Skip to content

ധ്രുവൻ – The Niyogi – 6

dhruvan

പർവ്വതം പോലെ തന്റെ നേരെ നടന്നടുക്കുന്ന കരിവീരന്റെ കണ്ണുകളിലെ പക…

പക്ഷെ ഭയം എന്തെന്നറിയാത്ത ആ നായകുട്ടിയുടെ കണ്ണുകളിൽ തോൽക്കാൻ മനസ്സില്ലാത്തവന്റെ വീറും വാശിയും തെളിഞ്ഞു നിന്നു…

സേനാപതിക്ക് നേരെ നടന്നടുക്കുന്ന കരിവീരനെ കണ്ട് ഫാദറും കുട്ടികളും സ്തംഭിച്ചു നിന്നു… ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവരുടെ മനസ്സിൽ…

പെട്ടെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ കരിവീരൻ ഒരു നിമിഷം നിശ്ചലനായി…

സേനാപതിയെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് നടന്നടുത്ത ഒറ്റയാന്റെ കണ്ണുകളിലേക്ക് വളരെ സാവധാനമാണ് ആ രൂപം കടന്ന് വന്നത്…

വളരെ സാവധാനം….

സേനാപതിയെ ലക്ഷ്യമിട്ടു നീങ്ങിയ കൊമ്പന്റെ കുറുകെ വളരെ സാവധാനം ആ ആൺകടുവ നടന്നു കയറി….

അവന്റെ മുഖം അപ്പോൾ ഒരു പൂച്ചകുഞ്ഞിന്റെ മുഖം പോലെ ശാന്തമായിരുന്നു…..

      ********* ******** *********

ധ്രുവൻ കൊമ്പന്റെ മുൻപിൽ നിവർന്നു നിന്നു… ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു…

ഒറ്റയാൻ ഒന്നുറക്കെ ചിന്നം വിളിച്ചു കൊണ്ട് ഞൊടിയിടയിൽ തന്റെ തുമ്പിക്കൈ കരുത്തോടെ ധ്രുവന് നേരെ വീശി…

ധ്രുവൻ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്…. അവന് ഒഴിഞ്ഞു മാറാനുള്ള സമയം ലഭിച്ചില്ല… ശക്തമായ അടിയേറ്റ് ധ്രുവൻ അകലേക്ക് തെറിച്ചു വീണു…

ഫാദർ ഉൾപ്പെടെ എല്ലാവരും ഒന്ന് നടുങ്ങി….. കൊമ്പൻ സേനാപതിയെ വിട്ട് ധ്രുവന് നേരെ തിരിഞ്ഞു… അവൻ വളരെ സാവധാനത്തിൽ എഴുന്നേറ്റു…

തന്റെ തുമ്പിക്കൈ നീട്ടി ധ്രുവനെ ചുറ്റി പിടിക്കാനായി കൊമ്പന്റെ ശ്രമം… എന്നാൽ ധ്രുവൻ അതിവേഗം ഒഴിഞ്ഞു മാറി… തന്റെ വേഗതയിൽ ധ്രുവന് തന്നെ അത്ഭുതം തോന്നി….

ഒറ്റയാനും വീറും വാശിയും കൂടി… അവൻ ആക്രമണം ശക്തമാക്കി…. എന്നാൽ ധ്രുവൻ മറ്റൊരാളായി മാറി കഴിഞ്ഞിരുന്നു…

ഒറ്റയാന്റെ ആക്രമണങ്ങളിൽ നിന്നും അതിവേഗം… അതിവിദഗ്‌ധമായി അവൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു…..

വീറും വാശിയും നിറഞ്ഞ പോരാട്ടഭൂമികയായി ആ ആശ്രമമുറ്റം മാറി കഴിഞ്ഞു…

ധ്രുവൻ ശരിക്കും തന്റെ എതിരാളിയെ പഠിക്കുകയായിരുന്നു… ഒറ്റയാന്റെ ഓരോ ചലനവും ധ്രുവൻ തന്റെ മനസ്സിൽ അളന്നു മുറിച്ചു കോറിയിട്ടു….

ഇടംവലം തന്റെ ശരീരം വെട്ടിച്ചു കൊണ്ട് ധ്രുവൻ കൊമ്പനെ വശം കെടുത്തി…. ശരീരത്തിന്റെ വലിപ്പം കാരണം കൊമ്പന് ധ്രുവന്റെ അത്ര വേഗത കൈവരിക്കുക എളുപ്പമല്ലായിരുന്നു….

ഇതിന്റെ ഇടയിൽ കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച് ധ്രുവൻ രണ്ട് തവണ ചാടിയുയർന്ന് കൊമ്പന്റെ മുഖത്ത് ക്ഷതം ഏൽപ്പിച്ചു…. കൂർത്ത നഖങ്ങൾ കൊണ്ട് കൊമ്പന്റെ മുഖത്തെ മാംസഭാഗങ്ങൾ അടർത്തിയെടുത്തു കഴിഞ്ഞിരുന്നു അവൻ…

വേദന കൊണ്ട് കൊമ്പൻ ഉറക്കെ അലറി… ധ്രുവൻ കാറ്റിനേക്കാൾ വേഗത്തിൽ തകർന്നു കിടക്കുന്ന ആശ്രമത്തിന്റെ മുകളിലേക്ക് കുതിച്ചു കയറി…

തന്റെ വേഗവും ശരീരഭാരം നിയന്ത്രിക്കാനുള്ള കഴിവും… ഇഷ്ടാനുസരണം വഴങ്ങുന്ന ശരീരവും… മുൻകാലുകളുടെ കരുത്തും… ശത്രുവിന്റെ കരുത്തും ദൗർബല്യവും തിരിച്ചറിയാനുള്ള ജന്മസഹജമായ കഴിവും….

ഇത്രയും കാര്യങ്ങൾ ധ്രുവനിലെ പോരാളി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…. അവൻ കൂടുതൽ അപകടകാരിയായി മാറിക്കഴിഞ്ഞു…

ഫാദർ അമ്പലക്കാടന്റെ മുഖത്ത് ആപത്ശങ്ക  ഒഴിഞ്ഞു ഒരു പുഞ്ചിരി വിടർന്നു…

തൊട്ടടുത്ത നിമിഷം ഒരുഗ്രൻ ഗർജ്ജനത്തിന്റെ അകമ്പടിയോടെ ധ്രുവൻ ആശ്രമത്തിന്റെ മുകളിൽ നിന്നും കൊമ്പന്റെ പുറത്തേക്ക് കുതിച്ചു ചാടി….

തന്റെ മുകളിലേക്ക് ധ്രുവൻ എത്തിയത്തും കൊമ്പൻ അപകടം മണത്തു… പക്ഷെ വൈകി പോയിരുന്നു…

ധ്രുവന്റെ നാല് കാലിലെയും നഖങ്ങൾ കൊമ്പന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി…. അവന്റെ കൂർത്ത പല്ലുകൾ ആ കരിവീരന്റെ മാംസം കടിച്ചു പറിച്ചു…

ഒറ്റയാൻ തന്റെ സർവകരുത്തും ഉപയോഗിച്ച് ധ്രുവനെ താഴെക്ക് ഇടാൻ നോക്കി…

ഉറച്ച കരുത്തും തളരാത്ത പോരാട്ടവീര്യവും കൈമുതലായ ധ്രുവൻ എന്ന ആൺകടുവയെ വീഴിക്കാൻ വെറി പിടിച്ച കൊമ്പന്റെ കരുത്ത് മതിയാകുമായിരുന്നില്ല….

കൊമ്പന്റെ മസ്തകത്തിൽ ധ്രുവന്റെ സർവ്വകരുത്തും പതിഞ്ഞു…. നിലയില്ലാ കയത്തിലേക്ക് മുങ്ങി താഴുന്നവനെ പോലെ ഒറ്റയാന്റെ കൊമ്പുകൾ മണ്ണിൽ ആഴ്ന്നിറങ്ങി…

കലികൊണ്ട രൗദ്രഭീമനെ പോലെ അലറി കൊണ്ട് വീണ്ടും വീണ്ടും കൊമ്പനെ മർദിക്കുന്ന ധ്രുവനെ കണ്ട് ഫാദറിന് പോലും ഉള്ളിൽ ഭയം തോന്നി..

കൊമ്പൻ പ്രാണൻ വെടിഞ്ഞിട്ടും ധ്രുവന് തന്റെ കലി അടങ്ങിയില്ല

അവൻ ആ ശരീരം കടിച്ചു പറിച്ചു… അശ്വജിത്തും റഷീദും, ഇരുവരും ഭയന്ന് ഫാദറിന്റെ പിന്നിൽ ഒളിച്ചു..

ധ്രുവാ…..

അതൊരു അലർച്ചയായിരുന്നു.. കോപം കൊണ്ട് സർവ്വവും മറന്ന ധ്രുവനെ തിരികെ കൊണ്ട് വന്ന അലർച്ച… അവന്റെ ഗുരുവിന്റെ നാവിൽ നിന്നും…

ധ്രുവൻ മെല്ലെ താഴേക്കിറങ്ങി… അവൻ നിശബ്ദനായി നടന്നു…. പഴയപോലെ പാറക്കൂട്ടങ്ങൾക്ക് മുകളിലേക്ക് കയറി അകലേക്ക് നോക്കി ഇരുന്നു…

എത്ര നേരം അങ്ങനെ ഇരുന്നു എന്നവനറിയില്ല… തന്റെ തലയിൽ ആരോ മൃദുവായി തലോടുന്നത് അറിഞ്ഞാണ് അവൻ തല തിരിച്ചു നോക്കിയത്…

ഫാദർ…

ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന വാത്സല്യഭാവം അവൻ തിരിച്ചറിഞ്ഞു… അവൻ വീണ്ടും തല തിരിച്ചു അകലേക്ക് നോക്കി…

ധ്രുവൻ… എന്റെ കുഞ്ഞേ… നീ വെറുമൊരു കടുവയല്ല… നിന്റെ ജനനത്തിനു പിന്നിൽ പോലും ശക്തമായ ഒരു കാരണം ഉണ്ട്…. അഖിലാണ്ഡപരബ്രഹ്മത്തിന്റെയും സംരക്ഷകനായ സാക്ഷാൽ സർവ്വേശ്വരന്റെ പടയാളിയാണ് നീ… നിയോഗിക്കപ്പെട്ടവൻ… നിയോഗി… മുൻകോപവും എടുത്തുചാട്ടവും ആപത്ത് വിളിച്ചു വരുത്തും..

അവൻ നിശബ്ദനായി തന്നെ തുടർന്നു… പക്ഷെ അവന്റെ ഉള്ളിൽ അപ്പോഴും ഒരു കൊടുങ്കാറ്റു ആഞ്ഞു വീശുന്നുണ്ടായിരുന്നു…. ഒരേയൊരു മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നു… ഒരൊറ്റ പ്രാവിശ്യം കണ്ട മുഖം… ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം….

ഹിരണ്യന്റെ മുഖം…. .

              ********************

ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു….

നന്ദയുടെ ആരോഗ്യസ്ഥിതി അല്പം ഭേദപ്പെട്ടു തുടങ്ങിയിരുന്നു…. വിമലന്റെ ശ്രദ്ധാപൂർവ്വമുള്ള പരിചരണം അവളെ പതിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു….

ധ്രുവന്റെ തിരിച്ചു വരവും കാത്ത് വിമലനും നന്ദയും നാളുകൾ എണ്ണി കാത്തിരുന്നു…..

പതിവ് പോലെ ഭക്ഷണം തേടിയുള്ള യാത്ര കഴിഞ്ഞു തിരികെ ഗുഹയിലേക്ക് നടക്കുകയായിരുന്നു വിമലൻ…

ഒരു ചെറിയ മാൻകുട്ടിയെ കടിച്ചു വലിച്ചു വളരെ പാടുപെട്ടാണ് അവന്റെ വരവ്… ഇടതൂർന്ന് വളർന്നു നിൽക്കുന്ന ചെടിപടർപ്പുകളും…. താഴേക്ക് തൂങ്ങിയാടുന്ന വള്ളികളും അവനെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു….

എങ്ങനെയും ഇരുൾ പരക്കും മുൻപ് ഗുഹയിലെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ  അവനുണ്ടായിരുന്നുള്ളു…

പെട്ടെന്നാണ് ഒരു പാറക്കെട്ടിനു അപ്പുറത്ത് നിന്നും പക്ഷികളും ചെറു ജീവികളും ഭയത്തോടെ പരക്കം പായുന്ന രംഗം അവന്റെ ശ്രദ്ധയിൽ പെട്ടത്…

സഹജമായ കഴിവ് കൊണ്ട് എന്തോ വലിയൊരു അപകടം തൊട്ടടുത്ത് എത്തിയതായി അവന് ബോധ്യപ്പെട്ടു……

മാനിന്റെ കഴുത്തിലെ കടി വിട്ട് അവൻ തല ഉയർത്തി നിന്നു… അവന്റെ മൂക്ക് വികസിച്ചു… ചെവികൾ രണ്ടും ഉയർത്തി അവൻ അതീവ ശ്രദ്ധാലുവായി നിന്നു…

അകലെ എവിടെയോ കരിയിലകൾ വളരെ പതിഞ്ഞ താളത്തിൽ ഞെരിഞ്ഞമരുന്ന ശബ്ദവും… തന്റെ മൂക്കിലേക്ക് തുളഞ്ഞു കയറിയ ഗന്ധവും കൊണ്ട് അവൻ തന്നെ തേടിയെത്തുന്ന അപകടത്തെ മനസ്സിലാക്കി…

ഹിരണ്യൻ….

വിമലൻ പറഞ്ഞു തീർന്നതും… പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഒരു കൊടുംകാറ്റ് പോലെ ഹിരണ്യൻ കുതിച്ചെത്തിയതും ഒരു നിമിഷത്തിന്റെ നൂറിലൊരംശം സമയം കൊണ്ടായിരുന്നു…

ഹിരണ്യന്റെ കാലുകൾ നിലത്ത് കുത്തിയതും ആ കരുത്തിന്റെ ആഘാതത്തിൽ കരിയിലകളും പൊടിപടലങ്ങളും അവന് ചുറ്റും ഉയർന്നു പൊങ്ങി….

പാറിപ്പറക്കുന്ന പൊടിപടലങ്ങൾക്ക് ഇടയിൽ കണ്ണിൽ മരണത്തിന്റെ വരവറിയിച്ചു കൊണ്ട് നിൽക്കുന്ന ഹിരണ്യനെ കണ്ടതും വിമലന്റെ പാതി ജീവൻ പോയി…

അവൻ ഭയന്ന് പിന്നിലേക്ക് നീങ്ങി.. ഹിരണ്യൻ തല ചരിച്ചു പൈശാചികമായി വിമലനെ നോക്കി…

നീ എന്റെ ലക്ഷ്യമല്ല വിമലൻ… എനിക്ക് വേണ്ടത് അവനെയാണ്… ധ്രുവനെ… അവനെവിടെ…?

ഹിരണ്യൻ മുരണ്ടു…

എനിക്കറിയില്ല…

വിമലൻ ഒരുവിധം പറഞ്ഞൊപ്പിച്ചു…

നുണ പറഞ്ഞുകൊണ്ട് നീ സ്വയം നിന്റെ മരണത്തെ വിളിച്ചു വരുത്തരുത് വിമലൻ… 

ഹിരണ്യൻ മുരണ്ടു..

വിമലൻ ചുറ്റും നോക്കി…

കുറുക്കന്മാർ അതിബുദ്ധിമാന്മാർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് വിമലൻ.. പക്ഷേ ഹിരണ്യന്റെ മുൻപിൽ നിന്റെ ബുദ്ധി വിജയിക്കില്ല… കരുത്ത് മാത്രമാണ് എന്നെ തോൽപ്പിക്കാനുള്ള ആയുധം…

അലറിക്കൊണ്ട് ഹിരണ്യൻ വിമലന് നേരെ ഉയർന്നു ചാടി… നൊടിയിടയിൽ വെട്ടി തിരിഞ്ഞു ഒഴിഞ്ഞു മാറിയ വിമലൻ ഒന്നും ചിന്തിക്കാതെ മുൻപിൽ കണ്ട വഴികളിലൂടെ ഓട്ടം തുടങ്ങി…

തന്റെ ലക്ഷ്യം തെറ്റിയ ദേഷ്യത്തിൽ പുറകെ ഹിരണ്യനും കുതിച്ചു….

അതിവേഗം ഇരുവരും കുതിച്ചു… വിമലന് തന്റെ മുൻപിൽ ഉള്ളതൊന്നും ഒരു തടസ്സമേ അല്ലായിരുന്നു… മുൾച്ചെടികളും പാറക്കെട്ടുകളും വീണുകിടക്കുന്ന മരങ്ങളും….

യാതൊന്നും അവന് തടസ്സമായില്ല… അവൻ ജീവൻ കൈയിലെടുത്ത് കൊണ്ട് പറക്കുകയായിരുന്നു… തൊട്ടു പുറകെ കൊടുംകാറ്റിന്റെ കരുത്തോടെ ഹിരണ്യനും…

വിമലൻ ഓടി ഒരു മലയുടെ മുകളിലെത്തി… പുറത്തേക്ക് ഉന്തി നിൽക്കുന്ന പാറയുടെ വിളുമ്പത്ത് എത്തി അവൻ നിന്നു… പിറകേ ഹിരണ്യനും….

വിമലൻ പതിയെ തിരിഞ്ഞു നിന്നു… താൻ എങ്ങനെ അവിടേക്ക് ഓടിയെത്തിയെന്നു അവന് ഒരു രൂപവും കിട്ടിയില്ല……

ഹിരണ്യൻ അവനെ ക്രൂരമായി ഒന്ന് നോക്കി…

ഡാ വിഡ്ഡീ.. നിന്നോട് ഞാൻ പറഞ്ഞു….. അബദ്ധമൊന്നും കാണിക്കരുതെന്ന്… ചാകാൻ നിനക്ക് ഇത്രക്ക് കൊതിയാണെങ്കിൽ പിന്നെ എനിക്ക് എന്ത് ചെയ്യൻ സാധിക്കും….?

ഹിരണ്യൻ തന്റെ അരികിലേക്ക് എത്തും തോറും വിമലൻ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…

ധ്രുവൻ എവിടെ…?

ഹിരണ്യന്റെ മുരൾച്ചക്ക് മരണത്തിന്റെ ഗന്ധമുണ്ടെന്ന് വിമലന് തോന്നി…

ധ്രുവൻ എവിടെ….? ഹിരണ്യൻ ചോദ്യം ആവർത്തിച്ചു…

പറയില്ല…. ധ്രുവൻ എവിടെയുണ്ടെന്ന് എനിക്കറിയാം പക്ഷെ ഞാൻ പറയില്ല…..

ഇത്തവണ ധൈര്യത്തോടെ തന്നെ വിമലൻ ചീറി…

എന്തായാലും തന്റെ മരണം ഉറപ്പാണ്… അത് ഹിരണ്യന്റെ മുൻപിൽ തോറ്റുകൊണ്ടാകരുതെന്നു അവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…

ഡാ… കൊച്ചനേ… ചന്ദ്രമുടി കാട്ടിൽ നിന്നും ഇത്രയും അകലത്തിൽ വന്ന് ഒളിവുജീവിതം നയിക്കുന്ന നിന്നെ എനിക്ക് കണ്ടെത്താമെങ്കിൽ ധ്രുവനെയും ഞാൻ കണ്ടെത്തും…..

നീ അവനെ കണ്ടെത്താൻ നടന്ന് വിഷമിക്കേണ്ട ഹിരണ്യൻ…. അവൻ നിന്നെ തേടിയെത്തിക്കോളും.. നീ ചെയ്തു കൂട്ടുന്നതിനൊക്കെ അവൻ നിന്നെ കൊണ്ട് തന്നെ മറുപടി പറയിക്കും…… ചന്ദ്രമുടിക്കാടിന്റെ അധിപൻ ഞങ്ങളുടെ ധ്രുവൻ തന്നെയാടാ……

വീറും വാശിയും നിറഞ്ഞ ശബ്ദത്തിൽ വിമലൻ അലറി… അവന്റെ ശബ്ദം ചുറ്റുമുള്ള മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു…

ഹിരണ്യൻ ഒരു നിമിഷം ഒന്നമ്പരന്നു….. മരണം തൊട്ടു മുൻപിൽ നിൽക്കുമ്പോഴും ധ്രുവനെ കുറിച്ച് പറയുമ്പോൾ വിമലനിൽ കണ്ട ആവേശം അവനെ അമ്പരപ്പിച്ചു കളഞ്ഞു……

നീ മരിക്കാൻ തന്നെ തീരുമാനിച്ചു അല്ലെ….?

ആ ഒരമ്പരപ്പ് മാറിയ ശേഷം ഹിരണ്യൻ വിമലനോട് ചോദിച്ചു…

എന്റെ മരണം…… അത് ഞാൻ തന്നെ തീരുമാനിക്കും… എന്തായാലും നിനക്ക് എന്നെ ഒന്ന് തൊടാൻ കിട്ടില്ല….. നിന്നെ പോലൊരു നികൃഷ്ട ജന്മത്തിന്റെ കൈ കൊണ്ട് മരണം വരിച്ച് എന്റെ മരണത്തെ അപമാനിക്കാൻ എനിക്ക് ഉദ്ദേശമില്ല….

അത്രയും പറഞ്ഞിട്ട് വിമലൻ ഒരു നിമിഷം നിർത്തി… ശേഷം അവൻ പിന്നിലേക്ക് നോക്കി…

എന്റെ മരണം നിന്റെ നാശത്തിന്റെ തുടക്കമാണ് ഹിരണ്യൻ… അവൻ വരും.. എന്റെ ധ്രുവൻ വരും… നിന്നെ കൊണ്ട് ഓരോന്നിനും എണ്ണിയെണ്ണി മറുപടി പറയിക്കും… അവൻ വരുമെടാ… അവൻ വരും… ധ്രുവൻ വരും….

ഇടിമുഴക്കം പോലെ ഹിരണ്യന് നേരെ അലറി കൊണ്ട് വിമലൻ താഴേക്ക് ചാടി….

ഹിരണ്യൻ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു പോയി….. വിമലൻ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് അവൻ വിചാരിച്ചിരുന്നില്ല……

മലമുകളിൽ നിന്നും ഒരു തൂവൽ പോലെ വിമലൻ താഴേക്ക് പതിച്ചു…..

മലയടിവാരത്തുള്ള ഗുഹക്ക് വെളിയിൽ വിമലനെയും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു നന്ദ…. ഇന്ന് വേട്ടക്ക് പോകുമ്പോൾ താനും കൂടി ചെല്ലാമെന്നു പറഞ്ഞിട്ട് അവൻ സമ്മതിച്ചില്ല… രണ്ട് ദിവസം കൂടി വിശ്രമിച്ചാലേ തനിക്ക് പൂർണമായും ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കൂ എന്നും പറഞ്ഞാണ് അവൻ ഒറ്റക്ക് പോയത്……

അസ്തമയത്തിന്റെ വരവ് അറിയിച്ചു കൊണ്ട് കിളികൾ ചേക്കേറുന്നത്തിന്റെ കലപില ശബ്ദം അവിടമാകെ മുഴങ്ങി……

സമയം വൈകും തോറും നന്ദയുടെ ഉള്ളിൽ ചെറിയൊരു ഭയം ഉടലെടുത്തു തുടങ്ങിയിരുന്നു…

വിമലൻ… അവൻ ഇത്രയധികം താമസിച്ചിട്ടില്ല ഒരിക്കലും… ഇനി എന്തെങ്കിലും ആപത്ത്…?

നന്ദ അത്രയും ചിന്തിച്ചതും മലമുകളിൽ നിന്നും എന്തോ ഒന്ന് അവളുടെ മുൻപിൽ വീണു ചിതറി തെറിച്ചു….

നന്ദ പെട്ടെന്ന് ചാടിയെഴുന്നേറ്റു… പെട്ടെന്നായത് കൊണ്ട് അവൾ ഭയന്ന് പോയിരുന്നു…. തന്റെ മുഖത്തേക്ക് തെറിച്ചു വീണ ചോരയും മാംസക്കഷ്ണങ്ങളും അവൾ മുൻകാൽ ഉയർത്തി തുടച്ചു മാറ്റി…

അവൾ മെല്ലെ ചിതറി തെറിച്ച മാംസക്കഷ്ണങ്ങളും ചോരയും പരിശോധിക്കാൻ തുടങ്ങി…

വളരെ പരിചിതമായ ആ ഗന്ധം മനസിലാക്കാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല….

വിമലൻ….

ആ സത്യം മനസ്സിലായതും നന്ദ ഞെട്ടി പിന്നിലേക്ക് മാറി…

വിശ്വാസം വരാത്തത് പോലെ അവൾ ആ മാംസക്കഷ്ണങ്ങളിലേക്ക് നോക്കി…

ഒരുനിമിഷം…

ഒരൊറ്റ നിമിഷത്തേക്ക് നന്ദയുടെ മനസ്സ് ശൂന്യമായി…

ശേഷം… 

മകൻ നഷ്ടപ്പെട്ട ആ മാതൃഹൃദയത്തിൽ വികാരങ്ങളുടെ വേലിയേറ്റം തുടങ്ങി…

അവൾക്ക് എല്ലാത്തിനോടും എന്തെന്നില്ലാത്ത പക തോന്നി…

സ്വന്തം അമ്മയെ പോലെ ഇത്രയും കാലം തന്നെ പരിചരിച്ച ആ പാവമാണ് ഇവിടെ ചിന്നി ചിതറി കിടക്കുന്നത്…

ആരാണ് അവന് ഈ ഗതി വരാൻ കാരണം…

ഞാൻ….

ഞാനാണ് എല്ലാത്തിനും കാരണം…

ഈ കാടോ ഇവിടുത്തെ നിയമങ്ങളോ ഒന്നും.. ഒന്നും ആ പാവം കുറുക്കന്റെ രക്ഷക്ക് എത്തിയില്ല… ചത്തൊടുങ്ങി പോയി….

പാവങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ഉടയോൻ…

ആ ഉടയോന്റെ പോരാളിയായ ഒരു മകൻ…

സ്വന്തം അമ്മയെയോ കൂട്ടുകാരനെയോ ജനിച്ച മണ്ണിനെയോ സംരക്ഷിക്കാൻ കഴിവില്ലാത്തവൻ… ഈ ലോകസംരക്ഷണത്തിനായി ജന്മം കൊണ്ടവനത്രെ…

അവന് വേണ്ടി എത്രയെത്ര ജന്മങ്ങൾ മരണത്തെ പുൽകുന്നു…

അവന്റെ ജനനശേഷമാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്…. എന്നിട്ട് അവനോ എവിടെയോ പോയി ഒളിച്ചിരിക്കുന്നു..

അവന് വേണ്ടി എന്റെ പുത്രൻ മരണം വരിച്ചിരിക്കുന്നു…

എന്റെ പുത്രൻ…..

അതെ വിമലൻ എന്റെ പുത്രൻ തന്നെയായിരുന്നു… ഞാൻ പ്രസവിച്ചിട്ടില്ല… ഞാൻ പാലൂട്ടിയിട്ടില്ല… പക്ഷെ അവൻ എന്റെ മകനായിരുന്നു… എന്റെ പ്രിയപ്പെട്ടവൻ…. അവന്റെ മരണത്തിനു കരണക്കാരായവരെ ആരെയും ഈ നന്ദ വെറുതെ വിടില്ല…

അവളുടെ മാനസികനില തെറ്റി തുടങ്ങിയിരുന്നു… കോപവും സങ്കടവും നഷ്ടബോധവും എല്ലാം കൂടി ചേർന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നിരുന്നു…. ചില ബന്ധങ്ങൾ അങ്ങനെയാണ്… നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് നഷ്ടത്തിന്റെ ആഴം നമുക്ക് മനസ്സിലാകുന്നത്….

കാട് നടുങ്ങും വിധം നന്ദ ഒന്നലറി….

       ********* ********* *********

ചന്ദ്രമുടിയിൽ നിന്നും ഒരുപാട് അകലെയുള്ള നീലിമല വനം….

ചന്ദ്രമുടിയുടെ അത്ര വിസ്തീർണം വരില്ല നീലിമലയുടെ അതിരുക്കൾക്ക്…. എങ്കിലും… തീരെ ചെറുതെന്നു പറയാൻ കഴിയില്ല….

സാധുമൃഗങ്ങൾ വളരെയധികം ഉള്ള വനമാണ് നീലിമല…. അതിന്റെ അധികാരം കൈയാളുന്ന ആള് തന്നെയാണ് അതിന് പ്രധാന കാരണവും….

കാട്ടിലെ നിയമം കൃത്യമായി പാലിക്കപ്പെടണം എന്ന് നിർബന്ധബുദ്ധിയുള്ള കരുത്തനായ ഒരാൺകടുവയാണ് വർഷങ്ങളായി നീലിമലയുടെ അതിരുക്കൾക്ക് ഉള്ളിൽ അധികാരം തന്റെ ഉറപ്പിച്ചിരിക്കുന്നത്…..

പ്രായമായി തുടങ്ങിയെങ്കിലും അവന്റെ കരുത്തിനു കുറവൊന്നും ഇല്ല…

ഈ കഴിഞ്ഞ കാലയളവിൽ പലരും പല സമയങ്ങളിൽ അവന്റെ കരുത്തിനെ വെല്ലുവിളിച്ചിട്ടുണ്ടെങ്കിലും അവനെ തോൽപ്പിക്കാനായിട്ടില്ല….

കരുത്തനായ ആ വ്യാഘ്രത്തിന്റെ കർക്കശമായ അധികാരത്തിന്റെ തണലിൽ നീലിമലയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….

നല്ല സമാധാനാന്തരീക്ഷത്തിൽ സാധു ജീവികൾ കഴിഞ്ഞു കൂടുന്ന ആ കാടിന്റെ മനോഹാരിതയിൽ ഒരു കൂട്ടം കാട്ടാടുകൾ മേഞ്ഞു കൊണ്ടിരിക്കുന്നു….

വളരെ പെട്ടെന്നാണ് ഇടിമിന്നൽ പോലെ ഒരു സാധനം അവർക്കിടയിലേക്കു പാഞ്ഞു കയറിയത്….

വലിപ്പത്തിൽ ചെറുതാണെങ്കിലും വേഗത്തിലും ശൗര്യത്തിലും സിംഹത്തിന്റെയും കടുവയുടെയും ഒപ്പം നിൽക്കും അവരുടെ തന്നെ വർഗ്ഗത്തിൽ പെടുന്ന ഈ മൃഗം…

അതൊരു പുള്ളിപുലിയായിരുന്നു…

കാട്ടാടുകളെ ഒന്നിന് പുറകെ ഒന്നായി മൂന്നെണ്ണത്തിനെ പ്രഹരമേല്പിച്ച് ആ പുള്ളിപ്പുലി വീഴ്ത്തി…

ഒത്ത വലിപ്പമുള്ള ഒരു കാട്ടാടിനെ ഒറ്റയടിക്ക് വീഴ്ത്താൻ കഴിവുള്ള പുലിയുടെ കരുത്തിനെ കുറിച്ച് നമ്മുക്ക് ആലോചിക്കാവുന്നതേയുള്ളൂ…

മൂന്നെണ്ണത്തിനെ വീഴ്ത്തി നാലാമത്തെ കാട്ടാടിനെ ലക്ഷ്യം വെച്ചതും ഇടിമുഴക്കം പോലൊരു ഗർജ്ജനം അവിടെ ഉയർന്നു….

അമന്യ….. !

കാട് നടുങ്ങിയ ആ അലർച്ച കേട്ടതും ആ പെൺപുലി നിശ്ചലയായി…. അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തന്റെ തല ചരിച്ച് നോക്കി…

കണ്ണിൽ അഗ്നി നിറച്ച് തല ഉയർത്തി രാജകീയ ഭാവത്തിൽ അവൻ…

നീലിമലയുടെ ഉടയോൻ….

മിത്രൻ…..

ആ കടുവ പെൺപുലിയുടെ നേർക്ക് നടന്നടുത്തു…. അവൾ… മെല്ലെ അവന് അഭിമുഖമായി തിരിഞ്ഞു നിന്നു…

ഇനി ഒരിക്കൽ കൂടി നീ ഇത് ആവർത്തിച്ചാൽ……..

മിത്രന്റെ ശബ്ദം ഉയർന്നു… അമന്യ തെല്ലു പോലും ഭയം ഇല്ലാതെ മിത്രന് നേരെ മുഖമുയർത്തി…

ഞാൻ എന്റെ കരുത്ത് പരീക്ഷിക്കുക മാത്രമാണ് ചെയ്തത്…?

കരുത്ത് പരീക്ഷിക്കാൻ വേറെ മാർഗ്ഗങ്ങളുണ്ട്… അതിന് സാധുമൃഗങ്ങളെ കൊല്ലുകയല്ല വേണ്ടത്….

ഞാൻ കൊല്ലാൻ വേണ്ടി ചെയ്തതല്ല… ഒറ്റയടിക്ക് മരിച്ചു വീഴാൻ മാത്രം ദുർബ്ബലരായി പോയത് എന്റെ കുറ്റമല്ല…

അമന്യ……… !

അതൊരു ഗർജനം തന്നെയായിരുന്നു…

ഇനി ഒരിക്കൽ കൂടി ഇത് ആവർത്തിച്ചാൽ അത് ഈ മിത്രന്റെ കരുത്തിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്….

തന്റെ മുഖം പരമാവധി അമന്യയുടെ മുഖത്തോട് അടുപ്പിച്ചു കൊണ്ടാണ് മിത്രൻ പറഞ്ഞത്….

ശബ്ദം കുറച്ചാണ് മിത്രൻ അത് പറഞ്ഞതെങ്കിലും… ആ ശബ്ദത്തിലെ ഉറപ്പും അവന്റെ അപ്പോഴുള്ള മുഖഭാവവും അവളിൽ തെല്ലൊരു ഭയം ഉണർത്തി…

അവൾ മെല്ലെ പിന്നിലേക്ക് മാറി….

അവൻ അവൾക്ക് നേരെ ഒന്ന് മുരണ്ടിട്ട് തിരിഞ്ഞു നടന്നു… പരാജയപ്പെട്ടവളെ പോലെ അമന്യ തല കുനിച്ചു നിന്നു…

നാണം കെട്ടല്ലേ…?

എവിടെ നിന്നോ വന്ന ശബ്ദം കേട്ട് അവൾ ചുറ്റിലും നോക്കി…

ഇവിടെ… ഇവിടെ…

അല്പം അകലെയായി ഒരു മരക്കൊമ്പിലിരിക്കുന്ന പെൺപരുന്തിനെ അമന്യ കണ്ടു… ആ പരുന്തിന്റെ കഴുത്തിനു ചുറ്റിനും കറുപ്പ് നിറമുള്ള വട്ടം ഉണ്ടായിരുന്നു… ചുണ്ടിനു ഇരുണ്ട ചാരത്തിന്റെ നിറവും… കണ്ണുകൾ ചുവന്നു തുടുത്തിരുന്നു…

നൈന… നീയെന്താ ഇവിടെ…?

ഇരുട്ടിന്റെ സൈന്യാധിപന്റെ ദൂത് ഉണ്ട്… യുദ്ധത്തിന് സമയമായി… എതിര് നിൽക്കുന്ന രാജകുമാരന് കരുത്ത് വർധിച്ചിരിക്കുന്നു… അവൻ മടങ്ങിയെത്താൻ സമയമായിരിക്കുന്നു… സഹായം വേണ്ടി വരുമെന്ന്…

പരുന്ത് പറഞ്ഞത് കേട്ട് അമന്യ ഒന്ന് രണ്ട് നിമിഷം മിണ്ടാതെ ഇരുന്നു…

പിന്നെ അവളുടെ കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു….

ചന്ദ്രമുടിക്കാട്‌….. !

അവളുടെ നാവിൽ നിന്നും ചതഞ്ഞരഞ്ഞത് പോലെ ആ പേര് പുറത്തേക്ക് വന്നു….

ഇതേ സമയം നീലിമലയുടെ അതിർത്തിക്കപ്പുറമുള്ള ആശ്രമമുറ്റത്ത് നാളുകൾ നീണ്ട പരിശീലനം അവസാനിപ്പിച്ച് മടക്കയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു അവൻ….

ആ ആശ്രമത്തിലേക്ക് വന്നപ്പോഴുള്ള ഒന്നും അറിയാത്ത കുട്ടിയായിട്ടല്ല…

ഒന്നും ചിന്തിക്കാതെ എടുത്ത് ചാടുന്ന ചോരതിളപ്പുള്ള ചെറുപ്പക്കാരനായ കടുവ ആയിട്ടുമല്ല….

ഇന്ന് ശരിതെറ്റുകൾ തിരിച്ചറിയുന്ന, പക്വത വന്ന  ഒരു പോരാളിയാണ് അവൻ…

ഫാദർ അമ്പലക്കാടന്റെ പ്രിയശിഷ്യൻ…

നന്മയുടെ കാവലാൾ…

സത്യത്തിന്റെ പോരാളികളിൽ ഏറ്റവും ശക്തനായ നിയോഗി….

ചന്ദ്രമുടികാടിനെ മാത്രമല്ല സഹ്യനെയാകെ ഗ്രസിച്ചിരിക്കുന്ന ഹിരണ്യൻ എന്ന തിന്മയുടെ സൈന്യാധിപനെ നേരിടാൻ… നന്മയുടെ കരുത്തിൽ നിയോഗിപ്പട വാർത്തെടുത്ത യോദ്ധാവ്…..

ധ്രുവൻ……….

                              തുടരും…..

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!