Site icon Aksharathalukal

ദേവ നന്ദൻ – 12

deva nandhan novel

നന്ദൻ പതിയെ അവന്റെ ഭക്ഷണം കഴിച്ചുതുടങ്ങുമ്പോൾ ഇടയ്ക്കൊന്ന് അവളെ നോക്കുന്നുണ്ടായിരുന്നു.

  ” കരയുമ്പോഴും ന്റെ പെണ്ണിന്റ കണ്ണുകൾക്ക് വല്ലാത്തൊരു അഴകാണ് ” എന്ന് ചിന്തിച്ചുകൊണ്ട്.. !

  ” ദേ, ഇപ്പഴും ഞാൻ പറയുവാ..  ജീവിതത്തിൽ വാശികൊണ്ട് ഒന്നും നേടാൻ കഴിയില്ല..  ഇപ്പോഴത്തെ ഈ വാശി നിന്റ നാശത്തിനാണ്.

   ഒരിക്കൽ നിന്നെ കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം.  

പക്ഷേ അതിന്റെ പേരിൽ നിന്നെ സ്വന്തമാക്കി എനിക്ക് ജയിക്കണമെന്ന വ്യാമോഹമൊന്നും എനിക്കില്ല.  സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ലെന്നും  എനിക്കും അറിയാം. 

        പിന്നെ നിനക്കൊരാളെ ഇഷ്ട്ടമായിരുന്നെന്നോ അത്  നിന്റ വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.  അറിഞ്ഞിരുന്നെങ്കിൽ അങ്ങനെ ഒരു പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് പിടിച്ചുകേറ്റി അവളുടെ കണ്ണീരു വീഴ്ത്താൻ ഞാൻ നിൽക്കില്ലായിരുന്നു. 

  ഒരു തെറ്റ് ഞാൻ ചെയ്തു.  ഒരിക്കൽ എന്റെ സ്നേഹത്തെ തള്ളിപ്പറഞ്ഞ നിനക്ക് എന്നെ ഇഷ്ട്ടമാണെന്നും നിന്റ താൽപര്യത്തിൽ ആണ് വന്നതെന്നും നിന്റ അമ്മ പറഞ്ഞപ്പോൾ  വിശ്വസിച്ചു. 

   അത് കല്യാണം വരെ എത്തുംമുന്നേ നിന്നോട് സംസാരിക്കണമായിരുന്നു. 

  പക്ഷേ ,  നീയുമായി സംസാരിക്കാതിരിക്കാൻ നിന്റ അമ്മ നൂറ് കാരണങ്ങൾ കണ്ടെത്തി.

        ആ സമയത്തിനുള്ളിൽ നിന്നെ ബ്രൈൻവാഷ് ചെയ്‌തും ഭീഷണിപ്പെടുത്തിയും ഈ കല്യാണത്തിന് സമ്മതിപ്പിക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല. 

  താൻ സമ്മതിച്ചെന്ന് സന്തോഷത്തിനിടയിൽ ഞാനും കണക്ക് കൂട്ടിയത് കല്യാണം കഴിഞ്ഞാൽ പിന്നെ എത്ര വേണേലും സംസാരിക്കാമല്ലോ എന്നാണ്. 

   നീ പിന്നെ എന്റെ മാത്രം അല്ലേ എന്ന് ചിന്തിച്ച്പോയി.. 

 പക്ഷേ,  അവിടേം എനിക്ക് തെറ്റി .

 ഞാൻ നേടിയത് ശരീരം മാത്രമായിരുന്നു, 

  മനസ്സ് മറ്റൊരാൾക്ക് സ്വന്തവും.

  ഇപ്പഴും ഞാൻ പറയുന്നു , ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല…നന്ദൻ ഇന്നുവരെ ഒരാളുടെയും കണ്ണീരു വീഴ്ത്തിയിട്ടില്ല. ഇന്നിപ്പോ അതും ആയി.

     ഇനി എനിക്ക് ഒന്നേ പറയാനുള്ളൂ.  വാശികൊണ്ട് നീ നേടാൻ കൊതിക്കുന്ന വിജയത്തിന് ഒരുപാട് പേരുടെ കണ്ണീരിന്റെ നനവ് ഉണ്ടാകും..

 നിന്റ ഈ ഒറ്റ തീരുമാനം എത്ര മനസ്സുകളെ വേദനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? 

  അതൊക്ക അറിഞ്ഞിട്ടും നിന്റ വാശിയും പ്രതികാരവും ആണ് നിനക്ക് വലുതെങ്കിൽ  നിന്റ ഇഷ്ട്ടം.  പക്ഷേ ഒരു മുറിയിൽ അന്തിയുറങ്ങി മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ചു ജീവിതം കളയാൻ എനിക്ക് താല്പര്യമില്ല.. അതുകൊണ്ട്  നമുക്കീ നാടകം ഇവിടെ വെച്ച് നിർത്താം.  എന്നിട്ട് നീ ഇത്ര നാൾ ആടിയ വേഷം അഴിച്ചുവെച്ചു നിന്റ താല്പര്യങ്ങൾക്കൊപ്പം നിനക്ക് സഞ്ചരിക്കാം.. പക്ഷേ   അത് ഇവിടെ അല്ല..   നിന്റ വീട്ടിൽ.

   നിന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. പക്ഷേ,  അതിന്റ പേരിൽ എന്റെ അമ്മയെ നിന്റ കയ്യിലെ കളിപ്പാവയാക്കാൻ പറ്റില്ല.   

  ഈ വിവാഹം എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും ന്റെ അമ്മയാണ്..”

അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞതെല്ലാം  കേൾക്കുന്നുണ്ടെങ്കിലും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു.

 മുഖം താഴ്ത്തി ചോറിലേക്ക് മിഴികളൂന്നി അതെ ഇരിപ്പ്. ഇടയ്ക്കൊരു തേങ്ങൽ മാത്രം.

  ”  ദേ,   നിന്നെ അടിച്ചതിൽ നിന്നേക്കാൾ കൂടുതൽ ഞാൻ വേദനിക്കുന്നുണ്ട്. ഒരിക്കലും ആഗ്രഹിച്ചതല്ല.. ഒരു പെണ്ണിനെ തല്ലിയിട്ട് വേണ്ട നന്ദന് ആണത്തം കാണിക്കാൻ. 

   പക്ഷേ എത്രയൊക്കെ വേണ്ടെന്ന് കരുതിയാലും ചിലർ ചോദിച്ചു വാങ്ങും.. നിന്നെ പോലെ..

         അതുകൊണ്ട് ഇനിയും വാക്കുകൾ കൊണ്ട് എന്റെ ക്ഷമ പരീക്ഷിക്കാൻ നിൽക്കാതെ നിനക്ക് പോകാം… ഞാൻ കൊണ്ടുവിടാം വീട്ടിൽ..  താലി എന്നൊരു ബന്ധം മാത്രമല്ലേ  നമുക്കിടയിൽ ഉളളൂ..  അതും കൂടി അറുത്തെറിഞ്ഞാൽ പിന്നെ നീ സ്വാതന്ത്രയാണ്. 

        രാവിലെ വരെ സമയമുണ്ട്.. ആലോചിക്കാം.. തീരുമാനിക്കാം..  “

അവൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കികൊണ്ട് എഴുനേറ്റ് വാഷ്ബേസിനിൽ കൈ കഴുകി മുറ്റത്തേക്കിറങ്ങി.

   മനസ്സൊന്നു ശാന്തമാകുംവരെ മുറ്റത്തുകൂടെ നടന്നു അവൻ.

   ഇടയ്ക്ക് കയ്യിലേക്ക് നോക്കി.. ഒരു പെണ്ണിന്റ ദേഹത്തു കൈ വെച്ചതിൽ സ്വയം പരിതപിച്ചു.

      താൻ കാരണം ഒരു പെണ്ണിന്റ കണ്ണീരു വീണതോർക്കുമ്പോൾ ആകെ ഒരു വിങ്ങൽ.

  ” ഛെ… വേണ്ടായിരുന്നു.. “

അവനാകെ പെരുപ്പ് കേറുന്നുണ്ടായിരുന്നു.

  ഏറെ നേരം അങ്ങനെ നടന്നു. നേരം ഒത്തിരി വൈകിയെന്ന് മനസ്സിലായപ്പോൾ നന്ദൻ ഉള്ളിലേക്ക് നടന്നു. 

 വീടിനകത്തേക്ക് കയറി വാതിലടച്ച്  റൂമിലെത്തുമ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് ശരണ്യ കിടന്നിരുന്നു.

  പതിയെ തനിക്കായി മാറ്റിവെച്ച തലയിണയും ബെഡ്ഷീറ്റുമെടുത്തു പുറത്തേക്ക് നടക്കാനൊരുങ്ങുമ്പോൾ അവൻ അവൾ കിടക്കുന്നിടത്തേക്ക് ഒന്നുകൂടി നോക്കി.

   അപ്പോഴും ആ കണ്ണുകൾ അവൾക്ക് മാത്രമായ് കാത്തുവെച്ച പ്രണയത്തിന്റെ തിരയിളക്കമായിരുന്നു. !!!

        —————————————————-

  അന്നും പതിവ്പോലെ കോളേജിലേക്ക് പോകാനായി ബസ്സ് കാത്തു നിൽകുമ്പോൾ ആയിരുന്നു ദേവന്റെ ബുള്ളറ്റ് ചാരുവിന്റെ മുന്നിൽ വന്ന് നിന്നത്. 

   അന്ന് രോഹിണി ലീവ് ആയത് കൊണ്ട് ഒറ്റയ്ക്ക് അവനെ ഫേസ് ചെയ്യാൻ ഒരു മടിയും വെപ്രാളവുമൊക്കെ തോന്നിയെങ്കിലും  ഇനിയും പേടിച്ചു തലതാഴ്ത്തിയാൽ കളിയാക്കൽ കൂടത്തെ ഉളളൂ എന്ന ബോധമായിരുന്നു അവന് മമുന്നിൽ തല ഉയർത്തി നിൽക്കാൻ ധൈര്യം പകർന്നത്.

  ” അല്ലേ, ഇയാളിന്ന് ഒറ്റക്കെഉള്ളോ.. കൂട്ടുകാരി എവിടെ “

 ” അവളിന്ന് ലീവ് ആണ് “

ഒറ്റവാക്കിൽ മറുപടിയൊതുക്കി മുഖത്തു ഗൗരവം വരുത്താൻ ശ്രമിക്കുന്ന അവളെ പുഞ്ചിരിയോടെ നോക്കി ദേവൻ..

 ” ടോ,  ഇങ്ങനെ എയറ് പിടിച്ചു പിടിച്ചു നിന്നാ മെച്യൂരിറ്റി ആകുമെന്ന് ആരാ പറഞ്ഞേ? “

അവൻ ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി ചാരുവിന്.

    അവൾ അവന്റെ ചോദ്യത്തെ അവഗണിക്കുംപ്പോലെ ചുണ്ട് കോട്ടി.

     ” ന്റെ പൊന്ന് ചേട്ടാ… ഒന്ന് പോയി തരോ…  ആളുകൾ കണ്ടാൽ വിചാരിക്കും നമ്മള് തന്നിൽ പ്രെമോ മറ്റോ ആണെന്ന്.  വല്ലതും ഉണ്ടേൽ കുഴപ്പമില്ലായിരുന്നു.. ഇതിപ്പോ വെറുതെ ന്തിനാ പേരുദോഷം കേൾപ്പിക്കുന്നെ…  “

അവൾ ദേവനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി

അവന്റെ മുഖത്തു വല്ല ഭാവമാറ്റവും ഉണ്ടോ എന്ന്. 

   ” അങ്ങനെ വിചാരിക്കുവാണേൽ അങ്ങ് വിചാരിക്കട്ടെടോ. അവരുടെ കണ്ണ്,  അവരുടെ മനസ്സ്,  അവർ തോന്നും പോലെ കരുതട്ടെ…  ഇനി അതൊരു പേരുദോഷം ആയി തനിക്ക് തോന്നുന്നുണ്ടെങ്കിൽ നമുക്ക് ശരിക്കങ്ങു പ്രേമിക്കാം ” എന്ന മറുപടിയാണ് പ്രതീക്ഷിച്ചതെങ്കിലും അവൻ ചിരിക്കിടയിൽ പറയുന്നുണ്ടായിരുന്നു

 ” അത് ശരിയാ..  ഞാൻ തന്റെ കോളേജ് വഴി പോകുവാ,  അപ്പൊ ഒരു ലിഫ്റ്റ് തരാലോ എന്ന് കരുതി നിർത്തിയതാ.

ഇനീപ്പോ ആരേലും കണ്ടിട്ട് പേരുദോഷം കേൾപ്പിക്കണ്ട… നമ്മള് കാരണം ഒരു പെണ്ണിന് പേരുദോഷം കേൾക്കുന്നത് ശര്യല്ല.. അപ്പൊ മോളിവിടെ  നിൽക്ക്.  “

അതും പറഞ്ഞ് ചിരിച്ചുകൊണ്ടാവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവൾ താല്പര്യം എല്ലാത്ത പോലെ ഒന്ന് മുഖം വെട്ടിച്ചു.

 പക്ഷേ,  മനസ്സിൽ ചിന്തിച്ചത് മറ്റൊന്നായിരുന്നു

 ” പുല്ല്.. വെറുതെ മുഖം വീർപ്പിച്ചുവച്ചിട്ട്  ഒന്ന് ബുള്ളറ്റിലിരുന്ന് പ്രേമിക്കാനുള്ള നല്ല അവസരമാണ് കൊളമാക്കിയത്. അല്ലേലും അവസരത്തിനൊത്തു ഉയരില്ലല്ലോ ന്റെ മനസ്സ് ” എന്ന് സ്വയം പഴിച്ചുകൊണ്ട്  തലക്കിട്ടൊന്ന് തട്ടി അവൾ.

  പിന്നെ  ഇളിഭ്യയായപോലെ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവനെ നോക്കി,

 ” അല്ല,  ഒരാൾ ഒരു ലിഫ്റ്റ് തരുമ്പോൾ വേണ്ടെന്ന് പറയുന്നത് ശരിയല്ലല്ലോ.. അതും മ്മടെ നാടിനും പിന്നെ………..  വേണ്ടപ്പെട്ട ആളാകുമ്പോൾ….

  ഇനി  ഒന്ന് ബുള്ളറ്റിൽ കേറിയെന്നു വെച്ച് ഒരു അപവാദം ഉണ്ടായാൽ ഞാനങ്ങു സഹിച്ചു.  “

അതും പറഞ്ഞവൾ ദേവനോട് അനുവാദം പോലും ചോദിക്കാതെ സ്റാർട്ട് ചെയ്ത് നിർത്തിയ ബുള്ളറ്റിന്റെ പിന്നിലേക്ക് ചാടി കേറി അവന്റെ തോളിൽ കൈ വെച്ചു.

ഒരു ചിരിയോടെ അവളെ നോക്കികൊണ്ട് ദേവൻ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ അവൾ കണ്ണടച്ചുപിടിച്ച് പ്രാര്ഥിക്കുകയായിരുന്നു

” ദൈവേ… ആറ്റുനോറ്റു കിട്ടിയ അവസരമാണ്… ഒന്ന് മിന്നിച്ചേക്കണേ…. !!”

             ————————————————

 രാവിലെ നേരെത്തെ എഴുനേറ്റ് കാറുമെടുത്തു പോയതാണ് നന്ദൻ. തിരികെ വരുമ്പോൾ സമയം പത്തായിരുന്നു.

    ഇന്നലെ മുതൽ മനസ്സിനെ അലട്ടിയത് ശരണ്യയുടെ തീരുമാനം എന്താകുമെന്ന ചിന്തയായിരുന്നു.

       കാർ നിർത്തി വാതിൽ കടന്ന് നെരെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ ജോലിക്ക് വരുന്ന ചേച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

     ശരണ്യ അവിടെ ഇല്ലെന്ന് മനസ്സിലായപ്പോൾ നന്ദൻ വേഗം ബെഡ്റൂമിലേക്ക് നടന്നു.

          ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയായിരിക്കുമെന്ന് തോന്നി. നാലുപാടും കണ്ണോടിച്ചു അവൻ.

 പേടിയോ ബാഗോ അവളുടെ മറ്റ് സാമഗ്രികളോ ഒന്നും റെഡിയാക്കിവെച്ചിട്ടില്ല എന്നത് അവന് വല്ലാത്തൊരു സന്തോഷം നൽകിയിരുന്നു.

   അവളുടെ വാശിക്ക് രാവിലെ അവൾ പോകാൻ തയ്യാറാകുമെന്നാണ് കരുതിയത്. പക്ഷേ,  തനിക്കൊപ്പം ജീവിക്കാൻ മനസ്സൊകൊണ്ടൊരു തീരുമാനം അവൾ എടുത്തിട്ടുണ്ടാകുമെന്ന ചിന്ത അവന് അതിയായ ഉണർവ്വ് നൽകി.

   പക്ഷേ, അതൊന്ന് അവളുടെ നാവിൽ നിന്ന് തന്നേ നേരിട്ട് കേട്ടിരുന്നെങ്കിൽ എന്നൊരു ആഗ്രഹം.

 അവൾ കുളിച്ച് വരുന്നതും നോക്കി കാത്തിരുന്നു. പക്ഷേ, ഏറെ നേരമായിട്ടും അവൾ പുറത്തിറങ്ങാത്തതും വെള്ളം വീഴുന്ന ശബ്ദം നിലയ്ക്കാത്തതും അവനിൽ സംശയമുളവാക്കിട്ടിരുന്നു.

  അവൻ എഴുനേറ്റ് ബാത്റൂമിന്റെ വാതിലിൽ തട്ടിവിളിച്ചെങ്കിലും മറുപടിയായി ഒരു മൂളൽ  പോലുമില്ലാത്തത് അവനെ ഭയയപെടുത്തിയിരുന്നു.

    മറുത്തൊന്നും ചിന്തിക്കാതെ നന്ദൻ  വാതിൽ ചവിട്ടി തുറക്കുമ്പോൾ ഉള്ളിൽ കണ്ട കാഴ്ച അവന്റെ ശ്വാസത്തെ പിടിച്ചുനിർത്താൻ പോന്നതായിരുന്നു.

  വെള്ളത്തോടൊപ്പം പരന്നൊഴുകുന്ന ചോരത്തുള്ളികൾ….

   വാടിയ ചേമ്പിൻതണ്ടു പോലെ തറയിൽ അനക്കമില്ലാതെ കിടക്കുന്ന ശരണ്യ….

                              ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (2 votes)
Exit mobile version