം രണ്ട് പേരുടെയും മിഴികളിൽ ഉണ്ടായിരുന്നു…

അവരുടെ മുന്നിൽ മലയിടിഞ്ഞു മാർഗം തടസ്സപ്പെട്ടു കഴിഞ്ഞിരുന്നു…

ധ്രുവൻ… അവൻ അപകടത്തിലാണ്… എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ….?

ജീവിതത്തിൽ ആദ്യമായി സർവ്വതും നഷ്ടപ്പെട്ടവനെപ്പോലെ… നിസ്സഹായനായി സേനാപതി മിത്രനെ നോക്കി… കരുത്തനായ ആ കടുവയുടെ കണ്ണുകളിലും നിറഞ്ഞു നിന്നത് നിസ്സഹായത മാത്രമായിരുന്നു….

           ***********************

കുണുങ്ങിമലയിൽ പാറപ്പുറത്ത് പ്രൗഢിയോടെ വിശ്രമിക്കുന്ന ആ മൃഗരാജന്റെ മുന്നിൽ… അതിലും പ്രൗഢിയോടെ… കരുത്തോടെ… ആ പോരാളിയുടെ കാൽപാദം പതിഞ്ഞു….

ധ്രുവൻ…..

ഹിരണ്യൻ കിടന്ന കിടപ്പിൽ തന്നെ ധ്രുവനെ അടിമുടി ഒന്ന് നോക്കി…

തന്റെ മരണമാണ് മുന്നിൽ നിൽക്കുന്ന കരുത്തനെന്നു ഹിരണ്യന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു… പക്ഷെ ഇവിടെ ഈ പരീക്ഷണത്തെ അതിജീവിച്ചേ മതിയാകൂ…. തന്റെ ലക്ഷ്യം തന്നെ അതാണ്.. അത് നേടാതെ ഒരു മടങ്ങിപ്പോക്ക് സാധ്യമല്ല….

ഹിരണ്യൻ മെല്ലെ എഴുന്നേറ്റു…. ധ്രുവനും ഹിരണ്യനും നേർക്ക്നേർ നിന്നു…

ആ ഒരൊറ്റ കാഴ്ചയിൽ തന്നെ മായന്റെയും അമന്യയുടെയും ഉമിനീർ വരെ വറ്റിപോയി…. ഭൂമിയിലെ ഏറ്റവും കരുത്തരും പോരാട്ടവീര്യവും ഉള്ള രണ്ട് ജീവികൾ….

അവരാണ് നേർക്കുനേർ നിൽക്കുന്നത്…. ഒരാൾ നന്മയുടെയും മറ്റൊരാൾ തിന്മയുടെയും കരുത്തരായ സൈന്യാധിപന്മാർ…

രണ്ട് പേർക്കും ഇത് അതീജീവനത്തിന്റെ പോരാട്ടം…

പരാജയം മരണത്തിനു തുല്യം….

ഹിരണ്യൻ ധ്രുവന്റെ അരികിലെത്തി….

ധ്രുവൻ… ഒടുവില്‍ നീ എത്തിയല്ലേ…?

സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല ഹിരണ്യൻ… എന്റെ അമ്മയെ നീ…..

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ധ്രുവൻ ഹിരണ്യന് നേരെ കുതിച്ചു ചാടി… ധ്രുവന്റെ കരുത്തേറിയ താഢനം മുഖത്തേറ്റ ഹിരണ്യന് അടിതെറ്റിപ്പോയി…

ഒരിക്കലും ഹിരണ്യൻ പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു ധ്രുവന്റേത്… താഴേക്ക് വീണുപോയ ഹിരണ്യൻ എഴുന്നേൽക്കും മുൻപ് തന്നെ ധ്രുവൻ അവന്റെ പുറത്തേക്ക് ചാടി വീണു കഴിഞ്ഞിരുന്നു…

പല്ലും നഖവും ഉപയോഗിച്ച്… തന്റെ സർവ്വകരുത്തും ഉപയോഗിച്ച് ധ്രുവൻ ഹിരണ്യനെ ആക്രമിച്ചു…

പ്രതിരോധിക്കുക വളരെ കഷ്ടമായി ഹിരണ്യന് തോന്നി… ഹിരണ്യൻ കണക്ക് കൂട്ടിയതിലും പതിന്മടങ്ങ് കരുത്തനായി മാറിക്കഴിഞ്ഞിരുന്നു ധ്രുവൻ…

കോപം കൊണ്ട് അന്ധനായി പോയ ആ കടുവയുടെ ആക്രമണത്തിൽ സിംഹരാജന് അക്ഷരാർത്ഥത്തിൽ അടിപതറിപ്പോയീ…

കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന് മനസ്സിലാക്കിയ മായനും അമന്യയും മുരണ്ടു കൊണ്ട് ധ്രുവന് നേരെ കുതിക്കാനൊരുങ്ങി…

എന്നാൽ തിരിഞ്ഞു നോക്കിയ ധ്രുവന്റെ കണ്ണുകളിലെ അഗ്നി അവരെ നിശ്ചലരാക്കിക്കളഞ്ഞു…

ഹിരണ്യൻ തന്റെ മരണം ഉറപ്പിച്ച നിമിഷം… തിന്മക്ക് മേൽ നന്മ വിജയം കാണുന്നു എന്ന് തോന്നിപ്പിച്ച നിമിഷം….

നന്ദ വരുന്നേ…….

താണ് പറന്നുകൊണ്ട് ധ്രുവന്റെ ചെവിയുടെ അരികിലെത്തി നൈന വിളിച്ചു പറഞ്ഞു….

ഒരു നിമിഷം…. ഒരൊറ്റ നിമിഷം….

നൈനയുടെ ശബ്ദം ധ്രുവന്റെ സമനില തെറ്റിച്ചു കളഞ്ഞു….

നന്ദ വരുന്നേ…..

നന്ദ… തന്റെ അമ്മ വരുന്നു എന്ന്…

അടുത്ത നിമിഷം തിരിഞ്ഞു നോക്കിയ ധ്രുവൻ കണ്ടു….

കുന്ന് കയറി വരുന്ന തന്റെ അമ്മയുടെ മുഖം….

അതൊന്ന് മാത്രം മതിയായിരുന്നു ധ്രുവൻ പെട്ടെന്ന് ദുർബലനാകാൻ….

മരിച്ചു എന്ന് വിശ്വസിച്ച തന്റെ അമ്മ…..

അമ്മ….

ആ ഒരു വാക്കിന് എത്ര ദുർബലനെയും കരുത്തനാക്കാനും…. ഏത് കരുത്തനേയും ദുർബലനാക്കാനും ഉള്ള മാന്ത്രികക്കരുത്തുണ്ട്….

അമ്മ….

ആ വാക്കിനോളം ദിവ്യത്തമുള്ള മറ്റൊരു വാക്കും ഈ ഭൂമുഖത്ത് ഇല്ല എന്ന് തന്നെ പറയാം…

ധ്രുവനും അമ്മയുടെ മുൻപിൽ സർവ്വതും മറന്നുപോയി… അവൻ ആ പഴയ കൊച്ചുകുട്ടിയായി മാറി…

അതാണ്…. അതൊന്നു മാത്രമായിരുന്നു ഹിരണ്യന് വേണ്ടിയിരുന്നത്… ധ്രുവൻ തളർന്നു പോകുന്ന ആ ഒരൊറ്റ നിമിഷം….

ഈ ലോകത്തിൽ മറ്റൊന്നിനും ധ്രുവനിലെ പോരാളിയെ തളർത്താൻ കഴിയില്ല എന്ന് ഹിരണ്യന് വ്യക്തമായ ധാരണയുണ്ടായിരുന്നു…

ശത്രുവിന്റെ കരുത്തിനേക്കാൾ ദൗർബല്യം കൃത്യമായി മനസ്സിലാക്കുന്നവനാണ് യഥാർത്ഥ പോരാളി….

തിന്മയെ അപേക്ഷിച്ചു നന്മക്ക് കരുത്ത് കൂടുതലാണ്… അത് പോലെ തന്നെ ദൗർബല്യങ്ങളും കൂടുതൽ നന്മക്ക് തന്നെ….

തിന്മയുടെ പക്ഷത്താണെങ്കിലും ഹിരണ്യൻ ധ്രുവനെക്കാൾ മികച്ച  പോരാളി തന്നെയായിരുന്നു….

ഇതൊരു യുദ്ധമാണ്…. ഇവിടെ മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം… കരുത്ത് മാത്രമല്ല ബുദ്ധിയും കൃത്യമായ പദ്ധതികളും ചേർന്നാൽ മാത്രമേ വിജയം അനുഗ്രഹിക്കൂ…

എടുത്തുചാട്ടവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും തന്റെ ദൗർബല്യങ്ങളെ കുറിച്ചുള്ള ബോധമില്ലായ്മയും ധ്രുവന് വിനയായി എന്ന് തന്നെ പറയേണ്ടി വരും ഈ അവസ്ഥയിൽ….

എന്നാൽ ധ്രുവന്റെ കരുത്തിനെ കുറിച്ചുള്ള കണക്ക് കൂട്ടൽ പിഴച്ചു പോയെങ്കിലും അവന്റെ ദൗർബല്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണയും അതിന് അനുസരിച്ചുള്ള പദ്ധതികളും ഹിരണ്യനെ അവിടെ തുണച്ചു…

ചതി എന്ന് പറയുമെങ്കിലും ധ്രുവനെക്കാൾ മികച്ച പോരാളിയാണ് ഹിരണ്യൻ എന്ന് പറഞ്ഞ് പോകുന്നത് അത് കൊണ്ട് തന്നെയാണ്…..

ധ്രുവൻ പതറിപോയ ആ നിമിഷത്തിൽ തന്നെ ഹിരണ്യൻ പ്രത്യാക്രമണം തുടങ്ങി… സർവ്വകരുത്തും സംഭരിച്ചു കൊണ്ട് ഹിരണ്യൻ ധ്രുവന് മേൽ കൊടുങ്കാറ്റു പോലെ പടർന്നു കയറി….

അടിമുടി തളർന്നു പോയ ധ്രുവന് തിരികെ പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല….

ആ കാഴ്ച നന്ദക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

ധ്രുവാ….. !

അലറിക്കൊണ്ട് നന്ദ ഹിരണ്യന് നേരെ കുതിച്ചു….

മായൻ….. !

ഹിരണ്യൻ അലറി….

കുതിച്ചു വന്ന നന്ദയുടെ മേലേക്ക് മായൻ ചാടി വീണു….

പ്രത്യക്ഷത്തിൽ നന്ദക്ക്‌ പറ്റിയ എതിരാളിയെ ആയിരുന്നില്ല മായൻ എങ്കിലും ഹിരണ്യനുമായി നേരത്തെ ഉണ്ടായ പോരാട്ടത്തിൽ ഉണ്ടായ പരിക്കുകൾ അവളുടെ ഉള്ളിൽ ഇപ്പോഴും അവശേഷിച്ചിരുന്നു….

മായന്റെ ആക്രമണത്തിൽ അമ്മ പതറുന്നത് ധ്രുവൻ കണ്ടു…..

അമ്മേ…… !

അവൻ അലറി…..

കരയെടാ കരയ്….. നിന്റെ കരച്ചിൽ മുഴങ്ങണം ഇവിടെയെങ്ങും…. ലോകനന്മക്കായി ജന്മം കൊണ്ട നിയോഗി….

വീണുകിടക്കുന്ന ധ്രുവന്റെ മുഖത്ത് തന്റെ കൂർത്ത നഖങ്ങൾ കുത്തിയിറക്കി കൊണ്ട് ഹിരണ്യൻ അലറി….

നന്ദക്ക്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച….

ധ്രുവാ….. !

മായനെ നേരിടുന്നതിടയിൽ അവൾ അലറി….

നന്ദയിലെ മാതൃത്വം ഉണർന്നു…. ഇത് ചന്ദ്രമുടിയാണ്…. തന്റെ ചന്ദ്രമുടി…. താനാണ് ഈ കാടിന്റെ അധിപതി… ഇവിടെയുള്ള ഓരോ പുൽനാമ്പിന്റെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തന്റെ കടമയാണ്….

നന്ദ പതിയെ പഴയത് പോലെ കരുത്തയായി മാറി കൊണ്ടിരിക്കുകയായിരുന്നു…

അവൾ പിൻകാലുകൾ നിലത്ത് ഉറപ്പിച്ചു കൊണ്ട് മുകളിലേക്ക് ഉയർന്നു നിന്നു കൊണ്ട് തന്റെ മുൻകാലുകൾ രണ്ടും പരമാവധി അകത്തി പിടിച്ചു കൊണ്ട്… മായന്റെ മുഖം ചേർത്ത് സർവ്വകരുത്തും സംഭരിച്ചു അടി കൊടുത്തു….

കടുവയുടെ കരുത്ത് എന്താണെന്നു പറഞ്ഞു കേട്ട അറിവേ മായന് ഉണ്ടായിരുന്നുള്ളു… ഇന്ന് അവൻ കൃത്യമായി ആ കരുത്ത് എന്താണെന്നു അറിഞ്ഞു… തന്റെ തലക്കുള്ളിൽ ഒരു വിസ്ഫോടനം നടന്നത് പോലെയാണ് മായന് തോന്നിയത്….

നന്ദ എല്ലാം മറന്നു ആക്രമിച്ചു കയറി… മായൻ തളർന്നു തുടങ്ങിയിരുന്നു… ഇതേ സമയം ധ്രുവന് മേൽ ഹിരണ്യനും അതെ മേധാവിത്വം നേടിയിരുന്നു…. ധ്രുവൻ പൂർണമായും തളർന്നു തുടങ്ങിയിരുന്നു…

അത്രയും നേരം കാഴ്ചക്കാരനായി നിൽക്കുകയായിരുന്ന നിപുണൻ മെല്ലെ അമന്യയുടെ അടുത്തേക്ക് നീങ്ങി…

മായൻ പരാജയപ്പെടും… അത് പാടില്ല… ചെല്ല്… ചെന്നവനെ സഹായിക്കൂ….

നിപുണൻ പറയുന്നത് കേട്ട അമന്യ അവനെ ആശ്ചര്യത്തോടെ നോക്കി…

അത് നിയമങ്ങൾക്ക് എതിരാണ് നിപുണൻ…

എന്ത് നിയമങ്ങൾ….? ഇവിടെ വിജയമാണ് ആവിശ്യം… ചെല്ല് അമന്യാ… നിയമങ്ങളും ധർമവും ഒന്നും നമ്മുടെ വഴിയല്ല… വിജയം.. വിജയം മാത്രമാണ് ലക്ഷ്യം….

നിപുണൻ പറഞ്ഞത് കേട്ട് അമന്യ ഒന്ന് ശങ്കിച്ചു നിന്നു…

ചെല്ല് അമന്യാ… ചെല്ല്…. നന്ദയെ കൊല്ല്… നമ്മൾ വിജയത്തിന്റെ തൊട്ടരികിൽ ആണ്….

നിപുണൻ ആവേശത്തോടെ അലറിയതും അമന്യ നന്ദയുടെ നേരെ കുതിച്ചു ചാടി…..

ഇതേ സമയം കീരിപ്പാറ….

സഹ്യാദ്രിയും സംഘവും കീരിപ്പാറക്കു സമീപം എത്തിയിരുന്നു… പക്ഷെ അവിടെയുള്ള വാരികുഴിയിൽ ആനകുട്ടിയെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല…

സഹ്യാദ്രിയുടെ ഉള്ളിൽ അപായസൂചന മുഴങ്ങി….

ഡാ മണ്ടന്മാരെ….. നിന്റെയൊക്കെ കുട്ടിയാന ഇപ്പോൾ കാലപുരി പൂകിയുട്ടുണ്ട്… അവളെ കുറുക്കൻകൂട്ടത്തിനു ഭക്ഷണമായി കൊടുത്ത് കഴിഞ്ഞു ഹിരണ്യൻ എന്ന ഞങ്ങളുടെ രാജാവ്… ഇപ്പോൾ കുറുക്കൻകൂട്ടത്തിന്റെ പൂർണമായ പിന്തുണ ഞങ്ങളുടെ നേതാവിനാണ്…

കുറച്ചകലെ മരക്കൊമ്പിലിരുന്നു നൈന ആനക്കൂട്ടത്തെ നോക്കി വിളിച്ചു പറഞ്ഞു….

സഹ്യാദ്രീ…. തനിക്ക് ചിറകുണ്ടോ എന്നെ പോലെ പറക്കാൻ…? ഉണ്ടെങ്കിൽ വേഗം ചെല്ല്… കുണുങ്ങിമലയിൽ അമ്മയും മകനും ഇപ്പോൾ ജീവൻ വെടിയും….

നൈന പുച്ഛസ്വരത്തിൽ പറഞ്ഞു തീർന്നതും മിന്നൽ വേഗത്തിലായിരുന്നു സഹ്യാദ്രിയുടെ പ്രതികരണം….

ചാട്ടുളി പോലെ പറന്ന് വന്ന പാറക്കഷണത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നൈനക്ക് കഴിഞ്ഞില്ല….

കരുത്തും വേഗവും കൃത്യതയും…. ഒരു ആനയിൽ നിന്നും ആ പെൺപരുന്തു ഇത്രക്കും പ്രതീക്ഷിച്ചു കാണില്ല… അവൾക്ക് തെറ്റി…

ആ കരിവീരന്റെ പേര് സഹ്യാദ്രി എന്നായിരുന്നു…

ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിൽ കല്ല് തുമ്പികൈയിലാക്കിയ സഹ്യാദ്രിയുടെ കൃത്യമായ ഏറിൽ നൈന വീണു….

സഹ്യാദ്രി അവളുടെ അടുത്തേക്ക് ചെന്നു….

നിലത്ത് വീണു പിടയുന്ന അവൾ ദയനീയമായി സഹ്യാദ്രിയെ നോക്കി…

ചിതറിതെറിച്ചു പോണം…. മണ്ണിലെ പുഴുക്കൾക്ക് തിന്നാൻ അതാവും എളുപ്പം… വിഷവിത്ത്….

നൈനയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു കൊണ്ട് സഹ്യാദ്രി അവളെ തുമ്പികൈയിൽ  ചുറ്റിയെടുത്തു…

നൈനയുടെ കണ്ണുകളിൽ പ്രാണഭയം ഉടലെടുത്തു…. സഹ്യാദ്രി അവളെ നോക്കി…. അവന്റെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിന്നു…

തൊട്ടടുത്ത പാറയിലേക്ക് ഒരൊറ്റയേറായിരുന്നു സഹ്യാദ്രി…. എടുത്തടിച്ചതു പോലെ പാറക്കൂട്ടത്തിൽ വീണ നൈന ചിതറിത്തെറിച്ചുപോയി….

സഹ്യാദ്രി തിരിഞ്ഞു തന്റെ കൂട്ടത്തെ നോക്കി…

കുറുക്കൻ കൂട്ടത്തെ തേടുക… രേണു ജീവനോടെ ഉണ്ടെങ്കിൽ തിരികെയെത്തിക്കുക… അവളെ തിരിച്ചു കിട്ടിയാലും ഇല്ലെങ്കിലും ഇനി ചന്ദ്രമുടികാട്ടിൽ കുറുക്കന്മാർ വേണ്ട… സമവായത്തിന്റെ ഘട്ടം കഴിഞ്ഞു… ഇനി സംഹാരത്തിന്റെ സമയമാണ്….

സംഹാരരൂപം പൂണ്ട ആ കരിവീരന്റെ അലർച്ചയിൽ ചന്ദ്രമുടി വിറച്ചു… അവന്റെ അപ്പോഴത്തെ മട്ടും ഭാവവും കണ്ട മറ്റ് ആനകൾ പോലും വിരണ്ടു പോയിരുന്നു….

ഞാൻ കുണുങ്ങി മലക്ക് പോകുന്നു… ഇന്നത്തോടെ എല്ലാം അവസാനിക്കണം….

അവസാനവാക്ക് എന്ന പോലെ പറഞ്ഞിട്ട് സഹ്യാദ്രി കുണുങ്ങിമല ലക്ഷ്യം വെച്ച് നടന്നു… കലികൊണ്ട കാലനെ പോലെയുള്ള ആ വരവ് കണ്ട സകല ജീവജാലങ്ങളും ഓടിയൊളിച്ചു…

ഈ സമയം നിലത്ത് വീണുകിടക്കുന്ന മായന് നേരെ നന്ദ നടന്നടുത്തു…. മായൻ മരണത്തെ മുഖാമുഖം കണ്ട നിമിഷം…

നിലത്തുകിടന്ന് ഞരങ്ങുന്ന ധ്രുവന്റെയും, വിജയിച്ചവന്റെ ഭാവത്തിൽ നിൽക്കുന്ന ഹിരണ്യന്റെയും ശ്രദ്ധ അവിടെക്കായി…

ഒരൊറ്റ നിമിഷം….

നന്ദ മായന് നേരെ കുതിച്ചു ചാടി…..മായൻ മരണം ഉറപ്പിച്ചത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു…..

തൊട്ടടുത്ത നിമിഷം…. മായനെ ലക്ഷ്യം വെച്ച് ഉയർന്നു ചാടിയ നന്ദ താഴെയെത്തും മുൻപേ അതിശക്തമായി എന്തോ വന്ന് അവളുടെ ശരീരത്തിൽ ഇടിച്ചു….

ആ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ നന്ദ പിടിച്ചു നിൽക്കാൻ കഴിയാതെ നില തെറ്റി വലത് വശത്തുള്ള ഗർത്തത്തിലേക്ക് വീണു….

അമന്യ….

അവളായിരുന്നു ചാടിയുയർന്ന നന്ദയുടെ നേർക്ക് കുതിച്ചു ചാടി അവളുടെ നിയന്ത്രണം തെറ്റിച്ചത്….

നന്ദ…….. അവൾക്ക് പെട്ടെന്നുള്ള വെപ്രാളത്തിൽ അവളുടെ  മുൻകാലുകൾക്ക് മുകളിൽ പിടുത്തം കിട്ടി….

നന്ദ വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് കയറാൻ ശ്രമിച്ചു… പക്ഷെ… താഴേക്ക് തൂങ്ങി കിടക്കുന്ന തന്റെ ശരീരത്തിന്റെ ഭാരം അവൾക്ക് അതിനൊരു തടസ്സമായി നിന്നു…

അമ്മേേേ…. !

അലറി കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ച ധ്രുവനെ ഹിരണ്യൻ താഴേക്ക് അമര്‍ത്തി ചവിട്ടിപ്പിടിച്ചു…. ഹിരണ്യന്റെ കാല്പാദത്തിനടിയിൽ കിടന്ന് ധ്രുവൻ പിടഞ്ഞു…

നന്ദയുടെയും ധ്രുവന്റെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. കടലോളം വാത്സല്യം തന്റെ അമ്മയുടെ കണ്ണുകളിൽ അവൻ കണ്ടു…

തോറ്റു പോകല്ലേടാ മോനേേ…. ഈ കാടിനും ഇവിടുത്തെ സാധുമൃഗങ്ങൾക്കും മാത്രമല്ല… ഈ ലോകത്തിനു തന്നെ നിന്നെ ആവിശ്യമുണ്ട്…. തോറ്റു കൊടുക്കാൻ നിനക്ക് ആവില്ല ധ്രുവാ… നീ നിയോഗിയാണ്… ദൈവത്തിനാൽ തിരഞ്ഞടുക്കപ്പെട്ടവൻ…..

നന്ദ ധ്രുവനെ നോക്കി അവസാനമായി പറഞ്ഞു…

പെറ്റമ്മയുടെ കണ്ണുനീരിന് മുന്നിൽ ധ്രുവൻ പിന്നെയും തളർന്നുപോയി…. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി കിടന്ന അവന്റെ കണ്ണിൽ നിന്നും ഉതിർന്നുവീണ ചുടുനീർ ചന്ദ്രമുടിയുടെ വരണ്ടുണങ്ങിയ മണ്ണിനെ വീണ്ടും ചുട്ടുപൊള്ളിച്ചു…

അമന്യ തെറ്റാണ്.. തെറ്റാണ് നീ ചെയ്യുന്നത്… നിയമങ്ങൾ തെറ്റിക്കരുത്… പോരാട്ടം ഞാനും നന്ദയും തമ്മിലാണ്…

അലറിക്കൊണ്ട് മായൻ ചാടിയെഴുന്നേറ്റു… പക്ഷെ താമസിച്ചു പോയിരുന്നു…. അമന്യ ഒരൊറ്റ കുതിപ്പിന് നന്ദക്ക് ഏൽപ്പിച്ച പ്രഹരത്തിന്റെ കരുത്തിൽ നന്ദയുടെ പിടി വിട്ട് അവൾ താഴേക്ക് പതിച്ചു….

അമ്മേ….. !

നിസ്സയഹനായി.. നിരായുധനായി…സത്യത്തിന്റെ പോരാളി അലറി കരഞ്ഞു…

മായനും സ്തബ്ധനായി പോയിരുന്നു…. അവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല നടന്നത്… അവന്റെ പ്രതികാരം നന്ദയോട് മാത്രമായിരുന്നു.. തന്റെ പിതാവിനെ കൊന്നവളോടുള്ള പ്രതികാരം…

നേർക്കുനേർ നിന്നു പോരാടി അവളെ ജയിക്കണം അല്ലെങ്കിൽ അവളുടെ കൈകൊണ്ട് മരിക്കണം… അത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം… പക്ഷെ ഇപ്പോൾ സംഭവിച്ചത് നേരെ തിരിച്ചും…

ഇത്രയും കാലം എന്തിന് വേണ്ടിയാണോ ഹിരണ്യന്റെ കൊള്ളരുതായ്മകൾക്ക് താൻ കൂട്ടു നിന്നത് ആ ലക്ഷ്യം തനിക്ക് ഇനി നേടാൻ കഴിയില്ല….

ആ സത്യം മനസിലായ നിമിഷം മായന് സമനില തെറ്റി…

അവൻ അമന്യക്ക് നേരെ തിരിഞ്ഞു..

ഡി വരത്ത പെൺപുലി… മരിക്കാനും കൊല്ലാനും തയ്യാറായി ഈ നെറികെട്ടവന്റെ കൂടെ എല്ലാത്തിനും കൂട്ട് നിന്നത് ഈ ഒരവസരത്തിനു വേണ്ടിയായിരുന്നു… പക്ഷേ നീ… നീ അതെല്ലാം എല്ലാം നശിപ്പിച്ചു… അങ്ങനെയുള്ള നീ ഇനി ഇവിടെ വേണ്ട…

അമന്യക്ക് നേരെ മായൻ ചീറി….

അങ്ങനെയാണെങ്കിൽ നീ ഈ നെറികെട്ടവനെ ആദ്യം നേരിടണം മായൻ…. ഞാനാണ് നന്ദയെ ഇല്ലാതാക്കാൻ അവൾക്ക് അനുവാദം കൊടുത്തത്….

ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് ഞെട്ടിയ മായൻ പുറകിലേക്ക് തിരിഞ്ഞു നോക്കി……

ഹിരണ്യൻ……

നിലത്ത് കിടക്കുന്ന ധ്രുവനെ വിട്ട് ഹിരണ്യൻ മായന് നേരെ തിരിഞ്ഞു…. അമന്യയെ വിട്ട് മായൻ ഹിരണ്യന് നേരെയും……

നെറികേടിന്റെ രാജാവും മന്ത്രിയും നേർക്കുനേർ പോരാട്ടത്തിന് തയ്യാറായി നിന്നു…….

ഒന്നിനും വയ്യാത്തവനെ പോലെ ചന്ദ്രമുടിക്കാടിന്റെ രാജകുമാരൻ നിലത്തുകിടന്ന് തല തല്ലിക്കരഞ്ഞു…..

                                   തുടരും…. .

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!